മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാനാകും?
“ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ ഒന്നറിയിച്ചാൽ മതി.” പ്രിയപ്പെട്ട ഒരാളെ അടുത്തയിടെ നഷ്ടപ്പെട്ട ഒരു സ്നേഹിതനോടോ ബന്ധുവിനോടോ നമ്മിൽ പലരും പറയാറുള്ളത് ഇതാണ്. പറയുന്നത് തികഞ്ഞ ആത്മാർഥതയോടെയാണുതാനും. എന്തു സഹായം വേണമെങ്കിലും ചെയ്യാൻ നാം തയ്യാറാണ്. എന്നാൽ ദുഃഖം അനുഭവിക്കുന്ന വ്യക്തി നമ്മെ വിളിച്ച് “ഇന്ന കാര്യത്തിൽ നിങ്ങൾക്ക് എന്നെ സഹായിക്കാനാകുമെന്ന് എനിക്കു തോന്നുന്നു” എന്നു പറയുമോ? സാധാരണ നിലയിൽ ഇല്ല. അപ്പോൾപ്പിന്നെ, ദുഃഖം അനുഭവിക്കുന്ന വ്യക്തിയെ സഹായിക്കാനും ആശ്വസിപ്പിക്കാനും യഥാർഥത്തിൽ ഉദ്ദേശിക്കുന്നെങ്കിൽ നാം മുൻകൈ എടുക്കേണ്ടതുണ്ടെന്നു വ്യക്തം.
ഒരു ബൈബിൾ സദൃശവാക്യം പറയുന്നു: “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.” (സദൃശവാക്യങ്ങൾ 15:23; 25:11) പറയേണ്ടതും പറയരുതാത്തതുമായ കാര്യങ്ങളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും തിരിച്ചറിയുന്നതു ജ്ഞാനമാണ്. വേർപാടിന്റെ വേദന അനുഭവിക്കുന്ന ചിലർക്കു സഹായകമായിത്തീർന്ന ഏതാനും തിരുവെഴുത്തു നിർദേശങ്ങൾ ഇതാ.
ചെയ്യേണ്ടത് . . .
ശ്രദ്ധിച്ചു കേൾക്കുക: “കേൾപ്പാൻ വേഗത” ഉള്ളവനായിരിക്കുക എന്ന് യാക്കോബ് 1:19 പറയുന്നു. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും സഹായകമായ സംഗതികളിൽ ഒന്ന്, പ്രിയപ്പെട്ട ആളുടെ നഷ്ടത്തിൽ വേദനിക്കുന്ന വ്യക്തിക്ക് പറയാനുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു കേട്ടുകൊണ്ട് അവളുടെ അല്ലെങ്കിൽ അയാളുടെ ദുഃഖം പങ്കിടുന്നതാണ്. അവരിൽ ചിലർ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ട ആളെ കുറിച്ചോ മരണത്തിനിടയാക്കിയ അപകടത്തെ അല്ലെങ്കിൽ രോഗത്തെ കുറിച്ചോ മരണത്തെ തുടർന്നുള്ള തങ്ങളുടെ വൈകാരികാവസ്ഥയെ കുറിച്ചോ സംസാരിക്കാൻ ആഗ്രഹിച്ചേക്കാം. അതുകൊണ്ട് “അതേ കുറിച്ച് സംസാരിക്കണമെന്നു തോന്നുന്നുണ്ടോ?” എന്നു ചോദിക്കുക. അവർ തീരുമാനിക്കട്ടെ. തന്റെ അച്ഛൻ മരിച്ചപ്പോഴത്തെ കാര്യം ഓർത്തുകൊണ്ട് ഒരു ചെറുപ്പക്കാരൻ പറഞ്ഞു: “എന്താണു സംഭവിച്ചതെന്ന് മറ്റുള്ളവർ എന്നോട് ചോദിക്കുകയും എനിക്കു പറയാനുള്ളത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്തപ്പോൾ വലിയ ആശ്വാസം തോന്നി.” ക്ഷമയോടും സഹാനുഭൂതിയോടും കൂടെ ശ്രദ്ധിക്കുക. എല്ലായ്പോഴും നിങ്ങൾ ഉത്തരം നൽകുകയോ പരിഹാരങ്ങൾ നിർദേശിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് കരുതേണ്ടതില്ല. അവർക്കു പറയാനുള്ളത് എന്തായാലും അതു പറയാൻ അവരെ അനുവദിക്കുക.
ഉറപ്പേകുക: സാധ്യമായതെല്ലാം അവർ ചെയ്തെന്നു പറഞ്ഞ് അവരെ ആശ്വസിപ്പിക്കുക (അല്ലെങ്കിൽ യഥാർഥത്തിൽ അവർ ചെയ്ത ക്രിയാത്മകമായ മറ്റെന്തെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ അതു പരാമർശിക്കുക). അവർക്കു തോന്നുന്ന വികാരങ്ങൾ—സങ്കടം, കോപം, കുറ്റബോധം തുടങ്ങിയവ—മറ്റു പലർക്കും തോന്നുന്നവ തന്നെയാണെന്ന് അവരോടു പറയുക. ഇത്തരം ഒരു പ്രതിസന്ധിയെ തരണം ചെയ്യുന്നതിൽ വിജയിച്ചിട്ടുള്ളതായി നിങ്ങൾക്ക് അറിയാവുന്ന മറ്റുള്ളവരെപ്പറ്റി അവരോടു പറയുക. അത്തരം ‘ഇമ്പമുള്ള വാക്കുകൾ അസ്ഥികൾക്ക് ഔഷധം’ ആകുന്നു എന്ന് സദൃശവാക്യങ്ങൾ 16:24 പറയുന്നു.—1 തെസ്സലൊനീക്യർ 5:11, 14.
നിങ്ങളെത്തന്നെ ലഭ്യമാക്കുക: ധാരാളം സ്നേഹിതരും ബന്ധുക്കളും കൂടെയുള്ള ആദ്യത്തെ ഏതാനും ദിവസങ്ങളിൽ മാത്രമല്ല, പിന്നെയോ മാസങ്ങൾക്കു ശേഷംപോലും. അപ്പോഴേക്കും മറ്റുള്ളവരൊക്കെ അവരുടെ സാധാരണ ജീവിതചര്യയിലേക്കു മടങ്ങിയിട്ടുണ്ടാകും. ഈ വിധത്തിൽ, “അനർത്ഥകാലത്ത്” സുഹൃത്തിനു തുണനിൽക്കുന്ന ഒരു യഥാർഥ “സ്നേഹിതൻ” ആണ് നിങ്ങളെന്നു സ്വയം തെളിയിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 17:17) കാറപകടത്തിൽ തന്റെ കുട്ടിയെ നഷ്ടപ്പെട്ട തെരേസ വിശദീകരിക്കുന്നു: “ഞങ്ങൾ വീട്ടിൽ ഏറെ സമയം ഒറ്റയ്ക്കിരിക്കാൻ ഇടവരാതെവണ്ണം സ്നേഹിതർ വൈകുന്നേരങ്ങളിലെല്ലാം ധാരാളം പ്രവർത്തനങ്ങൾ ക്രമീകരിച്ചു. ഞങ്ങൾക്കുണ്ടായിരുന്ന ശൂന്യതാ ബോധത്തെ നേരിടാൻ അതു സഹായിച്ചു.” പിന്നീടുള്ള ഓരോ വിവാഹവാർഷികവും ചരമവാർഷികവും പരേതന്റെ പ്രിയപ്പെട്ടവർക്ക് കടുത്ത മാനസിക സമ്മർദത്തിന്റെ ദിനങ്ങളായിരുന്നേക്കാം. ആ ദിവസങ്ങൾ വന്നെത്തുമ്പോൾ ആവശ്യമെങ്കിൽ സഹാനുഭൂതിയോടെയുള്ള പിന്തുണ നൽകാനായി നിങ്ങളെത്തന്നെ ലഭ്യമാക്കാൻ അവ നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തിവെക്കരുതോ?
ഒരു യഥാർഥ ആവശ്യം തിരിച്ചറിയുന്നെങ്കിൽ, മറ്റുള്ളവർ നിങ്ങളെ സമീപിക്കാൻ കാത്തുനിൽക്കാതെ ഉചിതമായ വിധത്തിൽ മുൻകൈ എടുത്തു പ്രവർത്തിക്കുക
ഉചിതമായ വിധത്തിൽ മുൻകൈ എടുക്കുക: വീടിനു പുറത്തുപോയി ചെയ്തു കൊടുക്കേണ്ട എന്തെങ്കിലും കാര്യങ്ങളുണ്ടോ? കുട്ടികളെ നോക്കാൻ ആരെങ്കിലും വേണോ? കാണാൻ വരുന്ന സ്നേഹിതരെയും ബന്ധുക്കളെയുമൊക്കെ പാർപ്പിക്കാൻ ഒരിടം വേണോ? പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാകുമ്പോൾ ആദ്യമൊക്കെ കുടുബാംഗങ്ങൾ സ്വയം ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്നുപോലും നിശ്ചയമില്ലാതെ മിക്കപ്പോഴും പകച്ചുപോകുന്നു. ആ സ്ഥിതിക്ക്, മറ്റുള്ളവരോട് അവർക്കു തങ്ങളെ സഹായിക്കാൻ കഴിയുന്ന വിധങ്ങൾ ഏതൊക്കെയാണെന്നു പറഞ്ഞുകൊടുക്കാൻ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കു സാധിക്കുമോ? അതുകൊണ്ട് ഒരു യഥാർഥ ആവശ്യം ശ്രദ്ധയിൽപ്പെട്ടാൽ, അവർ ചോദിക്കട്ടെ എന്നു കരുതി കാത്തുനിൽക്കരുത്; നിങ്ങൾതന്നെ മുൻകൈ എടുത്തു പ്രവർത്തിക്കുക. (1 കൊരിന്ത്യർ 10:24; 1 യോഹന്നാൻ 3:17, 18 താരതമ്യം ചെയ്യുക.) ഭർത്താവ് മരിച്ചുപോയ ഒരു സ്ത്രീ ഇങ്ങനെ അനുസ്മരിച്ചു: “‘ഞാൻ എന്തെങ്കിലും ചെയ്തു തരണമെങ്കിൽ ഒന്നറിയിച്ചാൽ മതി’ എന്ന് പലരും പറഞ്ഞു. ഒരു സ്നേഹിത പക്ഷേ, ചോദിക്കാൻ നിന്നില്ല. അവൾ നേരെ അകത്തുചെന്ന്, അദ്ദേഹത്തിന്റെ മരണസമയംമുതൽ മുഷിഞ്ഞു കിടന്നിരുന്ന കിടക്കവിരികളെല്ലാം എടുത്ത് അലക്കി വൃത്തിയാക്കി. മറ്റൊരു കൂട്ടുകാരി ബക്കറ്റും വെള്ളവും സോപ്പും എടുത്ത് എന്റെ ഭർത്താവിന്റെ ഛർദി വീണ കയറ്റുപായ കഴുകി വെടിപ്പാക്കി. ഏതാനും ആഴ്ചകൾ കഴിഞ്ഞ് സഭാമൂപ്പന്മാരിൽ ഒരാൾ വീട്ടിൽ വന്നു. പണിയെടുക്കുമ്പോൾ ഇടാറുള്ള വസ്ത്രവും ധരിച്ച് പണി ആയുധങ്ങളുമായിട്ടാണ് അദ്ദേഹം വന്നത്. ‘ഇവിടെ എന്തെങ്കിലും അറ്റകുറ്റം തീർക്കാൻ കാണുമല്ലോ, എന്തൊക്കെയാണ് ചെയ്യാനുള്ളത്?’ അദ്ദേഹം ചോദിച്ചു. ഒരു വിജാഗരിയിൽ മാത്രമായി തൂങ്ങിനിന്ന വാതിലിന്റെ കേടുപോക്കുകയും ഒരു ഇലക്ട്രിക്കൽ ഫിറ്റിങ് ശരിയാക്കുകയും ചെയ്ത അദ്ദേഹത്തോട് എനിക്ക് എത്ര നന്ദിയും സ്നേഹവും ആണ് ഉള്ളതെന്നോ!”—യാക്കോബ് 1:27 താരതമ്യം ചെയ്യുക.
അതിഥിപ്രിയം പുലർത്തുക: “അതിഥിസല്ക്കാരം മറക്കരുത്” എന്നു ബൈബിൾ നമ്മെ അനുസ്മരിപ്പിക്കുന്നു. (എബ്രായർ 13:2) ദുഃഖിതരോട് അതിഥിപ്രിയം കാണിക്കാൻ നാം വിശേഷാൽ ഓർമിക്കേണ്ടതാണ്. “എപ്പോൾ വേണമെങ്കിലും വന്നോളൂ” എന്നു പറയുന്നതിനു പകരം ഒരു ദിവസവും സമയവും നിശ്ചയിക്കുക. അവർ ക്ഷണം നിരസിക്കുന്നെങ്കിൽ ശ്രമം പെട്ടെന്ന് ഉപേക്ഷിച്ചുകളയരുത്. ചെറിയ ഒരു പ്രോത്സാഹനം ആവശ്യമായിരുന്നേക്കാം. ഒരുപക്ഷേ മറ്റുള്ളവരുടെ മുമ്പാകെ വികാരങ്ങളെ അടക്കി നിറുത്താൻ കഴിയാതെ വരുമോ എന്നു ഭയന്നിട്ടാകാം അവർ നിങ്ങളുടെ ക്ഷണം നിരസിച്ചത്. അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു സമയത്ത് വിരുന്നുണ്ണുകയും ഒത്തുകൂടുകയും ചെയ്യുന്നതു സംബന്ധിച്ച് അവർക്കു കുറ്റബോധം തോന്നുന്നതുകൊണ്ടായിരിക്കാം. ബൈബിളിൽ പരാമർശിച്ചിട്ടുള്ള ലുദിയാ എന്ന അതിഥിപ്രിയയായ സ്ത്രീയെ ഓർമിക്കുക. അവളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടതിനെ തുടർന്ന് “അവൾ ഞങ്ങളെ വരുമാറാക്കി” എന്നു ലൂക്കൊസ് പറയുന്നു.—പ്രവൃത്തികൾ 16:15, NW.
ക്ഷമയും സഹാനുഭൂതിയും പ്രകടമാക്കുക: പ്രിയപ്പെട്ട ആളുടെ നഷ്ടത്തിൽ വേദനിക്കുന്ന ഒരു വ്യക്തി നിങ്ങളെ കാണുന്ന ഉടനെ പ്രതീക്ഷിക്കാത്ത രീതിയിൽ എന്തെങ്കിലും പറഞ്ഞാൽ അതിൽ വളരെയേറെ ആശ്ചര്യം തോന്നേണ്ടതില്ല. അവർക്ക് കോപവും കുറ്റബോധവും തോന്നുന്നുണ്ടാകാം എന്ന കാര്യം ഓർമിക്കുക. അവർ നിങ്ങൾക്കു നേരെ വൈകാരികമായി പൊട്ടിത്തെറിക്കുന്നെങ്കിൽ ഈർഷ്യയോടെ പ്രതികരിക്കാതിരിക്കാൻ നിങ്ങളുടെ ഭാഗത്ത് ഉൾക്കാഴ്ചയും ക്ഷമയും ആവശ്യമാണ്. “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരി”ക്കുവാൻ ബൈബിൾ നമ്മെ ബുദ്ധിയുപദേശിക്കുന്നു.—കൊലൊസ്സ്യർ 3:12, 13.
ഒരു കത്തെഴുതുക: അനുശോചനം അറിയിക്കുന്ന ഒരു കത്തിന്റെയോ കാർഡിന്റെയോ മൂല്യം പലപ്പോഴും വേണ്ടത്ര ഗൗനിക്കപ്പെടാറില്ല. അതിന്റെ പ്രയോജനം എന്താണ്? കാൻസർ പിടിപെട്ട് അമ്മ മരിച്ചുപോയ സിൻഡി മറുപടി നൽകുന്നത് ഇങ്ങനെയാണ്: “ഒരു സുഹൃത്ത് എനിക്ക് നല്ലൊരു കത്തയച്ചു. അതു വലിയ സഹായമായി. കാരണം എനിക്കത് വീണ്ടും വീണ്ടും എടുത്ത് വായിക്കാൻ കഴിഞ്ഞു.” പ്രോത്സാഹനത്തിന്റേതായ അത്തരം ഒരു കത്തോ കാർഡോ ‘ചുരുങ്ങിയ’ വാക്കുകളിലുള്ളതാകാം. എന്നാൽ നിങ്ങളുടെ ഹൃദയം അതിലൂടെ പകരാൻ കഴിയണം. (എബ്രായർ 13:22) നിങ്ങൾ കരുതലുള്ളവനാണെന്നും മരിച്ച ആളെ പ്രത്യേകം ഓർക്കുന്നുവെന്നും അറിയിക്കാൻ അതിനു കഴിയും. അല്ലെങ്കിൽ മരിച്ചുപോയ ആൾ നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്പർശിച്ചിരിക്കുന്നു എന്നു കാണിക്കാൻ അതിനാകും.
അവരോടൊത്തു പ്രാർഥിക്കുക: ദുഃഖാർത്തരോടൊപ്പവും അവർക്കുവേണ്ടിയും പ്രാർഥിക്കുന്നതിന്റെ മൂല്യത്തെ താഴ്ത്തിമതിക്കരുത്. “നീതിമാന്റെ . . . പ്രാർത്ഥന വളരെ ഫലിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (യാക്കോബ് 5:16) ഉദാഹരണത്തിന്, അവർക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കുന്നത് അവർ കേൾക്കുമ്പോൾ കുറ്റബോധം പോലുള്ള നിഷേധാത്മക വികാരങ്ങളെ ദൂരീകരിക്കാൻ അത് അവരെ സഹായിക്കും.—യാക്കോബ് 5:13-15 താരതമ്യം ചെയ്യുക.
ചെയ്യരുതാത്തത് . . .
ആശുപത്രിയിലെ നിങ്ങളുടെ സാന്നിധ്യം ദുഃഖാർത്തരെ ധൈര്യപ്പെടുത്തും
എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയില്ല എന്ന കാരണത്താൽ മാറിനിൽക്കരുത്: ‘ഇപ്പോൾ അവരെ തനിച്ചു വിടുന്നതാണ് നല്ലത് എന്ന് എനിക്കുറപ്പുണ്ട്’ എന്നു നാം സ്വയം പറഞ്ഞേക്കാം. പക്ഷേ വാസ്തവത്തിൽ നാം മാറിനിൽക്കുന്നത് അരുതാത്തത് എന്തെങ്കിലും ചെയ്തുപോകുമോ പറഞ്ഞുപോകുമോ എന്ന ഭയം നിമിത്തം ആയിരിക്കാം. എന്നാൽ, സ്നേഹിതരും ബന്ധുക്കളും സഹവിശ്വാസികളും ഒഴിവാക്കുന്നത് ദുഃഖാർത്തരായ വ്യക്തികൾക്ക് കൂടുതൽ ഏകാന്തത തോന്നാൻ ഇടയാക്കിക്കൊണ്ട് അവരുടെ ദുഃഖം വർധിപ്പിക്കുകയേ ഉള്ളൂ. ഏറ്റവും ദയാപൂർവകമായ വാക്കുകളും പ്രവൃത്തികളും മിക്കപ്പോഴും ഏറ്റവും ലളിതമായവയാണ് എന്ന് ഓർക്കുക. (എഫെസ്യർ 4:32) നിങ്ങളുടെ സാന്നിധ്യം തന്നെ പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നേക്കാം. (പ്രവൃത്തികൾ 28:15 താരതമ്യം ചെയ്യുക.) തന്റെ മകൾ മരിച്ച ദിവസത്തെ കുറിച്ച് ഓർത്തുകൊണ്ട് തെരേസ പറയുന്നത് ഇങ്ങനെയാണ്: “ഒറ്റ മണിക്കൂറിനുള്ളിൽ ആശുപത്രിയിലെ കാത്തിരിപ്പുമുറി ഞങ്ങളുടെ സ്നേഹിതരെക്കൊണ്ട് നിറഞ്ഞു; എല്ലാ മൂപ്പന്മാരും അവരുടെ ഭാര്യമാരും അവിടെയുണ്ടായിരുന്നു. സ്ത്രീകളിൽ ചിലർ മുടിചീകിയൊതുക്കാൻപോലും നിൽക്കാതെയാണ് ഓടിയെത്തിയത്, ചിലരാണെങ്കിൽ അവർ പണിയെടുത്തുകൊണ്ടിരുന്ന അതേ വേഷത്തിലായിരുന്നു. അവർ ചെയ്തുകൊണ്ടിരുന്ന ജോലികൾ സർവതും ഇട്ടെറിഞ്ഞ് എത്തുകയായിരുന്നു. എന്തു പറയണമെന്ന് അറിയില്ല എന്ന് അവരിൽ അനേകരും ഞങ്ങളോടു പറഞ്ഞു. പക്ഷേ അതൊരു പ്രശ്നമായിരുന്നില്ല. കാരണം ഞങ്ങൾക്ക് അവരുടെ സാന്നിധ്യമായിരുന്നു വലുത്.”
ദുഃഖിക്കരുത് എന്നു പറഞ്ഞ് അവരുടെ മേൽ സമ്മർദം ചെലുത്തരുത്: ‘ദാ, നോക്ക് കരയല്ലേ,’ എന്നു പറയാൻ നമുക്കു തോന്നിയേക്കാം. എന്നാൽ അതിലും നല്ലത് കരയാൻ അവരെ അനുവദിക്കുന്നതായിരിക്കാം. തന്റെ ഭർത്താവിന്റെ മരണത്തെ കുറിച്ച് ഓർത്തുകൊണ്ട് കാത്റിൻ പറയുന്നു: “ഉള്ളിലെ വികാരം തുറന്നു പ്രകടിപ്പിക്കാനും അത് കരഞ്ഞു തീർക്കാനും ദുഃഖാർത്തരെ അനുവദിക്കുന്നതു പ്രധാനമാണെന്ന് എനിക്കു തോന്നുന്നു.” വികാരം പ്രകടിപ്പിക്കേണ്ടത് എങ്ങനെയായിരിക്കണം എന്ന് മറ്റുള്ളവരോടു പറയാനുള്ള പ്രവണതയെ ചെറുക്കുക. ഇനി, അവരുടെ വികാരങ്ങളുടെ തീവ്രത വർധിപ്പിക്കാതെ നോക്കുന്നതിന് നിങ്ങളുടെ വികാരങ്ങൾ മൂടിവെക്കേണ്ടതുണ്ട് എന്നു കരുതാതിരിക്കുക. പകരം, ‘കരയുന്നവരോടുകൂടെ കരയാൻ’ ബൈബിൾ നിർദേശിക്കുന്നു.—റോമർ 12:15.
മരിച്ച ആളുടെ വസ്ത്രമോ വ്യക്തിപരമായ മറ്റു സാധനങ്ങളോ കളയാൻ അവർ സജ്ജരായിട്ടില്ലെങ്കിൽ എടുത്തുചാടി അവരെ അതിന് ഉപദേശിക്കാതിരിക്കുക: മരിച്ചയാളുടെ ഓർമയുണർത്തുന്ന വസ്തുക്കൾ ദുഃഖശമനത്തെ വൈകിക്കും എന്നതുകൊണ്ട് അവർ അത്തരം വസ്തുക്കൾ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത് എന്നു നമുക്കു തോന്നിയേക്കാം. പക്ഷേ “കാണാതിരുന്നാൽ ഓർക്കുകയില്ല” എന്ന തത്ത്വം ഇവിടെ ഫലിക്കണമെന്നില്ല. ദുഃഖം അനുഭവിക്കുന്ന വ്യക്തിക്ക് സാവകാശമേ മരിച്ച ആളുടെ കാര്യം മനസ്സിൽ നിന്നകറ്റാൻ കഴിയുകയുള്ളു എന്നു വരാം. തന്റെ ഇളയ മകൻ യോസേഫ് ഒരു കാട്ടുമൃഗത്താൽ കൊല്ലപ്പെട്ടു എന്നു ധരിക്കാൻ ഇടയായപ്പോഴത്തെ ഗോത്രപിതാവായ യാക്കോബിന്റെ പ്രതികരണം സംബന്ധിച്ചു ബൈബിൾ വർണിക്കുന്നത് ഓർമിക്കുക. രക്തക്കറ പുരണ്ട യോസേഫിന്റെ നിലയങ്കി യാക്കോബിന്റെ മുമ്പാകെ കൊണ്ടുവന്നപ്പോൾ അവൻ “ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു. അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ” ഇരുന്നു.—ഉല്പത്തി 37:31-35.
‘നിങ്ങൾക്കിനിയും കുഞ്ഞുങ്ങൾ ആകാമല്ലോ’ എന്നു പറയാതിരിക്കുക: “ആളുകൾ എന്നോട് അങ്ങനെ പറയുന്നത് എനിക്കു വെറുപ്പായിരുന്നു,” മരണത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മ ഓർമിക്കുന്നു. അത് അവർ സദുദ്ദേശ്യത്തോടെ പറയുന്നതായിരിക്കാം. പക്ഷേ കുഞ്ഞിന്റെ മരണത്തെ ചൊല്ലി ദുഃഖിക്കുന്ന ഒരു മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചിടത്തോളം, മരിച്ച കുട്ടിയുടെ നഷ്ടം മറ്റൊരു കുട്ടിയെക്കൊണ്ട് നികത്താം എന്ന അർഥം ധ്വനിക്കുന്ന വാക്കുകൾ ‘വാൾപോലെ കുത്തുന്നവ’ ആയിരുന്നേക്കാം. (സദൃശവാക്യങ്ങൾ 12:18) ഒരു കുട്ടി ഒരിക്കലും മറ്റൊരു കുട്ടിക്ക് പകരമാവില്ല. എന്തുകൊണ്ട്? കാരണം ഓരോ കുട്ടിക്കും തനതായ വ്യക്തിത്വമാണുള്ളത്.
മരിച്ച വ്യക്തിയെപ്പറ്റിയുള്ള പരാമർശം എല്ലായ്പോഴും ഒഴിവാക്കേണ്ടതില്ല: ഒരു അമ്മ ഓർമിക്കുന്നു: “പലരും എന്റെ മകൻ ജിമ്മിയുടെ പേരു പറയുകയാകട്ടെ അവനെപ്പറ്റി സംസാരിക്കുകയാകട്ടെ ചെയ്യാറില്ലായിരുന്നു. അത് എന്നെ മുറിപ്പെടുത്തി എന്നു പറയാതെ വയ്യ.” അതുകൊണ്ട് മരിച്ച ആളുടെ പേര് പറയുമ്പോഴൊക്കെ വിഷയം മാറ്റാൻ ശ്രമിക്കേണ്ടതില്ല. പ്രിയപ്പെട്ട ആളെപ്പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ എന്നു വ്യക്തിയോടു ചോദിക്കുക. (ഇയ്യോബ് 1:18, 19-ഉം 10:1-ഉം താരതമ്യം ചെയ്യുക.) മരണമടഞ്ഞ ആളെ തങ്ങളിലേക്ക് അടുപ്പിച്ച അയാളുടെ സവിശേഷ ഗുണങ്ങളെപ്പറ്റി സുഹൃത്തുക്കൾ പറയുന്നതു കേൾക്കാൻ ദുഃഖാർത്തരായ ചിലർ ഇഷ്ടപ്പെടുന്നു.—പ്രവൃത്തികൾ 9:36-39 താരതമ്യം ചെയ്യുക.
എടുത്തുചാടി ‘അതു നല്ലതിനായിരുന്നു’ എന്നു പറയാതിരിക്കുക: മരണത്തെ സംബന്ധിച്ച് എന്തെങ്കിലും ക്രിയാത്മകവശം കാണാനുള്ള ശ്രമം എല്ലായ്പോഴും, അതിനെച്ചൊല്ലി ദുഃഖിക്കുന്ന ‘വിഷാദ ദേഹികൾക്ക് ആശ്വാസം’ പകരില്ല. (1 തെസ്സലൊനീക്യർ 5:14, NW) തന്റെ അമ്മയുടെ മരണത്തെ കുറിച്ച് ഓർത്തുകൊണ്ട് ഒരു ചെറുപ്പക്കാരി ഇങ്ങനെ പറഞ്ഞു: “‘അമ്മ കഷ്ടപ്പെടുകയൊന്നുമല്ലല്ലോ,’ ‘ഒന്നുമല്ലെങ്കിലും സമാധാനത്തിൽ വിശ്രമം കൊള്ളുകയല്ലേ’ എന്നൊക്കെ ആളുകൾ എന്നോടു പറയുമായിരുന്നു. പക്ഷേ അതു കേൾക്കുന്നത് എനിക്കു വലിയ വിഷമമായിരുന്നു.” അത്തരം അഭിപ്രായപ്രകടനങ്ങൾ ദുഃഖം തോന്നേണ്ടതില്ലെന്നോ നഷ്ടം നിസ്സാരമാണെന്നോ ഉള്ള സൂചനയായിരിക്കാം ജീവിച്ചിരിക്കുന്നവർക്കു നൽകുന്നത്. അതേസമയം അവർ തങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയുടെ കനത്ത നഷ്ടത്തെപ്രതി നീറുകയായിരിക്കാം.
‘നിങ്ങളുടെ ദുഃഖം എനിക്കു മനസ്സിലാകും’ എന്നു പറയാതിരിക്കുന്നതാകും മെച്ചം: വാസ്തവത്തിൽ അത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? ഉദാഹരണത്തിന്, ഒരു കുട്ടി മരിക്കുമ്പോൾ ഒരു പിതാവിനോ മാതാവിനോ ഉണ്ടാകുന്ന ദുഃഖം എത്രത്തോളം ആണെന്ന്, നിങ്ങൾ അത്തരമൊരു നഷ്ടം അനുഭവിച്ചിട്ടില്ലാത്ത വ്യക്തിയാണെങ്കിൽ അറിയാൻ കഴിയുമോ? ഇനി നിങ്ങൾ അത്തരമൊരു നഷ്ടം അനുഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ നിങ്ങൾക്കു തോന്നിയതുപോലെ തന്നെയായിരിക്കില്ല മറ്റുള്ളവർക്കു തോന്നുന്നത് എന്നു മനസ്സിലാക്കുക. (വിലാപങ്ങൾ 1:12 താരതമ്യം ചെയ്യുക.) അതേസമയം, ഉചിതമെന്നു തോന്നുന്നെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയുടെ വേർപാടിന്റെ ദുഃഖത്തെ നിങ്ങൾ എങ്ങനെ തരണം ചെയ്തു എന്നു പറയുന്നത് കുറെ പ്രയോജനം ചെയ്തേക്കാം. മകൾ കൊല്ലപ്പെട്ട ഒരു സ്ത്രീയോട് മകൾ നഷ്ടപ്പെട്ട മറ്റൊരു അമ്മ താൻ എങ്ങനെയാണ് സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നതെന്ന് പറഞ്ഞപ്പോൾ അവർക്ക് വളരെ ആശ്വാസം തോന്നി. അവർ പറഞ്ഞു: “‘നിങ്ങളുടെ ദുഃഖം എനിക്കു മനസ്സിലാകും’ എന്ന ആമുഖത്തോടെയല്ല മരിച്ച പെൺകുട്ടിയുടെ അമ്മ തന്റെ കഥ പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എങ്ങനെയായിരുന്നു എന്നു മാത്രമാണ് അവർ എന്നോടു പറഞ്ഞത്. എനിക്ക് അത് എന്റെ ജീവിതവുമായി ബന്ധിപ്പിച്ചു ചിന്തിക്കാൻ കഴിഞ്ഞു.”
വേർപാടിന്റെ ദുഃഖം അനുഭവിക്കുന്ന ഒരാളെ സഹായിക്കാൻ നിങ്ങളുടെ ഭാഗത്ത് അനുകമ്പ, വിവേചനപ്രാപ്തി, ആഴമായ സ്നേഹം എന്നിവ അവശ്യമാണ്. ആ വ്യക്തി നിങ്ങളുടെ അടുത്തേക്കു വരാൻ കാത്തുനിൽക്കരുത്. “ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ . . .” എന്നു വെറുതെ പറയാതെ, ചെയ്യാനുള്ളത് എന്താണെന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കുക. എന്നിട്ട് ഉചിതമായ വിധത്തിൽ മുൻകൈ എടുത്ത് അതു ചെയ്തുകൊടുക്കുക.
ഇനിയും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു: “ബൈബിൾ വെച്ചുനീട്ടുന്ന പുനരുത്ഥാന പ്രത്യാശ സംബന്ധിച്ചെന്ത്? നിങ്ങൾക്കും മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ട ആൾക്കും അത് എന്താണ് അർഥമാക്കുന്നത്? അത് ആശ്രയയോഗ്യമായ ഒരു പ്രത്യാശയാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?