അധ്യായം ഒമ്പത്
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾക്കു വിജയിക്കാനാവും!
1-3. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർധനവിന് ഇടയാക്കിയിരിക്കുന്നത് എന്ത്, ഉൾപ്പെട്ടിരിക്കുന്നവർ എങ്ങനെ ബാധിക്കപ്പെടുന്നു?
“ഏറ്റവും വേഗത്തിൽ വളരുന്ന കുടുംബശൈലി” എന്നാണ് ഐക്യനാടുകളിൽ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളെ വിളിക്കുന്നത്. മറ്റ് അനേകം രാജ്യങ്ങളിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. വിവാഹമോചനങ്ങൾ, പരിത്യജിക്കലുകൾ, വേർപിരിയലുകൾ, അവിഹിത ജനനങ്ങൾ എന്നിവയുടെ എണ്ണത്തിലെ പൂർവാധിക വർധനവുനിമിത്തം ലക്ഷക്കണക്കിനു മാതാപിതാക്കൾക്കും കുട്ടികൾക്കും ദൂരവ്യാപകമായ ഭവിഷ്യത്തുകൾ നേരിട്ടിരിക്കുന്നു.
2 ഒറ്റയ്ക്കുള്ള ഒരു മാതാവ് ഇങ്ങനെ എഴുതി: “രണ്ടു മക്കളുള്ള ഒരു 28-കാരി വിധവയാണു ഞാൻ. ഞാൻ വളരെ വിഷാദചിത്തയാണ്. കാരണം, പിതാവിനെക്കൂടാതെ എന്റെ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ എനിക്ക് ആഗ്രഹമില്ല. ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്നുപോലും തോന്നിപ്പോകുന്നു. എന്റെ കുട്ടികൾ പലപ്പോഴും ഞാൻ കരയുന്നതു കാണാറുണ്ട്. അത് അവരെ വിഷമിപ്പിക്കുന്നു.” കോപം, കുറ്റബോധം, ഏകാന്തത എന്നിങ്ങനെയുള്ള വികാരങ്ങളുമായി മല്ലിടുന്നതിനുപുറമേ, ഒറ്റക്കാരായ മിക്ക മാതാപിതാക്കളും വീടിനു പുറത്തു ജോലി ചെയ്യുന്നതിന്റെയും വീട്ടുകാര്യങ്ങൾ നിർവഹിക്കുന്നതിന്റെയും വെല്ലുവിളിയും നേരിടുന്നു. ഒരാൾ ഇങ്ങനെ പറഞ്ഞു: “ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ ആയിരിക്കുന്നത് ഒരേസമയം നാലു പന്തുകൾകൊണ്ട് എറിഞ്ഞുകളിക്കുന്ന ഒരുവനെപ്പോലെയാണ്. ആറു മാസത്തെ പരിശീലനത്തിനുശേഷം, അവസാനം നിങ്ങൾക്ക് ഒരേസമയം നാലു പന്തുകൾ എറിഞ്ഞുകളിക്കാനുള്ള പ്രാപ്തിവരുന്നു. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യാൻ പ്രാപ്തിനേടിയ ഉടൻതന്നെ ആരോ ഒരു പുതിയ പന്ത് നിങ്ങൾക്ക് എറിഞ്ഞുതരുന്നു!”
3 മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിലെ യുവപ്രായക്കാർക്കു പലപ്പോഴും അവരുടേതായ പോരാട്ടങ്ങളുണ്ട്. മാതാപിതാക്കളിൽ ഒരാൾ പെട്ടെന്നു വേർപിരിയുകയോ മരിക്കുകയോ ചെയ്ത സാഹചര്യത്തിലെ കടുത്ത വികാരങ്ങളുമായി അവർക്കു പോരാടേണ്ടിവന്നേക്കാം. അനേകം യുവപ്രായക്കാർക്കും മാതാപിതാക്കളിൽ ഒരാളുടെ അസാന്നിധ്യം ആഴമായ എതിർഫലങ്ങൾ ഉളവാക്കുന്നതായി കാണപ്പെടുന്നു.
4. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ കാര്യത്തിൽ യഹോവയ്ക്കു താത്പര്യമുണ്ടെന്നു നാമെങ്ങനെ അറിയുന്നു?
4 മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ ബൈബിൾ കാലങ്ങളിൽ ഉണ്ടായിരുന്നു. തിരുവെഴുത്തുകൾ “പിതാവില്ലാത്ത ബാല”നെയും “വിധവയെ”യും കുറിച്ച് ആവർത്തിച്ചു പരാമർശിക്കുന്നുണ്ട്. (പുറപ്പാടു 22:22, NW; ആവർത്തനപുസ്തകം 24:19-21; ഇയ്യോബ് 31:16-22) അവരുടെ ശോച്യാവസ്ഥയുടെനേരേ യഹോവയാം ദൈവം കണ്ണടച്ചില്ല. സങ്കീർത്തനക്കാരൻ ദൈവത്തെ “പിതാവില്ലാത്ത ബാലനു പിതാവും വിധവമാർക്കു ന്യായപാലകനും” എന്നു വിളിച്ചു. (സങ്കീർത്തനം 68:5, NW) തീർച്ചയായും, അതേ താത്പര്യംതന്നെയാണു യഹോവയ്ക്ക് ഇന്നു മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളോട് ഉള്ളത്! വാസ്തവത്തിൽ, വിജയിക്കുന്നതിന് അവരെ സഹായിക്കാൻ കഴിയുന്ന തത്ത്വങ്ങൾ അവന്റെ വചനം നൽകുന്നുണ്ട്.
കുടുംബ ദിനചര്യ സമർഥമായി നടത്തൽ
5. ഒറ്റയ്ക്കുള്ള മാതാക്കളും പിതാക്കന്മാരും ആരംഭത്തിൽ ഏതു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്?
5 ഒരു കുടുംബം നടത്തിക്കൊണ്ടുപോകുന്നതിനുള്ള അധ്വാനത്തെക്കുറിച്ചു പരിചിന്തിക്കുക. വിവാഹമോചിതയായ ഒരു സ്ത്രീ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഒരു പുരുഷൻ അടുത്തുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്ന അനേകം സന്ദർഭങ്ങളുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ കാർ എന്തോ ശബ്ദമുണ്ടാക്കുന്നു, എന്നാൽ ശബ്ദം വരുന്നത് എവിടെ നിന്നാണെന്ന് നിങ്ങൾക്ക് അറിയാനുംപാടില്ല.” ഈയിടെ വിവാഹമോചിതരോ വിഭാര്യരോ ആയിത്തീർന്ന പുരുഷന്മാരും തങ്ങൾ നിർവഹിക്കേണ്ടതായിവരുന്ന വീട്ടുജോലികളുടെ ആധിക്യത്തിൽ സമാനമായി അന്ധാളിച്ചേക്കാം. കുത്തഴിഞ്ഞ കുടുംബചുറ്റുപാട് കുട്ടികളുടെ അസ്ഥിരതബോധത്തെയും അരക്ഷിതബോധത്തെയും വർധിപ്പിക്കും.
കുട്ടികളേ, നിങ്ങളുടെ ഒറ്റയ്ക്കുള്ള മാതാവിനോടോ പിതാവിനോടോ സഹകരിക്കുവിൻ
6, 7. (എ) സദൃശവാക്യങ്ങളിലെ “സാമർത്ഥ്യമുള്ള ഭാര്യ” ഏതു നല്ല മാതൃക വെച്ചിരിക്കുന്നു? (ബി) മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ വീടുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ശുഷ്കാന്തിയുള്ളവരായിരിക്കുന്നത് സഹായകരമായിരിക്കുന്നതെങ്ങനെ?
6 സഹായമേകാൻ എന്തിനു കഴിയും? സദൃശവാക്യങ്ങൾ 31:10-31-ൽ വർണിച്ചിരിക്കുന്ന “സാമർത്ഥ്യമുള്ള ഭാര്യ” വെച്ചിരിക്കുന്ന മാതൃക ശ്രദ്ധിക്കുക. അവളുടെ നേട്ടങ്ങളുടെ വ്യാപ്തി എടുത്തുപറയത്തക്കതുതന്നെ—വാങ്ങൽ, വിൽക്കൽ, തയ്യൽ, പാചകം, സ്ഥാവരസ്വത്തുക്കളിൽ നിക്ഷേപിക്കൽ, കൃഷി, ബിസിനസ്. അവളുടെ വിജയരഹസ്യം? ദീർഘനേരം ജോലിചെയ്തും വേലതുടങ്ങാൻ അതിരാവിലെ എഴുന്നേറ്റുംകൊണ്ട് അവൾ ശുഷ്കാന്തി കാട്ടി. അവൾക്കു നല്ല സംഘാടനം ഉണ്ടായിരുന്നു. അവൾ കുറെ ജോലികൾ മറ്റുള്ളവർക്കു വീതിച്ചുകൊടുക്കുകയും മറ്റുള്ള ജോലികൾ തനിക്കായിത്തന്നെ മാറ്റിവെക്കുകയും ചെയ്തിരുന്നു. അവൾക്കു പ്രശംസ കിട്ടിയതിൽ യാതൊരു അതിശയവുമില്ല!
7 നിങ്ങൾ ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ ആണെങ്കിൽ, നിങ്ങളുടെ കുടുംബ ഉത്തരവാദിത്വങ്ങളെക്കുറിച്ചു മനസ്സാക്ഷിബോധമുള്ളയാളായിരിക്കുക. അത്തരം ജോലികളിൽ സംതൃപ്തി കണ്ടെത്തുക. കാരണം നിങ്ങളുടെ കുട്ടികളുടെ സന്തോഷം വർധിപ്പിക്കാൻ ഇതു വളരെയധികം ഉപകരിക്കും. എന്നിരുന്നാലും, ഉചിതമായ ആസൂത്രണവും സംഘാടനവും അത്യന്താപേക്ഷിതമാണ്. “ഉത്സാഹിയുടെ പദ്ധതികൾ തീർച്ചയായും നേട്ടം കൈവരുത്തുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 21:5, NW) ഒറ്റയ്ക്കുള്ള ഒരു പിതാവ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “വിശപ്പു തോന്നുന്നതുവരെ ഭക്ഷണത്തെക്കുറിച്ച് എനിക്ക് ഒരു ചിന്തയുമില്ലാതായി.” എന്നാൽ ആസൂത്രണംചെയ്തു തയ്യാറാക്കിയ ഭക്ഷണങ്ങൾ തയ്യാറെടുപ്പൊന്നുമില്ലാതെ ധൃതിയിലുണ്ടാക്കിയവയെക്കാൾ കൂടുതൽ പോഷകമൂല്യവും രസകരവും ആയിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ നവീന രീതികൾ ഉപയോഗിക്കാൻ പഠിക്കേണ്ടയാവശ്യവും ഉണ്ടായിരിക്കാം. അറിവുള്ള സുഹൃത്തുക്കളോടും തൊഴിൽരംഗത്തെ സഹായമനസ്കരോടും കൂടിയാലോചന ചെയ്തും ഗൈഡ് പുസ്തകങ്ങൾ വായിച്ചും ഒറ്റയ്ക്കുള്ള ചില മാതാക്കൾക്കു ചായംപൂശൽ, പ്ലംബിങ്, വാഹനങ്ങളുടെ നിസ്സാര റിപ്പെയർ പണികൾ എന്നിവ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
8. ഒറ്റയ്ക്കുള്ള മാതാവിന്റെയോ പിതാവിന്റെയോ കുട്ടികൾക്കു കുടുംബത്തിൽ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
8 കുട്ടികളോടു സഹായം ചോദിക്കുന്നത് ഉചിതമാണോ? ഒറ്റയ്ക്കുള്ള ഒരു മാതാവ് ഇങ്ങനെ ന്യായവാദം ചെയ്തു: “കുട്ടികൾക്കു ബുദ്ധിമുട്ടനുഭവപ്പെടാതിരിക്കാൻവേണ്ടി മാതാപിതാക്കളിൽ ഒരാളുടെ അസാന്നിധ്യത്തിനു നഷ്ടപൂരണം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു.” അതു മനസ്സിലാക്കാവുന്നതുതന്നെ. എന്നാൽ അത് എല്ലായ്പോഴും കുട്ടികൾക്ക് ഏറ്റവും നല്ല പ്രയോജനം ചെയ്യണമെന്നില്ല. ബൈബിൾ കാലങ്ങളിലെ ദൈവഭക്തിയുള്ള യുവപ്രായർക്ക് ഉചിതമായ വീട്ടുജോലികൾ ഏൽപ്പിച്ചുകൊടുത്തിരുന്നു. (ഉല്പത്തി 37:2; ഉത്തമഗീതം 1:6) അതുകൊണ്ട്, കുട്ടികൾക്ക് അമിതഭാരം വെച്ചുകൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾത്തന്നെ പാത്രങ്ങൾ കഴുകലും മുറി ശുചിയാക്കലും പോലുള്ള പണികൾ ഏൽപ്പിച്ചുകൊടുക്കുന്നതു ജ്ഞാനപൂർവകമായിരിക്കും. ഏതാനും വീട്ടുജോലികൾ ഒരുമിച്ചു ചെയ്യരുതോ? അതു വളരെ ആസ്വാദ്യമായിരിക്കാവുന്നതാണ്.
ഉപജീവനത്തിനുളള വകയുണ്ടാക്കൽ എന്ന വെല്ലുവിളി
നിങ്ങളുടെ കുട്ടികളോടൊപ്പം കഴിയാവുന്നത്രയും സമയം ചെലവഴിക്കുക
9. ഒറ്റയ്ക്കുള്ള മാതാക്കൾ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതെന്തുകൊണ്ട്?
9 ഒറ്റയ്ക്കുള്ള മിക്ക മാതാക്കൾക്കും പിതാക്കന്മാർക്കും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യം ദുഷ്കരമായി തോന്നുന്നു. അവിവാഹിത യുവമാതാക്കൾക്കു സാധാരണമായി ഇതു വിശേഷാൽ വിഷമകരമാണ്.a പൊതുജനക്ഷേമ പരിപാടികളിൽനിന്നു സഹായം ലഭിക്കുന്ന രാജ്യങ്ങളിൽ, അത് അവർ, ഒരു ജോലി കണ്ടെത്തുംവരെയെങ്കിലും ഉപയോഗപ്പെടുത്തുന്നതു ജ്ഞാനപൂർവകമായിരുന്നേക്കാം. അത്യാവശ്യമുള്ളപ്പോൾ, അത്തരം കരുതലുകൾ പ്രയോജനപ്പെടുത്താൻ ബൈബിൾ ക്രിസ്ത്യാനികളെ അനുവദിക്കുന്നുണ്ട്. (റോമർ 13:1, 6) സമാനമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവരാണ് വിധവമാരും വിവാഹമോചിത സ്ത്രീകളും. വർഷങ്ങളോളം വീട്ടുജോലിയുമായി കഴിഞ്ഞിരുന്നവർ വീണ്ടും തൊഴിൽമേഖലയിലേക്കു പ്രവേശിക്കാൻ നിർബന്ധിതരാകുമ്പോൾ, കുറഞ്ഞ വരുമാനമുള്ള ജോലിയാവും അവർക്കു പലപ്പോഴും ലഭിക്കുക. ചിലർ തൊഴിൽ പരിശീലന പരിപാടികളിലോ ഹ്രസ്വകാല സ്കൂൾ കോഴ്സുകളിലോ ചേർന്നുകൊണ്ട് തങ്ങളുടെ ജീവിതഗതിക്കു പുരോഗതിവരുത്തുന്നതിൽ വിജയിക്കുന്നു.
10. താൻ ലൗകിക ജോലി തേടുന്നത് എന്തിനാണെന്ന് ഒറ്റയ്ക്കുള്ള മാതാവിനു തന്റെ കുട്ടികളോട് എങ്ങനെ വിശദീകരിക്കാൻ കഴിയും?
10 നിങ്ങൾ ജോലി തേടുമ്പോൾ നിങ്ങളുടെ കുട്ടികൾ അസന്തുഷ്ടി പ്രകടമാക്കുന്നെങ്കിൽ വിസ്മയിക്കരുത്, കുറ്റബോധം തോന്നുകയുമരുത്. മറിച്ച്, നിങ്ങൾ ജോലിയെടുക്കണമെന്നതിന്റെ കാരണം അവരോടു വിശദീകരിക്കുകയും, നിങ്ങൾ അവർക്കുവേണ്ടി കരുതണമെന്നതു യഹോവ ആവശ്യപ്പെടുന്ന കാര്യമാണെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക. (1 തിമൊഥെയൊസ് 5:8) കാലക്രമത്തിൽ, മിക്ക കുട്ടികളും പൊരുത്തപ്പെട്ടുകൊള്ളും. എന്നിരുന്നാലും, നിങ്ങളുടെ തിരക്കുപിടിച്ച പട്ടിക അനുവദിക്കുന്നതനുസരിച്ച്, അവരുമായി കഴിയുന്നത്ര സമയം ചെലവിടാൻ ശ്രമിക്കുക. കുടുംബത്തിന് ഉണ്ടായിരിക്കാവുന്ന ഏതൊരു സാമ്പത്തിക പരാധീനതയുടെയും സ്വാധീനം പരമാവധി കുറയ്ക്കുന്നതിനു സ്നേഹപുരസ്സരമായ അത്തരം ശ്രദ്ധ ഉപകരിക്കുകയും ചെയ്തേക്കാം.—സദൃശവാക്യങ്ങൾ 15:16, 17.
ആർ ആരെ പരിപാലിക്കുന്നു?
സഭ “വിധവ”മാരെയും “പിതാവില്ലാത്ത ബാല”ന്മാരെയും അവഗണിക്കുന്നില്ല
11, 12. ഒറ്റയ്ക്കുള്ള മാതാക്കളും പിതാക്കന്മാരും എന്ത് അതിരുകൾ കാത്തുസൂക്ഷിക്കണം, അവർക്ക് അത് എങ്ങനെ ചെയ്യാനാവും?
11 തങ്ങളുടെ കുട്ടികളോട് അടുത്ത ബന്ധമുണ്ടായിരിക്കുന്നത് ഒറ്റയ്ക്കുള്ള മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. എങ്കിലും മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിലെ ദൈവനിയമിത അതിരുകൾ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ഒരു കുടുംബനാഥന്റെ ഉത്തരവാദിത്വങ്ങൾ മകൻ ഏറ്റെടുക്കണമെന്ന് ഒറ്റയ്ക്കുള്ള ഒരു മാതാവു പ്രതീക്ഷിക്കുന്നെങ്കിൽ, അല്ലെങ്കിൽ മകളെ ഉറ്റമിത്രമായി കണ്ട് അവളെ തന്റെ സ്വകാര്യ പ്രശ്നങ്ങൾകൊണ്ട് ഭാരപ്പെടുത്തുന്നെങ്കിൽ, ഗുരുതരമായ വിഷമതകൾ പൊന്തിവരാം. അങ്ങനെ ചെയ്യുന്നത് അനുചിതവും സമ്മർദപൂരിതവും ഒരുപക്ഷേ കുട്ടിയെ കുഴപ്പിക്കുന്നതും ആയിരുന്നേക്കാം.
12 മാതാവോ പിതാവോ എന്നനിലയിൽ, നിങ്ങൾ കുട്ടികൾക്കുവേണ്ടി കരുതുമെന്ന് അവർക്ക് ഉറപ്പുനൽകുക, അല്ലാതെ മറിച്ചായിരിക്കരുത്. (2 കൊരിന്ത്യർ 12:14 താരതമ്യം ചെയ്യുക.) ചിലപ്പോഴെല്ലാം, ചില ഉപദേശമോ പിന്തുണയോ നിങ്ങൾക്ക് ആവശ്യമായിവന്നേക്കാം. അതു പ്രായപൂർത്തിയെത്താത്ത നിങ്ങളുടെ കുട്ടികളിൽനിന്നല്ല, ക്രിസ്തീയ മൂപ്പന്മാരിൽനിന്നോ ഒരുപക്ഷേ പക്വതയുള്ള ക്രിസ്തീയ സ്ത്രീകളിൽനിന്നോ തേടുക.—തീത്തൊസ് 2:3.
അച്ചടക്കം നിലനിർത്തൽ
13. ശിക്ഷണം സംബന്ധിച്ച് ഒറ്റയ്ക്കുള്ള മാതാവ് എന്തു പ്രശ്നം അഭിമുഖീകരിച്ചേക്കാം?
13 ഒരു ശിക്ഷകനെന്ന നിലയിൽ സഗൗരവം വീക്ഷിക്കപ്പെടാൻ ഒരു പുരുഷനു കാര്യമായ ബുദ്ധിമുട്ടുണ്ടാകയില്ല. എന്നാൽ ഇക്കാര്യത്തിൽ ഒരു സ്ത്രീക്കു പ്രശ്നങ്ങളുണ്ടാവാം. ഒറ്റയ്ക്കുള്ള ഒരു മാതാവ് ഇങ്ങനെ പറയുന്നു: “എന്റെ പുത്രന്മാർക്കു മുതിർന്ന പുരുഷന്മാരുടെ ശരീരവും ശബ്ദവുമാണുള്ളത്. അതുമായി തട്ടിച്ചുനോക്കുമ്പോൾ തീരുമാനശേഷിയില്ലാത്തവളോ ദുർബലയോ ആയി തോന്നിക്കാതിരിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്.” കൂടാതെ, പ്രിയപ്പെട്ട ഇണയുടെ മരണത്തിൽ നിങ്ങൾ അപ്പോഴും ദുഃഖത്തിലായിരിക്കാം, അല്ലെങ്കിൽ ഒരുപക്ഷേ വൈവാഹിക തകർച്ചയിൽ കുറ്റബോധമോ അമർഷമോ തോന്നുകയായിരിക്കാം. കുട്ടിയുടെ നിയമപരമായ പരിപാലനം രണ്ടുപേർക്കും മാറിമാറി നടത്തേണ്ട അവസ്ഥയിലാണെങ്കിൽ, കുട്ടിക്കു നിങ്ങളുടെ മുൻ ഇണയോടൊത്തു കഴിയാനാണോ കൂടുതൽ താത്പര്യം എന്നു നിങ്ങൾ ഭയപ്പെട്ടേക്കാം. അത്തരം സ്ഥിതിവിശേഷങ്ങൾക്കു സമനിലയുള്ള അച്ചടക്കം നടപ്പാക്കുന്നതു വിഷമകരമാക്കാൻ കഴിയും.
14. ഒറ്റയ്ക്കുള്ള മാതാക്കൾക്കും പിതാക്കന്മാർക്കും ശിക്ഷണം സംബന്ധിച്ച് സമനിലയുള്ള ഒരു കാഴ്ചപ്പാടു സൂക്ഷിക്കാൻ കഴിയുന്നതെങ്ങനെ?
14 “തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി അമ്മയ്ക്ക് അവമാനം വരുത്തിവെക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 29:15, പി.ഒ.സി. ബൈ.) കുടുംബനിയമങ്ങൾ ഏർപ്പെടുത്തി നടപ്പാക്കുന്നതിൽ നിങ്ങൾക്കു യഹോവയാം ദൈവത്തിന്റെ പിന്തുണയുണ്ട്. അതുകൊണ്ട്, കുറ്റബോധത്തിലേക്കോ മനോവേദനയിലേക്കോ ഭയത്തിലേക്കോ വഴുതിവീഴരുത്. (സദൃശവാക്യങ്ങൾ 1:8) ബൈബിൾ തത്ത്വങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. (സദൃശവാക്യങ്ങൾ 13:24) ന്യായയുക്തതയും സ്ഥിരതയും ദൃഢതയും ഉള്ളവരായിരിക്കാൻ ശ്രമിക്കുക. കാലക്രമത്തിൽ മിക്ക കുട്ടികളും പ്രതികരിച്ചുകൊള്ളും. എന്നാലും, കുട്ടികളുടെ വികാരങ്ങൾ കണക്കിലെടുക്കാൻ നിങ്ങൾ ആഗ്രഹിക്കും. ഒറ്റയ്ക്കുള്ള ഒരു പിതാവ് ഇങ്ങനെ പറയുന്നു: “അവരുടെ അമ്മയെ നഷ്ടപ്പെട്ട ആഘാതത്തെ കണക്കിലെടുത്തുകൊണ്ട് എന്റെ ശിക്ഷണത്തെ മയപ്പെടുത്തേണ്ടിയിരുന്നു. എല്ലാ അവസരങ്ങളിലും ഞാൻ അവരുമായി സംസാരിക്കാറുണ്ട്. അത്താഴം തയ്യാറാക്കുന്നവേളയിലാണു ഞങ്ങളുടെ ‘സ്വകാര്യ സംഭാഷണങ്ങൾ.’ അപ്പോഴാണ് അവർ വാസ്തവത്തിൽ എന്നോട് ഉള്ളുതുറന്നു സംസാരിക്കാറ്.”
15. വിവാഹമോചനം നേടിയ മാതാവോ പിതാവോ തന്റെ മുൻ ഇണയെക്കുറിച്ചു സംസാരിക്കുമ്പോൾ എന്ത് ഒഴിവാക്കണം?
15 നിങ്ങൾ വിവാഹമോചനം നേടിയ വ്യക്തിയാണെങ്കിൽ, നിങ്ങളുടെ മുൻ ഇണയോടുള്ള ആദരവ് ഇടിച്ചുകളയുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. മാതാവിന്റെയോ പിതാവിന്റെയോ ശണ്ഠകൾ കുട്ടികൾക്കു വേദനാജനകമാണ്, തന്നെയുമല്ല അവസാനം അതു നിങ്ങൾ രണ്ടുകൂട്ടരോടുമുള്ള ആദരവിനെ ദുർബലമാക്കും. അതുകൊണ്ട്, “നീ നിന്റെ അപ്പനെപ്പോലെതന്നെ!” എന്നതുപോലുള്ള വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കുക. നിങ്ങളുടെ മുൻ ഇണ നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടെങ്കിലും, അയാളോ അവളോ ഇപ്പോഴും നിങ്ങളുടെ കുട്ടിയുടെ പിതാവോ മാതാവോ ആണ്. കുട്ടിക്കാണെങ്കിലോ, മാതാപിതാക്കൾ രണ്ടുപേരുടെയും സ്നേഹവും ശ്രദ്ധയും ശിക്ഷണവും ആവശ്യമാണുതാനും.b
16. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബത്തിൽ ഏത് ആത്മീയ ക്രമീകരണങ്ങൾ ശിക്ഷണത്തിന്റെ ഒരു നിരന്തര ഭാഗമായിരിക്കണം?
16 മുൻ അധ്യായങ്ങളിൽ ചർച്ചചെയ്തിരിക്കുന്നതുപോലെ, ശിക്ഷണത്തിൽ പരിശീലനവും പ്രബോധനവും ഉൾപ്പെടുന്നുണ്ട്, അല്ലാതെ ശിക്ഷമാത്രമല്ല. ഒരു നല്ല ആത്മീയ പരിശീലന പരിപാടിയിലൂടെ അനേകം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. (ഫിലിപ്പിയർ 3:16) ക്രിസ്തീയ യോഗങ്ങളിൽ നിരന്തരം സംബന്ധിക്കുന്നത് അത്യന്താപേക്ഷിതമാണ്. (എബ്രായർ 10:24, 25) അതുപോലെതന്നെയാണു കുടുംബ ബൈബിളധ്യയനം ഉണ്ടായിരിക്കുന്നതും. അത്തരമൊരു അധ്യയനം സ്ഥിരമായി നടത്തിക്കൊണ്ടുപോകുക എളുപ്പമല്ല. “ഒരു ദിവസത്തെ ജോലിക്കുശേഷം, ഒന്നു വിശ്രമിക്കാനാവും വാസ്തവത്തിൽ നിങ്ങൾ ആഗ്രഹിക്കുക,” മനസ്സാക്ഷിബോധമുള്ള ഒരു മാതാവു പറയുന്നു. “എന്നാൽ നിർവഹിക്കേണ്ട ഒരു സംഗതിയാണെന്ന് അറിഞ്ഞുകൊണ്ട് എന്റെ പുത്രിയോടൊപ്പം പഠനം നടത്താൻ ഞാൻ മാനസികമായി എന്നെത്തന്നെ ഒരുക്കുന്നു. അവൾ ഞങ്ങളുടെ കുടുംബ അധ്യയനം ശരിക്കും ആസ്വദിക്കുന്നുണ്ട്!”
17. പൗലോസിന്റെ സഹകാരിയായിരുന്ന തിമോത്തിയെ വളർത്തിക്കൊണ്ടുവന്ന വിധത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
17 പൗലോസ് അപ്പോസ്തലന്റെ സഹകാരിയായിരുന്ന തിമോത്തിക്കു ബൈബിൾ തത്ത്വങ്ങളിൽ പരിശീലനം കൊടുത്തത് അവന്റെ അമ്മയും വല്യമ്മയുമായിരുന്നു—അവന്റെ പിതാവല്ലായിരുന്നുവെന്നത് വ്യക്തമാണ്. എന്നിട്ടും തിമോത്തി എത്ര മികച്ചൊരു ക്രിസ്ത്യാനി ആയിത്തീർന്നു! (പ്രവൃത്തികൾ 16:1, 2; 2 തിമൊഥെയൊസ് 1:5; 3:14, 15) അതുപോലെ, “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും” കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ നിങ്ങൾ കഠിനമായി പ്രവർത്തിക്കുമ്പോൾ, അനുകൂലമായ ഫലങ്ങൾ നിങ്ങൾക്കു പ്രതീക്ഷിക്കാനാവും.—എഫേസ്യർ 6:4, NW.
ഏകാന്തതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കൽ
18, 19. (എ) ഒറ്റയ്ക്കുള്ള മാതാവിന്റെയോ പിതാവിന്റെയോ ജീവിതത്തിൽ ഏകാന്തത പ്രകടമാകാവുന്നതെങ്ങനെ? (ബി) ജഡിക മോഹങ്ങളെ നിയന്ത്രിക്കാൻ ഉപകരിക്കുന്നതിന് ഏതു ബുദ്ധ്യുപദേശം നൽകപ്പെടുന്നു?
18 ഒറ്റയ്ക്കുള്ള ഒരു മാതാവു നെടുവീർപ്പിട്ടുകൊണ്ടു പറയുന്നു: “ഞാൻ വീട്ടിലെത്തി നാലു ചുമരുകൾ കാണുമ്പോൾ, വിശേഷിച്ചും കുട്ടികൾ കിടന്നു കഴിയുമ്പോൾ, ഏകാന്തത എന്നെ വാസ്തവത്തിൽ ഗ്രസിക്കുകയായി.” അതേ, ഒറ്റയ്ക്കുള്ള മാതാവോ പിതാവോ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പലപ്പോഴും ഏകാന്തതയാണ്. വിവാഹത്തിലെ ഊഷ്മളമായ സൗഹൃദത്തിനും ഉറ്റ ബന്ധങ്ങൾക്കുംവേണ്ടി അതിയായി ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ ഒരു വ്യക്തി ഈ പ്രശ്നം എന്തുവിലകൊടുത്തും പരിഹരിക്കാൻ ശ്രമിക്കണമോ? പൗലോസ് അപ്പോസ്തലന്റെ നാളിൽ, യുവപ്രായത്തിലുള്ള ചില വിധവമാർ “തങ്ങളുടെ ലൈംഗിക പ്രേരണകൾ തങ്ങൾക്കും ക്രിസ്തുവിനും ഇടയിൽ വരാ”ൻ അനുവദിച്ചു. (1 തിമോത്തി 5:11, 12, NW) ജഡിക മോഹങ്ങൾ ആത്മീയ താത്പര്യങ്ങൾക്കുമീതെ നിഴൽപരത്താൻ അനുവദിക്കുന്നതു ഹാനികരമായിരിക്കും.—1 തിമൊഥെയൊസ് 5:6.
19 ഒരു ക്രിസ്തീയ പുരുഷൻ ഇങ്ങനെ പറഞ്ഞു: “ലൈംഗിക പ്രേരണകൾ വളരെ ശക്തമാണ്, എന്നാൽ നിങ്ങൾക്ക് അവ നിയന്ത്രിക്കാൻ കഴിയും. നിങ്ങളുടെ മനസ്സിലേക്ക് ഒരു ചിന്ത കടന്നുവരുമ്പോൾ, നിങ്ങൾ അതിനെ താലോലിച്ചുകൊണ്ടിരിക്കരുത്. നിങ്ങൾ അതിനെ ഒഴിവാക്കേണ്ടതുണ്ട്. അതു നിങ്ങളുടെ കുട്ടിയെക്കുറിച്ചു ചിന്തിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.” ‘ലൈംഗിക തൃഷ്ണ സംബന്ധിച്ചുള്ള നിങ്ങളുടെ ശരീര അവയവങ്ങളെ മരിപ്പിപ്പിൻ,’ എന്നു ദൈവവചനം ബുദ്ധ്യുപദേശിക്കുന്നു. (കൊലോസ്യർ 3:5, NW) ഭക്ഷണത്തിനായുള്ള നിങ്ങളുടെ വിശപ്പിനെ മരിപ്പിക്കാനാണു നിങ്ങളുടെ ശ്രമമെങ്കിൽ, രുചികരമായ ഭക്ഷണങ്ങളുടെ ചിത്രം വിശേഷവിധമായി അവതരിപ്പിക്കുന്ന മാസികകൾ നിങ്ങൾ വായിക്കുമോ, അല്ലെങ്കിൽ നിരന്തരം ഭക്ഷണത്തെക്കുറിച്ചു സംസാരിക്കുന്ന ആളുകളുമൊത്തു നിങ്ങൾ സഹവസിക്കുമോ? ഇല്ലേ ഇല്ല! ജഡിക മോഹങ്ങളെ സംബന്ധിച്ചും അതു ശരിയാണ്.
20. (എ) അവിശ്വാസികളുമൊത്തു കോർട്ടിങ്ങിലേർപ്പെടുന്നതിൽ എന്ത് അപകടം പതിയിരിപ്പുണ്ട്? (ബി) ഒന്നാം നൂറ്റാണ്ടിലും ഇന്നും ഒറ്റയ്ക്കുള്ള ആളുകൾ ഏകാന്തതയുമായി പോരാടിയിരിക്കുന്നതെങ്ങനെ?
20 ചില ക്രിസ്ത്യാനികൾ അവിശ്വാസികളുമായി കോർട്ടിങ്ങിൽ ഏർപ്പെട്ടിട്ടുണ്ട്. (1 കൊരിന്ത്യർ 7:39) അത് അവരുടെ പ്രശ്നം പരിഹരിച്ചുവോ? ഇല്ല. വിവാഹമോചിതയായ ഒരു ക്രിസ്തീയ സ്ത്രീ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഏകാകിയായിരിക്കുന്നതിനെക്കാൾ വളരെ മോശമായ ഒരു സംഗതിയുണ്ട്. അനുയോജ്യനല്ലാത്ത ഒരു വ്യക്തിയുമൊത്തുള്ള വിവാഹജീവിതം!” ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ വിധവമാർക്കും ഏകാന്തതയുടേതായ ചില സമയങ്ങളുണ്ടായിരുന്നു. എന്നാൽ ജ്ഞാനികളായവർ ‘അതിഥികളെ സല്ക്കരിക്കുകയും വിശുദ്ധന്മാരുടെ കാലുകൾ കഴുകുകയും ഞെരുക്കമുള്ളവർക്കു മുട്ടു തീർക്കുകയും ചെയ്തുകൊണ്ട്’ തിരക്കുള്ളവരായി നിലനിന്നു. (1 തിമൊഥെയൊസ് 5:10) ദൈവഭയമുള്ള ഒരു ഇണയെ കണ്ടെത്താൻ അനേക വർഷങ്ങളോളം കാത്തിരുന്നിട്ടുളള വിശ്വസ്ത ക്രിസ്ത്യാനികൾ ഇന്നു സമാനമായി തിരക്കുള്ളവരായിരിക്കുന്നു. 68 വയസ്സുളള ഒരു ക്രിസ്തീയ വിധവ തനിക്ക് ഏകാന്തത അനുഭവപ്പെടുമ്പോഴെല്ലാം മറ്റു വിധവമാരെ സന്ദർശിക്കാൻ തുടങ്ങി. അവർ ഇങ്ങനെ പറഞ്ഞു: “ഈ സന്ദർശനങ്ങൾ നടത്തുകയും വീട്ടുജോലികൾ ചെയ്യുകയും ആത്മീയതയ്ക്കുവേണ്ടിയുള്ള സംഗതികളിൽ ഏർപ്പെടുകയും ചെയ്യുന്നതിനാൽ ഏകാന്തയായിരിക്കാൻ എനിക്കു നേരമില്ലെന്നു ഞാൻ കണ്ടെത്തുന്നു.” ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുന്നതു വിശേഷാൽ പ്രയോജനകരമായ വേലയാണ്.—മത്തായി 28:19, 20.
21. ഏകാന്തതയെ മറികടക്കാൻ പ്രാർഥനയ്ക്കും നല്ല സഹവാസത്തിനും ഏതുവിധത്തിൽ സഹായിക്കാനാവും?
21 ഏകാന്തതയ്ക്ക് തൽക്ഷണസൗഖ്യം വരുത്തുന്ന ഒറ്റമൂലിയൊന്നുമില്ലെന്നു സമ്മതിക്കുന്നു. എന്നാൽ യഹോവയിൽനിന്നുമുള്ള ശക്തിയാൽ അതു സഹിച്ചുനിൽക്കാനാവും. ഒരു ക്രിസ്ത്യാനി “രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കു”മ്പോഴാണ് അത്തരം ശക്തി ലഭിക്കുന്നത്. (1 തിമൊഥെയൊസ് 5:5) യാചന ആത്മാർഥമായ അപേക്ഷകളാണ്, അതേ ഒരുപക്ഷേ ശക്തമായ കരച്ചിലും കണ്ണീരുമായി സഹായത്തിനുവേണ്ടിയുള്ള ഒരു കെഞ്ചലാണ്. (എബ്രായർ 5:7 താരതമ്യം ചെയ്യുക.) “രാപ്പകൽ” നിങ്ങൾ യഹോവയോടു ഹൃദയം തുറന്നു നടത്തുന്ന സംസാരത്തിനു വാസ്തവത്തിൽ സഹായിക്കാനാവും. മാത്രമല്ല, ആരോഗ്യാവഹമായ സഹവാസത്തിന് ഏകാന്തതയാലുള്ള ശൂന്യതയെ നികത്താൻ വളരെയധികം ചെയ്യാനാവും. നല്ല സഹവാസത്തിലൂടെ, ഒരുവനു സദൃശവാക്യങ്ങൾ 12:25-ൽ വർണിച്ചിരിക്കുന്ന “നല്ല” പ്രോത്സാഹന ‘വാക്കു’ ലഭിക്കാനാവും.
22. കൂടെക്കൂടെ ഏകാന്തതയുടെ വികാരങ്ങൾ പൊന്തിവരുമ്പോൾ ഏതു പരിചിന്തനങ്ങൾ സഹായിക്കുന്നതാണ്?
22 സംഭവിക്കാൻ സാധ്യതയുള്ളതുപോലെ, ഇടയ്ക്കിടെ ഏകാന്തത അനുഭവപ്പെടുന്നെങ്കിൽ പ്രശ്നങ്ങളില്ലാത്ത ആരുംതന്നെയില്ലെന്ന് ഓർക്കുക. വാസ്തവത്തിൽ, “നിങ്ങളുടെ മുഴു സഹോദരവർഗ”വും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഷ്ടപ്പെടുകയാണ്. (1 പത്രോസ് 5:9, NW) കഴിഞ്ഞുപോയ സംഗതികളെക്കുറിച്ചു വ്യാകുലപ്പെടുന്നത് ഒഴിവാക്കുക. (സഭാപ്രസംഗി 7:10) നിങ്ങൾ ആസ്വദിക്കുന്ന ആനുകൂല്യങ്ങൾ പുനരവലോകനം ചെയ്യുക. എല്ലാറ്റിലുമുപരി, നിങ്ങളുടെ നിർമലത കാക്കാനും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും ദൃഢചിത്തരായിരിക്കുക.—സദൃശവാക്യങ്ങൾ 27:11.
മറ്റുള്ളവർക്കു സഹായിക്കാവുന്ന വിധം
23. സഭയിലെ ഒറ്റയ്ക്കുള്ള മാതാക്കളോടും പിതാക്കന്മാരോടും സഹക്രിസ്ത്യാനികൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
23 സഹക്രിസ്ത്യാനികളുടെ പിന്തുണയും സഹായവും വിലമതിക്കാനാവാത്തതാണ്. യാക്കോബ് 1:27 ഇങ്ങനെ പറയുന്നു: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതു” ആകുന്നു. അതേ, മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനു ക്രിസ്ത്യാനികൾ കടപ്പെട്ടിരിക്കുന്നു. ഇതു ചെയ്യാവുന്ന ഏതാനും പ്രായോഗിക വിധങ്ങൾ ഏതെല്ലാമാണ്?
24. മാതാവോ പിതാവോ മാത്രമുള്ള നിർധന കുടുംബങ്ങളെ ഏതു വിധത്തിൽ സഹായിക്കാനാവും?
24 ഭൗതിക സഹായം നൽകാവുന്നതാണ്. ബൈബിൾ ഇങ്ങനെ പറയുന്നു: “ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?” (1 യോഹന്നാൻ 3:17) “കണ്ടിട്ടു” എന്നതിനുള്ള മൂല ഗ്രീക്കു പദം അർഥമാക്കുന്നത് കേവലം ഒരു സാധാരണ ക്ഷണിക ദൃശ്യത്തെ അല്ല, എന്നാൽ മനഃപൂർവം ദൃഷ്ടിയുറപ്പിച്ചുള്ള നോട്ടത്തെയാണ്. അലിവുളള ഒരു ക്രിസ്ത്യാനി ആദ്യം കുടുംബത്തിന്റെ സാഹചര്യങ്ങളെയും ആവശ്യങ്ങളെയും കുറിച്ചു പരിചിതനായിരിക്കണമെന്ന് ഇതു സൂചിപ്പിക്കുന്നു. ഒരുപക്ഷേ അവർക്കു പണം ആവശ്യമായിരിക്കാം. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിലായിരിക്കാം ചിലർക്കു സഹായം വേണ്ടത്. അല്ലെങ്കിൽ ഒരു ഭക്ഷണത്തിനോ ഒരു സാമൂഹിക കൂടിവരവിനോവേണ്ടി ക്ഷണിക്കപ്പെടുന്നത് അവർ വിലമതിച്ചേക്കാം.
25. ഒറ്റയ്ക്കുള്ള മാതാക്കളോടും പിതാക്കന്മാരോടും സഹക്രിസ്ത്യാനികൾ എങ്ങനെ അനുകമ്പ കാട്ടിയേക്കാം?
25 അതിനുപുറമേ, “നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിൻ,” എന്ന് 1 പത്രോസ് 3:8 [പി.ഒ.സി. ബൈബിൾ] പറയുന്നു. ആറു മക്കളുള്ള ഒറ്റയ്ക്കുള്ള ഒരു മാതാവ് ഇങ്ങനെ പറഞ്ഞു: “അതു സഹിക്കാൻ പ്രയാസമായിരുന്നു. ചിലപ്പോഴെല്ലാം ഞാൻ അമിതമായി ഭാരപ്പെടുമായിരുന്നു. എന്നുവരികിലും, ഇടയ്ക്കൊക്കെ ഒരു സഹോദരനോ സഹോദരിയോ എന്നോടു പറയും: ‘ജോൻ, നിങ്ങൾ ചെയ്യുന്നത് ഒരു നല്ല വേലതന്നെ. അതിനു നല്ല ഫലങ്ങളുണ്ടാവുകതന്നെ ചെയ്യും.’ മറ്റുള്ളവർ നിങ്ങളെക്കുറിച്ചു ചിന്തിക്കുന്നുവെന്നും അവർ നിങ്ങൾക്കുവേണ്ടി കരുതുന്നുവെന്നും അറിയുന്നതുതന്നെ എത്ര സഹായകരമാണ്.” ഒറ്റയ്ക്കുള്ള മാതാക്കളായ യുവതികളെ സഹായിക്കുന്നതിലും, അവർക്കു പുരുഷന്മാരോടു ചർച്ചചെയ്യാൻ വിഷമം തോന്നാവുന്ന പ്രശ്നങ്ങളുണ്ടാവുമ്പോൾ അതിനു ചെവിചായ്ക്കാൻ മുന്നോട്ടുവരുന്നതിലും പ്രായമേറിയ ക്രിസ്തീയ സ്ത്രീകൾ വിശേഷാൽ ഫലപ്രദരായിരിക്കാം.
26. പിതാവില്ലാത്ത കുട്ടികളെ പക്വതയുള്ള ക്രിസ്തീയ പുരുഷന്മാർക്കു സഹായിക്കാൻ കഴിയുന്നതെങ്ങനെ?
26 ക്രിസ്തീയ പുരുഷന്മാർക്കു മറ്റു വിധങ്ങളിൽ സഹായിക്കാൻ കഴിയും. നീതിമാനായ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “അനാഥനെയും [“പിതാവില്ലാത്ത ബാലനെയും,” NW] തുണയറ്റവനെയും ഞാൻ വിടുവിച്ചു.” (ഇയ്യോബ് 29:12) സമാനമായി ഇന്നു ചില ക്രിസ്തീയ പുരുഷന്മാർ പിതാവില്ലാത്ത കുട്ടികളിൽ ആരോഗ്യാവഹമായ താത്പര്യം കാട്ടുകയും ഗൂഢോദ്ദേശ്യമൊന്നുമില്ലാതെ ‘ശുദ്ധഹൃദയത്തിൽനിന്നുള്ള’ യഥാർഥ ‘സ്നേഹം’ പ്രകടമാക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ് 1:5) സ്വന്തം കുടുംബങ്ങളെ അവഗണിക്കാതെ, അവർ അത്തരം യുവപ്രായക്കാരോടൊപ്പം ക്രിസ്തീയ ശുശ്രൂഷയിൽ പ്രവർത്തിക്കാൻ ഇടയ്ക്കിടെ ക്രമീകരിക്കുകയും കുടുംബ അധ്യയനത്തിലോ വിനോദത്തിലോ പങ്കുകൊള്ളാൻ അവരെ ക്ഷണിക്കുകയും ചെയ്തേക്കാം. പിതാവില്ലാത്ത ഒരു കുട്ടിയെ വഴിപിഴച്ച ഒരു ഗതിയിൽനിന്നു ശരിക്കും രക്ഷപ്പെടുത്താൻ അത്തരം ദയയ്ക്കു കഴിയും.
27. ഒറ്റയ്ക്കുള്ള മാതാക്കൾക്കും പിതാക്കന്മാർക്കും ഏതു പിന്തുണയെക്കുറിച്ച് ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
27 ഒടുവിലായി, ഒറ്റയ്ക്കുള്ള മാതാക്കളും പിതാക്കന്മാരും തീർച്ചയായും ‘അവരവരുടെ ചുമടു ചുമക്കേ’ണ്ടതുണ്ട്. (ഗലാത്യർ 6:5) എന്നിരുന്നാലും, അവർക്കു ക്രിസ്തീയ സഹോദരീസഹോദരന്മാരുടെയും യഹോവയാം ദൈവത്തിന്റെതന്നെയും സ്നേഹമുണ്ടായിരിക്കാൻ കഴിയും. ബൈബിൾ അവനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അവൻ പിതാവില്ലാത്ത ബാലനെയും വിധവയെയും ആശ്വസിപ്പിക്കുന്നു.” (സങ്കീർത്തനം 146:9, NW) അവന്റെ സ്നേഹപുരസ്സരമായ പിന്തുണയോടെ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾക്കു വിജയിക്കാൻ കഴിയും!
a അധാർമിക നടത്തനിമിത്തം ഒരു ക്രിസ്തീയ യുവതി ഗർഭിണിയാകുന്നെങ്കിൽ, അവൾ ചെയ്തതിനെ ക്രിസ്തീയ സഭ യാതൊരുതരത്തിലും ഗൗനിക്കാതെ വിടില്ല. എന്നാൽ അവൾ അനുതപിക്കുന്നെങ്കിൽ, അവൾക്കു സഹായം നൽകാൻ സഭയിലെ മൂപ്പന്മാരും മറ്റുള്ളവരും ആഗ്രഹിച്ചേക്കാം.
b ദുഷ്പെരുമാറ്റമുള്ള മാതാവിൽനിന്നോ പിതാവിൽനിന്നോ കുട്ടിയെ സംരക്ഷിക്കേണ്ട ആവശ്യമുണ്ടായിരിക്കാവുന്ന സ്ഥിതിവിശേഷങ്ങളല്ല ഞങ്ങൾ ഇവിടെ പരാമർശിക്കുന്നത്. കൂടാതെ, ഒരുപക്ഷേ നിങ്ങളെ ഉപേക്ഷിക്കുന്നതിനു കുട്ടികളെ പ്രേരിപ്പിക്കാമെന്ന ഉദ്ദേശ്യത്തിൽ മറ്റേ ഇണ നിങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നെങ്കിൽ, സംഗതി എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ചുള്ള ഉപദേശത്തിനായി ക്രിസ്തീയ സഭയിലെ മൂപ്പന്മാർപോലുള്ള പരിചയസമ്പന്നരായ സുഹൃത്തുക്കളോടു സംസാരിക്കുന്നതു നന്നായിരിക്കും.