അവരുടെ ആധുനികകാല വളർച്ചയും വികാസവും
യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം ആരംഭിച്ചിട്ട് നൂറിലേറെ വർഷം പിന്നിട്ടിരിക്കുന്നു. 1870-കളുടെ തുടക്കത്തിൽ, ഐക്യനാടുകളിലെ പെൻസിൽവേനിയയിലുള്ള അലിഗെനിയിൽ—ഇപ്പോൾ ഈ പ്രദേശം പിറ്റ്സ്ബർഗിന്റെ ഭാഗമാണ്—ഒരു ബൈബിൾ അധ്യയന കൂട്ടം രൂപംകൊണ്ടു. പൊതുജനശ്രദ്ധ ആകർഷിക്കാൻ മാത്രം വലിയ ഒരു തുടക്കമൊന്നും ആയിരുന്നില്ല അത്. ഈ കൂട്ടത്തിനു നേതൃത്വം നൽകിയത് ചാൾസ് റ്റെയ്സ് റസ്സൽ ആയിരുന്നു. 1879 ജൂലൈയിൽ, സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും എന്ന മാസികയുടെ ആദ്യ ലക്കം പുറത്തിറങ്ങി. ആ ചെറിയ ബൈബിൾ അധ്യയന കൂട്ടം വളരുകയും 1880 ആയപ്പോഴേക്കും അടുത്തടുത്ത സംസ്ഥാനങ്ങളിലായി നിരവധി സഭകൾ രൂപംകൊള്ളുകയും ചെയ്തു. 1881-ൽ സയൺസ് വാച്ച് ടവർ ട്രാക്റ്റ് സൊസൈറ്റി രൂപീകൃതമായി. 1884-ൽ അത് ഒരു കോർപ്പറേഷൻ ആയിത്തീർന്നു. റസ്സൽ ആയിരുന്നു അതിന്റെ പ്രസിഡന്റ്. ഈ സൊസൈറ്റിയുടെ പേര് പിന്നീട് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി എന്നാക്കി മാറ്റി. ഈ സമയമായപ്പോഴേക്കും, താത്പര്യമുള്ളവർക്കു ബൈബിൾ സാഹിത്യങ്ങൾ കൊടുത്തുകൊണ്ട് പലരും വീടുതോറുമുള്ള സാക്ഷീകരണ വേലയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. 1888-ൽ 50 പേർ ഈ വേല മുഴുസമയം ചെയ്യുന്നുണ്ടായിരുന്നു. ഇന്ന് അവരുടെ ശരാശരി എണ്ണം ലോകമെമ്പാടുമായി ഏകദേശം 7,00,000 ആയിരിക്കുന്നു.
1909 ആയപ്പോഴേക്കും, വേല അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നു. സൊസൈറ്റിയുടെ ആസ്ഥാനം ന്യൂയോർക്കിലെ ബ്രുക്ലിനിൽ ഉള്ള അതിന്റെ ഇപ്പോഴത്തെ സ്ഥാനത്തേക്കു മാറ്റി. അച്ചടിച്ച പ്രഭാഷണങ്ങൾ, പ്രസിദ്ധീകരിക്കുന്നതിനായി വിവിധ പത്രങ്ങൾക്കു നൽകാൻ തുടങ്ങി. 1913 ആയപ്പോഴേക്കും, ഐക്യനാടുകൾ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നാലു ഭാഷകളിലായി 3,000 പത്രങ്ങളിൽ ബൈബിൾ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. കൂടാതെ, കോടിക്കണക്കിനു പുസ്തകങ്ങൾ, ചെറുപുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവയും വിതരണം ചെയ്യുകയുണ്ടായി.
“സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ നിർമാണം 1912-ൽ തുടങ്ങി. നിശ്ചല ചിത്രങ്ങളും ശബ്ദസംയോജനത്തോടു കൂടിയ ചലച്ചിത്രങ്ങളും ഉപയോഗിച്ച് ഭൂമിയുടെ സൃഷ്ടി മുതൽ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ അവസാനം വരെയുള്ള കാര്യങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി. 1914-ലാണ് പ്രദർശനം ആരംഭിച്ചത്. ദിവസവും 35,000 പേർ അതു കാണാനെത്തി. ശബ്ദ സംയോജനത്തോടു കൂടിയ ചലച്ചിത്രങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.
1914 എന്ന വർഷം
അതിനിർണായകമായ ഒരു സമയം തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു. 1876-ൽ, ബൈബിൾ വിദ്യാർഥിയായ ചാൾസ് റ്റെയ്സ് റസ്സൽ ന്യൂയോർക്കിലെ ബ്രുക്ലിനിൽ പ്രസിദ്ധീകരിക്കപ്പെട്ട ബൈബിൾ പരിശോധനാ സഹായിയിലേക്ക് (ഇംഗ്ലീഷ്) ഒരു ലേഖനം സംഭാവന ചെയ്തു. “ജാതികളുടെ കാലങ്ങൾ: അവ എപ്പോൾ അവസാനിക്കും?” എന്നതായിരുന്നു വിഷയം. അതിന്റെ ഒക്ടോബർ ലക്കത്തിന്റെ 27-ാം പേജിൽ ഇങ്ങനെ പറഞ്ഞിരുന്നു: “പൊ.യു. 1914-ൽ ഏഴു കാലം അവസാനിക്കും.” ‘ജാതികളുടെ കാലങ്ങളെ’ “ജനതകളുടെ നിയമിത കാലങ്ങൾ” എന്നാണ് മറ്റൊരു ബൈബിൾ ഭാഷാന്തരം വിളിക്കുന്നത്. (ലൂക്കൊസ് 21:24, NW) 1914-ൽ സംഭവിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന എല്ലാ കാര്യങ്ങളും സംഭവിച്ചില്ല എന്നതു സത്യമാണെങ്കിലും ആ വർഷത്തിൽ ജാതികളുടെ കാലങ്ങൾ അവസാനിക്കുകതന്നെ ചെയ്തു. ആ വർഷം പ്രത്യേക പ്രാധാന്യമുള്ള ഒന്നായിരുന്നു. മനുഷ്യ ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട വർഷമായിരുന്നു 1914 എന്ന് പല ചരിത്രകാരന്മാരും വ്യാഖ്യാതാക്കളും അംഗീകരിക്കുന്നുണ്ട്. ചുവടെ ചേർക്കുന്ന ഉദ്ധരണികൾ അതാണു തെളിയിക്കുന്നത്:
“ചരിത്രത്തിൽ, തികച്ചും ‘സാധാരണമട്ടിൽ’ കടന്നുപോയ ഏറ്റവും ഒടുവിലത്തെ വർഷം 1913 ആണ്, ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു മുമ്പത്തെ വർഷം.”—ടൈംസ് ഹെറാൾഡിലെ പത്രാധിപ ലേഖനത്തിൽനിന്ന്, 1949 മാർച്ച് 13-ന് വാഷിങ്ടൺ ഡി.സി.-യിൽ പ്രസിദ്ധീകരിച്ചത്.
“ചരിത്രത്തിന്റെ ഏടുകളിൽ ഒറ്റതിരിഞ്ഞു നിൽക്കുന്ന ഒരു സമയമായി, ഒരു വ്യതിരിക്ത യുഗമായി, 1914 മുതൽ 1989 വരെയുള്ള 75 വർഷ കാലഘട്ടത്തെ—ഇതിനിടയിൽ രണ്ടു ലോകമഹായുദ്ധങ്ങളും ശീതസമരവും നടന്നു—കാണുന്ന ചരിത്രകാരന്മാരുടെ എണ്ണം ഏറുകയാണ്. ഈ സവിശേഷ കാലഘട്ടത്തിൽ, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഒന്നുകിൽ യുദ്ധം ചെയ്യുന്നതിന്റെ അല്ലെങ്കിൽ യുദ്ധത്തിന്റെ കെടുതികൾ നിവാരണം ചെയ്ത് പൂർവസ്ഥിതി പ്രാപിക്കുന്നതിന്റെ അതുമല്ലെങ്കിൽ യുദ്ധത്തിനായി തയ്യാറാകുന്നതിന്റെ തിരക്കിലായിരുന്നു.”—ദ ന്യൂയോർക്ക് ടൈംസ്, മേയ് 7, 1995.
“ഒന്നാം ലോകമഹായുദ്ധകാലത്ത് മുഴുലോകവും യഥാർഥത്തിൽ പൊട്ടിത്തെറിച്ചു. എന്തുകൊണ്ടെന്ന് ഇപ്പോഴും നമുക്കറിയില്ല. ആദർശലോകം ദൃഷ്ടിപഥത്തിലാണെന്ന് അതിനുമുമ്പ് ആളുകൾ വിശ്വസിച്ചിരുന്നു. സമാധാനവും ഐശ്വര്യവുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ സകലവും പൊട്ടിത്തെറിച്ചു. അന്നുമുതൽ നമ്മുടെ ജീവിതം അനിശ്ചിതാവസ്ഥയിലാണ് . . . ഈ നൂറ്റാണ്ടിൽ നടന്നിട്ടുള്ളത്ര കൊലപാതകങ്ങൾ മനുഷ്യ ചരിത്രത്തിൽ മുമ്പു നടന്നിട്ടില്ല.”—ഡോ. വാക്കർ പേഴ്സി, അമേരിക്കൻ മെഡിക്കൽ ന്യൂസ്, നവംബർ 21, 1977.
ജർമൻ രാജ്യതന്ത്രജ്ഞനായ കോൺറാട് അഡനോവർ 1914-ന് 50-ൽപ്പരം വർഷങ്ങൾക്കു ശേഷം ഇങ്ങനെ എഴുതി: “1914 മുതൽ മനുഷ്യരുടെ ജീവിതത്തിൽനിന്നു സുരക്ഷിതത്വവും സ്വസ്ഥതയും അപ്രത്യക്ഷമായിരിക്കുന്നു.”—ദ വെസ്റ്റ് പാർക്കർ, ക്ലീവ്ലൻഡ്, ഒഹായോ, ജനുവരി 20, 1966.
സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് ആയിരുന്ന സി. റ്റി. റസ്സൽ 1916-ൽ മരണമടഞ്ഞു. പിറ്റേ വർഷം ജോസഫ്. എഫ്. റഥർഫോർഡ് പ്രസിഡന്റായി. തുടർന്ന് പല മാറ്റങ്ങൾ ഉണ്ടായി. സുവർണയുഗം എന്ന പേരിൽ വീക്ഷാഗോപുരത്തിന് ഒരു കൂട്ടുമാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. (ഇപ്പോൾ ഉണരുക! എന്ന പേരിൽ അറിയപ്പെടുന്ന ഈ മാസികയുടെ 2,10,00,000-ത്തിലധികം പ്രതികൾ 86-ലധികം ഭാഷകളിലായി അച്ചടിക്കുന്നുണ്ട്.) വീടുതോറുമുള്ള സാക്ഷീകരണ വേലയ്ക്കു കൂടുതൽ ഊന്നൽ നൽകപ്പെട്ടു. ക്രൈസ്തവ സഭയുടെ വിഭാഗങ്ങളിൽനിന്നു തങ്ങളെത്തന്നെ വേർതിരിച്ചു കാണിക്കുന്നതിന് ഈ ക്രിസ്ത്യാനികൾ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീകരിച്ചു. യെശയ്യാവു 43:10-12-നെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പേര്.
തുടർന്നുവന്ന 1920-1930 കാലഘട്ടങ്ങളിൽ വ്യാപകമായ അളവിൽ റേഡിയോ ഉപയോഗപ്പെടുത്തപ്പെട്ടു. 1933 ആയപ്പോഴേക്കും, ബൈബിൾ പ്രസംഗങ്ങൾ പ്രക്ഷേപണം ചെയ്യാൻ സൊസൈറ്റി 403 റേഡിയോ നിലയങ്ങൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. പിന്നീട്, കൂടെ കൊണ്ടുപോകാവുന്ന ഗ്രാമഫോണുകളും റെക്കോർഡ് ചെയ്ത ബൈബിൾ പ്രസംഗങ്ങളുമായി സാക്ഷികൾ കൂടെക്കൂടെ വീടുതോറും പോകാൻ തുടങ്ങിയതോടെ റേഡിയോയുടെ ഉപയോഗം വളരെ കുറഞ്ഞു. ബൈബിൾ സത്യത്തിൽ താത്പര്യം കാണിച്ച ഏതൊരാളുമായും ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിച്ചു.
കോടതി വിജയങ്ങൾ
ഈ വേലയിൽ ഏർപ്പെട്ടതിന്റെ പേരിൽ 1930-കളിലും 1940-കളിലും സാക്ഷികളിൽ അനേകരെ അറസ്റ്റു ചെയ്യുകയുണ്ടായി. അതിനെ തുടർന്ന്, തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം, പത്രപ്രവർത്തന സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ അവർ അനേകം നിയമയുദ്ധങ്ങൾ നടത്തി. ഐക്യനാടുകളിൽ, സാക്ഷികൾ ഉൾപ്പെട്ട ഇത്തരം കേസുകൾ കീഴ്ക്കോടതികളിൽനിന്ന് പുനർവിചാരണയ്ക്കായി സുപ്രീംകോടതി മുമ്പാകെ എത്തിയതുകൊണ്ട് സുപ്രീംകോടതിയിൽ അവർക്ക് 43 നിയമ വിജയങ്ങൾ നേടാൻ കഴിഞ്ഞു. സമാനമായി, മറ്റു രാജ്യങ്ങളിലെ ഉന്നത നീതിപീഠങ്ങളും സാക്ഷികൾക്ക് അനുകൂലമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കോടതി വിജയങ്ങളോടുള്ള ബന്ധത്തിൽ പ്രൊഫസർ സി. എസ്. ബ്രേഡൻ ഇവരും വിശ്വസിക്കുന്നു (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ സാക്ഷികളെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “തങ്ങളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവരുടെ പോരാട്ടത്തിൽ അവർ ജനാധിപത്യത്തിനുവേണ്ടി ശ്രദ്ധേയമായ ഒരു സേവനം അനുഷ്ഠിച്ചിരിക്കുന്നു. കാരണം, തങ്ങളുടെ പോരാട്ടത്തിലൂടെ അമേരിക്കയിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെല്ലാം ആ അവകാശങ്ങൾ ഉറപ്പാക്കാൻ അവർ വളരെയധികം ചെയ്തിട്ടുണ്ട്.”
പ്രത്യേക പരിശീലന പരിപാടികൾ
ജെ. എഫ്. റഥർഫോർഡ് 1942-ൽ മരണമടഞ്ഞതിനെ തുടർന്ന് എൻ. എച്ച്. നോർ പ്രസിഡന്റ് ആയി. സംഘടിതമായ പരിശീലന പരിപാടികളുടെ നാളുകളായിരുന്നു തുടർന്നങ്ങോട്ട്. 1943-ൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ എന്ന പേരിൽ മിഷനറിമാർക്കുവേണ്ടി ഒരു പ്രത്യേക പരിശീലന സ്കൂൾ ആരംഭിച്ചു. അന്നുമുതൽ, ഈ സ്കൂളിൽനിന്നു ബിരുദം നേടിയിട്ടുള്ളവരെ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും മിഷനറിമാരായി അയച്ചിട്ടുണ്ട്. ഒരൊറ്റ സഭ പോലും ഇല്ലായിരുന്ന പ്രദേശങ്ങളിൽ പുതിയ സഭകൾ രൂപീകൃതമായിരിക്കുന്നു. ലോകമെങ്ങുമുള്ള ബ്രാഞ്ചുകളുടെ എണ്ണം ഇപ്പോൾ 110-ൽ കവിഞ്ഞിരിക്കുകയാണ്. സഭകളിലെ മൂപ്പന്മാർ, ബ്രാഞ്ചുകളിലെ സ്വമേധയാ സേവകർ, (പയനിയർമാർ എന്ന നിലയിൽ) മുഴുസമയ സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവർക്കു പരിശീലനം നൽകുന്നതിന് ഇടയ്ക്കിടെ പ്രത്യേക കോഴ്സുകൾ ക്രമീകരിക്കാറുണ്ട്. ന്യൂയോർക്കിലെ പാറ്റേഴ്സണിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ ശുശ്രൂഷകർക്കുവേണ്ടി അനവധി പ്രത്യേക പാഠ്യ പരിശീലന പരിപാടികൾ നടത്തിയിരിക്കുന്നു.
എൻ. എച്ച്. നോർ 1977-ൽ അന്തരിച്ചു. മരിക്കുന്നതിനു മുമ്പ്, അദ്ദേഹവുംകൂടെ ചേർന്നു നടത്തിയ സംഘടനാപരമായ മാറ്റങ്ങളിൽ ഒന്ന്, ബ്രുക്ലിനിലെ ലോകാസ്ഥാനത്തുള്ള ഭരണസംഘത്തിന്റെ വിപുലീകരണം ആയിരുന്നു. 1976-ൽ, ഭരണസംഘത്തിലെ അംഗങ്ങൾ ചേർന്നു രൂപം നൽകിയ വിവിധ കമ്മിറ്റികൾക്ക് ഭരണപരമായ ഉത്തരവാദിത്വങ്ങൾ വീതിച്ചുനൽകി. ശുശ്രൂഷകർ എന്ന നിലയിൽ പതിറ്റാണ്ടുകളിലെ അനുഭവപരിചയമുള്ളവരാണ് ഈ കമ്മിറ്റി അംഗങ്ങളെല്ലാം.
അച്ചടി സൗകര്യങ്ങൾ വിപുലീകരിക്കപ്പെടുന്നു
യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം നാടകീയ സംഭവങ്ങൾ നിറഞ്ഞതാണ്. 1870-ൽ പെൻസിൽവേനിയയിൽ രൂപീകൃതമായ ആ ചെറിയ ബൈബിൾ അധ്യയന കൂട്ടം 2001-ാമാണ്ട് ആയപ്പോഴേക്കും ലോകമെമ്പാടുമായി 93,000-ത്തിലധികം സഭകൾ എന്ന നിലയിലേക്കു വളർന്നിരുന്നു. ആദ്യമൊക്കെ സാഹിത്യങ്ങൾ പണം കൊടുത്ത് വെളിയിൽ അച്ചടിപ്പിക്കുകയായിരുന്നു. എന്നാൽ 1920-ൽ, വാടകയ്ക്കെടുത്ത ഫാക്ടറി കെട്ടിടങ്ങളിൽ കുറേയൊക്കെ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കാൻ അവർക്കു കഴിഞ്ഞു. 1927 മുതൽ, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക് ഇൻക്.-ന്റെ ഉടമസ്ഥതയിലുള്ള ബ്രുക്ലിനിലെ (ന്യൂയോർക്ക്) എട്ടു നില ഫാക്ടറി കെട്ടിടത്തിൽ അവർക്കു കുറേക്കൂടെ സാഹിത്യങ്ങൾ സ്വന്തമായി അച്ചടിക്കാനായി. ഇപ്പോൾ പുതിയ ഫാക്ടറി കെട്ടിടങ്ങളും ഒരു ഓഫീസ് സമുച്ചയവും കൂടെ വന്നതോടെ ഈ പഴയ ഫാക്ടറി വളരെയേറെ വിപുലീകരിക്കപ്പെട്ടിരിക്കുന്നു. അച്ചടി സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ സ്വമേധയാ സേവനം ചെയ്യുന്ന ശുശ്രൂഷകരെ താമസിപ്പിക്കുന്നതിന് ബ്രുക്ലിനിൽ അതിന്റെ അടുത്തുതന്നെ മറ്റു കെട്ടിടങ്ങളും ഉണ്ട്. ഇതിനെല്ലാം പുറമേ, ന്യൂയോർക്കിന്റെ വടക്കുള്ള വാൾക്കില്ലിന് അടുത്ത് ഒരു കൃഷിയിടവും അച്ചടിശാലയും ഉണ്ട്. വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ അച്ചടി നടക്കുന്നത് അവിടെയാണ്. കൂടാതെ, ഈ വ്യത്യസ്ത ഇടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശുശ്രൂഷകർക്കു വേണ്ടുന്ന ഭക്ഷ്യവസ്തുക്കളുടെ ഒരു പങ്ക് ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്. ഈ സ്വമേധയാ ശുശ്രൂഷകർക്കെല്ലാം, അല്ലറചില്ലറ ചെലവുകൾക്കായി മാസംതോറും ഒരു ചെറിയ തുക നൽകുന്നുണ്ട്.
അന്താരാഷ്ട്ര കൺവെൻഷനുകൾ
ആദ്യത്തെ പ്രമുഖ കൺവെൻഷൻ 1893-ലാണു നടന്നത്, ഐക്യനാടുകളിലെ ഇല്ലിനോയ്സിലുള്ള ഷിക്കാഗോയിൽവെച്ച്. ആ കൺവെൻഷനിൽ 360 പേർ ഹാജരായി, 70 പുതിയവർ സ്നാപനമേറ്റു. ഒറ്റ സ്ഥലത്തായി നടത്തിയ അവസാനത്തെ വലിയ അന്താരാഷ്ട്ര കൺവെൻഷൻ 1958-ൽ ന്യൂയോർക്ക് നഗരത്തിൽവെച്ച് ആയിരുന്നു. യാങ്കീ സ്റ്റേഡിയവും അന്നുണ്ടായിരുന്ന പോളോ ഗ്രൗണ്ടും അതിനുവേണ്ടി ഉപയോഗപ്പെടുത്തി. അതിലെ അത്യുച്ച ഹാജർ 2,53,922 ആയിരുന്നു. സ്നാപനമേറ്റ പുതിയവരുടെ സംഖ്യ 7,136-ഉം. അതിനു ശേഷം, അന്താരാഷ്ട്ര കൺവെൻഷനുകൾ ഒരു പരമ്പരയെന്ന നിലയിൽ പല രാജ്യങ്ങളിൽവെച്ചാണു നടത്തുന്നത്. അത്തരം ഒരു പരമ്പരയിൽ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ആയിരത്തോളം കൺവെൻഷനുകൾ ഉണ്ടാകും.
[8-ാം പേജിലെ ആകർഷക വാക്യം]
പൗരാവകാശങ്ങളോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായ ഒരു സേവനം
[6-ാം പേജിലെ ചിത്രം]
“വീക്ഷാഗോപുരം”—ഒരു ഭാഷയിൽ 6,000 പ്രതികൾ എന്ന നിലയിൽനിന്ന് 143-ലധികം ഭാഷകളിലായി 2,40,00,000-ത്തിലധികം പ്രതികൾ എന്ന നിലയിലേക്ക്
[7-ാം പേജിലെ ചിത്രം]
മനുഷ്യ ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട വർഷം
[10-ാം പേജിലെ ചിത്രം]