വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പേ. 27-പേ. 32 ഖ. 4
  • പഠനം പ്രതിഫലദായകം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഠനം പ്രതിഫലദായകം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ശരിയായ മനോനില കൈവരിക്കൽ
  • എങ്ങനെ പഠിക്കണം?
  • എന്തു പഠിക്കണം?
  • ‘നിന്റെ കുടുംബം പണിയുക’
  • പ്രതിഫലങ്ങൾ കൊയ്യൽ
  • പഠനം പ്രതിഫലദായകമാണ്‌
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • നിങ്ങളു​ടെ പഠനരീ​തി മെച്ച​പ്പെ​ടു​ത്തുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ
    വീക്ഷാഗോപുരം—1999
  • യഹോവയുടെ വചനത്തിൽ ഉല്ലാസം കണ്ടെത്തുന്നു
    വീക്ഷാഗോപുരം—1987
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പേ. 27-പേ. 32 ഖ. 4

പഠനം പ്രതിഫലദായകം

ആളുകൾ പഴങ്ങൾ തിരഞ്ഞെടുക്കുന്നതു നിങ്ങൾ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ? മിക്കവരും നിറവും വലുപ്പവും നോക്കിയാണ്‌ അവയുടെ പാകം നിർണയിക്കുന്നത്‌. മണത്തു നോക്കുന്നവരുമുണ്ട്‌. വേറെ ചിലർ തൊട്ടും ഞെക്കിയും ഒക്കെ നോക്കുന്നു. ഇനിയും ചിലർ, ഓരോ കയ്യിലും ഓരോന്ന്‌ എടുത്ത്‌ തൂക്കം കണക്കാക്കി നീരു കൂടുതലുള്ളത്‌ ഏതിനാണെന്നു നോക്കുന്നു. ഇവരെല്ലാം വാസ്‌തവത്തിൽ എന്താണു ചെയ്യുന്നത്‌? അവർ വിശദാംശങ്ങൾ അപഗ്രഥിക്കുന്നു, വ്യത്യാസങ്ങൾ വിലയിരുത്തുന്നു, പഴങ്ങൾ വാങ്ങിച്ചുള്ള മുൻപരിചയം ഓർമിക്കുന്നു, ഇപ്പോൾ കാണുന്ന കാര്യങ്ങളെ മുന്നമേ അറിയാവുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുന്നു. അവർ ഇക്കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്നതുകൊണ്ട്‌ സ്വാദിഷ്‌ഠമായ ഒരു പ്രതിഫലമായിരിക്കും അവർക്കു ലഭിക്കുക.

തീർച്ചയായും, ദൈവവചനം പഠിക്കുന്നതുകൊണ്ടുള്ള പ്രതിഫലങ്ങൾ അതിനെക്കാൾ വളരെയേറെ മഹത്തരമാണ്‌. ദൈവവചനത്തിന്റെ പഠനത്തിനു നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനം കൈവരുമ്പോൾ, നമ്മുടെ വിശ്വാസം കൂടുതൽ ബലിഷ്‌ഠവും സ്‌നേഹം കൂടുതൽ ആഴമുള്ളതും ശുശ്രൂഷ കൂടുതൽ ഫലകരവും ആയിത്തീരും. മാത്രമല്ല, നമ്മുടെ തീരുമാനങ്ങളിൽ വിവേകവും ദൈവിക ജ്ഞാനവും കൂടുതലായി പ്രതിഫലിക്കും. അത്തരം പ്രതിഫലങ്ങളെ കുറിച്ചു സദൃശവാക്യങ്ങൾ 3:15 ഇപ്രകാരം പറയുന്നു: “നിന്റെ മനോഹരവസ്‌തുക്കൾ ഒന്നും [“നിന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നും,” NW] അതിന്നു തുല്യമാകയില്ല.” നിങ്ങൾ അത്തരം പ്രതിഫലങ്ങൾ ആസ്വദിക്കുന്നുണ്ടോ? നിങ്ങൾ എങ്ങനെ പഠിക്കുന്നു എന്നതിന്‌ ഇതിൽ ഒരു പങ്കുണ്ട്‌.​—കൊലൊ. 1:9, 10.

[30 ലെ ചിത്രം]

ധ്യാനിക്കാൻ സമയമെടുക്കുക

എന്താണ്‌ പഠനം? അതു കേവലം ഉപരിപ്ലവമായ വായനയല്ല. ഒരു വിഷയം ശ്രദ്ധാപൂർവം അല്ലെങ്കിൽ വിശദമായി പരിചിന്തിക്കുന്നതിനു നിങ്ങളുടെ മാനസിക പ്രാപ്‌തികൾ ഉപയോഗിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു. വായിക്കുന്ന കാര്യങ്ങൾ അപഗ്രഥിക്കുന്നതും നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളുമായി അവയെ താരതമ്യം ചെയ്യുന്നതും നൽകിയിരിക്കുന്ന പ്രസ്‌താവനകൾക്ക്‌ ഉപോദ്‌ബലകമായി കൊടുത്തിരിക്കുന്ന കാരണങ്ങൾ ശ്രദ്ധിക്കുന്നതും അതിന്റെ ഭാഗമാണ്‌. പഠിക്കുന്ന സമയത്ത്‌, പുതിയതെന്നു തോന്നുന്ന ഏതൊരു ആശയത്തെ കുറിച്ചും ആഴമായി ചിന്തിക്കുക. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ കൂടുതൽ നന്നായി പ്രാവർത്തികമാക്കുന്നതിനുള്ള വഴികൾ പരിചിന്തിക്കുക. യഹോവയുടെ ഒരു സാക്ഷി എന്ന നിലയിൽ, മറ്റുള്ളവരെ സഹായിക്കാൻ പ്രസ്‌തുത വിവരങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങളെ കുറിച്ചു ചിന്തിക്കാനും നിങ്ങൾ ആഗ്രഹിക്കും. പഠനത്തിൽ ധ്യാനം ഉൾപ്പെട്ടിരിക്കുന്നു എന്നു വ്യക്തം.

ശരിയായ മനോനില കൈവരിക്കൽ

[30 ലെ ചിത്രം]

വ്യക്തിപരമായ പഠനത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ നിങ്ങളുടെ ഹൃദയത്തെ ഒരുക്കുക

പഠിക്കാൻ ഒരുങ്ങുമ്പോൾ ബൈബിൾ, എടുത്തുനോക്കാൻ ഉദ്ദേശിക്കുന്ന പ്രസിദ്ധീകരണങ്ങൾ, പേന അല്ലെങ്കിൽ പെൻസിൽ, ഒരുപക്ഷേ ഒരു നോട്ട്‌ബുക്ക്‌ എന്നിങ്ങനെ ആവശ്യമായ സാധനങ്ങളെല്ലാം നിങ്ങൾ ഒരുക്കിവെക്കുന്നു. എന്നാൽ ഇതോടൊപ്പം നിങ്ങൾ ഹൃദയത്തെയും ഒരുക്കാറുണ്ടോ? എസ്രാ ‘യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും മനസ്സുവെച്ചു [“തന്റെ ഹൃദയത്തെ ഒരുക്കി,” NW]’ എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (എസ്രാ 7:10) ഇങ്ങനെ ഹൃദയത്തെ ഒരുക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

ദൈവവചനത്തിന്റെ പഠനത്തെ ശരിയായ മനോഭാവത്തോടെ സമീപിക്കാൻ പ്രാർഥന നമ്മെ സഹായിക്കുന്നു. യഹോവ നമുക്കു നൽകുന്ന പ്രബോധനത്തോട്‌ നമ്മുടെ ഹൃദയം, അതേ നമ്മുടെ ആന്തരിക വ്യക്തി, സ്വീകാര്യക്ഷമമായിരിക്കാൻ നാം ആഗ്രഹിക്കുന്നു. ഓരോ തവണ പഠിക്കാൻ ആരംഭിക്കുമ്പോഴും യഹോവയോട്‌ അവന്റെ ആത്മാവിന്റെ സഹായത്തിനായി യാചിക്കുക. (ലൂക്കൊ. 11:13) പഠിക്കാൻ പോകുന്ന കാര്യങ്ങളുടെ അർഥം, യഹോവയുടെ ഉദ്ദേശ്യത്തോട്‌ അവ ബന്ധപ്പെട്ടിരിക്കുന്ന വിധം, നന്മതിന്മകളെ വേർതിരിച്ചറിയുന്നതിന്‌ അവയ്‌ക്കു നിങ്ങളെ സഹായിക്കാൻ കഴിയുന്ന വിധം, അവന്റെ തത്ത്വങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കേണ്ട വിധം, പഠിക്കുന്ന വിവരങ്ങൾ അവനുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിധം എന്നിവയൊക്കെ ഗ്രഹിക്കുന്നതിനുള്ള സഹായത്തിനായി അവനോട്‌ അപേക്ഷിക്കുക. (സദൃ. 9:​10, NW) പഠിക്കുന്ന സമയത്തും ജ്ഞാനത്തിനായി ‘ദൈവത്തോട്‌ യാചിച്ചുകൊണ്ടിരിക്കുക.’ (യാക്കോ. 1:​5, NW) തെറ്റായ ചിന്തകളോ ദ്രോഹകരമായ മോഹങ്ങളോ ഒഴിവാക്കുന്നതിൽ യഹോവയുടെ സഹായം തേടവേ, പഠിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ നിങ്ങളെത്തന്നെ സത്യസന്ധമായി വിലയിരുത്തുക. വെളിപ്പെടുത്തിത്തരുന്ന കാര്യങ്ങൾക്കായി എല്ലായ്‌പോഴും “യഹോവയോട്‌ നന്ദിയോടെ പ്രതികരിക്കുക.” (സങ്കീ. 147:7, NW) പഠനത്തോടുള്ള പ്രാർഥനാപൂർവകമായ ഈ സമീപനം യഹോവയുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കാൻ സഹായിക്കുന്നു. കാരണം, യഹോവ തന്റെ വചനത്തിലൂടെ നമ്മോടു സംസാരിക്കുമ്പോൾ അവനോടു പ്രതികരിക്കാൻ അതു നമ്മെ പ്രാപ്‌തരാക്കുന്നു.​—സങ്കീ. 145:⁠18.

അത്തരം സ്വീകാര്യക്ഷമത യഹോവയുടെ ജനത്തെ ലോകത്തിലെ പലരിൽനിന്നും വേർതിരിച്ചു നിറുത്തുന്നു. എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെ സംശയിക്കുന്നതും അവയെ വെല്ലുവിളിക്കുന്നതും ഒക്കെ ദൈവഭക്തി ഇല്ലാത്തവരുടെ ഇടയിൽ സർവസാധാരണമായി കാണുന്ന ഒരു പ്രവണതയാണ്‌. എന്നാൽ നമ്മുടെ മനോഭാവം അതല്ല. നാം യഹോവയിൽ ആശ്രയിക്കുന്നു. (സദൃ. 3:​5-7) ഏതെങ്കിലും ഒരു കാര്യം നമുക്കു മനസ്സിലായില്ല എന്ന കാരണത്താൽ, അതു തെറ്റാണെന്നു നാം ധിക്കാരപൂർവം നിഗമനം ചെയ്യുന്നില്ല. ഉത്തരത്തിനായി അന്വേഷിക്കുകയും ആഴത്തിൽ കുഴിക്കുകയും ചെയ്യുമ്പോൾത്തന്നെ നാം യഹോവയ്‌ക്കായി കാത്തിരിക്കുന്നു. (മീഖാ 7:7) എസ്രായെ പോലെ, പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും അവ മറ്റുള്ളവർക്ക്‌ ഉപദേശിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണു നമ്മുടെ ലക്ഷ്യം. ഈ ഉദ്ദേശ്യത്തോടെ പഠിക്കുന്ന പക്ഷം നാം പഠനത്തിൽനിന്നു സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്യും, തീർച്ച.

എങ്ങനെ പഠിക്കണം?

കേവലം, പഠിക്കാൻ പോകുന്ന ലേഖനത്തിന്റെ അല്ലെങ്കിൽ അധ്യായത്തിന്റെ ഒന്നാം ഖണ്ഡികയിലേക്കു നേരെ കടന്ന്‌ അവസാനം വരെയുള്ള ഖണ്ഡികകൾ പഠിച്ചുപോകുന്നതിനു പകരം, ആദ്യം ലേഖനം അല്ലെങ്കിൽ അധ്യായം ആകമാനം ഒന്ന്‌ പൂർവാവലോകനം ചെയ്യാൻ സമയമെടുക്കുക. ആദ്യമായി, ശീർഷകത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ അപഗ്രഥിക്കുക. അതാണ്‌ നിങ്ങളുടെ പ്രതിപാദ്യവിഷയം. അടുത്തതായി, ഉപതലക്കെട്ടുകൾ ആ പ്രതിപാദ്യവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്നു ശ്രദ്ധാപൂർവം നിരീക്ഷിക്കുക. ചിത്രങ്ങളോ ചാർട്ടുകളോ പഠിപ്പിക്കൽ ചതുരങ്ങളോ ഉണ്ടെങ്കിൽ അവ പരിശോധിക്കുക. സ്വയം ഇങ്ങനെ ചോദിക്കുക: ‘പഠനത്തിനു മുമ്പുള്ള ഈ അവലോകനത്തിൽനിന്ന്‌, എന്തൊക്കെ കാര്യങ്ങളാണു പഠിക്കാൻ പോകുന്നത്‌ എന്ന്‌ എനിക്കു പറയാൻ കഴിയുമോ? ഇത്‌ എന്നെ സംബന്ധിച്ചിടത്തോളം ഏതു വിധത്തിൽ മൂല്യവത്തായിരിക്കും?’ ഇത്‌ നിങ്ങളുടെ പഠനത്തിന്‌ ഒരു ദിശാബോധം നൽകും.

[30 ലെ ചിത്രം]

നിങ്ങളുടെ ഭാഷയിൽ ലഭ്യമായ ഗവേഷണ ഉപാധികളുമായി പരിചയത്തിലാകുക

വസ്‌തുതകൾ മനസ്സിലാക്കുന്നതാണ്‌ അടുത്ത പടി. വീക്ഷാഗോപുര അധ്യയന ലേഖനങ്ങളിലും ചില പുസ്‌തകങ്ങളിലും അച്ചടിച്ച ചോദ്യങ്ങളുണ്ട്‌. ഓരോ ഖണ്ഡിക വായിക്കുമ്പോഴും ഉത്തരങ്ങൾ അടയാളപ്പെടുത്തുന്നതു പ്രയോജനകരമാണ്‌. അധ്യയന ചോദ്യങ്ങൾ ഇല്ലെങ്കിൽ കൂടി, ഓർമിക്കാൻ ആഗ്രഹിക്കുന്ന പ്രധാന പോയിന്റുകൾ നിങ്ങൾക്ക്‌ അടയാളപ്പെടുത്താൻ കഴിയും. ഒരു പുതിയ ആശയം കാണുന്നെങ്കിൽ, അൽപ്പം കൂടുതൽ സമയമെടുത്ത്‌ അതു നന്നായി മനസ്സിലാക്കാൻ ശ്രമിക്കുക. വയൽശുശ്രൂഷയിലോ പ്രസംഗത്തിലോ ഒക്കെ ഉപയോഗിക്കാൻ കഴിയുന്ന ദൃഷ്ടാന്തങ്ങൾക്കോ വാദഗതികൾക്കോ ആയി നോക്കുക. പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾ പങ്കുവെക്കുന്നതിലൂടെ വിശ്വാസം ബലപ്പെട്ടേക്കാവുന്ന ആരാണുള്ളത്‌ എന്നു ചിന്തിച്ചുനോക്കുക. നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പോയിന്റുകൾ അടയാളപ്പെടുത്തുക, പഠനം കഴിഞ്ഞ്‌ അവ വീണ്ടും അവലോകനം ചെയ്യുക.

പഠിക്കുന്ന സമയത്ത്‌, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തു നോക്കുക. ഓരോ തിരുവെഴുത്തും ഖണ്ഡികയിലെ മുഖ്യ ആശയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വിശകലനം ചെയ്യുക.

മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതോ കൂടുതൽ വിശദമായി പരിശോധിക്കാൻ ഇഷ്ടപ്പെടുന്നതോ ആയ പോയിന്റുകൾ പഠനത്തിനിടയിൽ നിങ്ങൾ കണ്ടേക്കാം. അവയെ കുറിച്ച്‌ അപ്പോൾ കൂടുതലായി ചിന്തിക്കാൻ പോയാൽ പരിചിന്തിച്ചു വരുന്ന ആശയത്തിൽനിന്നു നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കാനിടയുണ്ട്‌. അതുകൊണ്ട്‌ പിന്നീടു പരിചിന്തിക്കുന്നതിനായി അവ മാറ്റിവെക്കുക. മിക്കപ്പോഴും, ബാക്കി ഭാഗംകൂടി വായിച്ചു കഴിയുമ്പോൾ പോയിന്റുകൾ വ്യക്തമാകും. വ്യക്തമാകുന്നില്ലെങ്കിൽ, നിങ്ങൾക്കു കൂടുതലായ ഗവേഷണം നടത്താവുന്നതാണ്‌. ഏതെല്ലാം സംഗതികൾ പിന്നീടുള്ള ഗവേഷണത്തിനായി നിങ്ങൾക്ക്‌ ഇങ്ങനെ മാറ്റിവെക്കാൻ കഴിയും? ഒരുപക്ഷേ പഠന ഭാഗത്ത്‌ ഉദ്ധരിച്ചിരിക്കുന്ന ഒരു തിരുവെഴുത്ത്‌ നിങ്ങൾക്കു വ്യക്തമായി മനസ്സിലാകുന്നില്ലായിരിക്കാം. അല്ലെങ്കിൽ അത്‌ ചർച്ചചെയ്‌തുകൊണ്ടിരിക്കുന്ന വിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു നിങ്ങൾക്ക്‌ എളുപ്പം പിടികിട്ടിയില്ലെന്നുവരാം. ഇനി, ഒരു ആശയം മനസ്സിലായെങ്കിലും മറ്റൊരാൾക്കു വിശദീകരിച്ചു കൊടുക്കത്തക്ക വിധം അതു ബോധ്യമായില്ല എന്നു നിങ്ങൾക്കു തോന്നിയേക്കാം. ഈ സംഗതികൾ കേവലം വിട്ടുകളയുന്നതിനു പകരം, പഠനശേഷം അവയെക്കുറിച്ചു ഗവേഷണം ചെയ്യുന്നതു ബുദ്ധിയായിരിക്കും.

[30 ലെ ചിത്രം]

തിരുവെഴുത്തുകൾ എടുത്തുനോക്കാൻ മറക്കരുത്‌

എബ്രായ ക്രിസ്‌ത്യാനികൾക്കുള്ള വിശദമായ ലേഖനം എഴുതവേ, അപ്പൊസ്‌തലനായ പൗലൊസ്‌ ഇടയ്‌ക്കുവെച്ചു നിറുത്തിയിട്ട്‌ ഇങ്ങനെ പറഞ്ഞു: “മുഖ്യ ആശയം ഇതാണ്‌.” (എബ്രാ. 8:​1, NW) നിങ്ങൾ ഇടയ്‌ക്കിടെ നിങ്ങളെത്തന്നെ ഇതുപോലെ ഓർമപ്പെടുത്താറുണ്ടോ? പൗലൊസ്‌ അങ്ങനെ ചെയ്‌തത്‌ എന്തുകൊണ്ടെന്നു പരിചിന്തിക്കുക. ക്രിസ്‌തു, ദൈവത്തിന്റെ ശ്രേഷ്‌ഠ മഹാപുരോഹിതൻ എന്ന നിലയിൽ സ്വർഗത്തിൽ പ്രവേശിച്ചു എന്ന്‌ തന്റെ നിശ്വസ്‌ത ലേഖനത്തിന്റെ മുൻ അധ്യായങ്ങളിൽ അവൻ സൂചിപ്പിച്ചിരുന്നു. (എബ്രാ. 4:​14–5:10; 6:20) എങ്കിലും, 8-ാം അധ്യായത്തിന്റെ തുടക്കത്തിൽ ആ മുഖ്യ ആശയം ഒന്നുകൂടി എടുത്തു പറഞ്ഞുകൊണ്ട്‌, തങ്ങളുടെ ജീവിതത്തോട്‌ അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു ഗഹനമായി ചിന്തിക്കുന്നതിന്‌ പൗലൊസ്‌ തന്റെ വായനക്കാരുടെ മനസ്സുകളെ ഒരുക്കി. ക്രിസ്‌തു അവർക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനായെന്നും അവർക്കു സ്വർഗീയ “വിശുദ്ധമന്ദിര”ത്തിൽ പ്രവേശിക്കുന്നതിനുള്ള വഴി തുറന്നെന്നും അവൻ ചൂണ്ടിക്കാട്ടി. (എബ്രാ. 9:24; 10:​19-22) വിശ്വാസം, സഹിഷ്‌ണുത, ക്രിസ്‌തീയ നടത്ത എന്നിവ സംബന്ധിച്ച്‌ ആ ലേഖനത്തിലുള്ള കൂടുതലായ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കാൻ പ്രത്യാശ സംബന്ധിച്ച ഉറപ്പ്‌ അവർക്കു പ്രേരണയേകുമായിരുന്നു. സമാനമായി, പഠിക്കുമ്പോൾ മുഖ്യ പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌, പ്രതിപാദ്യവിഷയം വികസിപ്പിക്കപ്പെടുന്ന വിധം മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള ഈടുറ്റ കാരണങ്ങൾ നമ്മുടെ മനസ്സിൽ പതിയാൻ ഇടയാക്കുകയും ചെയ്യും.

നിങ്ങളുടെ വ്യക്തിപരമായ പഠനം, പ്രവർത്തനത്തിനു നിങ്ങളെ പ്രേരിപ്പിക്കുമോ? ഇതു വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യമാണ്‌. ഒരു കാര്യം പഠിക്കുമ്പോൾ സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇത്‌ എന്റെ മനോഭാവത്തെയും ജീവിത ലക്ഷ്യങ്ങളെയും എങ്ങനെ സ്വാധീനിക്കണം? പ്രശ്‌ന പരിഹാരത്തിനായി, തീരുമാനമെടുക്കാനായി, അല്ലെങ്കിൽ ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാനായി എനിക്ക്‌ ഈ വിവരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും? കുടുംബത്തിലും വയൽശുശ്രൂഷയിലും സഭയിലും എനിക്ക്‌ ഇത്‌ എങ്ങനെ ഉപയോഗിക്കാനാകും?’ നിങ്ങളുടെ അറിവ്‌ ബാധകമാക്കാൻ കഴിയുന്ന യഥാർഥ സാഹചര്യങ്ങളെ കുറിച്ച്‌ അവധാനപൂർവം ചിന്തിച്ചുകൊണ്ട്‌ ഈ ചോദ്യങ്ങൾ പ്രാർഥനാപൂർവം പരിഗണിക്കുക.

ഒരു അധ്യായമോ ലേഖനമോ പഠിച്ചുതീർന്നാൽ അതു ഹ്രസ്വമായി പുനരവലോകനം ചെയ്യുന്നതിനു സമയമെടുക്കുക. മുഖ്യ പോയിന്റുകളും ഉപോദ്‌ബലകമായ വാദഗതികളും നിങ്ങൾക്ക്‌ ഓർമിക്കാൻ കഴിയുന്നുണ്ടോ എന്നു നോക്കുക. പഠിച്ച വിവരങ്ങൾ ഭാവിയിൽ ഉപയോഗിക്കാൻ തക്കവണ്ണം ഓർത്തിരിക്കുന്നതിന്‌ ഇതു നിങ്ങളെ സഹായിക്കും.

എന്തു പഠിക്കണം?

യഹോവയുടെ ജനമെന്ന നിലയിൽ, നമുക്കു ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്‌. എന്നാൽ എവിടെ തുടങ്ങണം? തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ നൽകിയിരിക്കുന്ന വാക്യവും അഭിപ്രായങ്ങളും ദിവസവും പഠിക്കുന്നതു നന്നായിരിക്കും. എല്ലാ ആഴ്‌ചയും നാം സഭായോഗങ്ങളിൽ സംബന്ധിക്കുന്നു, ഈ യോഗങ്ങളിൽ പരിചിന്തിക്കുന്ന ഭാഗങ്ങൾ മുന്നമേ പഠിക്കുന്നത്‌ വലിയ അളവിൽ പ്രയോജനം നേടാൻ നമ്മെ സഹായിക്കും. അതിനു പുറമേ, തങ്ങൾ സത്യം പഠിക്കുന്നതിനു മുമ്പ്‌ അച്ചടിക്കപ്പെട്ട നമ്മുടെ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിൽ ചിലതു പഠിക്കാൻ ചിലർ ജ്ഞാനപൂർവം സമയം മാറ്റിവെച്ചിരിക്കുന്നു. വേറെ ചിലർ പ്രതിവാര ബൈബിൾ വായനാ ഭാഗത്തുനിന്ന്‌ ഏതാനും വാക്യങ്ങൾ തിരഞ്ഞെടുത്ത്‌ അവയെ കുറിച്ചു ഗഹനമായ പഠനം നടത്തുന്നു.

പ്രതിവാര സഭായോഗങ്ങളിൽ പരിചിന്തിക്കാൻ പോകുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവം പഠിക്കാൻ നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിലോ? എങ്ങനെയെങ്കിലുമൊന്ന്‌ പഠിച്ചു തീർക്കണമല്ലോ എന്നു വിചാരിച്ച്‌ വിവരങ്ങൾ ഓടിച്ചുനോക്കിവിടുന്നത്‌ ഒഴിവാക്കുക. ഇനി, മുഴുവനും പഠിക്കാൻ കഴിയാത്തതുകൊണ്ട്‌ ഒന്നും പഠിക്കുന്നില്ലെന്നു വെക്കുന്നെങ്കിൽ അത്‌ ഏറെ കഷ്ടമാണ്‌. പകരം, നിങ്ങൾക്ക്‌ എത്രമാത്രം പഠിക്കാൻ കഴിയുമെന്നു നിർണയിക്കുക. എന്നിട്ട്‌ അതു നന്നായി പഠിക്കുക. ഓരോ ആഴ്‌ചയും അങ്ങനെ ചെയ്യുക. ക്രമേണ, മറ്റു യോഗങ്ങൾക്കായും ഈ രീതിയിൽ തയ്യാറായിക്കൊണ്ട്‌ പഠിക്കുന്ന കാര്യങ്ങളുടെ അളവു വർധിപ്പിക്കുക.

‘നിന്റെ കുടുംബം പണിയുക’

പ്രിയപ്പെട്ടവർക്കുവേണ്ടി കരുതാൻ കുടുംബനാഥന്മാർ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നു യഹോവ മനസ്സിലാക്കുന്നു. “വെളിയിൽ നിന്റെ വേല ചെയ്‌ക; വയലിൽ എല്ലാം തീർക്കുക” എന്ന്‌ സദൃശവാക്യങ്ങൾ 24:27 പറയുന്നു. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾ അവഗണിക്കാൻ കഴിയില്ല. അതുകൊണ്ട്‌ ആ വാക്യം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “പിന്നെത്തേതിൽ നിന്റെ വീടു [“കുടുംബം,” NW] പണിയുക.” കുടുംബനാഥന്മാർക്ക്‌ ഇത്‌ എങ്ങനെ ചെയ്യാൻ കഴിയും? സദൃശവാക്യങ്ങൾ 24:​3 (ഓശാന ബൈബിൾ) ഇപ്രകാരം പറയുന്നു: ‘വിവേകംകൊണ്ട്‌ [കുടുംബം] സുസ്ഥാപിതമാകുന്നു.’

വിവേകം നിങ്ങളുടെ കുടുംബത്തിന്‌ എങ്ങനെ പ്രയോജനം ചെയ്യും? വിവേകം ഉണ്ടെങ്കിൽ പ്രത്യക്ഷത്തിലുള്ളതിനും അതീതമായി കാണാൻ ഒരാൾക്കു കഴിയും. നിങ്ങളുടെ കുടുംബത്തെ കുറിച്ചുതന്നെ പഠിക്കുന്നതാണു ഫലകരമായ കുടുംബ അധ്യയനത്തിന്റെ തുടക്കം എന്നു പറയാവുന്നതാണ്‌. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആത്മീയ പുരോഗതി എങ്ങനെയുണ്ട്‌? അവരുമായി സംസാരിക്കുമ്പോൾ അവരുടെ അഭിപ്രായങ്ങൾക്കു സൂക്ഷ്‌മ ശ്രദ്ധ നൽകുക. പരാതിയുടെയോ നീരസത്തിന്റെയോ ഒരു മനോഭാവം കാണുന്നുണ്ടോ? ഭൗതിക അനുധാവനങ്ങൾക്ക്‌ അവർ വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ടോ? കുട്ടികളോടൊപ്പം നിങ്ങൾ വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ, കൂട്ടുകാരുടെ മുന്നിൽ തങ്ങൾ യഹോവയുടെ സാക്ഷികൾ ആണെന്നു പറയാൻ അവർക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? കുടുംബ ബൈബിൾ വായനയും അധ്യയനവും അവർ ആസ്വദിക്കുന്നുണ്ടോ? അവർ യഥാർഥത്തിൽ യഹോവയുടെ വഴി സ്വന്തം ജീവിതഗതി ആക്കുന്നുണ്ടോ? ഓരോ കുടുംബാംഗത്തിലും ആത്മീയ ഗുണങ്ങൾ നട്ടുവളർത്തുന്നതിന്‌ കുടുംബനാഥൻ എന്ന നിലയിൽ നിങ്ങൾ എന്തു ചെയ്യേണ്ടിയിരിക്കുന്നു എന്നു ശ്രദ്ധാപൂർവമായ നിരീക്ഷണം വെളിപ്പെടുത്തും.

വീക്ഷാഗോപുരം, ഉണരുക! മാസികകളിൽനിന്നു നിങ്ങളുടെ കുടുംബത്തിന്റെ പ്രത്യേക ആവശ്യങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങൾ കണ്ടുപിടിക്കുക. തുടർന്ന്‌ പഠിക്കാൻ പോകുന്നത്‌ എന്തായിരിക്കുമെന്നു കുടുംബത്തെ മുൻകൂട്ടി അറിയിക്കുക. അങ്ങനെയാകുമ്പോൾ കുടുംബാംഗങ്ങൾക്ക്‌ അതിനെ കുറിച്ചു ചിന്തിച്ചുവെക്കാൻ കഴിയും. പഠനസമയത്ത്‌ സ്‌നേഹപൂർവകമായ ഒരു അന്തരീക്ഷം നിലനിറുത്തുക. കുടുംബാംഗങ്ങളിൽ ആരെയും ശാസിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാതെ, പരിചിന്തിക്കുന്ന വിവരങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ പ്രത്യേക ആവശ്യങ്ങൾക്ക്‌ ഇണങ്ങുന്നത്‌ എങ്ങനെയെന്നു വ്യക്തമാക്കിക്കൊണ്ട്‌ അവയുടെ മൂല്യം എടുത്തുകാട്ടുക. ഓരോ കുടുംബാംഗത്തെയും ചർച്ചയിൽ ഉൾപ്പെടുത്തുക. ജീവിതത്തിൽ ആവശ്യമായത്‌ എന്തോ അതുതന്നെ പ്രദാനം ചെയ്യുന്നതിൽ യഹോവയുടെ വചനം “തികവുള്ളതു” ആയിരിക്കുന്നത്‌ എങ്ങനെയെന്നു കാണാൻ ഓരോരുത്തരെയും സഹായിക്കുക.​—⁠സങ്കീ. 19:⁠7.

പ്രതിഫലങ്ങൾ കൊയ്യൽ

ആത്മീയ ഗ്രാഹ്യം ഇല്ലാത്ത നിരീക്ഷണകുതുകികളായ ആളുകൾക്കു പ്രപഞ്ചത്തെയും ലോകസംഭവങ്ങളെയും തങ്ങളെ കുറിച്ചു തന്നെയും പഠിക്കാൻ കഴിയുന്നുണ്ട്‌. എന്നാൽ കാണുന്ന കാര്യങ്ങളുടെ യഥാർഥ അർഥം ഗ്രഹിക്കാൻ അവർ പരാജയപ്പെടുന്നു. നേരെ മറിച്ച്‌, ദൈവവചനം ക്രമമായി പഠിക്കുന്ന ആളുകൾക്കു ദൈവാത്മാവിന്റെ സഹായത്തോടെ ഈ കാര്യങ്ങളിൽ ദൈവത്തിന്റെ കൈവേലയും ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയും അനുസരണമുള്ള മനുഷ്യരെ അനുഗ്രഹിക്കുന്നതു സംബന്ധിച്ച ദൈവോദ്ദേശ്യം ചുരുളഴിയുന്നതും ദർശിക്കാൻ സാധിക്കുന്നു.​—മർക്കൊ. 13:4-29; റോമ. 1:20; വെളി. 12:⁠12.

ഈ അത്ഭുതകരമായ പദവി നമ്മെ അഹങ്കാരികളാക്കരുത്‌. പകരം ദൈവവചനത്തിന്റെ അനുദിന പരിശോധന താഴ്‌മയുള്ളവർ ആയിരിക്കാൻ നമ്മെ സഹായിക്കുന്നു. (ആവ. 17:18-20) കൂടാതെ, “പാപത്തിന്റെ ചതി”യിൽനിന്ന്‌ അതു നമ്മെ സംരക്ഷിക്കുന്നു. കാരണം ദൈവവചനം നമ്മുടെ ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുമ്പോൾ, പാപത്തെ ചെറുത്തുനിൽക്കാനുള്ള നമ്മുടെ ദൃഢതീരുമാനത്തെ അതിന്റെ വശീകരണ ശക്തി കീഴടക്കാനുള്ള സാധ്യത കുറവാണ്‌. (എബ്രാ. 2:1; 3:13; കൊലൊ. 3:5-10) അങ്ങനെ, നാം ‘പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, സകല സൽപ്രവൃത്തിയിലും ഫലം കായിക്കും.’ (കൊലൊ. 1:10) യഹോവയെ പൂർണമായി പ്രസാദിപ്പിക്കുക എന്നതാണു ദൈവവചനം പഠിക്കുന്നതിന്റെ പിന്നിലെ നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യത്തിൽ എത്തിച്ചേരാനാകുന്നതാണ്‌ ഏറ്റവും മഹത്തായ പ്രതിഫലവും.

അതിമഹത്തായ പ്രതിഫലങ്ങൾ കൊയ്യാൻ

  • നിങ്ങളുടെ ഹൃദയത്തെ ഒരുക്കുക

  • പഠനഭാഗം പൂർവാവലോകനം ചെയ്യുക

  • പ്രധാന ആശയങ്ങൾ വേർതിരിക്കുക

  • നൽകിയിരിക്കുന്ന പ്രസ്‌താവനകളെ തിരുവെഴുത്തുകൾ പിന്താങ്ങുന്നത്‌ എങ്ങനെയെന്നു പരിചിന്തിക്കുക

  • മുഖ്യ പോയിന്റുകൾ പുനരവലോകനം ചെയ്യുക

  • പഠിക്കുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ ബാധകമാക്കാൻ കഴിയുന്ന വഴികളെ കുറിച്ചു ധ്യാനിക്കുക

  • വിവരങ്ങൾ മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കുന്നതിനുള്ള അവസരങ്ങൾ തേടുക

പഠനഭാഗം പൂർവാവലോകനം ചെയ്യേണ്ട വിധം

  • ശീർഷകത്തിലെ പദങ്ങൾ അപഗ്രഥിക്കുക

  • ഓരോ ഉപതലക്കെട്ടും ശീർഷകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു പരിചിന്തിക്കുക

  • ചിത്രങ്ങളോ ചാർട്ടുകളോ പഠിപ്പിക്കൽ ചതുരങ്ങളോ ഉണ്ടെങ്കിൽ അവ പരിശോധിക്കുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക