വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 12 പേ. 121-പേ. 123 ഖ. 3
  • ആംഗ്യങ്ങളും മുഖഭാവങ്ങളും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആംഗ്യങ്ങളും മുഖഭാവങ്ങളും
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ആവർത്തനത്തിന്റെയും ആംഗ്യങ്ങളുടെയും ഉപയോഗം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ഉത്സാഹം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സാധാരണ സംസാരിക്കുന്നതുപോലെ
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സ്‌നേഹവും സഹാനുഭൂതിയും
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 12 പേ. 121-പേ. 123 ഖ. 3

പാഠം 12

ആംഗ്യങ്ങളും മുഖഭാവങ്ങളും

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

ആശയങ്ങളോ വികാരങ്ങളോ മനോഭാവങ്ങളോ പ്രകടിപ്പിക്കുന്നതിനായി കൈകളുടെയോ തോളുകളുടെയോ മുഴു ശരീരത്തിന്റെ തന്നെയോ ചലനങ്ങൾ ഉപയോഗിക്കുക.

പറയുന്ന കാര്യങ്ങളെ ദൃഢീകരിക്കാനും വികാരങ്ങൾ ദ്യോതിപ്പിക്കാനും പറ്റിയ വിധത്തിൽ കണ്ണുകൾ, വായ്‌ എന്നിവ ഉപയോഗിക്കുകയും ശിരസ്സ്‌ പിടിക്കുകയും ചെയ്യുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ആംഗ്യങ്ങളും മുഖഭാവങ്ങളും നിങ്ങളുടെ സംസാരത്തിനു ദൃശ്യവും വൈകാരികവുമായ ദൃഢത പകരുന്നു. അവ നിങ്ങളുടെ വികാരങ്ങളെ തൊട്ടുണർത്തുകയും തത്‌ഫലമായി നിങ്ങളുടെ ശബ്ദത്തെ ജീവസ്സുറ്റതാക്കിത്തീർക്കുകയും ചെയ്‌തേക്കാം.

ചില സംസ്‌കാരങ്ങളിൽപ്പെട്ട ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലായി ആംഗ്യങ്ങൾ ഉപയോഗിക്കുന്നു. എങ്കിലും, മിക്കവാറും എല്ലാവരുംതന്നെ മുഖഭാവത്തിൽ മാറ്റങ്ങൾ വരുത്തിയും എന്തെങ്കിലുമൊക്കെ ആംഗ്യങ്ങൾ ഉപയോഗിച്ചും സംസാരിക്കുന്നവരാണ്‌. സ്വകാര്യ സംഭാഷണത്തിലും പരസ്യ ഭാഷണത്തിലും ഇതു സത്യമാണ്‌.

യേശുവിനും അവന്റെ ആദിമ ശിഷ്യന്മാർക്കും ആംഗ്യങ്ങൾ സ്വാഭാവികമായിത്തന്നെ വന്നിരുന്നു. ഒരിക്കൽ, യേശുവിന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ ഒരാൾ അവനോടു പറഞ്ഞു. അപ്പോൾ യേശു ഇങ്ങനെ ചോദിച്ചു: “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ”? തുടർന്ന്‌, “ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരൻമാരും” എന്ന്‌ അവൻ പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മത്താ. 12:​48, 49) അപ്പൊസ്‌തലന്മാരായ പത്രൊസും പൗലൊസും ആംഗ്യങ്ങൾ സ്വാഭാവികമായി ഉപയോഗിച്ചതായി പ്രവൃത്തികൾ 12:​17-ഉം 13:​16-ഉം കാണിക്കുന്നു. സമാനമായ വേറെ പരാമർശങ്ങളും ബൈബിളിലുണ്ട്‌.

ആശയങ്ങളും വികാരങ്ങളും ശബ്ദത്തിലൂടെ മാത്രമല്ല, ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും ദ്യോതിപ്പിക്കാൻ കഴിയും. ആംഗ്യങ്ങളും മുഖഭാവങ്ങളും നന്നായി ഉപയോഗിക്കുന്നില്ലെങ്കിൽ, സംസാരിക്കുന്നയാൾ നിസ്സംഗ മനോഭാവമുള്ള ആളാണെന്ന ധാരണ ഉളവായേക്കാം. എന്നാൽ ഈ ആശയവിനിമയ മാർഗങ്ങൾ സംസാരത്തിൽ ആകർഷകമാംവിധം, ഉചിതമായി പ്രയോഗിക്കുമ്പോൾ സംസാരത്തിന്റെ ഫലപ്രദത്വം വളരെയേറെ മെച്ചപ്പെടുന്നു. ഫോണിലൂടെ സംസാരിക്കുമ്പോൾ പോലും, ആംഗ്യങ്ങളും മുഖഭാവങ്ങളും അനുയോജ്യമായി ഉപയോഗിക്കുന്നെങ്കിൽ നിങ്ങളുടെ സന്ദേശത്തിന്റെ പ്രാധാന്യവും പറയുന്ന കാര്യങ്ങൾ സംബന്ധിച്ച നിങ്ങളുടെ വ്യക്തിപരമായ വികാരങ്ങളും നിങ്ങളുടെ ശബ്ദത്തിൽ കൂടുതൽ നന്നായി പ്രതിധ്വനിക്കുന്നതായിരിക്കും. അതുകൊണ്ട്‌, നിങ്ങൾ വാചാപ്രസംഗം നടത്തുകയാണെങ്കിലും വായിക്കുകയാണെങ്കിലും, സദസ്സിലുള്ളവർ നിങ്ങളെ നോക്കിയിരിക്കുകയാണെങ്കിലും സ്വന്തം ബൈബിളിൽ നോക്കിയിരിക്കുകയാണെങ്കിലും, ആംഗ്യങ്ങളും മുഖഭാവങ്ങളും പ്രാധാന്യം അർഹിക്കുന്നു.

നിങ്ങളുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും ഒരു പുസ്‌തകത്തിൽ നോക്കി പഠിച്ചാലെന്നതുപോലെ കൃത്രിമം ആയിരിക്കരുത്‌. ചിരിക്കാനോ ധാർമിക രോഷം പ്രകടിപ്പിക്കാനോ നിങ്ങൾക്ക്‌ ഒരിക്കലും പഠിക്കേണ്ട ആവശ്യമില്ലായിരുന്നു. അതുപോലെ ആംഗ്യങ്ങളും നിങ്ങളുടെ ഉള്ളിലെ വികാരങ്ങളെ വെളിപ്പെടുത്തുന്നവ ആയിരിക്കണം. അവ എത്രയേറെ സ്വാഭാവികമാണോ അത്രയേറെ മെച്ചമായിരിക്കും.

ആംഗ്യങ്ങൾ പൊതുവേ രണ്ടു തരമുണ്ട്‌: വർണനാപരവും ദൃഢത കൊടുക്കുന്നവയും. വർണനാപരമായ ആംഗ്യങ്ങൾ ക്രിയയെ സൂചിപ്പിക്കാനോ അളവിനെയും സ്ഥാനത്തെയും കാണിക്കാനോ ഉപയോഗിക്കുന്നു. സ്‌കൂളിൽ ആംഗ്യത്തിന്റെ ഉപയോഗം നോക്കുന്ന അവസരത്തിൽ, കേവലം ഒന്നോ രണ്ടോ ആംഗ്യങ്ങൾകൊണ്ടു തൃപ്‌തിയടയാതെ പ്രസംഗത്തിലുടനീളം സ്വാഭാവികമായ വിധത്തിൽ ആംഗ്യങ്ങൾ കാണിക്കാൻ ശ്രമിക്കുക. ഇപ്രകാരം ചെയ്യുന്നതു ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ ദിശ, ദൂരം, വലിപ്പം, സ്ഥാനം, ആപേക്ഷിക സ്ഥാനങ്ങൾ ഇവയെ കുറിക്കുന്ന പദങ്ങൾ കണ്ടുപിടിക്കുന്നതു കാര്യങ്ങൾ എളുപ്പമാക്കും. എന്നിരുന്നാലും, പലപ്പോഴും നിങ്ങൾ ആകെക്കൂടി ചെയ്യേണ്ടിയിരിക്കുന്നത്‌ പ്രസംഗത്തിൽ മുഴുകുക എന്നതാണ്‌. സദസ്സ്‌ നിങ്ങളെ കുറിച്ച്‌ എന്തു കരുതും എന്ന്‌ ആകുലപ്പെടാതെ, നിത്യേന സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതുപോലെ പെരുമാറുക. പിരിമുറുക്കമില്ലാത്തപ്പോൾ ആംഗ്യങ്ങൾ സ്വാഭാവികമായി വന്നുകൊള്ളും.

ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ വികാരവും ബോധ്യവും വിളിച്ചറിയിക്കുന്നവയാണ്‌. അവ ആശയങ്ങൾ മുന്തിനിൽക്കാൻ ഇടയാക്കുകയും അവയ്‌ക്കു ജീവൻ പകരുകയും അവയെ ദൃഢീകരിക്കുകയും ചെയ്യുന്നു. അതേ, ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ പ്രധാനമാണ്‌. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക. ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ വൈകൃതങ്ങൾ ആയിത്തീരാൻ എളുപ്പമാണ്‌. നിങ്ങൾ ഒരേ ആംഗ്യംതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നെങ്കിൽ, അതു പ്രസംഗത്തെ മെച്ചപ്പെടുത്തുന്നതിനു പകരം ആളുകളുടെ ശ്രദ്ധ ആംഗ്യത്തിലേക്കു തിരിയാൻ ഇടയാക്കിയേക്കാം. നിങ്ങൾക്ക്‌ ഈ പ്രശ്‌നമുള്ളതായി സ്‌കൂൾ മേൽവിചാരകൻ സൂചിപ്പിക്കുന്ന പക്ഷം, കുറച്ചു കാലത്തേക്കു വർണനാപരമായ ആംഗ്യങ്ങൾ മാത്രം ഉപയോഗിക്കുക. അതിനു ശേഷം ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ വീണ്ടും ഉപയോഗിച്ചു തുടങ്ങാം.

ദൃഢത കൊടുക്കുന്ന ആംഗ്യങ്ങൾ എത്രത്തോളം ഉപയോഗിക്കാമെന്നും അനുയോജ്യമായ ആംഗ്യങ്ങൾ ഏതൊക്കെയെന്നും നിർണയിക്കുന്നതിൽ, നിങ്ങളുടെ ശ്രോതാക്കളുടെ വികാരങ്ങൾ കണക്കിലെടുക്കുക. സദസ്സിനെ ചൂണ്ടി സംസാരിക്കുന്നത്‌ അവർക്ക്‌ അസ്വസ്ഥത ജനിപ്പിച്ചേക്കാം. കൈകൊണ്ടു വായ്‌ പൊത്തിപ്പിടിച്ച്‌ അതിശയം പ്രകടിപ്പിക്കുന്നതു പോലുള്ള ചില പ്രത്യേക ആംഗ്യങ്ങൾ പുരുഷന്മാർ ഉപയോഗിച്ചാൽ, അത്‌ സ്‌ത്രൈണതയുടെ ലക്ഷണമായി ചില സംസ്‌കാരങ്ങളിലുള്ളവർ കാണുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളിൽ സ്‌ത്രീകൾ കൈകൾ യഥേഷ്ടം ചലിപ്പിച്ച്‌ ആംഗ്യങ്ങൾ കാണിക്കുന്നതു വിനയമില്ലായ്‌മയായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട്‌, അത്തരം സ്ഥലങ്ങളിലുള്ള സഹോദരിമാർ വിശേഷാൽ മുഖഭാവങ്ങൾ നന്നായി ഉപയോഗപ്പെടുത്തുന്നത്‌ നല്ലതാണ്‌. ചെറിയ ഒരു കൂട്ടത്തോടു സംസാരിക്കുമ്പോൾ അമിത ഭാവപ്രകടനങ്ങളോടുകൂടിയ ആംഗ്യങ്ങൾ ഉപയോഗിക്കുന്നത്‌ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കോമാളിത്തമായി കാണപ്പെടാനിടയുണ്ട്‌.

നിങ്ങൾ അനുഭവപരിചയം നേടുകയും കൂടുതൽ ശാന്തതയോടെ പ്രസംഗം നടത്താൻ പഠിക്കുകയും ചെയ്യുമ്പോൾ ദൃഢത കൊടുക്കുന്നതിനായി ഉപയോഗിക്കുന്ന ആംഗ്യങ്ങൾ നിങ്ങളുടെ ബോധ്യത്തെയും ആത്മാർഥതയെയും വിളിച്ചറിയിച്ചുകൊണ്ട്‌ നിങ്ങളുടെ ആന്തരിക വികാരങ്ങളെ സ്വാഭാവികമായ വിധത്തിൽ വെളിപ്പെടുത്തും. അവ നിങ്ങളുടെ പ്രസംഗത്തെ അർഥസമ്പുഷ്ടമാക്കും.

മുഖഭാവങ്ങൾ. പലപ്പോഴും, ശരീരത്തിലെ മറ്റേതൊരു ഭാഗത്തെക്കാളും ഏറെ മെച്ചമായി നിങ്ങളുടെ യഥാർഥ വികാരങ്ങളെ വെളിപ്പെടുത്തുന്നതു നിങ്ങളുടെ മുഖമാണ്‌. കണ്ണുകൾ, വായുടെ ആകൃതി, തലയുടെ ചെരിവ്‌ ഇവയെല്ലാം ഇതിൽ ഒരു പങ്കുവഹിക്കുന്നു. നിങ്ങളുടെ മുഖത്തിന്‌ നിസ്സംഗത, വെറുപ്പ്‌, അന്ധാളിപ്പ്‌, വിസ്‌മയം, ആഹ്ലാദം ഇവയൊക്കെ വെളിപ്പെടുത്താനാകും, അതും നിങ്ങൾ ഒറ്റയൊരു വാക്കു പോലും ഉരിയാടാതെതന്നെ. ഇനി, സംസാരത്തോടൊപ്പം ആകുമ്പോൾ അത്തരം മുഖഭാവങ്ങൾ ദൃശ്യവും വൈകാരികവുമായ പ്രഭാവം ചെലുത്തുന്നു. സ്രഷ്ടാവ്‌ നമ്മുടെ മുഖത്തു വളരെയേറെ പേശികൾ ക്രമീകരിച്ചിട്ടുണ്ട്‌, മൊത്തം 30-ൽ കൂടുതൽ. നാം പുഞ്ചിരിക്കുന്ന സമയത്ത്‌ ഇവയിൽ പകുതിയോളം പ്രവർത്തനക്ഷമമാകുന്നു.

സ്റ്റേജിൽ ആയിരുന്നാലും വയൽശുശ്രൂഷയിൽ ആയിരുന്നാലും സന്തോഷം പകരുന്ന, ആളുകളുടെ ഹൃദയത്തിന്‌ ആഹ്ലാദം കൈവരുത്താൻ കഴിവുള്ള ഒരു സന്ദേശമാണ്‌ അവരുമായി പങ്കുവെക്കാൻ നിങ്ങൾ ശ്രമിക്കുന്നത്‌. ഊഷ്‌മളമായ ഒരു പുഞ്ചിരി ഈ വസ്‌തുതയെ സ്ഥിരീകരിക്കുന്നു. അതേസമയം, മുഖം ഭാവശൂന്യമാണെങ്കിൽ അതു നിങ്ങളുടെ ആത്മാർഥത സംബന്ധിച്ചു സംശയങ്ങൾ ഉയർത്തിയേക്കാം.

ഇതിനു പുറമേ, മറ്റുള്ളവരോടു ദയാവായ്‌പുള്ള ഒരു വ്യക്തിയാണു നിങ്ങളെന്ന്‌ പുഞ്ചിരി സൂചിപ്പിക്കുന്നു. ആളുകൾ അപരിചിതരെ മിക്കപ്പോഴും ഭയപ്പാടോടെ കാണുന്ന ഈ നാളുകളിൽ ഇതു വിശേഷിച്ചും പ്രധാനമാണ്‌. പിരിമുറുക്കം കുറയ്‌ക്കാനും നിങ്ങൾ പറയുന്നതിനോടു കൂടുതൽ സ്വീകാര്യക്ഷമരായിരിക്കാനും നിങ്ങളുടെ പുഞ്ചിരി ആളുകളെ പ്രേരിപ്പിച്ചേക്കാം.

മനസ്സിൽ പിടിക്കേണ്ട കാര്യങ്ങൾ

  • ഏറ്റവും ഫലകരമായ ആംഗ്യങ്ങളും മുഖഭാവങ്ങളും ഒരുവന്റെ ഹൃദയത്തിൽനിന്നു വരുന്നവയാണ്‌. മറ്റുള്ളവർ ചെയ്യുന്നതു നിരീക്ഷിക്കുക, എന്നാൽ എല്ലാ വിശദാംശങ്ങളിലും അവരെ അനുകരിക്കാൻ ശ്രമിക്കരുത്‌.

  • പ്രസംഗത്തിനുള്ള വിവരങ്ങൾ നന്നായി മനസ്സിലാകുന്നതുവരെ പഠിക്കുക. അവയിൽ വൈകാരികമായി മുഴുകുക, ഭാവനയിൽ അവ ദർശിക്കുക. എന്നിട്ട്‌, ശബ്ദം, ഹസ്‌തചലനങ്ങൾ, മുഖഭാവം എന്നിവയിലൂടെ അവതരിപ്പിക്കുക.

അഭ്യാസങ്ങൾ: (1) ഉല്‌പത്തി 6:13-22 വായിക്കുക. പെട്ടകം പണിയെക്കുറിച്ചും ജന്തുജാലങ്ങളെ കൂട്ടിവരുത്തുന്നതിനെ കുറിച്ചും സ്വന്തം വാക്കിൽ വർണിക്കുക. വിശദാംശങ്ങളെ കുറിച്ച്‌ ഏറെ ചിന്തിച്ച്‌ തലപുകയ്‌ക്കാതെ ഓർമയിലുള്ളതു പറയുക. വർണനാപരമായ ആംഗ്യങ്ങൾ ഉപയോഗിച്ചു വേണം ഇതു ചെയ്യാൻ. നിങ്ങളെ നിരീക്ഷിച്ച്‌ അഭിപ്രായങ്ങൾ പറയാൻ ആരോടെങ്കിലും ആവശ്യപ്പെടുക. (2) ദൈവരാജ്യത്തെ കുറിച്ചും അതു കൈവരുത്തുന്ന അനുഗ്രഹങ്ങളെ കുറിച്ചും ആരോടെങ്കിലും സാക്ഷീകരിക്കുന്നതുപോലെ സംസാരിക്കുക. വർണിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ യഥാർഥ വികാരങ്ങൾ മുഖഭാവങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക