വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 32 പേ. 194-പേ. 196 ഖ. 4
  • ബോധ്യത്തോടെ അവതരിപ്പിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബോധ്യത്തോടെ അവതരിപ്പിക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ഉറച്ച ബോധ്യത്തോടെ സുവാർത്ത പ്രസംഗിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • സുവാർത്ത സമർപ്പിക്കൽ—വ്യക്തിപരമായ ദൃഢവിശ്വാസത്തോടെ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ബോധ്യത്തോടെ സംസാരിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി നിൽക്കുവിൻ
    2000 വീക്ഷാഗോപുരം
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 32 പേ. 194-പേ. 196 ഖ. 4

പാഠം 32

ബോധ്യത്തോടെ അവതരിപ്പിക്കൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

പറയുന്ന കാര്യത്തിന്റെ സത്യതയും പ്രാധാന്യവും സംബന്ധിച്ച്‌ നിങ്ങൾക്കു പൂർണ ബോധ്യമുണ്ടെന്നു കാണിക്കുന്ന വിധത്തിൽ സംസാരിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

നിങ്ങൾ ബോധ്യത്തോടെ സംസാരിക്കുമ്പോൾ അത്‌ നിങ്ങൾ പറയുന്നതു ഗൗരവത്തോടെ എടുക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും.

ഒരു വ്യക്തി ബോധ്യത്തോടെ സംസാരിക്കുമ്പോൾ, പറയുന്ന കാര്യത്തിൽ അയാൾക്ക്‌ ഉറച്ച വിശ്വാസമുണ്ടെന്നു മറ്റുള്ളവർക്കു മനസ്സിലാകും. അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ ശുശ്രൂഷയിൽ വിവരങ്ങൾ അവതരിപ്പിച്ചത്‌ അത്തരം ബോധ്യത്തോടെയാണ്‌. തെസ്സലൊനീക്യയിൽ വിശ്വാസികൾ ആയിത്തീർന്നവർക്ക്‌ അവൻ എഴുതി: “ഞങ്ങൾ നിങ്ങളെ സുവിശേഷം അറിയിച്ചതു വചനത്തിൽ മാത്രമല്ല, . . . ഉത്തമമായ ബോധ്യത്തോടെയുമത്രേ.” (1 തെസ്സ. 1:​5, പി.ഒ.സി. ബൈ.) ആ ബോധ്യം അവന്റെ സംസാരത്തിലും ജീവിതരീതിയിലും പ്രകടമായിരുന്നു. നാം ബൈബിൾ സത്യങ്ങൾ അവതരിപ്പിക്കുന്ന രീതിയിലും ഉറച്ച ബോധ്യം പ്രകടമായിരിക്കണം.

ബോധ്യം പ്രകടമാക്കുക എന്നാൽ മർക്കടമുഷ്ടി കാട്ടുകയെന്നോ കടുംപിടിത്തക്കാർ ആയിരിക്കുകയെന്നോ ധാർഷ്ട്യം കാണിക്കുകയെന്നോ അല്ല അർഥം. പകരം, ഉറച്ച വിശ്വാസം ധ്വനിപ്പിക്കുന്ന ഒരു വിധത്തിൽ ദൈവവചനത്തിലുള്ള കാര്യങ്ങളെ കുറിച്ചു സംസാരിക്കുക എന്നാണ്‌.​—എബ്രാ. 11:⁠1.

ബോധ്യം പ്രകടമാക്കേണ്ട സന്ദർഭങ്ങൾ. വയൽശുശ്രൂഷയിൽ ആയിരിക്കുമ്പോൾ ബോധ്യത്തോടെ സംസാരിക്കുന്നതു പ്രധാനമാണ്‌. ആളുകൾ പലപ്പോഴും നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കുന്നതുപോലെ തന്നെ നിങ്ങളുടെ സംസാരരീതിയും ശ്രദ്ധിക്കും. നിങ്ങൾ പറയുന്ന കാര്യത്തെ കുറിച്ചു നിങ്ങൾക്ക്‌ യഥാർഥത്തിൽ ബോധ്യമുണ്ടോ ഇല്ലയോ എന്ന്‌ അവർ മനസ്സിലാക്കും. വാക്കുകൾ കേവലം ഉച്ചരിക്കുന്നതിനു പകരം ബോധ്യത്തോടെ സംസാരിക്കുന്നെങ്കിൽ, അങ്ങേയറ്റം മൂല്യവത്തായ ചിലതാണ്‌ നിങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നതെന്ന്‌ ശ്രോതാക്കൾക്കു കൂടുതൽ വ്യക്തമാകും.

സഹവിശ്വാസികൾ അടങ്ങുന്ന ഒരു സദസ്സിനെ സംബോധന ചെയ്യുമ്പോഴും ബോധ്യം പ്രകടമാക്കേണ്ടതുണ്ട്‌. “പ്രോത്സാഹനവും, ഇത്‌ ദൈവത്തിന്റെ യഥാർഥ അനർഹദയയാണ്‌ എന്ന ഉറച്ച സാക്ഷ്യവും നൽകാൻ” അപ്പൊസ്‌തലനായ പത്രൊസ്‌ തന്റെ ഒന്നാമത്തെ നിശ്വസ്‌ത ലേഖനം എഴുതി. ‘ഉറച്ചുനിൽക്കാൻ’ അതിൽ അവൻ തന്റെ സഹോദരങ്ങളെ ഉദ്‌ബോധിപ്പിച്ചു. (1 പത്രൊ. 5:​12, NW) റോമിലെ സഭയ്‌ക്ക്‌ എഴുതവേ, അപ്പൊസ്‌തലനായ പൗലൊസ്‌ പ്രകടമാക്കിയ ബോധ്യം അവർക്കു പ്രയോജകീഭവിച്ചു. അവൻ എഴുതി: “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്‌ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു [“എനിക്കു ബോധ്യമുണ്ട്‌, NW].” (റോമ. 8:38, 39) മറ്റുള്ളവരോടു പ്രസംഗിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും പൗലൊസ്‌ ബോധ്യം വരുത്തുന്ന രീതിയിൽ എഴുതുകയുണ്ടായി. ആ വേലയിൽ അവൻതന്നെ കാണിച്ച തീക്ഷ്‌ണത അതിന്റെ പ്രാധാന്യം സംബന്ധിച്ച്‌ അവനു വ്യക്തിപരമായി ബോധ്യമുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു. (പ്രവൃ. 20:18-21; റോമ. 10:9, 13-15) ദൈവവചനം പഠിപ്പിക്കുമ്പോൾ, ഇന്നത്തെ ക്രിസ്‌തീയ മൂപ്പന്മാരും അതുപോലുള്ള ബോധ്യം പ്രകടമാക്കണം.

അധ്യയന വേളകളിലും മറ്റു സമയങ്ങളിലും മക്കളുമായി ആത്മീയ വിവരങ്ങൾ ചർച്ച ചെയ്യുമ്പോൾ മാതാപിതാക്കൾ ബോധ്യത്തോടെ സംസാരിക്കേണ്ട ആവശ്യമുണ്ട്‌. അതിന്‌ മാതാപിതാക്കൾ സ്വന്തം ഹൃദയങ്ങളിൽ ദൈവത്തോടും അവന്റെ വഴികളോടുമുള്ള സ്‌നേഹം നട്ടുവളർത്തണം. അങ്ങനെയാകുമ്പോൾ അവർക്കു ഹൃദയംഗമമായ ബോധ്യത്തോടെ മക്കളോടു സംസാരിക്കാൻ കഴിയും. “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നതു.” (ലൂക്കൊ. 6:45; ആവ. 6:5-7) അത്തരം ബോധ്യം ഉണ്ടായിരിക്കുന്നത്‌ “നിർവ്യാജവിശ്വാസത്തിന്റെ” മാതൃക വെക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും.​—2 തിമൊ. 1:⁠4.

നിങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുമ്പോൾ ബോധ്യത്തോടെ സംസാരിക്കേണ്ടതു വിശേഷാൽ പ്രധാനമാണ്‌. നിങ്ങൾ ഒരു പ്രത്യേക ആഘോഷത്തിൽ പങ്കെടുക്കാത്തതിൽ ഒരു സഹപാഠിയോ അധ്യാപകനോ സഹജോലിക്കാരനോ ആശ്ചര്യം പ്രകടിപ്പിച്ചേക്കാം. ഉറച്ചതും യുക്തിസഹവുമായ മറുപടി നിങ്ങളുടെ ബൈബിൾ അധിഷ്‌ഠിത നിലപാടിനെ ആദരിക്കാൻ അയാളെ സഹായിച്ചേക്കാം. വഞ്ചനയോ മയക്കുമരുന്നു ദുരുപയോഗമോ ലൈംഗിക അധാർമികതയോ പോലുള്ള തെറ്റായ നടത്തയിൽ ഏർപ്പെടാൻ ആരെങ്കിലും നിങ്ങളെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലെന്ത്‌? ഒരു കാരണവശാലും നിങ്ങൾ അത്തരം നടത്തയിൽ ഏർപ്പെടുകയില്ലെന്നും എത്രതന്നെ ശ്രമിച്ചാലും നിങ്ങളുടെ മനസ്സു മാറ്റാൻ അവർക്കാവില്ലെന്നും വ്യക്തമാക്കുന്നതു പ്രധാനമാണ്‌. അതിന്‌ അത്തരം പ്രലോഭനത്തെ നിരസിക്കുന്ന സമയത്തു നിങ്ങൾ ബോധ്യത്തോടെ സംസാരിക്കേണ്ടതുണ്ട്‌. പോത്തീഫറിന്റെ ഭാര്യയുടെ അധാർമിക മുന്നേറ്റങ്ങളെ ചെറുക്കവേ യോസേഫ്‌ ദൃഢമായി ഇങ്ങനെ പ്രസ്‌താവിച്ചു: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ.” അവൾ എന്നിട്ടും പിന്മാറില്ലെന്നു കണ്ടപ്പോൾ അവൻ വീടിനു പുറത്തേക്ക്‌ ഓടിക്കളഞ്ഞു.​—ഉല്‌പ. 39:​9, 12.

ബോധ്യം പ്രകടമാക്കപ്പെടുന്ന വിധം. നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾക്ക്‌ വളരെ നന്നായി ബോധ്യം വിളിച്ചറിയിക്കാൻ കഴിയും. നിരവധി സന്ദർഭങ്ങളിൽ യേശു പ്രധാനപ്പെട്ട പ്രസ്‌താവനകൾ നടത്തുന്നതിനു മുമ്പായി “സത്യം സത്യമായി ഞാൻ നിന്നോടു [അല്ലെങ്കിൽ നിങ്ങളോടു] പറയുന്നു” എന്നു പറയുകയുണ്ടായി. (യോഹ. 3:3, 5, 11, പി.ഒ.സി. ബൈ.; യോഹ. 5:19, 24, 25, പി.ഒ.സി. ബൈ.) “ഞാൻ ഉറെച്ചിരിക്കുന്നു [“എനിക്കു ബോധ്യമുണ്ട്‌, NW],” “ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു,” “ഞാൻ . . . ഭോഷ്‌കല്ല, പരമാർത്ഥം തന്നേ പറയുന്നു,” തുടങ്ങിയ പ്രസ്‌താവനകൾ പൗലൊസിന്റെ ബോധ്യത്തെ പ്രതിഫലിപ്പിച്ചു. (റോമ. 8:39; 14:14; 1 തിമൊ. 2:7) തന്റെ വചനത്തിന്റെ നിവൃത്തിയെ കുറിച്ചു പറയവേ, “അതു വരും നിശ്ചയം” എന്നതു പോലുള്ള ദൃഢമായ പ്രസ്‌താവനകൾ നടത്താൻ യഹോവ ചിലപ്പോഴൊക്കെ തന്റെ പ്രവാചകന്മാരെ നിശ്വസ്‌തരാക്കി. (ഹബ. 2:3) ഈ പ്രവചനങ്ങളെ കുറിച്ചു പരാമർശിക്കുമ്പോൾ നിങ്ങൾക്കു സമാനമായ ഭാഷ ഉപയോഗിക്കാവുന്നതാണ്‌. നിങ്ങളിൽത്തന്നെ ആശ്രയിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിക്കുകയും മറ്റുള്ളവരോട്‌ ആദരവോടെ സംസാരിക്കുകയും ചെയ്യുന്നെങ്കിൽ, സമാനമായ ബോധ്യം പ്രതിഫലിപ്പിക്കുന്ന വാക്കുകൾ നിങ്ങൾക്കു ശക്തമായ വിശ്വാസം ഉണ്ടെന്നു തെളിയിക്കും.

അതുപോലെ ഗൗരവത്തോടെയും ആത്മാർഥതയോടെയും തീവ്രതയോടെയും കാര്യങ്ങൾ അവതരിപ്പിക്കുന്നതു മുഖേനയും നിങ്ങൾക്കു ബോധ്യം പ്രകടമാക്കാനായേക്കും. നിങ്ങളുടെ മുഖഭാവങ്ങളും ആംഗ്യങ്ങളും ശരീര ഭാഷയുമെല്ലാം ഇതിൽ ഒരു പങ്കുവഹിക്കുന്നു, എന്നാൽ, ഓരോ വ്യക്തിയിലും ഇവ കുറെയൊക്കെ വ്യത്യാസപ്പെട്ടിരിക്കും. നിങ്ങൾ സ്വതേ ഒരു ലജ്ജാലുവോ മൃദുഭാഷിയോ ആണെങ്കിൽ കൂടി, നിങ്ങൾ പറയുന്നതു സത്യമാണെന്നും മറ്റുള്ളവർ അതു കേൾക്കേണ്ടതുണ്ടെന്നും നിങ്ങൾക്കു പൂർണ ഉറപ്പ്‌ ഉള്ളപ്പോൾ നിങ്ങളുടെ ബോധ്യം അവതരണത്തിൽ പ്രതിഫലിക്കും.

തീർച്ചയായും, നമ്മൾ ബോധ്യം പ്രകടമാക്കുമ്പോൾ അത്‌ എല്ലായ്‌പോഴും ആത്മാർഥമായിരിക്കണം. ഹൃദയത്തിൽനിന്നു സംസാരിക്കുന്നതിനു പകരം, ബോധ്യം നടിക്കുകയാണെന്ന്‌ ആളുകൾക്കു തോന്നാൻ ഇടവരുന്നെങ്കിൽ നമ്മുടെ സന്ദേശത്തിൽ കഴമ്പില്ലെന്ന്‌ അവർ നിഗമനം ചെയ്യാനിടയുണ്ട്‌. അതുകൊണ്ട്‌, കൃത്രിമത്വം നിഴലിക്കാതെ സംസാരിക്കുന്നതു വിശേഷിച്ചും പ്രധാനമാണ്‌. സദസ്സിന്റെ വലിപ്പം അനുസരിച്ച്‌ സാധാരണയിലും ശബ്ദമുയർത്തിയോ തീവ്രത കൂട്ടിയോ സംസാരിക്കേണ്ടിവന്നേക്കാം. എന്നാൽ ആത്മാർഥതയോടെയും കൃത്രിമത്വം കൂടാതെയും സംസാരിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.

ബോധ്യം വെളിപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങൾ. ബോധ്യത്തിൽ, അവതരിപ്പിക്കുന്ന വിവരങ്ങൾ സംബന്ധിച്ച നിങ്ങളുടെ വികാരങ്ങൾ ഉൾപ്പെടുന്നതിനാൽ, നല്ല തയ്യാറാകൽ പ്രധാനമാണ്‌. ഒരു പ്രസിദ്ധീകരണത്തിൽനിന്നു കുറെ വിവരങ്ങൾ പകർത്തിയിട്ട്‌ അവ അതുപടി ആവർത്തിച്ചതുകൊണ്ട്‌ ആയില്ല. വിവരങ്ങൾ നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം, അവ സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനും കഴിയണം. അവ സത്യമാണെന്നും നിങ്ങൾ പറയുന്ന കാര്യങ്ങൾ സദസ്സിനു മൂല്യമുള്ളതാണെന്നും നിങ്ങൾക്കു പൂർണ ബോധ്യം ഉണ്ടായിരിക്കണം. ഇതിന്റെ അർഥം, പരിപാടി തയ്യാറാകുമ്പോൾ നിങ്ങൾ സദസ്സിലുള്ളവരുടെ സാഹചര്യങ്ങളും വിഷയത്തെ കുറിച്ച്‌ അവർക്ക്‌ ഇപ്പോൾത്തന്നെ അറിയാവുന്ന സംഗതികളും അതേക്കുറിച്ചുള്ള അവരുടെ ധാരണകളും കണക്കിലെടുക്കേണ്ടതുണ്ട്‌ എന്നാണ്‌.

നമ്മുടെ അവതരണം ഒഴുക്കുള്ളതായിരിക്കുമ്പോൾ നമുക്കു ബോധ്യമുണ്ടെന്നു മറ്റുള്ളവർക്കു മനസ്സിലാക്കാൻ കൂടുതൽ എളുപ്പമായിരിക്കും. അതുകൊണ്ട്‌, നല്ല വിവരങ്ങൾ തയ്യാറാകുന്നതോടൊപ്പം അവതരണ രീതി മെച്ചപ്പെടുത്താനും കഠിന ശ്രമം നടത്തുക. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ആത്മാർഥതയോടെ അവതരിപ്പിക്കേണ്ട ഭാഗങ്ങൾക്ക്‌, അവ നോട്ടിൽ അധികം ആശ്രയിക്കാതെ അവതരിപ്പിക്കാൻ കഴിയത്തക്കവണ്ണം വിശേഷ ശ്രദ്ധ നൽകുക. നിങ്ങളുടെ ശ്രമങ്ങളുടെ മേൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കാനും മറക്കരുത്‌. ഈ വിധത്തിൽ, നിങ്ങളുടെ സന്ദേശത്തിന്റെ സത്യതയും പ്രാധാന്യവും സംബന്ധിച്ച നിങ്ങളുടെ ബോധ്യം പ്രതിഫലിക്കുന്ന ഒരു വിധത്തിൽ സംസാരിക്കാൻ നിങ്ങൾ ‘ദൈവത്തിൽ ധൈര്യപ്പെടുന്ന’തായിരിക്കും.​—1 തെസ്സ. 2:⁠2.

അതു ചെയ്യാവുന്ന വിധം

  • നിങ്ങളുടെ വിഷയത്തിനു യോജിച്ച വികാരഭാവത്തോടെ സംസാരിക്കുക.

  • നിങ്ങളുടെ ബോധ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഭാഷ ഉപയോഗിക്കുക.

  • അവതരിപ്പിക്കാൻ പോകുന്ന വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കി, സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാൻ കഴിയുന്നതുവരെ അവ പഠിക്കുക. ആ വിവരങ്ങളുടെ സത്യതയെയും നിങ്ങളുടെ സദസ്സിനെ സംബന്ധിച്ചിടത്തോളം അതിനുള്ള മൂല്യത്തെയും കുറിച്ചു നിങ്ങൾക്കു പൂർണ ബോധ്യം ഉണ്ടായിരിക്കണം.

അഭ്യാസം: പിൻവരുന്ന ബൈബിൾ വിവരണങ്ങൾ പഠിക്കുക: പുറപ്പാടു 14:10-14; 2 രാജാക്കന്മാർ 5:1-3; ദാനീയേൽ 3:13-18; പ്രവൃത്തികൾ 2:22-36. ആ ഭാഗങ്ങളിൽ വർണിച്ചിരിക്കുന്ന സന്ദർഭങ്ങളിൽ ദൈവദാസന്മാർ തങ്ങളുടെ ബോധ്യം പ്രകടമാക്കിയത്‌ എങ്ങനെ? അവരുടെ ബോധ്യത്തിനുള്ള അടിസ്ഥാനം എന്തായിരുന്നു? നിങ്ങൾക്ക്‌ ഇന്ന്‌ അതുപോലുള്ള ബോധ്യം എങ്ങനെ പ്രകടമാക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക