അധ്യായം ഇരുപത്
യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്തുക
1. ഈ പഴയ വ്യവസ്ഥിതിയുടെ യാതനകളിൽ നിന്നുള്ള വിടുതൽ ആസന്നമാണെന്ന് ആദ്യമായി മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നി?
ബൈബിളിൽനിന്നു നിങ്ങൾ പഠിച്ച ആദ്യ കാര്യങ്ങളിലൊന്ന് മുഴുഭൂമിയും ഒരു പറുദീസ ആയിത്തീരണമെന്നുള്ളത് യഹോവയുടെ ഉദ്ദേശ്യമാണ് എന്നതാണ്. ആ പുതിയ ലോകത്തിൽ യുദ്ധം, കുറ്റകൃത്യം, ദാരിദ്ര്യം, രോഗം, ദുരിതം, മരണം എന്നിവ മേലാൽ ഉണ്ടായിരിക്കുകയില്ല. മരിച്ചവർ പോലും ജീവനിലേക്കു മടങ്ങിവരും. എത്ര അത്ഭുതകരമായ പ്രത്യാശ! ഭരിക്കുന്ന രാജാവെന്ന നിലയിലുള്ള ക്രിസ്തുവിന്റെ അദൃശ്യ സാന്നിധ്യം 1914-ൽ തുടങ്ങി എന്നതിനും അന്നുമുതൽ നാം ഈ ദുഷ്ടലോകത്തിന്റെ അന്ത്യനാളുകളിലാണു ജീവിക്കുന്നത് എന്നതിനും ഉള്ള തെളിവുകൾ ആ പ്രത്യാശയുടെ നിവൃത്തി ആസന്നമായിരിക്കുന്നു എന്നതിന് അടിവരയിടുന്നു. ഈ അന്ത്യനാളുകളുടെ അവസാനത്തിൽ യഹോവ ഇപ്പോഴത്തെ വ്യവസ്ഥിതിയെ നശിപ്പിക്കുകയും വാഗ്ദത്തം ചെയ്ത പുതിയ ലോകം ആനയിക്കുകയും ചെയ്യും!
2. “യഹോവയുടെ ദിവസം” എന്താണ്?
2 ഈ വരാനിരിക്കുന്ന നാശത്തിന്റെ കാലത്തെ “യഹോവയുടെ ദിവസം” എന്നു ബൈബിൾ വിളിക്കുന്നു. (2 പത്രൊസ് 3:10, NW) അത് സാത്താന്റെ മുഴുലോകത്തിനും എതിരെയുള്ള “യഹോവയുടെ കോപദിവസ”മാണ്. (സെഫന്യാവു 2:3) ‘എബ്രായയിൽ ഹാർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലമായ സർവശക്തനായ ദൈവത്തിന്റെ മഹാദിവസ’ത്തിൽ അത് അതിന്റെ പാരമ്യത്തിലെത്തുന്നു. അതിൽ ‘സർവ്വഭൂതലത്തിലുമുള്ള രാജാക്കന്മാർ’ നിർമൂലമാക്കപ്പെടുന്നു. (വെളിപ്പാടു 16:14, 16) ‘യഹോവയുടെ ഈ ദിവസം’ അടുത്തിരിക്കുന്നു എന്ന ബോധ്യത്തെ നിങ്ങളുടെ ജീവിതരീതി പ്രകടമാക്കുന്നുണ്ടോ?—സെഫന്യാവു 1:14-18; യിരെമ്യാവു 25:33.
3. (എ) യഹോവയുടെ ദിവസം എപ്പോൾ വരും? (ബി) യഹോവ “ആ നാളും നാഴികയും” വെളിപ്പെടുത്താത്തതു പ്രയോജനകരമെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
3 സാത്താന്റെ വ്യവസ്ഥിതിക്കെതിരെ യേശുക്രിസ്തു യഹോവയുടെ വധാധികൃതനായി വരുന്ന കൃത്യതീയതി ബൈബിൾ നമ്മോടു പറയുന്നില്ല. “ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല” എന്ന് യേശു പറഞ്ഞു. (മർക്കൊസ് 13:32) യഹോവയെ യഥാർഥമായി സ്നേഹിക്കാത്തവർ തങ്ങളുടെ മനസ്സിൽ അവന്റെ ദിവസം നീട്ടിവെക്കാനും ലൗകിക അനുധാവനങ്ങളിലേക്കു തിരിയാനും പ്രവണത കാട്ടും. എന്നാൽ യഹോവയെ യഥാർഥമായി സ്നേഹിക്കുന്നവർ, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം എപ്പോൾ വരുന്നു എന്നതു ഗണ്യമാക്കാതെ അവനെ മുഴുദേഹിയോടെ സേവിക്കും.—സങ്കീർത്തനം 37:4; 1 യോഹന്നാൻ 5:3.
4. യേശു എന്തു മുന്നറിയിപ്പു നൽകി?
4 യഹോവയെ സ്നേഹിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പെന്ന നിലയിൽ, യേശു പറഞ്ഞു: “ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവിൻ. സമയം എപ്പോഴാണെന്നു നിങ്ങൾക്കറിവില്ലല്ലോ.” (മർക്കൊസ് 13:33-37, പി.ഒ.സി. ബൈബിൾ) കാലത്തിന്റെ ഗൗരവത്തിന്റെ കാഴ്ചപ്പാടു നഷ്ടപ്പെടത്തക്കവിധം തീനും കുടിയും ‘ഉപജീവനചിന്തകളും’ നമ്മുടെ ശ്രദ്ധയിലധികവും കവർന്നെടുക്കാൻ അനുവദിക്കരുതെന്ന് അവൻ നമ്മെ ഉപദേശിക്കുന്നു.—ലൂക്കൊസ് 21:34-36; മത്തായി 24:37-42.
5. പത്രൊസ് വിശദീകരിച്ചതുപോലെ, യഹോവയുടെ ദിവസം എന്തു കൈവരുത്തും?
5 ‘ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസ’ത്തെ ‘മനസ്സിൽ അടുപ്പിച്ചുനിറുത്താൻ’ (NW) പത്രൊസും സമാനമായി നമ്മെ ബുദ്ധിയുപദേശിക്കുന്നു. “ആകാശങ്ങൾ” അഥവാ സകല മാനുഷ ഭരണകൂടങ്ങളും നശിപ്പിക്കപ്പെടും. അതുപോലെതന്നെ പൊതു ദുഷ്ട മനുഷ്യ സമുദായമാകുന്ന “ഭൂമി”യും അതിന്റെ ‘മൂലകങ്ങ’ളായ ഈ ദുഷ്ടലോകത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും—ദൈവത്തിൽനിന്ന് അകന്ന സ്വാതന്ത്ര്യത്തിന്റെ മനോഭാവവും അധാർമികതയും ഭൗതികത്വപരമായ ലോകജീവിതരീതിയും അതിൽ ഉൾപ്പെടുന്നു—തുടച്ചു നീക്കപ്പെടും. അവയ്ക്കു പകരം “നീതി വസിക്കുന്ന” ‘പുതിയ ആകാശവും [ദൈവത്തിന്റെ സ്വർഗീയ രാജ്യം] പുതിയ ഭൂമിയും [ഒരു പുതിയ ഭൗമിക സമൂഹം]’ സ്ഥാപിതമാകും. (2 പത്രൊസ് 3:10-13, NW) ലോകത്തെ പിടിച്ചുലയ്ക്കുന്ന ഈ സംഭവവികാസങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ദിവസത്തിലും നാഴികയിലും പെട്ടെന്നു തുടങ്ങും.—മത്തായി 24:44.
അടയാളം സംബന്ധിച്ച് ഉണർന്നിരിക്കുക
6. (എ) ശിഷ്യന്മാരുടെ ചോദ്യത്തിന് യേശു കൊടുത്ത ഉത്തരം യഹൂദ വ്യവസ്ഥിതിയുടെ അന്ത്യത്തിന് എത്രത്തോളം ബാധകമായി? (ബി) യേശുവിന്റെ ഉത്തരത്തിന്റെ ഏതു ഭാഗങ്ങൾ 1914 മുതലുള്ള സംഭവങ്ങൾക്കും മനോഭാവങ്ങൾക്കും ബാധകമാകുന്നു?
6 നാം ജീവിക്കുന്ന കാലത്തിന്റെ വീക്ഷണത്തിൽ അവസാന നാളുകളെ—“വ്യവസ്ഥിതിയുടെ സമാപന”ത്തെ—തിരിച്ചറിയിക്കുന്ന സംയുക്ത അടയാളത്തിന്റെ വിശദാംശങ്ങളുമായി നാം സുപരിചിതരായിരിക്കണം. മത്തായി 24:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് യേശു ഉത്തരം പറഞ്ഞപ്പോൾ 4 മുതൽ 22 വരെയുള്ള വാക്യങ്ങളിൽ അവൻ വർണിച്ച ചില കാര്യങ്ങൾക്ക് പൊ.യു. 33-നും 70-നും ഇടയിൽ യഹൂദ വ്യവസ്ഥിതിയുടെമേൽ ചെറിയ തോതിലുള്ള ഒരു നിവൃത്തി ഉണ്ടായി എന്ന് ഓർക്കുക. എന്നാൽ ഈ പ്രവചനത്തിന് അതിന്റെ വലിയ നിവൃത്തി ഉണ്ടാകുന്നത് ക്രിസ്തുവിന്റെ “സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും” സമയമായ 1914 മുതലുള്ള കാലഘട്ടത്തിലാണ്. പൊ.യു. 70 മുതൽ ക്രിസ്തുവിന്റെ സാന്നിധ്യം വരെയുള്ള കാലഘട്ടത്തിൽ എന്തു നടക്കുമെന്ന് മത്തായി 24:23-28 പറയുന്നു. മത്തായി 24:29–25:46 വരെ വർണിച്ചിരിക്കുന്ന സംഭവങ്ങൾ നടക്കുന്നത് അന്ത്യകാലത്താണ്.
7. (എ) ഇപ്പോഴത്തെ സംഭവങ്ങൾ അടയാളത്തിന്റെ നിവൃത്തിയായിരിക്കുന്നത് എങ്ങനെ എന്നതു സംബന്ധിച്ചു നാം വ്യക്തിപരമായി ഉണർവുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) പ്രസ്തുത അടയാളം 1914 മുതൽ എങ്ങനെ നിവൃത്തിയേറിയിരിക്കുന്നു എന്നു കാണിച്ചുകൊണ്ട് ഈ ഖണ്ഡികയുടെ ഒടുവിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുക.
7 പ്രസ്തുത അടയാളത്തിന്റെ നിവൃത്തിയായി കാണുന്ന സംഭവങ്ങളെയും മനോഭാവങ്ങളെയും സംബന്ധിച്ചു നമ്മൾ വ്യക്തിപരമായി ഉണർവുള്ളവർ ആയിരിക്കേണ്ടതാണ്. ഈ കാര്യങ്ങളെ ബൈബിൾ പ്രവചനത്തോടു ബന്ധിപ്പിക്കുന്നതു യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്താൻ നമ്മെ സഹായിക്കും. ആ ദിവസത്തിന്റെ സാമീപ്യത്തെ കുറിച്ചു മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുന്നതിൽ സ്ഥിരോത്സാഹം ഉള്ളവരായിരിക്കാനും അതു നമ്മെ പ്രാപ്തരാക്കും. (യെശയ്യാവു 61:1, 2) ഈ ലക്ഷ്യങ്ങൾ മനസ്സിൽവെച്ചുകൊണ്ട്, മത്തായി 24:7-ലും ലൂക്കൊസ് 21:10, 11-ലും രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം അടയാളത്തിന്റെ ഭാഗങ്ങളെ പ്രദീപ്തമാക്കുന്ന പിൻവരുന്ന ചോദ്യങ്ങൾ നമുക്കു പുനരവലോകനം ചെയ്യാം.
മുൻകൂട്ടി പറയപ്പെട്ട, ‘ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായുമുള്ള’ എഴുന്നേൽക്കൽ 1914 മുതൽ ഏത് അസാധാരണ വിധത്തിൽ നിവൃത്തിയായി? യുദ്ധങ്ങളുടെ കാര്യത്തിൽ, അന്നുമുതൽ എന്തു സംഭവിച്ചിരിക്കുന്നു?
ഏതു പകർച്ചവ്യാധി 1918-ൽ, ഒന്നാം ലോകമഹായുദ്ധത്തിലേതിനെക്കാൾ കൂടുതൽ ജീവൻ അപഹരിച്ചുവെന്നു നിങ്ങൾ ഓർക്കുന്നുണ്ടോ? (പരിജ്ഞാനം പുസ്തകത്തിന്റെ 11-ാം അധ്യായത്തിലെ 7-ാം ഖണ്ഡിക കാണുക.) മനുഷ്യൻ വൈദ്യശാസ്ത്ര വിജ്ഞാനം നേടിയിട്ടും ഏതു രോഗങ്ങൾ ഇപ്പോഴും ദശലക്ഷങ്ങളെ കൊന്നൊടുക്കുന്നു?
കഴിഞ്ഞ നൂറ്റാണ്ടിൽ ശാസ്ത്രം പുരോഗതി കൈവരിച്ചിട്ടും ഭക്ഷ്യക്ഷാമം എത്രത്തോളം ഭൂമിയെ ബാധിച്ചിരിക്കുന്നു?
2 തിമൊഥെയൊസ് 3:1-5, 13 വർണിക്കുന്നത് എക്കാലത്തും നിലനിന്നിരുന്ന ജീവിതരീതിയെ അല്ല, പിന്നെയോ നാം അന്ത്യനാളുകളുടെ അവസാനത്തിലേക്കു നീങ്ങവേ രൂക്ഷമായിത്തീർന്നിരിക്കുന്ന ദുരവസ്ഥകളെയാണെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നതെന്ത്?
ജനങ്ങളുടെ വേർതിരിക്കൽ
8. (എ) മത്തായി 13:24-30, 36-43-ൽ വർണിച്ചിരിക്കുന്ന വേറെ എന്തിനെ യേശു വ്യവസ്ഥിതിയുടെ സമാപനവുമായി ബന്ധിപ്പിച്ചു? (ബി) യേശുവിന്റെ ഉപമയുടെ അർഥമെന്ത്?
8 വ്യവസ്ഥിതിയുടെ സമാപനത്തോട് യേശു ബന്ധപ്പെടുത്തിയ മറ്റു സുപ്രധാന സംഭവങ്ങൾ ഉണ്ട്. അവയിലൊന്ന് ‘രാജ്യത്തിന്റെ പുത്രന്മാരെ’ ‘ദുഷ്ടന്റെ പുത്രന്മാരിൽ’നിന്നു വേർതിരിക്കുന്നതാണ്. ഒരു ഉപമയിലൂടെ ആയിരുന്നു യേശു അതു വ്യക്തമാക്കിയത്. നല്ല വിത്തുകൾക്കു മീതെ ശത്രു കളകൾ വിതച്ചു പൊയ്ക്കളഞ്ഞ ഒരു കോതമ്പു വയലിനെ കുറിച്ചുള്ളതായിരുന്നു ഉപമ. ദൃഷ്ടാന്തത്തിലെ “കോതമ്പ്” യഥാർഥ അഭിഷിക്ത ക്രിസ്ത്യാനികളെ പ്രതിനിധാനം ചെയ്യുന്നു. “കള” ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെങ്കിലും പിശാച് ഭരണാധികാരിയായിരിക്കുന്ന ലോകത്തോടു പറ്റിനിൽക്കുന്നതു നിമിത്തം “ദുഷ്ടന്റെ പുത്രന്മാർ” എന്നു സ്വയം തെളിയിക്കുന്നവരാണ്. ഇവർ ‘[ദൈവ]രാജ്യത്തിന്റെ പുത്ര’ന്മാരിൽനിന്നു വേർതിരിക്കപ്പെട്ട് നാശത്തിനായി അടയാളമിടപ്പെടുകയും ചെയ്യുന്നു. (മത്തായി 13:24-30, 36-43) ഇതു യഥാർഥത്തിൽ നടന്നിരിക്കുന്നുവോ?
9. (എ) ഒന്നാം ലോകമഹായുദ്ധാനന്തരം, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന എല്ലാവരുടെയും ഏതു വേർതിരിക്കൽ നടന്നു? (ബി) തങ്ങൾ രാജ്യത്തിന്റെ യഥാർഥ സേവകരാണെന്ന് അഭിഷിക്ത ക്രിസ്ത്യാനികൾ തെളിവു നൽകിയത് എങ്ങനെ?
9 ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട എല്ലാവരുടെയും രണ്ടു വർഗങ്ങളായുള്ള ഒരു വേർതിരിക്കൽ ഉണ്ടായിരുന്നു: (1) സ്വന്തം ദേശത്തോടു ഭക്തി കാണിക്കുകയും അതേസമയം സർവരാജ്യസഖ്യത്തെ (ഇന്നത്തെ ഐക്യരാഷ്ട്രങ്ങൾ) പിന്തുണയ്ക്കാൻ മുന്നോട്ടുവരികയും ചെയ്ത ക്രൈസ്തവലോകത്തിലെ വൈദികരും അവരുടെ അനുഗാമികളും, (2) തങ്ങളുടെ പൂർണ പിന്തുണ ഈ ലോകത്തിലെ രാഷ്ട്രങ്ങൾക്കല്ല, പിന്നെയോ ദൈവത്തിന്റെ മിശിഹൈക രാജ്യത്തിനു നൽകിയ, യുദ്ധാനന്തര കാലഘട്ടത്തിലെ സത്യ ക്രിസ്ത്യാനികൾ. (യോഹന്നാൻ 17:16) ഇവർ ‘രാജ്യത്തിന്റെ ഈ സുവിശേഷത്തിന്റെ’ പ്രസംഗം ഏറ്റെടുത്തുകൊണ്ട് ദൈവരാജ്യത്തിന്റെ യഥാർഥ സേവകരാണെന്നു തെളിയിച്ചിരിക്കുന്നു. (മത്തായി 24:14) ഫലമെന്തായിരുന്നു?
10. രാജ്യപ്രസംഗ പ്രവർത്തനത്തിന്റെ ആദ്യഫലം എന്തായിരുന്നു?
10 ആദ്യം നടന്നത്, ദൈവാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരുടെ കൂട്ടിച്ചേർപ്പ് ആയിരുന്നു. സ്വർഗീയ രാജ്യത്തിന്റെ ഭാഗമെന്ന നിലയിൽ ക്രിസ്തുവിനോടുകൂടെ ആയിരിക്കാനുള്ള പ്രത്യാശയുള്ളവരാണ് ഇവർ. അങ്ങനെയുള്ളവർ ജനതകളുടെ ഇടയിൽ ചിതറിക്കിടക്കുകയായിരുന്നെങ്കിലും അവർ സംഘടനാപരമായ ഐക്യത്തിലേക്കു വരുത്തപ്പെട്ടു. ഈ അഭിഷിക്തരുടെ മുദ്രയിടലിന്റെ പൂർത്തീകരണം അടുത്തുവരുകയാണ്.—വെളിപ്പാടു 7:3, 4.
11. ഏതു പ്രവചനത്തിനു ചേർച്ചയിൽ ഏതു കൂട്ടിച്ചേർക്കൽ വേല തുടരുന്നു?
11 അനന്തരം, ക്രിസ്തുവിന്റെ മാർഗനിർദേശത്തിൻ കീഴിൽ ‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള ഒരു മഹാപുരുഷാര’ത്തിന്റെ കൂട്ടിച്ചേർപ്പു തുടങ്ങി. ഇവർ “മഹോപദ്രവ”ത്തെ (NW) അതിജീവിച്ച് ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു പ്രവേശിക്കുന്ന “വേറെ ആടുകൾ” ആയിരിക്കും. (വെളിപ്പാടു 7:9, 14; യോഹന്നാൻ 10:16) അവസാനം വരുന്നതിനു മുമ്പു ചെയ്തുതീർക്കേണ്ട ദൈവരാജ്യത്തെ കുറിച്ചുള്ള പ്രസംഗവേല ഈ കാലം വരെയും തുടരുന്നു. ദശലക്ഷങ്ങൾ വരുന്ന വേറെ ആടുകളുടെ ഈ മഹാപുരുഷാരം, രാജ്യത്തിന്റെ മർമപ്രധാനമായ സന്ദേശം പ്രസിദ്ധമാക്കുന്നതിൽ അഭിഷിക്ത ശേഷിപ്പിനെ വിശ്വസ്തതയോടെ സഹായിക്കുന്നു. ഈ സന്ദേശം എല്ലാ രാഷ്ട്രങ്ങളിലും ഇന്നു മുഴങ്ങിക്കേൾക്കാം.
ഭാവിയിൽ സംഭവിക്കാനിരിക്കുന്നത്
12. യഹോവയുടെ ദിവസം വരുന്നതിനു മുമ്പ് പ്രസംഗവേല ഇനിയും എത്രത്തോളം ചെയ്യപ്പെടേണ്ടതുണ്ട്?
12 മേൽപ്പറഞ്ഞതെല്ലാം നാം അന്ത്യനാളുകളുടെ അവസാനത്തോട് അടുത്തിരിക്കുന്നെന്നും യഹോവയുടെ ദിവസം വളരെ സമീപസ്ഥമാണെന്നും സൂചിപ്പിക്കുന്നു. എന്നാൽ ഭയജനകമായ ആ ദിവസം തുടങ്ങുന്നതിനു മുമ്പ് ഇനിയും നിവൃത്തിയേറാനുള്ള പ്രവചനങ്ങൾ ഉണ്ടോ? ഉണ്ട്. ഒരു സംഗതി, രാജ്യ വിവാദപ്രശ്നത്തെ അടിസ്ഥാനമാക്കിയുള്ള ജനങ്ങളുടെ കൂട്ടിച്ചേർക്കൽ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ്. വർഷങ്ങളായി രാജ്യപ്രവർത്തനത്തിനെതിരെ കഠിനമായ എതിർപ്പു നിലനിലനിന്നിരുന്ന ചില പ്രദേശങ്ങളിൽ ഇപ്പോൾ പുതിയ ശിഷ്യന്മാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. ആളുകൾ സുവാർത്ത ത്യജിക്കുന്നിടത്തു പോലും നാം സാക്ഷ്യം കൊടുക്കുന്നതിലൂടെ യഹോവയുടെ കരുണ പ്രകടമാകുന്നു. അതുകൊണ്ട് ഈ വേലയിൽ തുടരുക! വേല പൂർത്തിയാകുമ്പോൾ അവസാനം വരുമെന്ന് യേശു നമുക്ക് ഉറപ്പു നൽകുന്നു.
13. 1 തെസ്സലൊനീക്യർ 5:2, 3-ൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ, ശ്രദ്ധേയമായ ഏതു സംഭവം ഇനിയും നടക്കാനിരിക്കുന്നു, അതു നമുക്ക് എന്ത് അർഥമാക്കും?
13 അത്യന്തം അർഥവത്തായ മറ്റൊരു ബൈബിൾ പ്രവചനം ഇങ്ങനെ മുൻകൂട്ടി പറയുന്നു: “അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററിയൊഴിയാവതുമല്ല.” (1 തെസ്സലൊനീക്യർ 5:2, 3) “സമാധാനമെന്നും നിർഭയമെന്നു”മുള്ള ആ പ്രഖ്യാപനം ഏതു രൂപത്തിലായിരിക്കുമെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നാൽ ലോകനേതാക്കന്മാർ മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ യഥാർഥമായി പരിഹരിച്ചിരിക്കുന്നു എന്ന് അതിനു തീർച്ചയായും അർഥമുണ്ടായിരിക്കുകയില്ല. യഹോവയുടെ ദിവസത്തെ മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നവർ ആ പ്രഖ്യാപനത്താൽ വഴിതെറ്റിക്കപ്പെടുകയില്ല. തൊട്ടുപിന്നാലെ നാശം വരുമെന്ന് അവർക്കറിയാം.
14. മഹോപദ്രവകാലത്ത് ഏതു സംഭവങ്ങൾ നടക്കും, ഏതു ക്രമത്തിൽ?
14 “മഹോപദ്രവ”ത്തിന്റെ തുടക്കത്തിൽ ഭരണാധികാരികൾ വ്യാജമത ലോകസാമ്രാജ്യത്തിന് എതിരെ തിരിഞ്ഞ് അവളെ നിർമൂലമാക്കും. (മത്തായി 24:21, NW; വെളിപ്പാടു 17:15, 16) അതിനു ശേഷം, രാഷ്ട്രങ്ങൾ യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നവർക്കെതിരെ തിരിയും. അത് രാഷ്ട്രീയ ഗവൺമെന്റുകൾക്കും അവയെ പിന്താങ്ങുന്നവർക്കും എതിരെ യഹോവയുടെ ഉഗ്രകോപം ഇളക്കിവിടും, തത്ഫലമായി അവർക്കു സമ്പൂർണമായ നാശം സംഭവിക്കും. അത് മഹോപദ്രവത്തിന്റെ അർമഗെദോൻ പാരമ്യമായിരിക്കും. അനന്തരം, സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിലടയ്ക്കപ്പെടും, മേലാൽ മനുഷ്യവർഗത്തെ സ്വാധീനിക്കാൻ അവർക്കാവില്ല. അങ്ങനെ യഹോവയുടെ നാമം ഉന്നതമാക്കപ്പെടും.—യെഹെസ്കേൽ 38:18, 22, 23; വെളിപ്പാടു 19:11–20:3.
15. യഹോവയുടെ ദിവസം ഇനിയും വിദൂരത്തിലാണെന്നു കരുതുന്നതു ബുദ്ധിശൂന്യമായിരിക്കുന്നത് എന്തുകൊണ്ട്?
15 ഈ വ്യവസ്ഥിതിയുടെ അവസാനം ദൈവത്തിന്റെ പട്ടികപ്രകാരം കൃത്യസമയത്തുതന്നെ സംഭവിക്കും. അതു താമസിക്കുകയില്ല. (ഹബക്കൂക് 2:3) പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തെ കുറിച്ചു ചിന്തിക്കുക. യഹൂദന്മാർ പ്രതീക്ഷിക്കാഞ്ഞ ഒരു സമയത്ത്, അപകടം മാറിപ്പോയി എന്ന് അവർ വിചാരിച്ച സമയത്ത്, പെട്ടെന്ന് അതു സംഭവിച്ചു. പുരാതന ബാബിലോനെ സംബന്ധിച്ചെന്ത്? കൂറ്റൻ മതിലുകളാൽ സംരക്ഷിക്കപ്പെട്ട് കരുത്തുറ്റ ഒരു രാഷ്ട്രമെന്ന നിലയിൽ അത് ആത്മധൈര്യത്തോടെ നിലകൊണ്ടു. എന്നാൽ ഒറ്റരാത്രികൊണ്ട് അതു നിലംപൊത്തി. അങ്ങനെതന്നെ ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ മേലും പെട്ടെന്നായിരിക്കും നാശം വരുന്നത്. അതു വരുമ്പോൾ, യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്തി, ആരാധനയിൽ ഏകീകൃതരായി നാം കാണപ്പെടുമാറാകട്ടെ.
പുനരവലോകന ചർച്ച
• യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
• ഇനിയും കഴിഞ്ഞിട്ടില്ലാത്ത ആളുകളുടെ കൂട്ടിച്ചേർക്കൽ നമ്മെ വ്യക്തിപരമായി ബാധിക്കുന്നത് എങ്ങനെ?
• യഹോവയുടെ ദിവസം തുടങ്ങുന്നതിനു മുമ്പ് ഇനിയും എന്തു സംഭവിക്കേണ്ടിയിരിക്കുന്നു? അതുകൊണ്ടു നാം വ്യക്തിപരമായി എന്തു ചെയ്യുന്നതിൽ തുടരണം?
[180, 181 പേജുകളിലെ ചിത്രങ്ങൾ]
സാത്താന്റെ വ്യവസ്ഥിതിയുടെ നാശത്തോടെ, പെട്ടെന്നുതന്നെ അന്ത്യനാളുകൾക്കു തിരശ്ശീല വീഴും