വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 11 പേ. 62-66
  • ദൈവത്തിന്റെ ദൂതന്മാർ സഹായിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തിന്റെ ദൂതന്മാർ സഹായിക്കുന്നു
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • ദൈവദൂതൻമാരിൽനിന്നുളള സഹായം
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • മാലാഖമാർക്ക്‌ നിങ്ങളെ സഹായിക്കാനാകുന്ന വിധം
    വീക്ഷാഗോപുരം—1998
  • ദൈവ​ദൂ​ത​ന്മാർ ആരാണ്‌ അല്ലെങ്കിൽ എങ്ങനെയുള്ളവരാണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ദൂതൻമാർ—അവർ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ?
    വീക്ഷാഗോപുരം—1988
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 11 പേ. 62-66

അധ്യായം 11

ദൈവത്തിന്റെ ദൂതന്മാർ സഹായിക്കുന്നു

കാണാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ വിശ്വസിക്കൂ എന്ന്‌ ചിലർ പറയാറുണ്ട്‌. പക്ഷേ അതെന്തൊരു മണ്ടത്തരമാണെന്നോ! നമുക്ക്‌ കണ്ണുകൊണ്ട്‌ കാണാൻ പറ്റാത്ത ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ഏതെങ്കിലും ഒന്നിന്റെ പേര്‌ പറയാമോ?—

നമ്മൾ ശ്വസിക്കുന്ന വായുവിന്റെ കാര്യംതന്നെയെടുക്കുക. നിങ്ങളുടെ കൈയിലേക്ക്‌ ഒന്ന്‌ ഊതിനോക്കൂ. എന്തെങ്കിലും തോന്നിയോ?— തോന്നി, അല്ലേ? പക്ഷേ ആ വായു നിങ്ങൾക്ക്‌ കാണാൻ കഴിയില്ല. എന്താ, ശരിയല്ലേ?—

നമുക്കു കാണാൻ പറ്റാത്ത ആത്മരൂപികളെക്കുറിച്ച്‌ പഠിച്ചത്‌ ഓർക്കുന്നില്ലേ? അക്കൂട്ടത്തിൽ നല്ലവരും ദുഷ്ടന്മാരും ഉണ്ടെന്ന്‌ നമ്മൾ പഠിച്ചു. ആകട്ടെ, അവരിൽ നല്ല ചിലരുടെ പേര്‌ പറയാമോ?— യഹോവയാം ദൈവം, യേശു, പിന്നെ നല്ലവരായ ദൂതന്മാരുമുണ്ട്‌. ആകട്ടെ, ദുഷ്ടന്മാരായ ദൂതന്മാരുണ്ടോ?— ഉണ്ടെന്ന്‌ ബൈബിൾ പറയുന്നു. അവരെക്കുറിച്ച്‌ നമ്മൾ എന്താണ്‌ പഠിച്ചതെന്ന്‌ പറയാമോ?—

നല്ല ദൂതന്മാരും ദുഷ്ടദൂതന്മാരും നമ്മളെക്കാൾ ശക്തരാണെന്ന്‌ നമുക്കറിയാം. മഹാനായ അധ്യാപകന്‌ ദൂതന്മാരെക്കുറിച്ച്‌ ഒരുപാട്‌ കാര്യങ്ങൾ അറിയാമായിരുന്നു. കാരണം, ഒരു ശിശുവായി ഭൂമിയിൽ ജനിക്കുന്നതിനുമുമ്പ്‌ അവനും ഒരു ദൂതനായിരുന്നു. സ്വർഗത്തിൽ യേശു മറ്റു ദൂതന്മാരോടൊപ്പമാണ്‌ താമസിച്ചിരുന്നത്‌. കോടിക്കണക്കിന്‌ ദൂതന്മാരെ യേശുവിന്‌ അറിയാമായിരുന്നു. ആ ദൂതന്മാർക്കൊക്കെ പേരുണ്ടോ?—

നക്ഷത്രങ്ങൾക്കൊക്കെ ദൈവം പേര്‌ ഇട്ടിട്ടുണ്ടെന്ന്‌ കഴിഞ്ഞ ഒരു അധ്യായത്തിൽ നമ്മൾ പഠിച്ചു. അപ്പോൾപ്പിന്നെ, ദൂതന്മാർക്കും പേരുണ്ടാകും, തീർച്ച. മാത്രമല്ല, ദൂതന്മാർക്ക്‌ തമ്മിൽത്തമ്മിൽ സംസാരിക്കാൻ സാധിക്കും. കാരണം, ‘ദൂതന്മാർക്കും ഭാഷയുണ്ടെന്ന്‌’ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:1) എന്തായിരിക്കും ദൂതന്മാർ സംസാരിക്കുന്നത്‌? ഭൂമിയിലുള്ള നമ്മളെപ്പറ്റി അവർ സംസാരിക്കാറുണ്ടോ?—

നമ്മൾ ദൈവത്തെ അനുസരിക്കരുത്‌ എന്നാണല്ലോ സാത്താന്റെ ദൂതന്മാരുടെ ആഗ്രഹം. അതിനുവേണ്ടി ശ്രമിക്കുകയാണ്‌ അവർ. അതിന്‌ എന്തൊക്കെ ചെയ്യാനാകും എന്നതിനെപ്പറ്റി അവർ സംസാരിക്കുന്നുണ്ടാകും. നമ്മളും അവരെപ്പോലെ ആകുന്നതാണ്‌ അവർക്കിഷ്ടം; അങ്ങനെയാകുമ്പോൾ യഹോവ നമ്മളെ ഇഷ്ടപ്പെടില്ലെന്ന്‌ അവർക്ക്‌ അറിയാം. എന്നാൽ നല്ല ദൂതന്മാരുടെ കാര്യമോ? അവരും നമ്മളെക്കുറിച്ച്‌ സംസാരിക്കാറുണ്ടോ?— ഉണ്ട്‌. നമ്മളെ സഹായിക്കണം എന്നാണ്‌ അവരുടെ ആഗ്രഹം. യഹോവയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്‌ത ചിലരെ ദൈവദൂതന്മാർ സഹായിച്ചിട്ടുണ്ട്‌. ഇനി അതിനെക്കുറിച്ച്‌ പറയാം.

ബാബിലോണിൽ ദാനിയേൽ എന്നൊരാൾ ജീവിച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന പലർക്കും യഹോവയെ ഇഷ്ടമല്ലായിരുന്നു. യഹോവയാം ദൈവത്തോട്‌ പ്രാർഥിക്കുന്നവരെ ശിക്ഷിക്കാൻ അവർ ഒരു നിയമംപോലും ഉണ്ടാക്കി. പക്ഷേ ദാനിയേൽ അപ്പോഴും യഹോവയോട്‌ പ്രാർഥിച്ചുകൊണ്ടിരുന്നു. ദാനിയേലിന്‌ എന്തു സംഭവിച്ചെന്ന്‌ അറിയാമോ?—

ആ ദുഷ്ടന്മാർ കാരണം ദാനിയേലിനെ സിംഹക്കുഴിയിൽ എറിയാൻ രാജാവ്‌ കൽപ്പിക്കുന്നു. ഒന്നോർത്തുനോക്കൂ, വിശന്നുപൊരിഞ്ഞിരിക്കുന്ന കുറെ സിംഹങ്ങളും ദാനിയേലും മാത്രം! പിന്നെ എന്തു സംഭവിച്ചു?— ‘ദൈവം തന്റെ ദൂതനെ അയച്ച്‌ സിംഹങ്ങളുടെ വായടച്ചുകളഞ്ഞു’ എന്നാണ്‌ ദാനിയേൽ പിന്നീട്‌ പറഞ്ഞത്‌. അവന്‌ ഒരു പോറൽപോലും ഏറ്റില്ല. യഹോവയെ ആരാധിക്കുന്നവർക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്യാൻ ദൂതന്മാർക്ക്‌ സാധിക്കും!—ദാനീയേൽ 6:18-22.

ഒരു ദൂതൻ സിംഹങ്ങളിൽനിന്ന്‌ ദാനിയേലിനെ രക്ഷിക്കുന്നു

ദൈവം എങ്ങനെയാണ്‌ ദാനിയേലിനെ രക്ഷിച്ചത്‌?

ഇനി, മറ്റൊരു സംഭവം പറയാം. പത്രോസിനെക്കുറിച്ചുള്ളതാണ്‌. പത്രോസിനെ ഓർക്കുന്നില്ലേ? യേശുവിന്റെ കൂട്ടുകാരൻ? യേശു ദൈവത്തിന്റെ പുത്രനാണെന്ന്‌ പത്രോസ്‌ പറഞ്ഞപ്പോൾ ചില ആളുകൾക്ക്‌ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്‌ അവർ അവനെ ജയിലിലാക്കി. അവൻ രക്ഷപ്പെടാതിരിക്കാൻ പട്ടാളക്കാർ കാവൽനിന്നു. പത്രോസിനെ അവിടെനിന്ന്‌ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമായിരുന്നോ?—

പത്രോസ്‌ ഉറങ്ങുകയായിരുന്നു. ഇരുവശത്തും രണ്ടു പട്ടാളക്കാരുണ്ട്‌. അവന്റെ കൈകളിൽ ചങ്ങല ഇട്ടിട്ടുണ്ട്‌. അപ്പോൾ എന്തു സംഭവിച്ചെന്ന്‌ ബൈബിൾ പറയുന്നു: ‘പെട്ടെന്ന്‌ യഹോവയുടെ ഒരു ദൂതൻ അവിടെ പ്രത്യക്ഷനായി; തടവറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രോസിന്റെ ദേഹത്തു തട്ടിയിട്ട്‌, “വേഗം എഴുന്നേൽക്കൂ” എന്നു പറഞ്ഞ്‌ അവനെ ഉണർത്തി.’

രണ്ടു പടയാളികളുടെ ഇടയിലായിരുന്ന പത്രോസിനെ ഒരു ദൂതൻ വിളിച്ചുണർത്തുന്നു, പത്രോസിന്റെ കൈയിൽനിന്ന്‌ ചങ്ങലകൾ അഴിഞ്ഞുവീഴുന്നു

ജയിലിൽനിന്ന്‌ രക്ഷപ്പെടാൻ ഒരു ദൂതൻ പത്രോസിനെ സഹായിച്ചത്‌ എങ്ങനെ?

അപ്പോൾ പത്രോസിന്റെ കൈകളിലെ ചങ്ങലകൾ അഴിഞ്ഞു വീണു! തുടർന്ന്‌ ദൂതൻ അവനോട്‌, ‘മേലങ്കിയും ചെരിപ്പും ധരിച്ച്‌ എന്റെ പിന്നാലെ വരുക’ എന്നു പറഞ്ഞു. പട്ടാളക്കാർക്ക്‌ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല; കാരണം ദൂതനാണ്‌ പത്രോസിനെ സഹായിച്ചത്‌. പത്രോസും ദൂതനും ഒരു ഇരുമ്പുവാതിലിന്റെ അടുത്തെത്തി. അത്ഭുതം! ആ വാതിൽ തനിയെ തുറന്നു! എന്തിനാണ്‌ ദൂതൻ പത്രോസിനെ രക്ഷപ്പെടുത്തിയത്‌? കാരണം, പത്രോസിന്‌ പിന്നെയും ഒരുപാട്‌ സ്ഥലങ്ങളിൽ പ്രസംഗിക്കണമായിരുന്നു.—പ്രവൃത്തികൾ 12:3-11.

ദൈവദൂതന്മാർക്ക്‌ നമ്മളെയും സഹായിക്കാൻ പറ്റുമോ?— തീർച്ചയായും. അതിന്റെ അർഥം, നമുക്ക്‌ ഒരാപത്തും വരാതെ അവർ നോക്കിക്കൊള്ളും എന്നാണോ?— അല്ല, അപകടംപിടിച്ച എന്തെങ്കിലും നമ്മൾ അറിഞ്ഞുകൊണ്ട്‌ ചെയ്‌താൽ രക്ഷിക്കാൻ ദൂതന്മാർ വരില്ല. അപകടംപിടിച്ച കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽക്കൂടി ചിലപ്പോൾ നമുക്ക്‌ ആപത്ത്‌ പറ്റിയെന്നുവരാം. അതിൽനിന്നൊക്കെ നമ്മളെ രക്ഷിക്കണമെന്ന്‌ ദൈവം ദൂതന്മാരോട്‌ പറഞ്ഞിട്ടില്ല. പ്രധാനപ്പെട്ട മറ്റു പല ജോലികളും ദൈവം അവരെ ഏൽപ്പിച്ചിട്ടുണ്ട്‌.

ദൈവത്തെ ആരാധിക്കാൻ എല്ലായിടത്തുമുള്ള ആളുകളോട്‌ പറയുന്ന ഒരു ദൂതനെക്കുറിച്ച്‌ ബൈബിളിൽ നമുക്കു കാണാം. (വെളിപാട്‌ 14:6, 7) ആ ദൂതൻ എങ്ങനെയാണ്‌ അതു പറയുന്നത്‌? എല്ലാവർക്കും കേൾക്കാൻ കഴിയുന്ന വിധത്തിൽ അവൻ സ്വർഗത്തിൽനിന്ന്‌ ഉറക്കെ വിളിച്ചുപറയുകയാണോ?— അല്ല, യേശുവിന്റെ അനുയായികളാണ്‌ ഇന്ന്‌ ദൈവത്തെക്കുറിച്ച്‌ ആളുകളോടു പറയുന്നത്‌. ആ വേലയിൽ അവരെ നയിക്കുന്നത്‌ ആരാണെന്നോ? ദൂതന്മാർ. ദൈവത്തെക്കുറിച്ച്‌ അറിയാൻ ശരിക്കും ആഗ്രഹമുള്ളവർക്ക്‌ അതിനുള്ള അവസരം കിട്ടുന്നുണ്ടെന്ന്‌ ദൂതന്മാർ ഉറപ്പുവരുത്തും. നമുക്കും ആ പ്രസംഗവേലയിൽ പങ്കെടുക്കാം. ദൂതന്മാർ നമ്മളെ സഹായിക്കും.

പക്ഷേ ദൈവത്തോട്‌ ഇഷ്ടമില്ലാത്ത ആളുകൾ നമ്മളെ ഉപദ്രവിക്കാൻ ശ്രമിച്ചാലോ? അവർ നമ്മളെ ജയിലിലിട്ടാലോ? ദൂതന്മാർ നമ്മളെ രക്ഷിക്കുമോ?— അവർക്ക്‌ രക്ഷിക്കാൻ കഴിയും. പക്ഷേ എപ്പോഴും അവരങ്ങനെ ചെയ്യില്ല.

കപ്പലിൽവെച്ച്‌ ഒരു കൊടുങ്കാറ്റ്‌ ഉണ്ടായപ്പോൾ ഒരു ദൂതൻ പൗലോസിന്‌ പ്രത്യക്ഷപ്പെടുന്നു

ദൂതൻ പൗലോസിനോട്‌ എന്താണ്‌ പറയുന്നത്‌?

യേശുവിന്റെ ശിഷ്യനായ പൗലോസ്‌ തടവിലായിരുന്നപ്പോൾ നടന്ന ഒരു സംഭവം പറയാം. അവൻ ഒരു കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന്‌ ഒരു കൊടുങ്കാറ്റ്‌ ഉണ്ടായി. പക്ഷേ അവിടെനിന്ന്‌ ദൂതന്മാർ പൗലോസിനെ രക്ഷപ്പെടുത്തിയില്ല. കാരണം, ദൈവത്തെക്കുറിച്ച്‌ അറിയാത്ത മറ്റ്‌ ആളുകളും അവനോടൊപ്പം ഉണ്ടായിരുന്നു; അവരും ദൈവത്തെപ്പറ്റി കേൾക്കണമായിരുന്നു. ഒരു ദൂതൻ പൗലോസിനോട്‌ ഇങ്ങനെ പറഞ്ഞു: ‘പൗലോസേ, ഭയപ്പെടേണ്ട. നീ കൈസറുടെ മുമ്പാകെ നിൽക്കേണ്ടതാകുന്നു.’ അതെ, അന്നത്തെ ഭരണാധികാരിയായ കൈസറിനോട്‌ പൗലോസ്‌ പ്രസംഗിക്കണമായിരുന്നു. പൗലോസ്‌ എവിടെയായിരുന്നു എന്ന്‌ എപ്പോഴും ദൂതന്മാർക്ക്‌ അറിയാമായിരുന്നു; അവർ അവനെ സഹായിക്കുകയും ചെയ്‌തു. നമ്മൾ വിശ്വസ്‌തമായി ദൈവത്തെ ആരാധിച്ചാൽ, ദൂതന്മാർ നമ്മളെയും സഹായിക്കും.— പ്രവൃത്തികൾ 27:23-25.

ദൂതന്മാർക്ക്‌ പ്രധാനപ്പെട്ട മറ്റൊരു ജോലിയുണ്ട്‌. പെട്ടെന്നുതന്നെ അവർ അതു ചെയ്യും. കാരണം, ദുഷ്ടന്മാരെ നശിപ്പിക്കാൻ ദൈവം നിശ്ചയിച്ചിരിക്കുന്ന സമയം തൊട്ടടുത്ത്‌ എത്തിയിരിക്കുകയാണ്‌! സത്യദൈവത്തെ ആരാധിക്കാത്ത എല്ലാവരും നശിപ്പിക്കപ്പെടും! കാണാൻ പറ്റാത്തത്‌ വിശ്വസിക്കില്ല എന്നു പറഞ്ഞ്‌ ദൂതന്മാരിൽ വിശ്വസിക്കാത്ത ചിലരുണ്ടല്ലോ. പക്ഷേ അത്‌ തെറ്റായിപ്പോയെന്ന്‌ പെട്ടെന്നുതന്നെ അവർക്ക്‌ മനസ്സിലാകും!—2 തെസ്സലോനിക്യർ 1:6-8.

ഇതിൽനിന്ന്‌ നമ്മൾ എന്താണ്‌ പഠിക്കുന്നത്‌?— നമ്മൾ ദൈവദൂതന്മാരുടെ പക്ഷത്താണെങ്കിൽ അവർ നമ്മളെ സഹായിക്കും. ആകട്ടെ, നമ്മൾ അവരുടെ പക്ഷത്താണോ?— ആണെങ്കിൽ, നമ്മൾ യഹോവയെ ആരാധിക്കും. നമ്മൾ യഹോവയെ ആരാധിക്കുന്നെങ്കിൽ, അങ്ങനെ ചെയ്യണമെന്ന്‌ മറ്റുള്ളവരോടു പറയുകയും ചെയ്യും.

ദൂതന്മാരുടെ സഹായത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ സങ്കീർത്തനം 34:7; മത്തായി 4:11; 18:10; ലൂക്കോസ്‌ 22:43; പ്രവൃത്തികൾ 8:26-31 എന്നീ തിരുവെഴുത്തുകൾ വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക