വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 15 പേ. 82-86
  • ദയയുടെ പാഠം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദയയുടെ പാഠം
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • ഒരു നല്ല അയൽക്കാരൻ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • നല്ല അയൽക്കാ​ര​നായ ശമര്യ​ക്കാ​രൻ
    യേശു​—വഴിയും സത്യവും ജീവനും
  • യേശു പഠിപ്പിക്കുന്ന വിധം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • എന്റെ അയൽക്കാരൻ ആരാണ്‌?
    ഉണരുക!—1986
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 15 പേ. 82-86

അധ്യായം 15

ദയയുടെ പാഠം

രണ്ട്‌ കൊച്ചു പെൺകുട്ടികൾ

മുൻവിധി എന്നു കേട്ടിട്ടുണ്ടോ?— മറ്റൊരു ഭാഷ സംസാരിക്കുന്നെന്നോ മറ്റൊരു ദേശത്ത്‌ താമസിക്കുന്നെന്നോ ഒക്കെ പറഞ്ഞ്‌ ഒരാളോട്‌ ഇഷ്ടക്കുറവ്‌ കാണിക്കുന്നതിനെയാണ്‌ മുൻവിധി എന്നു പറയുന്നത്‌. എന്നുവെച്ചാൽ, ഒരാളെ അറിയുന്നതിനുമുമ്പേ അയാളെക്കുറിച്ച്‌ മോശമായി ചിന്തിക്കുക, അതാണ്‌ മുൻവിധി.

ഒരാളെക്കുറിച്ച്‌ മനസ്സിലാക്കുന്നതിനുമുമ്പ്‌ അയാളോട്‌ അനിഷ്ടം തോന്നുക, നമ്മുടെ കൂട്ടത്തിൽപ്പെട്ടവനല്ല എന്നതിന്റെ പേരിൽ ഒരാളെ ഇഷ്ടപ്പെടാതിരിക്കുക, ഇതൊക്കെ ശരിയാണെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ?— ഒരിക്കലുമല്ല, മുൻവിധി കാണിക്കുന്നത്‌ ക്രൂരതയാണ്‌. നമ്മുടെ കൂട്ടത്തിൽപ്പെട്ടവനല്ല എന്നതിന്റെ പേരിൽ മാത്രം ഒരാളോട്‌ ദയ കാണിക്കാതിരിക്കരുത്‌.

മറ്റൊരു ദേശത്തുനിന്നുവന്ന, അല്ലെങ്കിൽ മറ്റൊരു ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ?— അപകടത്തിൽപ്പെട്ടോ രോഗംമൂലമോ വൈകല്യം സംഭവിച്ചവരെയും ഒരുപക്ഷേ നിങ്ങൾ അറിയുമായിരിക്കും. അവരോടൊക്കെ നിങ്ങൾക്ക്‌ സ്‌നേഹമുണ്ടോ? നിങ്ങൾ അവരോട്‌ ദയ കാണിക്കുമോ?—

രണ്ട്‌ നിറത്തിലുള്ള ആൺകുട്ടികൾ ഒരുമിച്ച്‌ കളിക്കുന്നു

മറ്റു ഭാഷക്കാരോടും ദേശക്കാരോടും നമ്മൾ എങ്ങനെ പെരുമാറണം?

മഹാനായ അധ്യാപകൻ പറയുന്നതു കേൾക്കുകയാണെങ്കിൽ നമ്മൾ എല്ലാവരോടും ദയ കാണിക്കും. ഒരാളുടെ ദേശമോ നിറമോ ഒന്നും കാര്യമാക്കാതെ എല്ലാവരോടും നമ്മൾ ദയയോടെ പെരുമാറണം. എല്ലാവരുമൊന്നും അങ്ങനെ കരുതുന്നില്ല. പക്ഷേ യേശു അതാണ്‌ പഠിപ്പിച്ചത്‌. നമുക്ക്‌ ഇനി അതിനെപ്പറ്റി പഠിക്കാം.

മറ്റുള്ളവരെക്കുറിച്ച്‌ മുൻവിധി ഉണ്ടായിരുന്ന ഒരു യഹൂദൻ യേശുവിനോട്‌ ഇങ്ങനെ ചോദിച്ചു: ‘നിത്യജീവൻ കിട്ടാൻ ഞാൻ എന്തു ചെയ്യണം?’ നമ്മുടെ വർഗക്കാരോ ദേശക്കാരോ ആയവരോടുമാത്രം ദയ കാണിച്ചാൽ മതി എന്ന്‌ യേശു പറയും എന്നായിരിക്കാം അയാൾ കരുതിയത്‌. യേശുവിന്‌ അത്‌ മനസ്സിലായി. അതുകൊണ്ട്‌ സ്വന്തമായി ഒരു ഉത്തരം കൊടുക്കുന്നതിനുപകരം യേശു അയാളോടു ചോദിച്ചു: ‘എന്തു ചെയ്യണമെന്നാണ്‌ ന്യായപ്രമാണം പറയുന്നത്‌?’

‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടെ സ്‌നേഹിക്കണം. അതുപോലെ, നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം’ എന്ന്‌ അയാൾ മറുപടി പറഞ്ഞു. അപ്പോൾ യേശു അവനോട്‌, ‘നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു; ഇതു ചെയ്‌തുകൊണ്ടിരിക്കുക; നിനക്കു നിത്യജീവൻ കിട്ടും.’

പക്ഷേ തന്റെ ആളുകളല്ലാത്തവരോട്‌ ദയയും സ്‌നേഹവും കാണിക്കാൻ അയാൾ തയ്യാറല്ലായിരുന്നു. അതുകൊണ്ട്‌ ഒരു ഒഴികഴിവ്‌ കണ്ടെത്താനായി അയാൾ യേശുവിനോട്‌, ‘ശരിക്കും ആരാണ്‌ എന്റെ അയൽക്കാരൻ?’ എന്നു ചോദിച്ചു. ‘നിന്റെ കൂട്ടുകാരാണ്‌ നിന്റെ അയൽക്കാർ’ എന്നോ ‘കാഴ്‌ചയ്‌ക്ക്‌ നിന്നെപ്പോലിരിക്കുന്നവരാണ്‌ നിന്റെ അയൽക്കാർ’ എന്നോ യേശു പറയുമെന്ന്‌ അയാൾ പ്രതീക്ഷിച്ചിരിക്കാം. പക്ഷേ ഉത്തരമായി യേശു ഒരു കഥ പറയുകയാണ്‌ ചെയ്‌തത്‌. ഒരു യഹൂദന്റെയും ശമര്യക്കാരന്റെയും കഥ. അതിങ്ങനെയായിരുന്നു:

യെരുശലേമിൽനിന്ന്‌ യെരീഹോവിലേക്കു പോകുകയായിരുന്നു ഒരാൾ. അയാൾ ഒരു യഹൂദനായിരുന്നു. വഴിയിൽവെച്ച്‌ കള്ളന്മാർ അയാളെ ആക്രമിച്ചു. അവർ അയാളെ അടിച്ചുവീഴ്‌ത്തിയിട്ട്‌ അയാളുടെ പണവും വസ്‌ത്രങ്ങളും തട്ടിയെടുത്തു. എന്നിട്ട്‌ അയാളെ അടിച്ചവശനാക്കി വഴിയരികിൽ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു.

അൽപ്പസമയത്തിനുശേഷം ഒരു പുരോഹിതൻ ആ വഴി വന്നു. അയാൾ മരിക്കാറായി കിടക്കുന്ന ആ പാവത്തെ കണ്ടു. നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?— ആ മനുഷ്യനെ ഒന്നു നോക്കുകപോലും ചെയ്യാതെ പുരോഹിതൻ വഴിയുടെ മറുവശത്തുകൂടെ കടന്നുപോയി. അയാളെ സഹായിക്കാനായി പുരോഹിതൻ ഒന്നുംതന്നെ ചെയ്‌തില്ല.

ഒരു പുരോഹിതനും ലേവ്യനും, മരിക്കാറായിക്കിടക്കുന്ന ഒരു മനുഷ്യനെ കണ്ട്‌ ശ്രദ്ധിക്കാതെ പോകുന്നു; ഒരു ശമര്യക്കാരൻ അടുത്തേക്ക്‌ ചെല്ലുന്നു

അതിനുശേഷം, വലിയ ഭക്തിയുള്ള ഒരു ലേവ്യൻ അതുവഴി വന്നു. യെരുശലേം ദേവാലയത്തിൽ ശുശ്രൂഷ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു അയാൾ. പരിക്കുപറ്റിയ ആ മനുഷ്യനെ അയാൾ സഹായിച്ചോ?— ഇല്ല. പുരോഹിതൻ ചെയ്‌തതുപോലെ അയാളും കടന്നുപോയി.

ഒടുവിൽ, ഒരു ശമര്യക്കാരൻ അതുവഴി വന്നു. വളവു തിരിഞ്ഞ്‌ വരുന്ന അയാളെ ചിത്രത്തിൽ നിങ്ങൾക്കു കാണാമോ?— മരണാസന്നനായിക്കിടക്കുന്ന ആ യഹൂദനെ അയാൾ കണ്ടു. ശമര്യക്കാരും യഹൂദന്മാരും തമ്മിൽ ശത്രുതയിലായിരുന്നു എന്നോർക്കണം. (യോഹന്നാൻ 4:9) അതുകൊണ്ട്‌ ഈ ശമര്യക്കാരൻ അയാളെ സഹായിക്കാതിരുന്നോ? ‘ഞാനെന്തിനാണ്‌ ഈ യഹൂദനെ സഹായിക്കുന്നത്‌? എനിക്ക്‌ ഒരാപത്ത്‌ വന്നാൽ സഹായിക്കാൻ ഇയാൾ വരില്ലല്ലോ’ എന്ന്‌ ശമര്യക്കാരൻ ചിന്തിച്ചോ?

ശമര്യക്കാരൻ റോഡിൽ കിടന്ന ആ മനുഷ്യനെ പൊക്കിയെടുത്ത്‌ മൃഗത്തിന്റെ പുറത്ത്‌ കയറ്റുന്നു, വേണ്ട പരിചരണം കൊടുക്കുന്നു

ശമര്യക്കാരനെ നല്ല അയൽക്കാരൻ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്‌?

വഴിവക്കിൽ കിടക്കുന്ന ആ പാവത്തെ കണ്ടപ്പോൾ ശമര്യക്കാരന്റെ മനസ്സലിഞ്ഞു. മരിക്കാറായിക്കിടക്കുന്ന അയാളെ അവിടെ വിട്ടിട്ടുപോകാൻ ശമര്യക്കാരനു മനസ്സുവന്നില്ല. അതുകൊണ്ട്‌ അയാൾ കഴുതപ്പുറത്തു നിന്നിറങ്ങി ആ മനുഷ്യന്റെ അടുത്തുചെന്ന്‌ അയാളെ ശുശ്രൂഷിച്ചു. എണ്ണയും വീഞ്ഞും മുറിവിൽവെച്ചു. മുറിവ്‌ ഉണങ്ങുന്നതിനായിരുന്നു അത്‌. എന്നിട്ട്‌ ഒരു തുണികൊണ്ട്‌ മുറിവ്‌ കെട്ടി.

പിന്നെ ശമര്യക്കാരൻ മെല്ലെ ആ മനുഷ്യനെ പൊക്കിയെടുത്ത്‌ കഴുതപ്പുറത്ത്‌ കയറ്റി. എന്നിട്ട്‌ സാവധാനം യാത്രചെയ്‌ത്‌ അവർ ഒരു സത്രത്തിൽ എത്തി. പരിക്കുപറ്റിയ യഹൂദനെ അവിടെ താമസിപ്പിക്കാൻ ശമര്യക്കാരൻ ഏർപ്പാട്‌ ചെയ്‌തു. ശമര്യക്കാരൻ അയാൾക്ക്‌ വേണ്ടതെല്ലാം ചെയ്‌തുകൊടുത്തു.

കഥ തീർന്നപ്പോൾ അതു കേട്ടുനിന്ന മനുഷ്യനോട്‌ യേശു ചോദിച്ചു: ‘ഈ മൂന്നുപേരിൽ നല്ല അയൽക്കാരൻ ആരാണെന്നാണ്‌ നീ വിചാരിക്കുന്നത്‌?’ ആകട്ടെ, നിങ്ങൾക്ക്‌ എന്തു തോന്നുന്നു? പുരോഹിതനാണോ, ലേവ്യനാണോ അതോ ശമര്യക്കാരനാണോ?—

‘പരിക്കുപറ്റിയ ആൾക്ക്‌ വേണ്ട ശുശ്രൂഷ ചെയ്‌തുകൊടുത്തയാളാണ്‌ നല്ല അയൽക്കാരൻ’ എന്ന്‌ ആ മനുഷ്യൻ ഉത്തരം പറഞ്ഞു. ‘നീ പറഞ്ഞത്‌ ശരിയാണ്‌; നീയും പോയി അങ്ങനെതന്നെ ചെയ്യുക’ എന്ന്‌ യേശു പറഞ്ഞു.—ലൂക്കോസ്‌ 10:25-37.

നല്ല കഥ, അല്ലേ? നമ്മുടെ അയൽക്കാർ ആരാണെന്ന്‌ അത്‌ നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ കൂട്ടുകാർ മാത്രമല്ല നമ്മുടെ അയൽക്കാർ. നമ്മുടെ ദേശത്തു താമസിക്കുകയോ നമ്മുടെ ഭാഷ സംസാരിക്കുകയോ ചെയ്യുന്നവർ മാത്രമല്ല നമ്മുടെ അയൽക്കാർ. ആളുകളുടെ രൂപവും ദേശവും ഭാഷയും കാര്യമാക്കാതെ എല്ലാവരോടും ദയയോടെ പെരുമാറണം എന്നാണ്‌ യേശു പഠിപ്പിച്ചത്‌.

അങ്ങനെയുള്ള ദൈവമാണ്‌ യഹോവ. അവന്‌ മുൻവിധിയൊന്നുമില്ല. ‘സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവ്‌, ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ’ എന്ന്‌ യേശു പറഞ്ഞു. അതുകൊണ്ട്‌ നമ്മളും ദൈവത്തെപ്പോലെ എല്ലാവരോടും ദയ കാണിക്കണം.—മത്തായി 5:44-48.

ഒരു പെൺകുട്ടി മറ്റൊരു നിറത്തിലുള്ള കുട്ടിയുടെ മുറിവ്‌ കെട്ടിക്കൊടുക്കുന്നു

നല്ല അയൽക്കാരൻ ആയിരിക്കാൻ നിങ്ങൾ എന്തു ചെയ്യണം?

പരിക്കേറ്റ ആരെയെങ്കിലും കാണുമ്പോൾ നിങ്ങൾ എന്തുചെയ്യും?— അയാൾ മറ്റൊരു ദേശക്കാരനോ ഭാഷക്കാരനോ ആണെങ്കിലോ? അപ്പോഴും അയാൾ നിങ്ങളുടെ അയൽക്കാരനാണ്‌. അതുകൊണ്ട്‌ നിങ്ങൾ അയാളെ സഹായിക്കണം. നിങ്ങൾ കുഞ്ഞായതുകൊണ്ട്‌ നിങ്ങൾക്ക്‌ സഹായിക്കാൻ പറ്റില്ലെന്നു തോന്നുന്നെങ്കിൽ വലിയവരെ ആരെയെങ്കിലും സഹായത്തിനു വിളിക്കാവുന്നതാണ്‌. വേണ്ടിവന്നാൽ ഒരു പോലീസുകാരനെയോ ടീച്ചറെയോ വിളിക്കാനാകും. അപ്പോൾ ദയാലുവായ ശമര്യക്കാരനെപ്പോലെയായിരിക്കും നിങ്ങൾ.

നമ്മൾ എല്ലാവരോടും ദയയോടെ പെരുമാറുന്നതാണ്‌ മഹാനായ അധ്യാപകന്‌ ഇഷ്ടം. ആളുകളുടെ ദേശമോ ഭാഷയോ ഒന്നും നോക്കാതെ നമ്മൾ അവരെ സഹായിക്കുന്നത്‌ കാണാനാണ്‌ യേശു ആഗ്രഹിക്കുന്നത്‌. അതുകൊണ്ടാണ്‌ അവൻ ശമര്യക്കാരന്റെ കഥ പറഞ്ഞത്‌.

ഏതു ദേശക്കാരായാലും ഏതു വർഗക്കാരായാലും അവരോട്‌ ദയ കാണിക്കുന്നത്‌ പ്രധാനമാണെന്ന്‌ മനസ്സിലാക്കാൻ സദൃശവാക്യങ്ങൾ 19:22; പ്രവൃത്തികൾ 10:34, 35; 17:26 എന്നീ തിരുവെഴുത്തുകൾ വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക