അധ്യായം 20
എപ്പോഴും ഒന്നാമനാകാനാണോ നിങ്ങളുടെ ആഗ്രഹം?
എവിടെയും ഒന്നാമനാകാൻ ശ്രമിക്കുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ?— മറ്റുള്ളവരെ തള്ളിമാറ്റി ക്യൂവിൽ ഒന്നാമത് എത്താൻ അവൻ ശ്രമിച്ചേക്കാം. ആരെങ്കിലും അങ്ങനെ ചെയ്യുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ?— വലിയവർപോലും ഒന്നാമത് എത്താൻ ശ്രമിക്കുന്നത് മഹാനായ അധ്യാപകൻ ഒരിക്കൽ ശ്രദ്ധിച്ചു. അവന് അത് ഒട്ടും ഇഷ്ടമായില്ല. എന്താണ് സംഭവിച്ചതെന്ന് നമുക്കു നോക്കാം.
ആളുകൾ ഒന്നാമത് എത്താൻ ശ്രമിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ?
ഒരിക്കൽ ഒരു പരീശന്റെ വീട്ടിൽ യേശുവിനെ ഒരു സദ്യക്കു ക്ഷണിച്ചതായി ബൈബിൾ പറയുന്നു. വലിയ ഒരു മതനേതാവായിരുന്നു ആ പരീശൻ. അവിടെ എത്തിയ യേശു ഒരു കാര്യം ശ്രദ്ധിച്ചു: വരുന്നവരൊക്കെ ഏറ്റവും നല്ല ഇരിപ്പിടങ്ങളിൽ കയറിയിരിക്കുന്നു. അതു കണ്ടിട്ട് യേശു എല്ലാവരോടുമായി ഒരു കഥ പറഞ്ഞു. എന്താ, അതു കേൾക്കണമെന്നുണ്ടോ?—
‘ആരെങ്കിലും നിങ്ങളെ ഒരു കല്യാണസദ്യക്കു ക്ഷണിച്ചാൽ ഏറ്റവും നല്ല ഇരിപ്പിടത്തിൽ പോയി ഇരിക്കരുത്’ എന്ന് യേശു പറഞ്ഞു. എന്തുകൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞതെന്ന് അറിയാമോ?— അതിന്റെ കാരണം യേശു തുടർന്നു പറയുന്നു. ഒരുപക്ഷേ, പ്രമുഖനായ ആരെയെങ്കിലും ആ സദ്യക്ക് ക്ഷണിച്ചിട്ടുണ്ടായിരിക്കും. അതുകൊണ്ട് ക്ഷണിച്ച ആൾ വന്ന് ആ പ്രമുഖനായ ആളെ ചൂണ്ടി ‘ഈ ഇരിപ്പിടം ഇദ്ദേഹത്തിനു കൊടുക്കൂ, നിങ്ങൾക്ക് അവിടെ ഇരിക്കാം’ എന്നു പറഞ്ഞ് ആദ്യത്തെ ആളെ അവിടെനിന്ന് എഴുന്നേൽപ്പിച്ചേക്കാം; ഈ പടത്തിൽ കാണുന്നില്ലേ, അതുപോലെ. അപ്പോൾ അയാൾക്ക് എന്ത് തോന്നും?— എല്ലാവരും കാൺകെ തന്നെ അവിടെനിന്ന് എഴുന്നേൽപ്പിച്ച് പുറകിലേക്ക് വിട്ടതിൽ അയാൾക്ക് നാണക്കേടു തോന്നും, അല്ലേ?
ഏറ്റവും നല്ല സ്ഥാനം ആഗ്രഹിക്കുന്നതു തെറ്റാണെന്ന് കാണിക്കുകയായിരുന്നു യേശു ഇവിടെ. അതുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളെ ആരെങ്കിലും ഒരു കല്യാണസദ്യക്കു ക്ഷണിച്ചാൽ ഒടുവിലത്തെ സ്ഥാനത്തു പോയി ഇരിക്കുക. അപ്പോൾ നിങ്ങളെ ക്ഷണിച്ചവൻ വന്ന് നിങ്ങളോട്, “സ്‌നേഹിതാ, മുമ്പിലേക്കു കയറി ഇരിക്കുക” എന്നു പറയും. അങ്ങനെ മറ്റെല്ലാ അതിഥികളുടെയും മുമ്പിൽ നിങ്ങൾക്കു മാനം ലഭിക്കും.’—ലൂക്കോസ് 14:1, 7-11.
ഏറ്റവും നല്ല ഇരിപ്പിടം കൈവശപ്പെടുത്താൻ ശ്രമിക്കുന്നവരെപ്പറ്റി പറഞ്ഞപ്പോൾ യേശു എന്തു പാഠം പഠിപ്പിക്കുകയായിരുന്നു?
യേശു പറഞ്ഞ കഥയുടെ അർഥം നിങ്ങൾക്കു മനസ്സിലായോ?— അതു മനസ്സിലായോ എന്നറിയാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ നല്ല തിരക്കുള്ള ഒരു ബസ്സിൽ കയറുകയാണെന്ന് കരുതുക. നിങ്ങൾ ഇടിച്ചുതള്ളി ഒരു സീറ്റിൽ കയറി ഇരിക്കുമോ, അതും വയസ്സായ ഒരാൾ സീറ്റു കിട്ടാതെ നിൽക്കുമ്പോൾ?— അങ്ങനെ ചെയ്‌താൽ യേശുവിന് അത് ഇഷ്ടമാകുമോ?—
നമ്മൾ എന്തു ചെയ്‌താലും യേശുവിനെ അതു ബാധിക്കില്ല എന്ന് ചിലർ പറയാറുണ്ട്. പക്ഷേ, നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ?— ആ പരീശന്റെ വീട്ടിൽ സദ്യക്കു പോയപ്പോൾ, ആളുകൾ വരുന്നതും ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുന്നതും യേശു നോക്കിക്കൊണ്ടിരുന്നു. അങ്ങനെയെങ്കിൽ, ഇന്നു നമ്മൾ ചെയ്യുന്ന കാര്യങ്ങളും അവൻ ശ്രദ്ധിക്കുന്നുണ്ടാവില്ലേ, എന്തു തോന്നുന്നു?— ഇപ്പോൾ യേശു സ്വർഗത്തിലാണ്. നമ്മൾ ചെയ്യുന്നതെല്ലാം അവിടെയിരുന്ന് അവൻ കാണുന്നുണ്ട്.
ആരെങ്കിലും ഒന്നാമത് എത്താൻ ശ്രമിക്കുമ്പോൾ വലിയ കുഴപ്പങ്ങൾ ഉണ്ടാകും. മിക്കവാറും ഒരു ബഹളത്തിലായിരിക്കും അത് അവസാനിക്കുക. കുട്ടികൾ ഒരുമിച്ച് യാത്രപോകുമ്പോൾ പലപ്പോഴും ഇതു സംഭവിക്കാറുണ്ട്. ബസ്സിന്റെ വാതിൽ തുറക്കുമ്പോഴേ, എല്ലാവരും ഇടിച്ചു കയറും. എല്ലാവർക്കും വേണം നല്ല സീറ്റ്, ജനലിനടുത്തുള്ള സീറ്റ്. അങ്ങനെയാകുമ്പോൾ എന്തു സംഭവിക്കും?— അങ്ങോട്ടുമിങ്ങോട്ടും വഴക്കാകും.
ഒന്നാമനാകാനുള്ള മോഹം എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നോ! യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ ഇടയിലും അത് പ്രശ്‌നങ്ങൾ ഉണ്ടാക്കി. 6-ാം അധ്യായത്തിൽ നമ്മൾ പഠിച്ചതുപോലെ, ആരാണ് വലിയവൻ എന്നതിനെച്ചൊല്ലി അവരുടെ ഇടയിൽ ഒരു തർക്കം ഉണ്ടായി. അപ്പോൾ യേശു എന്തു ചെയ്‌തു?— യേശു അവരുടെ തെറ്റു മനസ്സിലാക്കിക്കൊടുത്തു. പക്ഷേ, പിന്നെയും അവർ തമ്മിൽ തർക്കം ഉണ്ടായി. എങ്ങനെയാണ് അതു തുടങ്ങിയത്?
യേശുവും അപ്പൊസ്‌തലന്മാരും പിന്നെ മറ്റു ചിലരുംകൂടി യെരുശലേമിലേക്കു പോകുകയായിരുന്നു. അങ്ങോട്ടുള്ള യേശുവിന്റെ അവസാന യാത്രയാണ്. ദൈവരാജ്യത്തെക്കുറിച്ച് യേശു പലപ്പോഴും അവരോട് സംസാരിച്ചിരുന്നു. അതോടെ യാക്കോബും യോഹന്നാനും യേശുവിനോടൊപ്പം രാജാക്കന്മാരായി ഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. തങ്ങളുടെ അമ്മയായ ശലോമയോട് അവർ അതേപ്പറ്റി പറയുകപോലും ചെയ്‌തിരുന്നു. (മത്തായി 27:56; മർക്കോസ് 15:40) അതുകൊണ്ട് യേശുവും കൂട്ടരും യെരുശലേമിലേക്കു പോകുന്ന വഴിക്ക് ശലോമ യേശുവിനെ കാണാൻ വരുന്നു. അവൾ യേശുവിന്റെ മുമ്പാകെ വണങ്ങിയിട്ട് ഒരു അനുഗ്രഹം ചോദിക്കുന്നു.
‘പറയൂ, നിനക്ക് എന്താണ് വേണ്ടത്?’ യേശു ചോദിച്ചു. യേശു രാജാവാകുമ്പോൾ തന്റെ മക്കളിൽ ഒരാളെ യേശുവിന്റെ വലത്തും മറ്റെയാളെ ഇടത്തും ഇരിക്കാൻ അനുവദിക്കേണം എന്ന് അവൾ അപേക്ഷിച്ചു. ഇതിനെപ്പറ്റി കേട്ടപ്പോൾ ബാക്കിയുള്ള 10 അപ്പൊസ്‌തലന്മാർക്ക് എന്തു തോന്നിയെന്ന് അറിയാമോ?—
ശലോമ യേശുവിനോട് എന്താണ് അപേക്ഷിച്ചത്? തുടർന്ന് എന്തു സംഭവിച്ചു?
അവർക്ക് യാക്കോബിനോടും യോഹന്നാനോടും വല്ലാത്ത ദേഷ്യം തോന്നി. അതുകൊണ്ട് യേശു എല്ലാ അപ്പൊസ്‌തലന്മാർക്കും നല്ല ചില ഉപദേശങ്ങൾ നൽകി. ഈ ലോകത്തിലെ ഭരണാധികാരികളാണ് വലിയവരാകാൻ ശ്രമിക്കുന്നതെന്ന് അവൻ അവരോടു പറഞ്ഞു. എല്ലാവരും തങ്ങളെ അനുസരിക്കണമെന്നാണ് ആ ഭരണാധികാരികളുടെ ആഗ്രഹം. പക്ഷേ, ഒരിക്കലും അവരെപ്പോലെ ആകരുതെന്ന് യേശു ശിഷ്യന്മാരെ ഉപദേശിച്ചു; പകരം യേശു എന്താണു പറഞ്ഞതെന്നോ? ‘നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവനൊക്കെയും നിങ്ങളുടെ അടിമ ആയിരിക്കണം’ എന്ന്.—മത്തായി 20:20-28.
ഒരു അടിമയുടെ ജോലി എന്താണെന്ന് അറിയാമോ?— മറ്റുള്ളവർ തന്നെ സേവിക്കണമെന്നു പ്രതീക്ഷിക്കാതെ അവർക്ക് സേവനങ്ങൾ ചെയ്‌തു കൊടുക്കുക. പ്രധാനപ്പെട്ട സ്ഥാനത്തല്ല, ഒടുവിലത്തെ സ്ഥാനത്ത് ആയിരിക്കും അയാൾ ഇരിക്കുക. താൻ വലിയവൻ ആണെന്ന ഭാവം അയാൾക്ക് ഉണ്ടായിരിക്കില്ല. യേശു പറഞ്ഞത്, ഒന്നാമനാകാൻ ആഗ്രഹിക്കുന്ന ആൾ ഒരു അടിമയെപ്പോലെ മറ്റുള്ളവർക്ക് സേവനങ്ങൾ ചെയ്‌തുകൊടുക്കണം എന്നാണ്.
ഇതിൽനിന്നു നമ്മൾ എന്തു മനസ്സിലാക്കണം?— ഒന്നാലോചിച്ചു നോക്കൂ, ഏറ്റവും നല്ല ഇരിപ്പിടത്തിനുവേണ്ടി ഏതെങ്കിലും അടിമ യജമാനനോടു വഴക്കുണ്ടാക്കുമോ? അല്ലെങ്കിൽ, തങ്ങളിൽ ആരാണ് ആദ്യം ഭക്ഷണം കഴിക്കേണ്ടത് എന്നതിനെച്ചൊല്ലി അയാൾ യജമാനനോട് തർക്കിക്കുമോ? നിങ്ങൾക്ക് എന്തു തോന്നുന്നു?— ഒരു അടിമ എപ്പോഴും യജമാനന്റെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് യേശു പറഞ്ഞു.—ലൂക്കോസ് 17:7-10.
അതുകൊണ്ട് ഒന്നാമതാകാൻ ശ്രമിക്കുന്നതിനു പകരം നമ്മൾ എന്തു ചെയ്യണം?— ഒരു അടിമയെപ്പോലെ നമ്മൾ മറ്റുള്ളവർക്കു സേവനങ്ങൾ ചെയ്യണം. നമ്മുടെ ഇഷ്ടത്തെക്കാൾ മറ്റുള്ളവരുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കണം എന്നാണ് അതിനർഥം. അതെ, മറ്റുള്ളവരെ നമ്മളെക്കാൾ പ്രധാനപ്പെട്ടവരായി കരുതണം. നിങ്ങൾക്ക് അതെങ്ങനെ ചെയ്യാൻ കഴിയും?— ഈ പുസ്‌തകത്തിന്റെ 40-ഉം 41-ഉം പേജുകളിലേക്ക് മറിച്ചിട്ട് മറ്റുള്ളവർക്കുവേണ്ടി നിങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിച്ചു നോക്കുക.
മഹാനായ അധ്യാപകൻ മറ്റുള്ളവർക്കുവേണ്ടി സേവനങ്ങൾ ചെയ്‌തതായി നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. അങ്ങനെ, മറ്റുള്ളവർക്ക് അവൻ തന്നെക്കാൾ പ്രാധാന്യം കൊടുത്തു. അപ്പൊസ്‌തലന്മാരോടൊപ്പം ഉണ്ടായിരുന്ന അവസാന രാത്രിയിൽ അവൻ അവരുടെ കാലുകൾ കഴുകുകപോലും ചെയ്‌തു, അല്ലേ? അതുപോലെ നമ്മളും മറ്റുള്ളവരെ പ്രധാനപ്പെട്ടവരായി കരുതിയാൽ, മഹാനായ അധ്യാപകനും യഹോവയാം ദൈവത്തിനും വലിയ സന്തോഷമാകും.
മറ്റുള്ളവരെ പ്രധാനപ്പെട്ടവരായി കരുതാൻ സഹായിക്കുന്ന മറ്റുചില തിരുവെഴുത്തുകൾ വായിക്കാം: ലൂക്കോസ് 9:48; റോമർ 12:3; ഫിലിപ്പിയർ 2:3, 4.