അധ്യായം 22
നുണ പറയരുതാത്തത് എന്തുകൊണ്ട്?
“ക്ലാസ്സ് കഴിഞ്ഞാലുടൻ വീട്ടിലെത്തിക്കൊള്ളാം” എന്ന് ഒരു പെൺകുട്ടി അമ്മയോടു പറയുന്നു. പക്ഷേ കൂട്ടുകാരുമായി കളിച്ചുനിന്ന് സമയംപോയത് അവൾ അറിഞ്ഞില്ല. വൈകി വീട്ടിലെത്തിയ അവൾ അമ്മയോട്, “ടീച്ചർ എന്നെ ഇപ്പോഴാ വിട്ടത്” എന്ന് പറയുന്നു. അവൾ അങ്ങനെ പറഞ്ഞത് ശരിയാണോ?—
ഈ കുട്ടി എന്തു തെറ്റാണ് ചെയ്തത്?
ഒരു ആൺകുട്ടി വീടിനുള്ളിലേക്ക് പന്ത് അടിച്ചുവിട്ടിട്ട്, “ഞാൻ അങ്ങനെ ചെയ്തില്ല” എന്ന് അച്ഛനോട് പറയുന്നു. അതു ശരിയായിരിക്കുമോ?—
ശരി എന്താണെന്ന് മഹാനായ അധ്യാപകൻ പറയുകയുണ്ടായി: “നിങ്ങളുടെ വാക്ക് ഉവ്വ് എന്നത് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല എന്നും ആയിരിക്കട്ടെ; ഇതിലധികമായത് ദുഷ്ടനിൽനിന്നു വരുന്നു.” (മത്തായി 5:37) യേശു ആ പറഞ്ഞതിന്റെ അർഥമെന്താണ്?— നമ്മൾ ഒരു കാര്യം പറഞ്ഞാൽ അതുപോലെ ചെയ്തിരിക്കണം എന്നാണ് അവൻ ഉദ്ദേശിച്ചത്.
സത്യം പറയുന്നത് എത്ര പ്രധാനമാണെന്നു കാണിക്കുന്ന ഒരു സംഭവകഥ ബൈബിളിലുണ്ട്. യെരുശലേമിലുണ്ടായിരുന്ന ഒരു ക്രിസ്തീയ സഭയിലെ രണ്ടുപേരുടെ കഥയാണ്. എന്താണ് സംഭവിച്ചതെന്ന് ഞാൻ പറയാം.
യേശു മരിച്ചിട്ട് രണ്ടു മാസം തികഞ്ഞിട്ടില്ല. പെന്തെക്കൊസ്ത് എന്ന ഒരു ഉത്സവത്തിൽ പങ്കെടുക്കാനായി ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ യെരുശലേമിൽ എത്തിയിരിക്കുകയാണ്. യഹൂദന്മാരുടെ വിശേഷപ്പെട്ട ഉത്സവമാണ് പെന്തെക്കൊസ്ത്. അവിടെവെച്ച് പത്രോസ് അപ്പൊസ്തലൻ ഗംഭീരമായ ഒരു പ്രസംഗം നടത്തി. യഹോവ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച യേശുവിനെക്കുറിച്ച് അവൻ ആ പ്രസംഗത്തിൽ പറയുകയുണ്ടായി. യെരുശലേമിൽ കൂടിവന്നവരിൽ പലരും യേശുവിനെക്കുറിച്ച് ആദ്യമായി കേൾക്കുകയായിരുന്നു. അവർക്ക് കൂടുതൽ അറിയണമെന്നായി. അതുകൊണ്ട് അവർ എന്തു ചെയ്തു?
പ്രതീക്ഷിച്ചതിലും കൂടുതൽ നാൾ അവർ അവിടെ തങ്ങി. അതുകൊണ്ട് പലരുടെയും കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നുപോയി. ആഹാരം വാങ്ങാൻപോലും പണമില്ലെന്ന അവസ്ഥയായി. യെരുശലേമിലുള്ള ശിഷ്യന്മാർ അവരെ സഹായിക്കാൻ മുന്നോട്ടുവന്നു. പലരും വസ്തുവകകൾ വിറ്റ് പണം അപ്പൊസ്തലന്മാരെ ഏൽപ്പിച്ചു. അപ്പൊസ്തലന്മാർ അത്, പണം ആവശ്യമുള്ളവർക്ക് കൊടുത്തു.
യെരുശലേം സഭയിലെ അംഗങ്ങളായിരുന്ന അനന്യാസും ഭാര്യ സഫീറയും അവരുടെ നിലം വിറ്റു. നിലം വിൽക്കാൻ ആരും അവരോട് പറഞ്ഞില്ല; അവർക്കു തനിയെ തോന്നിയതാണ്. പുതുതായി യേശുവിന്റെ ശിഷ്യന്മാരായവരോട് സ്നേഹമുണ്ടായിട്ടല്ല അനന്യാസും സഫീറയും അങ്ങനെ ചെയ്തത്. തങ്ങൾ നല്ലവരാണെന്ന് മറ്റുള്ളവർക്കു തോന്നണം; അതായിരുന്നു അവരുടെ മനസ്സിൽ. അതുകൊണ്ട് നിലം വിറ്റുകിട്ടിയ പണം മുഴുവൻ ദാനം ചെയ്യുകയാണെന്ന് മറ്റുള്ളവരോടു പറയാൻ അവർ തീരുമാനിച്ചു. മുഴുവൻ കൊടുക്കുകയാണെന്ന ഭാവത്തിൽ കുറച്ചു പണം കൊടുക്കാനായിരുന്നു പരിപാടി. അതു ശരിയായിരുന്നോ? നിങ്ങൾക്ക് എന്തു തോന്നുന്നു?—
അനന്യാസ് പണവുമായി അപ്പൊസ്തലന്മാരുടെ അടുത്തുചെന്ന് അത് അവരെ ഏൽപ്പിച്ചു. പക്ഷേ, അനന്യാസ് ചെയ്തതെല്ലാം ദൈവം കാണുന്നുണ്ടായിരുന്നു. അനന്യാസ് കള്ളത്തരം കാണിക്കുകയാണെന്ന് ദൈവം പത്രോസ് അപ്പൊസ്തലന് അറിവുകൊടുത്തു.
അനന്യാസ് പത്രോസിനോട് എന്തു നുണയാണ് പറയുന്നത്?
അപ്പോൾ പത്രോസ് അനന്യാസിനോട്: ‘അനന്യാസേ, നിന്നെക്കൊണ്ട് ഇതു ചെയ്യിക്കാൻ നീ സാത്താനെ അനുവദിച്ചത് എന്തിനാണ്? നിലം നിന്റേതല്ലായിരുന്നോ? അതു വിൽക്കാൻ ആരും നിന്നോടു പറഞ്ഞില്ല. ഇനി, അതു വിറ്റാൽത്തന്നെ ആ പണംകൊണ്ട് നിനക്ക് ഇഷ്ടമുള്ളതു ചെയ്യാമായിരുന്നു. അപ്പോൾപ്പിന്നെ, മുഴുവൻ തരുകയാണെന്ന ഭാവത്തിൽ കുറച്ചു പണം തരാൻ നീ തുനിഞ്ഞത് എന്തിനാണ്? നീ ഞങ്ങളോടല്ല, ദൈവത്തോടാണ് നുണ പറഞ്ഞിരിക്കുന്നത്!’
അനന്യാസ് ചെയ്തത് ഒരു നിസ്സാര കാര്യമല്ലായിരുന്നു. അവൻ നുണ പറയുകയായിരുന്നു! ചെയ്യുമെന്നു പറഞ്ഞതല്ല അവൻ ചെയ്തത്; അങ്ങനെ ഭാവിച്ചതേയുള്ളൂ. പിന്നീട് എന്താണ് സംഭവിച്ചതെന്നോ? ബൈബിൾ അതേക്കുറിച്ചു പറയുന്നു: ‘പത്രോസിന്റെ വാക്കുകൾ കേട്ടപ്പോൾ അനന്യാസ് നിലത്തുവീണു. അപ്പോൾത്തന്നെ അവൻ മരിച്ചു.’ അതു ദൈവത്തിൽനിന്നുള്ള ശിക്ഷയായിരുന്നു! തുടർന്ന് അവന്റെ ശരീരം പുറത്തുകൊണ്ടുപോയി അടക്കംചെയ്തു.
അനന്യാസ് പത്രോസിനോട് എന്തു നുണയാണ് പറയുന്നത്?
ഏതാണ്ട് മൂന്നു മണിക്കൂർ കഴിഞ്ഞു കാണും, സഫീറയും പത്രോസിന്റെ അടുക്കൽ വന്നു. ഭർത്താവിനു സംഭവിച്ചതൊന്നും അവൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് പത്രോസ് അവളോട് ചോദിച്ചു: ‘പറയൂ, ഞങ്ങളെ ഏൽപ്പിച്ച അതേ തുകയ്ക്കാണോ നിങ്ങൾ നിലം വിറ്റത്?’
“അതെ, ഈ വിലയ്ക്കുതന്നെയാണ് ഞങ്ങൾ നിലം വിറ്റത്” സഫീറ പറഞ്ഞു. പക്ഷേ അതു പച്ചക്കള്ളമായിരുന്നു! നിലം വിറ്റുകിട്ടിയ പണത്തിൽ കുറെ അവർ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിരുന്നു. അതുകൊണ്ട് സഫീറയെയും ദൈവം ശിക്ഷിച്ചു; അവളും മരിച്ചു.—പ്രവൃത്തികൾ 5:1-11.
അനന്യാസിനും സഫീറയ്ക്കും സംഭവിച്ചതിൽനിന്ന് നമ്മൾ എന്തു പഠിക്കണം?— നുണ പറയുന്നവരെ ദൈവത്തിന് ഇഷ്ടമല്ല എന്ന് അതു നമ്മളെ പഠിപ്പിക്കുന്നു. നമ്മൾ എപ്പോഴും സത്യം പറയുന്നതു കേൾക്കാനാണ് അവനിഷ്ടം. പക്ഷേ നുണ പറയുന്നത് അത്ര വലിയ തെറ്റൊന്നുമല്ല എന്നാണ് പലരും പറയുന്നത്. അത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?— ഇന്ന് ഈ ഭൂമിയിൽ കാണുന്ന രോഗത്തിനും മരണത്തിനും കഷ്ടപ്പാടുകൾക്കുമെല്ലാം കാരണം ഒരു നുണയാണ്. അത് നിങ്ങൾക്ക് അറിയാമായിരുന്നോ?—
ആദ്യത്തെ നുണയൻ ആരാണെന്നാണ് യേശു പറഞ്ഞത്? ആ നുണ എന്തെല്ലാം കുഴപ്പങ്ങൾ വരുത്തിവെച്ചു?
ഓർക്കുന്നില്ലേ, ആദ്യത്തെ മനുഷ്യസ്ത്രീയായ ഹവ്വായോട് പിശാച് നുണ പറഞ്ഞ കാര്യം? തിന്നരുതെന്ന് ദൈവം പറഞ്ഞ പഴം തിന്നാൽ മരിക്കില്ലെന്ന് പിശാച് അവളോടു പറഞ്ഞു. പിശാചിനെ വിശ്വസിച്ച് ഹവ്വാ ആ പഴം തിന്നു. ആദാമിനും കൊടുത്തു; അവനും തിന്നു. അതോടെ രണ്ടുപേരും പാപികളായിത്തീർന്നു. അതുകൊണ്ട് അവരുടെ കുട്ടികളും പാപികളായിട്ടാണ് ജനിച്ചത്. പാപികളായതിനാൽ നമ്മളുൾപ്പെടെ ആദാമിന്റെ എല്ലാ കുട്ടികൾക്കും കഷ്ടപ്പാടുകൾ സഹിച്ച് മരിക്കേണ്ടിവരുന്നു. എങ്ങനെയാണ് ഈ പ്രശ്നങ്ങളെല്ലാം തുടങ്ങിയത്?— അതെ, ഒരു നുണയാണ് ഇതിനെല്ലാം കാരണം.
‘നുണ പറയുന്നവനും നുണയുടെ അപ്പനും’ എന്ന് യേശു പിശാചിനെ വിളിച്ചതിൽ അതിശയിക്കാനില്ല. ഏറ്റവും ആദ്യമായി നുണ പറഞ്ഞത് പിശാചാണ്! അതുകൊണ്ട് നുണ പറയുന്ന ഒരാൾ, പിശാച് അന്നു ചെയ്തതുതന്നെയാണ് ചെയ്യുന്നത്. നുണ പറയാനുള്ള പ്രലോഭനം തോന്നുമ്പോഴൊക്കെ നമ്മൾ ഇക്കാര്യം ഓർക്കണം.—യോഹന്നാൻ 8:44.
സാധാരണ എപ്പോഴാണ് നുണ പറയാൻ തോന്നുന്നത്?— എന്തെങ്കിലും തെറ്റ് ചെയ്തുകഴിയുമ്പോൾ, അല്ലേ?— ചിലപ്പോൾ അറിയാതെ നിങ്ങൾ എന്തെങ്കിലും പൊട്ടിച്ചേക്കാം. പക്ഷേ നിങ്ങളോടു ചോദിക്കുമ്പോൾ ചേട്ടനോ ചേച്ചിയോ ആണ് അതു പൊട്ടിച്ചതെന്ന് പറയുന്നതു ശരിയാണോ? അല്ലെങ്കിൽ, അതിനെക്കുറിച്ച് അറിയില്ലെന്നമട്ടിൽ പെരുമാറുന്നത് ശരിയാണോ?—
സാധാരണ എപ്പോഴാണ് നുണ പറയാൻ തോന്നുന്നത്?
നിങ്ങൾക്കു കുറെ ഹോംവർക്ക് ചെയ്യാനുണ്ടെന്നു വിചാരിക്കുക. പക്ഷേ അതിൽ കുറച്ചുമാത്രം ചെയ്തിട്ട് മുഴുവൻ ചെയ്തുതീർന്നെന്നു പറയുന്നത് ശരിയാണോ?— അനന്യാസിന്റെയും സഫീറയുടെയും കാര്യം നമ്മൾ ഓർക്കണം. അവരും അതാണ് ചെയ്തത്; സത്യം മുഴുവൻ പറയുന്നതിനുപകരം കുറച്ചു കാര്യങ്ങൾ മറച്ചുവെച്ചു. അവരെ കൊന്നുകളഞ്ഞുകൊണ്ട്, അവർ ചെയ്തത് എത്ര വലിയ തെറ്റായിരുന്നെന്ന് ദൈവം കാണിച്ചുകൊടുത്തു.
അതുകൊണ്ട് എന്തു കാര്യത്തെക്കുറിച്ചായാലും, നുണ പറയുന്നത് പ്രശ്നം വഷളാക്കുകയേയുള്ളൂ. സംഭവിച്ചതു മുഴുവൻ പറയുന്നതിനുപകരം പകുതി കാര്യങ്ങൾമാത്രം പറയുന്നതും തെറ്റുതന്നെയാണ്. എപ്പോഴും “സത്യം സംസാരിക്കണം” എന്ന് ബൈബിൾ പറയുന്നു. ‘തമ്മിൽത്തമ്മിൽ നുണ പറയരുത്’ എന്നും അത് പറയുന്നുണ്ട്. യഹോവ സത്യം മാത്രമേ പറയൂ. നമ്മളും അങ്ങനെ ചെയ്യണമെന്നാണ് അവന്റെ ആഗ്രഹം.—എഫെസ്യർ 4:25; കൊലോസ്യർ 3:9.
നമ്മൾ എപ്പോഴും സത്യം പറയണം. പുറപ്പാടു 20:16; സദൃശവാക്യങ്ങൾ 6:16-19; 12:19; 14:5; 16:6; എബ്രായർ 4:13 എന്നീ തിരുവെഴുത്തുകൾ അതാണ് നമ്മളെ പഠിപ്പിക്കുന്നത്.