വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 34 പേ. 177-181
  • മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌?
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • നാലു ദിവസം മരിച്ചവനായിരുന്ന മനുഷ്യൻ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • യേശു ലാസറിനെ ഉയിർപ്പിക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക്‌ യഥാർഥ പ്രത്യാശ
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 34 പേ. 177-181

അധ്യായം 34

മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌?

ആളുകൾക്ക്‌ പ്രായമാകുന്നതും രോഗംവരുന്നതും മരിക്കുന്നതുമൊക്കെ ഇന്ന്‌ സാധാരണമാണ്‌, ശരിയല്ലേ? കുട്ടികൾപോലും മരിക്കുന്നുണ്ട്‌. എന്നാൽ മരണത്തെയോ മരിച്ചവരെയോ പേടിക്കേണ്ട കാര്യമുണ്ടോ, എന്തു തോന്നുന്നു?— നമ്മൾ മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അറിയാമോ?—

ഇന്ന്‌ ജീവിച്ചിരിക്കുന്ന ആരും മുമ്പ്‌ മരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്നു പറയാൻ അവർക്കാർക്കും പറ്റില്ല. പക്ഷേ മഹാനായ അധ്യാപകൻ ഭൂമിയിലായിരുന്ന സമയത്ത്‌ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു, മരിച്ചിട്ട്‌ ജീവനിലേക്കുവന്ന ഒരാൾ. അയാളെക്കുറിച്ചു ബൈബിൾ പറയുന്നതു വായിച്ചാൽ, മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ നമുക്ക്‌ അറിയാൻ പറ്റും. യേശുവിന്റെ കൂട്ടുകാരനായിരുന്നു ആ മനുഷ്യൻ. ലാസർ എന്നായിരുന്നു അയാളുടെ പേര്‌. യെരുശലേമിന്‌ അടുത്തുള്ള ഒരു ചെറിയ പട്ടണമായ ബെഥാന്യയിലാണ്‌ അയാൾ താമസിച്ചിരുന്നത്‌. ലാസറിന്‌ രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു, മാർത്തയും മറിയയും.

ഒരിക്കൽ ലാസറിന്‌ കലശലായ ഒരു രോഗം പിടിപെട്ടു. യേശുവാണെങ്കിൽ ദൂരെ ഒരിടത്താണ്‌. യേശുവിന്‌ ലാസറിന്റെ അസുഖം ഭേദമാക്കാനാകുമെന്ന്‌ മാർത്തയ്‌ക്കും മറിയയ്‌ക്കും നന്നായി അറിയാം. അതുകൊണ്ട്‌ യേശുവിനെ വിവരം അറിയിക്കാൻ അവർ ഒരാളെ പറഞ്ഞുവിടുന്നു. യേശു ഡോക്‌ടർ ഒന്നുമല്ല. പക്ഷേ, എല്ലാത്തരം അസുഖങ്ങളും സുഖപ്പെടുത്താനുള്ള ശക്തി ദൈവം അവനു കൊടുത്തിട്ടുണ്ട്‌.—മത്തായി 15:30, 31.

എന്നാൽ യേശു ബെഥാന്യയിലേക്കു പുറപ്പെടുന്നതിന്‌ മുമ്പുതന്നെ അസുഖം കൂടി ലാസർ മരിച്ചു. അത്‌ അറിഞ്ഞപ്പോൾ യേശു ശിഷ്യന്മാരോട്‌ എന്താണ്‌ പറഞ്ഞതെന്നോ? ലാസർ ഉറങ്ങുകയാണെന്നും താൻ അവനെ ഉണർത്താൻ പോകുകയാണെന്നും! യേശു പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർക്ക്‌ പിടികിട്ടിയില്ല. അതുകൊണ്ട്‌, “ലാസർ മരിച്ചുപോയി” എന്ന്‌ യേശു തുറന്നുപറഞ്ഞു. ഇതിൽനിന്ന്‌ മരണത്തെക്കുറിച്ച്‌ നമുക്ക്‌ എന്ത്‌ മനസ്സിലാക്കാം?— നല്ല ഒരു ഉറക്കം പോലെയാണ്‌ മരണം, സ്വപ്‌നംപോലും കാണാത്ത അത്ര നല്ല ഉറക്കം.

യേശു മാർത്തയുടെയും മറിയയുടെയും വീട്ടിലേക്ക്‌ വരുകയാണ്‌. മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാനായി സുഹൃത്തുക്കളും മറ്റും ഇതിനോടകം അവിടെ എത്തിയിട്ടുണ്ട്‌. യേശു വരുന്നു എന്ന്‌ കേട്ടിട്ട്‌ മാർത്ത അവനെ എതിരേൽക്കാൻ ചെല്ലുന്നു. അൽപ്പം കഴിഞ്ഞ്‌ മറിയയും അങ്ങോട്ടു പോയി. മറിയ കരയുകയാണ്‌. അവൾക്ക്‌ സങ്കടം സഹിക്കാനാകുന്നില്ല. യേശുവിനെ കണ്ടപ്പോൾ അവൾ അവന്റെ കാൽക്കൽ വീഴുന്നു. അവളോടൊപ്പം വന്ന സുഹൃത്തുക്കളും കരയുന്നുണ്ട്‌.

ലാസറിനെ അടക്കിയിരിക്കുന്നത്‌ എവിടെയാണെന്ന്‌ യേശു അവരോട്‌ ചോദിച്ചു. അപ്പോൾ, ആളുകൾ അവനെ ഒരു ഗുഹയ്‌ക്ക്‌ അടുത്തേക്ക്‌ കൊണ്ടുപോയി. ലാസറിനെ അടക്കിയിരുന്നത്‌ അവിടെയാണ്‌. എല്ലാവരും കരയുന്നത്‌ കണ്ടപ്പോൾ ദുഃഖം അടക്കാനാവാതെ യേശുവും കരഞ്ഞു. പ്രിയപ്പെട്ട ആരെങ്കിലും മരിക്കുന്നത്‌ എത്ര വേദനിപ്പിക്കുന്ന കാര്യമാണെന്ന്‌ യേശുവിന്‌ അറിയാം.

ഒരു വലിയ കല്ലുകൊണ്ട്‌ ഗുഹ അടച്ചിരുന്നു. ആ കല്ലെടുത്തുമാറ്റാൻ യേശു പറഞ്ഞു. അവർ എന്തു ചെയ്‌തു?— കല്ലെടുത്തുമാറ്റുന്നത്‌ ബുദ്ധിയല്ലെന്ന്‌ മാർത്തയ്‌ക്കു തോന്നി. “കർത്താവേ, നാലുദിവസമായല്ലോ; ഇപ്പോൾ അവനു നാറ്റംവെച്ചിട്ടുണ്ടാകും,” അവൾ പറഞ്ഞു.

‘വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണുമെന്ന്‌ ഞാൻ നിന്നോടു പറഞ്ഞില്ലേ?’ എന്ന്‌ യേശു മാർത്തയോട്‌ ചോദിച്ചു. ദൈവത്തിന്‌ മഹത്ത്വംവരുത്തുന്ന ഒരു കാര്യം അവൾ കാണുമെന്നാണ്‌ യേശു ഉദ്ദേശിച്ചത്‌. ഇങ്ങനെ പറഞ്ഞിട്ട്‌ യേശു എന്തു ചെയ്‌തു? ആളുകൾ കല്ല്‌ മാറ്റിയപ്പോൾ അവൻ യഹോവയോട്‌ ഉറക്കെ പ്രാർഥിച്ചു. എന്നിട്ട്‌, “ലാസറേ, പുറത്തുവരുക” എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു. അത്‌ കേട്ട്‌ ലാസർ പുറത്ത്‌ വന്നോ? ആകട്ടെ, പുറത്തുവരാൻ അവന്‌ സാധിക്കുമായിരുന്നോ?—

ഉറങ്ങുന്ന ഒരാളെ നിങ്ങൾക്ക്‌ ഉണർത്താനാകുമോ?— നിങ്ങൾ ഉറക്കെ വിളിച്ചാൽ അയാൾ ഉണരും. പക്ഷേ, മരിച്ചുപോയ ഒരാളെ വിളിച്ചെഴുന്നേൽപ്പിക്കാൻ നിങ്ങൾക്ക്‌ പറ്റുമോ?— ഇല്ല. നിങ്ങൾ എത്ര ഉറക്കെ വിളിച്ചാലും മരിച്ചയാൾ കേൾക്കില്ല. എനിക്കോ നിങ്ങൾക്കോ എന്നല്ല, ഇന്ന്‌ ഭൂമിയിലുള്ള ആർക്കും മരിച്ചവരെ എഴുന്നേൽപ്പിക്കാൻ കഴിയില്ല.

യേശു വിളിക്കുന്നു, ലാസർ കല്ലറയിൽനിന്ന്‌ ജീവനോടെ പുറത്തുവരുന്നു

യേശു ഇവിടെ എന്തു ചെയ്യുകയാണ്‌?

പക്ഷേ, യേശു നമ്മളെപ്പോലെയല്ല. അവന്‌ ദൈവം കൊടുത്ത അത്ഭുതശക്തിയുണ്ട്‌. അതുകൊണ്ട്‌, യേശു ലാസറിനെ വിളിച്ചപ്പോൾ ഒരു അത്ഭുതം നടക്കുന്നു. നാലു ദിവസംമുമ്പ്‌ മരിച്ചുപോയ ആൾ അതാ ഗുഹയിൽനിന്ന്‌ ഇറങ്ങിവരുന്നു! അതെ, ലാസറിന്‌ ജീവൻ തിരിച്ചുകിട്ടി! ഇപ്പോൾ അവന്‌ ശ്വസിക്കാം, നടക്കാം, സംസാരിക്കാം, എല്ലാം ചെയ്യാം! അതെ, മരിച്ചുപോയ ലാസറിനെ യേശു ഉയിർപ്പിച്ചു.—യോഹന്നാൻ 11:1-44.

ഒന്നാലോചിച്ചു നോക്കൂ: മരിച്ചപ്പോൾ ലാസറിന്‌ എന്താണ്‌ സംഭവിച്ചത്‌? അവന്റെ ഏതെങ്കിലും ഭാഗം—ചിലർ പറയുന്നതുപോലെ ദേഹിയോ ആത്മാവോ—മരണത്തിനുശേഷം തുടർന്നു ജീവിച്ചോ? ലാസറിന്റെ ദേഹിയോ ആത്മാവോ സ്വർഗത്തിലേക്കു പോയോ? ദൈവത്തിന്റെയും ദൂതന്മാരുടെയും കൂടെ നാലു ദിവസം അവൻ സ്വർഗത്തിലായിരുന്നോ?—

അല്ല. ഓർക്കുന്നില്ലേ, ലാസർ ഉറങ്ങുകയാണെന്നാണ്‌ യേശു പറഞ്ഞത്‌. ഉറങ്ങുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌? നല്ല ഉറക്കത്തിലാണെങ്കിൽ, ചുറ്റും നടക്കുന്നതൊന്നും നിങ്ങൾ അറിയില്ല, ശരിയല്ലേ?— ഉണർന്നാലും, ക്ലോക്കിൽ നോക്കിയാലേ എത്ര സമയം ഉറങ്ങിയെന്ന്‌ നിങ്ങൾക്ക്‌ അറിയാൻ പറ്റൂ.

മരിച്ചവരുടെ കാര്യവും അങ്ങനെയാണ്‌. അവർക്ക്‌ ഒന്നും അറിയാനോ അനുഭവിക്കാനോ ചെയ്യാനോ പറ്റില്ല. ലാസർ മരിച്ചപ്പോഴും അങ്ങനെയായിരുന്നു. മരണം സുഖകരമായ ഒരു ഉറക്കംപോലെയാണ്‌, ഒന്നും അറിയാത്ത ഉറക്കം. ‘മരിച്ചവർ ഒന്നും അറിയുന്നില്ല’ എന്ന്‌ ബൈബിൾ പറയുന്നു.—സഭാപ്രസംഗി 9:5, 10.

ലാസർ കല്ലറയ്‌ക്കുള്ളിൽ മരിച്ചുകിടക്കുന്നു

മരിച്ചുകഴിഞ്ഞപ്പോൾ ലാസറിന്റെ അവസ്ഥ എന്തായിരുന്നു?

ഒന്നാലോചിച്ചു നോക്കൂ: ആ നാലു ദിവസം ലാസർ സ്വർഗത്തിലായിരുന്നെങ്കിൽ ഉയിർപ്പിക്കപ്പെട്ടപ്പോൾ അവൻ അതിനെക്കുറിച്ച്‌ എന്തെങ്കിലും പറയുമായിരുന്നില്ലേ?— ഇനി, അവൻ സ്വർഗത്തിലായിരുന്നെങ്കിൽ, ആ നല്ല സ്ഥലത്തുനിന്ന്‌ യേശു അവനെ ഭൂമിയിലേക്ക്‌ തിരികെ കൊണ്ടുവരുമായിരുന്നോ?— ഒരിക്കലുമില്ല!

പക്ഷേ, പലരും വിശ്വസിക്കുന്നത്‌ നമുക്ക്‌ ഒരു ദേഹി ഉണ്ടെന്നാണ്‌. എന്നുവെച്ചാൽ, മരണശേഷം ശരീരത്തെ വിട്ടുപോകുന്ന എന്തോ ഉണ്ടെന്ന്‌. ലാസറിന്റെ ദേഹി മറ്റെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നാണ്‌ അവർ പറയുന്നത്‌. പക്ഷേ ബൈബിൾ അങ്ങനെ പറയുന്നില്ല. പകരം, ദൈവം ആദ്യമനുഷ്യനായ ആദാമിനെ “ജീവനുള്ള ദേഹിയായി” സൃഷ്ടിച്ചു എന്നാണ്‌ അത്‌ പറയുന്നത്‌. ആദാമിന്‌ ഒരു ദേഹി ഉണ്ടായിരുന്നു എന്നല്ല, ആദാം ഒരു ദേഹി ആയിരുന്നു എന്നാണ്‌ ബൈബിൾ പറയുന്നത്‌. പാപം ചെയ്‌തപ്പോൾ ആദാം മരിച്ചെന്നും അവനെ ഉണ്ടാക്കിയ പൊടിയിലേക്ക്‌ അവൻ തിരിച്ചുപോയെന്നും ബൈബിൾ പറയുന്നു. ആദാമിന്റെ മക്കൾക്കെല്ലാം അവനിൽനിന്ന്‌ പാപവും മരണവും പകർന്നുകിട്ടിയെന്നും ബൈബിളിൽ നമ്മൾ വായിക്കുന്നു.—ഉല്‌പത്തി 2:7; 3:17-19; റോമർ 5:12.

ഇതിൽനിന്ന്‌ നമ്മൾ എന്താണ്‌ മനസ്സിലാക്കുന്നത്‌? ശരീരത്തിൽനിന്ന്‌ വേർപെട്ട ഒരു ദേഹി നമുക്കില്ല. നമ്മൾ ഓരോരുത്തരും ദേഹികളാണ്‌. ആദാമിൽനിന്ന്‌ നമുക്കെല്ലാം പാപം പകർന്നുകിട്ടിയതുകൊണ്ട്‌ “പാപം ചെയ്യുന്ന ദേഹി മരിക്കും” എന്ന്‌ ബൈബിൾ പറയുന്നു.—യെഹെസ്‌കേൽ 18:4.

കല്ലറകളിൽനിന്ന്‌ പുറത്തുവരുന്ന കുട്ടികൾ

മരിച്ചവരെ പേടിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

ചിലർക്ക്‌ മരിച്ചവരെ പേടിയാണ്‌. അവർ സെമിത്തേരിയുടെ അടുത്തുകൂടെപ്പോലും പോകില്ല. കാരണം മരിച്ചവരുടെ ദേഹി ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കുമെന്നാണ്‌ അവർ കരുതുന്നത്‌. പക്ഷേ, മരിച്ചുപോയവർക്ക്‌ ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാൻ പറ്റുമെന്ന്‌ നിങ്ങൾക്കു തോന്നുന്നുണ്ടോ?— ഒരിക്കലും പറ്റില്ല.

മരിച്ചവർ ആത്മാക്കളായി, ജീവിച്ചിരിക്കുന്നവരെ കാണാൻ വരുമെന്നുപോലും ചിലർ വിശ്വസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ അവർ മരിച്ചവർക്കുവേണ്ടി ഭക്ഷണം വിളമ്പിവെക്കും. പക്ഷേ അങ്ങനെ ചെയ്യുന്നവർ, മരിച്ചവരെക്കുറിച്ച്‌ ദൈവം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നില്ല. ദൈവം പറയുന്ന കാര്യങ്ങളിൽ നമുക്കു വിശ്വാസമുണ്ടെങ്കിൽ നമ്മൾ മരിച്ചവരെ പേടിക്കില്ല. ഇനി, നമ്മൾ ജീവനോടിരിക്കുന്നതിൽ നമുക്കു ദൈവത്തോട്‌ ശരിക്കും നന്ദിയുണ്ടെങ്കിൽ ദൈവം ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നമ്മൾ ചെയ്യും.

ഇപ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും: ‘മരിച്ചുപോയ കുട്ടികളെയും ദൈവം ഉയിർപ്പിക്കുമോ? അങ്ങനെ ചെയ്യാൻ ദൈവത്തിന്‌ ശരിക്കും ആഗ്രഹമുണ്ടോ?’ ഇനി നമുക്ക്‌ അതിനെക്കുറിച്ചു പഠിക്കാം.

മരിച്ചവരുടെ അവസ്ഥയെക്കുറിച്ച്‌ അറിയാൻ സങ്കീർത്തനം 115:17; 146:3, 4 എന്നീ തിരുവെഴുത്തുകൾ കൂടെ വായിച്ചുനോക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക