വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 39 പേ. 202-206
  • ദൈവം തന്റെ പുത്രനെ ഓർക്കുന്നു!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം തന്റെ പുത്രനെ ഓർക്കുന്നു!
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • ഒരു ഒഴിഞ്ഞ കല്ലറ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • യേശു ജീവിച്ചിരിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യേശു ഉയിർപ്പിക്കപ്പെടുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • യേശു ജീവ​നോ​ടി​രി​ക്കു​ന്നു!
    യേശു​—വഴിയും സത്യവും ജീവനും
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 39 പേ. 202-206

അധ്യായം 39

ദൈവം തന്റെ പുത്രനെ ഓർക്കുന്നു!

കൂട്ടുകാരനായ ലാസർ മരിച്ചപ്പോൾ യേശു കരഞ്ഞത്‌ ഓർക്കുന്നില്ലേ? ഇനി, തന്റെ പുത്രനായ യേശു കഷ്ടങ്ങൾ സഹിച്ച്‌ മരിച്ചപ്പോൾ യഹോവയ്‌ക്ക്‌ സങ്കടം തോന്നിക്കാണുമോ?— ചില കാര്യങ്ങൾ ദൈവത്തെ ‘ദുഃഖിപ്പിക്കുമെന്ന്‌’ ബൈബിൾ പറയുന്നുണ്ട്‌.—സങ്കീർത്തനം 78:40, 41; യോഹന്നാൻ 11:35.

തന്റെ പ്രിയപുത്രൻ മരിക്കുന്നതു കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എത്രമാത്രം വേദന തോന്നിയിരിക്കും! നിങ്ങൾക്ക്‌ അത്‌ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ടോ?— ദൈവം തന്നെ മറന്നുകളയില്ലെന്ന്‌ യേശുവിന്‌ ഉറപ്പായിരുന്നു അതുകൊണ്ടാണ്‌ മരിക്കുന്നതിനുമുമ്പ്‌ അവസാനമായി യേശു ഇങ്ങനെ പറഞ്ഞത്‌: ‘പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കയ്യിൽ ഏൽപ്പിക്കുന്നു.’—ലൂക്കോസ്‌ 23:46.

ദൈവം തന്നെ ഉയിർപ്പിക്കുമെന്ന്‌ യേശുവിന്‌ ഉറപ്പുണ്ടായിരുന്നു. അതെ, തന്നെ “പാതാളത്തിൽ” എന്നുവെച്ചാൽ ശവക്കുഴിയിൽ വിട്ടുകളയില്ലെന്ന്‌ അവന്‌ അറിയാമായിരുന്നു. യേശുവിനെക്കുറിച്ച്‌ ബൈബിളിൽ പറഞ്ഞിരുന്ന ഒരു കാര്യത്തെപ്പറ്റി അവൻ ഉയിർത്തെഴുന്നേറ്റശേഷം പത്രോസ്‌ അപ്പൊസ്‌തലൻ പറഞ്ഞു: “അവൻ പാതാളത്തിൽ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ജഡം ജീർണിച്ചതുമില്ല.” (പ്രവൃത്തികൾ 2:31; സങ്കീർത്തനം 16:10) ശവക്കുഴിയിൽ യേശുവിന്റെ ശരീരം ജീർണിക്കാൻ അല്ലെങ്കിൽ അഴുകാൻ ഇടവന്നില്ല.

മരിച്ച അവസ്ഥയിൽ തനിക്ക്‌ അധികകാലം കഴിയേണ്ടിവരില്ലെന്ന്‌ ഭൂമിയിലായിരിക്കെ യേശു ശിഷ്യന്മാരോട്‌ പറഞ്ഞിരുന്നു. താൻ “കൊല്ലപ്പെടുകയും മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും” ചെയ്യുമെന്ന്‌ അവൻ അവരോട്‌ പറഞ്ഞു. (ലൂക്കോസ്‌ 9:22) അതുകൊണ്ട്‌ യേശു ഉയിർത്തെഴുന്നേറ്റാൽ അവർ അത്ഭുതപ്പെടേണ്ട കാര്യമില്ലായിരുന്നു. പക്ഷേ എന്താണ്‌ സംഭവിച്ചത്‌?— നമുക്കു നോക്കാം.

ഒരു വെള്ളിയാഴ്‌ച വൈകുന്നേരം ഏതാണ്ട്‌ മൂന്നുമണിക്കാണ്‌ യേശു മരിച്ചത്‌. അക്കാലത്ത്‌ യഹൂദ ഹൈക്കോടതിയിൽ ഒരംഗമായിരുന്നു ധനികനായ യോസേഫ്‌. അയാൾക്ക്‌ യേശുവിൽ വിശ്വാസമുണ്ടായിരുന്നു; അതുപക്ഷേ ആർക്കും അറിയില്ലായിരുന്നു. യേശു മരിച്ച വിവരം അറിഞ്ഞപ്പോൾ അയാൾ റോമൻ ഗവർണറായ പീലാത്തൊസിനെ ചെന്നുകണ്ടു. എന്തിനാണെന്നോ? യേശുവിന്റെ ശരീരം സ്‌തംഭത്തിൽനിന്നിറക്കി അടക്കംചെയ്യാനുള്ള അനുമതി വാങ്ങാൻ. എന്നിട്ട്‌ യോസേഫ്‌ യേശുവിന്റെ ശരീരം അവിടെയുള്ള ഒരു തോട്ടത്തിലേക്കു കൊണ്ടുപോയി. അവിടെയൊരു കല്ലറയുണ്ടായിരുന്നു.

യേശുവിന്റെ ശരീരം കല്ലറയിൽ വെച്ചതിനുശേഷം ഒരു വലിയ കല്ലുകൊണ്ട്‌ കല്ലറ അടച്ചു. രണ്ട്‌ ദിവസം കഴിഞ്ഞു. ഇതിപ്പോൾ മൂന്നാമത്തെ ദിവസമാണ്‌; എന്നുവെച്ചാൽ ഞായറാഴ്‌ച. സൂര്യൻ ഉദിച്ചിട്ടില്ല; എല്ലായിടത്തും ഇരുട്ടാണ്‌. കല്ലറയ്‌ക്ക്‌ ചിലർ കാവൽ നിൽക്കുന്നുണ്ട്‌. മുഖ്യപുരോഹിതന്മാർ പറഞ്ഞുവിട്ടതാണ്‌ അവരെ. എന്തിനാണെന്ന്‌ അറിയാമോ?—

താൻ ഉയിർത്തെഴുന്നേൽക്കുമെന്ന്‌ യേശു പറഞ്ഞകാര്യം പുരോഹിതന്മാരുടെ ചെവിയിലും എത്തിയിരുന്നു. യേശുവിന്റെ ശിഷ്യന്മാർ അവന്റെ ശരീരം എടുത്തുകൊണ്ടുപോയിട്ട്‌, അവൻ ഉയിർത്തെഴുന്നേറ്റതാണെന്ന്‌ പറയുമെന്ന്‌ പുരോഹിതന്മാർക്കു തോന്നി. അതുകൊണ്ടാണ്‌ അവർ കാവൽക്കാരെ നിറുത്തിയത്‌. പെട്ടെന്ന്‌ ഭൂമി കുലുങ്ങാൻ തുടങ്ങി. കാവൽക്കാർ ഒരു പ്രകാശം കണ്ടു. യഹോവയുടെ ദൂതനായിരുന്നു അത്‌! കാവൽക്കാർ പേടിച്ച്‌ അനങ്ങാൻ പറ്റാത്ത അവസ്ഥയിലായി. ദൂതൻ കല്ലറയുടെ കല്ല്‌ ഉരുട്ടിമാറ്റി. അതാ, കല്ലറ ശൂന്യമായി കിടക്കുന്നു!

ഒരു ദൂതൻ യേശുവിന്റെ ഒഴിഞ്ഞുകിടക്കുന്ന കല്ലറ കാണിക്കുമ്പോൾ പട്ടാളക്കാർ പേടിക്കുന്നു

കല്ലറ ഒഴിഞ്ഞുകിടക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്താണു സംഭവിച്ചത്‌?

“യേശുവിനെ ദൈവം ഉയിർപ്പിച്ചു” എന്ന്‌ പത്രോസ്‌ അപ്പൊസ്‌തലൻ പിന്നീട്‌ പറയുകയുണ്ടായി. (പ്രവൃത്തികൾ 2:32) അതെ, അതാണ്‌ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്‌! ഭൂമിയിൽ വരുന്നതിനുമുമ്പ്‌ ഉണ്ടായിരുന്നതുപോലുള്ള ശരീരം നൽകി ദൈവം യേശുവിനെ ഉയിർപ്പിച്ചു. ദൂതന്മാരെപ്പോലെ ഒരു ആത്മരൂപിയായിട്ടാണ്‌ അവൻ ഉയിർത്തെഴുന്നേറ്റത്‌. (1 പത്രോസ്‌ 3:18) അതുകൊണ്ട്‌ ആളുകൾക്ക്‌ കാണണമെങ്കിൽ യേശു മനുഷ്യശരീരമെടുക്കണം. ആകട്ടെ, യേശു അങ്ങനെ ചെയ്‌തോ?— നമുക്കു നോക്കാം.

സൂര്യൻ ഉദിച്ചുവരുന്നു. കാവൽക്കാരെല്ലാം ഇതിനോടകം സ്ഥലംവിട്ടിരുന്നു. മഗ്‌ദലന മറിയയും യേശുവിന്റെ ശിഷ്യരായിരുന്ന മറ്റ്‌ സ്‌ത്രീകളും കല്ലറയിലേക്ക്‌ പോകുകയാണ്‌. “കല്ലറയുടെ വാതിൽക്കൽനിന്ന്‌ ആരാണു നമുക്കുവേണ്ടി കല്ല്‌ ഉരുട്ടിമാറ്റുക?” എന്ന്‌ അവർ തമ്മിൽ പറയുന്നുണ്ട്‌. (മർക്കോസ്‌ 16:3) പക്ഷേ അവിടെ ചെന്നപ്പോൾ കണ്ട കാഴ്‌ചയോ? കല്ലറയുടെ കല്ല്‌ ആരോ ഉരുട്ടിമാറ്റിയിരിക്കുന്നു. കല്ലറയാണെങ്കിൽ ഒഴിഞ്ഞുകിടക്കുന്നു! അതെ, യേശുവിന്റെ ശരീരം അപ്രത്യക്ഷമായിരിക്കുന്നു! ഒട്ടും സമയം പാഴാക്കാതെ, യേശുവിന്റെ അപ്പൊസ്‌തലന്മാരെ വിവരം അറിയിക്കാൻ മഗ്‌ദലന മറിയ അവിടെനിന്ന്‌ ഓടിപ്പോകുന്നു.

മറ്റ്‌ സ്‌ത്രീകൾ കല്ലറയ്‌ക്കൽത്തന്നെയാണ്‌. ‘യേശുവിന്റെ ശരീരം എവിടെപ്പോയി’ എന്നോർത്ത്‌ അവർ വിഷമിച്ചു നിൽക്കുമ്പോൾ, വെട്ടിത്തിളങ്ങുന്ന വസ്‌ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവിടെ പ്രത്യക്ഷപ്പെട്ടു. അവർ ദൂതന്മാരാണ്‌! ദൂതന്മാർ ആ സ്‌ത്രീകളോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങൾ എന്തിനാണ്‌ യേശുവിനെ ഇവിടെ അന്വേഷിക്കുന്നത്‌? അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. വേഗം പോയി അവന്റെ ശിഷ്യന്മാരോട്‌ വിവരം പറയൂ.’ അവർ എത്ര വേഗത്തിലായിരിക്കും ഓടിപ്പോയത്‌, അല്ലേ? വഴിയിൽവെച്ച്‌ അവർ ഒരാളെ കാണുന്നു. അത്‌ ആരാണെന്ന്‌ അറിയാമോ?—

അത്‌ യേശുവാണ്‌! അവൻ മനുഷ്യശരീരത്തിൽ വന്നിരിക്കുകയാണ്‌. ‘നിങ്ങൾ പോയി എന്റെ ശിഷ്യന്മാരോട്‌ പറയുക’ എന്ന്‌ അവനും ആ സ്‌ത്രീകളോട്‌ പറയുന്നു. അവർക്ക്‌ സന്തോഷം അടക്കാനായില്ല. അവർ ശിഷ്യന്മാരെ കണ്ടുപിടിച്ച്‌ അവരോട്‌, ‘യേശു ജീവനോടിരിക്കുന്നു! ഞങ്ങൾ അവനെ കണ്ടു!’ എന്നു പറയുന്നു. കല്ലറ ഒഴിഞ്ഞുകിടക്കുന്ന കാര്യം മറിയ ഇതിനോടകം പത്രോസിനോടും യോഹന്നാനോടും പറഞ്ഞിരുന്നു. അതുകൊണ്ട്‌ അവരും കല്ലറയിലേക്ക്‌ പോകുന്നു. യേശുവിനെ ചുറ്റിയിരുന്ന തുണി അവർ കൈയിലെടുത്തു നോക്കുന്നു. ഈ ചിത്രത്തിൽ അതാണ്‌ കാണുന്നത്‌. പക്ഷേ എന്തു വിശ്വസിക്കണം എന്ന്‌ അവർക്ക്‌ അറിയില്ല. യേശു ജീവനോടിരിക്കുന്നു എന്നു വിശ്വസിക്കണം എന്ന്‌ അവർക്ക്‌ ആഗ്രഹമുണ്ട്‌. പക്ഷേ അങ്ങനെ സംഭവിക്കുമോ എന്ന്‌ അവർ സംശയിക്കുന്നു.

യേശുവിന്റെ ശരീരത്തിൽ ചുറ്റിയിരുന്ന ലിനൻ തുണിയിലേക്കു നോക്കുന്ന പത്രോസും യോഹന്നാനും

പത്രോസും യോഹന്നാനും എന്തായിരിക്കും ചിന്തിക്കുന്നത്‌?

യേശു അന്നുതന്നെ, എമ്മാവുസ്‌ എന്ന ഗ്രാമത്തിലേക്കുള്ള വഴിയിൽവെച്ച്‌ രണ്ടു ശിഷ്യന്മാർക്ക്‌ പ്രത്യക്ഷനാകുന്നു. യേശു സംസാരിച്ചുകൊണ്ട്‌ അവരോടൊപ്പം നടക്കുകയാണ്‌. പക്ഷേ അവർക്ക്‌ അവനെ മനസ്സിലാകുന്നില്ല; കാരണം, മരിക്കുമ്പോഴുള്ള ശരീരമല്ല യേശുവിന്‌ ഇപ്പോഴുള്ളത്‌. പിന്നീട്‌, അവരോടുകൂടെ ഭക്ഷണത്തിനിരുന്നപ്പോൾ യേശു പ്രാർഥിക്കുന്നു. അപ്പോഴാണ്‌ അവർക്ക്‌ അവനെ മനസ്സിലാകുന്നത്‌. അവർക്ക്‌ എന്തെന്നില്ലാത്ത ആഹ്ലാദംതോന്നി! ഉടനെതന്നെ അവർ തിരക്കിട്ട്‌ യെരുശലേമിലേക്ക്‌ മടങ്ങിപ്പോകുന്നു. എമ്മാവുസിൽനിന്ന്‌ കിലോമീറ്ററുകൾ അകലെയാണ്‌ യെരുശലേം. ഈ സംഭവത്തിനുശേഷം അധികം താമസിയാതെയായിരിക്കാം, താൻ ജീവനോടിരിക്കുന്നു എന്നു കാണിക്കാൻ യേശു പത്രോസിനു പ്രത്യക്ഷപ്പെട്ടത്‌.

അന്നു വൈകുന്നേരം കുറെ ശിഷ്യന്മാർ ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. വാതിൽ അടച്ചിരിക്കുകയാണ്‌. പെട്ടെന്ന്‌ യേശു ആ മുറിയിൽ പ്രത്യക്ഷപ്പെടുന്നു! യേശു ജീവനോടിരിക്കുന്നു എന്ന്‌ ഇപ്പോൾ അവർക്ക്‌ ഉറപ്പായി. അവർക്കുണ്ടായ സന്തോഷം ഒന്നോർത്തുനോക്കൂ!—മത്തായി 28:1-15; ലൂക്കോസ്‌ 24:1-49; യോഹന്നാൻ 19:38–20:21.

താൻ ജീവനോടിരിക്കുന്നു എന്ന്‌ കാണിച്ചു കൊടുക്കാൻ യേശു പലപ്പോഴായി ശിഷ്യന്മാർക്ക്‌ പ്രത്യക്ഷനാകുന്നു. ഒരേ ശരീരത്തിലല്ല അവൻ പ്രത്യക്ഷപ്പെട്ടത്‌. 40 ദിവസം കഴിഞ്ഞ്‌ അവൻ സ്വർഗത്തിൽ തന്റെ പിതാവിന്റെ അടുക്കലേക്ക്‌ തിരിച്ചുപോകുന്നു. (പ്രവൃത്തികൾ 1:9-11) ദൈവം യേശുവിനെ ഉയിർപ്പിച്ചെന്ന വാർത്ത പെട്ടെന്നുതന്നെ ശിഷ്യന്മാർ എല്ലാവരെയും അറിയിക്കാൻ തുടങ്ങുന്നു. പുരോഹിതന്മാർ അവരെ ഉപദ്രവിക്കുകയും ചിലരെ കൊല്ലുകയും ചെയ്‌തു. എന്നിട്ടും ശിഷ്യന്മാർ യേശുവിനെക്കുറിച്ച്‌ പറയുന്നത്‌ നിറുത്തിയില്ല. മരിച്ചുപോയാലും തങ്ങളെ ദൈവം ഓർക്കുമെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു, ദൈവം തന്റെ പുത്രനെ ഓർത്തതുപോലെ.

ഈസ്റ്റർ മുയലും ഈസ്റ്റർ മുട്ടകളും

എല്ലാ വർഷവും, യേശു ഉയിർത്തെഴുന്നേറ്റ സമയമാകുമ്പോൾ പലരും എന്തിനെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌? പക്ഷേ നിങ്ങൾ എന്തിനെക്കുറിച്ച്‌ ചിന്തിക്കണം?

ഇന്നുള്ള പലയാളുകളും, യേശുവിന്റെ ആ അനുയായികളെപ്പോലെയല്ല. ചില സ്ഥലങ്ങളിലൊക്കെ ആളുകൾ എന്താണ്‌ ചെയ്യുന്നതെന്നോ? യേശു ഉയിർത്തെഴുന്നേറ്റ സമയമാകുമ്പോൾ ഈസ്റ്റർ മുയലുകളെയും ചായംപൂശിയ ഈസ്റ്റർ മുട്ടകളെയും ഒക്കെക്കുറിച്ചായിരിക്കും അവർ ചിന്തിക്കുക. പക്ഷേ ഈസ്റ്റർ മുയലുകളെയും മുട്ടകളെയും കുറിച്ച്‌ ബൈബിൾ ഒന്നും പറയുന്നില്ല. ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചാണ്‌ ബൈബിൾ പറയുന്നത്‌.

പക്ഷേ, ദൈവം തന്റെ പുത്രനെ ഉയിർപ്പിച്ചതിനെക്കുറിച്ച്‌ നമുക്ക്‌ ആളുകളോട്‌ പറയാനാകും. അപ്പോൾ നമ്മളും യേശുവിന്റെ ശിഷ്യന്മാരെപ്പോലെയായിരിക്കും. നമ്മൾ ഒരിക്കലും പേടിക്കേണ്ടതില്ല, ആളുകൾ നമ്മളെ കൊല്ലുമെന്നു പറഞ്ഞാലും. കാരണം, നമ്മൾ മരിച്ചുപോയാലും യഹോവ നമ്മളെ ഓർക്കും. യേശുവിനെ ഉയിർപ്പിച്ചതുപോലെ അവൻ നമ്മളെ ഉയിർപ്പിക്കുകയും ചെയ്യും.

തന്നെ ആരാധിക്കുന്നവരെ ദൈവം ഓർക്കുന്നുണ്ടെന്നും അവർ മരിച്ചാൽപ്പോലും അവരെ ഉയിർപ്പിക്കുമെന്നും കേട്ടിട്ട്‌ സന്തോഷം തോന്നുന്നില്ലേ?— ദൈവത്തെ സന്തോഷിപ്പിക്കാനായി എന്തു ചെയ്യണമെന്ന്‌ അറിയാൻ അത്‌ നമ്മളെ പ്രേരിപ്പിക്കേണ്ടതാണ്‌. നമുക്ക്‌ ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയുമെന്ന്‌ നിങ്ങൾക്ക്‌ അറിയാമായിരുന്നോ?— അതിനെക്കുറിച്ച്‌ അടുത്ത അധ്യായത്തിൽ നമ്മൾ പഠിക്കും.

യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നത്‌ നമ്മുടെ പ്രത്യാശയും വിശ്വാസവും ഉറപ്പുള്ളതാക്കും. പ്രവൃത്തികൾ 2:22-36; 4:18-20; 1 കൊരിന്ത്യർ 15:3-8, 20-23 എന്നീ തിരുവെഴുത്തുകൾ വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക