മാതാപിതാക്കളോട് ഒരു വാക്ക്
എല്ലാ മാതാപിതാക്കളും, മനുഷ്യന് പൂർണമായി മനസ്സിലാക്കാനാകാത്ത അത്ഭുതകരമായ ഒരു പ്രക്രിയയിൽ പങ്കുവഹിക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും ജീവന്റെ ഒരംശം കൂടിച്ചേർന്ന് അമ്മയുടെ ഉദരത്തിൽ ഒരു മനുഷ്യജീവൻ ഉടലെടുക്കുന്നു. അത് പൂർണവളർച്ചയെത്തിയ ഒരു ശിശുവായിത്തീരുന്നു. അതുകൊണ്ട് ഒരു കുട്ടിയുടെ ജനനത്തെ “അത്ഭുതം” എന്നു വിശേഷിപ്പിക്കുന്നതിൽ അതിശയിക്കാനില്ല.
മക്കളെ ജനിപ്പിക്കുന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്വം ആരംഭിക്കുകയാണെന്നു പറയാം. പിറന്നുവീഴുമ്പോൾ കുഞ്ഞുങ്ങൾ നിസ്സഹായരാണ്; എല്ലായ്പോഴും അവർക്ക് മാതാപിതാക്കളുടെ പരിചരണം വേണം. എന്നാൽ മാനസികവും വൈകാരികവും ധാർമികവും ആത്മീയവുമായി പക്വത പ്രാപിക്കുന്നതിന് അവർക്ക് ശാരീരിക പരിചരണം മാത്രം പോരാ.
നല്ല കുട്ടികളായി വളർന്നുവരുന്നതിന് മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങൾ കൂടിയേതീരൂ. സ്നേഹമുണ്ടെന്ന് പറഞ്ഞാൽ പോരാ; പ്രവൃത്തിയിലൂടെ അത് കാണിക്കണം. മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയായിരിക്കണം. എങ്ങനെ ജീവിക്കണം എന്നു കാണിക്കുന്ന തത്ത്വങ്ങളും മാർഗനിർദേശങ്ങളും ഇളംപ്രായം മുതൽക്കേ അവർക്ക് ആവശ്യമാണ്. തക്കസമയത്ത് ആ സഹായം ലഭിക്കാതിരിക്കുന്നത് ദുരന്തങ്ങൾക്കിടയാക്കിയേക്കാം; അങ്ങനെ സംഭവിച്ചിട്ടുണ്ട്.
ജീവിതത്തിൽ വഴികാട്ടികളാകേണ്ട ഏറ്റവും നല്ല തത്ത്വങ്ങൾ ബൈബിളിലാണുള്ളത്. അതിനെ അടിസ്ഥാനമാക്കി പഠിപ്പിക്കുന്നതുകൊണ്ട് വലിയ പ്രയോജനങ്ങളുണ്ട്. തങ്ങൾ പഠിക്കുന്നത് ഏതെങ്കിലും മനുഷ്യന്റെ വാക്കുകളല്ല മറിച്ച് സ്രഷ്ടാവിന്റെ, തങ്ങളുടെ സ്വർഗീയപിതാവിന്റെ വാക്കുകളാണെന്ന് കുട്ടികൾക്കു മനസ്സിലാകും. അതാകട്ടെ, ബുദ്ധിയുപദേശത്തെ ഏറെ അർഥവത്താക്കും.
ശരിയായ തത്ത്വങ്ങൾ കുട്ടികളുടെ മനസ്സിൽ പതിയുന്നതിന് നല്ല ശ്രമം ചെയ്യാൻ ബൈബിൾ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ കുട്ടികൾ വളരുന്നതോടെ, പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് അവരോടു സംസാരിക്കാൻ മാതാപിതാക്കൾക്ക് പലപ്പോഴും ബുദ്ധിമുട്ടു തോന്നാറുണ്ട്. അത്തരമൊരു സാഹചര്യം സംജാതമാകുന്നത് ഒഴിവാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്ന ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങൾക്കും കുട്ടികൾക്കും ഒരുമിച്ചിരുന്ന് ആത്മീയവിവരങ്ങൾ വായിക്കാൻ ഈ പുസ്തകം അവസരം ഒരുക്കുന്നു. മാത്രമല്ല, വായിച്ചുകൊടുക്കുന്നവർക്കും കുട്ടികൾക്കും ഇടയിൽ ആശയവിനിമയത്തിന് വഴിതുറക്കുന്നു ഈ പുസ്തകം.
ഉത്തരം പറയാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിലുടനീളം ധാരാളം ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനുശേഷവും ഒരു വര (—) കൊടുത്തിട്ടുണ്ട്. ആ ഭാഗമെത്തുമ്പോൾ വായന നിറുത്തിയിട്ട്, ഉത്തരം പറയാൻ കുട്ടിയെ അനുവദിക്കുക. അഭിപ്രായങ്ങൾ പറയാൻ പൊതുവെ കുട്ടികൾക്ക് ഇഷ്ടമാണ്. അവരെ ഉൾപ്പെടുത്തിയില്ലെങ്കിൽ അവർ അധികനേരം ശ്രദ്ധിച്ചെന്നുവരില്ല.
കുട്ടിയുടെ മനസ്സറിയാൻ ഈ ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും എന്നതാണ് ഏറെ പ്രധാനം. കുട്ടി പറയുന്ന എല്ലാ ഉത്തരങ്ങളും ശരിയായിക്കൊള്ളണമെന്നില്ല. എന്നാൽ പുസ്തകത്തിൽ ചോദ്യത്തെത്തുടർന്നുവരുന്ന ഭാഗം, എങ്ങനെ ചിന്തിക്കണമെന്ന് അവനെ പഠിപ്പിക്കും.
230-ലേറെ ചിത്രങ്ങളുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ ഒരു സവിശേഷത. മിക്കവാറും എല്ലാ ചിത്രങ്ങൾക്കുംതന്നെ ചോദ്യരൂപത്തിലുള്ള ചിത്രക്കുറിപ്പുണ്ട്. താൻ കാണുകയും വായിച്ചുകേൾക്കുകയും ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരം പറയാൻ അവ കുട്ടിക്ക് അവസരമേകുന്നു. അതുകൊണ്ട് ചിത്രങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. പ്രധാനാശയങ്ങൾ മനസ്സിൽ പതിപ്പിക്കാനുള്ള ഉത്തമ മാർഗമാണ് ചിത്രങ്ങൾ.
കുട്ടി വായിക്കാൻ പഠിക്കുന്നതോടെ, പുസ്തകം തനിയെ വായിക്കാനും നിങ്ങളെ വായിച്ചുകേൾപ്പിക്കാനും അവനെ പ്രോത്സാഹിപ്പിക്കുക. ഓരോ തവണ വായിക്കുന്തോറും അതിലെ സാരോപദേശങ്ങൾ കുട്ടിയുടെ മനസ്സിൽ ആഴത്തിൽ പതിയും. എന്നാൽ നിങ്ങൾക്കും കുട്ടിക്കും ഇടയിലുള്ള സ്നേഹവും ആദരവും ശക്തമാക്കാൻ പുസ്തകം ഒരുമിച്ചുതന്നെ വായിക്കണം, അതും ക്രമമായി.
ലൈംഗിക അധാർമികത, ഭൂതവിദ്യ, ഹീനമായ മറ്റു പ്രവർത്തനങ്ങൾ എന്നിവ കുട്ടികളെ ബാധിക്കാനുള്ള സാധ്യത ഏറെയാണിന്ന്; ഏതാനും വർഷങ്ങൾക്കുമുമ്പ് ഇങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ആരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. അതുകൊണ്ട് ഇതിൽനിന്നൊക്കെ കുട്ടികൾക്ക് സംരക്ഷണം വേണം. ഇത്തരം വിഷയങ്ങൾ മാന്യമായ ഭാഷയിൽ, അതേസമയം വളച്ചുകെട്ടില്ലാതെ കുട്ടികളുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുകയാണ് ഈ പുസ്തകം. എന്നിരുന്നാലും, സകലജ്ഞാനത്തിന്റെയും ഉറവായ നമ്മുടെ സ്വർഗീയപിതാവിലേക്ക്, യഹോവയിലേക്ക് ശ്രദ്ധതിരിക്കാൻ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. യേശുവെന്ന മഹാനായ അധ്യാപകനും അതാണു ചെയ്തത്; തന്റെ ശ്രോതാക്കളുടെ ശ്രദ്ധ യഹോവയിലേക്കു തിരിച്ചുവിട്ടു. യഹോവയെ പ്രസാദിപ്പിക്കുന്ന വിധത്തിൽ ജീവിതം കരുപ്പിടിപ്പിക്കാനും അങ്ങനെ നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കാനും ഈ പുസ്തകം നിങ്ങളെയും കുടുംബത്തെയും സഹായിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാർഥന!