അധ്യായം പതിനെട്ട്
സ്നാപനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും
ക്രിസ്തീയ സ്നാപനം നിർവഹിക്കപ്പെടുന്നത് എങ്ങനെ?
സ്നാപനത്തിനു യോഗ്യത പ്രാപിക്കണമെങ്കിൽ നിങ്ങൾ ഏതെല്ലാം പടികൾ സ്വീകരിക്കണം?
ഒരു വ്യക്തി ദൈവത്തിനു സമർപ്പണം നടത്തുന്നത് എങ്ങനെ?
സ്നാപനമേൽക്കേണ്ടതിന്റെ പ്രത്യേക കാരണമെന്ത്?
1. ഒരു എത്യോപ്യൻ കൊട്ടാര ഉദ്യോഗസ്ഥൻ സ്നാപനമേൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് എന്തുകൊണ്ട്?
‘ഇതാ വെള്ളം! ഞാൻ സ്നാനം ഏൽക്കുന്നതിന് എന്തു വിരോധം?’ ഒന്നാം നൂറ്റാണ്ടിലെ ഒരു എത്യോപ്യൻ കൊട്ടാര ഉദ്യോഗസ്ഥനാണ് അങ്ങനെ ചോദിച്ചത്. ഫിലിപ്പൊസ് എന്ന ഒരു ക്രിസ്ത്യാനി യേശുവാണു വാഗ്ദത്ത മിശിഹായെന്ന് അദ്ദേഹത്തിനു തെളിയിച്ചുകൊടുത്തതേ ഉണ്ടായിരുന്നുള്ളൂ. തിരുവെഴുത്തുകളിൽനിന്നു പഠിച്ച കാര്യത്താൽ പ്രേരിതനായ ആ എത്യോപ്യക്കാരൻ നടപടി സ്വീകരിച്ചു. അദ്ദേഹം സ്നാപനമേൽക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു!—പ്രവൃത്തികൾ 8:26-36.
2. സ്നാപനത്തെക്കുറിച്ചു നിങ്ങൾ ഗൗരവപൂർവം ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
2 യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളുടെ സഹായത്താൽ ഈ പുസ്തകത്തിന്റെ മുൻ അധ്യായങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം പഠിച്ചിട്ടുണ്ടെങ്കിൽ, ‘ഞാൻ സ്നാപനമേൽക്കുന്നതിന് എന്തു വിരോധം’ അല്ലെങ്കിൽ ‘സ്നാപനമേൽക്കുന്നതിൽനിന്ന് എന്നെ തടയുന്നതെന്ത്?’ എന്ന ചോദ്യം ഒരുപക്ഷേ നിങ്ങളുടെ മനസ്സിലേക്കും വന്നേക്കാം. പറുദീസയിലെ നിത്യജീവനെന്ന ബൈബിൾ വാഗ്ദാനത്തെക്കുറിച്ച് ഇതിനോടകം നിങ്ങൾ പഠിച്ചുകഴിഞ്ഞു. (ലൂക്കൊസ് 23:43; വെളിപ്പാടു 21:3-5) മരിച്ചവരുടെ യഥാർഥ അവസ്ഥ, പുനരുത്ഥാന പ്രത്യാശ എന്നിവ സംബന്ധിച്ചും നിങ്ങൾ മനസ്സിലാക്കി. (സഭാപ്രസംഗി 9:5; യോഹന്നാൻ 5:28, 29) ഒരുപക്ഷേ യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾക്കു ഹാജരായിക്കൊണ്ട് അവർ സത്യാരാധന ആചരിക്കുന്ന വിധം നിങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കിയിട്ടുണ്ടാകാം. (യോഹന്നാൻ 13:35) ഏറ്റവും പ്രധാനമായി, യഹോവയാം ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധത്തിനു നിങ്ങൾ തുടക്കം കുറിച്ചിരിക്കാനും സാധ്യതയുണ്ട്.
3. (എ) തന്റെ അനുഗാമികൾക്ക് യേശു ഏതു കൽപ്പന നൽകി? (ബി) ജലസ്നാപനം നിർവഹിക്കപ്പെടുന്നത് എങ്ങനെ?
3 ദൈവത്തെ സേവിക്കാനുള്ള ആഗ്രഹമുണ്ടെന്നു നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാം? യേശു തന്റെ അനുഗാമികളോട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.’ (മത്തായി 28:19, 20) ജലസ്നാപനമേറ്റുകൊണ്ട് യേശുതന്നെ ഇക്കാര്യത്തിൽ മാതൃകവെച്ചു. തലയിൽ വെള്ളം തളിക്കുകയോ ഒഴിക്കുകയോ ചെയ്തുകൊണ്ടുള്ള ഒരു സ്നാപനമല്ലായിരുന്നു അവന്റേത്. (മത്തായി 3:16) “സ്നാനപ്പെടുത്തുക” എന്ന പദം വന്നിരിക്കുന്നത് “മുക്കുക” എന്നർഥമുള്ള ഒരു ഗ്രീക്ക് പദത്തിൽനിന്നാണ്. അതിനാൽ, വെള്ളത്തിൽ പൂർണമായി മുക്കുന്നതിനെ അഥവാ ആഴ്ത്തുന്നതിനെയാണ് ക്രിസ്തീയ സ്നാപനം അർഥമാക്കുന്നത്.
4. ജലസ്നാപനം എന്തു സൂചിപ്പിക്കുന്നു?
4 യഹോവയാം ദൈവവുമായി ഒരു ബന്ധമുണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന സകലർക്കുമുള്ള ഒരു വ്യവസ്ഥയാണ് ജലസ്നാപനം. ദൈവത്തെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്റെ പരസ്യപ്രകടനമാണ് അത്. യഹോവയുടെ ഇഷ്ടം ചെയ്യാൻ നിങ്ങൾ പ്രിയപ്പെടുന്നുവെന്ന് അതു കാണിക്കുന്നു. (സങ്കീർത്തനം 40:7, 8) എന്നാൽ സ്നാപനത്തിനു യോഗ്യത പ്രാപിക്കണമെങ്കിൽ നിങ്ങൾ ചില പടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.
പരിജ്ഞാനവും വിശ്വാസവും ആവശ്യം
5. (എ) സ്നാപനത്തിനു യോഗ്യത നേടാനുള്ള ആദ്യപടി ഏത്? (ബി) ക്രിസ്തീയ യോഗങ്ങൾ സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 ആദ്യപടി നിങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെ? ഒരുപക്ഷേ ക്രമമായ അടിസ്ഥാനത്തിലുള്ള ബൈബിൾ പഠനത്തിലൂടെ യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിനാൽ. (യോഹന്നാൻ 17:3) എന്നാൽ ഇനിയും ഏറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ക്രിസ്ത്യാനികൾ ‘അവന്റെ [ദൈവത്തിന്റെ] ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണ്ടതുണ്ട്.’ (കൊലൊസ്സ്യർ 1:10) ഇക്കാര്യത്തിൽ വലിയൊരു സഹായമാണ് യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾ. അത്തരം യോഗങ്ങളിൽ സംബന്ധിക്കേണ്ടതു വളരെ പ്രധാനമാണ്. (എബ്രായർ 10:24, 25) ക്രമമായുള്ള ഹാജരാകൽ നിങ്ങളുടെ ദൈവപരിജ്ഞാനം വർധിപ്പിക്കും.
ദൈവവചനത്തിന്റെ സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കുന്നത് സ്നാപനത്തിനു യോഗ്യത പ്രാപിക്കുന്നതിനുള്ള ഒരു സുപ്രധാന പടിയാണ്
6. സ്നാപനത്തിനു യോഗ്യത പ്രാപിക്കാൻ നിങ്ങൾക്ക് എത്രമാത്രം ബൈബിൾ പരിജ്ഞാനം ഉണ്ടായിരിക്കണം?
6 സ്നാപനത്തിനു യോഗ്യത നേടാൻ ബൈബിളിലെ സകലകാര്യങ്ങളും നിങ്ങൾ അറിയണമെന്നില്ല. എത്യോപ്യൻ കൊട്ടാര ഉദ്യോഗസ്ഥന് കുറെ പരിജ്ഞാനമുണ്ടായിരുന്നെങ്കിലും തിരുവെഴുത്തുകളുടെ ചില ഭാഗങ്ങൾ ഗ്രഹിക്കാൻ അദ്ദേഹത്തിനു സഹായം ആവശ്യമായിരുന്നു. (പ്രവൃത്തികൾ 8:30, 31) സമാനമായി, നിങ്ങൾക്കും ധാരാളം കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ട്. ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ പഠനം ഒരിക്കലും അവസാനിക്കുകയില്ല എന്നതാണു വാസ്തവം. (സഭാപ്രസംഗി 3:11) എങ്കിലും സ്നാപനമേൽക്കുന്നതിനുമുമ്പ്, അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളെങ്കിലും നിങ്ങൾ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. (എബ്രായർ 5:12) അവയിൽ, മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച സത്യവും ദൈവത്തിന്റെ നാമത്തിന്റെയും അവന്റെ രാജ്യത്തിന്റെയും പ്രാധാന്യവും ഉൾപ്പെട്ടിരിക്കുന്നു.
7. ബൈബിൾ പഠനം നിങ്ങളിൽ എന്തു ഫലമുളവാക്കണം?
7 എന്നാൽ അറിവു മാത്രം പോരാ. കാരണം, “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല.” (എബ്രായർ 11:6) ക്രിസ്തീയ സന്ദേശം കേട്ട പുരാതന കൊരിന്തിലെ ചിലർ “വിശ്വസിച്ചു സ്നാനം ഏറ്റു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (പ്രവൃത്തികൾ 18:8) സമാനമായ ഒരു വിധത്തിൽ, ബൈബിളിന്റെ പഠനത്തിലൂടെ അതു ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്ന ശക്തമായ വിശ്വാസം നിങ്ങൾക്ക് ഉണ്ടാകണം. ദൈവത്തിന്റെ വാഗ്ദാനങ്ങളിലും യേശുവിന്റെ ബലിയുടെ രക്ഷാശക്തിയിലും വിശ്വാസമർപ്പിക്കാൻ ബൈബിൾ പഠനം നിങ്ങളെ സഹായിക്കണം.—യോശുവ 23:14; പ്രവൃത്തികൾ 4:12; 2 തിമൊഥെയൊസ് 3:16, 17.
ബൈബിൾ സത്യം പങ്കുവെക്കൽ
8. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ നിങ്ങളെ എന്തു പ്രേരിപ്പിക്കും?
8 നിങ്ങളുടെ വിശ്വാസം വർധിക്കുമ്പോൾ, പഠിച്ച കാര്യങ്ങൾ അടക്കിവെക്കുക ബുദ്ധിമുട്ടാണെന്നു നിങ്ങൾ കണ്ടെത്തും. (യിരെമ്യാവു 20:9) ദൈവത്തെയും ദൈവോദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ നിങ്ങൾ ശക്തമായി പ്രചോദിതരാകും.—2 കൊരിന്ത്യർ 4:13.
പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ വിശ്വാസം നിങ്ങളെ പ്രേരിപ്പിക്കണം
9, 10. (എ) ആരോടെല്ലാം നിങ്ങൾക്കു ബൈബിൾ സത്യം പങ്കുവെച്ചുതുടങ്ങാവുന്നതാണ്? (ബി) യഹോവയുടെ സാക്ഷികളുടെ സംഘടിത പ്രസംഗവേലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
9 ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹജോലിക്കാർ, എന്നിവരുമായൊക്കെ ബൈബിൾ സത്യം നയപൂർവം പങ്കുവെച്ചുകൊണ്ട് നിങ്ങൾക്ക് അതു ചെയ്തുതുടങ്ങാവുന്നതാണ്. കാലക്രമത്തിൽ, യഹോവയുടെ സാക്ഷികളുടെ സംഘടിത പ്രസംഗവേലയിൽ പങ്കെടുക്കാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടാകും. ആ സാഹചര്യത്തിൽ, നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന സാക്ഷിയുമായി പ്രസ്തുതകാര്യം തുറന്നു സംസാരിക്കുക. പരസ്യശുശ്രൂഷയ്ക്ക് നിങ്ങൾക്കു യോഗ്യതയുണ്ടെന്നു കാണുന്നെങ്കിൽ, നിങ്ങളും നിങ്ങളെ പഠിപ്പിക്കുന്ന വ്യക്തിയും സഭയിലെ രണ്ടു മൂപ്പന്മാരുമായി കൂടിക്കാണാനുള്ള ക്രമീകരണം ചെയ്യുന്നതായിരിക്കും.
10 ഇതിലൂടെ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്ന ചില ക്രിസ്തീയ മൂപ്പന്മാരെ കുറേക്കൂടെ അടുത്തു പരിചയപ്പെടാൻ നിങ്ങൾക്കു സാധിക്കും. (പ്രവൃത്തികൾ 20:28; 1 പത്രൊസ് 5:2, 3) നിങ്ങൾ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ ഗ്രഹിക്കുകയും അവ വിശ്വസിക്കുകയും ചെയ്യുന്നുവെന്നും ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നുവെന്നും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരാൻ യഥാർഥമായി ആഗ്രഹിക്കുന്നുവെന്നും ഈ മൂപ്പന്മാർ മനസ്സിലാക്കുന്നപക്ഷം, സുവാർത്തയുടെ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനെന്ന നിലയിൽ പരസ്യശുശ്രൂഷയിൽ ഏർപ്പെടാൻ നിങ്ങൾ യോഗ്യനാണെന്ന് അവർ നിങ്ങളെ അറിയിക്കുന്നതായിരിക്കും.
11. പരസ്യശുശ്രൂഷയ്ക്കു യോഗ്യത നേടുന്നതിനുമുമ്പ് ചിലർക്ക് ഏതെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം?
11 അല്ലെങ്കിൽ ഒരുപക്ഷേ പരസ്യശുശ്രൂഷയ്ക്കു യോഗ്യത പ്രാപിക്കുന്നതിനായി, ജീവിതരീതിയിലും ശീലങ്ങളിലും നിങ്ങൾ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്ന ചില കാര്യങ്ങൾ നിറുത്തുന്നത് ഇതിന്റെ ഭാഗമായിരിക്കാം. അതുകൊണ്ട്, സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായിത്തീരാനുള്ള നിങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തുന്നതിനുമുമ്പ്, ലൈംഗിക അധാർമികത, മദ്യത്തിന്റെ അമിത ഉപയോഗം, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ ഗൗരവമേറിയ പാപങ്ങളിൽനിന്നു നിങ്ങൾ മുക്തനായിരിക്കണം.—1 കൊരിന്ത്യർ 6:9, 10; ഗലാത്യർ 5:19-21.
അനുതാപവും പരിവർത്തനവും
12. അനുതാപം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
12 സ്നാപനത്തിനു യോഗ്യത പ്രാപിക്കാൻ മറ്റുചില പടികൾകൂടി ആവശ്യമാണ്. അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു” അഥവാ അനുതപിച്ചു “തിരിഞ്ഞുകൊൾവിൻ.” (പ്രവൃത്തികൾ 3:19) അനുതാപമെന്നാൽ, ചെയ്തുപോയ ഏതെങ്കിലും തെറ്റിനെപ്രതിയുള്ള ആത്മാർഥമായ ദുഃഖമാണ്. ഒരു വ്യക്തി അധാർമിക ജീവിതമാണു നയിച്ചിരിക്കുന്നതെങ്കിൽ അനുതാപം ഉചിതമാണ് എന്നതിനു സംശയമില്ല. ഇനി, ഏറെക്കുറെ ശുദ്ധമായ ഒരു ധാർമിക ജീവിതമാണു നയിച്ചുപോന്നിട്ടുള്ളതെങ്കിലും അത് ആവശ്യമാണ്. എന്തുകൊണ്ട്? എന്തെന്നാൽ സകല മനുഷ്യരും പാപികളും ദൈവത്തിന്റെ ക്ഷമ വേണ്ടവരും ആണ്. (റോമർ 3:23; 5:12) ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു ബൈബിൾ പഠിക്കുന്നതിനുമുമ്പ് അറിയില്ലായിരുന്നതിനാൽ നിങ്ങൾ പൂർണമായും അതിനു ചേർച്ചയിൽ ജീവിച്ചിരിക്കാൻ സാധ്യതയില്ലല്ലോ. അക്കാരണത്താൽ അനുതാപം ആവശ്യമാണ്.
13. എന്താണ് പരിവർത്തനം?
13 അനുതാപത്തെ തുടർന്ന് പരിവർത്തനം ചെയ്യേണ്ടത് അഥവാ ‘തിരിഞ്ഞുവരേണ്ടത്’ ആവശ്യമാണ്. ഇതിൽ നിങ്ങൾക്കു മുൻഗതി സംബന്ധിച്ചു ദുഃഖം തോന്നുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾ മുൻ ജീവിതഗതി തള്ളിക്കളയുകയും ഇനിമേൽ ശരിയായതേ ചെയ്യൂ എന്ന ഉറച്ച തീരുമാനം എടുക്കുകയും വേണം. സ്നാപനമേൽക്കുന്നതിനുമുമ്പ് നിങ്ങൾ സ്വീകരിക്കേണ്ട പടികളാണ് അനുതാപവും പരിവർത്തനവും.
വ്യക്തിപരമായ സമർപ്പണം
14. സ്നാപനമേൽക്കുന്നതിനു മുമ്പായി നിങ്ങൾ ഏതു സുപ്രധാന പടി സ്വീകരിക്കണം?
14 സ്നാപനമേൽക്കുന്നതിനുമുമ്പ് നിങ്ങൾ സ്വീകരിക്കേണ്ട മറ്റൊരു സുപ്രധാന പടികൂടിയുണ്ട്. യഹോവയാം ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുക എന്നത്.
പ്രാർഥനയിൽ നിങ്ങൾ ദൈവത്തിനു വ്യക്തിപരമായി സമർപ്പിച്ചിരിക്കുന്നുവോ?
15, 16. ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുക എന്നതിന്റെ അർഥമെന്ത്, ഇതു ചെയ്യാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതെന്ത്?
15 ആത്മാർഥമായ പ്രാർഥനയിലൂടെ യഹോവയാം ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ, നിങ്ങൾ അവന് എക്കാലവും അനന്യഭക്തി നൽകിക്കൊള്ളാമെന്നു വാക്കുകൊടുക്കുകയാണു ചെയ്യുന്നത്. (ആവർത്തനപുസ്തകം 6:15, NW) എന്നാൽ അങ്ങനെയൊരു പടി സ്വീകരിക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്? ശരി, പരസ്പരം ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും കാര്യമെടുക്കുക. എക്കാലവും ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്നു വാക്കുകൊടുത്തുകൊണ്ട് വിവാഹിതരായിത്തീരാൻ അവർ തീരുമാനിക്കുന്നു. വിവാഹം വർധിച്ച ഉത്തരവാദിത്വങ്ങൾ വരുത്തിവെക്കുമെന്ന് അറിയാമായിരുന്നിട്ടും അത്തരമൊരു പടി സ്വീകരിക്കാൻ എന്താണ് അവരെ പ്രേരിപ്പിക്കുന്നത്? പരസ്പരം അടുത്തറിയവേ ഇരുവരും മറ്റേയാളിലെ നല്ല ഗുണങ്ങൾ വിലമതിക്കാൻ ഇടയായി, അവരുടെ സ്നേഹം കൂടുതൽ കൂടുതൽ ശക്തമായിത്തീർന്നു. ഈ സ്നേഹമാണ് അത്തരമൊരു സുപ്രധാന പടി സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.
16 യഹോവയെ അറിയാനും സ്നേഹിക്കാനും ഇടയാകുമ്പോൾ, അവനെ നിസ്സ്വാർഥമായി സേവിക്കാൻ അല്ലെങ്കിൽ ഒന്നും പിടിച്ചുവെക്കാതെ അവനു സമ്പൂർണ ആരാധനകൊടുക്കാൻ നിങ്ങൾ പ്രേരിതരാകും. ദൈവപുത്രനായ യേശുക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന ഏതൊരുവനും ‘തന്നെത്താൻ ത്യജിക്കേണ്ടതാണ്.’ (മർക്കൊസ് 8:34) നമ്മെത്തന്നെ ത്യജിക്കുകയെന്നാൽ, ദൈവത്തോടുള്ള സമ്പൂർണ അനുസരണത്തിനു വ്യക്തിപരമായ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ തടസ്സമാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നാണ്. ആ സ്ഥിതിക്ക്, സ്നാപനമേൽക്കുന്നതിനു മുമ്പുതന്നെ യഹോവയാം ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതു നിങ്ങളുടെ ജീവിതത്തിലെ മുഖ്യലക്ഷ്യമാക്കണം.—1 പത്രൊസ് 4:2.
പരാജയഭീതിയെ തരണംചെയ്യൽ
17. ദൈവത്തിനു സമർപ്പിക്കുന്നതിൽനിന്നു ചിലർ വിട്ടുനിന്നേക്കാവുന്നത് എന്തുകൊണ്ട്?
17 ഗൗരവമേറിയ അത്തരമൊരു പടി സ്വീകരിക്കുന്നതിനോടുള്ള ഒരു ഭയമായിരിക്കാം യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിക്കുന്നതിൽനിന്നു ചിലർ പിന്മാറിനിൽക്കുന്നതിനുള്ള കാരണം. ഒരു സമർപ്പിത ക്രിസ്ത്യാനിയെന്ന നിലയിൽ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരുമല്ലോ എന്ന ഭീതിയായിരിക്കാം അവർക്ക്. സമർപ്പണത്തിനൊത്തു ജീവിക്കുന്നതിൽ പരാജിതരായി യഹോവയെ നിരാശപ്പെടുത്തുന്നതിനെക്കാൾ നല്ലത് സമർപ്പിക്കാതിരിക്കുന്നതാണെന്ന് അവർ വിചാരിക്കുന്നു.
18. യഹോവയ്ക്കു സ്വയം സമർപ്പിക്കാൻ നിങ്ങളെ എന്തു പ്രേരിപ്പിക്കും?
18 യഹോവയെ സ്നേഹിക്കാൻ പഠിക്കുമ്പോൾ അവനു നിങ്ങളെത്തന്നെ സമർപ്പിക്കാനും കഴിവതും അതിനു ചേർച്ചയിൽ ജീവിക്കാനും നിങ്ങൾ പ്രചോദിതരാകും. (സഭാപ്രസംഗി 5:4) സമർപ്പിച്ചശേഷം, “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നട”ക്കാൻ നിങ്ങൾ ആഗ്രഹിക്കും. (കൊലൊസ്സ്യർ 1:10) ദൈവത്തോടു സ്നേഹമുള്ളതിനാൽ അവന്റെ ഇഷ്ടം പ്രവർത്തിക്കുകയെന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ഒരു കാര്യമായി നിങ്ങൾക്കു തോന്നുകയില്ല. പിൻവരുന്നവിധം എഴുതിയ അപ്പൊസ്തലനായ യോഹന്നാനോട് നിങ്ങൾ യോജിക്കുമെന്നതിൽ യാതൊരു സംശയവുമില്ല: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.”—1 യോഹന്നാൻ 5:3.
19. ദൈവത്തിനു തന്നെത്താൻ സമർപ്പിക്കുന്നതിനു നിങ്ങൾ ഭയക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
19 ദൈവത്തിനു സമർപ്പണം നടത്താൻ നിങ്ങൾ പൂർണനായിരിക്കേണ്ടതില്ല. യഹോവയ്ക്ക് നിങ്ങളുടെ പരിമിതികൾ അറിയാം, നിങ്ങളുടെ കഴിവിനപ്പുറം അവൻ നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നില്ല. (സങ്കീർത്തനം 103:14) നിങ്ങൾ വിജയിച്ചുകാണാൻ അവൻ ആഗ്രഹിക്കുന്നു, അതിന് അവൻ നിങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യും. (യെശയ്യാവു 41:10) പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നപക്ഷം അവൻ ‘നിങ്ങളുടെ പാതകളെ നേരെയാക്കും’ എന്ന ഉറപ്പ് നിങ്ങൾക്ക് ഉണ്ടായിരിക്കാനാകും.—സദൃശവാക്യങ്ങൾ 3:5, 6.
നിങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമെന്നനിലയിൽ സ്നാപനമേൽക്കൽ
20. യഹോവയ്ക്കുള്ള സമർപ്പണം ഒരു രഹസ്യമാക്കി വെക്കാനാവാത്തത് എന്തുകൊണ്ട്?
20 നാം ചർച്ച ചെയ്തുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്, പ്രാർഥനയിൽ യഹോവയ്ക്കു വ്യക്തിപരമായ സമർപ്പണം നടത്താൻ നിങ്ങളെ സഹായിച്ചേക്കാം. ദൈവത്തെ ആത്മാർഥമായി സ്നേഹിക്കുന്ന സകലരും തങ്ങളുടെ വിശ്വാസം ‘ഏറ്റുപറയേണ്ടതുണ്ട്’ അഥവാ അതിന്റെ പരസ്യപ്രഖ്യാപനം നടത്തേണ്ടതുണ്ട്. (റോമർ 10:10) നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാനാകും?
ഒരുവന്റെ മുൻജീവിതഗതി സംബന്ധിച്ചു മരിക്കുന്നതിനെയും ദൈവേഷ്ടം ചെയ്യാനായി ജീവിപ്പിക്കപ്പെടുന്നതിനെയും ആണ് സ്നാപനം അർഥമാക്കുന്നത്
21, 22. നിങ്ങൾക്കു വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്താനാവുന്നത് എങ്ങനെ?
21 സ്നാപനമേൽക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഭയിലെ അധ്യക്ഷ മേൽവിചാരകനെ അറിയിക്കുക. അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ ഉൾപ്പെടുന്ന കുറെയേറെ ചോദ്യങ്ങൾ നിങ്ങളോടൊത്തു ചർച്ചചെയ്യുന്നതിനായി അദ്ദേഹം ഏതാനും മൂപ്പന്മാരെ ക്രമീകരിക്കും. നിങ്ങൾക്കു യോഗ്യതയുണ്ടെന്ന് ഈ മൂപ്പന്മാർക്കു ബോധ്യമാകുന്നപക്ഷം, ഇനി സ്നാപനം നടത്തപ്പെടുന്ന ആദ്യ അവസരത്തിൽത്തന്നെ നിങ്ങൾക്കു സ്നാപനമേൽക്കാവുന്നതാണെന്ന് അവർ നിങ്ങളെ അറിയിക്കും.a സ്നാപനത്തിന്റെ അർഥം വിശദീകരിച്ചുകൊണ്ടുള്ള ഒരു പ്രസംഗം അത്തരം അവസരങ്ങളിൽ നടത്തപ്പെടാറുണ്ട്. പ്രസംഗത്തിന്റെ ഒടുവിൽ, തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വിധമെന്ന നിലയിൽ ലളിതമായ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രസംഗകൻ സ്നാപനാർഥികളെ ക്ഷണിക്കുന്നു.
22 ദൈവത്തിനു സമർപ്പിച്ച ഒരു വ്യക്തിയെന്ന നിലയിലും യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിലും നിങ്ങളെ പരസ്യമായി തിരിച്ചറിയിക്കുന്നതു സ്നാപനമാണ്. സ്നാപനാർഥികളെ ജലത്തിൽ പൂർണമായി മുക്കുന്നു. യഹോവയ്ക്ക് അവർ തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നു എന്നതിന്റെ പരസ്യപ്രകടനമാണ് ഇത്.
നിങ്ങളുടെ സ്നാപനത്തിന്റെ അർഥം
23. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാപനമേൽക്കുക എന്നതിന്റെ അർഥമെന്ത്?
23 തന്റെ ശിഷ്യരെ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാനപ്പെടുത്തേണ്ടതാണെന്ന് യേശു പറയുകയുണ്ടായി. (മത്തായി 28:19) ഒരു സ്നാപനാർഥി യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും അധികാരം അംഗീകരിക്കുന്നുവെന്നാണ് ഇതിനർഥം. (സങ്കീർത്തനം 83:18; മത്തായി 28:18) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ ധർമം എന്താണെന്നും അയാൾ തിരിച്ചറിയുന്നു.—ഗലാത്യർ 5:22, 23; 2 പത്രൊസ് 1:21.
24, 25. (എ) സ്നാപനം എന്തിനെ പ്രതീകപ്പെടുത്തുന്നു?
24 എന്നിരുന്നാലും, സ്നാപനം കേവലമൊരു മുങ്ങിക്കുളിയല്ല. അത് സുപ്രധാനമായ ഒരു കാര്യത്തിന്റെ പ്രതീകമാണ്. മുൻജീവിതഗതി സംബന്ധിച്ച് നിങ്ങൾ മരിച്ചു എന്നതാണ് വെള്ളത്തിനടിയിലേക്കു പോകുന്നതിന്റെ അർഥം. വെള്ളത്തിൽനിന്ന് ഉയർത്തപ്പെടുന്നത്, നിങ്ങൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാനായി ജീവിപ്പിക്കപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. നിങ്ങൾ സമർപ്പിച്ചിരിക്കുന്നത് ഒരു വേലയ്ക്കോ ദൗത്യത്തിനോ മനുഷ്യർക്കോ സംഘടനയ്ക്കോ അല്ല, മറിച്ച് യഹോവയാം ദൈവത്തിനാണ് എന്നുള്ളതും മനസ്സിൽപ്പിടിക്കുക. ദൈവവുമായുള്ള നിങ്ങളുടെ വളരെ അടുത്ത സൗഹൃദത്തിന്റെ അഥവാ ഉറ്റബന്ധത്തിന്റെ ഒരു തുടക്കമാണു സമർപ്പണവും സ്നാപനവും.—സങ്കീർത്തനം 25:14.
25 സ്നാപനം രക്ഷ ഉറപ്പുനൽകുന്നില്ല. അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി: “ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.” (ഫിലിപ്പിയർ 2:12) സ്നാപനം ഒരു തുടക്കം മാത്രമാണ്. ഇപ്പോൾ ചോദ്യമിതാണ്: നിങ്ങൾക്ക് എങ്ങനെ ദൈവസ്നേഹത്തിൽ നിലനിൽക്കാനാകും? അവസാന അധ്യായം അതിന് ഉത്തരം നൽകും.
a യഹോവയുടെ സാക്ഷികളുടെ വാർഷിക സമ്മേളനങ്ങളിലും കൺവെൻഷനുകളിലുമാണ് സ്നാപനം നടത്തപ്പെടുന്നത്.