അനുബന്ധം
“ദേഹി,” “ആത്മാവ്”—ഈ പദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് ഏത് അർഥത്തിൽ?
“ദേഹി,” “ആത്മാവ്” എന്നീ പദങ്ങൾ കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത് എന്താണ്? നമ്മുടെ ഉള്ളിലുള്ള അദൃശ്യവും അമർത്യവുമായ എന്തോ ഒന്നിനെയാണ് ഈ പദങ്ങൾ അർഥമാക്കുന്നതെന്ന് അനേകർ വിശ്വസിക്കുന്നു. ഒരു വ്യക്തി മരിക്കുമ്പോൾ ഈ അദൃശ്യഭാഗം ശരീരത്തെ വിട്ടുപോകുകയും തുടർന്നു ജീവിക്കുകയും ചെയ്യുന്നതായി അവർ കരുതുന്നു. ഈ വിശ്വാസം ഏറെ വ്യാപകമായതുകൊണ്ട് ബൈബിൾ ഇങ്ങനെയൊരു ആശയം പഠിപ്പിക്കുന്നേയില്ല എന്നറിയുമ്പോൾ പലരും അത്ഭുതപ്പെടുന്നു. അങ്ങനെയെങ്കിൽ ദൈവവചനപ്രകാരം ദേഹി, ആത്മാവ് എന്നിവ എന്താണ്?
“ദേഹി”യും അതിന്റെ മൂലപദങ്ങളും
ആദ്യംതന്നെ ദേഹി എന്ന പദത്തെക്കുറിച്ചു ചിന്തിക്കാം. ബൈബിൾ ആദ്യം എഴുതപ്പെട്ടത് മുഖ്യമായും എബ്രായ, ഗ്രീക്ക് ഭാഷകളിലാണെന്ന കാര്യം നിങ്ങൾ ഓർമിക്കുന്നുണ്ടാകുമല്ലോ. ആളുകൾ, ജന്തുക്കൾ, ഒരു വ്യക്തിയുടെയോ ജന്തുവിന്റെയോ ജീവൻ എന്നിവയെ പരാമർശിക്കാൻ ബൈബിൾ എഴുത്തുകാർ ഉപയോഗിച്ചത് നെഫെഷ് എന്ന എബ്രായ പദവും സൈക്കി എന്ന ഗ്രീക്ക് പദവും ആണ്. ഈ രണ്ടു പദങ്ങൾ തിരുവെഴുത്തുകളിൽ 800-ലധികം പ്രാവശ്യം കാണപ്പെടുന്നു. നെഫെഷ്, സൈക്കി എന്നീ പദങ്ങൾ മേൽപ്പറഞ്ഞ മൂന്നു വ്യത്യസ്ത അർഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ ഏതാനും തിരുവെഴുത്ത് ഉദാഹരണങ്ങൾ നമുക്കു പരിശോധിക്കാം.
ആളുകൾ. “യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ [നെഫെഷ] എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു.” (പുറപ്പാടു 1:5) ഇവിടെ “ദേഹികൾ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന നെഫെഷ് എന്ന പദം ആളുകളെ, യാക്കോബിന്റെ സന്തതികളെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. പുറപ്പാടു 16:16-ൽ മന്നാ പെറുക്കുന്നതു സംബന്ധിച്ച് ഇസ്രായേല്യർക്കു നൽകിയ നിർദേശങ്ങൾ കാണാം. അവർക്ക് ഈ കൽപ്പന ലഭിച്ചു: ‘ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിൽ ഉള്ളവരുടെ [നെഫെഷ്] എണ്ണത്തിന്നൊത്തവണ്ണം എടുത്തുകൊള്ളേണം.’ ഓരോ കുടുംബത്തിലുമുള്ള ആളുകളുടെ എണ്ണത്തിന് അനുസരിച്ചാണ് മന്നാ പെറുക്കിയിരുന്നത്. നെഫെഷ്, സൈക്കി എന്നീ പദങ്ങൾ വ്യക്തിയെന്നോ ആളുകളെന്നോ ഉള്ള അർഥത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നതിന്റെ മറ്റു ദൃഷ്ടാന്തങ്ങൾ പിൻവരുന്ന തിരുവെഴുത്തുകളിൽ കാണാം: ഉല്പത്തി 46:18; യെഹെസ്കേൽ 13:18-20; പ്രവൃത്തികൾ 27:37; 1 കൊരിന്ത്യർ 15:45; 1 പത്രൊസ് 3:20.
ജന്തുക്കൾ. ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “വെള്ളത്തിൽ ജലജന്തുക്കൾ [നെഫെഷ്] കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. . . . അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ [നെഫെഷ്] ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.” (ഉല്പത്തി 1:20, 24) ഈ വാക്യങ്ങളിൽ മത്സ്യം, പക്ഷികൾ, വളർത്തുമൃഗങ്ങൾ, കാട്ടുമൃഗങ്ങൾ എന്നിവയെയെല്ലാം പരാമർശിക്കാൻ നെഫെഷ് എന്ന എബ്രായ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പിൻവരുന്ന വാക്യങ്ങളിലും ജന്തുക്കളെ സൂചിപ്പിക്കാൻ അതേ പദം ഉപയോഗിച്ചിരിക്കുന്നു: ഉല്പത്തി 9:10; ലേവ്യപുസ്തകം 11:47; സംഖ്യാപുസ്തകം 31:28.
ഒരു വ്യക്തിയുടെ ജീവൻ. മുകളിൽ കണ്ടതുപോലെ, മലയാളം ബൈബിൾ ഭാഷാന്തരങ്ങൾ ദേഹി, ആളുകൾ, ജന്തുക്കൾ എന്നിങ്ങനെയെല്ലാം പരിഭാഷപ്പെടുത്തിയിരിക്കുന്ന നെഫെഷ്, സൈക്കി എന്നീ പദങ്ങൾ ചിലപ്പോഴൊക്കെ ഒരു വ്യക്തിയുടെ ജീവനെയും അർഥമാക്കുന്നു. യഹോവ മോശെയോട് ഇപ്രകാരം പറഞ്ഞു: ‘നിന്റെ ജീവന് [നെഫെഷ്] ഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി.’ (പുറപ്പാടു 4:19) അതുപോലെ, റാഹേൽ ബെന്യാമീനെ പ്രസവിക്കുന്ന സമയത്ത് ‘അവളുടെ ജീവൻ [നെഫെഷ്] പോയതായി’, അതായത് “അവൾ മരിച്ചുപോയി” എന്ന് ബൈബിൾ പറയുന്നു. (ഉല്പത്തി 35:16-19) യേശുവിന്റെ പിൻവരുന്ന വാക്കുകളും ശ്രദ്ധിക്കുക: “ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ [സൈക്കി] കൊടുക്കുന്നു.” (യോഹന്നാൻ 10:11) നിസ്സംശയമായും, ഈ വാക്യങ്ങളിൽ നെഫെഷ്, സൈക്കി എന്നീ പദങ്ങൾ ഒരു വ്യക്തിയുടെ ജീവനെ കുറിക്കുന്നു. കൂടുതൽ ഉദാഹരണങ്ങൾ പിൻവരുന്ന വാക്യങ്ങളിൽ കാണാം.—1 രാജാക്കന്മാർ 17:17-23; മത്തായി 10:39; യോഹന്നാൻ 15:13; പ്രവൃത്തികൾ 20:10.
“ദേഹി” എന്ന പദത്തെ ബൈബിളിൽ ഒരിടത്തും “അമർത്യം,” “നിത്യം” എന്നീ പദങ്ങളോടു ബന്ധപ്പെടുത്തുന്നില്ലെന്ന് ദൈവവചനത്തിന്റെ കൂടുതലായ പഠനത്തിലൂടെ നിങ്ങൾക്കു ബോധ്യമാകും. മറിച്ച്, ദേഹി മർത്യമാണ് എന്ന്, അഥവാ “ദേഹി മരിക്കും” എന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു.—യെഹെസ്കേൽ 18:4, 20.
ആത്മാവ് എന്താണ്?
“ആത്മാവ്” എന്ന പദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് ഏതർഥത്തിലാണെന്നു നമുക്കു നോക്കാം. “ദേഹി” എന്നതിനുള്ള മറ്റൊരു പദമാണ് “ആത്മാവ്” എന്ന് ചിലർ കരുതുന്നു. എന്നാൽ വസ്തുത അതല്ല. “ദേഹി,” “ആത്മാവ്” എന്നീ പദങ്ങൾ രണ്ടു വ്യത്യസ്ത സംഗതികളെ കുറിക്കുന്നുവെന്ന് ബൈബിൾ വ്യക്തമാക്കുന്നു. എന്താണ് ആ വ്യത്യാസം?
“ആത്മാവ്” എന്നതിന് ബൈബിളെഴുത്തുകാർ ഉപയോഗിച്ചത് റൂവാക് എന്ന എബ്രായ പദവും ന്യൂമ എന്ന ഗ്രീക്കു പദവും ആണ്. തിരുവെഴുത്തുകൾതന്നെ ഈ വാക്കുകളുടെ അർഥം സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, ‘ആത്മാവ് [ന്യൂമ] ഇല്ലാത്ത ശരീരം നിർജ്ജീവമാണ്’ എന്ന് യാക്കോബ് 2:26 പറയുന്നു. അതുകൊണ്ട് ഈ വാക്യത്തിലെ “ആത്മാവ്” എന്നത് ശരീരത്തെ സചേതനമാക്കുന്നതെന്തോ അതിനെയാണ് അർഥമാക്കുന്നത്. ആത്മാവ് ഇല്ലാത്ത ശരീരം നിർജീവമാണ്. അതിനാൽ, ബൈബിളിലെ റൂവാക്, ന്യൂമ എന്നീ പദങ്ങൾ “ആത്മാവ്” എന്നു മാത്രമല്ല ജീവശക്തി എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. ചില ബൈബിളുകൾ റൂവാക് എന്ന പദം ‘ജീവശ്വാസം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, നോഹയുടെ കാലത്തെ ജലപ്രളയത്തെക്കുറിച്ച് ദൈവം ഇങ്ങനെ പ്രസ്താവിച്ചു: “ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള [അഥവാ ജീവശക്തി; എബ്രായയിൽ റൂവാക്] സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും.” (ഉല്പത്തി 6:17; 7:15, 22) അതുകൊണ്ട് “ആത്മാവ്” എന്നത് ജീവനുള്ള സകലതിനെയും പ്രവർത്തനനിരതമാക്കുന്ന അദൃശ്യമായ ഒരു ശക്തിയെ (ജീവന്റെ സ്ഫുരണത്തെ) ആണ് അർഥമാക്കുന്നത്.
ദേഹിയും ആത്മാവും ഒന്നല്ല. ഒരു റേഡിയോയ്ക്കു പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമായിരിക്കുന്നതുപോലെയാണ് ശരീരത്തിന് ആത്മാവും. ഇതു കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു റേഡിയോയുടെ കാര്യമെടുക്കുക. ബാറ്ററിയിട്ട് റേഡിയോ ഓൺ ചെയ്യുമ്പോൾ, ബാറ്ററിയിലെ ചാർജ് റേഡിയോയ്ക്ക് ‘ജീവൻ നൽകുന്നു’ എന്ന് പറയാൻ കഴിയും. എന്നാൽ ബാറ്ററിയിടാത്ത റേഡിയോ ‘ജീവനില്ലാത്തതാണ്.’ നേരിട്ട് വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന റേഡിയോയുടെ കാര്യത്തിലും ഇതു സത്യമാണ്. പ്ലഗ് വേർപെടുത്തുമ്പോൾ അതിന്റെ പ്രവർത്തനം നിലയ്ക്കുന്നു. സമാനമായി, നമ്മുടെ ശരീരത്തിനു ജീവൻ നൽകുന്ന ശക്തിയാണ് ആത്മാവ്. വൈദ്യുതിയുടെ കാര്യത്തിലെന്നപോലെ, ആത്മാവിനു വികാരങ്ങളില്ല, ചിന്തിക്കാനും കഴിയില്ല. വ്യക്തിത്വമില്ലാത്ത ഒരു ശക്തിയാണ് അത്. എന്നാൽ ആ ആത്മാവ് അഥവാ ജീവശക്തി ഇല്ലാതാകുമ്പോൾ സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ നമ്മുടെ ശരീരം “ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു.”
മനുഷ്യന്റെ മരണത്തെക്കുറിച്ച് സഭാപ്രസംഗി 12:7 ഇങ്ങനെ പറയുന്നു: “പൊടി [അവന്റെ ശരീരം] പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.” ആത്മാവ് അഥവാ ജീവശക്തി ശരീരത്തിൽനിന്നു പോകുമ്പോൾ ശരീരം മരിക്കുകയും അത് എവിടെനിന്നു വന്നോ അവിടേക്ക്—മണ്ണിലേക്ക്—മടങ്ങുകയും ചെയ്യുന്നു. സമാനമായി, ജീവശക്തി അത് എവിടെനിന്നു വന്നോ അവിടേക്ക്—ദൈവത്തിങ്കലേക്ക്—മടങ്ങിപ്പോകുന്നു. (ഇയ്യോബ് 34:14, 15; സങ്കീർത്തനം 36:9) ജീവശക്തി അക്ഷരാർഥത്തിൽ സ്വർഗത്തിലേക്കു സഞ്ചരിക്കുന്നുണ്ടെന്ന് ഇത് അർഥമാക്കുന്നില്ല. മറിച്ച്, മരിക്കുന്ന ഏതൊരാളെ സംബന്ധിച്ചും അയാളുടെ ഭാവിപ്രത്യാശ യഹോവയാം ദൈവത്തിൽ നിക്ഷിപ്തമാണെന്നാണ് ഇതിന്റെ അർഥം. ആ വ്യക്തിയുടെ ജീവൻ ദൈവത്തിന്റെ കരങ്ങളിലാണെന്നു പറയാവുന്നതാണ്. ഒരു വ്യക്തിക്ക് ആത്മാവ് അഥവാ ജീവശക്തി നൽകി വീണ്ടും ജീവിപ്പിക്കാൻ ദൈവത്തിനു മാത്രമേ സാധിക്കൂ.
“സ്മാരക കല്ലറകളിൽ” വിശ്രമിക്കുന്ന സകലർക്കുമായി ഇതുതന്നെയാണു ദൈവം ചെയ്യാൻപോകുന്നതെന്ന് അറിയുന്നത് എത്രയോ ആശ്വാസപ്രദമാണ്! (യോഹന്നാൻ 5:28, 29, NW) പുനരുത്ഥാന സമയത്ത്, മരണനിദ്രയിലായിരിക്കുന്ന വ്യക്തിക്ക് ഒരു പുതുശരീരം നൽകി അതിൽ ആത്മാവ് അഥവാ ജീവശക്തി നിവേശിപ്പിച്ച് യഹോവ അയാളെ ജീവനിലേക്കു കൊണ്ടുവരും. എത്ര സന്തോഷകരമായ ഒരു സമയമായിരിക്കും അത്!
“ദേഹി,” “ആത്മാവ്” എന്നീ പദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച മൂല്യവത്തായ കൂടുതൽ വിവരങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിന്റെ 375-84 പേജുകൾ കാണുക.