അനുബന്ധം
യേശു ജനിച്ചത് ഡിസംബറിലോ?
യേശു ജനിച്ചത് എപ്പോഴാണെന്ന് ബൈബിൾ നമ്മോടു പറയുന്നില്ല. എങ്കിലും, അവൻ ജനിച്ചത് ഡിസംബറിൽ അല്ലെന്നു നിഗമനം ചെയ്യുന്നതിനുള്ള ന്യായമായ കാരണം അതു നൽകുകതന്നെ ചെയ്യുന്നു.
യേശു ജനിച്ച ബേത്ത്ലേഹെമിൽ, ഡിസംബർ മാസക്കാലത്തെ കാലാവസ്ഥയെക്കുറിച്ചു ചിന്തിക്കുക. യഹൂദ മാസമായ കിസ്ലേവ് (നവംബർ/ഡിസംബർ കാലം) തണുപ്പും മഴയും ഉള്ള ഒരു സമയമായിരുന്നു. അതിനടുത്ത മാസം തേബേത്ത് (ഡിസംബർ/ജനുവരി) ആയിരുന്നു. വർഷത്തിൽ താപനില ഏറ്റവും കുറയുന്ന, അതായത് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന സമയമായിരുന്നു അത്. ഇവിടത്തെ പർവതപ്രദേശങ്ങളിൽ ഇടയ്ക്കൊക്കെ മഞ്ഞുവീഴ്ചയും ഉണ്ടാകുമായിരുന്നു. ആ പ്രദേശത്തെ കാലാവസ്ഥയെക്കുറിച്ചു ബൈബിൾ എന്തു പറയുന്നുവെന്നു നമുക്കു നോക്കാം.
നല്ല തണുപ്പും മഴയും ഉള്ള ഒരു മാസമായിരുന്നു കിസ്ലേവ് എന്ന് ബൈബിൾ എഴുത്തുകാരനായ എസ്രാ പ്രകടമാക്കുന്നുണ്ട്. “ഒമ്പതാം മാസം [കിസ്ലേവ്] ഇരുപതാം തിയ്യതി” ജനം യെരൂശലേമിൽ വന്നുകൂടിയെന്നു പറഞ്ഞശേഷം, സകലരും ‘വന്മഴനിമിത്തം വിറെക്കുകയായിരുന്നു’ എന്ന് എസ്രാ റിപ്പോർട്ടു ചെയ്യുന്നു. വർഷത്തിലെ ആ സമയത്തെ കാലാവസ്ഥയെക്കുറിച്ചു കൂടിവന്ന ജനംതന്നെ ഇപ്രകാരം പറഞ്ഞു: ‘ഇതു വർഷകാലം ആകുന്നു; വെളിയിൽ നില്‌പാൻ ഞങ്ങൾക്കു കഴിവില്ല.’ (എസ്രാ 10:9, 13; യിരെമ്യാവു 36:22) ലോകത്തിന്റെ ആ ഭാഗത്തുള്ള ഇടയന്മാർ, ഡിസംബർ മാസത്തിലെ രാത്രികാലങ്ങളിൽ തങ്ങളും ആട്ടിൻപറ്റവും വെളിയിലാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് അതിശയമല്ല!
എന്നാൽ, യേശു ജനിച്ച അന്നു രാത്രിയിൽ ആട്ടിടയന്മാർ ആടുകളെ കാത്തുകൊണ്ട് വെളിമ്പ്രദേശത്ത് ആയിരുന്നെന്ന് ബൈബിൾ പറയുന്നു. ആ സമയത്ത് ഇടയന്മാർ ബേത്ത്ലേഹെമിന് അടുത്തായി “രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു”വെന്ന് ബൈബിളെഴുത്തുകാരനായ ലൂക്കൊസ് വ്യക്തമാക്കുന്നു. (ലൂക്കൊസ് 2:8-12) ഇടയന്മാർ പകൽസമയത്തു വെറുതെ വെളിയിലൂടെ നടക്കുകയായിരുന്നു എന്നല്ല, മറിച്ച് അവർ വെളിയിൽ പാർക്കുകയായിരുന്നു എന്നാണു പറഞ്ഞിരിക്കുന്നതെന്നു ശ്രദ്ധിക്കുക. രാത്രിയിൽ ആട്ടിൻകൂട്ടത്തോടൊപ്പം അവർ വെളിയിൽ ആയിരുന്നു. ബേത്ത്ലേഹെമിൽ അതിശൈത്യവും മഴയും ഉള്ള ഡിസംബർ മാസത്തിൽ ഇടയന്മാർ ഇങ്ങനെ വെളിയിൽ പാർത്തിരിക്കാൻ സാധ്യതയുണ്ടോ? ഒരിക്കലുമില്ല. അതുകൊണ്ട്, യേശു ജനിച്ചതു ഡിസംബറിൽ അല്ലെന്ന് അവന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നു.a
യേശു മരിച്ചത് എപ്പോഴാണെന്നു ദൈവവചനം നമ്മോടു കൃത്യമായി പറയുന്നുണ്ട്. എന്നാൽ, അവൻ എപ്പോൾ ജനിച്ചുവെന്നതു സംബന്ധിച്ച് നേരിട്ടു സൂചന നൽകുന്ന അധികം വിശദാംശങ്ങൾ അതിലില്ല. ഇത് ശലോമോൻ രാജാവിന്റെ പിൻവരുന്ന വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.” (സഭാപ്രസംഗി 7:1) അതിനാൽ, ബൈബിൾ യേശുവിന്റെ ശുശ്രൂഷയെയും മരണത്തെയും കുറിച്ച് അനേകം വിശദാംശങ്ങൾ നൽകുകയും അതേസമയം ജനനസമയത്തെ സംബന്ധിച്ച് വളരെക്കുറച്ചു മാത്രം പറയുകയും ചെയ്യുന്നതിൽ അതിശയിക്കാനില്ല.
യേശു ജനിച്ച അന്ന് രാത്രിയിൽ ആട്ടിടയന്മാർ ആടുകളെ കാത്തുകൊണ്ട് വെളിമ്പ്രദേശത്ത് ആയിരുന്നു
a കൂടുതലായ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിന്റെ 176-9 പേജുകൾ കാണുക.