ഭാഗം 5
ദൈവത്തിന്റെ മഹനീയ ഗുണങ്ങൾ വിലമതിക്കുക
ദൈവത്തിന്റെ പല മഹനീയ ഗുണങ്ങളെയും കുറിച്ച് വിശുദ്ധ തിരുവെഴുത്തുകൾ പറയുന്നുണ്ട്. അത് ദൈവത്തെ അടുത്തറിയാൻ നമ്മെ സഹായിക്കുന്നു. തിരുവെഴുത്തുകൾ നമുക്കു വെളിപ്പെടുത്തിത്തരുന്ന ദൈവത്തിന്റെ നാല് പ്രമുഖ ഗുണങ്ങളാണ് ശക്തി, നീതി, ജ്ഞാനം, സ്നേഹം എന്നിവ. നമുക്ക് അവ ഓരോന്നായി പരിശോധിക്കാം.
സർവശക്തൻ
ദൈവം സർവശക്തനാണ്
“ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു” എന്ന് യഹോവ അബ്രാഹാമിനോട് (ഇബ്രാഹിം) ഒരിക്കൽ പറയുകയുണ്ടായി. (ഉല്പത്തി 17:1) ദൈവത്തിന്റെ ശക്തി അതുല്യമാണ്, നിസ്സീമമാണ്, അത് ഒരിക്കലും നിലച്ചുപോകില്ല. ആ ശക്തികൊണ്ടാണ് ദൈവം ഈ പ്രപഞ്ചം മുഴുവൻ ഉണ്ടാക്കിയത്.
ദൈവം ഒരിക്കലും തന്റെ ശക്തി ദുർവിനിയോഗം ചെയ്യില്ല. ഉചിതമായ അളവിൽ മാത്രമേ അവൻ അത് ഉപയോഗിക്കൂ, അതും നിയതമായ ഒരു ഉദ്ദേശ്യത്തോടെ. മാത്രമല്ല, നീതി, ജ്ഞാനം, സ്നേഹം എന്നീ ഗുണങ്ങൾക്കു ചേർച്ചയിലാണ് ദൈവം എല്ലായ്പോഴും ശക്തി ഉപയോഗിക്കുന്നത്.
വിശ്വസ്തരായ ദാസന്മാർക്കുവേണ്ടി തന്റെ ശക്തി ഉപയോഗിക്കാൻ യഹോവയ്ക്ക് സന്തോഷമേയുള്ളൂ. “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) സർവശക്തനായ, അതേസമയം തന്റെ സൃഷ്ടികളെക്കുറിച്ചു ചിന്തയുള്ള ആ ദൈവത്തോട് നിങ്ങൾക്ക് അടുപ്പം തോന്നുന്നില്ലേ?
നീതിനിഷ്ഠനായ ദൈവം
“യഹോവ ന്യായപ്രിയനാകുന്നു.” (സങ്കീർത്തനം 37:28) തന്റെ പൂർണതയുള്ള നിലവാരങ്ങളനുസരിച്ച്, ന്യായവും നീതിയുമായ കാര്യങ്ങൾ മാത്രമേ ദൈവം ചെയ്യൂ.
ദൈവം മുഖപക്ഷം കാണിക്കുന്നില്ല
അനീതി ദൈവത്തിന് വെറുപ്പാണ്. “അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം (കൈക്കൂലി) വാങ്ങുന്നതുമില്ല.” (ആവർത്തനപുസ്തകം 10:17) മറ്റുള്ളവരെ അടിച്ചമർത്തുന്നവരെ അവൻ വെറുക്കുന്നു; ‘വിധവമാരെയും അനാഥരെയും’ പോലുള്ള നിരാലംബരെ അവൻ വിടുവിക്കും. (പുറപ്പാടു 22:22) ദൈവം ആരോടും മുഖപക്ഷം കാണിക്കുന്നില്ല. ‘ദൈവം പക്ഷപാതമുള്ളവനല്ല; ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്.’—പ്രവൃത്തികൾ 10:34, 35.
നീതി നടപ്പാക്കുമ്പോൾ യഹോവ അമിതമായ കാർക്കശ്യം കാണിക്കുന്നില്ല; അതേസമയം അങ്ങേയറ്റം മൃദുവായ ഒരു സമീപനം കൈക്കൊള്ളുന്നുമില്ല. മനസ്താപമില്ലാത്ത പാപികളെ ശിക്ഷിക്കുമ്പോൾത്തന്നെ, മനസ്താപമുള്ളവരോട് ദയ കാണിക്കാൻ അവൻ സന്നദ്ധനാണ്. “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” (സങ്കീർത്തനം 103:8-10) മാത്രമല്ല, അവൻ തന്റെ വിശ്വസ്ത ദാസന്മാരുടെ സത്പ്രവൃത്തികൾ കണക്കിടുകയും അവയ്ക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നു. നീതിനിഷ്ഠനായ ആ ദൈവം ആശ്രയയോഗ്യനല്ലേ?
സർവജ്ഞാനിയായ ദൈവം
വിശുദ്ധ തിരുവെഴുത്തുകളിൽ ദൈവത്തിന്റെ ജ്ഞാനം അടങ്ങിയിട്ടുണ്ട്
യഹോവയാണ് സകല ജ്ഞാനത്തിന്റെയും ഉറവിടം. “ഹാ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം!” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (റോമർ 11:33) അതെ, ദൈവത്തിന്റെ ജ്ഞാനം അതുല്യമാണ്, അപരിമേയമാണ്.
പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയിലും ആ ജ്ഞാനം പ്രതിഫലിച്ചുകാണാം. “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ അത്ഭുതംകൂറി.—സങ്കീർത്തനം 104:24.
വിശുദ്ധ തിരുവെഴുത്തുകളിലും ദിവ്യജ്ഞാനം അടങ്ങിയിട്ടുണ്ട്. ദാവീദുരാജാവ് (ദാവൂദ്) ഇങ്ങനെ എഴുതി: “യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.” (സങ്കീർത്തനം 19:7) ഒന്നോർത്തുനോക്കൂ, ദൈവത്തിന്റെ അതിരറ്റ ജ്ഞാനത്തിൽനിന്ന് നിങ്ങൾക്കും പഠിക്കാനാകും! നിങ്ങൾ ആ അവസരം പ്രയോജനപ്പെടുത്തുമോ?
“ദൈവം സ്നേഹമാകുന്നു”
ദൈവത്തിന്റെ ഗുണങ്ങളിൽ ഏറ്റവും പ്രമുഖം സ്നേഹമാണ്. “ദൈവം സ്നേഹമാകുന്നു” എന്ന് തിരുവെഴുത്തുകൾതന്നെ നമ്മോടു പറയുന്നുണ്ട്. (1 യോഹന്നാൻ 4:8) ദൈവം ചെയ്യുന്നതെല്ലാം സ്നേഹത്താൽ പ്രേരിതമാണ്.
ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. “ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരുകയും ആഹാരവും ആനന്ദവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവൻ നന്മ കാണിച്ചിരിക്കുന്നു.” (പ്രവൃത്തികൾ 14:17) “എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങൾ ഒക്കെയും ഉയരത്തിൽനിന്ന്, ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്നുതന്നെ, വരുന്നു.” (യാക്കോബ് 1:17) ദൈവവചനവും അമൂല്യമായ ഒരു സമ്മാനമാണ്; ദൈവം തന്റെ നിയമങ്ങളും തത്ത്വങ്ങളും, തന്നെക്കുറിച്ചുള്ള സത്യവും നമ്മെ പഠിപ്പിക്കുന്നത് അതിലൂടെയാണ്. “നിന്റെ വചനം സത്യം ആകുന്നുവല്ലോ” എന്ന് യേശു പ്രാർഥനയിൽ പറയുകയുണ്ടായി.—യോഹന്നാൻ 17:17.
സൃഷ്ടികളിൽ കാണുന്ന ദൈവത്തിന്റെ ജ്ഞാനം അത്ഭുതാവഹമാണ്
പ്രയാസഘട്ടങ്ങളിലും ദൈവം നമ്മെ സഹായിക്കുന്നു. “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) മാത്രമല്ല, അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നു. “കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.” (സങ്കീർത്തനം 86:5) എന്തിനധികം, ദൈവം നമുക്ക് നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു. “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല.” (വെളിപാട് 21:4) ദൈവം നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങൾ എന്തു പകരം കൊടുക്കും? നിങ്ങൾ അവനെ തിരിച്ചു സ്നേഹിക്കുമോ?
ദൈവത്തോട് അടുത്തു ചെല്ലുക
പ്രാർഥിക്കുന്നതും ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതും അവനോട് അടുക്കാൻ നിങ്ങളെ സഹായിക്കും
നിങ്ങൾ ദൈവത്തെ അടുത്തറിയാനാണ് അവൻ ആഗ്രഹിക്കുന്നത്. ദൈവവചനം പറയുന്നത് ശ്രദ്ധിക്കുക: “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും.” (യാക്കോബ് 4:8) വിശ്വസ്ത പ്രവാചകനായ അബ്രാഹാമിനെ ദൈവം “എന്റെ സ്നേഹിതൻ” എന്നു പരാമർശിക്കുകയുണ്ടായി. (യെശയ്യാവു 41:8) നിങ്ങളും ദൈവത്തിന്റെ സ്നേഹിതനായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
ദൈവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്തോറും നിങ്ങൾ അവനോട് കൂടുതൽ അടുക്കും; നിങ്ങളുടെ സന്തോഷവും വർധിക്കും. “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ” അഥവാ സന്തുഷ്ടൻ ആണെന്നാണ് തിരുവെഴുത്തുകൾ പറയുന്നത്. (സങ്കീർത്തനം 1:1, 2) അതുകൊണ്ട് തുടർന്നും തിരുവെഴുത്തുകൾ പഠിക്കുക. ദൈവത്തിന്റെ ഗുണങ്ങളെയും പ്രവൃത്തികളെയും കുറിച്ചു ധ്യാനിക്കുക. പഠിക്കുന്നത് ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് ദൈവത്തോട് സ്നേഹമുണ്ടെന്ന് തെളിയിക്കുക. “ദൈവത്തോടുള്ള സ്നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.” (1 യോഹന്നാൻ 5:3) സങ്കീർത്തനക്കാരനെപ്പോലെ പ്രാർഥിക്കുക: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ.” (സങ്കീർത്തനം 25:4, 5) ദൈവം “നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്ന യാഥാർഥ്യം അപ്പോൾ നിങ്ങൾ തിരിച്ചറിയും.—പ്രവൃത്തികൾ 17:27.