ബൈബിൾ ഏതുതരം പുസ്തകമാണ്?
നിങ്ങളുടെ അഭിപ്രായത്തിൽ. . .
മനുഷ്യരുടെ ജ്ഞാനമൊഴികളാണോ?
കെട്ടുകഥകളാണോ?
ദൈവത്തിന്റെ വചനമാണോ?
തിരുവെഴുത്തു പറയുന്നത്:
“തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്.”—2 തിമൊഥെയൊസ് 3:16, പുതിയ ലോക ഭാഷാന്തരം.
ഇതു വിശ്വസിക്കുന്നതുകൊണ്ടുള്ള പ്രയോജനം:
ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം ലഭിക്കും.—സുഭാഷിതങ്ങൾ 2:1-5.
അനുദിനജീവിതത്തിന് ആവശ്യമായ നല്ല ഉപദേശങ്ങൾ ലഭിക്കും.—സങ്കീർത്തനം 119:105.
ശുഭപ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കാനാകും.—റോമർ 15:4.
തിരുവെഴുത്തു പറയുന്നതു വിശ്വസിക്കാമോ?
തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞതു മൂന്നു കാരണങ്ങളാൽ:
വിസ്മയിപ്പിക്കുന്ന യോജിപ്പ്. 1,600-ലധികം വർഷംകൊണ്ട് 40-ഓളം ആളുകൾ ചേർന്നാണ് ബൈബിൾ എഴുതിയത്. അവരിൽ ഭൂരിഭാഗം പേരും പരസ്പരം കണ്ടിട്ടേ ഇല്ല. എന്നിട്ടും ബൈബിളിലെ വിവരങ്ങൾ തമ്മിൽ നല്ല യോജിപ്പുണ്ട്. മാത്രമല്ല, ഒരു വിഷയത്തെ കേന്ദ്രീകരിച്ചാണ് അതു മുഴുവനും എഴുതിയിരിക്കുന്നത്!
സത്യസന്ധമായ ചരിത്ര വിവരണം. മിക്ക ചരിത്രകാരന്മാരും സ്വന്തം രാജ്യത്തിന്റെ പരാജയങ്ങൾ മൂടിവെക്കുകയാണു പതിവ്. ഇതിനു നേർവിപരീതമായി, ബൈബിളെഴുത്തുകാർ തങ്ങളുടെയും തങ്ങളുടെ രാജ്യത്തിന്റെയും പരാജയങ്ങൾ തുറന്നെഴുതിയിരിക്കുന്നു.—2 ദിനവൃത്താന്തം 36:15, 16; സങ്കീർത്തനം 51:1-4.
വിശ്വസിക്കാവുന്ന പ്രവചനങ്ങൾ. പുരാതനനഗരമായ ബാബിലോണിന്റെ നാശത്തിന് ഏകദേശം 200 വർഷം മുമ്പ് ബൈബിൾ അതെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശയ്യ 13:17-22) എങ്ങനെ നശിപ്പിക്കപ്പെടുമെന്നു മാത്രമല്ല, ആരായിരിക്കും ബാബിലോണിനെ കീഴടക്കുക എന്നുപോലും പ്രവചനത്തിൽ പറഞ്ഞിരുന്നു!—യശയ്യ 45:1-3.
ബൈബിൾ പ്രവചിച്ച മറ്റനേകം കാര്യങ്ങളും ഇതുപോലെ കൃത്യമായി സംഭവിച്ചിട്ടുണ്ട്. അവയുടെ ഏറ്റവും ചെറിയ വിശദാംശങ്ങൾപ്പോലും അങ്ങനെതന്നെ നിറവേറി. ദൈവത്തിൽനിന്നുള്ള ഒരു പുസ്തകത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതും ഇതുതന്നെയല്ലേ?—2 പത്രോസ് 1:21.
നിങ്ങൾക്ക് എന്തു തോന്നുന്നു?
ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?
യശയ്യ 48:17, 18; 2 തിമൊഥെയൊസ് 3:16,17 എന്നീ തിരുവെഴുത്തുകൾ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു.