പാഠം 1
നമ്മൾ അറിയാൻ ഇഷ്ടപ്പെടുന്ന ഒരു രഹസ്യം!
ആരെങ്കിലും മോനോട് എന്തെങ്കിലും രഹസ്യം പറഞ്ഞിട്ടുണ്ടോ?—a ബൈബിൾ ഒരു പ്രത്യേകരഹസ്യത്തെക്കുറിച്ചു പറയുന്നുണ്ട്. “പാവനരഹസ്യം” എന്നാണ് അതിനെ വിളിച്ചിരിക്കുന്നത്. ‘പാവനം’ എന്നു പറഞ്ഞാൽ വിശുദ്ധം എന്നാണ് അർഥം. അത് ദൈവത്തിൽനിന്നുള്ളതായതുകൊണ്ടാണ് അതിനെ ‘പാവനം’ എന്നു പറഞ്ഞിരിക്കുന്നത്. മുമ്പ് ആളുകൾക്ക് അതേക്കുറിച്ച് അറിയാൻ പാടില്ലായിരുന്നു. അതുകൊണ്ടാണ് അതിനെ ‘രഹസ്യം’ എന്നു വിളിച്ചിരിക്കുന്നത്. ഈ രഹസ്യത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ ദൈവത്തിന്റെ ദൂതന്മാർ അഥവാ മാലാഖമാർപോലും ആഗ്രഹിച്ചു. ആ രഹസ്യം എന്താണെന്ന് അറിയാൻ ഇഷ്ടമാണോ?—
ഇവിടെ ദൂതന്മാർ എന്ത് അറിയാനാണ് ശ്രമിക്കുന്നതെന്നു പറയാമോ?
പണ്ടുപണ്ട്, വളരെ പണ്ട്, ദൈവം ആദ്യത്തെ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു. ആദാം എന്നും ഹവ്വാ എന്നും ആയിരുന്നു അവരുടെ പേരുകൾ. ദൈവം അവർക്കു ജീവിക്കാൻ മനോഹരമായ ഒരു തോട്ടമുണ്ടാക്കിക്കൊടുത്തു. അതിന്റെ പേര് എന്താണെന്നോ? ഏദെൻ തോട്ടം! അതായിരുന്നു അവരുടെ വീട്! ആദാമും ഹവ്വായും ദൈവം പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ അവർക്കും മക്കൾക്കും കൂടെ ഈ ഭൂമി മുഴുവൻ ഏദെൻ തോട്ടംപോലെ ഒരു പറുദീസയാക്കാമായിരുന്നു. ആ പറുദീസയിൽ അവർക്ക് എന്നും ജീവിക്കാനും കഴിയുമായിരുന്നു! പക്ഷേ, ആദാമും ഹവ്വായും എന്താണു ചെയ്തതെന്ന് മോൻ ഓർക്കുന്നുണ്ടോ?—
ആദാമും ഹവ്വായും ദൈവത്തെ അനുസരിച്ചില്ല. നമുക്ക് ഇന്നു പറുദീസയിൽ ജീവിക്കാൻ കഴിയാത്തത് അതുകൊണ്ടാണ്. എന്നാൽ, ഈ ഭൂമിയെ മുഴുവനും മനോഹരമായ ഒരു പറുദീസയാക്കുമെന്നു ദൈവം പറഞ്ഞിട്ടുണ്ട്. അവിടെ എല്ലാവരും സന്തോഷത്തോടെ എന്നും സുഖമായി ജീവിക്കും. ദൈവം പറുദീസ കൊണ്ടുവരാൻപോകുന്നത് എങ്ങനെയാണ്? പണ്ടൊന്നും ആളുകൾക്ക് അത് അറിയാൻ പാടില്ലായിരുന്നു. കാരണം, അതൊരു രഹസ്യമായിരുന്നു!
യേശു ഭൂമിയിൽ വന്നപ്പോൾ അവൻ ആളുകൾക്ക് ഈ രഹസ്യത്തെപ്പറ്റി കുറേ കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തു. ഈ രഹസ്യം ദൈവരാജ്യത്തെക്കുറിച്ചുള്ളതാണെന്ന് അവൻ പറഞ്ഞു. ദൈവരാജ്യം വരാൻ പ്രാർഥിക്കണമെന്നും യേശു ആളുകളോടു പറഞ്ഞു. ദൈവരാജ്യം ഭൂമിയെ മനോഹരമായ ഒരു പറുദീസയാക്കും!
ഈ രഹസ്യം അറിഞ്ഞപ്പോൾ മോന് സന്തോഷം തോന്നുന്നില്ലേ?— യഹോവയെ അനുസരിക്കുന്നവർ മാത്രമേ ആ പറുദീസയിൽ ഉണ്ടായിരിക്കൂ. യഹോവയെ അനുസരിച്ച ഒരുപാടു പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവിതകഥകൾ ബൈബിളിലുണ്ട്. മോന് അവരുടെ കഥ കേൾക്കാൻ ഇഷ്ടമാണോ?— അവരിൽ ചിലരെക്കുറിച്ചു നമുക്ക് ഇനി പഠിക്കാം. നമുക്ക് എങ്ങനെ അവരെപ്പോലെയാകാമെന്നും നോക്കാം.
ബൈബിളിൽനിന്നു വായിക്കുക
a ഈ പാഠങ്ങളിലെല്ലാം, ചില ചോദ്യങ്ങൾക്കു ശേഷം ഒരു വര (—) കാണാം. അവിടെ അല്പമൊന്നു നിറുത്തിയിട്ട്, അഭിപ്രായം പറയാൻ കുട്ടിക്കു സമയം നൽകുക.