പാഠം 2
റിബേക്ക യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചു
റിബേക്ക യഹോവയെ സ്നേഹിച്ച ഒരാളായിരുന്നു. യിസ്ഹാക്ക് എന്നായിരുന്നു അവളുടെ ഭർത്താവിന്റെ പേര്. അദ്ദേഹത്തിനും യഹോവയോടു സ്നേഹമുണ്ടായിരുന്നു. റിബേക്ക എങ്ങനെയാണ് യിസ്ഹാക്കിനെ കണ്ടുമുട്ടിയത്? യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹമുണ്ടെന്നു റിബേക്ക കാണിച്ചത് എങ്ങനെയാണ്? നമുക്ക് ആദ്യം റിബേക്കയുടെ ഭർത്താവായ യിസ്ഹാക്കിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.
അബ്രാഹാമും സാറായും ആയിരുന്നു യിസ്ഹാക്കിന്റെ അച്ഛനമ്മമാർ. കനാൻ ദേശത്താണ് അവർ താമസിച്ചിരുന്നത്. അവിടത്തെ ആളുകൾ യഹോവയെ ആരാധിക്കുന്നവരല്ലായിരുന്നു. തന്റെ മകൻ യഹോവയെ ആരാധിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് അബ്രാഹാം ആഗ്രഹിച്ചു. അതുകൊണ്ട് അബ്രാഹാം യിസ്ഹാക്കിനുവേണ്ടി ഭാര്യയെ അന്വേഷിച്ചു കണ്ടുപിടിക്കാനായി ഒരു ദാസനെ ഹാരാൻ എന്ന ദേശത്തേക്ക് അയച്ചു. സാധ്യതയനുസരിച്ച് എല്യേസർ എന്ന ദാസനെയാണ് അയച്ചത്. ഹാരാനിലാണ് അബ്രാഹാമിന്റെ ബന്ധുക്കളിൽ ചിലർ താമസിച്ചിരുന്നത്.
ഒട്ടകങ്ങൾക്കു വെള്ളം കൊടുക്കാൻവേണ്ടി ഒരുപാടു ജോലി ചെയ്യാൻ റിബേക്കയ്ക്ക് ഒട്ടും മടിയില്ലായിരുന്നു
യാത്രയിൽ, എല്യേസരിന്റെ കൂടെ അബ്രാഹാമിന്റെ മറ്റു ചില ദാസന്മാരുമുണ്ടായിരുന്നു. അതൊരു നീണ്ട യാത്രയായിരുന്നു. ഭക്ഷണസാധനങ്ങളും സമ്മാനങ്ങളും ചുമക്കുന്നതിനു പത്ത് ഒട്ടകങ്ങളെയും അവർ കൊണ്ടുപോയിരുന്നു. എന്നാൽ, യിസ്ഹാക്കിനു യോജിച്ച പെൺകുട്ടി ഏതാണെന്ന് എല്യേസർ എങ്ങനെ കണ്ടുപിടിക്കും? നമുക്കു നോക്കാം. യാത്രചെയ്ത് എല്യേസരും കൂട്ടരും ഹാരാനിൽ എത്തി. ഒരു കിണർ കണ്ടപ്പോൾ അവർ അവിടെ യാത്ര നിറുത്തി. സ്ത്രീകൾ വെള്ളം കോരാൻ വരുന്ന സമയമായിരുന്നു അത്. അവൻ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: ‘ഞാൻ വെള്ളം ചോദിക്കുമ്പോൾ, എനിക്കും എന്റെ ഒട്ടകങ്ങൾക്കും വെള്ളം തരുന്ന പെൺകുട്ടിയായിരിക്കട്ടെ അങ്ങ് യിസ്ഹാക്കിനുവേണ്ടി തിരഞ്ഞെടുത്തവൾ.’
അപ്പോൾ അതാ, റിബേക്ക എന്ന പെൺകുട്ടി കിണറിനടുത്തേക്കു വരുന്നു. അവൾ വളരെ സുന്ദരിയായിരുന്നു എന്നാണ് ബൈബിൾ പറയുന്നത്. എല്യേസർ അവളോടു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു: ‘അതിനെന്താ, തരാമല്ലോ! ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും വെള്ളം കോരിത്തരാം.’ ദാഹിച്ചുവലഞ്ഞ ഒട്ടകങ്ങൾ ധാരാളം വെള്ളം കുടിക്കും. അപ്പോൾ, അവയ്ക്കെല്ലാം ദാഹം തീർക്കാൻ വേണ്ട വെള്ളമെടുക്കാൻ റിബേക്ക എത്ര തവണ കിണറ്റിലേക്ക് ഓടിയിറങ്ങിക്കാണും, അല്ലേ? റിബേക്ക എത്ര കഠിനമായാണ് ജോലിചെയ്യുന്നതെന്ന് ഈ ചിത്രത്തിൽനിന്നു മനസ്സിലായോ?— യഹോവ തന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകിയത് എങ്ങനെയാണെന്നു കണ്ടപ്പോൾ എല്യേസർ അത്ഭുതപ്പെട്ടുപോയി!
എല്യേസർ റിബേക്കയ്ക്ക് ഭംഗിയുള്ള പല സാധനങ്ങളും സമ്മാനമായി കൊടുത്തു. അവൾ എല്യേസരിനെയും കൂട്ടരെയും അവളുടെ വീട്ടിലേക്കു ക്ഷണിച്ചു. അബ്രാഹാം തന്നെ ഇവിടേക്കു പറഞ്ഞയച്ചത് എന്തിനാണെന്ന് എല്യേസർ റിബേക്കയുടെ വീട്ടുകാരോടു പറഞ്ഞു. യഹോവ തന്റെ പ്രാർഥന കേട്ടത് എങ്ങനെയാണെന്നും അവൻ വിവരിച്ചു. റിബേക്കയെ യിസ്ഹാക്കിനു വിവാഹം കഴിച്ചുകൊടുക്കാൻ വീട്ടുകാർക്കെല്ലാം വളരെ സന്തോഷമായിരുന്നു.
റിബേക്ക എല്യേസരിന്റെ കൂടെ കനാനിലേക്കു പോയി യിസ്ഹാക്കിനെ വിവാഹം കഴിച്ചു
ആകട്ടെ, യിസ്ഹാക്കിനെ വിവാഹം കഴിക്കാൻ റിബേക്കയ്ക്ക് ഇഷ്ടമായിരുന്നോ?— എല്യേസരിനെ തന്റെ വീട്ടിലേക്ക് അയച്ചത് യഹോവയാണെന്ന കാര്യം റിബേക്ക തിരിച്ചറിഞ്ഞു. യിസ്ഹാക്കിനെ വിവാഹം കഴിക്കാനായി കനാൻ ദേശത്തേക്കു പോകാൻ സമ്മതമാണോ എന്നു വീട്ടുകാർ റിബേക്കയോടു ചോദിച്ചു. ‘എനിക്കു സമ്മതമാണ്’ എന്നായിരുന്നു അവളുടെ മറുപടി. അപ്പോൾത്തന്നെ അവൾ എല്യേസരിനോടൊപ്പം യാത്രയായി. ഒടുവിൽ അവർ കനാൻ ദേശത്ത് എത്തി. അവിടെവെച്ച് റിബേക്കയും യിസ്ഹാക്കും വിവാഹിതരായി.
റിബേക്ക യഹോവയുടെ ഇഷ്ടപ്രകാരം പ്രവർത്തിച്ചതുകൊണ്ട് യഹോവ അവളെ അനുഗ്രഹിച്ചു. റിബേക്കയുടെ കുടുംബത്തിലാണ് പിന്നീട് യേശു ജനിക്കുന്നത്! മോൻ റിബേക്കയെപ്പോലെ യഹോവയെ സന്തോഷിപ്പിക്കുകയാണെങ്കിൽ യഹോവ മോനും പല അനുഗ്രഹങ്ങളും നൽകും!