പാഠം 8
യോശീയാവിന് നല്ല കൂട്ടുകാരുണ്ടായിരുന്നു
ശരിയായ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് മോന് തോന്നാറുണ്ടോ?— മിക്ക ആളുകളും ചിന്തിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ്. യോശീയാവ് എന്ന കുട്ടിക്ക് അങ്ങനെ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നെന്ന് ബൈബിൾ പറയുന്നു. പക്ഷേ, അവനു ചില നല്ല കൂട്ടുകാരുണ്ടായിരുന്നു; അവർ അവനെ സഹായിച്ചു. നമുക്ക് യോശീയാവിനെയും അവന്റെ കൂട്ടുകാരെയും കുറിച്ച് ചില കാര്യങ്ങൾ പഠിക്കാം.
യോശീയാവിന്റെ അച്ഛന്റെ പേര് ആമോൻ എന്നായിരുന്നു. യെഹൂദയിലെ രാജാവായിരുന്നു അയാൾ. ആമോൻ ഒരു മോശം രാജാവായിരുന്നു. അയാൾ വിഗ്രഹങ്ങളെ ആരാധിച്ചു. ആമോൻ മരിച്ചപ്പോൾ യോശീയാവ് യെഹൂദയിലെ രാജാവായി. അപ്പോൾ അവന് വെറും എട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ! അച്ഛനെപ്പോലെ യോശീയാവ് ഒരു മോശം രാജാവായിരുന്നോ?— അല്ല, അങ്ങനെയായിരുന്നില്ല!
വിഗ്രഹങ്ങളെ ആരാധിക്കരുതെന്ന് സെഫന്യാവ് ആളുകളോട് കർശനമായി പറഞ്ഞു
തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾത്തന്നെ യോശീയാവ് യഹോവയെ അനുസരിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട്, യഹോവയോട് സ്നേഹമുള്ള ആളുകളെ മാത്രമാണ് അവൻ കൂട്ടുകാരാക്കിയത്. അവർ യോശീയാവിനെ ശരിയായ കാര്യങ്ങൾ ചെയ്യാൻ സഹായിച്ചു. യോശീയാവിന്റെ ചില കൂട്ടുകാർ ആരൊക്കെയായിരുന്നെന്ന് അറിയാമോ?
സെഫന്യാവായിരുന്നു ഒരാൾ. അദ്ദേഹം ഒരു പ്രവാചകനായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചാൽ അവർക്ക് ആപത്തു വരുമെന്ന് അദ്ദേഹം യെഹൂദയിലെ ജനങ്ങളോടു പറഞ്ഞു. യോശീയാവ് സെഫന്യാവ് പറഞ്ഞത് അനുസരിച്ചു. അവൻ യഹോവയെ ആരാധിച്ചു, വിഗ്രഹങ്ങളെ ആരാധിച്ചില്ല.
യിരെമ്യാവായിരുന്നു യോശീയാവിന്റെ മറ്റൊരു കൂട്ടുകാരൻ. അവർ ഏതാണ്ട് ഒരേ പ്രായക്കാരും അടുത്തടുത്ത് താമസിച്ചിരുന്നവരും ആയിരുന്നു. അവർ ഉറ്റചങ്ങാതിമാരുമായിരുന്നു. അതുകൊണ്ട് യോശീയാവ് മരിച്ചപ്പോൾ യിരെമ്യാവ് ഒരു വിലാപഗീതം എഴുതി. യോശീയാവിനെ പിരിയേണ്ടിവന്നതിന്റെ സങ്കടംകൊണ്ടാണ് അവൻ അത് എഴുതിയത്. ശരിയായ കാര്യങ്ങൾ ചെയ്യാനും യഹോവയെ അനുസരിക്കാനും യിരെമ്യാവും യോശീയാവും അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചു.
ശരിയായ കാര്യങ്ങൾ ചെയ്യുന്നതിന് യോശീയാവും യിരെമ്യാവും അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചു
യോശീയാവിൽനിന്നു മോന് എന്തു പഠിക്കാം?— ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾപോലും യോശീയാവ് ശരിയായ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചു. യഹോവയെ സ്നേഹിക്കുന്ന ആളുകളുമായി വേണം കൂട്ടുകൂടാനെന്ന് അവന് അറിയാമായിരുന്നു. യഹോവയെ സ്നേഹിക്കുന്നവരെ കൂട്ടുകാരാക്കാൻ മോനും പ്രത്യേകം ശ്രദ്ധിക്കണം. ശരിയായ കാര്യങ്ങൾ ചെയ്യാൻ അങ്ങനെയുള്ള കൂട്ടുകാർ മോനെ സഹായിക്കും!