ഇടത്ത്: സ്വിറ്റ്സർലൻഡിൽ നിന്നും ജർമനിയിലെ നമ്മുടെ സഹോദരങ്ങൾക്ക് അയച്ചുകൊടുത്ത ദുരിതാശ്വാസ സാമഗ്രികൾ, 1946; വലത്ത്: സുനാമിയെത്തുടർന്ന് ജപ്പാനിലെ ഒരു രാജ്യഹാൾ പുതുക്കിപ്പണിയുന്നു, 2011
ഭാഗം 6
ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നു—നിർമാണപ്രവർത്തനങ്ങളും ദുരിതാശ്വാസവും
രാജ്യഹാളിലേക്കു കടന്നുചെല്ലുന്ന നിങ്ങൾക്ക് അവിടം തിരിച്ചറിയാൻ കഴിയുന്നില്ല. ഈ കെട്ടിടത്തെക്കുറിച്ച് നിങ്ങൾക്ക് എന്നും അഭിമാനം തോന്നിയിട്ടുണ്ട്. കുറച്ച് വർഷം മുമ്പ് അതിന്റെ പണി നടന്നപ്പോൾ അതിൽ പങ്കെടുത്തതിന്റെ മധുരസ്മരണകളും നിങ്ങളുടെ മനസ്സിൽ കാണും. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് അതിനെക്കാൾ അഭിമാനം തോന്നുന്നു. കാരണം നിങ്ങളുടെ രാജ്യഹാൾ ഇപ്പോൾ ഒരു താത്കാലിക ദുരിതാശ്വാസകേന്ദ്രമാണ്. ഇയ്യിടെയുണ്ടായ കൊടുങ്കാറ്റും പേമാരിയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും നിങ്ങളുടെ പ്രദേശത്ത് കനത്ത നാശം വിതച്ചപ്പോൾ പെട്ടെന്നുതന്നെ ബ്രാഞ്ച് കമ്മിറ്റി ദുരന്തബാധിതർക്കു ഭക്ഷണവും വസ്ത്രവും ശുദ്ധജലവും ആവശ്യമായ മറ്റു സഹായങ്ങളും എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. സംഭാവനയായി കിട്ടിയ ദുരിതാശ്വാസസാമഗ്രികൾ അവിടെ നന്നായി ക്രമീകരിച്ചുവെച്ചിട്ടുണ്ട്. സഹോദരന്മാരും സഹോദരിമാരും നിരനിരയായി വന്ന് അവർക്കാവശ്യമുള്ള സാധനങ്ങൾ എടുക്കുന്നു. മിക്കവരും അവരുടെ കണ്ണുകളിൽനിന്ന് ഉതിരുന്ന ആനന്ദാശ്രുക്കൾ തുടയ്ക്കുന്നുണ്ട്.
തന്റെ ജനത്തെ തിരിച്ചറിയിക്കുന്ന സവിശേഷമായ അടയാളം അവർക്കിടയിലുള്ള സ്നേഹമായിരിക്കുമെന്നു യേശു പറഞ്ഞു. (യോഹ. 13:34, 35) യഹോവയുടെ സാക്ഷികൾ നടത്തുന്ന നിർമാണപരിപാടികളും ദുരിതാശ്വാസപ്രവർത്തനങ്ങളും ക്രിസ്തീയസ്നേഹത്തിനു തെളിവേകുന്നത് എങ്ങനെയെന്നു നമ്മൾ ഈ ഭാഗത്ത് കാണും. നമ്മൾ യേശുവിന്റെ രാജ്യഭരണത്തിനു കീഴിലാണു ജീവിക്കുന്നത് എന്നുള്ളതിന്റെ ഈടുറ്റ തെളിവാണ് അത്തരം സ്നേഹം.