അധ്യായം 1
യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
ലോകമെമ്പാടും മതപരവും വാണിജ്യപരവും രാഷ്ട്രീയവും സാമൂഹികവും ആയ അനേകം സംഘടനകളുണ്ട്. അവയുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും തത്ത്വശാസ്ത്രങ്ങളും സവിശേഷതകളും ഭിന്നമാണ്. പക്ഷേ ഒരു സംഘടന, ഇവയിൽനിന്നെല്ലാം ശ്രദ്ധേയമാംവിധം വ്യത്യസ്തമാണ്. ദൈവത്തിന്റെ വചനം ആ സംഘടനയെ യഹോവയുടെ സാക്ഷികൾ എന്നു തിരിച്ചറിയിക്കുന്നു.
2 നിങ്ങൾ യഹോവയുടെ സംഘടനയുമായി ബന്ധത്തിൽ വന്നിരിക്കുന്നത് എത്ര സന്തോഷകരമാണ്! ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കിയ നിങ്ങൾ ഇപ്പോൾ അതു ചെയ്തുകൊണ്ടിരിക്കുന്നു. (സങ്കീ. 143:10; റോമ. 12:2) സ്നേഹമുള്ള ഒരു ലോകവ്യാപക സഹോദരസമൂഹത്തോടൊത്ത് സേവിക്കുന്ന ഒരു സജീവശുശ്രൂഷകനാണു നിങ്ങൾ. (2 കൊരി. 6:4; 1 പത്രോ. 2:17; 5:9) അങ്ങനെ ചെയ്യുന്നതു നിങ്ങൾക്കു വളരെയധികം സന്തോഷവും സമൃദ്ധമായ അനുഗ്രഹങ്ങളും തരുന്നു. അതു ദൈവവചനം വാഗ്ദാനം ചെയ്തിരിക്കുന്നതുമാണ്. (സുഭാ. 10:22; മർക്കോ. 10:30) ഇപ്പോൾ നിങ്ങൾ യഹോവയുടെ ഇഷ്ടം വിശ്വസ്തമായി നിറവേറ്റുന്നതുകൊണ്ട് ശാശ്വതവും ശോഭനവും ആയ ഒരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു.—1 തിമൊ. 6:18, 19; 1 യോഹ. 2:17.
3 നമ്മുടെ മഹാസ്രഷ്ടാവിന്റെ ഈ ലോകവ്യാപകസംഘടന അനുപമമാണ്. ഒരു ദിവ്യാധിപത്യഭരണവിധമാണു സംഘടനയുടേത്. ദിവ്യാധിപത്യഭരണം എന്നു പറഞ്ഞാൽ അതിന്റെ അർഥം യഹോവയാം ദൈവം തലവനെന്ന നിലയിൽ ഈ സംഘടനയെ ഭരിക്കുന്നു എന്നാണ്. നമുക്കു നമ്മുടെ ദൈവത്തിൽ പൂർണവിശ്വാസമുണ്ട്. യഹോവ നമ്മുടെ ന്യായാധിപനാണ്, നിയമനിർമാതാവാണ്, രാജാവാണ്. (യശ. 33:22) യഹോവ ക്രമത്തിന്റെ ദൈവമാണ്. അതുകൊണ്ട് തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന്, “ദൈവത്തിന്റെ സഹപ്രവർത്തകരാ”യി നമ്മൾ സേവിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ യഹോവ ചെയ്തിരിക്കുന്നു.—2 കൊരി. 6:1, 2.
4 ഈ വ്യവസ്ഥിതിയുടെ അന്ത്യം വളരെ അടുത്തിരിക്കെ, നമ്മൾ നിയമിതരാജാവായ ക്രിസ്തുയേശുവിന്റെ നേതൃത്വത്തിൻകീഴിൽ മുമ്പോട്ടു നീങ്ങുന്നു. (യശ. 55:4; വെളി. 6:2; 11:15) ഭൂമിയിലെ ശുശ്രൂഷക്കാലത്ത് താൻ ചെയ്തതിലും വിപുലമായി പിന്നീട് തന്റെ അനുഗാമികൾ പ്രവർത്തിക്കുമെന്നു യേശുതന്നെയാണു മുൻകൂട്ടിപ്പറഞ്ഞത്. (യോഹ. 14:12) അതായത്, യേശുവിന്റെ അനുഗാമികൾ യേശു പ്രവർത്തിച്ചതിലും കൂടുതൽ കാലം പ്രവർത്തിക്കും; പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്ന ശിഷ്യന്മാരുടെ എണ്ണം വർധിക്കുമെന്ന കാരണത്താൽ കൂടുതൽ പ്രദേശങ്ങളിൽ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത എത്തിച്ചേരും. അങ്ങനെ ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും അവർ സന്തോഷവാർത്ത ഘോഷിക്കും.—മത്താ. 24:14; 28:19, 20; പ്രവൃ. 1:8.
5 ഇത് ഒരു യാഥാർഥ്യമാണെന്ന് ഇപ്പോൾത്തന്നെ തെളിഞ്ഞിരിക്കുന്നു. എങ്കിലും യേശു പറഞ്ഞതുപോലെ, സന്തോഷവാർത്ത ഘോഷിക്കുക എന്ന ഈ പ്രവർത്തനം യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്ത് അവസാനിക്കും. ദൈവത്തിന്റെ പ്രാവചനികവചനത്തിലെ എല്ലാ സൂചനകളും കാണിക്കുന്നത് യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസം അടുത്തെത്തിയിരിക്കുന്നു എന്നാണ്!—യോവേ. 2:31; സെഫ. 1:14-18; 2:2, 3; 1 പത്രോ. 4:7.
യഹോവ ആവശ്യപ്പെടുന്നതു ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾ നമ്മൾ തീവ്രമാക്കേണ്ടതുണ്ട്. അതിനായി യഹോവയുടെ സംഘടന എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു നന്നായി മനസ്സിലാക്കുക
6 യഹോവയുടെ ഇഷ്ടം എന്താണെന്നു നമ്മൾ മനസ്സിലാക്കിയിരിക്കുകയാണ്. യഹോവ ആവശ്യപ്പെടുന്നതു ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾ ഈ അവസാനമണിക്കൂറിൽ തീവ്രമാക്കേണ്ടതുണ്ട്. അതിനായി, യഹോവയുടെ സംഘടന എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു നന്നായി മനസ്സിലാക്കുക. സംഘടനയോടു പൂർണമായി സഹകരിക്കുക. ഈ സംഘടന പ്രവർത്തിക്കുന്നതു ദൈവപ്രചോദിതമായി എഴുതിയ വചനത്തിൽ പ്രസ്താവിച്ചിരിക്കുന്ന കല്പനകൾ, നിയമങ്ങൾ, ആജ്ഞകൾ, ചട്ടങ്ങൾ, പഠിപ്പിക്കലുകൾ എന്നിവ ഉൾപ്പെടെയുള്ള തിരുവെഴുത്തുതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്.—സങ്കീ. 19:7-9.
7 ബൈബിളിനെ അടിസ്ഥാനപ്പെടുത്തി സംഘടന നൽകുന്ന നിർദേശങ്ങളോടു പറ്റിനിൽക്കുന്നതുകൊണ്ടാണ് യഹോവയുടെ ജനം സമാധാനത്തോടെയും ഒരുമയോടെയും ഒന്നിച്ച് ജീവിക്കുന്നതും പ്രവർത്തിക്കുന്നതും. (സങ്കീ. 133:1; യശ. 60:17; റോമ. 14:19) എവിടെയുമുള്ള നമ്മുടെ സഹോദരങ്ങളെ ശക്തിപ്പെടുത്തി ചേർത്തുനിറുത്തുന്നത് എന്താണ്? സ്നേഹം! നമ്മളെ പ്രചോദിപ്പിക്കുന്നതു സ്നേഹമാണ്, നമ്മൾ വസ്ത്രംപോലെ ധരിക്കുന്നതും സ്നേഹമാണ്! (യോഹ. 13:34, 35; കൊലോ. 3:14) യഹോവ തന്റെ ജനത്തിന് ഇങ്ങനെ ഒരുമ നൽകി കടാക്ഷിച്ചിരിക്കുന്നതുകൊണ്ട് യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗവുമായി ഒപ്പത്തിനൊപ്പം മുന്നേറാൻ നമുക്കു കഴിയുന്നു.
യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗം
8 യശയ്യ, യഹസ്കേൽ, ദാനിയേൽ എന്നീ പ്രവാചകന്മാർ യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തിന്റെ ദർശനങ്ങൾ കാണുകയുണ്ടായി. (യശ. അധ്യാ. 6; യഹ. അധ്യാ. 1; ദാനി. 7:9, 10) യോഹന്നാൻ അപ്പോസ്തലനും ഈ സ്വർഗീയഭാഗത്തിന്റെ ഒരു ദർശനം ലഭിച്ചു. വെളിപാട് പുസ്തകത്തിൽ അതിന്റെ ഒരു ലഘുവിവരണം കാണാം. യഹോവ ഒരു മഹത്ത്വമേറിയ സിംഹാസനത്തിൽ ഇരിക്കുന്നതു യോഹന്നാൻ കണ്ടു. യഹോവയുടെ ചുറ്റിലും നിൽക്കുന്ന ദൂതന്മാർ, “ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും ആയ സർവശക്തനാം ദൈവമായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന് ഉദ്ഘോഷിക്കുന്നതു കേൾക്കുകയും ചെയ്തു. (വെളി. 4:8) “സിംഹാസനത്തിനു സമീപം . . . ഒരു കുഞ്ഞാടു . . . നിൽക്കുന്ന”തും കണ്ടു. ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവായിരുന്നു അത്.—വെളി. 5:6, 13, 14; യോഹ. 1:29.
9 ഈ ദർശനത്തിൽ യഹോവ സിംഹാസനത്തിൽ ഇരിക്കുന്നതായാണു കാണുന്നത്. അതിന്റെ അർഥം യഹോവയാണ് ഈ സംഘടനയുടെ തലവൻ എന്നാണ്. യഹോവയെക്കുറിച്ചും യഹോവയുടെ ഉയർന്ന പദവിയെക്കുറിച്ചും 1 ദിനവൃത്താന്തം 29:11, 12 ഇങ്ങനെ പറയുന്നു: “യഹോവേ, മഹത്ത്വവും ശക്തിയും മഹിമയും തേജസ്സും പ്രതാപവും അങ്ങയ്ക്കുള്ളതാണ്; ആകാശത്തിലും ഭൂമിയിലും ഉള്ള സകലവും അങ്ങയുടേതല്ലോ. യഹോവേ, രാജ്യം അങ്ങയുടേതാണ്. സകലത്തിന്നും മീതെ തലയായി അങ്ങ് അങ്ങയെത്തന്നെ ഉയർത്തിയിരിക്കുന്നു. സമ്പത്തും കീർത്തിയും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സകലത്തെയും ഭരിക്കുന്നു. ബലവും ശക്തിയും അങ്ങയുടെ കൈകളിലുണ്ട്. സകലത്തിനും മഹത്ത്വവും ബലവും നൽകുന്നത് അങ്ങയുടെ കൈകളാണ്.”
10 യഹോവയുടെ സഹപ്രവർത്തകനായ യേശുക്രിസ്തുവിനു സ്വർഗത്തിൽ ഉന്നതമായ പദവിയാണുള്ളത്; വലിയ അധികാരവും നൽകപ്പെട്ടിരിക്കുന്നു. യഥാർഥത്തിൽ ദൈവം “എല്ലാം ക്രിസ്തുവിന്റെ കാൽക്കീഴാക്കുകയും ക്രിസ്തുവിനെ സഭയുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും തലയാക്കുകയും ചെയ്തു.” (എഫെ. 1:22) പൗലോസ് അപ്പോസ്തലൻ യേശുവിനെക്കുറിച്ച് ഇങ്ങനെയും പറയുന്നു: “ദൈവം ക്രിസ്തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര് കനിഞ്ഞുനൽകി. സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും ഉള്ള എല്ലാവരും യേശുവിന്റെ പേരിനു മുന്നിൽ മുട്ടുകുത്താനും എല്ലാ നാവും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി പരസ്യമായി സമ്മതിച്ചുപറയാനും വേണ്ടിയാണു ദൈവം ഇതു ചെയ്തത്.” (ഫിലി. 2:9-11) യേശുക്രിസ്തുവിന്റെ നേതൃത്വം നീതിനിഷ്ഠമാണ്. അതുകൊണ്ട് ആ നേതൃത്വത്തിനു നമുക്കു പൂർണമനസ്സോടെ കീഴ്പെടാം.
11 പുരാതനകാലംമുതലേ ഉള്ളവൻ സ്വർഗീയസിംഹാസനത്തിൽ ഇരിക്കുന്ന ഒരു ദർശനം ദാനിയേൽ പ്രവാചകൻ കണ്ടു. “അദ്ദേഹത്തിനു ശുശ്രൂഷ ചെയ്യുന്നവരുടെ എണ്ണം ആയിരത്തിന്റെ ആയിരം മടങ്ങും അദ്ദേഹത്തിന്റെ സന്നിധിയിൽ നിന്നിരുന്നവർ പതിനായിരത്തിന്റെ പതിനായിരം മടങ്ങും ആയിരുന്നു.” (ദാനി. 7:10) ദൂതന്മാരുടെ ഈ സൈന്യത്തെ ബൈബിൾ, ‘വിശുദ്ധസേവനം ചെയ്യുന്ന ആത്മവ്യക്തികൾ’ എന്നും ‘രക്ഷ അവകാശമാക്കാനുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം അയയ്ക്കുന്നവർ’ എന്നും വിളിക്കുന്നു. (എബ്രാ. 1:14) ഈ ആത്മവ്യക്തികളെല്ലാം, ‘സിംഹാസനങ്ങളും ആധിപത്യങ്ങളും ഗവൺമെന്റുകളും അധികാരങ്ങളും’ ആയി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.—കൊലോ. 1:16.
12 യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തിന്റെ ഈ സവിശേഷതകളെക്കുറിച്ച് സമയമെടുത്ത് ചിന്തിക്കുന്നെങ്കിൽ സമാനമായ ഒരു ദിവ്യദർശനമുണ്ടായപ്പോഴുള്ള യശയ്യയുടെ പ്രതികരണം നമുക്കു മനസ്സിലാക്കാൻ കഴിയും. യശയ്യ ദർശനത്തിൽ, “യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാസനത്തിൽ ഇരിക്കുന്നതു” കണ്ടു. കൂടാതെ, “സാറാഫുകൾ ദൈവത്തിനു മീതെ” നിൽക്കുന്നതും കണ്ടു. യശയ്യയുടെ പ്രതികരണം നോക്കുക: “അയ്യോ, എന്റെ കാര്യം കഷ്ടം! ഞാൻ മരിക്കുമെന്ന് ഉറപ്പാണ്, ഞാൻ അശുദ്ധമായ ചുണ്ടുകളുള്ള മനുഷ്യനാണല്ലോ, അശുദ്ധമായ ചുണ്ടുകളുള്ള ജനത്തോടുകൂടെ താമസിക്കുന്നു. എന്റെ കണ്ണു രാജാവിനെ, സൈന്യങ്ങളുടെ അധിപനായ യഹോവയെ, കണ്ടുപോയല്ലോ!” വാസ്തവത്തിൽ യഹോവയുടെ സംഘടനയുടെ വ്യാപ്തി മനസ്സിലാക്കിയപ്പോൾ യശയ്യ അത്ഭുതസ്തബ്ധനായി, കൂടുതൽ വിനയമുള്ളവനും ആയി. യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിക്കുന്ന ഒരു പ്രത്യേകനിയമനത്തിനുള്ള ആഹ്വാനം സ്വർഗത്തിൽനിന്നുണ്ടായപ്പോൾ “ഇതാ ഞാൻ, എന്നെ അയച്ചാലും” എന്നു പറയാൻ ഈ ദർശനം യശയ്യയെ അത്രയേറെ സ്പർശിച്ചു.—യശ. 6:1-5, 8.
13 യഹോവയുടെ സംഘടനയെ തിരിച്ചറിയുന്നതും അതിനോടു വിലമതിപ്പും സ്നേഹവും തോന്നുന്നതും, യശയ്യയെപ്പോലെ പ്രതികരിക്കാൻ ഇന്ന് യഹോവയുടെ ജനത്തെയും പ്രചോദിപ്പിക്കുന്നുണ്ട്. സംഘടന മുമ്പോട്ട് നീങ്ങവെ, അതിനൊപ്പം ചുവടുകൾ വെക്കാൻ നമ്മളും ശ്രമിക്കുന്നു. അങ്ങനെ യഹോവയുടെ സംഘടനയിലുള്ള വിശ്വാസം തെളിയിക്കാൻ നമുക്കു തീവ്രമായി ശ്രമിക്കാം.
യഹോവയുടെ സംഘടന മുന്നേറുന്നു
14 യഹസ്കേൽപ്രവചനത്തിന്റെ ഒന്നാം അധ്യായത്തിൽ യഹോവയെ ഒരു ബൃഹത്തായ സ്വർഗീയരഥത്തിന്റെ തേരാളിയായി ചിത്രീകരിച്ചിരിക്കുന്നു. ഉജ്ജ്വലശോഭയാർന്ന ഈ രഥം യഹോവയുടെ സംഘടനയുടെ അദൃശ്യഭാഗത്തെയാണു പ്രതീകപ്പെടുത്തുന്നത്. ഈ സംഘടനയെ സ്നേഹപൂർവം നയിക്കുകയും തന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന അർഥത്തിലാണ് യഹോവയെ രഥം ഓടിക്കുന്ന ആളായി വർണിച്ചിരിക്കുന്നത്.—സങ്കീ. 103:20.
15 ഈ രഥത്തിന്റെ ഓരോ ചക്രത്തിനും ഉള്ളിൽ വേറൊരു ചക്രമുണ്ട്. പുറമേയുള്ള ചക്രത്തിനു കുറുകെ കൃത്യമായി പിടിപ്പിച്ചിരിക്കുന്ന, അതേ വ്യാസമുള്ള മറ്റൊരു ചക്രമാണ് ഉള്ളിലെ ചക്രം. ഈ വിധത്തിലായതുകൊണ്ടാണു ചക്രങ്ങൾക്കു ‘നാലു ദിശയിൽ ഏതിലേക്കു വേണമെങ്കിലും പോകാൻ’ കഴിയുന്നത്. (യഹ. 1:17) ഒരു ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ചക്രങ്ങൾക്കു ക്ഷണത്തിൽ ദിശ മാറാനാകും. എന്നു കരുതി ഈ രഥത്തിനു ബുദ്ധിശക്തിയുള്ള ഒരാളുടെ മേൽനോട്ടമോ നിയന്ത്രണമോ വേണ്ടെന്ന് അർഥമില്ല. തിരിയാൻ ചായ്വ് കാണിച്ചേക്കാവുന്ന ഏതു ദിശയിലേക്കും പോകാൻ യഹോവ തന്റെ സംഘടനയെ അനുവദിക്കുന്നില്ല. യഹസ്കേൽ 1:20 പറയുന്നു: “ദൈവാത്മാവ് പ്രേരിപ്പിക്കുന്നിടത്തേക്കെല്ലാം അവ പോകും.” അതെ, തന്റെ ആത്മാവിലൂടെ യഹോവയാണു പോകേണ്ടിടത്തേക്കൊക്കെ സംഘടനയെ നയിക്കുന്നത്. നമ്മൾ സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്: ‘ഞാൻ അതിനൊപ്പം മുന്നേറുന്നുണ്ടോ?’
16 യഹോവയുടെ സംഘടനയോടൊപ്പം ചുവടുവെക്കുന്നതിനു കേവലം യോഗങ്ങളിൽ കൂടിവരുന്നതും വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതും മാത്രം മതിയാകുന്നില്ല. ഒന്നാമതായി നമ്മൾ യഹോവയുടെ സേവനത്തിൽ പുരോഗതി വരുത്തുകയും ആത്മീയമായി വളരുകയും വേണം. അതിനുവേണ്ടി, “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്ത”ണം. ആത്മീയപോഷിപ്പിക്കൽ പരിപാടിയിലൂടെ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ അപ്പപ്പോൾ മനസ്സിലാക്കുകയും വേണം. (ഫിലി. 1:10; 4:8, 9; യോഹ. 17:3) ഒരു സംഘടനയാണെങ്കിൽ അതിനു നല്ല സംഘാടനം വേണം. അതിലെ ആളുകൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുകയും വേണം. അതുകൊണ്ട് യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുന്നതിനു രണ്ടാമതായി നമ്മൾ ചെയ്യേണ്ടത് ഇതാണ്: യഹോവ നമുക്കു ശാരീരികവും മാനസികവും ആത്മീയവും ആയ കഴിവുകളും ഭൗതികമായ വസ്തുവകകളും നൽകിയിട്ടുണ്ട്. അവ ഏറ്റവും നന്നായി വിനിയോഗിക്കുക. അതായത് യഹോവയുടെ വേല പൂർത്തിയാക്കാൻ അവയെല്ലാം ഉപയോഗിക്കുക. യഹോവയുടെ സ്വർഗീയരഥത്തോടൊത്ത് നീങ്ങവെ, നമ്മൾ ഘോഷിക്കുന്ന സന്ദേശത്തിനു ചേർച്ചയിലുള്ളതായിരിക്കട്ടെ നമ്മുടെ ജീവിതം!
17 യഹോവയുടെ സംഘടനയുടെ സഹായത്താൽ നമ്മൾ ദൈവേഷ്ടം ചെയ്തുകൊണ്ട് മുന്നേറുന്നു. ഈ സ്വർഗീയരഥം ഓടിക്കുന്നത് യഹോവയാണെന്ന കാര്യം പ്രത്യേകം ഓർമിക്കണം. അതുകൊണ്ട് ഈ രഥത്തോടൊപ്പം സഞ്ചരിക്കുമ്പോൾ നമ്മൾ യഹോവയോട് ആദരവുണ്ടെന്നു കാണിക്കുകയാണ്, നമ്മുടെ “പാറ”യായ ദൈവത്തിൽ ആശ്രയിക്കുന്നെന്നു കാണിക്കുകയാണ്. (സങ്കീ. 18:31) ബൈബിൾ നൽകുന്ന ഉറപ്പ് എന്താണെന്നു ശ്രദ്ധിക്കുക: “യഹോവ തന്റെ ജനത്തിനു ശക്തി പകരും. സമാധാനം നൽകി യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കും.” (സങ്കീ. 29:11) യഹോവയുടെ സംഘടനയുടെ ഭാഗമായതുകൊണ്ടാണു തന്റെ സംഘടിതജനത്തിന് യഹോവ നൽകുന്ന ശക്തി നമുക്ക് ഓരോരുത്തർക്കും കിട്ടുന്നത്, തന്റെ ജനത്തിന് നൽകുന്ന സമാധാനം നമുക്ക് ആസ്വദിക്കാൻ കഴിയുന്നത്. ഇന്നും എന്നും നമ്മൾ ദൈവേഷ്ടം ചെയ്യുമ്പോൾ യഹോവയിൽനിന്നുള്ള മഹത്തായ അനുഗ്രഹങ്ങൾ നമ്മൾ ആസ്വദിക്കുമെന്നതിനു യാതൊരു സംശയവുമില്ല.