അധ്യായം 8
സന്തോഷവാർത്തയുടെ ശുശ്രൂഷകർ
യഹോവ തന്റെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കു പൂർണതയുള്ള ഒരു മാതൃകയായി നൽകിയിരിക്കുന്നു. (1 പത്രോ. 2:21) യേശുവിന്റെ അനുഗാമിയായിത്തീരുന്ന ഒരാൾ, ദൈവത്തിന്റെ ശുശ്രൂഷകനെന്ന നിലയിൽ സന്തോഷവാർത്ത ഘോഷിക്കുന്നു. അത് ആത്മീയനവോന്മേഷം പകരുന്നതാണെന്നു സൂചിപ്പിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന് വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം. എന്റെ നുകം വഹിച്ച് എന്നിൽനിന്ന് പഠിക്കൂ. ഞാൻ സൗമ്യനും താഴ്മയുള്ളവനും ആയതുകൊണ്ട് നിങ്ങൾക്ക് ഉന്മേഷം കിട്ടും.” (മത്താ. 11:28, 29) യേശുവിന്റെ ക്ഷണം സ്വീകരിക്കുന്ന ഏതൊരാളെയും സംബന്ധിച്ച് ഈ വാക്കുകൾ സത്യമായിരിക്കും!
2 ദൈവത്തിന്റെ മുഖ്യശുശ്രൂഷകനായ യേശു തന്റെ അനുഗാമികളാകാൻ ചിലരെ ക്ഷണിക്കുകയുണ്ടായി. (മത്താ. 9:9; യോഹ. 1:43) യേശു അവരെ ശുശ്രൂഷയ്ക്കുവേണ്ടി പരിശീലിപ്പിച്ചു. താൻ ചെയ്തുകൊണ്ടിരുന്ന അതേ പ്രവർത്തനം നടത്താനായി അവരെ അയയ്ക്കുകയും ചെയ്തു. (മത്താ. 10:1–11:1; 20:28; ലൂക്കോ. 4:43) ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കുന്നതിനായി പിന്നീടു വേറെ 70 പേരെ അയച്ചു. (ലൂക്കോ. 10:1, 8-11) യേശു ഈ ശിഷ്യന്മാരെ അയച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വാക്കു ശ്രദ്ധിക്കുന്നവൻ എന്റെ വാക്കു ശ്രദ്ധിക്കുന്നു. നിങ്ങളെ തള്ളിക്കളയുന്നവൻ എന്നെ തള്ളിക്കളയുന്നു. എന്നെ തള്ളിക്കളയുന്നവൻ എന്നെ അയച്ച വ്യക്തിയെയും തള്ളിക്കളയുന്നു.” (ലൂക്കോ. 10:16) അങ്ങനെ ശിഷ്യന്മാരെ ഭരമേൽപ്പിച്ച ഉത്തരവാദിത്വത്തിന്റെ ഗൗരവം യേശു ഊന്നിപ്പറഞ്ഞു. അവർ യേശുവിന്റെയും അത്യുന്നതനായ ദൈവത്തിന്റെയും പ്രതിനിധികളാകുമായിരുന്നു! “വന്ന് എന്റെ അനുഗാമിയാകുക” എന്ന യേശുവിന്റെ ക്ഷണം ഇന്നു സ്വീകരിക്കുന്ന ഏവരുടെയും കാര്യത്തിൽ ഇതു സത്യമാണ്. (ലൂക്കോ. 18:22; 2 കൊരി. 2:17) ആ ക്ഷണം സ്വീകരിക്കുന്ന ഓരോരുത്തർക്കും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കാനും യേശുവിന്റെ ശിഷ്യരായിത്തീരാൻ ആളുകളെ സഹായിക്കാനും ഉള്ള നിയമനം ദൈവത്തിൽനിന്ന് ലഭിച്ചിരിക്കുന്നു.—മത്താ. 24:14; 28:19, 20.
3 തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണം സ്വീകരിച്ചിരിക്കുന്ന നമ്മൾ ദൈവമായ യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള ‘അറിവിനാൽ’ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. (യോഹ. 17:3) യഹോവയുടെ വഴികളെക്കുറിച്ച് നമ്മളെ പഠിപ്പിച്ചിരിക്കുന്നു. മനസ്സു പുതുക്കാനും പുതിയ വ്യക്തിത്വം ധരിക്കാനും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതം കരുപ്പിടിപ്പിക്കാനും യഹോവയുടെ സഹായത്താൽ നമുക്കു കഴിഞ്ഞിരിക്കുന്നു. (റോമ. 12:1, 2; എഫെ. 4:22-24; കൊലോ. 3:9, 10) വിലമതിപ്പും നന്ദിയും കൊണ്ട് ഹൃദയം നിറഞ്ഞപ്പോൾ ജീവിതം യഹോവയ്ക്കു സമർപ്പിക്കാനും ആ സമർപ്പണം ജലസ്നാനത്താൽ പ്രതീകപ്പെടുത്താനും നമ്മൾ പ്രേരിതരായി. സ്നാനമേൽക്കുന്നതോടെ നമ്മൾ ഔദ്യോഗികമായി ശുശ്രൂഷകരായി നിയമിക്കപ്പെടുന്നു.
4 കുറ്റം ചെയ്യാത്ത കൈകളോടും ശുദ്ധഹൃദയത്തോടും കൂടെ മാത്രമേ ദൈവത്തെ സേവിക്കാവൂ എന്ന കാര്യം എല്ലായ്പോഴും ഓർക്കുക. (സങ്കീ. 24:3, 4; യശ. 52:11; 2 കൊരി. 6:14–7:1) യേശുവിലുള്ള വിശ്വാസത്തിലൂടെ നമുക്ക് ഒരു ശുദ്ധമായ മനസ്സാക്ഷി ലഭിച്ചിരിക്കുന്നു. (എബ്രാ. 10:19-23, 35, 36; വെളി. 7:9, 10, 14) മറ്റുള്ളവർ ഇടറിവീഴാൻ കാരണമുണ്ടാക്കാതെ എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്യാൻ പൗലോസ് അപ്പോസ്തലൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരെ സത്യത്തിലേക്കു നയിക്കുന്നതിൽ മാതൃകായോഗ്യമായ പെരുമാറ്റത്തിന് എത്രമാത്രം മൂല്യമുണ്ടെന്നു പത്രോസ് അപ്പോസ്തലൻ വ്യക്തമാക്കി. (1 കൊരി. 10:31, 33; 1 പത്രോ. 3:1) സന്തോഷവാർത്തയുടെ ശുശ്രൂഷകനായിത്തീരാൻ ഒരാളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
പുതിയ പ്രചാരകർ
5 താത്പര്യമുള്ള ഒരാൾക്കു ബൈബിൾപഠനം ആരംഭിക്കുമ്പോൾത്തന്നെ പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. ബന്ധുക്കളോടും സുഹൃത്തുക്കളോടും സഹജോലിക്കാരോടും മറ്റും അനൗപചാരികമായി സാക്ഷീകരിക്കാവുന്നതാണ്. സന്തോഷവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ യേശുവിന്റെ അനുഗാമികളാകാൻ പുതിയവരെ പഠിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു സുപ്രധാനപടിയാണ് ഇത്. (മത്താ. 9:9; ലൂക്കോ. 6:40) പുതിയ ഒരാൾ ആത്മീയമായി പുരോഗമിക്കുകയും അനൗപചാരികസാക്ഷീകരണത്തിൽ വൈദഗ്ധ്യം നേടുകയും ചെയ്യുമ്പോൾ വയൽശുശ്രൂഷയിൽ ഏർപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിക്കും.
വ്യവസ്ഥകളിൽ എത്തിച്ചേരൽ
6 വീടുതോറുമുള്ള ശുശ്രൂഷയ്ക്ക് ആദ്യമായി നമ്മുടെ ബൈബിൾവിദ്യാർഥിയെ ക്ഷണിക്കുന്നതിനു മുമ്പ് അദ്ദേഹം ചില യോഗ്യതകളിൽ എത്തിച്ചേർന്നെന്നു നിങ്ങൾ ഉറപ്പാക്കണം. ഒരാൾ വയൽശുശ്രൂഷയിൽ നമ്മോടൊപ്പം ചേരുമ്പോൾ അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു പരസ്യമായി തിരിച്ചറിയിക്കുകയാണ്. അതുകൊണ്ട്, സ്നാനമേൽക്കാത്ത പ്രചാരകനായിത്തീരണമെങ്കിൽ അതിനു മുമ്പുതന്നെ അദ്ദേഹം തന്റെ ജീവിതം യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരേണ്ടതുണ്ട്.
7 നമ്മൾ ഒരാളെ ബൈബിൾ പഠിപ്പിക്കുകയും അദ്ദേഹവുമായി ബൈബിൾതത്ത്വങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ ഏറെക്കുറെ നമുക്കു മനസ്സിലാകും. അദ്ദേഹം, പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതായും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. എന്നാൽ നിങ്ങളോടും അദ്ദേഹത്തോടും ഒപ്പം ഇരുന്ന് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ചില വശങ്ങളെക്കുറിച്ച് മൂപ്പന്മാർ ചർച്ച ചെയ്യുന്നതാണ്.
8 ചർച്ചയ്ക്കായി മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ രണ്ടു മൂപ്പന്മാരെ (അതിൽ ഒരാൾ സേവനക്കമ്മിറ്റിയിലെ അംഗമായിരിക്കും) ക്രമീകരിക്കും. മൂപ്പന്മാർ തീരെ കുറവുള്ള സഭകളിൽ ഒരു മൂപ്പനെയും ഒരു ശുശ്രൂഷാദാസനെയും നിയമിക്കാവുന്നതാണ്. നിയമനം ലഭിക്കുന്നവർ ഈ ചർച്ച നടത്താൻ കാലതാമസം വരുത്തരുത്. അതായത് വിദ്യാർഥിയുടെ ആഗ്രഹത്തെക്കുറിച്ച് ഒരു യോഗസമയത്ത് അറിഞ്ഞാൽ ഒരുപക്ഷേ, ആ യോഗത്തിനു ശേഷംതന്നെ നിങ്ങളെയും വിദ്യാർഥിയെയും ഒരുമിച്ച് ഇരുത്തി അവർ ചർച്ച നടത്തിയേക്കാം. ശാന്തമായ ഒരു സൗഹൃദാന്തരീക്ഷത്തിലായിരിക്കണം ചർച്ച നടത്തേണ്ടത്. പിൻവരുന്ന കാര്യങ്ങൾ വിദ്യാർഥിയുടെ കാര്യത്തിൽ സത്യമാണെങ്കിൽ അദ്ദേഹത്തെ സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകനായി അംഗീകരിക്കാം:
(1) ബൈബിൾ ദൈവപ്രചോദിതമായി എഴുതിയതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.—2 തിമൊ. 3:16.
(2) അടിസ്ഥാന ബൈബിളുപദേശങ്ങൾ അദ്ദേഹത്തിന് അറിയാം, അദ്ദേഹം അതു വിശ്വസിക്കുന്നു. ചോദ്യങ്ങൾക്കു വ്യാജമതപഠിപ്പിക്കലുകളുടെയോ സ്വന്തം ആശയങ്ങളുടെയോ അടിസ്ഥാനത്തിലല്ല, പകരം ബൈബിളിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഉത്തരം നൽകുന്നു.—മത്താ. 7:21-23; 2 തിമൊ. 2:15.
(3) സാധ്യമാകുന്ന എല്ലാ സാഹചര്യങ്ങളിലും, യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ട് യഹോവയുടെ ജനത്തോടൊപ്പമായിരിക്കാനുള്ള ബൈബിളിന്റെ കല്പന അദ്ദേഹം അനുസരിക്കുന്നു.—സങ്കീ. 122:1; എബ്രാ. 10:24, 25.
(4) വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികബന്ധം, വ്യഭിചാരം, ബഹുഭാര്യാത്വം, സ്വവർഗരതി ഇവയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയാം. അതിനു ചേർച്ചയിൽ അദ്ദേഹം ജീവിക്കുകയും ചെയ്യുന്നു. അദ്ദേഹം വിപരീതലിംഗത്തിൽപ്പെട്ട അടുത്ത കുടുംബാംഗമല്ലാത്ത ഒരാളോടൊപ്പം താമസിക്കുന്നെങ്കിൽ അവർ നിയമപരമായി വിവാഹിതരായിരിക്കണം.—മത്താ. 19:9; 1 കൊരി. 6:9, 10; 1 തിമൊ. 3:2, 12; എബ്രാ. 13:4.
(5) മദ്യപാനത്തെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ അദ്ദേഹം അനുസരിക്കുന്നു. മാനസികാവസ്ഥയെ മാറ്റിമറിക്കുകയോ ആസക്തി ഉണ്ടാക്കുകയോ ചെയ്യുന്ന പ്രകൃതിദത്തമോ കൃത്രിമമോ ആയ വസ്തുക്കൾ ചികിത്സയുടെ ഭാഗമായിട്ടല്ലാതെ അദ്ദേഹം ഉപയോഗിക്കുകയില്ല.—2 കൊരി. 7:1; എഫെ. 5:18; 1 പത്രോ. 4:3, 4.
(6) മോശമായ സഹവാസവും കൂട്ടുകെട്ടുകളും ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയാം.—1 കൊരി. 15:33.
(7) മുമ്പ് ഉൾപ്പെട്ടിരുന്ന എല്ലാ വ്യാജമതസംഘടനകളിൽനിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. അവരുടെ യോഗങ്ങളിൽ സംബന്ധിക്കുകയോ അവരുടെ പ്രവർത്തനങ്ങളെ ഏതെങ്കിലും തരത്തിൽ പിന്തുണയ്ക്കുകയോ ഉന്നമിപ്പിക്കുകയോ ചെയ്യുന്നില്ല.—2 കൊരി. 6:14-18; വെളി. 18:4.
(8) ലോകത്തിന്റെ യാതൊരു രാഷ്ട്രീയകാര്യങ്ങളിലും അദ്ദേഹം ഉൾപ്പെടുന്നില്ല.—യോഹ. 6:15; 15:19; യാക്കോ. 1:27.
(9) രാഷ്ട്രത്തിന്റെ കാര്യാദികൾ സംബന്ധിച്ച് യശയ്യ 2:4 പറയുന്ന കാര്യങ്ങൾ അദ്ദേഹം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.
(10) യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കാൻ അദ്ദേഹം ആത്മാർഥമായി ആഗ്രഹിക്കുന്നു.—സങ്കീ. 110:3.
9 ഈ കാര്യങ്ങളിൽ ഏതെങ്കിലും സംബന്ധിച്ച് വിദ്യാർഥിയുടെ വീക്ഷണം മൂപ്പന്മാർക്കു വ്യക്തമല്ലെങ്കിൽ ഒരുപക്ഷേ മേൽപ്പറഞ്ഞ തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് അദ്ദേഹത്തോടു സംസാരിക്കാവുന്നതാണ്. യഹോവയുടെ സാക്ഷികളോടൊപ്പം പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടണമെങ്കിൽ ഈ തിരുവെഴുത്തുവ്യവസ്ഥകൾ താൻ പാലിച്ചേ മതിയാകൂ എന്ന് അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്. തന്നിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയാമോ, വയൽശുശ്രൂഷയിൽ ഏർപ്പെടുന്നതിന് അദ്ദേഹം ന്യായമായ അളവിൽ യോഗ്യത നേടിയിട്ടുണ്ടോ എന്നൊക്കെ അദ്ദേഹം പറയുന്നതു ശ്രദ്ധിച്ചുകേൾക്കുന്നതിലൂടെ മൂപ്പന്മാർക്കു മനസ്സിലാക്കാം.
10 വിദ്യാർഥി യോഗ്യനാണെങ്കിൽ മൂപ്പന്മാർ അദ്ദേഹത്തെ ആ വിവരം അറിയിക്കണം. മിക്കവാറും ചർച്ചയുടെ അവസാനംതന്നെ അത് അറിയിക്കാനായേക്കും. യോഗ്യനാണെങ്കിൽ മൂപ്പന്മാർക്ക് അദ്ദേഹത്തെ ഒരു പ്രചാരകനായി ഹൃദ്യമായി സ്വാഗതം ചെയ്യാവുന്നതാണ്. (റോമ. 15:7) എത്രയും പെട്ടെന്നുതന്നെ വയൽസേവനത്തിൽ ഏർപ്പെടാനും മാസത്തിന്റെ അവസാനം വയൽസേവന റിപ്പോർട്ട് നൽകാനും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. ഒരു ബൈബിൾവിദ്യാർഥി പ്രചാരകനായി യോഗ്യത നേടുകയും ആദ്യമായി വയൽസേവന റിപ്പോർട്ട് നൽകുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരു സഭാപ്രചാരക രേഖ ഉണ്ടാക്കുമെന്നും അതു സഭയുടെ ഫയലിൽ സൂക്ഷിക്കുമെന്നും മൂപ്പന്മാർക്ക് അദ്ദേഹത്തോടു പറയാവുന്നതാണ്. മൂപ്പന്മാർ അദ്ദേഹത്തെക്കുറിച്ചുള്ള വ്യക്തിപരമായ ഈ വിവരം ശേഖരിക്കുന്നതിന്റെ ഒരു ഉദ്ദേശ്യം യഹോവയുടെ സാക്ഷികളുടെ മതപ്രവർത്തനങ്ങൾ ലോകവ്യാപകമായി നടത്തിക്കൊണ്ടുപോകാൻ സംഘടനയെ സഹായിക്കുക എന്നതാണെന്നും ഇനി അദ്ദേഹത്തിനുതന്നെ സഭയുടെ ആത്മീയപ്രവർത്തനങ്ങളിൽ പങ്കുപറ്റാനും ആത്മീയപിന്തുണ ലഭിക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹത്തോടു പറയുക. അതിനു പുറമേ ഒരാളെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിക്കുന്നത് എപ്പോഴും jw.org-ലെ ആഗോള വിവരസംരക്ഷണനയത്തിനു ചേർച്ചയിൽ മാത്രമായിരിക്കുമെന്നും പുതിയ പ്രചാരകരെ മൂപ്പന്മാർക്ക് ഓർമിപ്പിക്കാവുന്നതാണ്.
11 പുതിയ പ്രചാരകനെ അടുത്ത് പരിചയപ്പെടുക. അദ്ദേഹത്തിന്റെ കാര്യത്തിൽ താത്പര്യമെടുത്തുകൊണ്ട്, നേടിയ പുരോഗതിയെക്കുറിച്ച് മനസ്സിലാക്കുക. അത് അദ്ദേഹത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യും. എല്ലാ മാസവും വയൽസേവനത്തിലേർപ്പെട്ടുകൊണ്ട് റിപ്പോർട്ട് നൽകാനും യഹോവയെ സേവിക്കാനായി കൂടുതൽ ശ്രമങ്ങൾ ചെയ്യാനും അത് ആ വ്യക്തിയെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.—ഫിലി. 2:4; എബ്രാ. 13:2.
12 വയൽശുശ്രൂഷയിൽ ഏർപ്പെടാൻ വിദ്യാർഥിക്കു യോഗ്യതയുണ്ടെന്നു മൂപ്പന്മാർ തീരുമാനിച്ചുകഴിഞ്ഞാൽ, യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകം കൈപ്പറ്റാമെന്ന് അവർ അദ്ദേഹത്തോടു പറയും. വയൽസേവനം ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ അദ്ദേഹം ഒരു പ്രചാരകനായിത്തീർന്നെന്നു മൂപ്പന്മാർ സഭയിൽ ഒരു ഹ്രസ്വമായ അറിയിപ്പു നടത്തുന്നു.
യുവജനങ്ങളെ സഹായിക്കുക
13 സന്തോഷവാർത്തയുടെ പ്രചാരകരായി കുട്ടികൾക്കും യോഗ്യത നേടാം. യേശു കൊച്ചുകുട്ടികളെ അടുക്കൽ വിളിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. (മത്താ. 19:13-15; 21:15, 16) കുട്ടികളുടെ കാര്യത്തിൽ പ്രഥമമായ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. എങ്കിലും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ ഉള്ളിൽ ആഗ്രഹം തോന്നുന്ന കുട്ടികളെ സഹായിക്കാൻ സഭയിലെ മറ്റുള്ളവർക്കും കഴിയും. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ വയൽസേവനത്തിൽ ഏർപ്പെടുന്നതിലുള്ള നിങ്ങളുടെ നല്ല മാതൃക കുട്ടികളെ ഒരുപാടു പ്രോത്സാഹിപ്പിക്കും. അവരും തീക്ഷ്ണതയോടെ ദൈവസേവനത്തിൽ ഏർപ്പെടും. മാതൃകായോഗ്യമായ പെരുമാറ്റശീലങ്ങളുള്ള ഒരു കുട്ടി സ്വമനസ്സാലെ തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുന്നെങ്കിൽ അവനു കൂടുതലായ എന്തു സഹായം നൽകാനാകും?
14 കുട്ടി ഒരു പ്രചാരകനാകാൻ യോഗ്യനാണോ എന്നു നിശ്ചയിക്കാനായി കുട്ടിയുടെ മാതാവിനോ പിതാവിനോ സേവനക്കമ്മിറ്റിയിലെ ഒരു മൂപ്പനെ സമീപിക്കാനാകും. മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ രണ്ടു മൂപ്പന്മാരെ (അതിൽ ഒരാൾ സേവനക്കമ്മിറ്റിയിലെ അംഗമായിരിക്കും.) ഒരു ചർച്ചയ്ക്കായി ക്രമീകരിക്കും. വിശ്വാസികളായ മാതാപിതാക്കളിൽ ഒരാളോടോ (രണ്ടു പേരോടുമോ) അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന രക്ഷിതാവിനോടോ ഒപ്പം ഇരുന്നായിരിക്കും കുട്ടിയുമായി ചർച്ച നടത്തുന്നത്. ബൈബിൾസത്യങ്ങളെക്കുറിച്ച് കുട്ടിക്ക് അടിസ്ഥാനഗ്രാഹ്യമുണ്ടായിരിക്കുകയും ശുശ്രൂഷയിലേർപ്പെടാൻ ആഗ്രഹമുണ്ടെന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നെങ്കിൽ അതു നല്ല പുരോഗതിയാണ്. ഇക്കാര്യങ്ങളും, മുതിർന്നവർക്കു ബാധകമാകുന്നതിനോടു സമാനമായ മറ്റു ഘടകങ്ങളും പരിഗണിച്ചശേഷം ആ മൂപ്പന്മാർക്ക്, കുട്ടി സ്നാനമേൽക്കാത്ത പ്രചാരകനാകാൻ യോഗ്യനാണോ എന്നു തീരുമാനിക്കാവുന്നതാണ്. (ലൂക്കോ. 6:45; റോമ. 10:10) ഒരു കുട്ടിയുമായി ചർച്ച നടത്തുമ്പോൾ കുട്ടിയുടെ കാര്യത്തിൽ ബാധകമല്ലാത്ത ചില കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതില്ല.
15 പുരോഗതി വരുത്തിയതിനു മൂപ്പന്മാർ ചർച്ചയുടെ സമയത്ത് കുട്ടിയെ അഭിനന്ദിക്കണം. കൂടാതെ, സ്നാനമേൽക്കുന്നതിനു ലക്ഷ്യം വെക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും വേണം. തങ്ങളുടെ കുട്ടിയിൽ സത്യം ഉൾനടാൻ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ല. അതുകൊണ്ട് അവരെയും അഭിനന്ദിക്കാം. പുരോഗതി വരുത്താൻ മാതാപിതാക്കൾ കുട്ടിയെ തുടർന്നും സഹായിക്കണം. അതിനുവേണ്ടി മൂപ്പന്മാർ 179-181 പേജുകളിലുള്ള “ക്രിസ്തീയമാതാപിതാക്കളോട്. . . ” എന്ന ഭാഗം അവരുടെ ശ്രദ്ധയിൽപ്പെടുത്തണം.
സമർപ്പണവും സ്നാനവും
16 ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥകളിൽ എത്തിച്ചേരുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ ഇപ്പോൾ യഹോവയെ അറിയാനും സ്നേഹിക്കാനും ഇടയായിരിക്കുന്നു. ആ സ്ഥിതിക്കു ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സുദൃഢമാക്കേണ്ടതുണ്ട്. എങ്ങനെ? നിങ്ങൾ ജീവിതം യഹോവയ്ക്കു സമർപ്പിക്കുക; അതിന്റെ അടയാളമായി ജലസ്നാനമേൽക്കുക.—മത്താ. 28:19, 20.
17 പവിത്രമായ ഒരു ഉദ്ദേശ്യത്തിനായി മാറ്റിവെക്കുക എന്നാണു സമർപ്പണം എന്നതിന്റെ അർഥം. ദൈവത്തിനു സമർപ്പണം നടത്തുക എന്നതിന്റെ അർഥമോ? ദൈവത്തിന്റെ വഴികളിൽ നടക്കാമെന്നും ദൈവസേവനത്തിനായി ജീവിതം വിനിയോഗിച്ചുകൊള്ളാമെന്നും പ്രാർഥനയിൽ ദൈവത്തിനു വാക്കു കൊടുക്കുക എന്നാണ്. അതായത്, ദൈവത്തിന് എന്നേക്കും സമ്പൂർണഭക്തി നൽകണം എന്നു സാരം. (ആവ. 5:9) സമർപ്പണം തികച്ചും സ്വകാര്യവും വ്യക്തിപരവും ആയ ഒരു കാര്യമാണ്. നിങ്ങൾക്കുവേണ്ടി ഇതു ചെയ്യാൻ മറ്റാർക്കും കഴിയില്ല.
18 നിങ്ങൾ യഹോവയുടേതാകാൻ ആഗ്രഹിക്കുന്നെന്നു സ്വകാര്യമായി ദൈവത്തോടു പറഞ്ഞാൽ മാത്രം പോരാ. ദൈവത്തിനു സമർപ്പണം നടത്തിയിട്ടുണ്ടെന്നു മറ്റുള്ളവർ അറിയുകയും വേണം. യേശു ചെയ്തതുപോലെ നിങ്ങളും വെള്ളത്തിൽ സ്നാനമേറ്റുകൊണ്ട് ഇക്കാര്യം പരസ്യമായി അറിയിക്കണം. (1 പത്രോ. 2:21; 3:21) യഹോവയെ സേവിക്കാൻ തീരുമാനിച്ചുറയ്ക്കുകയും സ്നാനമേൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്? നിങ്ങളുടെ ആഗ്രഹം മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനെ അറിയിക്കുക. നിങ്ങൾ സ്നാനമേൽക്കാനുള്ള ദൈവികവ്യവസ്ഥകളിൽ എത്തിച്ചേർന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ അദ്ദേഹം ചില മൂപ്പന്മാരെ ക്രമീകരിക്കും. ഇതെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ ഈ പുസ്തകത്തിന്റെ 182-184 പേജുകളിലെ, “സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകനോട്. . . ” എന്ന ഭാഗവും 185-207 പേജുകളിലെ, “സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ” എന്ന ഭാഗവും അവലോകനം ചെയ്യുക.
ശുശ്രൂഷയുടെ പുരോഗതി റിപ്പോർട്ട് ചെയ്യുക
19 വർഷങ്ങളിലുടനീളം സത്യാരാധനയുടെ വളർച്ചയെക്കുറിച്ചുള്ള ലോകവ്യാപകറിപ്പോർട്ടുകൾ യഹോവയുടെ ജനത്തിനു പ്രോത്സാഹനവും ഉന്മേഷവും പകർന്നിട്ടുണ്ട്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഭൂവ്യാപകമായി പ്രസംഗിക്കപ്പെടുമെന്നു യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടു പറഞ്ഞപ്പോൾമുതൽ ഇക്കാര്യം എങ്ങനെ നിറവേറുമെന്ന് അറിയാൻ സത്യക്രിസ്ത്യാനികൾ ആകാംക്ഷയുള്ളവരായിരുന്നു.—മത്താ. 28:19, 20; മർക്കോ. 13:10; പ്രവൃ. 1:8.
20 പ്രസംഗപ്രവർത്തനത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേൾക്കുന്നതു യേശുവിന്റെ ആദ്യകാലശിഷ്യന്മാർ ആസ്വദിച്ചിരുന്നു. (മർക്കോ. 6:30) എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ ഏകദേശം 120 പേരാണുണ്ടായിരുന്നതെന്നു പ്രവൃത്തികൾ എന്ന ബൈബിൾപുസ്തകം നമ്മളോടു പറയുന്നു. പെട്ടെന്നുതന്നെ ശിഷ്യന്മാരുടെ എണ്ണം 3,000-ത്തോളമായി. പിന്നെ ഏതാണ്ട് 5,000 ആയി. “രക്ഷിക്കപ്പെടുന്നവരെ യഹോവ ദിവസംതോറും അവരോടൊപ്പം ചേർത്തുകൊണ്ടിരുന്നു” എന്നും “വലിയൊരു കൂട്ടം പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു” എന്നും ആണ് ബൈബിൾ റിപ്പോർട്ട് ചെയ്യുന്നത്. (പ്രവൃ. 1:15; 2:5-11, 41, 47; 4:4; 6:7) ശിഷ്യന്മാരുടെ എണ്ണം വർധിക്കുന്നുവെന്ന വാർത്തകൾ മറ്റു ശിഷ്യന്മാരെ എത്രയധികം ആനന്ദിപ്പിച്ചിട്ടുണ്ടാകണം! ആവേശകരമായ ഇത്തരം വാർത്തകൾ, ജൂതമതനേതാക്കന്മാർ ഇളക്കിവിട്ട കടുത്ത പീഡനങ്ങളിൽപോലും തങ്ങളുടെ ദൈവനിയമിതപ്രവർത്തനവുമായി മുമ്പോട്ടു പോകാൻ ശിഷ്യന്മാരെ പ്രചോദിപ്പിച്ചു.
21 എ.ഡി. 60-61 ആയപ്പോഴേക്കും സന്തോഷവാർത്ത ‘ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും വളർന്ന് ഫലം കായ്ച്ചുവരുന്നു’ എന്നു കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്തിൽ പൗലോസ് പറഞ്ഞു. തുടർന്ന് അത് “ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും ഘോഷി”ക്കപ്പെട്ടുവെന്നും പൗലോസ് കൂട്ടിച്ചേർത്തു. (കൊലോ. 1:5, 6, 23) ആദ്യകാലക്രിസ്ത്യാനികൾ ദൈവവചനത്തോട് അനുസരണമുള്ളവരായിരുന്നു. എ. ഡി. 70-ൽ ജൂതവ്യവസ്ഥിതിയുടെ അന്ത്യം വരുന്നതിനു മുമ്പായി വിപുലമായ പ്രസംഗപ്രവർത്തനം നടത്താൻ പരിശുദ്ധാത്മാവ് അവരെ സജ്ജരാക്കി. പ്രസംഗപ്രവർത്തനത്തിൽ കൈവരിച്ച ഈ നേട്ടത്തെക്കുറിച്ചുള്ള വിവരണങ്ങൾ വിശ്വസ്തരായ ആ ക്രിസ്ത്യാനികളെ എത്രയധികം പ്രചോദിപ്പിച്ചുകാണും!
അന്ത്യം വരുന്നതിനു മുമ്പ് ശുശ്രൂഷ പൂർത്തിയായിക്കാണാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടോ?
22 അതുപോലെതന്നെ യഹോവയുടെ സംഘടന ഇന്നും, മത്തായി 24:14-ലെ “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും” എന്ന വാക്കുകളുടെ നിവൃത്തിയായി ചെയ്യപ്പെടുന്ന കാര്യങ്ങളുടെ രേഖകൾ സൂക്ഷിക്കുന്നു. ദൈവത്തിന്റെ സമർപ്പിതദാസന്മാരായ നമുക്ക് ഒരു അടിയന്തിരകാര്യമാണു ചെയ്യാനുള്ളത്. അന്ത്യത്തിനു മുമ്പ് സമഗ്രമായി സാക്ഷീകരിക്കുന്നതിൽ നമ്മുടെ പങ്കു നിർവഹിക്കാൻ നമ്മൾ ഓരോരുത്തരും ശുഷ്കാന്തിയുള്ളവരായിരിക്കണം. ആ പ്രവർത്തനം പൂർത്തിയാകുന്നെന്ന് യഹോവ ഉറപ്പുവരുത്തും. എന്നാൽ നമുക്ക് അതിൽ ഒരു പങ്കുണ്ടെങ്കിൽ യഹോവയുടെ അംഗീകാരത്തിന്റെ മന്ദസ്മിതം നമുക്കും ലഭിക്കും.—യഹ. 3:18-21.
നിങ്ങളുടെ വയൽസേവന റിപ്പോർട്ട്
23 ശരിക്കും നമ്മൾ എന്താണു റിപ്പോർട്ട് ചെയ്യേണ്ടത്? സംഘടന നൽകിയിരിക്കുന്ന വയൽസേവന റിപ്പോർട്ട് ഫാറത്തിൽ, ഏതെല്ലാം വിവരങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്നു സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും താഴെ പറയുന്ന പൊതുവായ നിർദേശങ്ങൾ നമുക്കു സഹായകമായേക്കാം.
24 “സമർപ്പണങ്ങൾ (അച്ചടിച്ചതും ഇലക്ട്രോണിക് രൂപത്തിലുള്ളതും)” എന്നതിനു നേരെ, സ്നാനമേറ്റിട്ടില്ലാത്തവർക്കു നിങ്ങൾ സമർപ്പിച്ച എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മൊത്തം എണ്ണം എഴുതുക. ഇതിൽ, അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ഇലക്ട്രോണിക് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്നു. “വീഡിയോ പ്രദർശനങ്ങൾ” എന്നതിനു നേരെ, നമ്മുടെ വീഡിയോകളിൽ ഏതെങ്കിലും എത്ര തവണ കാണിക്കാൻ സാധിച്ചു എന്ന് എഴുതുക.
25 “മടക്കസന്ദർശനങ്ങൾ” എങ്ങനെ റിപ്പോർട്ട് ചെയ്യാം? ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയിൽ താത്പര്യം കാണിച്ച, സ്നാനമേറ്റ സാക്ഷികളല്ലാത്ത, ആരുടെയെങ്കിലും താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ നിങ്ങൾ നടത്തുന്ന സന്ദർശനങ്ങളുടെ എണ്ണമാണു മടക്കസന്ദർശനങ്ങളായി റിപ്പോർട്ട് ചെയ്യേണ്ടത്. ആരെയെങ്കിലും നേരിൽച്ചെന്ന് കാണുന്നതും കത്ത് എഴുതുക, ഫോൺ ചെയ്യുക, മെസ്സേജോ ഇ-മെയിലോ അയയ്ക്കുക, ഏതെങ്കിലും പ്രസിദ്ധീകരണം എത്തിച്ചുകൊടുക്കുക തുടങ്ങിയവയും മടക്കസന്ദർശനമായി പരിഗണിക്കാം. ഒരു ഭവനബൈബിൾപഠനം നടത്തുന്ന ഓരോ അവസരവും ഒരു മടക്കസന്ദർശനമാണ്. സ്നാനമേറ്റിട്ടില്ലാത്ത ഒരു കുട്ടി ഉൾപ്പെടുന്ന കുടുംബാരാധനയിൽ നേതൃത്വമെടുക്കുന്ന രക്ഷിതാവിന് ആഴ്ചയിൽ പരമാവധി ഒരു മടക്കസന്ദർശനം കണക്കാക്കാവുന്നതാണ്.
26 സാധാരണഗതിയിൽ ഒരു ബൈബിൾപഠനം ആഴ്ചയിൽ ഒരിക്കൽ എന്ന കണക്കിലാണു നടത്താറുള്ളത്. പക്ഷേ, മാസാവസാനം അതു റിപ്പോർട്ട് ചെയ്യുന്നത് ഒരൊറ്റ ബൈബിൾപഠനമായിട്ടാണ്. ഓരോ മാസവും നടത്തുന്ന വ്യത്യസ്ത ബൈബിൾപഠനങ്ങളുടെ ആകെ എണ്ണമാണു പ്രചാരകർ എഴുതേണ്ടത്. സമർപ്പിച്ച് സ്നാനമേറ്റ് സാക്ഷിയായിട്ടില്ലാത്തവർക്ക് എടുക്കുന്ന അധ്യയനങ്ങൾ ബൈബിൾപഠനങ്ങളായി റിപ്പോർട്ട് ചെയ്യാം. ഇനി, വയൽസേവനത്തിൽ പിന്നോക്കം പോയിരിക്കുന്ന, നിഷ്ക്രിയനായ, ഒരു സഹോദരനോ സഹോദരിക്കോ സേവനക്കമ്മിറ്റിയിലെ ഒരാളുടെ നിർദേശാനുസരണം നിങ്ങൾ നടത്തുന്ന ബൈബിൾപഠനവും റിപ്പോർട്ട് ചെയ്യാം. പുതുതായി സ്നാനമേറ്റ ഒരാൾ ജീവിതം ആസ്വദിക്കാം പുസ്തകം പഠിച്ചുതീർന്നിട്ടില്ലെങ്കിൽ അദ്ദേഹത്തിനു നടത്തുന്ന ബൈബിൾപഠനവും റിപ്പോർട്ട് ചെയ്യാവുന്നതാണ്.
27 “മണിക്കൂർ” കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതു വളരെ പ്രധാനമാണ്. അടിസ്ഥാനപരമായി ഇതിൽ വീടുതോറുമുള്ള പ്രവർത്തനം, മടക്കസന്ദർശനം, ബൈബിൾപഠനങ്ങൾ എന്നിവ ഉൾപ്പെടെ സ്നാനമേറ്റിട്ടില്ലാത്ത ഒരാളോടു നിങ്ങൾ ഔപചാരികമായോ അനൗപചാരികമായോ സാക്ഷീകരിക്കുന്ന സമയമാണ് ഉൾപ്പെടുത്തേണ്ടത്. രണ്ടു പ്രചാരകർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സാക്ഷീകരണത്തിലേർപ്പെടുന്ന സമയം രണ്ടു പേർക്കും റിപ്പോർട്ട് ചെയ്യാവുന്നതാണ്. എന്നാൽ മടക്കസന്ദർശനങ്ങളുടെയും ബൈബിൾപഠനങ്ങളുടെയും എണ്ണം ഒരാൾ മാത്രമാണു റിപ്പോർട്ട് ചെയ്യുന്നത്. കുടുംബാരാധനയ്ക്കായുള്ള സായാഹ്നത്തിൽ മാതാപിതാക്കൾ ഇരുവരും കുട്ടികളെ പഠിപ്പിക്കുന്നതിൽ ഉൾപ്പെടുന്നെങ്കിൽ ആഴ്ചയിൽ ഒരു മണിക്കൂർവരെ രണ്ടുപേർക്കും റിപ്പോർട്ട് ചെയ്യാവുന്നതാണ്. പൊതുപ്രസംഗം നടത്തുന്ന സഹോദരന്മാർക്ക് ആ സമയം റിപ്പോർട്ട് ചെയ്യാം. പൊതുപ്രസംഗം പരിഭാഷ ചെയ്യുന്ന ആൾക്കും ആ സമയം കണക്കാക്കാവുന്നതാണ്. വയൽസേവനത്തിനായി തയ്യാറാകുന്നതോ വയൽസേവനയോഗത്തിൽ പങ്കെടുക്കുന്നതോ വയൽസേവനത്തിനിടയിൽ മറ്റ് ഏതെങ്കിലും അവശ്യകാര്യങ്ങൾക്കായി ചെലവിടുന്നതോ ആയ സമയം വയൽസേവനമണിക്കൂറായി റിപ്പോർട്ട് ചെയ്യുന്നില്ല.
28 സാക്ഷീകരണസമയം എത്രയെന്നു ബൈബിൾപരിശീലിത മനസ്സാക്ഷിയനുസരിച്ച് പ്രാർഥനാപൂർവം ഓരോ പ്രചാരകനും തീരുമാനിക്കണം. ചില പ്രചാരകർ പ്രവർത്തിക്കുന്നതു ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലായിരിക്കും. മറ്റു ചിലരാകട്ടെ ധാരാളം യാത്ര ചെയ്യേണ്ടിവരുന്ന, താമസക്കാർ കുറവുള്ള പ്രദേശങ്ങളിലും. ലോകവ്യാപകമായി നോക്കുമ്പോൾ പ്രവർത്തനപ്രദേശം വ്യത്യസ്തമാണ്. പ്രചാരകർ തങ്ങളുടെ ശുശ്രൂഷയെ വീക്ഷിക്കുന്ന വിധവും വ്യത്യസ്തമാണ്. അതുകൊണ്ട് ഭരണസംഘത്തിന്റെ മനസ്സാക്ഷിയനുസരിച്ച് സഹോദരങ്ങൾ വയൽസേവനസമയം കണക്കാക്കണമെന്ന് ഭരണസംഘം ശഠിക്കുന്നില്ല. കൂടാതെ ഇക്കാര്യങ്ങളിൽ തീരുമാനം പറയാൻ അവർ പ്രത്യേകിച്ച് ആരെയും നിയമിച്ചിട്ടുമില്ല.—മത്താ. 6:1; 7:1; 1 തിമൊ. 1:5.
29 വയൽസേവനസമയം പൂർണമണിക്കൂറുകളായി വേണം റിപ്പോർട്ട് ചെയ്യാൻ. എന്നാൽ പ്രായാധിക്യം കാരണം ഒരു പ്രചാരകന്റെ പ്രവർത്തനം വളരെയേറെ പരിമിതപ്പെട്ടേക്കാം. ചിലപ്പോൾ കിടപ്പിലായിരിക്കാം. അല്ലെങ്കിൽ ഒരു ആതുരാലയത്തിലായിരിക്കാം. അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും വിധത്തിൽ ദുർബലനായിരിക്കാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മേൽപ്പറഞ്ഞ വ്യവസ്ഥയ്ക്ക് ഇളവുണ്ട്. പരിമിതികളുള്ള അത്തരം പ്രചാരകർക്ക് ഓരോ മാസത്തെയും വയൽസേവനസമയം 15 മിനിട്ടിന്റെ ഗുണിതങ്ങളായി റിപ്പോർട്ട് ചെയ്യാം. 15 മിനിട്ട് മാത്രമേ അദ്ദേഹത്തിന് ഒരു മാസത്തിൽ സാക്ഷീകരണസമയമുള്ളൂ എങ്കിലും അദ്ദേഹം അതു റിപ്പോർട്ട് ചെയ്തിരിക്കണം. അങ്ങനെയെങ്കിൽ അദ്ദേഹം ക്രമമുള്ള ഒരു പ്രചാരകനായി വീക്ഷിക്കപ്പെടും. താത്കാലികപരിമിതികളുള്ള, ഒരുപക്ഷേ ഗുരുതരമായ രോഗമോ പരിക്കുകളോ നിമിത്തം ഒന്നോ അതിലധികമോ മാസത്തേക്കു തീർത്തും കിടപ്പിലായിപ്പോകുകയോ മറ്റോ ചെയ്യുന്ന ഒരു പ്രചാരകന്റെ കാര്യത്തിലും ഈ ക്രമീകരണം ബാധകമാണ്. ഓർക്കുക: ആരോഗ്യകാര്യങ്ങളിൽ വളരെയേറെ പരിമിതികളുള്ളവർക്കുവേണ്ടി മാത്രമുള്ളതാണ് ഈ കരുതൽ. ഒരു പ്രചാരകൻ ഈ ക്രമീകരണത്തിനു യോഗ്യനാണോ എന്നു സഭാ സേവനക്കമ്മിറ്റി തീരുമാനിക്കും.
സഭാപ്രചാരക രേഖ
30 ഓരോ മാസവും നിങ്ങൾ നൽകുന്ന വയൽസേവന റിപ്പോർട്ട് നിങ്ങളുടെ സഭാപ്രചാരക രേഖയിൽ എഴുതിവെക്കുന്നു. ഈ രേഖകൾ പ്രാദേശികസഭകളുടെ വകയാണ്. മറ്റൊരു സഭാപ്രദേശത്തേക്കു മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ മൂപ്പന്മാരെ അക്കാര്യം അറിയിക്കാൻ മറക്കരുത്. പുതിയ സഭയിലേക്കു നിങ്ങളുടെ രേഖകൾ അയച്ചുകൊടുക്കുന്നെന്നു നിങ്ങളുടെ സഭയിലെ സെക്രട്ടറി ഉറപ്പുവരുത്തും. അപ്പോൾ മൂപ്പന്മാർക്കു നിങ്ങളെ സ്വാഗതം ചെയ്യാനും ആത്മീയപിന്തുണ നൽകാനും എളുപ്പമാകും. മൂന്നു മാസത്തിൽ കുറഞ്ഞ കാലത്തേക്കാണു നിങ്ങൾ മറ്റൊരു സഭയിലേക്കു പോകുന്നതെങ്കിൽ നിങ്ങളുടെ വയൽസേവന റിപ്പോർട്ടുകൾ ദയവായി മാതൃസഭയിലേക്കുതന്നെ അയച്ചുകൊടുക്കുക.
വയൽസേവനം റിപ്പോർട്ട് ചെയ്യേണ്ടത് എന്തുകൊണ്ട്?
31 വയൽസേവനം റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ മറന്നുപോകാറുണ്ടോ? നമുക്കെല്ലാം ഇടയ്ക്കിടെ ഓർമിപ്പിക്കൽ ആവശ്യമാണ്. വയൽസേവനം റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് ഒരു നല്ല മനോഭാവം വളർത്തുക. അങ്ങനെ ചെയ്യേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും തിരിച്ചറിയുക. അങ്ങനെയാകുമ്പോൾ വയൽസേവന റിപ്പോർട്ട് ഇടാൻ നമ്മൾ മറക്കില്ല.
32 ചിലർ ചോദിച്ചേക്കാം: “ദൈവസേവനത്തിൽ ഞാൻ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് യഹോവയ്ക്ക് അറിയാമല്ലോ, പിന്നെ എന്തിനാണു ഞാൻ സഭയിൽ റിപ്പോർട്ട് ഇടുന്നത്?” ശരിയാണ്, നമ്മൾ ചെയ്യുന്നത് എന്താണെന്നും നമ്മുടെ സേവനം പൂർണഹൃദയത്തോടെയാണോ അതോ പേരിനു മാത്രമാണോ എന്നും യഹോവയ്ക്ക് അറിയാം. എന്നാൽ ഓർമിക്കുക: നോഹ പെട്ടകത്തിൽ കഴിഞ്ഞുകൂടിയ ദിവസങ്ങളുടെ എണ്ണം യഹോവ രേഖപ്പെടുത്തിവെച്ചു. ഇസ്രായേല്യർ മരുഭൂമിയിലൂടെ എത്ര വർഷം യാത്ര ചെയ്തെന്നും യഹോവ രേഖപ്പെടുത്തി. വിശ്വസ്തരായി നിലകൊണ്ടവരുടെ എണ്ണവും അനുസരിക്കാതിരുന്നവരുടെ എണ്ണവും ദൈവം വിവരണത്തിൽ ചേർത്തു. കനാൻ ദേശം പടിപടിയായി കീഴടക്കിയതിനെക്കുറിച്ചും ഇസ്രായേലിലെ വിശ്വസ്തരായ ന്യായാധിപന്മാർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ദൈവം രേഖയിൽ ചേർത്തു. അതെ, തന്റെ ദാസന്മാരുടെ പ്രവർത്തനങ്ങളുടെ അനേകം വിശദാംശങ്ങൾ ദൈവം രേഖപ്പെടുത്തി. തന്റെ ആത്മാവിനാൽ ദൈവം അതിനു പ്രചോദനമേകി. അങ്ങനെ, കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതു സംബന്ധിച്ച തന്റെ വീക്ഷണം ദൈവം നമുക്കു കാണിച്ചുതന്നിരിക്കുന്നു.
33 യഹോവയുടെ ജനം റിപ്പോർട്ടുകളും രേഖകളും സൂക്ഷിച്ചതിന്റെ കൃത്യത കാണിച്ചുതരുന്നവയാണു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രസംഭവങ്ങൾ. ബൈബിൾവിവരണങ്ങളിൽ പലതിലും കൃത്യമായ എണ്ണം പറയാതിരുന്നാൽ അതിന്റെ പൂർണമായ ശക്തിയും ഭാവവും ഒന്നും വായനക്കാരിലേക്ക് എത്തിക്കാൻ കഴിയുമായിരുന്നില്ല. ചില ഉദാഹരണങ്ങൾ നോക്കുക: ഉൽപത്തി 46:27; പുറപ്പാട് 12:37; ന്യായാധിപന്മാർ 7:7; 2 രാജാക്കന്മാർ 19:35; 2 ദിനവൃത്താന്തം 14:9-13; യോഹന്നാൻ 6:10; 21:11; പ്രവൃത്തികൾ 2:41; 19:19.
34 യഹോവയുടെ സേവനത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വയൽസേവന റിപ്പോർട്ടിൽ ഉൾപ്പെടുന്നില്ല. എങ്കിലും യഹോവയുടെ സംഘടന ഉദ്ദേശിക്കുന്ന ഒരു കാര്യം അതിലൂടെ സാധിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ ഒരു പ്രസംഗപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ അപ്പോസ്തലന്മാർ “അവർ ചെയ്തതും പഠിപ്പിച്ചതും എല്ലാം” യേശുവിനെ അറിയിച്ചു. (മർക്കോ. 6:30) അതാതു സമയങ്ങളിൽ നമ്മുടെ ശുശ്രൂഷയിൽ പ്രത്യേകശ്രദ്ധ ആവശ്യമായ മണ്ഡലങ്ങൾ ഏതാണെന്നു മനസ്സിലാക്കാൻ റിപ്പോർട്ടുകൾ സഹായിക്കും. റിപ്പോർട്ടിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ചില മേഖലകൾ പുരോഗമിച്ചതായും എന്നാൽ മറ്റു ചില മേഖലകൾ അതായത്, പ്രചാരകരുടെ എണ്ണത്തിലെ വർധനപോലുള്ള ചില കാര്യങ്ങൾ, പിന്നോട്ടു പോയിരിക്കുന്നതായും കണ്ടേക്കാം. പ്രോത്സാഹനം ആവശ്യമുള്ളതായോ ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതായോ ചിലപ്പോൾ കണ്ടേക്കാം. റിപ്പോർട്ടുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വ്യക്തികളുടെയോ മുഴുസഭയുടെയോ പുരോഗതി തടസ്സപ്പെടുത്തുന്നത് എന്താണെന്നു മനസ്സിലാക്കി പരിഹരിക്കാൻ ഉത്തരവാദിത്വപ്പെട്ട മേൽവിചാരകന്മാർ ശ്രമിക്കും.
35 ശുശ്രൂഷകരുടെ ആവശ്യം കൂടുതലുള്ളത് എവിടെയാണെന്നു നിർണയിക്കാൻ റിപ്പോർട്ടുകൾ സംഘടനയ്ക്ക് ഉപകാരപ്പെടുന്നു. ഏതൊക്കെ പ്രദേശങ്ങളാണു കൂടുതൽ ഫലക്ഷമതയുള്ളത്? പുരോഗതി തീരെ കുറഞ്ഞിരിക്കുന്നത് എവിടെയൊക്കെയാണ്? സത്യം പഠിക്കാൻ ആളുകളെ സഹായിക്കാൻ ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണു വേണ്ടത്? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രസംഗപ്രവർത്തനത്തിന് ഏതെല്ലാം പ്രസിദ്ധീകരണങ്ങളാണ് ആവശ്യമായിരിക്കുന്നത്? ഇക്കാര്യങ്ങളൊക്കെ കണ്ടെത്താനും അവ നൽകാനും റിപ്പോർട്ടുകൾ സംഘടനയെ സഹായിക്കുന്നു.
36 നമ്മിൽ മിക്കവർക്കും ഈ റിപ്പോർട്ടുകൾ വലിയ പ്രോത്സാഹനമാണ്. ഭൂമിയിലെമ്പാടും സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി നമ്മുടെ സഹോദരങ്ങൾ ചെയ്യുന്ന അധ്വാനത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതു നിങ്ങളെ ആവേശഭരിതരാക്കാറില്ലേ? യഹോവയുടെ സംഘടന വളർന്നുവികസിക്കുന്നതിന്റെ ഒരു ആകമാനവീക്ഷണം കിട്ടാൻ പുരോഗതിയെക്കുറിച്ചുള്ള ഈ റിപ്പോർട്ടുകൾ നമ്മളെ സഹായിക്കുന്നു. നല്ലനല്ല അനുഭവങ്ങൾ നമ്മുടെ ഹൃദയത്തെ തൊട്ടുണർത്തുന്നു, നമ്മിൽ ശുഷ്കാന്തി നിറയ്ക്കുന്നു. പ്രസംഗപ്രവർത്തനത്തിൽ പരമാവധി ചെയ്യാൻ അത് ഒരു പ്രചോദനമാകുന്നു. (പ്രവൃ. 15:3) വയൽസേവന റിപ്പോർട്ടുകൾ നൽകുന്നതിലുള്ള നമ്മുടെ സഹകരണം വളരെ പ്രധാനമാണ്. എവിടെയുമുള്ള സഹോദരങ്ങളിൽ നമുക്കു താത്പര്യമുണ്ടെന്നു കാണിക്കാനുള്ള ഒരു വിധമാണ് ഇത്. ഈ എളിയ വിധത്തിൽ നമുക്ക് യഹോവയുടെ സംഘടനാക്രമീകരണത്തോടുള്ള കീഴ്പെടൽ തെളിയിച്ചുകാണിക്കാം.—ലൂക്കോ. 16:10; എബ്രാ. 13:17.
വ്യക്തിപരമായ ലക്ഷ്യങ്ങൾ വെക്കുക
37 വയലിലെ നമ്മുടെ സേവനം മറ്റൊരാളുടെ സേവനവുമായി തട്ടിച്ചുനോക്കേണ്ട ഒരു കാര്യവുമില്ല. (ഗലാ. 5:26; 6:4) ഓരോരുത്തരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ നേടിയെടുക്കാവുന്ന വ്യക്തിപരമായ ലക്ഷ്യങ്ങൾ വെച്ച് അതിന്റെ അടിസ്ഥാനത്തിൽ ശുശ്രൂഷയിലെ നമ്മുടെ പുരോഗതി അളക്കുകയാണെങ്കിൽ നമുക്കു വളരെ ഗുണം ചെയ്യും. ആ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ ശുശ്രൂഷ നന്നായി നിറവേറ്റിയതിലുള്ള ചാരിതാർഥ്യവും സന്തോഷവും നമുക്ക് ആസ്വദിക്കാൻ കഴിയും.
38 യഹോവ വാസ്തവത്തിൽ ആളുകളെ കൂട്ടിച്ചേർക്കുന്ന പ്രവർത്തനം ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സത്യം സ്വീകരിക്കുന്നവരെ യഹോവ “മഹാകഷ്ടത”യുടെ സമയത്ത് സംരക്ഷിക്കും. യശയ്യയുടെ പിൻവരുന്ന പ്രവചനം നിറവേറിക്കൊണ്ടിരിക്കുന്ന കാലത്താണു നമ്മൾ ജീവിക്കുന്നത്: “കുറഞ്ഞവൻ ആയിരവും ചെറിയവൻ ഒരു മഹാജനതയും ആയിത്തീരും. യഹോവ എന്ന ഞാൻ തക്ക സമയത്ത് അതിന്റെ വേഗത കൂട്ടും.” (വെളി. 7:9, 14; യശ. 60:22) നിർണായകമായ ഈ അന്ത്യനാളുകളിൽ സന്തോഷവാർത്തയുടെ ശുശ്രൂഷകരായിരിക്കാൻ നമുക്കു കഴിയുന്നത് എത്ര വലിയൊരു പദവിയാണ്!—മത്താ. 24:14.