അധ്യായം 13
“എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക”
ദൈവത്തിന്റെ സമർപ്പിതദാസരായ നമ്മൾ വാക്കിലും പ്രവൃത്തിയിലും യഹോവയുടെ മഹത്ത്വം പ്രതിഫലിപ്പിക്കാൻ കടപ്പെട്ടവരാണ്. നമ്മെ നയിക്കേണ്ട ഒരു തത്ത്വം ചൂണ്ടിക്കാണിച്ചുകൊണ്ട് പൗലോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റ് എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.” (1 കൊരി. 10:31) നീതിനിഷ്ഠമായ ദിവ്യനിലവാരങ്ങൾ നമ്മൾ ഉയർത്തിപ്പിടിക്കുന്നത് ഇതിൽപ്പെടുന്നു. യഹോവയുടെ പൂർണതയുള്ള വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാണ് അവ. (കൊലോ. 3:10) ഒരു വിശുദ്ധജനമായതുകൊണ്ട് നമ്മൾ ദൈവത്തെ അനുകരിക്കുന്നവരാകണം.—എഫെ. 5:1, 2.
2 ഇക്കാര്യം ക്രിസ്ത്യാനികളുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് പത്രോസ് അപ്പോസ്തലൻ എഴുതി: “അനുസരണമുള്ള മക്കളെന്ന നിലയിൽ, അറിവില്ലായ്മയുടെ കാലത്തുണ്ടായിരുന്ന മോഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു നിറുത്തുക. പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക. ‘ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” (1 പത്രോ. 1:14-16) പുരാതനകാലത്ത് ഇസ്രായേല്യരോട് ആവശ്യപ്പെട്ടതുപോലെ, ക്രിസ്തീയസഭയിലെ എല്ലാവരോടും വിശുദ്ധി പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. അതായത്, ക്രിസ്ത്യാനികൾ കറയില്ലാത്തവരും പാപത്താൽ മലിനപ്പെടാത്തവരും ഈ ലോകത്തെ പ്രിയപ്പെടാത്തവരും ആയി നിലകൊള്ളാൻ പ്രതീക്ഷിക്കുന്നു. അവർ വിശുദ്ധസേവനത്തിനായി വേർതിരിക്കപ്പെട്ടവരാണ്.—പുറ. 20:5.
3 വിശുദ്ധതിരുവെഴുത്തുകളിൽ യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനോടു പറ്റിനിന്നുകൊണ്ട് നമുക്കു വിശുദ്ധി പാലിക്കാം. (2 തിമൊ. 3:16) ബൈബിൾ പഠിച്ചപ്പോൾ യഹോവയെക്കുറിച്ചും അവന്റെ വഴികളെക്കുറിച്ചും നമ്മൾ മനസ്സിലാക്കി, അങ്ങനെ നമ്മൾ യഹോവയോട് അടുത്തു. ഒന്നാമതു ദൈവരാജ്യം അന്വേഷിക്കേണ്ടതിന്റെ ആവശ്യം നമുക്കു ബോധ്യപ്പെട്ടു, യഹോവയുടെ ഇഷ്ടം ചെയ്യേണ്ടതു നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യമാണെന്നും മനസ്സിലായി. (മത്താ. 6:33; റോമ. 12:2) അതിനായി നമ്മൾ പുതിയ വ്യക്തിത്വം ധരിക്കേണ്ടതുണ്ടായിരുന്നു.—എഫെ. 4:22-24.
ആത്മീയശുദ്ധിയും ധാർമികശുദ്ധിയും
4 യഹോവയുടെ നീതിയുള്ള നിലവാരങ്ങളോടു പറ്റിനിൽക്കുന്നത് എപ്പോഴും എളുപ്പമല്ല. പിശാചായ സാത്താൻ എന്ന നമ്മുടെ എതിരാളി സത്യത്തിൽനിന്ന് നമ്മളെ വ്യതിചലിപ്പിക്കാൻ തക്കംപാർത്തിരിക്കുകയാണ്. പലപ്പോഴും ഈ ലോകത്തിന്റെ ദുഷിച്ച സ്വാധീനങ്ങളും നമ്മുടെതന്നെ പാപപൂർണമായ പ്രവണതകളും കാര്യങ്ങൾ ഏറെ ദുഷ്കരമാക്കുന്നു. അതുകൊണ്ട് സമർപ്പണത്തിനൊത്ത് ജീവിക്കുന്നതിനു നമ്മുടെ ഭാഗത്ത് ഒരു ആത്മീയപോരാട്ടം ആവശ്യമാണ്. പരിശോധനകളോ എതിർപ്പുകളോ നേരിടേണ്ടിവരുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ അമ്പരന്നുപോകരുതെന്നു തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. കാരണം നീതിക്കുവേണ്ടി നമുക്കു കഷ്ടതകൾ സഹിക്കേണ്ടിവരും. (2 തിമൊ. 3:12) എതിർപ്പുകളും ഉപദ്രവങ്ങളും ഉണ്ടാകുന്നതു നമ്മൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്നതിന്റെ തെളിവാണ്. ഇക്കാര്യം നമുക്ക് അറിയാമെങ്കിൽ അപ്പോഴും നമുക്കു സന്തോഷിക്കാൻ കഴിയും.—1 പത്രോ. 3:14-16; 4:12, 14-16.
5 യേശു പൂർണനായിരുന്നെങ്കിലും കഷ്ടതകൾ സഹിച്ചുകൊണ്ട് അനുസരണം പഠിച്ചു. സാത്താന്റെ പ്രലോഭനങ്ങൾക്കു യേശു ഒരു നിമിഷംപോലും വഴങ്ങിക്കൊടുത്തില്ല; ഈ ലോകത്തിൽ എന്തെങ്കിലും നേടുന്നതിനെക്കുറിച്ചുള്ള ആഗ്രഹം വളർത്തിയെടുത്തില്ല. (മത്താ. 4:1-11; യോഹ. 6:15) വിട്ടുവീഴ്ച ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല. യേശുവിന്റെ വിശ്വസ്തമായ ജീവിതഗതി ലോകത്തിന്റെ വിദ്വേഷം വിളിച്ചുവരുത്തിയെങ്കിലും യേശു യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ ഉയർത്തിപ്പിടിച്ചു. മരണത്തിനു തൊട്ടുമുമ്പ് ശിഷ്യന്മാരോട്, ലോകം അവരെയും വെറുക്കുമെന്നു യേശു മുന്നറിയിപ്പു കൊടുത്തു. ആ സമയംമുതൽ ഇന്നോളം യേശുവിന്റെ അനുഗാമികൾ കഷ്ടത സഹിച്ചിരിക്കുന്നു. പക്ഷേ, ദൈവപുത്രൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് അറിയുന്നത് അവർക്കു ധൈര്യം പകർന്നിരിക്കുന്നു.—യോഹ. 15:19; 16:33; 17:16.
6 ലോകത്തിന്റെ ഭാഗമാകാതിരിക്കാൻ, നമ്മുടെ നായകൻ ചെയ്തതുപോലെ നമ്മളും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ ഉയർത്തിപ്പിടിക്കണം. ലോകത്തിന്റെ രാഷ്ട്രീയവും സാമൂഹികവും ആയ വിഷയങ്ങളിൽ ഉൾപ്പെടാതിരിക്കുന്നതു കൂടാതെ നമ്മൾ അതിന്റെ അധഃപതിച്ച ധാർമികാന്തരീക്ഷത്തെ ചെറുക്കുകയും വേണം. യാക്കോബ് 1:21-ലെ ഉപദേശം നമ്മൾ ഗൗരവമായെടുക്കണം: “എല്ലാ മാലിന്യങ്ങളും തിന്മയുടെ എല്ലാ കണികകളും നീക്കിക്കളഞ്ഞ് നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന വചനം നിങ്ങളിൽ ഉൾനടാൻ വിനയപൂർവം ദൈവത്തെ അനുവദിക്കുക.” ദൈവവചനം പഠിക്കുമ്പോഴും യോഗങ്ങളിൽ ഹാജരാകുമ്പോഴും നമ്മുടെ മനസ്സിലും ഹൃദയത്തിലും സത്യത്തിന്റെ ‘വചനം ഉൾനടുകയാണ്.’ അതു നമുക്ക് അനുഭവിച്ചറിയാൻ കഴിയും. അപ്പോൾ ലോകം വെച്ചുനീട്ടുന്ന ഒന്നും നമ്മൾ ആഗ്രഹിക്കുകപോലുമില്ല. ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതി: “ലോകവുമായുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വമാണെന്നു നിങ്ങൾക്ക് അറിയില്ലേ? അതുകൊണ്ട് ലോകത്തിന്റെ സുഹൃത്താകാൻ ആഗ്രഹിക്കുന്ന ഏതൊരാളും തന്നെത്തന്നെ ദൈവത്തിന്റെ ശത്രു വാക്കിത്തീർക്കുന്നു.” (യാക്കോ. 4:4) അതുകൊണ്ടാണ് യഹോവയുടെ നീതിയുള്ള നിലവാരങ്ങളോടു പറ്റിനിൽക്കാനും ലോകത്തിൽനിന്ന് വേർപെട്ടിരിക്കാനും ബൈബിൾ നമ്മളെ ശക്തമായി ബുദ്ധിയുപദേശിക്കുന്നത്.
7 ലജ്ജാകരവും സന്മാർഗനിഷ്ഠയില്ലാത്തതും ആയ നടത്തയ്ക്കെതിരെ ദൈവവചനം നമുക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ലൈംഗിക അധാർമികത, ഏതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല. അവ വിശുദ്ധർക്കു യോജിച്ചതല്ല.” (എഫെ. 5:3) നമ്മുടെ മനസ്സ് അശ്ലീലത്തിലും ലജ്ജാകരവും അധഃപതിച്ചതും ആയ കാര്യങ്ങളിലും ചുറ്റിത്തിരിയാൻ അനുവദിക്കരുത്. നമ്മുടെ സംഭാഷണത്തിൽ അങ്ങനെയുള്ള കാര്യങ്ങളുടെ സൂചനപോലും അരുത്! യഹോവയുടെ ശുദ്ധിയുള്ളതും നീതിയുള്ളതും ആയ ധാർമികനിലവാരങ്ങളോടു പറ്റിനിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അങ്ങനെ നമുക്കു തെളിയിക്കാം.
വൃത്തിയും വെടിപ്പും
8 ആത്മീയമായും ധാർമികമായും ശുദ്ധി പാലിക്കുന്നതോടൊപ്പം ശാരീരികമായും ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യം ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. പുരാതനകാലത്ത് ഇസ്രായേലിൽ, വിശുദ്ധിയുടെ ദൈവമായ യഹോവ, പാളയം ശുദ്ധിയായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. നമ്മളും ശുദ്ധിയുള്ളവരായി ജീവിക്കണം. അങ്ങനെയാകുമ്പോൾ യഹോവ നമ്മളിൽ “മാന്യതയില്ലാത്ത എന്തെങ്കിലും” കണ്ടെത്തുകയില്ല.—ആവ. 23:14.
9 വിശുദ്ധിയും ശാരീരികശുദ്ധിയും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നെന്നു ബൈബിൾ പറയുന്നു. ഉദാഹരണത്തിനു പൗലോസ് എഴുതി: “പ്രിയപ്പെട്ടവരേ, . . . ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിച്ച് ദൈവഭയത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.” (2 കൊരി. 7:1) അതുകൊണ്ട്, ക്രിസ്തീയ പുരുഷന്മാരും സ്ത്രീകളും പതിവായി കുളിക്കുകയും വസ്ത്രങ്ങൾ അലക്കി വെടിപ്പാക്കുകയും ചെയ്യണം. ഇങ്ങനെ അവർക്കു ശരീരം വൃത്തിയുള്ളതായി സൂക്ഷിക്കാൻ കഴിയും. ഓരോ നാട്ടിലെയും സ്ഥിതിഗതികൾ വ്യത്യസ്തമാണെങ്കിലും, സോപ്പും വെള്ളവും മിക്കവാറും എല്ലായിടത്തും ലഭ്യമാണ്. ആയതിനാൽ, നമുക്കു ശരീരം വൃത്തിയായി സൂക്ഷിക്കാം. കുട്ടികൾ വൃത്തിയായി നടക്കുന്നെന്നു മാതാപിതാക്കൾക്കും ഉറപ്പാക്കാം.
10 നമ്മൾ സാക്ഷീകരണത്തിൽ ഏർപ്പെടുന്നതുകൊണ്ട് പൊതുവേ നമ്മുടെ ചുറ്റുപാടും താമസിക്കുന്നവരെല്ലാം നമ്മളെ അറിയാൻ ഇടയുണ്ട്. വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കുന്നതും നല്ല അടുക്കും ചിട്ടയും ഉണ്ടായിരിക്കുന്നതും അയൽക്കാർ കണ്ടാൽ അതുതന്നെ അവർക്ക് ഒരു സാക്ഷ്യമാണ്. വീട്ടിലെല്ലാവർക്കും ഇക്കാര്യത്തിൽ ചിലതൊക്കെ ചെയ്യാനുണ്ടാകും. സഹോദരന്മാർ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകതാത്പര്യമെടുക്കണം. വൃത്തിയുള്ള ഒരു മുറ്റവും നന്നായി പരിപാലിച്ചിരിക്കുന്ന ഒരു വീടും മറ്റുള്ളവരിൽ മതിപ്പുളവാക്കും. ആത്മീയകാര്യങ്ങളിൽ നേതൃത്വം വഹിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള കാര്യങ്ങളും ശ്രദ്ധിക്കുന്നത്, കുടുംബനാഥന്മാർ കുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നു എന്നതിന്റെ സൂചനയാണ്. (1 തിമൊ. 3:4, 12) സഹോദരിമാർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്, വിശേഷിച്ചും വീടിനകം പരിപാലിക്കുന്നതിൽ. (തീത്തോ. 2:4, 5) കുട്ടികളെ നന്നായി ശീലിപ്പിച്ചാൽ സ്വന്തം ശരീരവും മുറിയും മറ്റു സാമഗ്രികളും അവർ വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിച്ചുകൊള്ളും. ഇങ്ങനെ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ ദൈവരാജ്യത്തിൻകീഴിലെ പുതിയ ലോകത്തിന് ഇണങ്ങുന്ന ശുദ്ധിയുള്ള കുടുംബം വാർത്തെടുക്കാൻ നമുക്കു കഴിയും.
11 യഹോവയുടെ ജനത്തിൽ ധാരാളം പേർ ഇപ്പോൾ യോഗങ്ങൾക്കു വരുന്നതു സ്വന്തം വാഹനങ്ങളിലാണ്. ചില പ്രദേശങ്ങളിൽ ശുശ്രൂഷയ്ക്കു വാഹനം കൂടിയേ തീരൂ. ഏതു വാഹനമായാലും വൃത്തിയാക്കിയും യഥാസമയം കേടുപോക്കിയും ഉപയോഗിക്കണം. നമ്മുടെ വീടുകളും ഉപയോഗിക്കുന്ന വാഹനങ്ങളും നമ്മൾ വെടിപ്പും വിശുദ്ധിയും ഉള്ള ദൈവജനത്തിന്റെ ഭാഗമാണെന്നു തെളിയിക്കുന്നവയായിരിക്കണം. നമ്മുടെ സാക്ഷീകരണസാമഗ്രികൾ, ബൈബിൾ തുടങ്ങിയവയ്ക്കും ഈ തത്ത്വം ബാധകമാണ്.
12 നമ്മുടെ വേഷവിധാനം ദൈവികതത്ത്വങ്ങൾക്കു ചേർച്ചയിലുള്ളതായിരിക്കണം. ഒരു അധികാരിയുടെയോ പ്രധാനവ്യക്തിയുടെയോ മുമ്പാകെ അലക്ഷ്യമായോ അവസരത്തിന് ഇണങ്ങാത്തതോ ആയ വസ്ത്രം ധരിച്ചുകൊണ്ട് നമ്മൾ പോകുമോ? ഒരിക്കലുമില്ല! അങ്ങനെയെങ്കിൽ, വയൽശുശ്രൂഷയിലോ സ്റ്റേജിലോ യഹോവയെ പ്രതിനിധീകരിക്കുമ്പോൾ എത്രയധികം ശ്രദ്ധിക്കണം! നമ്മുടെ വേഷവിധാനരീതികൾ കണ്ടിട്ട്, നമ്മൾ യഹോവയ്ക്ക് അർപ്പിക്കുന്ന ആരാധനയെ ആളുകൾ വിലമതിപ്പോടെയോ മോശമായോ വിലയിരുത്താൻ ഇടയാകും എന്നോർക്കുക! അതുകൊണ്ട് മാന്യതയില്ലാത്ത, മറ്റുള്ളവരോടു പരിഗണനയില്ലാത്ത വേഷവിധാനം നമുക്ക് ഒട്ടും ചേർന്നതല്ല. (മീഖ 6:8; 1 കൊരി. 10:31-33; 1 തിമൊ. 2:9, 10) ശുശ്രൂഷയ്ക്കോ സഭായോഗങ്ങൾക്കോ സർക്കിട്ട് സമ്മേളനങ്ങൾക്കോ കൺവെൻഷനുകൾക്കോ പോകാൻ തയ്യാറെടുക്കുമ്പോൾ, തിരുവെഴുത്തുകൾ ശാരീരികശുദ്ധിയെക്കുറിച്ചും മാന്യമായ വസ്ത്രധാരണരീതിയെക്കുറിച്ചും എന്താണു പറയുന്നതെന്നു പ്രത്യേകം ഓർക്കുക. എല്ലായ്പോഴും നമ്മൾ യഹോവയെ ആദരിക്കാനും മഹത്ത്വപ്പെടുത്താനും ആഗ്രഹിക്കുന്നു.
ദൈവത്തിന്റെ സമർപ്പിതദാസരായ നമ്മൾ വാക്കിലും പ്രവൃത്തിയിലും യഹോവയുടെ മഹത്ത്വം പ്രതിഫലിപ്പിക്കാൻ കടപ്പെട്ടവരാണ്
13 നമ്മൾ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനമോ ഏതെങ്കിലും ബ്രാഞ്ചോഫീസോ സന്ദർശിക്കുമ്പോഴും മേൽപ്പറഞ്ഞവയെല്ലാം ബാധകമാണ്. ഓർക്കുക: ബഥേൽ എന്ന പേരിന്റെ അർഥം “ദൈവത്തിന്റെ ഭവനം” എന്നാണ്. അതുകൊണ്ട് അപ്പോഴും, രാജ്യഹാളിൽ യോഗങ്ങൾക്കു പോകുന്നതുപോലെതന്നെ ആയിരിക്കണം നമ്മുടെ വസ്ത്രധാരണവും ചമയവും.
14 നമ്മൾ വിനോദത്തിലോ ഔപചാരികമല്ലാത്ത മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുമ്പോഴും വസ്ത്രധാരണത്തിലും ചമയത്തിലും ശ്രദ്ധയുണ്ടായിരിക്കണം. സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഈ വേഷം ധരിച്ചാൽ അനൗപചാരികസാക്ഷീകരണം നടത്താൻ എനിക്ക് ഒരു മടി തോന്നുമോ?’
ഉന്മേഷം പകരുന്ന വിനോദവും ഉല്ലാസവും
15 സമനിലയും ആരോഗ്യവും ഉള്ളവരായിരിക്കാൻ വിശ്രമവും വിനോദവും ആവശ്യമാണ്. ഒരിക്കൽ യേശു തന്റെ ശിഷ്യന്മാരോട് ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി “അൽപ്പം വിശ്രമിക്കാം” എന്നു പറഞ്ഞു. (മർക്കോ. 6:31) വിശ്രമവും ഉല്ലാസവും ഉന്മേഷം പകരുന്ന വിനോദവും ഒക്കെ മനസ്സിനു കുളിർമ പകരും, വിരസത അകറ്റും. പതിവ് ജോലികൾ ഊർജസ്വലതയോടും ഉന്മേഷത്തോടും കൂടി ചെയ്യാൻ അത് ഉപകരിക്കും.
16 ഇന്നു പല തരത്തിലും രൂപത്തിലും വിനോദപരിപാടികൾ സുലഭമായതുകൊണ്ട് ക്രിസ്ത്യാനികൾ അവയിൽനിന്ന് നല്ല വിനോദങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ അവർ ദൈവികജ്ഞാനം പ്രകടമാക്കണം. വിനോദത്തിനു ജീവിതത്തിൽ ഒരു സ്ഥാനമുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ അതു ജീവിതത്തിലെ ഏറ്റവും വലിയ കാര്യമല്ലെന്ന് ഓർക്കണം. “അവസാനകാലത്ത്” ആളുകൾ “ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്ന”വരായിരിക്കുമെന്നു നമുക്കു മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്. (2 തിമൊ. 3:1, 4) വിനോദം, ഉല്ലാസം എന്നൊക്കെ പേരിട്ട് വിളിക്കുന്നവയിൽ ഏറിയ പങ്കും യഹോവയുടെ നീതിയുള്ള നിലവാരങ്ങളോടു ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയവയല്ല.
17 ഉല്ലാസത്തിനു പുറകേ പോകുന്ന ഒരു ലോകത്തിലാണ് ആദ്യകാലക്രിസ്ത്യാനികൾ ജീവിക്കേണ്ടിയിരുന്നത്. അതിന്റെ ഹാനികരമായ ചുറ്റുപാടുകളെ അവർ ചെറുത്തുനിൽക്കണമായിരുന്നു. ഉദാഹരണത്തിന്, റോമിലെ കായികാഭ്യാസ പ്രദർശനസ്ഥലങ്ങളിൽ മറ്റുള്ളവരെ ക്രൂരമായി ഉപദ്രവിക്കുന്നതും അവരെ വേദനിപ്പിക്കുന്നതും വിനോദങ്ങളായി അവതരിപ്പിച്ചിരുന്നു. കാണികൾ അവയൊക്കെ ആവേശത്തോടെ കണ്ട് രസിക്കും. അക്രമം, രക്തച്ചൊരിച്ചിൽ, ലൈംഗിക അധാർമികത അങ്ങനെ പലതും പൊതുജനങ്ങളുടെ ഉല്ലാസത്തിനായി അരങ്ങിൽ പച്ചയായി നടത്തിയിരുന്നു. എന്നാൽ ആദ്യകാലക്രിസ്ത്യാനികൾ ഈവക കാര്യങ്ങളിൽനിന്നെല്ലാം വിട്ടുനിന്നു. ആധുനികലോകത്തിന്റെ ഉല്ലാസങ്ങളിലും ഇവയെല്ലാം ഒരു മറയും കൂടാതെ കാണിക്കുന്നില്ലേ? മനുഷ്യരുടെ നികൃഷ്ടവും ഹീനവും ആയ വാസനകളെ ഉത്തേജിപ്പിക്കുന്നവയാണ് അവ. അതുകൊണ്ട് എങ്ങനെ ജീവിക്കുന്നു എന്ന കാര്യത്തിൽ നമ്മൾ ‘പ്രത്യേകം ശ്രദ്ധിക്കണം.’ അധമമായ ഉല്ലാസങ്ങളിൽനിന്നും വിനോദങ്ങളിൽനിന്നും നമ്മളും ഓടിയകലണം. (എഫെ. 5:15, 16; സങ്കീ. 11:5) ഒരു പ്രത്യേക ഉല്ലാസമോ വിനോദമോ മോശമല്ലായിരിക്കാം. പക്ഷേ, അതിന്റെ പശ്ചാത്തലവും അന്തരീക്ഷവും നമുക്കു സ്വീകാര്യമായിരിക്കണമെന്നില്ല.—1 പത്രോ. 4:1-4.
18 ക്രിസ്ത്യാനികൾക്കു രസിക്കുകയും ആസ്വദിക്കുകയും ചെയ്യാവുന്ന നല്ല തരം വിനോദങ്ങളും ഉല്ലാസങ്ങളും ഉണ്ട്. അനേകരും തിരുവെഴുത്തുബുദ്ധിയുപദേശങ്ങളിൽനിന്നും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വരുന്ന സമനിലയുള്ള നിർദേശങ്ങളിൽനിന്നും പ്രയോജനം നേടിയിരിക്കുന്നു.
19 ചിലപ്പോഴൊക്കെ, ക്രിസ്തീയകൂട്ടായ്മയ്ക്കുവേണ്ടി പല കുടുംബങ്ങളെ ഒരു വീട്ടിലേക്കു ക്ഷണിക്കാറുണ്ട്. അല്ലെങ്കിൽ ഒരു വിവാഹച്ചടങ്ങിനോ മറ്റ് ഏതെങ്കിലും കാര്യങ്ങൾക്ക് ഒത്തുകൂടാനോ സഹോദരന്മാരെയും സഹോദരിമാരെയും ക്ഷണിക്കും. (യോഹ. 2:2) അവിടെ നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ആതിഥേയർക്കുതന്നെയാണ്. വലിയ കൂട്ടങ്ങൾ കൂടിവരുന്നുണ്ടെങ്കിൽ ജാഗ്രത പുലർത്തണമെന്നു വ്യക്തം. അത്തരം കൂടിവരവുകളിലെ അത്ര കർശനമല്ലാത്ത, അയവുള്ള അന്തരീക്ഷം ചിലരെ ക്രിസ്തീയനിലവാരങ്ങളുടെ പരിധി ലംഘിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ചിലർ അമിതമായ തീറ്റിയിലും കുടിയിലും മറ്റു ഗൗരവമേറിയ ദുഷ്പ്രവൃത്തികളിലും ഉൾപ്പെടാനും ഇടയായിട്ടുണ്ട്. ഇക്കാര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട് വിവേകമുള്ള ക്രിസ്ത്യാനികൾ ജ്ഞാനപൂർവം കൂട്ടത്തിന്റെ വലുപ്പവും കൂടിവരവിന്റെ ദൈർഘ്യവും പരിമിതപ്പെടുത്തും. മദ്യം വിളമ്പുന്നുണ്ടെങ്കിൽ മിതമായ അളവിലേ ആകാവൂ. (ഫിലി. 4:5) ഈ സൗഹൃദക്കൂട്ടായ്മകൾ മനസ്സിനും ശരീരത്തിനും ഉന്മേഷവും ഊർജസ്വലതയും പകരുന്നതും ആത്മീയമായി നവോന്മേഷമേകുന്നതും ആയിരിക്കാൻ ആതിഥേയർ എല്ലാ ശ്രമവും ചെയ്തിട്ടുണ്ടെങ്കിൽ തീറ്റിയും കുടിയും ആയിരിക്കില്ല മുഖ്യകാര്യം.
20 അതിഥിപ്രിയമുള്ളവരായിരിക്കുന്നത് എത്ര നല്ലതാണ്! (1 പത്രോ. 4:9) ഒരു ഭക്ഷണവേളയ്ക്കോ എന്തെങ്കിലും ലഘുഭക്ഷണത്തിനോ വെറുതേയൊരു കൂട്ടായ്മയ്ക്കോ സംസാരവും കളിയും ചിരിയും ഒക്കെയായി അല്പസമയം ചെലവിടാനോ നമ്മുടെ വീട്ടിലേക്കു സഹോദരങ്ങളെ ക്ഷണിക്കാൻ നമ്മൾ തീരുമാനിച്ചേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ ക്ലേശങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും മാനസികവേദനകളിലൂടെയും ഒക്കെ കടന്നുപോകുന്ന സഹോദരങ്ങളെ മറക്കരുത്! (ലൂക്കോ. 14:12-14) ഇനി നമ്മൾ അതിഥികളാണെങ്കിലോ? നമ്മുടെ പെരുമാറ്റം മർക്കോസ് 12:31-ലെ വാക്കുകൾക്കു ചേർച്ചയിലായിരിക്കണം. മറ്റുള്ളവരുടെ സ്നേഹവായ്പിനും ദയയ്ക്കും നമ്മൾ എപ്പോഴും നന്ദിയും വിലമതിപ്പും പ്രകടിപ്പിക്കുന്നവരുമായിരിക്കണം.
21 ദൈവം നൽകുന്ന സമൃദ്ധമായ ദാനങ്ങളിൽ ക്രിസ്ത്യാനികൾ സന്തോഷിക്കുന്നു. ‘തിന്നുകുടിച്ച് (തങ്ങളുടെ) സകലകഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്താവുന്നതാണെന്നും’ അവർക്ക് അറിയാം. (സഭാ. 3:12, 13) “എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യു”ന്നെങ്കിൽ അതിഥികൾക്കും ആതിഥേയർക്കും, കഴിഞ്ഞുപോയ ആ കൂട്ടായ്മകൊണ്ട് തങ്ങൾ ആത്മീയമായി നവോന്മേഷം നേടി എന്നു സംതൃപ്തിയോടെ ഓർക്കാൻ കഴിയും.
സ്കൂൾ പ്രവർത്തനങ്ങൾ
22 യഹോവയുടെ സാക്ഷികളുടെ കുട്ടികൾ, അടിസ്ഥാനവിദ്യാഭ്യാസം നേടുന്നതിന്റെ പ്രയോജനം തിരിച്ചറിയുന്നു. സ്കൂളിലായിരിക്കെ നന്നായി എഴുതാനും വായിക്കാനും പഠിക്കുന്നതിൽ അവർ താത്പര്യമെടുക്കുന്നു. ആത്മീയലക്ഷ്യങ്ങൾ വെക്കാനും നേടിയെടുക്കാനും സ്കൂളിൽ പഠിപ്പിക്കുന്ന മറ്റു വിഷയങ്ങൾ ചെറുപ്രായക്കാരെ സഹായിക്കുന്നു. സ്കൂൾ പഠനകാലത്ത് ആത്മീയകാര്യങ്ങൾ ഒന്നാമതു വെച്ചുകൊണ്ട് ‘മഹാസ്രഷ്ടാവിനെ ഓർക്കാൻ’ അവർ നല്ല ശ്രമം ചെയ്യുന്നു.—സഭാ. 12:1.
23 നിങ്ങൾ യുവപ്രായത്തിലുള്ള ഒരു വിദ്യാർഥിയാണെങ്കിൽ സാക്ഷികളല്ലാത്ത ചെറുപ്പക്കാരുമായി അനാവശ്യകൂട്ടുകെട്ടിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. (2 തിമൊ. 3:1, 2) ഈ ലോകത്തിന്റെ സ്വാധീനങ്ങളിൽ പെട്ടുപോകാതിരിക്കാൻ നിങ്ങൾക്കു പലതും ചെയ്യാനാകും. നിങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ കരുതലുകൾ യഹോവ ചെയ്തിട്ടുണ്ടല്ലോ. (സങ്കീ. 23:4; 91:1, 2) അതുകൊണ്ട് നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ യഹോവയിൽനിന്നുള്ള ആ കരുതലുകൾ പ്രയോജനപ്പെടുത്തുക.—സങ്കീ. 23:5.
24 വിദ്യാഭ്യാസകാലത്ത് ലോകത്തിൽനിന്ന് വേർപെട്ടിരിക്കാൻവേണ്ടി മിക്ക യുവസാക്ഷികളും പാഠ്യേതരപ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നു. സഹപാഠികൾക്കും അധ്യാപകർക്കും ഇതിന്റെ കാരണം മനസ്സിലായെന്നുവരില്ല. എങ്കിലും, ദൈവത്തെ പ്രസാദിപ്പിക്കുന്നതാണു പ്രധാനകാര്യം. എന്നുവെച്ചാൽ, നിങ്ങൾ ബൈബിൾപരിശീലിതമായ മനസ്സാക്ഷി ഉപയോഗിച്ച് ലോകത്തിന്റെ മത്സരങ്ങളിലും ദേശീയതയിലും ഉൾപ്പെടില്ലെന്നു തീരുമാനമെടുക്കും എന്നു സാരം. (ഗലാ. 5:19, 26) യുവജനങ്ങളേ, ദൈവഭക്തിയുള്ള മാതാപിതാക്കൾ നൽകുന്ന തിരുവെഴുത്തുപദേശങ്ങൾ ശ്രദ്ധിക്കുക, സഭയിലെ നല്ല സൗഹൃദം ആസ്വദിക്കുക. അങ്ങനെ നിങ്ങൾക്ക് യഹോവയുടെ നീതിയുള്ള നിലവാരങ്ങളോടു പറ്റിനിൽക്കാൻ കഴിയും.
ജോലിയും സഹജോലിക്കാരും
25 കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള തിരുവെഴുത്തുപരമായ ചുമതല കുടുംബനാഥന്മാർക്കുണ്ട്. (1 തിമൊ. 5:8) എങ്കിലും ശുശ്രൂഷകരെന്ന നിലയിൽ തങ്ങളുടെ ജോലിക്ക്, ദൈവരാജ്യതാത്പര്യങ്ങളോടുള്ള ബന്ധത്തിൽ രണ്ടാം സ്ഥാനമാണുള്ളതെന്ന് അവർ തിരിച്ചറിയുന്നു. (മത്താ. 6:33; റോമ. 11:13) അവർ ദൈവഭക്തിയോടെ ജീവിക്കുന്നു. ഭക്ഷണം, വസ്ത്രം എന്നിവകൊണ്ട് തൃപ്തിപ്പെടുന്നു. അങ്ങനെ ഉത്കണ്ഠകളും ഒരു ഭൗതിക ജീവിതരീതിയുടെ കെണികളും അവർ ഒഴിവാക്കുന്നു.—1 തിമൊ. 6:6-10.
26 തൊഴിൽ ചെയ്യുന്ന എല്ലാ സമർപ്പിതക്രിസ്ത്യാനികളും ബൈബിൾതത്ത്വങ്ങൾ മനസ്സിൽപ്പിടിക്കണം. ഉപജീവനത്തിന് ആവശ്യമായവ നമുക്കു നേരായ വഴിയിലൂടെ സമ്പാദിക്കാനാകും. ദൈവനിയമമോ രാജ്യത്തെ നിയമമോ ലംഘിച്ചുകൊണ്ട് നമ്മൾ ഒരു വിധത്തിലും പണം ഉണ്ടാക്കുകയില്ലെന്ന് അർഥം. (റോമ. 13:1, 2; 1 കൊരി. 6:9, 10) മോശമായ സഹവാസത്തിന്റെ അപകടങ്ങൾ നമ്മൾ എപ്പോഴും ഓർക്കുന്നു. ക്രിസ്തുവിന്റെ പടയാളികളെന്ന നിലയിൽ ദൈവനിയമങ്ങൾ ലംഘിക്കുകയോ ക്രിസ്തീയനിഷ്പക്ഷതയിൽ വിട്ടുവീഴ്ച ചെയ്യുകയോ ആത്മീയത അപകടത്തിലാക്കുകയോ ചെയ്യുന്ന എല്ലാ വാണിജ്യസംരംഭങ്ങളിൽനിന്നും നമ്മൾ വിട്ടുനിൽക്കുന്നു. (യശ. 2:4; 2 തിമൊ. 2:4) വ്യാജമതസാമ്രാജ്യം, “ബാബിലോൺ എന്ന മഹതി,” ദൈവത്തിന്റെ ശത്രുവാണ്. അവളുമായി നമുക്കു യാതൊരു ബന്ധവുമില്ല.—വെളി. 18:2, 4; 2 കൊരി. 6:14-17.
27 നമ്മൾ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളോടു പറ്റിനിൽക്കുന്നെങ്കിൽ, ക്രിസ്തീയകൂടിവരവുകളുടെ സമയങ്ങൾ ബിസിനെസ്സ് ആവശ്യങ്ങൾക്കോ വ്യക്തിപരമായ കാര്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കുകയില്ല. ക്രിസ്തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും കൂടിവരുന്നത് യഹോവയെ ആരാധിക്കാൻവേണ്ടി മാത്രമാണ്. നമ്മൾ യഹോവയുടെ ആത്മീയമേശയിൽനിന്ന് ഭക്ഷിക്കുന്നു, “പരസ്പരം പ്രോത്സാഹനം” നേടുന്നു. (റോമ. 1:11, 12; എബ്രാ. 10:24, 25) അത്തരം കൂടിവരവുകളും സഹവാസവും എല്ലായ്പോഴും ഒരു ആത്മീയതലത്തിൽത്തന്നെ നിലനിറുത്താൻ ശ്രദ്ധിക്കണം.
ക്രിസ്തീയമായ ഐക്യത്തോടെ കഴിയുക
28 യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കണമെങ്കിൽ ദൈവജനം, തങ്ങളെ ‘ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്തണം.’ (എഫെ. 4:1-3) സ്വന്തം സന്തോഷവും സുഖവും മാത്രം നോക്കുന്നതിനു പകരം ഓരോരുത്തരും മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനും കൂടി കരുതണം. (1 തെസ്സ. 5:15) നിങ്ങളുടെ സഭയിൽ അത്തരമൊരു മനോഭാവമല്ലേ കാണുന്നത്? നമ്മുടെ വർഗം, ദേശം, സാമൂഹികമോ സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയ പശ്ചാത്തലം ഒക്കെ വ്യത്യസ്തമായിരിക്കാം. പക്ഷേ, എല്ലാവരെയും നയിക്കുന്നതു നീതിയുള്ള ഒരേ തത്ത്വങ്ങളാണ്. സാക്ഷികളല്ലാത്തവർപോലും യഹോവയുടെ ജനത്തിനുള്ള ഈ പ്രത്യേകത തിരിച്ചറിഞ്ഞിരിക്കുന്നു.—1 പത്രോ. 2:12.
29 ഐക്യത്തിനുള്ള അടിസ്ഥാനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് പൗലോസ് അപ്പോസ്തലൻ എഴുതി: “ഒരേ പ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചിരിക്കുന്നതുപോലെതന്നെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒന്ന്, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്. എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും എല്ലാവരിലൂടെയും പ്രവർത്തിക്കുന്നവനും ആയി എല്ലാവരുടെയും ദൈവവും പിതാവും ആയവനും ഒരുവൻ മാത്രം.” (എഫെ. 4:4-6) അടിസ്ഥാന ബൈബിളുപദേശങ്ങളും ആഴമേറിയ ബൈബിൾപഠിപ്പിക്കലുകളും ഒരേ വിധത്തിലായിരിക്കണം എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ടത് എന്ന് ഈ തിരുവെഴുത്തു നമ്മളോടു പറയുന്നു. യഹോവയുടെ പരമാധികാരം അംഗീകരിക്കുന്നെന്ന് ഇതിലൂടെ തെളിയിക്കുകയാണു നമ്മൾ. യഹോവ തന്റെ ജനത്തിനു സത്യത്തിന്റെ ശുദ്ധമായ ഒരു ഭാഷ നൽകിയിരിക്കുന്നു. അങ്ങനെ അവർക്കു തോളോടുതോൾ ചേർന്ന് സേവിക്കാൻ കഴിയുന്നു.—സെഫ. 3:9.
30 ക്രിസ്തീയസഭയിലെ ഐക്യവും സമാധാനവും യഹോവയുടെ ആരാധകർക്കെല്ലാം നവോന്മേഷത്തിന്റെ ഉറവാണ്. യഹോവയുടെ പിൻവരുന്ന ഈ വാഗ്ദാനത്തിന്റെ സത്യത നമ്മൾ അനുഭവിച്ചറിയുന്നു: “ഞാൻ അവരെ തൊഴുത്തിലെ ആടുകളെപ്പോലെ . . . ഒരുമിച്ചുചേർക്കും.” (മീഖ 2:12) യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് നമ്മൾ സമാധാനപൂർണമായ ആ ഐക്യം നിലനിറുത്താൻ ആഗ്രഹിക്കുന്നു.
31 യഹോവയുടെ ശുദ്ധമായ സഭയിലേക്കു സ്വാഗതം ലഭിച്ചിരിക്കുന്ന എല്ലാവരും സന്തുഷ്ടരാണ്, അത് ഒരു അനുഗ്രഹവുമാണ്! യഹോവയുടെ നാമത്തിൽ അറിയപ്പെടുക എന്ന പദവി നമ്മൾ ചെയ്യേണ്ടിവരുന്ന ഏതു ത്യാഗത്തെക്കാളും മൂല്യമുള്ളതാണ്. യഹോവയുമായുള്ള നമ്മുടെ അമൂല്യബന്ധം നിലനിറുത്തിക്കൊണ്ടുപോകവെ, ആ നീതിയുള്ള നിലവാരങ്ങളോടു പറ്റിനിൽക്കാൻ നമുക്ക് ആത്മാർഥമായി പരിശ്രമിക്കാം. മറ്റുള്ളവരോട് അതെക്കുറിച്ച് ഘോഷിക്കുകയും ചെയ്യാം.—2 കൊരി. 3:18.