അധ്യായം 17
യഹോവയുടെ സംഘടനയോടു ചേർന്നുനിൽക്കുക
ശിഷ്യനായ യാക്കോബ് എഴുതി: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോ. 4:8) അതെ, അപൂർണരായ നമ്മുടെ വികാരവിചാരങ്ങൾ അറിയാൻ പറ്റാത്തത്ര ഉയരത്തിലല്ല യഹോവ വസിക്കുന്നത്, അത്ര അകലത്തിലുമല്ല. (പ്രവൃ. 17:27) നമുക്ക് എങ്ങനെ ദൈവത്തോട് അടുത്ത് ചെല്ലാൻ കഴിയും? യഹോവയുമായി ഒരു ആത്മബന്ധം വളർത്തിയെടുത്തുകൊണ്ട് അതു ചെയ്യാം. അതിന് ആത്മാർഥവും തീവ്രവും ആയ പ്രാർഥന ഒഴിച്ചുകൂടാനാകാത്തതാണ്. (സങ്കീ. 39:12) ദൈവത്തിന്റെ വചനമായ ബൈബിൾ പതിവായി പഠിച്ചുകൊണ്ടും ദൈവവുമായി നമുക്ക് ആത്മബന്ധം വളർത്താം. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് യഹോവയെ അറിയാൻ കഴിയും, യഹോവയുടെ ഉദ്ദേശ്യങ്ങൾ അറിയാൻ കഴിയും, നമ്മളെക്കുറിച്ചുള്ള ദൈവേഷ്ടം അറിയാൻ കഴിയും. (2 തിമൊ. 3:16, 17) അങ്ങനെ നമ്മൾ ദൈവത്തെ സ്നേഹിക്കാൻ പഠിക്കുന്നു, ദൈവത്തെ വെറുപ്പിക്കാതിരിക്കാൻ ഭയാദരവ് നമ്മുടെ ഉള്ളിൽ വളർന്നുവരുന്നു.—സങ്കീ. 25:14.
2 യഹോവയോടുള്ള അടുപ്പം മകനായ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. (യോഹ. 17:3; റോമ. 5:10) യഹോവയുടെ മനസ്സ് ഇതിലും മെച്ചമായി നമുക്കു വെളിപ്പെടുത്തിത്തരാൻ യേശുവിനല്ലാതെ മറ്റൊരു മനുഷ്യനും കഴിയുകയില്ല. പിതാവുമായി അത്ര ആത്മബന്ധമുണ്ടായിരുന്നതുകൊണ്ട് യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “പുത്രൻ ആരാണെന്നു പിതാവല്ലാതെ ആരും അറിയുന്നില്ല. പിതാവ് ആരാണെന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ താത്പര്യപ്പെടുന്നവനും അല്ലാതെ ആരും അറിയുന്നില്ല.” (ലൂക്കോ. 10:22) സുവിശേഷങ്ങളിൽ വെളിപ്പെട്ടിരിക്കുന്ന യേശുവിന്റെ ചിന്തയെയും വികാരങ്ങളെയും കുറിച്ച് ആഴത്തിൽ പഠിക്കുമ്പോൾ നമ്മൾ ഫലത്തിൽ യഹോവയുടെ ചിന്തകളെയും വികാരങ്ങളെയും അടുത്ത് അറിയുകയാണ്. ആ അറിവ് നമ്മളെ നമ്മുടെ ദൈവത്തോട് ഒന്നുകൂടി അടുപ്പിക്കുന്നു.
3 ദൈവപുത്രന്റെ ശിരഃസ്ഥാനത്തിൻകീഴിൽ, ദൈവത്തിന്റെ ഇഷ്ടം ചെയ്യേണ്ട വിധം മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന സംഘടനയുടെ ദൃശ്യഭാഗത്തോടു ചേർന്നുനിന്നുകൊണ്ട് നമുക്ക് യഹോവയുമായി ഒരു ഉറ്റബന്ധത്തിലേക്കു വരാനാകും. മത്തായി 24:45-47-ൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ നമ്മുടെ യജമാനനായ യേശുക്രിസ്തു വിശ്വാസത്താൽ ഒരു കുടുംബമായിത്തീർന്നവർക്ക്, “തക്കസമയത്ത് ഭക്ഷണം” കൊടുക്കാനായി “വിശ്വസ്തനും വിവേകിയും ആയ അടിമ”യെ നിയമിച്ചിട്ടുണ്ട്. വിശ്വസ്തനായ ഈ അടിമ നമുക്ക് ഇന്ന് ആത്മീയഭക്ഷണം സമൃദ്ധമായി നൽകുന്നു. ഈ സരണിയിലൂടെ, തന്റെ വചനമായ ബൈബിൾ ദിവസവും വായിക്കാനും യോഗങ്ങളിൽ പതിവായി സംബന്ധിക്കാനും ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ പ്രസംഗിക്കുന്നതിൽ അർഥവത്തായ പങ്കുണ്ടായിരിക്കാനും യഹോവ നമ്മളെ ഉപദേശിക്കുന്നു. (മത്താ. 24:14; 28:19, 20; യോശു. 1:8; സങ്കീ. 1:1-3) വിശ്വസ്തനായ അടിമയെക്കുറിച്ച് ഒരു മാനുഷികകാഴ്ചപ്പാടുണ്ടായിരിക്കാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കുകയില്ല. യഹോവയുടെ സംഘടനയുടെ ദൃശ്യഭാഗത്തോടു ചേർന്നുനിൽക്കാനും അതു നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും നമ്മൾ ശ്രമിക്കണം. ഇങ്ങനെ ചേർന്നുനിൽക്കുന്നത്, നമ്മുടെ ദൈവമായ യഹോവയിലേക്കു നമ്മളെ കൂടുതൽ അടുപ്പിക്കും, പരിശോധനകളുണ്ടാകുമ്പോൾ നമ്മളെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യും.
പരിശോധനകൾ കൂടിവരുന്നത് എന്തുകൊണ്ട്?
4 നിങ്ങൾ സത്യം സ്വീകരിച്ചിട്ട് ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകും. അങ്ങനെയെങ്കിൽ വിശ്വാസത്തിന്റെ പരിശോധനകൾ സഹിച്ചുനിൽക്കുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്നു നിങ്ങൾക്ക് അറിയാം. ഇനി, അടുത്ത കാലത്താണു നിങ്ങൾ യഹോവയെ അറിയുകയും ദൈവജനത്തോടൊപ്പം സഹവസിക്കാൻ തുടങ്ങുകയും ചെയ്തതെങ്കിലോ? യഹോവയുടെ പരമാധികാരത്തിനു കീഴ്പെടുന്ന എല്ലാവരെയും പിശാചായ സാത്താൻ എതിർക്കുമെന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. (2 തിമൊ. 3:12) നിങ്ങൾ സത്യത്തിനുവേണ്ടി വളരെ കഷ്ടപ്പാടു സഹിച്ചിട്ടുണ്ടായിരിക്കാം. അല്ലെങ്കിൽ അത്രയേറെ സഹിക്കേണ്ടിവന്നിട്ടില്ലായിരിക്കാം. എന്തായിരുന്നാലും, ഭയപ്പെടേണ്ട കാര്യമില്ല, നിരുത്സാഹപ്പെടുകയും വേണ്ടാ. കാരണം, നിങ്ങളെ പുലർത്തുമെന്നും വിടുതലും നിത്യജീവനും നിങ്ങൾക്കു പ്രതിഫലമായി നൽകുമെന്നും യഹോവ വാക്കു തന്നിരിക്കുന്നു.—എബ്രാ. 13:5, 6; വെളി. 2:10.
5 സാത്താന്റെ വ്യവസ്ഥിതിയുടെ ശേഷിക്കുന്ന ഈ സമയത്ത്, ഇനിയങ്ങോട്ടും നമ്മളെല്ലാം പലവിധ പരിശോധനകൾ നേരിടേണ്ടിവരും. 1914-ൽ ദൈവരാജ്യം സ്ഥാപിതമായതുമുതൽ സാത്താനു സ്വർഗത്തിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അവൻ ഭൂമിയിലേക്ക് എറിയപ്പെട്ടു. അന്നുമുതൽ അവനെയും ദുഷ്ടദൂതന്മാരെയും ഇവിടെ മാത്രമായി ഒതുക്കിനിറുത്തിയിരിക്കുന്നു. ഭൂമിയിൽ കഷ്ടതകൾ വർധിച്ചുവരുന്നതും യഹോവയുടെ സമർപ്പിതദാസന്മാരുടെ മേൽ ഉപദ്രവങ്ങൾ തീവ്രമാകുന്നതും സാത്താന്റെ ക്രോധത്തിന്റെ തെളിവാണ്. അതുപോലെ, മാനവരാശിയുടെ മേലുള്ള അവന്റെ ദുർഭരണത്തിന്റെ അന്ത്യദിനങ്ങളിലാണു നമ്മൾ ജീവിക്കുന്നതെന്നും ഇതു തെളിയിക്കുന്നു.—വെളി. 12:1-12.
6 സാത്താൻ ഇപ്പോൾ ആയിരിക്കുന്ന അധമസ്ഥിതിയിൽ അവൻ അങ്ങേയറ്റം ക്ഷുഭിതനാണ്. തനിക്കു ചുരുങ്ങിയ സമയമേ ഉള്ളൂ എന്ന് അവന് അറിയാം. തന്റെ ഭൂതങ്ങളോടൊപ്പം അവൻ ഏതു വിധേനയും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതിനു തടയിടാനും യഹോവയുടെ ദാസന്മാരുടെ ഐക്യം തകർക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആത്മീയയുദ്ധമുന്നണിയിലാണു നമ്മളെന്ന് ഇതു കാണിക്കുന്നു: “നമ്മുടെ പോരാട്ടം മാംസത്തോടും രക്തത്തോടും അല്ല, ഗവൺമെന്റുകളോടും അധികാരങ്ങളോടും ഈ അന്ധകാരലോകത്തിന്റെ ചക്രവർത്തിമാരോടും സ്വർഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോടും ആണ്.” യഹോവയുടെ പക്ഷത്ത് നിലയുറപ്പിച്ച് ജയശാലികളായി പുറത്ത് വരണമെങ്കിൽ നമ്മൾ പോരാട്ടത്തിൽ മടുത്ത് പിന്മാറരുത്, നമ്മുടെ ആത്മീയപടക്കോപ്പിൽ ഒന്നിനും ഒരു കുറവും വരാതെ സൂക്ഷിക്കണം. “പിശാചിന്റെ കുടിലതന്ത്രങ്ങളോടു” നമ്മൾ എതിർത്തുനിൽക്കണം. (എഫെ. 6:10-17) അതിനു നമുക്കു സഹനശക്തി കൂടിയേ തീരൂ.
സഹനശക്തി വളർത്തുക
7 ബുദ്ധിമുട്ടിലും പ്രതിസന്ധിഘട്ടങ്ങളിലും സമ്മർദങ്ങളിലും സഹിച്ചുനിൽക്കാനോ പിടിച്ചുനിൽക്കാനോ ഉള്ള കഴിവാണു സഹനശക്തി എന്നു പറയാം. ഇതിനെ ഒരു ആത്മീയാർഥത്തിൽ നമുക്കൊന്നു ചിന്തിച്ചുനോക്കാം: ക്ലേശങ്ങൾ, എതിർപ്പ്, ഉപദ്രവങ്ങൾ എന്നിവയും ദൈവത്തോടുള്ള വിശ്വസ്തതയിൽനിന്ന് നമ്മളെ അകറ്റിക്കളയാൻവേണ്ടി മനഞ്ഞെടുക്കുന്ന ഉപാധികളും ഗണ്യമാക്കാതെ ശരിയായതു ചെയ്യുന്നതിനുവേണ്ടി ഉറച്ചുനിൽക്കുക എന്നതാണു സഹനശക്തിയുടെ അർഥം. ക്രിസ്ത്യാനികൾക്കു വേണ്ട ഈ ഗുണം വളർത്തിയെടുത്തേ തീരൂ. അതിനു സമയമെടുക്കും. നമ്മൾ ആത്മീയപുരോഗതി വരുത്തുംതോറും സഹനശക്തിയും വർധിക്കും. നമ്മുടെ ക്രിസ്തീയ ജീവിതഗതിയുടെ തുടക്കത്തിലുണ്ടാകുന്ന വിശ്വാസത്തിന്റെ ചെറിയചെറിയ പരിശോധനകളെ സഹിച്ചുനിൽക്കുമ്പോൾ നമ്മൾ ആത്മീയമായി ശക്തരാകുകയാണ്. ഇതു വരാനിരിക്കുന്ന കാഠിന്യമേറിയ പരിശോധനകളെ നേരിടാൻ നമ്മളെ സജ്ജരാക്കും. (ലൂക്കോ. 16:10) വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള തീരുമാനമെടുക്കാൻ വലിയ പരിശോധനകൾ വരട്ടെ എന്നു കരുതി കാത്തിരിക്കരുത്. പരിശോധനകൾ വരുന്നതിനു മുമ്പുതന്നെ നമ്മൾ ഉറച്ച തീരുമാനമെടുത്തിരിക്കണം. മറ്റു സദ്ഗുണങ്ങളോടൊപ്പം സഹനശക്തിയും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യം എടുത്തുകാണിച്ചുകൊണ്ട് പത്രോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങൾ കഠിനശ്രമം ചെയ്ത് നിങ്ങളുടെ വിശ്വാസത്തോടു നന്മയും നന്മയോട് അറിവും അറിവിനോട് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തോടു സഹനശക്തിയും സഹനശക്തിയോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രിയവും സഹോദരപ്രിയത്തോടു സ്നേഹവും ചേർക്കുക.”—2 പത്രോ. 1:5-7; 1 തിമൊ. 6:11.
പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അവയെ നേരിടുകയും വിജയിക്കുകയും ചെയ്യുന്നതനുസരിച്ച് നമ്മിൽ സഹനശക്തി ദിനംപ്രതി വളർന്നുവരും
8 സഹനശക്തി വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് യാക്കോബ് തന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതി: “എന്റെ സഹോദരങ്ങളേ, നിങ്ങൾക്കു വിവിധപരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ സന്തോഷിക്കുക. കാരണം പരിശോധനകളിലൂടെ മാറ്റു തെളിയുന്ന വിശ്വാസം നിങ്ങൾക്കു സഹനശക്തി പകരും. നിങ്ങളുടെ സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീകരിക്കട്ടെ. അങ്ങനെ നിങ്ങൾ ഒന്നിലും കുറവില്ലാത്തവരായി പൂർണരും എല്ലാം തികഞ്ഞവരും ആകും.” (യാക്കോ. 1:2-4) പരീക്ഷണങ്ങൾ വരുമ്പോൾ ക്രിസ്ത്യാനികൾ അവ സ്വാഗതം ചെയ്യുകയും അവയിൽ സന്തോഷിക്കുകയും വേണം എന്നു യാക്കോബ് പറയുന്നു. കാരണം, നമ്മിൽ സഹനശക്തി വളർത്താൻ ഇവയ്ക്കു കഴിയും. നിങ്ങൾ ആ വഴിക്കു ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ക്രിസ്തീയവ്യക്തിത്വം തികവുറ്റതാക്കാനും നമ്മളെ ദൈവത്തിനു പൂർണമായി സ്വീകാര്യരാക്കാനും സഹനശക്തിക്കു ചിലതു ചെയ്യാനുണ്ടെന്നു യാക്കോബ് തുടർന്ന് പറയുന്നു. പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അവയെ നേരിടുകയും വിജയിക്കുകയും ചെയ്യുന്നതനുസരിച്ച് നമ്മിൽ സഹനശക്തി ദിനംപ്രതി വളർന്നുവരും. സഹനശക്തി, നമുക്ക് ആവശ്യമുള്ള മറ്റു ചില അഭിലഷണീയഗുണങ്ങൾ വളർത്തിക്കൊണ്ടുവരുകയും ചെയ്യും.
9 നമ്മൾ സഹനശക്തിയോടെ തുടരുന്നത് യഹോവയെ പ്രസാദിപ്പിക്കും. നമുക്കു നിത്യജീവൻ എന്ന പ്രതിഫലം നൽകാൻ അത് യഹോവയെ പ്രേരിപ്പിക്കും. യാക്കോബ് കൂടുതലായി ഇങ്ങനെ പറഞ്ഞു: “പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ. തന്നെ എപ്പോഴും സ്നേഹിക്കുന്നവർക്ക് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം, പരീക്ഷണങ്ങളിൽ വിജയിക്കുന്നവർക്കു ലഭിക്കും.” (യാക്കോ. 1:12) അതെ, നമ്മുടെ മുന്നിലുള്ള നിത്യജീവൻ എന്ന പ്രത്യാശയോടെയാണു നമ്മൾ സഹിച്ചുനിൽക്കുന്നത്. സഹനശക്തിയില്ലെങ്കിൽ നമുക്കു സത്യത്തിൽ നിലനിൽക്കാൻ കഴിയില്ല. ലോകത്തിന്റെ സമ്മർദങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു ലോകത്തിലേക്കു തിരിച്ചുപോകാൻ ഇടയാക്കുകയേ ഉള്ളൂ. സഹനശക്തി കൂടാതെ നമ്മിൽ യഹോവയുടെ ആത്മാവ് വ്യാപരിക്കുകയില്ല. ആത്മാവിന്റെ ഫലം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുകയുമില്ല.
10 ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മൾ അനുഭവിക്കുന്ന കഷ്ടതകളെ, ശരിയായ മനോഭാവത്തോടെ കണ്ടാലേ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഇക്കാലത്ത് സഹിച്ചുനിൽക്കാനാകൂ. യാക്കോബിന്റെ വാക്കുകൾ ഓർക്കുക: “അതിൽ സന്തോഷിക്കുക!” ഇത് അത്ര എളുപ്പമായിരിക്കില്ല, വിശേഷിച്ചും ശാരീരികബുദ്ധിമുട്ടുകളോ മാനസികവ്യഥയോ അനുഭവിക്കേണ്ടിവരുമ്പോൾ! എന്നാൽ ഉൾപ്പെട്ടിരിക്കുന്നതു നമ്മുടെ ഭാവിജീവനാണെന്ന കാര്യം മറക്കരുത്. കഷ്ടതകളുണ്ടാകുമ്പോൾ സന്തോഷിക്കേണ്ടത് എങ്ങനെയാണെന്നു കാണാൻ അപ്പോസ്തലന്മാരുടെ ഒരു അനുഭവം സഹായിക്കും. പ്രവൃത്തികളുടെ പുസ്തകത്തിൽ കാണുന്ന ആ വിവരണം ഇതാണ്: “അവർ അപ്പോസ്തലന്മാരെ വിളിച്ചുവരുത്തി അടിപ്പിച്ചിട്ട്, മേലാൽ യേശുവിന്റെ നാമത്തിൽ സംസാരിക്കരുതെന്ന് ആജ്ഞാപിച്ച് വിട്ടയച്ചു. എന്നാൽ യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് അവർ സൻഹെദ്രിന്റെ മുന്നിൽനിന്ന് പോയി.” (പ്രവൃ. 5:40, 41) അനുഭവിക്കേണ്ടിവന്ന ഈ എതിർപ്പും ഉപദ്രവങ്ങളും യേശുവിന്റെ കല്പന തങ്ങൾ അനുസരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണെന്ന് അവർ മനസ്സിലാക്കി. തങ്ങൾക്ക് യഹോവയുടെ അംഗീകാരമുണ്ടെന്നും അവർക്കു മനസ്സിലായി. വർഷങ്ങൾക്കു ശേഷം ദൈവപ്രചോദിതമായി തന്റെ ആദ്യലേഖനം എഴുതുമ്പോൾ, നീതിക്കുവേണ്ടി ഇതുപോലുള്ള കഷ്ടതകൾ സഹിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് പത്രോസ് പറയുകയുണ്ടായി.—1 പത്രോ. 4:12-16.
11 പൗലോസും ശീലാസും ഉൾപ്പെട്ടതാണു മറ്റൊരു അനുഭവം. ഫിലിപ്പി നഗരത്തിൽ അവർ മിഷനറിപ്രവർത്തനം നടത്തുകയായിരുന്നു. നഗരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്നും നിയമവിരുദ്ധമായ ആചാരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപിച്ച് അവരെ അറസ്റ്റ് ചെയ്തു. പിന്നെ അവരെ ക്രൂരമായി അടിക്കുകയും ജയിലിലാക്കുകയും ചെയ്തു. മുറിവുകളൊന്നും വെച്ചുകെട്ടാതെയാണ് അവരെ ജയിലിലാക്കിയത്. ആ അവസ്ഥയിലും അവർ എന്തു ചെയ്തെന്നു ബൈബിൾ പറയുന്നു: “പാതിരാത്രിയാകാറായപ്പോൾ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തെ പാടി സ്തുതിക്കുകയും ചെയ്യുകയായിരുന്നു; തടവുകാർ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.” (പ്രവൃ. 16:16-25) തങ്ങൾക്കു നേരിട്ട ഈ കഷ്ടതകളെ പൗലോസും കൂട്ടാളിയും എങ്ങനെയാണു കണ്ടത്? ക്രിസ്തുവിനുവേണ്ടിയുള്ള ഈ കഷ്ടതകൾ ദൈവത്തിനും മനുഷ്യർക്കും മുമ്പാകെയുള്ള തങ്ങളുടെ വിശ്വസ്തതയുടെ തെളിവായി അവർ കണ്ടു. അതു മാത്രമല്ല, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത കേൾക്കാൻ ചായ്വ് കാണിച്ചേക്കാവുന്നവർക്കു കൂടുതലായ സാക്ഷ്യം നൽകാനുള്ള ഒരു അവസരമായി ഉതകുമെന്നും അവർ കണ്ടു. ഇവിടെ മറ്റുള്ളവരുടെ ജീവനും ഉൾപ്പെട്ടിരുന്നു. ആ രാത്രിയിൽത്തന്നെ ജയിലധികാരിയും കുടുംബവും സന്തോഷവാർത്ത ശ്രദ്ധിക്കുകയും ശിഷ്യരായിത്തീരുകയും ചെയ്തു. (പ്രവൃ. 16:26-34) പൗലോസും ശീലാസും യഹോവയിൽ വിശ്വാസമർപ്പിച്ചു. യഹോവയുടെ ശക്തിയിൽ ആശ്രയിച്ചു. കഷ്ടപ്പാടുകളുടെ സമയങ്ങളിൽ തങ്ങളെ പുലർത്താൻ യഹോവയ്ക്കു മനസ്സുണ്ടെന്നും അവർ ഉറച്ചുവിശ്വസിച്ചു. അവരുടെ പ്രതീക്ഷകൾ വെറുതേയായില്ല!
12 ഈ ആധുനികകാലത്തും പരിശോധനയുടെ സമയങ്ങളിൽ നമ്മളെ പുലർത്താൻ ആവശ്യമായതെല്ലാം യഹോവ നൽകിയിട്ടുണ്ട്. നമ്മൾ സഹിച്ചുനിൽക്കാൻ യഹോവ ആഗ്രഹിക്കുന്നു. തന്റെ പ്രചോദനത്താൽ എഴുതിയ വചനത്തിലൂടെ തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് ദൈവം നമുക്കു പകർന്നുതന്നിരിക്കുന്നു. വിശ്വാസം വളർന്നുബലപ്പെടാൻ ഇത് ഇടയാക്കുന്നു. നമുക്കു സഹോദരങ്ങളുമായി സഹവസിക്കാനും വിശുദ്ധസേവനം അർപ്പിക്കാനും അവസരങ്ങളുണ്ട്. പ്രാർഥനയിലൂടെ യഹോവയുമായി ഉറ്റബന്ധം നിലനിറുത്തിക്കൊണ്ടുപോകാനുള്ള പദവിയും നമുക്കു തന്നിരിക്കുന്നു. നമ്മുടെ സ്തുതിവചനങ്ങൾക്ക് യഹോവ കാതോർക്കുന്നു. തന്റെ മുമ്പാകെ ശുദ്ധിയുള്ളവരായി ജീവിക്കാനുള്ള സഹായം നൽകേണമേ എന്നുള്ള ആത്മാർഥമായ യാചനകൾക്കും യഹോവ ചെവി ചായിക്കുന്നു. (ഫിലി. 4:13) നമുക്കു മുമ്പിലുള്ള പ്രത്യാശയെക്കുറിച്ച് ധ്യാനിക്കുന്നതിൽനിന്ന് ലഭിക്കുന്ന ശക്തി ഒട്ടും കുറച്ചുകാണരുത്.—മത്താ. 24:13; എബ്രാ. 6:18; വെളി. 21:1-4.
വിവിധങ്ങളായ പരിശോധനകൾ സഹിച്ചുനിൽക്കുക
13 നമ്മൾ ഇന്നു നേരിടുന്ന പരിശോധനകൾ യേശുക്രിസ്തുവിന്റെ ആദ്യകാലശിഷ്യന്മാർ നേരിട്ടതിനോടു വളരെ സമാനതയുള്ളതാണ്. ഇക്കാലത്ത്, യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എതിരാളികൾ നമ്മളെ വാക്കുകൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. അപ്പോസ്തലന്മാരുടെ കാലത്ത് എന്നതുപോലെതന്നെ എതിർപ്പുകളിലേറെയും ഇളക്കിവിടുന്നതു മതഭ്രാന്തന്മാരാണ്. ദൈവവചനം അവരുടെ തെറ്റായ ഉപദേശങ്ങളും ആചാരങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നതുകൊണ്ടാണ് അവർ ഇതു ചെയ്യുന്നത്. (പ്രവൃ. 17:5-9, 13) ഗവൺമെന്റുകൾ വ്യവസ്ഥചെയ്തിരിക്കുന്ന നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതു പലപ്പോഴും യഹോവയുടെ ജനത്തിന് ആശ്വാസമായിത്തീരുന്നു. (പ്രവൃ. 22:25; 25:11) എന്നാൽ, നമ്മുടെ ക്രിസ്തീയശുശ്രൂഷ നിറുത്തലാക്കുകയെന്ന ഉദ്ദേശ്യത്തിൽ ചില ഭരണാധികാരികൾ നമ്മുടെ പ്രവർത്തനത്തിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. (സങ്കീ. 2:1-3) ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ധൈര്യപൂർവം അപ്പോസ്തലന്മാരുടെ മാതൃക അനുകരിക്കുന്നു. അവർ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.”—പ്രവൃ. 5:29.
14 ലോകമെമ്പാടും ദേശീയവികാരങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. അതുകൊണ്ടുതന്നെ, ദൈവരാജ്യപ്രസംഗകർക്കു തങ്ങളെ ദൈവം ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷ നിറുത്തിക്കളയാനുള്ള സമ്മർദം ഏറിയേറിവരുന്നു. “കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ” ആരാധിക്കുന്നതിനെക്കുറിച്ച് വെളിപാട് 14:9-12-ൽ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പിന്റെ പ്രസക്തി എല്ലാ ദൈവദാസന്മാരും ഏറെ മെച്ചമായി മനസ്സിലാക്കുന്നു. യോഹന്നാൻ അപ്പോസ്തലന്റെ പിൻവരുന്ന വാക്കുകൾക്ക് എത്ര പ്രാധാന്യമുണ്ടെന്ന് ഇന്നു നമുക്ക് അറിയാം: “ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം മുറുകെ പിടിക്കുകയും ചെയ്യുന്ന വിശുദ്ധർ സഹനശക്തി കാണിക്കേണ്ടത് ഇവിടെയാണ്.”
15 സത്യാരാധന പരസ്യമായും സ്വതന്ത്രമായും നടത്തുന്നതിനു നിരവധി പരിശോധനകൾ തടസ്സമായി വന്നേക്കാം. യുദ്ധങ്ങൾ, വിപ്ലവങ്ങൾ, നേരിട്ടുള്ള പീഡനം, ഔദ്യോഗികമായ നിരോധനം ഇതെല്ലാം ഉണ്ടായേക്കാം. ഒരു സഭയ്ക്ക് ഒന്നാകെ ഒരുമിച്ചുകൂടാൻ കഴിയാതെവന്നേക്കാം. ചിലപ്പോൾ, ബ്രാഞ്ചോഫീസുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. സർക്കിട്ട് മേൽവിചാരകന്മാർക്കു സഭകൾ സന്ദർശിക്കാൻ പറ്റാതാകും. പ്രസിദ്ധീകരണങ്ങൾ കിട്ടാതെ വരും. ഇങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ എന്തു ചെയ്യും?
16 ഈ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് നിങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുക, പരമാവധി ചെയ്യുക! വ്യക്തിപരമായി പഠിക്കാൻ നിങ്ങൾക്കു സാഹചര്യമുണ്ടായിരിക്കും, അതു ചെയ്യുക. സാധാരണഗതിയിൽ, ചെറിയ കൂട്ടങ്ങളായി സ്വകാര്യഭവനങ്ങളിൽ കൂടിവന്ന് പഠിക്കാനാകും. നേരത്തേ പഠിച്ച പുസ്തകങ്ങൾ യോഗങ്ങളിൽ പഠിക്കാവുന്നതാണ്. എന്തിന്, ബൈബിൾ മാത്രം ഉപയോഗിച്ചും യോഗങ്ങൾ നടത്താവുന്നതാണ്. പരിഭ്രമിക്കുകയോ വേവലാതിപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല. കാലതാമസം കൂടാതെ, ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വരാൻ ഭരണസംഘത്തിനു കഴിഞ്ഞേക്കും.
17 ഇനി, വേറെ സഹോദരങ്ങളുമായി ഒരു ബന്ധവും പുലർത്താനാവാതെ നിങ്ങൾ ഒറ്റപ്പെട്ടുപോയെങ്കിലോ? അങ്ങനെ വന്നാൽ ഒരു കാര്യം മറക്കരുത്: വാസ്തവത്തിൽ നിങ്ങൾ ഒറ്റപ്പെട്ടിട്ടില്ല, യഹോവയും യേശുക്രിസ്തുവും നിങ്ങളോടൊപ്പമുണ്ട്! പ്രത്യാശ കൈവിടരുത്! യഹോവയ്ക്കു നിങ്ങളുടെ പ്രാർഥന അപ്പോഴും കേൾക്കാൻ കഴിയും, തന്റെ ആത്മാവിനാൽ നിങ്ങളെ ശക്തിപ്പെടുത്താൻ കഴിയും. ഇനി എന്തു ചെയ്യണമെന്ന് അറിയാൻ യഹോവയിലേക്കു നോക്കുക. ഓർക്കുക: നിങ്ങൾ യഹോവയുടെ ഒരു ദാസനാണ്, യേശുക്രിസ്തുവിന്റെ ശിഷ്യനാണ്! അതുകൊണ്ട്, സാക്ഷ്യം നൽകാൻ കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗിക്കുക. നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും, വൈകാതെ സത്യാരാധനയിൽ മറ്റുള്ളവർ നിങ്ങളോടൊപ്പം ചേർന്നുകൊള്ളും.—പ്രവൃ. 4:13-31; 5:27-42; ഫിലി. 1:27-30; 4:6, 7; 2 തിമൊ. 4:16-18.
18 ഇനി, അപ്പോസ്തലന്മാരെയും മറ്റുള്ളവരെയും പോലെ നിങ്ങൾ മരണം മുന്നിൽ കാണുകയാണെങ്കിലോ? “മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ” ആശ്രയം വെക്കുക. (2 കൊരി. 1:8-10) പുനരുത്ഥാനം എന്ന കരുതലിൽ വിശ്വാസമർപ്പിച്ചാൽ, എതിർപ്പ് അതിന്റെ ഏറ്റവും കഠിനമായ രൂപം കൈക്കൊണ്ടാലും സഹിച്ചുനിൽക്കാൻ നിങ്ങൾക്കു കഴിയും. (ലൂക്കോ. 21:19) ക്രിസ്തുയേശു ഇക്കാര്യത്തിൽ നമുക്കു മാതൃക വെച്ചിട്ടുണ്ട്. പരിശോധനകളിൽ താൻ കാണിക്കുന്ന വിശ്വസ്തത, സഹിച്ചുനിൽക്കാൻ മറ്റുള്ളവർക്ക് ഉൾക്കരുത്തും ശക്തിയും പകരുമെന്ന് യേശുവിന് അറിയാമായിരുന്നു. അതുപോലെ നിങ്ങളുടെ സഹോദരങ്ങൾക്കു ശക്തിയുടെ ഉറവാകാൻ നിങ്ങൾക്കും കഴിയും.—യോഹ. 16:33; എബ്രാ. 12:2, 3; 1 പത്രോ. 2:21.
19 പീഡനത്തിനും എതിർപ്പിനും പുറമേ സഹനശക്തി ആവശ്യമായ മറ്റു ചില പ്രയാസസാഹചര്യങ്ങളും നിങ്ങൾക്ക് ഉണ്ടായേക്കാം. ഉദാഹരണം പറഞ്ഞാൽ, നിങ്ങളുടെ പ്രവർത്തനപ്രദേശത്തെ ആളുകളുടെ നിസ്സംഗത നിങ്ങളുടെ ഉത്സാഹം കെടുത്തിക്കളഞ്ഞേക്കാം. നിങ്ങളിൽ ചിലർക്കു രോഗമായിരിക്കാം. വേറെ ചിലരെ മാനസികാസ്വാസ്ഥ്യങ്ങൾ അലട്ടുന്നുണ്ടായിരിക്കാം. ഇനി അപൂർണമനുഷ്യരെന്ന നിലയിൽ ചില പ്രത്യേകപരിമിതികളും ചിലർക്കുണ്ടായിരിക്കാം. പൗലോസ് അപ്പോസ്തലനു തന്റെ ദൈവസേവനം തടസ്സപ്പെടുത്തുകയോ ബുദ്ധിമുട്ടാക്കുകയോ ചെയ്യുന്ന ഏതോ ഒരുതരം കഷ്ടത സഹിച്ചുനിൽക്കേണ്ടിയിരുന്നു. (2 കൊരി. 12:7) ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യാനിയായിരുന്ന എപ്പഫ്രൊദിത്തൊസ് ആണ് മറ്റൊരാൾ. ഫിലിപ്പിയിൽനിന്നുള്ള ഈ സഹോദരൻ, ‘തന്റെ രോഗവിവരം (സുഹൃത്തുക്കൾ) അറിഞ്ഞത് ഓർത്ത് ആകെ നിരാശയിലായിരുന്നു.’ (ഫിലി. 2:25-27) നമ്മുടെയും മറ്റുള്ളവരുടെയും സഹജമായ അപൂർണതകൾ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം, അവ സഹിച്ചുനിൽക്കുക വളരെ വിഷമമായിരിക്കാം. ഇനി, സഹോദരങ്ങൾ തമ്മിലുള്ള വ്യക്തിത്വഭിന്നതകളാണു മറ്റൊന്ന്. കുടുംബത്തിനുള്ളിൽത്തന്നെ ഇതൊരു പ്രശ്നമായേക്കാം. ഈ തടസ്സങ്ങളെല്ലാം നമുക്കു മറികടക്കാനും സഹിച്ചുനിൽക്കാനും കഴിയും. അതിനു ചെയ്യേണ്ടത് എന്താണ്? യഹോവയുടെ വചനത്തിലെ ബുദ്ധിയുപദേശത്തോടു പറ്റിനിൽക്കുക.—യഹ. 2:3-5; 1 കൊരി. 9:27; 13:8; കൊലോ. 3:12-14; 1 പത്രോ. 4:8.
വിശ്വസ്തരായി നിൽക്കാൻ തീരുമാനിച്ചുറയ്ക്കുക
20 സഭയുടെ തലയായി യഹോവ നിയമിച്ചിരിക്കുന്ന യേശുക്രിസ്തുവിനോടു നമ്മൾ ചേർന്നുനിൽക്കണം. (കൊലോ. 2:18, 19) “വിശ്വസ്തനും വിവേകിയും ആയ അടിമ”യോടും മേൽവിചാരകന്മാരായി നിയമിതരായിരിക്കുന്നവരോടും നമ്മൾ ചേർന്ന് പ്രവർത്തിക്കണം. (എബ്രാ. 13:7, 17) ദിവ്യാധിപത്യക്രമീകരണങ്ങളോടു പറ്റിനിൽക്കുകയും നേതൃത്വമെടുക്കുന്നവരോടു സഹകരിക്കുകയും ചെയ്യുമ്പോൾ യഹോവയുടെ ഇഷ്ടം ചെയ്യാൻ നമ്മൾ സംഘടിതരാകുകയാണ്. പ്രാർഥന എന്ന പദവി നന്നായി, മുഴുവനായി, ഉപയോഗിക്കുക. ഓർക്കുക: സ്നേഹനിധിയായ നമ്മുടെ സ്വർഗീയപിതാവുമായുള്ള സ്നേഹസംഭാഷണത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ ജയിലറകൾക്കോ ഏകാന്തതടവിനോ കഴിയില്ല! നമ്മുടെ സഹോദരങ്ങളുമായുള്ള ഐക്യം തകർക്കാനും അവയ്ക്കു കഴിയില്ല!
21 പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തു തന്റെ അനുഗാമികളോടു ചെയ്യാൻ ആവശ്യപ്പെട്ട ഒരു കാര്യമുണ്ട്: “നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.” (മത്താ. 28:19, 20) സന്തോഷവാർത്ത പ്രസംഗിക്കുക എന്ന ഈ നിയോഗം നിറവേറ്റാൻ നമുക്കു തീരുമാനിച്ചുറയ്ക്കാം, സഹനശക്തിയോടെ ഈ പ്രവർത്തനത്തിൽ നിലനിൽക്കാം. അതിനുവേണ്ടി നമുക്കു പരമാവധി ചെയ്യാം. യേശുവിനെപ്പോലെ നമുക്കും രാജ്യപ്രത്യാശ കൺമുന്നിൽവെച്ച് സഹനശക്തിയോടെ നീങ്ങാം. നിത്യജീവന്റെ പ്രത്യാശ മങ്ങാതെ, മായാതെ, സൂക്ഷിക്കാം. (എബ്രാ. 12:2) ക്രിസ്തുവിന്റെ സ്നാനമേറ്റ ശിഷ്യന്മാരായ നമുക്കു ‘വ്യവസ്ഥിതിയുടെ അവസാനത്തെ’ക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയിൽ ഒരു പങ്കു വഹിക്കാനുള്ള പദവിയുണ്ട്. അതെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്താ. 24:3, 14) ഈ കാലത്ത് പൂർണഹൃദയത്തോടെ അർപ്പിതരായി അതു ചെയ്യുന്നവർക്കുള്ള പ്രതിഫലം എന്താണ്? യഹോവയുടെ നീതി കളിയാടുന്ന പുതിയ ലോകത്തിലെ എന്നേക്കുമുള്ള ജീവിതത്തിലേക്കു പ്രവേശിക്കുക എന്ന സന്തോഷം!