ഭരണസംഘത്തിന്റെ കത്ത്
സഹശുശ്രൂഷകരായ പ്രിയ പ്രചാരകരേ,
ഒരേ ഒരു സത്യദൈവമായ യഹോവയെ ഒരുമയോടെ ആരാധിക്കുന്ന ജനം എന്ന പദവി എത്ര മഹനീയമാണ്! നമ്മൾ “ദൈവത്തിന്റെ സഹപ്രവർത്തകരാണ്.” സ്വർഗത്തിൽ സ്ഥാപിതമായ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന പാവനവും ജീവരക്ഷാകരവും ആയ നിയോഗം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവരുമാണ്. (1 കൊരി. 3:9; മത്താ. 28:19, 20) ലോകവ്യാപകമായി ഈ പ്രവർത്തനം സമാധാനത്തിലും ഐക്യത്തിലും നിർവഹിക്കണമെങ്കിൽ, നമ്മൾ സുസംഘടിതരായിരിക്കണം.—1 കൊരി. 14:40.
ഇക്കാലത്ത് ക്രിസ്തീയസഭ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ നിങ്ങൾക്കുള്ള പദവികളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് ഈ പുസ്തകം പറയുന്നു. നിങ്ങളുടെ പദവികൾ വിലയുള്ളതായി കാണുകയും ഉത്തരവാദിത്വങ്ങൾ നന്നായി നിറവേറ്റുകയും ചെയ്യുമ്പോൾ നിങ്ങളുടെ ‘വിശ്വാസം ശക്തമാകും.’—പ്രവൃ. 16:4, 5; ഗലാ. 6:5.
അതുകൊണ്ട് ഈ പുസ്തകം മനസ്സിരുത്തി വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി നന്നായി പരിചിതരാകുക. ആ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രയോഗത്തിലാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കുക. ഉദാഹരണത്തിന്, നിങ്ങൾ സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകനായിത്തീർന്നത് ഈയിടെയാണെങ്കിൽ, എന്തെല്ലാം പടികൾ സ്വീകരിച്ചാലാണു സ്നാനമേറ്റ് ഒരു യഹോവയുടെ സാക്ഷിയായിത്തീരാൻ കഴിയുക? ഇനി, സ്നാനമേറ്റ വ്യക്തിയാണെങ്കിൽ ആത്മീയമായി വളരാനും യഹോവയ്ക്കുള്ള സേവനം വിപുലപ്പെടുത്താനും നിങ്ങൾക്ക് എന്തു ചെയ്യാനാകും? (1 തിമൊ. 4:15) സഭയുടെ സമാധാനത്തിനുവേണ്ടി നിങ്ങൾക്ക് എന്താണു ചെയ്യാൻ കഴിയുന്നത്? (2 കൊരി. 13:11) ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പുസ്തകത്തിൽനിന്ന് കണ്ടെത്താൻ ശ്രമിച്ചുനോക്കൂ.
നിങ്ങൾ സ്നാനമേറ്റ ഒരു സഹോദരനാണെങ്കിൽ, ആദ്യം ഒരു ശുശ്രൂഷാദാസനാകാനും പിന്നീടു മൂപ്പനായിത്തീരാനും ഉള്ള യോഗ്യത നേടാൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്? ദൈവത്തിന്റെ സംഘടനയിലേക്കു പുതിയവരായ ആയിരങ്ങൾ ഒഴുകിവന്നുകൊണ്ടിരിക്കുന്ന സ്ഥിതിക്കു നേതൃത്വമെടുക്കാൻ യോഗ്യതയുള്ള സഹോദരന്മാരെ അടിയന്തിരമായി ആവശ്യമുണ്ട്. ഈ ആത്മീയലക്ഷ്യങ്ങളിലെത്താൻ ‘പരിശ്രമിക്കുന്നതിൽ’ എന്തെല്ലാം ഉൾപ്പെടുന്നുണ്ടെന്നു കാണാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.—1 തിമൊ. 3:1.
യഹോവയുടെ ക്രമീകരണത്തിൽ നിങ്ങൾക്ക് ഒരു സ്ഥാനമുണ്ടെന്നു മനസ്സിലാക്കാനും അതു വിലപ്പെട്ടതായി കാണാനും ഈ പുസ്തകം നിങ്ങളെ സഹായിക്കട്ടെ എന്നു ഞങ്ങൾ ആത്മാർഥമായി പ്രാർഥിക്കുന്നു. ഞങ്ങൾ നിങ്ങളെ എല്ലാവരെയും വളരെയധികം സ്നേഹിക്കുന്നു. നമ്മുടെ സ്വർഗീയപിതാവായ യഹോവയെ എന്നുമെന്നും സന്തോഷത്തോടെ ആരാധിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരിക്കട്ടെ എന്നു ഞങ്ങൾ തുടർന്നും പ്രാർഥിക്കുന്നു.—സങ്കീ. 37:10, 11; യശ. 65:21-25.
നിങ്ങളുടെ സഹോദരന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം