സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ
ഭാഗം 1: ക്രിസ്തീയവിശ്വാസങ്ങൾ
യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചതുകൊണ്ട് നിങ്ങൾ ഇപ്പോൾ സത്യവുമായി പരിചയത്തിലായിക്കഴിഞ്ഞു. പഠിച്ച കാര്യങ്ങൾ ദൈവവുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ നിങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഭാവിയിൽ ദൈവരാജ്യഭരണത്തിലൂടെ ഭൂമിയിലെ പറുദീസയിൽ നല്ലൊരു ജീവിതവും ധാരാളം അനുഗ്രഹങ്ങളും ആസ്വദിക്കാനാകുമെന്ന പ്രത്യാശയും നിങ്ങൾക്കു കിട്ടി. ദൈവത്തിന്റെ വചനത്തിലുള്ള നിങ്ങളുടെ വിശ്വാസം ബലപ്പെട്ടു. ക്രിസ്തീയസഭയുമായുള്ള സഹവാസത്തിലൂടെ നിങ്ങൾക്ക് ഇതിനോടകം പല അനുഗ്രഹങ്ങളും ലഭിച്ചു. യഹോവ ഇന്നു തന്റെ ജനത്തോട് ഇടപെടുന്നത് എങ്ങനെയാണെന്നു നന്നായി മനസ്സിലാക്കാനും നിങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.—സെഖ. 8:23.
ഇപ്പോൾ നിങ്ങൾ സ്നാനത്തിനായി തയ്യാറെടുക്കുകയാണല്ലോ. അതുകൊണ്ട് അടിസ്ഥാന ക്രിസ്തീയവിശ്വാസങ്ങൾ ഒന്ന് അവലോകനം ചെയ്തുനോക്കുന്നതു നന്നായിരിക്കും. സഭയിലെ മൂപ്പന്മാർ അതു നിങ്ങളോടൊത്ത് ചർച്ചചെയ്യും. (എബ്രാ. 6:1-3) യഹോവയെ കൂടുതൽ അറിയാനുള്ള നിങ്ങളുടെ എല്ലാ പരിശ്രമങ്ങളെയും യഹോവ അനുഗ്രഹിക്കട്ടെ, വാഗ്ദാനം ചെയ്ത പ്രതിഫലം നിങ്ങൾക്കു നൽകുകയും ചെയ്യട്ടെ!—യോഹ. 17:3.
1. നിങ്ങൾക്കു സ്നാനപ്പെടണമെന്നു തോന്നിയത് എന്തുകൊണ്ടാണ്?
2. ആരാണ് യഹോവ?
• “അതുകൊണ്ട് മീതെ ആകാശത്തിലും താഴെ ഭൂമിയിലും യഹോവതന്നെ സത്യദൈവം, അല്ലാതെ മറ്റാരുമില്ല.”—ആവ. 4:39.
• “യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ.”—സങ്കീ. 83:18.
3. ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നതു പ്രധാനമാണെന്നു നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്?
• “എന്നാൽ നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.’”—മത്താ. 6:9.
• “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”—റോമ. 10:13.
4. യഹോവയെ വർണിക്കാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില പദപ്രയോഗങ്ങൾ ഏതൊക്കെയാണ്?
• “ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്.”—യശ. 40:28.
• “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ.”—മത്താ. 6:9.
• “ദൈവം സ്നേഹമാണ്.”—1 യോഹ. 4:8.
5. ദൈവമായ യഹോവയ്ക്ക് എന്തെല്ലാം നൽകാൻ നിങ്ങൾക്കാകും?
• “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.”—മർക്കോ. 12:30.
• “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ എന്ന് എഴുതിയിട്ടുണ്ട്.”—ലൂക്കോ. 4:8.
6. നിങ്ങൾ യഹോവയോടു വിശ്വസ്തനായിരിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
• “എന്നെ നിന്ദിക്കുന്നവനു മറുപടി കൊടുക്കാൻ എനിക്കു കഴിയേണ്ടതിന്, മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”—സുഭാ. 27:11.
7. നിങ്ങൾ ആരോടാണു പ്രാർഥിക്കുന്നത്, ആരുടെ നാമത്തിലാണു പ്രാർഥിക്കുന്നത്?
• “സത്യംസത്യമായി ഞാൻ (യേശു) നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.”—യോഹ. 16:23.
8. നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
• “എന്നാൽ നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ. ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക് ഇന്നു തരേണമേ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ. പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.’”—മത്താ. 6:9-13.
• “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക് ഉറപ്പാണ്.”—1 യോഹ. 5:14.
9. യഹോവ ഒരാളുടെ പ്രാർഥന കേൾക്കാതിരുന്നേക്കാവുന്നത് എപ്പോൾ?
• “അവർ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കും; എന്നാൽ ദൈവം അവർക്ക് ഉത്തരം കൊടുക്കില്ല. അവരുടെ ദുഷ്ചെയ്തികൾ കാരണം . . . തന്റെ മുഖം അവരിൽനിന്ന് മറയ്ക്കും.”—മീഖ 3:4.
• “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു. അതേസമയം, യഹോവ മോശമായതു ചെയ്യുന്നവർക്കെതിരാണ്.”—1 പത്രോ. 3:12.
10. യേശുക്രിസ്തു ആരാണ്?
• “ശിമോൻ പത്രോസ് പറഞ്ഞു: ‘അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്തുവാണ്.’”—മത്താ. 16:16.
11. യേശു ഭൂമിയിൽ വന്നത് എന്തിനാണ്?
• “മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.”—മത്താ. 20:28.
• “മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്.”—ലൂക്കോ. 4:43.
12. യേശു അർപ്പിച്ച ബലിയോടു നിങ്ങൾക്ക് എങ്ങനെ നന്ദി കാണിക്കാം?
• “ക്രിസ്തു എല്ലാവർക്കുംവേണ്ടി മരിച്ചതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.”—2 കൊരി. 5:15.
13. യേശുവിന് എത്രത്തോളം അധികാരമുണ്ട്?
• “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.”—മത്താ. 28:18.
• “ദൈവം ക്രിസ്തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര് കനിഞ്ഞുനൽകി.”—ഫിലി. 2:9.
14. യേശു നിയമിച്ച “വിശ്വസ്തനും വിവേകിയും ആയ അടിമ” യഹോവയുടെ സാക്ഷികളുടെ ഭരണസംഘമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
• “വീട്ടുജോലിക്കാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?”—മത്താ. 24:45.
15. പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണോ?
• “അപ്പോൾ ദൂതൻ മറിയയോടു പറഞ്ഞു: ‘പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്, ദൈവത്തിന്റെ മകനെന്ന്, വിളിക്കപ്പെടും.’”—ലൂക്കോ. 1:35.
• “മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും!”—ലൂക്കോ. 11:13.
16. യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഏതൊക്കെ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്?
• “യഹോവയുടെ വചനത്താൽ ആകാശം ഉണ്ടായി; ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെട്ട ആത്മാവിനാൽ അതിലുള്ളതെല്ലാം നിർമിതമായി.”—സങ്കീ. 33:6.
• “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ . . . ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.”—പ്രവൃ. 1:8.
• “തിരുവെഴുത്തിലെ പ്രവചനമൊന്നും ആരും സ്വന്തമായി വ്യാഖ്യാനിച്ചുണ്ടാക്കിയതല്ല . . . പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല; പകരം പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.”—2 പത്രോ. 1:20, 21.
17. എന്താണു ദൈവരാജ്യം?
• “സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല. ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് അതു മാത്രം എന്നും നിലനിൽക്കും.”—ദാനി. 2:44.
18. ദൈവരാജ്യത്തിലൂടെ നിങ്ങൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും?
• “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളി. 21:4.
19. ദൈവരാജ്യത്തിലെ അനുഗ്രഹങ്ങൾ പെട്ടെന്നുതന്നെ ലഭിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?
• “ശിഷ്യന്മാർ തനിച്ച് യേശുവിന്റെ അടുത്ത് ചെന്ന് ഇങ്ങനെ ചോദിച്ചു: ‘ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?’ അപ്പോൾ യേശു അവരോടു പറഞ്ഞു: ‘. . . ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും. ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.’”—മത്താ. 24:3, 4, 7, 14.
• “അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ദൈവനിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും സഹജസ്നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും ഭക്തിയുടെ വേഷം കെട്ടുന്നെങ്കിലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവിക്കാത്തവരും ആയിരിക്കും.”—2 തിമൊ. 3:1-5.
20. ദൈവരാജ്യത്തെ വളരെ പ്രധാനപ്പെട്ടതായി കാണുന്നെന്ന് നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?
• “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക.”—മത്താ. 6:33.
• “പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കട്ടെ.’”—മത്താ. 16:24.
21. സാത്താനും ഭൂതങ്ങളും ആരാണ്?
• “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവർ. . . . അവൻ ആദ്യംമുതലേ ഒരു കൊലപാതകിയായിരുന്നു.”—യോഹ. 8:44.
• “ഈ വലിയ ഭീകരസർപ്പത്തെ, അതായത് ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന പിശാച് എന്നും സാത്താൻ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പിനെ, താഴെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. അവനെയും അവന്റെകൂടെ അവന്റെ ദൂതന്മാരെയും താഴേക്ക് എറിഞ്ഞു.”—വെളി. 12:9.
22. സാത്താൻ യഹോവയെക്കുറിച്ചും യഹോവയെ ആരാധിക്കുന്നവരെക്കുറിച്ചും എന്ത് ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്?
• “സ്ത്രീ സർപ്പത്തോട്: ‘തോട്ടത്തിലെ മരങ്ങളുടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ടത്തിനു നടുവിലുള്ള മരത്തിലെ പഴത്തെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “നിങ്ങൾ അതിൽനിന്ന് തിന്നരുത്, അതു തൊടാൻപോലും പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും.”’ അപ്പോൾ സർപ്പം സ്ത്രീയോടു പറഞ്ഞു: ‘നിങ്ങൾ മരിക്കില്ല, ഉറപ്പ്! അതിൽനിന്ന് തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന് അറിയാം.’”—ഉൽപ. 3:2-5.
• “സാത്താൻ യഹോവയോടു മറുപടി പറഞ്ഞു: ‘തൊലിക്കു പകരം തൊലി! സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും.’”—ഇയ്യോ. 2:4.
23. സാത്താന്റെ ആരോപണങ്ങൾ നുണയാണെന്നു നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?
• ‘പൂർണഹൃദയത്തോടെ ദൈവത്തെ സേവിക്കുക.’—1 ദിന. 28:9.
• “മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല!”—ഇയ്യോ. 27:5.
24. എന്തുകൊണ്ടാണു മനുഷ്യർ മരിക്കുന്നത്?
• “ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമ. 5:12.
25. മരിച്ചവരുടെ അവസ്ഥ എന്താണ്?
• “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.”—സഭാ. 9:5.
26. മരിച്ചുപോയവർക്ക് എന്തു പ്രത്യാശയുണ്ട്?
• ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃ. 24:15.
27. യേശുവിന്റെകൂടെ ഭരിക്കാൻ എത്ര പേരാണു സ്വർഗത്തിലേക്കു പോകുന്നത്?
• “അതാ, സീയോൻ പർവതത്തിൽ കുഞ്ഞാടു നിൽക്കുന്നു! നെറ്റിയിൽ കുഞ്ഞാടിന്റെ പേരും പിതാവിന്റെ പേരും എഴുതിയിരിക്കുന്ന 1,44,000 പേർ കുഞ്ഞാടിനൊപ്പം നിൽക്കുന്നുണ്ടായിരുന്നു.”—വെളി. 14:1.