അധ്യായം പന്ത്രണ്ട്
നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സ്നേഹിതനാകാം?
1, 2. യഹോവയുടെ സ്നേഹിതരിൽ ചിലർ ആരെല്ലാം?
എങ്ങനെയുള്ള ഒരാളെ സ്നേഹിതനാക്കാനാണു നിങ്ങൾക്ക് ഇഷ്ടം? നിങ്ങളുടെ മനസ്സിന് ഇണങ്ങിയ ഒരാളെ. പരസ്പരം ഒത്തുപോകാൻ പറ്റുന്ന, ദയയോടെ ഇടപെടുന്ന, നിങ്ങൾ ആദരിക്കുന്ന ഒരാളെ.
2 യഹോവ മനുഷ്യരെ തന്റെ സ്നേഹിതരാക്കാറുണ്ട്. ഉദാഹരണത്തിന് അബ്രാഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നു. (യശയ്യ 41:8; യാക്കോബ് 2:23) ദാവീദിനെയും യഹോവയ്ക്ക് ഇഷ്ടമായിരുന്നു. ദാവീദിനെക്കുറിച്ച് ‘തന്റെ മനസ്സിന് ഇണങ്ങിയ ഒരാൾ’ എന്നാണ് യഹോവ പറഞ്ഞത്. (പ്രവൃത്തികൾ 13:22) പ്രവാചകനായ ദാനിയേലും യഹോവയ്ക്കു ‘വളരെ പ്രിയപ്പെട്ടവൻ’ ആയിരുന്നു.—ദാനിയേൽ 9:23.
3. അബ്രാഹാമും ദാവീദും ദാനിയേലും യഹോവയുടെ കൂട്ടുകാരായത് എങ്ങനെ?
3 അബ്രാഹാമും ദാവീദും ദാനിയേലും യഹോവയുടെ കൂട്ടുകാരായത് എങ്ങനെയാണ്? ‘നീ എന്റെ വാക്കു കേട്ടനുസരിച്ചു’ എന്ന് യഹോവ അബ്രാഹാമിനോടു പറഞ്ഞു. (ഉൽപത്തി 22:18) തന്നെ താഴ്മയോടെ അനുസരിക്കുന്നവരെ യഹോവ കൂട്ടുകാരാക്കും. ഒരു ജനതയ്ക്കുപോലും യഹോവയുടെ സ്നേഹിതരാകാൻ കഴിയുമായിരുന്നു. യഹോവ ഇസ്രായേൽ ജനതയോടു പറഞ്ഞു: “എന്റെ വാക്കു കേട്ടനുസരിക്കൂ! അങ്ങനെയെങ്കിൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആകും.” (യിരെമ്യ 7:23) അതുകൊണ്ട് യഹോവയുടെ സ്നേഹിതനാകണമെങ്കിൽ നിങ്ങളും യഹോവയെ അനുസരിക്കണം.
യഹോവ തന്റെ സ്നേഹിതരെ സംരക്ഷിക്കുന്നു
4, 5. യഹോവ തന്റെ സ്നേഹിതരെ സംരക്ഷിക്കുന്നത് എങ്ങനെ?
4 “പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ” യഹോവ വഴികൾ തേടുന്നുവെന്നു ബൈബിൾ പറയുന്നു. (2 ദിനവൃത്താന്തം 16:9) സങ്കീർത്തനം 32:8-ൽ യഹോവ തന്റെ സ്നേഹിതരോടു പറയുന്നു: “ഞാൻ നിനക്ക് ഉൾക്കാഴ്ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പിക്കും. നിന്റെ മേൽ കണ്ണുനട്ട് ഞാൻ നിന്നെ ഉപദേശിക്കും.”
5 യഹോവയുടെ കൂട്ടുകാരാകുന്നതിൽനിന്ന് നമ്മളെ തടയാൻ ശ്രമിക്കുന്ന ശക്തനായ ഒരു എതിരാളിയുണ്ട്. എന്നാൽ യഹോവ നമ്മളെ സംരക്ഷിക്കും. (സങ്കീർത്തനം 55:22 വായിക്കുക.) യഹോവയുടെ സ്നേഹിതരെന്ന നിലയിൽ നമ്മൾ പൂർണമനസ്സോടെ യഹോവയെ സേവിക്കുന്നു. എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും യഹോവയോടു നമ്മൾ വിശ്വസ്തരായിരിക്കും. സങ്കീർത്തനക്കാരനുണ്ടായിരുന്ന അതേ ഉറപ്പാണു നമുക്കുമുള്ളത്. യഹോവയെക്കുറിച്ച് സങ്കീർത്തനക്കാരൻ എഴുതി: “ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല.” (സങ്കീർത്തനം 16:8; 63:8) യഹോവയുമായുള്ള നമ്മുടെ ചങ്ങാത്തം ഇല്ലാതാക്കാൻ എങ്ങനെയാണു സാത്താൻ ശ്രമിക്കുന്നത്?
സാത്താന്റെ ആരോപണം
6. മനുഷ്യരെക്കുറിച്ചുള്ള സാത്താന്റെ ആരോപണം എന്തായിരുന്നു?
6 സാത്താൻ യഹോവയെ ചോദ്യം ചെയ്തതിനെക്കുറിച്ചും യഹോവയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിനെക്കുറിച്ചും 11-ാം അധ്യായത്തിൽ നമ്മൾ പഠിച്ചു. അതായത് യഹോവ ഒരു നുണയനാണെന്നും ശരിയും തെറ്റും സ്വന്തമായി തീരുമാനിക്കാൻ ആദാമിനെയും ഹവ്വയെയും അനുവദിക്കാത്തത് ഒട്ടും ശരിയല്ലെന്നും സാത്താൻ ആരോപിച്ചു. ദൈവത്തിന്റെ സ്നേഹിതരാകാൻ ആഗ്രഹിക്കുന്ന മനുഷ്യരെക്കുറിച്ചും സാത്താൻ ആരോപണങ്ങൾ ഉന്നയിക്കുന്നതായി ഇയ്യോബിന്റെ പുസ്തകം പഠിപ്പിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടല്ല മറിച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ കിട്ടാൻവേണ്ടിയാണ് അവർ ദൈവത്തെ സേവിക്കുന്നത് എന്നാണ് അവന്റെ ആരോപണം. ആരെ വേണമെങ്കിലും ദൈവത്തിന് എതിരെ തിരിക്കാൻ തനിക്കു കഴിയുമെന്നും സാത്താൻ വാദിക്കുന്നു. ഇയ്യോബിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും യഹോവ ഇയ്യോബിനെ സംരക്ഷിച്ചത് എങ്ങനെയെന്നും നമുക്കു നോക്കാം.
7, 8. (എ) ഇയ്യോബിനെക്കുറിച്ചുള്ള യഹോവയുടെ അഭിപ്രായം എന്തായിരുന്നു? (ബി) സാത്താൻ ഇയ്യോബിനെക്കുറിച്ച് എന്തു പറഞ്ഞു?
7 ആരാണ് ഇയ്യോബ്? ഏകദേശം 3,600 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. അക്കാലത്ത് ജീവിച്ചിരുന്നവരിൽ ഇയ്യോബിനെപ്പോലെ മറ്റാരുമില്ലെന്ന് യഹോവ പറഞ്ഞു. ഇയ്യോബിനു ദൈവത്തോട് ആഴമായ ബഹുമാനമുണ്ടായിരുന്നു. തെറ്റായ കാര്യങ്ങൾ ഇയ്യോബ് വെറുത്തിരുന്നു. (ഇയ്യോബ് 1:8) അതെ, ഇയ്യോബ് ശരിക്കും യഹോവയുടെ ഒരു സ്നേഹിതനായിരുന്നു.
8 സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയാണ് ഇയ്യോബ് ദൈവത്തെ സേവിക്കുന്നതെന്നു സാത്താൻ വാദിച്ചു. സാത്താൻ യഹോവയോടു പറഞ്ഞു: “അവനും അവന്റെ വീടിനും അവനുള്ള എല്ലാത്തിനും ചുറ്റും അങ്ങ് ഒരു വേലി കെട്ടിയിരിക്കുകയല്ലേ? അവന്റെ അധ്വാനത്തെ അങ്ങ് അനുഗ്രഹിച്ചിരിക്കുന്നു; നാടു മുഴുവൻ അവന്റെ മൃഗങ്ങളാണ്. എന്നാൽ കൈ നീട്ടി അവനുള്ളതെല്ലാം ഒന്നു തൊട്ടുനോക്ക്. അപ്പോൾ അറിയാം എന്തു സംഭവിക്കുമെന്ന്. അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും!”—ഇയ്യോബ് 1:10, 11.
9. യഹോവ സാത്താന് എന്തിനുള്ള അനുവാദം കൊടുത്തു?
9 യഹോവയിൽനിന്ന് എന്തെങ്കിലും കിട്ടാൻവേണ്ടി മാത്രമാണ് ഇയ്യോബ് യഹോവയെ സേവിക്കുന്നതെന്നു സാത്താൻ ആരോപിച്ചു. ഇയ്യോബ് യഹോവയെ സേവിക്കുന്നതു നിറുത്തിക്കാൻ തനിക്കാകുമെന്നും സാത്താൻ വാദിച്ചു. സാത്താന്റെ അവകാശവാദം യഹോവ അംഗീകരിച്ചില്ല. പകരം സ്നേഹമുള്ളതുകൊണ്ടാണോ ഇയ്യോബ് യഹോവയുടെ സ്നേഹിതനായിരിക്കുന്നത് എന്നു പരീക്ഷിച്ചുനോക്കാൻ യഹോവ സാത്താനെ അനുവദിച്ചു.
ഇയ്യോബിന്റെ നേരെയുള്ള സാത്താന്റെ ആക്രമണം
10. സാത്താൻ ഇയ്യോബിനെ എങ്ങനെയെല്ലാം പരീക്ഷിച്ചു, ഇയ്യോബ് എങ്ങനെ പ്രതികരിച്ചു?
10 ആദ്യംതന്നെ, സാത്താൻ ഇയ്യോബിന്റെ മൃഗങ്ങളെ മുഴുവൻ കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. അതിനു ശേഷം ഇയ്യോബിന്റെ ദാസന്മാരിൽ മിക്കവരെയും സാത്താൻ കൊന്നു. ഇയ്യോബിന് എല്ലാം നഷ്ടപ്പെട്ടു. അവസാനം സാത്താൻ ഇയ്യോബിന്റെ പത്തു മക്കളെയും ഒരു കൊടുങ്കാറ്റ് അടിപ്പിച്ച് കൊന്നു. എന്നിട്ടും ഇയ്യോബ് യഹോവയോടു വിശ്വസ്തനായി നിലനിന്നു. “ഇത്രയൊക്കെ സംഭവിച്ചിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.”—ഇയ്യോബ് 1:12-19, 22.
വിശ്വസ്ത സുഹൃദ്ബന്ധത്തെപ്രതി യഹോവ ഇയ്യോബിനെ അനുഗ്രഹിച്ചു
11. (എ) സാത്താൻ ഇയ്യോബിനെ വീണ്ടും പരീക്ഷിച്ചത് എങ്ങനെ? (ബി) ഇയ്യോബ് എങ്ങനെ പ്രതികരിച്ചു?
11 അതുകൊണ്ടൊന്നും സാത്താൻ അടങ്ങിയില്ല. സാത്താൻ ദൈവത്തോടു പറഞ്ഞു: “കൈ നീട്ടി അവന്റെ അസ്ഥിയിലും മാംസത്തിലും ഒന്നു തൊട്ടുനോക്ക്. . . . അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും.” എന്നിട്ട് സാത്താൻ ഇയ്യോബിനു വളരെ വേദനാകരമായ ഒരു രോഗം വരുത്തി. (ഇയ്യോബ് 2:5, 7) അപ്പോഴും ഇയ്യോബ് യഹോവയോടു വിശ്വസ്തനായിരുന്നു. “മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല!” എന്ന് ഇയ്യോബ് പറഞ്ഞു.—ഇയ്യോബ് 27:5.
12. സാത്താൻ നുണയനാണെന്ന് ഇയ്യോബ് എങ്ങനെ തെളിയിച്ചു?
12 സാത്താന്റെ ആരോപണങ്ങളെക്കുറിച്ചോ തനിക്ക് ഇത്രയധികം ദുരന്തങ്ങൾ സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നോ ഇയ്യോബിന് അറിയില്ലായിരുന്നു. തനിക്കുണ്ടായ കുഴപ്പങ്ങൾക്കെല്ലാം കാരണക്കാരൻ യഹോവയാണെന്ന് ഇയ്യോബ് കരുതി. (ഇയ്യോബ് 6:4; 16:11-14) എന്നിട്ടും ഇയ്യോബ് യഹോവയോടു വിശ്വസ്തനായി തുടർന്നു. അതെ, ഇയ്യോബ് സ്വാർഥനല്ലായിരുന്നു. അക്കാര്യം വ്യക്തമായി തെളിഞ്ഞു. ദൈവത്തോടു സ്നേഹമുള്ളതുകൊണ്ടാണ് ഇയ്യോബിനു ദൈവത്തിന്റെ സ്നേഹിതനാകാൻ കഴിഞ്ഞത്. സാത്താന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു.
13. ഇയ്യോബിന്റെ വിശ്വസ്തതയ്ക്ക് എന്തു പ്രതിഫലം ലഭിച്ചു?
13 സ്വർഗത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ലായിരുന്നെങ്കിലും ഇയ്യോബ് ദൈവത്തോടു വിശ്വസ്തനായിരുന്നു. അതുവഴി, സാത്താൻ ദുഷ്ടനാണെന്ന് ഇയ്യോബ് തെളിയിച്ചു. യഹോവയോടുള്ള സുഹൃദ്ബന്ധം വിശ്വസ്തമായി കാത്തുസൂക്ഷിച്ചതുകൊണ്ട് ഇയ്യോബിനെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു.—ഇയ്യോബ് 42:12-17.
നിങ്ങൾക്കെതിരെയുള്ള സാത്താന്റെ ആരോപണം
14, 15. എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും എതിരെയുള്ള സാത്താന്റെ ആരോപണം എന്താണ്?
14 ഇയ്യോബിനു സംഭവിച്ചതിൽനിന്ന് ചില പ്രധാനപ്പെട്ട പാഠങ്ങൾ നമുക്കു പഠിക്കാനാകും. ഇന്നു നമ്മളും യഹോവയെ സേവിക്കുന്നതു ദൈവത്തിൽനിന്ന് എന്തെങ്കിലും കിട്ടാൻവേണ്ടിയാണെന്നു സാത്താൻ ആരോപിക്കുന്നു. ഇയ്യോബ് 2:4-ൽ സാത്താൻ വാദിച്ചത്, “സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും” എന്നാണ്. അതുകൊണ്ട് ഇയ്യോബ് മാത്രമല്ല, എല്ലാ പുരുഷന്മാരും സ്ത്രീകളും സ്വാർഥരാണെന്നു സാത്താൻ വാദിക്കുന്നു. ഇയ്യോബ് മരിച്ച് നൂറ്റാണ്ടുകൾക്കു ശേഷവും സാത്താൻ യഹോവയെ അപമാനിക്കുകയും യഹോവയുടെ ദാസർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് സുഭാഷിതങ്ങൾ 27:11 പറയുന്നു: “എന്നെ നിന്ദിക്കുന്നവനു മറുപടി കൊടുക്കാൻ എനിക്കു കഴിയേണ്ടതിന്, മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”
15 യഹോവയെ അനുസരിക്കാനും യഹോവയുടെ വിശ്വസ്തസുഹൃത്തായിരിക്കാനും ഉള്ള തീരുമാനം നിങ്ങൾക്കെടുക്കാനാകും. അതുവഴി സാത്താൻ ഒരു നുണയനാണെന്നു നിങ്ങൾ തെളിയിക്കുകയായിരിക്കും. ദൈവത്തിന്റെ സുഹൃത്താകാൻവേണ്ടി ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നാലും നിങ്ങൾക്ക് എടുക്കാനാകുന്ന ഏറ്റവും നല്ല തീരുമാനമായിരിക്കും അത്! ഈ തീരുമാനം ഗൗരവമുള്ള ഒന്നാണ്. പ്രശ്നങ്ങളുണ്ടാകുമ്പോൾ നിങ്ങൾ ദൈവത്തോടു വിശ്വസ്തനായിരിക്കില്ലെന്നാണു സാത്താന്റെ വാദം. ദൈവത്തോടുള്ള വിശ്വസ്തത തകർക്കുന്നതിനു നമ്മളെ കെണിയിൽ കുടുക്കാൻ സാത്താൻ ശ്രമിക്കുന്നു. എങ്ങനെ?
16. (എ) യഹോവയെ സേവിക്കുന്നതിൽനിന്ന് ആളുകളെ തടയാൻ സാത്താൻ ഏതെല്ലാം മാർഗങ്ങൾ ഉപയോഗിക്കുന്നു? (ബി) യഹോവയെ സേവിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ സാത്താൻ എങ്ങനെ ശ്രമിച്ചേക്കാം?
16 ദൈവത്തിന്റെ സ്നേഹിതനാകുന്നതിൽനിന്ന് നമ്മളെ തടയാൻ സാത്താൻ പല മാർഗങ്ങളും ഉപയോഗിക്കുന്നു. “ആരെ വിഴുങ്ങണം എന്നു നോക്കി ചുറ്റിനടക്കുന്ന” ഒരു “അലറുന്ന സിംഹത്തെപ്പോലെ” സാത്താൻ ആക്രമിക്കുന്നു. (1 പത്രോസ് 5:8) നിങ്ങൾ ബൈബിൾ പഠിച്ചുകൊണ്ട് ശരിയായതു ചെയ്യുമ്പോൾ അതു തടയാൻ നിങ്ങളുടെ സ്നേഹിതരോ കുടുംബാംഗങ്ങളോ മറ്റുള്ളവരോ ശ്രമിച്ചേക്കാം. ആക്രമിക്കപ്പെടുന്നതുപോലെ ഒരുപക്ഷേ നിങ്ങൾക്കു തോന്നാം.a (യോഹന്നാൻ 15:19, 20) സാത്താൻതന്നെ “വെളിച്ചദൂതനായി” ആൾമാറാട്ടം നടത്തുന്നു. നമ്മൾ യഹോവയോട് അനുസരണക്കേടു കാണിക്കാൻവേണ്ടി അവൻ നമ്മളെ കുടുക്കിലാക്കാൻ നോക്കിയേക്കാം. (2 കൊരിന്ത്യർ 11:14) യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മളെ തടയാൻ സാത്താൻ ഉപയോഗിക്കുന്ന മറ്റൊരു മാർഗം ദൈവത്തെ സേവിക്കാനുള്ള യോഗ്യതയൊന്നും നമുക്കില്ലെന്നു തോന്നിപ്പിക്കുകയാണ്.—സുഭാഷിതങ്ങൾ 24:10.
യഹോവയുടെ കല്പനകൾ അനുസരിക്കുക
17. നമ്മൾ യഹോവയെ അനുസരിക്കുന്നത് എന്തുകൊണ്ടാണ്?
17 നമ്മൾ യഹോവയെ അനുസരിക്കുമ്പോൾ സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുകയാണ്. അനുസരണമുള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും? “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം” എന്നു ബൈബിൾ പറയുന്നു. (ആവർത്തനം 6:5) യഹോവയെ സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ യഹോവയെ അനുസരിക്കുന്നു. യഹോവയോടുള്ള സ്നേഹം വളരുമ്പോൾ യഹോവ ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ നമ്മൾ തയ്യാറാകും. യോഹന്നാൻ അപ്പോസ്തലൻ പറഞ്ഞു: “ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം. ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.”—1 യോഹന്നാൻ 5:3.
18, 19. (എ) തെറ്റാണെന്നു യഹോവ പറയുന്ന ചില കാര്യങ്ങൾ ഏവയാണ്? (ബി) നമുക്കു പറ്റാത്ത ഒരു കാര്യം ചെയ്യാൻ യഹോവ ആവശ്യപ്പെടില്ലെന്നു നമുക്ക് എങ്ങനെ അറിയാം?
18 എന്നാൽ തെറ്റാണെന്ന് യഹോവ പറയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? “യഹോവ വെറുക്കുന്ന കാര്യങ്ങൾ വെറുക്കുക” എന്ന ചതുരത്തിൽ അതിന്റെ ചില ഉദാഹരണങ്ങൾ കാണാം. അതിൽ ചിലതൊന്നും അത്ര കുഴപ്പമുള്ളതല്ലെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ നിങ്ങൾ ബൈബിൾവാക്യങ്ങൾ വായിക്കുകയും അവയെക്കുറിച്ചൊന്ന് ഇരുന്നുചിന്തിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നതിന്റെ ജ്ഞാനം നിങ്ങൾക്കു മനസ്സിലാകും. ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. എപ്പോഴും അതത്ര എളുപ്പമല്ലെങ്കിലും ആ മാറ്റങ്ങൾ വരുത്തുന്നെങ്കിൽ ദൈവത്തിന്റെ ഒരു വിശ്വസ്തസ്നേഹിതനായിരിക്കുന്നതിന്റെ സന്തോഷവും സമാധാനവും നിങ്ങൾക്ക് അനുഭവിക്കാനാകും. (യശയ്യ 48:17, 18) ഇത്തരം മാറ്റങ്ങൾ വരുത്താൻ പറ്റുമെന്നു നമുക്ക് എങ്ങനെ അറിയാം?
19 നമുക്കു ചെയ്യാനാകാത്ത ഒരു കാര്യവും യഹോവ ഒരിക്കലും നമ്മളിൽനിന്ന് ആവശ്യപ്പെടുന്നില്ല. (ആവർത്തനം 30:11-14) യഹോവ ഒരു നല്ല സ്നേഹിതനാണ്. നമുക്കു നമ്മളെക്കുറിച്ച് അറിയാവുന്നതിലും അധികം യഹോവയ്ക്കു നമ്മളെക്കുറിച്ച് അറിയാം. പിടിച്ചുനിൽക്കാനുള്ള നമ്മുടെ പ്രാപ്തിയും നമ്മുടെ ബലഹീനതകളും യഹോവയ്ക്കു മനസ്സിലാകും. (സങ്കീർത്തനം 103:14) പൗലോസ് അപ്പോസ്തലൻ നമ്മളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ദൈവം വിശ്വസ്തനാണ്. നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല. നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോഭനത്തോടൊപ്പം ദൈവം പോംവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) ഒരു സംശയവും വേണ്ടാ, ശരിയായതു ചെയ്യാനുള്ള ശക്തി യഹോവ നമുക്കു തരും. പ്രയാസകരമായ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ യഹോവ നമുക്ക് “അസാധാരണശക്തി” തരും. (2 കൊരിന്ത്യർ 4:7) അത്തരം സാഹചര്യങ്ങളിൽ യഹോവയുടെ സഹായം അനുഭവിച്ചറിഞ്ഞ പൗലോസ് പറയുന്നു: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലിപ്പിയർ 4:13.
യഹോവ സ്നേഹിക്കുന്നതിനെ സ്നേഹിക്കാൻ പഠിക്കുക
20. ഏതു ഗുണങ്ങൾ നമ്മൾ അനുകരിക്കണം, എന്തുകൊണ്ട്?
20 യഹോവയുടെ സ്നേഹിതരാകാൻ ആഗ്രഹിക്കുന്നെങ്കിൽ തെറ്റാണെന്ന് യഹോവ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതു നമ്മൾ നിറുത്തണം. എന്നാൽ അതു മാത്രം പോരാ. (റോമർ 12:9) ദൈവത്തിന്റെ സ്നേഹിതർ ദൈവം സ്നേഹിക്കുന്നതിനെ സ്നേഹിക്കുന്നു. അവരെക്കുറിച്ച് സങ്കീർത്തനം 15:1-5 (വായിക്കുക.) വിവരിക്കുന്നു. യഹോവയുടെ സ്നേഹിതർ യഹോവയുടെ ഗുണങ്ങൾ അനുകരിക്കുന്നു. അവർ “സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവ ജീവിതത്തിൽ കാണിക്കുന്നു.—ഗലാത്യർ 5:22, 23.
21. ദൈവം സ്നേഹിക്കുന്ന ഗുണങ്ങൾ കാണിക്കാൻ നിങ്ങൾക്ക് എങ്ങനെ പഠിക്കാം?
21 ആ നല്ല ഗുണങ്ങൾ കാണിക്കാൻ നിങ്ങൾക്ക് എങ്ങനെ പഠിക്കാം? ക്രമമായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് യഹോവ സ്നേഹിക്കുന്ന കാര്യങ്ങൾ എന്താണെന്നു നിങ്ങൾ മനസ്സിലാക്കണം. (യശയ്യ 30:20, 21) അങ്ങനെ ചെയ്യുമ്പോൾ യഹോവയോടുള്ള നിങ്ങളുടെ സ്നേഹം വർധിക്കും, ആ സ്നേഹം വർധിക്കുമ്പോൾ യഹോവയെ അനുസരിക്കാൻ നിങ്ങൾ ആഗ്രഹിക്കും.
22. യഹോവയെ അനുസരിക്കുന്നതിന്റെ പ്രയോജനം എന്താണ്?
22 ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെ പഴയ വസ്ത്രങ്ങൾ മാറ്റി പുതിയതു ധരിക്കുന്നതിനോട് ഉപമിക്കാം. നിങ്ങൾ “പഴയ വ്യക്തിത്വം . . . ഉരിഞ്ഞുകളഞ്ഞ്” പകരം “പുതിയ വ്യക്തിത്വം” ധരിക്കണമെന്നു ബൈബിൾ പറയുന്നു. (കൊലോസ്യർ 3:9, 10) അത് അത്ര എളുപ്പമല്ലെങ്കിലും നമ്മൾ അത്തരം മാറ്റങ്ങൾ വരുത്തി യഹോവയെ അനുസരിക്കുന്നെങ്കിൽ ‘വലിയ പ്രതിഫലം’ തരുമെന്ന് യഹോവ ഉറപ്പുതരുന്നു. (സങ്കീർത്തനം 19:11) അതെ, യഹോവയെ അനുസരിക്കാൻ തീരുമാനിക്കുക. സാത്താൻ നുണയനാണെന്നു തെളിയിക്കുക. യഹോവയെ സേവിക്കുന്നതു പ്രതിഫലം പ്രതീക്ഷിച്ചായിരിക്കരുത്; നിസ്സ്വാർഥസ്നേഹത്താൽ പ്രേരിതരായിട്ടായിരിക്കണം. അപ്പോൾ നിങ്ങൾ ദൈവത്തിന്റെ ശരിക്കുള്ള സ്നേഹിതനാകും!
a നിങ്ങൾ ബൈബിൾ പഠിക്കുന്നതു തടയാൻ ശ്രമിക്കുന്ന ആളുകളെ സാത്താൻ നിയന്ത്രിക്കുന്നെന്ന് അതിന് അർഥമില്ല. പക്ഷേ സാത്താൻ “ഈ വ്യവസ്ഥിതിയുടെ ദൈവ”മാണ്. “ലോകം മുഴുവനും (അവന്റെ) നിയന്ത്രണത്തിലാണ്.” അതുകൊണ്ട് യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മളെ തടയാൻ ആരെങ്കിലും ശ്രമിക്കുന്നെങ്കിൽ അതിൽ അതിശയിക്കാനൊന്നുമില്ല.—2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19.