അധ്യായം പതിനെട്ട്
ഞാൻ ദൈവത്തിനു ജീവിതം സമർപ്പിച്ച് സ്നാനമേൽക്കണോ?
1. ഈ പുസ്തകം മനസ്സിരുത്തി പഠിച്ച നിങ്ങൾ ഇപ്പോൾ എന്തിനെക്കുറിച്ച് ചിന്തിച്ചേക്കാം?
ഈ പുസ്തകത്തിന്റെ പഠനത്തിലൂടെ പല ബൈബിൾസത്യങ്ങളും നിങ്ങൾ പഠിച്ചു. അവയിൽ ചിലതാണ് നിത്യജീവൻ എന്ന ദൈവത്തിന്റെ വാഗ്ദാനം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാനപ്രത്യാശ തുടങ്ങിയവ. (സഭാപ്രസംഗകൻ 9:5; ലൂക്കോസ് 23:43; യോഹന്നാൻ 5:28, 29; വെളിപാട് 21:3, 4) നിങ്ങൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോകാൻ തുടങ്ങിയിട്ടുണ്ടാകാം. അവരാണു സത്യാരാധകരെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടാകും. (യോഹന്നാൻ 13:35) യഹോവയുമായി നിങ്ങൾ ഒരു സുഹൃദ്ബന്ധത്തിലേക്കു വന്നിട്ടുണ്ടാകാം. യഹോവയെ സേവിക്കാനുള്ള തീരുമാനവും നിങ്ങൾ എടുത്തിരിക്കാം. അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ദൈവത്തെ സേവിക്കാൻ ഞാൻ ഇപ്പോൾ എന്തു ചെയ്യണം?’
2. എത്യോപ്യക്കാരൻ സ്നാനമേൽക്കാൻ ആഗ്രഹിച്ചത് എന്തുകൊണ്ട്?
2 യേശുവിന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു എത്യോപ്യക്കാരൻ ചിന്തിച്ചതും അതുതന്നെയാണ്. യേശുവിന്റെ പുനരുത്ഥാനശേഷം ഫിലിപ്പോസ് എന്ന ശിഷ്യൻ അദ്ദേഹത്തിനു ബൈബിൾസത്യങ്ങൾ പറഞ്ഞുകൊടുത്തു. അങ്ങനെ യേശുവാണു മിശിഹയെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. പഠിച്ച കാര്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം ഉടനെ ചോദിച്ചു: “ദാ, വെള്ളം! സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം?”—പ്രവൃത്തികൾ 8:26-36.
3. (എ) യേശു തന്റെ അനുഗാമികൾക്ക് ഏതു കല്പന കൊടുത്തു? (ബി) ഒരാളെ എങ്ങനെ സ്നാനപ്പെടുത്തണം?
3 യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ സ്നാനമേൽക്കണമെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. “എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും . . . അവരെ സ്നാനപ്പെടുത്തുകയും” വേണമെന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (മത്തായി 28:19) സ്നാനമേറ്റുകൊണ്ട് യേശുതന്നെ ഇക്കാര്യത്തിൽ മാതൃക വെച്ചു. യേശു സ്നാനമേറ്റതു വെള്ളത്തിൽ പൂർണമായി മുങ്ങിയാണ്. അല്ലാതെ തലയിൽ വെള്ളം ഒഴിച്ചുകൊണ്ടല്ല. (മത്തായി 3:16) ഇന്നും ക്രിസ്ത്യാനിയാകുന്ന ഒരാളെ സ്നാനപ്പെടുത്തുന്നതു വെള്ളത്തിൽ പൂർണമായി മുക്കിയാണ്.
4. നിങ്ങൾ സ്നാനമേൽക്കുന്നതു കാണുമ്പോൾ മറ്റുള്ളവർക്ക് എന്തു മനസ്സിലാകും?
4 നിങ്ങൾ സ്നാനമേൽക്കുന്നതു കാണുമ്പോൾ, ദൈവത്തിന്റെ സ്നേഹിതനാകാനും ദൈവത്തെ സേവിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നെന്നു മറ്റുള്ളവർക്കു മനസ്സിലാകും. (സങ്കീർത്തനം 40:7, 8) അതുകൊണ്ട് ‘സ്നാനമേൽക്കാൻ ഞാൻ എന്തു ചെയ്യണം’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.
അറിവും വിശ്വാസവും
5. (എ) സ്നാനമേൽക്കാൻ ആദ്യംതന്നെ നിങ്ങൾ എന്തു ചെയ്യണം? (ബി) ക്രിസ്തീയയോഗങ്ങൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 സ്നാനമേൽക്കാൻ ആദ്യംതന്നെ യഹോവയെയും യേശുവിനെയും അറിയണം. ബൈബിൾപഠനത്തിലൂടെ നിങ്ങൾ ഇപ്പോൾത്തന്നെ ആ അറിവ് നേടിത്തുടങ്ങി. (യോഹന്നാൻ 17:3 വായിക്കുക.) എന്നാൽ അതു മാത്രം പോരാ. ബൈബിൾ പറയുന്നത് നിങ്ങൾ യഹോവയുടെ ഇഷ്ടത്തെക്കുറിച്ചുള്ള “ശരിയായ അറിവ് നിറഞ്ഞവരാകണമെന്നാണ്.” (കൊലോസ്യർ 1:9) യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾ നിങ്ങളെ സഹായിക്കും. ഈ യോഗങ്ങൾക്കു ക്രമമായി കൂടിവരേണ്ടതിന്റെ ഒരു പ്രധാനകാരണം അതാണ്.—എബ്രായർ 10:24, 25.
സ്നാനപ്പെടുന്നതിനു മുമ്പ് നിങ്ങൾ ബൈബിൾ പഠിക്കണം
6. സ്നാനമേൽക്കാൻ നിങ്ങൾക്കു ബൈബിളിനെക്കുറിച്ച് എത്രമാത്രം അറിവുണ്ടായിരിക്കണം?
6 സ്നാനപ്പെടുന്നതിനു മുമ്പ് ബൈബിളിലെ എല്ലാ കാര്യങ്ങളും നിങ്ങൾ അറിയണമെന്ന് യഹോവ പ്രതീക്ഷിക്കുന്നില്ല. എത്യോപ്യക്കാരൻ സ്നാനപ്പെടുന്നതിനു മുമ്പ് എല്ലാ കാര്യങ്ങളും അറിയാൻ യഹോവ പ്രതീക്ഷിച്ചില്ലല്ലോ. (പ്രവൃത്തികൾ 8:30, 31) മാത്രമല്ല ദൈവത്തെക്കുറിച്ച് നമ്മൾ എന്നെന്നും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യും. (സഭാപ്രസംഗകൻ 3:11) എന്നാൽ സ്നാനമേൽക്കുന്നതിനു മുമ്പ് ബൈബിളിലെ അടിസ്ഥാനകാര്യങ്ങളെങ്കിലും നിങ്ങൾ അറിയുകയും അംഗീകരിക്കുകയും വേണം.—എബ്രായർ 5:12.
7. ബൈബിൾപഠനം നിങ്ങളെ എങ്ങനെ സഹായിച്ചു?
7 “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 11:6) അതുകൊണ്ട് സ്നാനമേൽക്കണമെങ്കിൽ നിങ്ങൾക്കു വിശ്വാസമുണ്ടായിരിക്കണം. പുരാതനകാലത്തെ കൊരിന്ത് നഗരത്തിലുള്ള ചിലർ യേശുവിന്റെ അനുഗാമികൾ പഠിപ്പിച്ച കാര്യങ്ങൾ കേട്ടപ്പോൾ “വിശ്വസിച്ച് സ്നാനമേറ്റു” എന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 18:8) അതുപോലെ, ബൈബിളിന്റെ പഠനം ദൈവത്തിന്റെ വാഗ്ദാനങ്ങളിലും, പാപത്തിൽനിന്നും മരണത്തിൽനിന്നും നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന യേശുവിന്റെ ബലിയിലും വിശ്വാസം ഉണ്ടായിരിക്കാൻ നിങ്ങളെ സഹായിച്ചിരിക്കുന്നു.—യോശുവ 23:14; പ്രവൃത്തികൾ 4:12; 2 തിമൊഥെയൊസ് 3:16, 17.
ബൈബിൾസത്യങ്ങൾ മറ്റുള്ളവരോടു പറയുക
8. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ നിങ്ങളെ എന്തു പ്രേരിപ്പിക്കും?
8 നിങ്ങൾ ബൈബിളിൽനിന്ന് കൂടുതലായി പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾക്കു ഗുണം ചെയ്യുന്നെന്നു കാണുകയും ചെയ്യുമ്പോൾ നിങ്ങളുടെ വിശ്വാസം ശക്തമാകും. പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ നിങ്ങൾ ആഗ്രഹിക്കും. (യിരെമ്യ 20:9; 2 കൊരിന്ത്യർ 4:13) അങ്ങനെയെങ്കിൽ ആരോടൊക്കെ പറയണം?
പഠിച്ച സത്യങ്ങൾ മറ്റുള്ളവരോടു പറയാൻ വിശ്വാസം നിങ്ങളെ സഹായിക്കും
9, 10. (എ) പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് ആരോടൊക്കെ പറഞ്ഞുതുടങ്ങാം? (ബി) സഭയോടൊത്ത് പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനു നിങ്ങൾ എന്തു ചെയ്യണം?
9 പഠിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും അയൽക്കാരോടും സഹജോലിക്കാരോടും ഒക്കെ പറയാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അതു നല്ല കാര്യമാണ്. പക്ഷേ എല്ലായ്പോഴും ദയാപുരസ്സരം, സ്നേഹത്തോടെ വേണം അതു ചെയ്യാൻ. പിന്നീട് നിങ്ങൾക്കു സഭയോടൊത്ത് പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്തുതുടങ്ങാനാകും. അതിനു തയ്യാറാണെന്നു തോന്നുമ്പോൾ നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോട് അക്കാര്യം പറയുക. നിങ്ങൾ യോഗ്യതയിലെത്തിയെന്ന് ആ വ്യക്തിക്കു തോന്നുകയും ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ നിങ്ങൾ ജീവിക്കുകയും ചെയ്യുന്നെങ്കിൽ സഭയിലെ രണ്ടു മൂപ്പന്മാർ നിങ്ങൾ രണ്ടു പേരോടും സംസാരിക്കും.
10 എന്തിനാണ് അങ്ങനെ സംസാരിക്കുന്നത്? ബൈബിളിലെ അടിസ്ഥാനകാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ, നിങ്ങളുടെ ജീവിതത്തിൽ ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടോ, യഹോവയുടെ സാക്ഷികളിൽ ഒരാളാകാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ എന്നെല്ലാം ഉറപ്പുവരുത്താനാണു മൂപ്പന്മാർ നിങ്ങളോടു സംസാരിക്കുന്നത്. നിങ്ങൾ ഉൾപ്പെടെ സഭയിലെ എല്ലാ അംഗങ്ങളുടെയും കാര്യത്തിൽ മൂപ്പന്മാർക്കു താത്പര്യമുണ്ടെന്ന് ഓർക്കുക. അതുകൊണ്ട് അവരോടു സംസാരിക്കാൻ പേടിക്കേണ്ടതില്ല. (പ്രവൃത്തികൾ 20:28; 1 പത്രോസ് 5:2, 3) ഇങ്ങനെ സംസാരിച്ചശേഷം, സഭയോടൊത്ത് നിങ്ങൾക്കു പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാനാകുമോ എന്നു മൂപ്പന്മാർ നിങ്ങളെ അറിയിക്കും.
11. സഭയോടൊത്ത് പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് മാറ്റങ്ങൾ വരുത്തുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 ഇനി ഒരുപക്ഷേ മൂപ്പന്മാർ പറയുന്നത്, സഭയോടൊത്ത് പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് നിങ്ങൾ ഇനിയും ചില മാറ്റങ്ങൾ വരുത്തണമെന്നായിരിക്കും. ആ മാറ്റങ്ങൾ വരുത്തുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ദൈവത്തെക്കുറിച്ച് നമ്മൾ മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നമ്മൾ യഹോവയെ പ്രതിനിധാനം ചെയ്യുകയാണ്. അതുകൊണ്ട് യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന വിധത്തിലായിരിക്കണം നമ്മുടെ ജീവിതം.—1 കൊരിന്ത്യർ 6:9, 10; ഗലാത്യർ 5:19-21.
മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുക
12. എല്ലാവരും മാനസാന്തരപ്പെടേണ്ടത് എന്തുകൊണ്ടാണ്?
12 സ്നാനമേൽക്കുന്നതിനു മുമ്പ് നിങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. അതെക്കുറിച്ച് പത്രോസ് അപ്പോസ്തലൻ പറഞ്ഞു: “നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകിട്ടാൻ മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുക.” (പ്രവൃത്തികൾ 3:19) മാനസാന്തരപ്പെടുക എന്നാൽ എന്താണ് അർഥം? നമ്മൾ ചെയ്ത തെറ്റുകളെക്കുറിച്ച് അങ്ങേയറ്റം ഖേദം തോന്നുക എന്നാണ് അതിന് അർഥം. ഉദാഹരണത്തിന് നിങ്ങൾ അസാന്മാർഗികജീവിതം നയിച്ചിരുന്നെങ്കിൽ മാനസാന്തരപ്പെടേണ്ടതുണ്ട്. എന്നാൽ ജീവിതകാലത്തെല്ലാം ശരിയായതു ചെയ്യാൻ നല്ല ശ്രമം ചെയ്ത ആളാണു നിങ്ങൾ എങ്കിലോ? അപ്പോഴും നിങ്ങൾ മാനസാന്തരപ്പെടണം. കാരണം നമ്മളെല്ലാം പാപികളാണ്. നമ്മൾ ക്ഷമയ്ക്കായി ദൈവത്തോട് അപേക്ഷിക്കണം.—റോമർ 3:23; 5:12.
13. ‘തിരിഞ്ഞുവരുക’ എന്നതിന്റെ അർഥം എന്താണ്?
13 ചെയ്തുപോയതിനെക്കുറിച്ച് നിങ്ങൾക്കു ഖേദം തോന്നിയാൽ മാത്രം മതിയോ? പോരാ. “തിരിയുക (അഥവാ, തിരിഞ്ഞുവരുക)” എന്നുകൂടി പത്രോസ് പറഞ്ഞു. അതിന്റെ അർഥം തെറ്റു ചെയ്യുന്നതു നിറുത്തിയിട്ട് ശരിയായതു ചെയ്തുതുടങ്ങണം എന്നാണ്. ഇതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. നിങ്ങൾ ഒരു സ്ഥലത്തേക്ക് ആദ്യമായി യാത്ര ചെയ്യുകയാണെന്നിരിക്കട്ടെ. കുറച്ച് കഴിഞ്ഞപ്പോഴാണു മനസ്സിലാകുന്നത്, നിങ്ങൾ പോകുന്നത് തെറ്റായ ദിശയിലാണെന്ന്. നിങ്ങൾ എന്തു ചെയ്യും? വേഗത കുറച്ച്, നിറുത്തി, തിരിഞ്ഞ്, ശരിയായ ദിശയിൽ പോകും. അതുപോലെ ബൈബിൾ പഠിക്കുമ്പോൾ, മാറ്റം വരുത്തേണ്ട ചില കാര്യങ്ങളും ശീലങ്ങളും ഒക്കെ നിങ്ങൾക്കുണ്ടെന്നു തിരിച്ചറിഞ്ഞേക്കാം. ‘തിരിഞ്ഞുവരാൻ,’ അതായത് വേണ്ട മാറ്റങ്ങൾ വരുത്താൻ, തയ്യാറാകുക. എന്നിട്ട് ശരിയായതു ചെയ്യാൻ തുടങ്ങുക.
വ്യക്തിപരമായി സമർപ്പിക്കുക
യഹോവയെ സേവിക്കുമെന്നു നിങ്ങൾ യഹോവയ്ക്കു വാക്കു കൊടുത്തോ?
14. നിങ്ങളെത്തന്നെ എങ്ങനെ ദൈവത്തിനു സമർപ്പിക്കാം?
14 സ്നാനമേൽക്കുന്നതിനു മുമ്പ് നിങ്ങൾ സ്വീകരിക്കേണ്ട മറ്റൊരു പ്രധാനനടപടിയാണു നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുക എന്നത്. എന്താണു സമർപ്പണം? ഇനി യഹോവയെ മാത്രമേ ആരാധിക്കൂ എന്നും യഹോവയുടെ ഇഷ്ടത്തിനായിരിക്കും ജീവിതത്തിൽ മുഖ്യസ്ഥാനം എന്നും പ്രാർഥനയിൽ യഹോവയ്ക്കു വാക്കുകൊടുക്കുന്നതാണു സമർപ്പണം.—ആവർത്തനം 6:15.
15, 16. തന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത് എന്ത്?
15 യഹോവയെ മാത്രമേ ഇനി സേവിക്കൂ എന്നു വാക്കുകൊടുക്കുന്നത്, നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയോടൊപ്പം ഇനിയുള്ള കാലം ജീവിച്ചുകൊള്ളാമെന്നു വാക്കു കൊടുക്കുന്നതുപോലെയാണ്. ഒരു സ്ത്രീയും പുരുഷനും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നെന്നു കരുതുക. ആ പുരുഷൻ ആ സ്ത്രീയെ കൂടുതൽ അടുത്ത് അറിയുമ്പോൾ അവളോടുള്ള സ്നേഹം വർധിക്കുന്നു. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ഇത് പ്രധാനപ്പെട്ട ഒരു തീരുമാനമാണെങ്കിലും ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അയാൾ തയ്യാറാണ്. കാരണം അയാൾ അവളെ സ്നേഹിക്കുന്നു.
16 യഹോവയെക്കുറിച്ച് പഠിക്കുമ്പോൾ നിങ്ങൾക്ക് യഹോവയോടു സ്നേഹം തോന്നും. കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. യഹോവയെ സേവിച്ചുകൊള്ളാമെന്നു പ്രാർഥനയിൽ യഹോവയ്ക്കു വാക്കു കൊടുക്കാൻ ഇതു നിങ്ങളെ പ്രേരിപ്പിക്കും. യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ ‘സ്വയം ത്യജിക്കണം’ എന്നു ബൈബിൾ പറയുന്നു. (മർക്കോസ് 8:34) അതിന്റെ അർഥം യഹോവയെ അനുസരിക്കുന്നതിനായിരിക്കും നിങ്ങൾ ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുക്കുന്നത് എന്നാണ്. സ്വന്തം ഇഷ്ടങ്ങളെക്കാളും ലക്ഷ്യങ്ങളെക്കാളും നിങ്ങൾക്കു പ്രധാനം യഹോവ എന്ത് ആവശ്യപ്പെടുന്നു എന്നതിനായിരിക്കും.—1 പത്രോസ് 4:2 വായിക്കുക.
പരാജയഭീതി വേണ്ടാ
17. ചിലർ യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിക്കാൻ മടിക്കുന്നത് എന്തുകൊണ്ട്?
17 യഹോവയെ സേവിച്ചുകൊള്ളാമെന്ന വാക്കു പാലിക്കാൻ പറ്റാതെ വരുമോ എന്ന പേടികൊണ്ട് ചിലർ യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിക്കാൻ മടിക്കുന്നു. യഹോവയെ നിരാശപ്പെടുത്താൻ അവർക്ക് ആഗ്രഹമില്ല. ഇനി, സമർപ്പിച്ചില്ലെങ്കിൽ അവർ ചെയ്യുന്ന കാര്യങ്ങൾക്ക് യഹോവ കണക്കു ചോദിക്കില്ലല്ലോ എന്നും അവർ ചിന്തിച്ചേക്കാം.
18. യഹോവയെ നിരാശപ്പെടുത്തുമോ എന്ന പേടി മറികടക്കാൻ എന്തു നിങ്ങളെ സഹായിക്കും?
18 യഹോവയെ നിരാശപ്പെടുത്തുമോ എന്ന പേടി മറികടക്കാൻ യഹോവയോടുള്ള സ്നേഹം നിങ്ങളെ സഹായിക്കും. യഹോവയെ സ്നേഹിക്കുന്നതുകൊണ്ട്, യഹോവയ്ക്കു കൊടുത്ത വാക്കു പാലിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും. (സഭാപ്രസംഗകൻ 5:4; കൊലോസ്യർ 1:10) യഹോവയുടെ ഇഷ്ടം ചെയ്യുന്നതു വലിയൊരു ഭാരമായി നിങ്ങൾക്കു തോന്നില്ല. യോഹന്നാൻ അപ്പോസ്തലൻ എഴുതി: “ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം. ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.”—1 യോഹന്നാൻ 5:3.
19. നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കാൻ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
19 നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കാൻ നിങ്ങൾ എല്ലാം തികഞ്ഞവനായിരിക്കേണ്ടതില്ല. നമുക്കു ചെയ്യാൻ പറ്റാത്തതൊന്നും യഹോവ ഒരിക്കലും നമ്മളോട് ആവശ്യപ്പെടുന്നില്ല. (സങ്കീർത്തനം 103:14) ശരിയായതു ചെയ്യാൻ യഹോവ നിങ്ങളെ സഹായിക്കും. (യശയ്യ 41:10) പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക. അപ്പോൾ “ദൈവം നിന്റെ വഴികൾ നേരെയാക്കും.”—സുഭാഷിതങ്ങൾ 3:5, 6.
രക്ഷയ്ക്കായുള്ള പരസ്യപ്രഖ്യാപനം
20. ദൈവത്തിനു നിങ്ങളെത്തന്നെ വ്യക്തിപരമായി സമർപ്പിച്ചാൽ എന്താണ് അടുത്ത പടി?
20 യഹോവയ്ക്കു സമർപ്പിക്കാൻ നിങ്ങൾ തയ്യാറായിരിക്കുകയാണോ? അങ്ങനെ സമർപ്പിച്ചുകഴിഞ്ഞാൽ അടുത്ത പടി സ്വീകരിക്കുക. നിങ്ങൾ സ്നാനമേൽക്കണം.
21, 22. നിങ്ങൾക്കു വിശ്വാസത്തിന്റെ ‘പരസ്യപ്രഖ്യാപനം’ എങ്ങനെ നടത്താം?
21 നിങ്ങൾ യഹോവയ്ക്കു സമർപ്പിച്ചെന്നും സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നെന്നും നിങ്ങളുടെ സഭയിലെ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനെ അറിയിക്കുക. ബൈബിളിലെ അടിസ്ഥാനപഠിപ്പിക്കലുകൾ നിങ്ങളുമായി ചർച്ച ചെയ്യാൻ അദ്ദേഹം ചില മൂപ്പന്മാരെ ക്രമീകരിക്കും. സ്നാനമേൽക്കാനുള്ള യോഗ്യതയിൽ നിങ്ങൾ എത്തിയെന്ന് അവർക്കു ബോധ്യമായാൽ യഹോവയുടെ സാക്ഷികളുടെ അടുത്ത സമ്മേളനത്തിലോ കൺവെൻഷനിലോ നിങ്ങൾക്കു സ്നാനമേൽക്കാമെന്ന് അവർ പറയും. സ്നാനത്തിന്റെ അർഥം വിശദീകരിക്കുന്ന ഒരു പ്രസംഗം സമ്മേളനത്തിലുണ്ടായിരിക്കും. ആ പ്രസംഗം നടത്തുന്ന വ്യക്തി സ്നാനത്തിനു തയ്യാറായി വന്നിരിക്കുന്നവരോടു ലളിതമായ രണ്ടു ചോദ്യം ചോദിക്കും. ആ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ വിശ്വാസത്തിന്റെ ‘പരസ്യപ്രഖ്യാപനം’ നടത്തുകയാണു നിങ്ങൾ.—റോമർ 10:10.
22 അടുത്തതു സ്നാനമാണ്. വെള്ളത്തിൽ നിങ്ങളെ പൂർണമായി മുക്കിയാണു സ്നാനപ്പെടുത്തുന്നത്. സ്നാനമേൽക്കുന്നതിലൂടെ, നിങ്ങൾ യഹോവയ്ക്കു സമർപ്പിച്ചെന്നും ഇപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാളായെന്നും മറ്റുള്ളവരെ അറിയിക്കുകയാണ്.
സ്നാനം അർഥമാക്കുന്നത്
23. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാനമേൽക്കുക എന്നതിന്റെ അർഥമെന്താണ്?
23 തന്റെ ശിഷ്യന്മാർ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാനപ്പെടുമെന്നു യേശു പറഞ്ഞു. (മത്തായി 28:19 വായിക്കുക.) അതിന്റെ അർഥം, യഹോവയുടെ അധികാരവും യേശുവിനു ദൈവോദ്ദേശ്യത്തിലുള്ള സ്ഥാനവും പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് ദൈവം തന്റെ ഇഷ്ടം നിറവേറ്റുന്ന വിധവും നിങ്ങൾ തിരിച്ചറിയുന്നു എന്നാണ്.—സങ്കീർത്തനം 83:18; മത്തായി 28:18; ഗലാത്യർ 5:22, 23; 2 പത്രോസ് 1:21.
സ്നാനപ്പെടുമ്പോൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നെന്നു കാണിക്കുകയാണ്
24, 25. (എ) സ്നാനം എന്തിനെ അർഥമാക്കുന്നു? (ബി) അവസാനത്തെ അധ്യായത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
24 വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെയാണു സ്നാനം അർഥമാക്കുന്നത്. വെള്ളത്തിൽ മുങ്ങുന്നത് നിങ്ങളുടെ പഴയ ജീവിതഗതി സംബന്ധിച്ച് നിങ്ങൾ മരിക്കുന്നതിനെ അഥവാ അത് ഉപേക്ഷിക്കുന്നതിനെ കുറിക്കുന്നു. വെള്ളത്തിനു മുകളിലേക്കു വരുന്നതോടെ നിങ്ങൾ ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ടുള്ള ഒരു പുതിയ ജീവിതം തുടങ്ങുകയാണ്. ഇനിമുതൽ നിങ്ങൾ യഹോവയെ സേവിക്കുമെന്നാണ് അതു കാണിക്കുന്നത്. ഏതെങ്കിലും മനുഷ്യനോ സംഘടനയ്ക്കോ ജോലിക്കോ അല്ല നിങ്ങളെ സമർപ്പിച്ചത് എന്ന് ഓർക്കുക. യഹോവയ്ക്കാണു നിങ്ങൾ നിങ്ങളുടെ ജീവിതം സമർപ്പിച്ചിരിക്കുന്നത്.
25 ദൈവത്തിന്റെ ഉറ്റ സ്നേഹിതനാകാൻ സമർപ്പണം നിങ്ങളെ സഹായിക്കും. (സങ്കീർത്തനം 25:14) അതിന്റെ അർഥം സ്നാനപ്പെട്ടു എന്നതുകൊണ്ടു മാത്രം ഒരാൾക്കു രക്ഷ കിട്ടുമെന്നല്ല. പൗലോസ് അപ്പോസ്തലൻ എഴുതി: “ഭയത്തോടും വിറയലോടും കൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക.” (ഫിലിപ്പിയർ 2:12) സ്നാനം ഒരു തുടക്കം മാത്രമാണ്. യഹോവയുമായുള്ള സ്നേഹബന്ധത്തിൽ തുടരാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഈ പുസ്തകത്തിന്റെ അവസാനത്തെ അധ്യായം ആ ചോദ്യത്തിനുള്ള ഉത്തരം തരും.