ചോദ്യം 6
കൂട്ടുകാർ നിർബന്ധിച്ചാൽ എന്തു ചെയ്യണം?
നിങ്ങൾ എന്തു ചെയ്‌തേനേ?
ഈ രംഗമൊന്നു സങ്കൽപ്പിക്കുക: തന്റെ സ്കൂളിൽ പഠിക്കുന്ന രണ്ടു പേർ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ ബ്രയന്റെ ഉള്ളൊന്നു കത്തി! ഈ ആഴ്ചതന്നെ അവർ രണ്ടു പ്രാവശ്യം അവനെക്കൊണ്ട് പുക വലിപ്പിക്കാൻ നോക്കിയതാണ്. ഇത് ഇപ്പോൾ മൂന്നാം തവണയാണ്.
ഒന്നാമൻ തുടങ്ങിവെച്ചു:
“ഇപ്പോഴും ഒറ്റയ്‌ക്കേ ഉള്ളോ? ഒരു പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തട്ടേ?”
“കൂട്ടുകാരൻ” എന്ന വാക്കു പറഞ്ഞപ്പോൾ അവൻ കണ്ണൊന്ന് ഇറുക്കിയതു ബ്രയൻ ശ്രദ്ധിച്ചു. ഇത്രയും പറഞ്ഞ് അവൻ ഒരു സാധനം പോക്കറ്റിൽനിന്ന് എടുത്ത് ബ്രയന്റെ നേരേ നീട്ടി.
അവന്റെ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിൽ അതാ ഒരു സിഗരറ്റ്! ബ്രയന്റെ ആധി കൂടി.
ബ്രയൻ പറഞ്ഞു: “വേണ്ടാ, വേണ്ടെന്നു ഞാൻ നേരത്തേ പറഞ്ഞതല്ലേ?”
രണ്ടാമൻ ഇടയ്‌ക്കു കയറി പറഞ്ഞു: “നീ ഇങ്ങനെയൊരു പേടിത്തൊണ്ടനായാലോ.”
ബ്രയൻ ധൈര്യം സംഭരിച്ച് പറഞ്ഞു, “എനിക്കു പേടിയില്ല!”
രണ്ടാമൻ ബ്രയന്റെ തോളിൽ കൈയിട്ട് സ്വരം താഴ്‌ത്തി ഇങ്ങനെ പറഞ്ഞു: “ഇതു മേടിച്ചോന്നേ.”
ഒന്നാമൻ സിഗരറ്റ് ബ്രയന്റെ മുഖത്തേക്ക് അടുപ്പിച്ചുകൊണ്ട് അവന്റെ ചെവിയിൽ പറഞ്ഞു: “ഞങ്ങൾ ആരോടും പറയില്ല, ആരും അറിയാനുംപോകുന്നില്ല.”
ബ്രയന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്‌തേനേ?
ഒരു നിമിഷം ചിന്തിക്കുക!
ബ്രയന്റെ കൂട്ടുകാർക്ക്, അവർ ചെയ്യുന്നതിന്റെ ഗൗരവം അറിയാമായിരുന്നോ? അവരുടെ കാര്യത്തിൽ തീരുമാനമെടുത്തത് അവർതന്നെയാണോ? മറ്റുള്ളവരുടെ സ്വാധീനത്തിന് അവർ വഴങ്ങിയതാകാനാണു സാധ്യത. കൂട്ടുകാരുടെ അംഗീകാരം കിട്ടാൻവേണ്ടി അവർ അവരുടെ കൈയിലെ കളിപ്പാവയായി.
ഇതുപോലൊരു സാഹചര്യം ഉണ്ടായാൽ, കൂട്ടുകാരുടെ സമ്മർദത്തെ നേരിട്ട് അവരിൽനിന്ന് വ്യത്യസ്തനായിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
മുൻകൂട്ടി കാണുക
ബൈബിൾ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” —സദൃശവാക്യങ്ങൾ 22:3.
മിക്കപ്പോഴും നിങ്ങൾക്ക് അപകടം മുൻകൂട്ടി കാണാൻ കഴിയും. ഉദാഹരണത്തിന്, കുറച്ച് അകലെയായി നിങ്ങളുടെ സ്കൂളിലെ കുറെ കുട്ടികൾ കൂട്ടംകൂടിനിന്ന് സിഗരറ്റ് വലിക്കുന്നതു കാണുന്നെന്നു കരുതുക. ഒരു പ്രശ്‌നം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചാണു ചെല്ലുന്നതെങ്കിൽ അതു നേരിടാൻ നിങ്ങൾ തയ്യാറായിരിക്കും.
ചിന്തിക്കുക
ബൈബിൾ പറയുന്നു: “മനസ്സാക്ഷിയെ നിർമലമായി സൂക്ഷിക്കുവിൻ.”—1 പത്രോസ് 3:16.
‘കൂട്ടത്തോടൊപ്പം കൂടിയാൽ പിന്നീട് എന്റെ മനസ്സാക്ഷിക്ക് എന്തു തോന്നും’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. തത്കാലത്തേക്കു കൂട്ടുകാരുടെ വെറുപ്പ് ഒഴിവാക്കാം എന്നതു ശരിതന്നെ. പക്ഷേ, കുറച്ച് കഴിയുമ്പോഴോ? സഹപാഠികളെ സന്തോഷിപ്പിക്കാൻവേണ്ടി മാത്രം സ്വന്തം വ്യക്തിത്വം ബലികഴിക്കാൻ നിങ്ങൾ തയാറാകുമോ?—പുറപ്പാട് 23:2.
തീരുമാനിച്ചുറയ്‌ക്കുക
ബൈബിൾ പറയുന്നു: ‘വിവേകി ജാഗരൂകനാണ്.’—സുഭാഷിതങ്ങൾ 14:16, പി.ഒ.സി.
ഇപ്പോഴായാലും പിന്നീടായാലും നമ്മൾ ഒരു തീരുമാനമെടുക്കേണ്ടിവരും, അതിന്റെ ഫലങ്ങളും നമ്മൾതന്നെ അനുഭവിക്കണം. ശരിയായ തീരുമാനങ്ങളെടുത്ത യോസേഫ്, ഇയ്യോബ്, യേശു എന്നിവരെപ്പറ്റി ബൈബിൾ പറയുന്നു. തെറ്റായ തീരുമാനങ്ങളെടുത്ത കയീൻ, ഏശാവ്, യൂദാസ് തുടങ്ങിയവരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. എന്നാൽ നിങ്ങൾ എന്തു ചെയ്യും?
ബൈബിൾ പറയുന്നു: “വിശ്വസ്തത ആചരിക്ക.” (സങ്കീർത്തനങ്ങൾ 37:3) പരിണതഫലങ്ങളെക്കുറിച്ച് ആലോചിച്ച് നിങ്ങൾ നേരത്തേതന്നെ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കാൻ വളരെ എളുപ്പമായിരിക്കും, അതുകൊണ്ട് ഗുണവുമുണ്ടാകും.
വിഷമിക്കേണ്ടാ, കൂട്ടുകാരോട് നീണ്ട പ്രസംഗമൊന്നും നടത്തണമെന്നില്ല. ഉറച്ച സ്വരത്തിൽ പറയുന്ന ഒരു ‘വേണ്ടാ’ മാത്രം മതിയാകും. വിട്ടുവീഴ്ച ചെയ്യില്ലെന്നു വ്യക്തമാക്കാൻ നിങ്ങൾക്ക് ഇങ്ങനെയും പറയാവുന്നതാണ്:
“എന്നെ വെറുതേ വിട്ടേക്ക്!”
“എന്നെ ഇതിനൊന്നും കിട്ടില്ല!”
“നിനക്ക് എന്നെ നന്നായി അറിയാവുന്നതല്ലേ!”
നല്ല ബോധ്യത്തോടെ ഉടനടി പ്രതികരിക്കുന്നതിലാണു കാര്യം. അങ്ങനെ ചെയ്യുമ്പോൾ ഇത്തരക്കാർ എത്ര പെട്ടെന്നാണു സ്ഥലം കാലിയാക്കുന്നതെന്നു കണ്ട് നിങ്ങൾതന്നെ അതിശയിച്ചുപോകും!
പരിഹാസത്തെ നേരിടാൻ
ഓരോന്നു ചെയ്യാനുള്ള കൂട്ടുകാരുടെ സമ്മർദത്തിനു വഴങ്ങിയാൽ, നിങ്ങൾ അവരുടെ നിയന്ത്രണത്തിലുള്ള ഒരു യന്ത്രമനുഷ്യനെപ്പോലെയാകും
സമപ്രായക്കാർ നിങ്ങളെ കളിയാക്കുന്നെങ്കിലോ? അവർ ഇങ്ങനെ ചോദിച്ചാലോ, “ഇതിലെന്താ ഇത്ര തെറ്റ്, നീയൊരു പേടിത്തൊണ്ടനാണോ?” ഇത്തരം കുത്തുവാക്കുകൾ എന്താണെന്ന് ആദ്യം തിരിച്ചറിയണം. ശരിക്കും പറഞ്ഞാൽ, ഇതു സമപ്രായക്കാരിൽനിന്നുള്ള സമ്മർദമാണ്. ആകട്ടെ, ഇതിനോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും? കുറഞ്ഞതു രണ്ടു വഴികളുണ്ട്.
കുത്തുവാക്കുകൾ അംഗീകരിക്കുക. (“അതെ, നീ പറഞ്ഞതു ശരിയാ, എനിക്കു കുറച്ച് പേടിയുണ്ട്.” എന്നിട്ട് അതിന്റെ കാരണം ചുരുക്കിപ്പറയുക.)
അവർ ഉപയോഗിച്ച തന്ത്രം തിരിച്ച് പ്രയോഗിക്കുക. അതു നിരസിച്ചതിന്റെ കാരണം വിശദീകരിച്ചിട്ട് കൂട്ടുകാരനെ ശരിക്കും ചിന്തിപ്പിക്കുന്ന ഒരു കാര്യം പറയുക. (“നീ പുക വലിക്കുമോ? നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല വിചാരിച്ചത്!”)
അവർ വീണ്ടും കളിയാക്കുന്നെങ്കിൽ സ്ഥലം വിടുക! എത്ര നേരം അവിടെ നിൽക്കുന്നോ അതിനനുസരിച്ച് സമ്മർദവും കൂടും എന്ന് ഓർക്കണം. അവിടം വിട്ട് പോകുന്നതിലൂടെ, മറ്റുള്ളവർ നിങ്ങളുടെ വ്യക്തിത്വത്തിനു മാറ്റം വരുത്താൻ നിങ്ങൾ സമ്മതിക്കുന്നില്ല എന്നാണു കാണിക്കുന്നത്.
സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിൽനിന്ന് ഒളിച്ചോടാനാകില്ല എന്നതാണു വസ്‌തുത. പക്ഷേ നിങ്ങൾ എന്തു ചെയ്യണമെന്നു നിങ്ങൾക്കുതന്നെ തീരുമാനിക്കാനാകും. നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക. അന്തിമതീരുമാനം എപ്പോഴും നിങ്ങളുടേതു മാത്രമാണ്!—യോശുവ 24:15.