പാഠം 37
യഹോവ ശമുവേലിനോടു സംസാരിക്കുന്നു
മഹാപുരോഹിതനായ ഏലിക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു, ഹൊഫ്നിയും ഫിനെഹാസും. അവർ വിശുദ്ധകൂടാരത്തിൽ പുരോഹിതന്മാരായി സേവിച്ചിരുന്നു. അവർ യഹോവയുടെ നിയമങ്ങൾ അനുസരിച്ചില്ല. ആളുകളോടു വളരെ മോശമായിട്ടാണു പെരുമാറിയിരുന്നതും. ഇസ്രായേല്യർ യഹോവയ്ക്കുള്ള ബലിവസ്തുക്കളുമായി വരുമ്പോൾ ഇറച്ചിയുടെ ഏറ്റവും നല്ല ഭാഗം അവർ എടുക്കുമായിരുന്നു. മക്കൾ ഈ ചെയ്യുന്നതിനെക്കുറിച്ചൊക്കെ അറിഞ്ഞെങ്കിലും ഏലി പ്രത്യേകിച്ച് ഒന്നും ചെയ്‌തില്ല. ഇത് ഇങ്ങനെ തുടരാൻ യഹോവ അനുവദിക്കുമോ?
ഹൊഫ്നിയെക്കാളും ഫിനെഹാസിനെക്കാളും ഒക്കെ പ്രായത്തിൽ വളരെ ഇളയതായിരുന്നു ശമുവേൽ. എങ്കിലും അവൻ അവരുടെ പ്രവർത്തനങ്ങൾ അനുകരിച്ചില്ല. ശമുവേലിനോട് യഹോവയ്ക്കു പ്രീതി തോന്നി. ഒരു ദിവസം രാത്രിയിൽ ഉറങ്ങുമ്പോൾ ആരോ തന്നെ വിളിക്കുന്നതായി ശമുവേൽ കേട്ടു. അവൻ ഏലിയുടെ അടുത്ത് ഓടിച്ചെന്ന് ‘ഞാൻ ഇതാ’ എന്നു പറഞ്ഞു. അപ്പോൾ ഏലി, ‘ഞാൻ വിളിച്ചില്ലല്ലോ; പോയ് കിടന്നുകൊള്ളൂ’ എന്നു പറഞ്ഞു. ശമുവേൽ പോയി കിടന്നു. വീണ്ടും അതുതന്നെ സംഭവിച്ചു. മൂന്നാം തവണയും ശമുവേൽ ആ സ്വരം കേട്ടപ്പോൾ യഹോവയാണ് അവനെ വിളിക്കുന്നതെന്ന് ഏലിക്കു മനസ്സിലായി. ഏലി ശമുവേലിനോട് വീണ്ടും ആ സ്വരം കേട്ടാൽ ഇങ്ങനെ പറയണമെന്നു പറഞ്ഞു: ‘യഹോവേ, പറഞ്ഞാലും. അങ്ങയുടെ ഈ ദാസൻ ശ്രദ്ധിക്കുന്നുണ്ട്.’
ശമുവേൽ പോയി കിടന്നു. അപ്പോൾ ‘ശമുവേലേ! ശമുവേലേ!’ എന്നു വിളിക്കുന്നതു കേട്ടു. അവൻ പറഞ്ഞു: ‘പറഞ്ഞാലും, അങ്ങയുടെ ഈ ദാസൻ ശ്രദ്ധിക്കുന്നുണ്ട്.’ യഹോവ പറഞ്ഞു: ‘ഏലിയെയും കുടുംബത്തെയും ഞാൻ ശിക്ഷിക്കാൻപോകുകയാണെന്നു നീ ഏലിയോടു പറയണം. കാരണം ഏലിയുടെ പുത്രന്മാർ എന്റെ വിശുദ്ധകൂടാരത്തിൽ മോശമായ കാര്യങ്ങൾ ചെയ്യുന്നു; അത് അറിഞ്ഞിട്ടും ഏലി ഒന്നും ചെയ്യുന്നില്ല.’ പിറ്റേന്ന് രാവിലെ ശമുവേൽ പതിവുപോലെ വിശുദ്ധകൂടാരത്തിന്റെ വാതിലുകൾ തുറന്നു. യഹോവ പറഞ്ഞ കാര്യം മഹാപുരോഹിതനോടു പറയാൻ ശമുവേലിനു പേടി തോന്നി. പക്ഷേ ഏലി ശമുവേലിനെ വിളിച്ച് ചോദിച്ചു: ‘എന്റെ മകനേ, യഹോവ എന്താണു നിന്നോടു പറഞ്ഞത്? എല്ലാം എന്നോടു പറയൂ.’ ശമുവേൽ എല്ലാം ഏലിയോടു പറഞ്ഞു.
ശമുവേൽ വളർന്നുവന്നു. യഹോവ ശമുവേലിന്റെകൂടെയുണ്ടായിരുന്നു. യഹോവ ശമുവേലിനെ പ്രവാചകനും ന്യായാധിപനും ആയി നിയമിച്ചിരിക്കുന്നെന്നു ദേശത്ത് ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള എല്ലാ ഇസ്രായേല്യർക്കും അറിയാമായിരുന്നു.
“യൗവനകാലത്ത് നിന്റെ മഹാസ്രഷ്ടാവിനെ ഓർക്കുക.”—സഭാപ്രസംഗകൻ 12:1