പാഠം 54
യോനയോട് യഹോവ ക്ഷമ കാണിച്ചു
നിനെവെ എന്ന അസീറിയൻ നഗരത്തിലുള്ള ആളുകൾ ഭയങ്കര ദുഷ്ടന്മാരായിരുന്നു. നിനെവെയിൽ ചെന്ന് ആളുകളോട്, ജീവിതരീതിക്ക് മാറ്റം വരുത്തണമെന്നും അല്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും മുന്നറിയിപ്പു കൊടുക്കാൻ യഹോവ തന്റെ പ്രവാചകനായ യോനയോടു പറഞ്ഞു. എന്നാൽ യോന പേടിച്ച് നേരെ എതിർദിശയിലേക്കു പോയി, തർശീശിലേക്കുള്ള ഒരു കപ്പലിൽ കയറി.
കപ്പൽ തീരത്തുനിന്ന് വളരെ അകലെയായപ്പോൾ ശക്തമായ ഒരു കൊടുങ്കാറ്റ് അടിച്ചു. അതോടെ നാവികരെല്ലാം ഭയന്നുവിറച്ചു. അവർ പ്രാർഥിച്ചുകൊണ്ട് അവരുടെ ദൈവങ്ങളോടു ചോദിച്ചു: ‘എന്താണ് ഇതിനു കാരണം?’ അവസാനം യോന അവരോടു പറഞ്ഞു: ‘ഞാനാണു കാരണക്കാരൻ. യഹോവ പറഞ്ഞ ഒരു കാര്യം ചെയ്യാതെ ഞാൻ ഓടിപ്പോകുകയാണ്. എന്നെ എടുത്ത് കടലിൽ ഇടൂ. അപ്പോൾ കൊടുങ്കാറ്റ് ശമിക്കും.’ പക്ഷേ നാവികർക്ക് യോനയെ കടലിൽ എറിയാൻ മനസ്സുവന്നില്ല. എന്നാൽ യോന നിർബന്ധിച്ചപ്പോൾ അവർ യോനയെ എടുത്ത് കടലിൽ ഇട്ടു. അപ്പോൾ കൊടുങ്കാറ്റ് നിലച്ചു.
താൻ മരിച്ചുപോകുമെന്നു യോന വിചാരിച്ചു. കടലിന്റെ ആഴങ്ങളിലേക്കു താഴ്ന്നുകൊണ്ടിരുന്നപ്പോൾ യോന യഹോവയോടു പ്രാർഥിച്ചു. യഹോവ ഒരു കൂറ്റൻ മത്സ്യത്തെ യോനയുടെ അടുത്തേക്ക് അയച്ചു. അതു യോനയെ വിഴുങ്ങി. പക്ഷേ യോന മരിച്ചില്ല. മത്സ്യത്തിന്റെ ഉള്ളിൽ കിടന്ന് യോന ഇങ്ങനെ പ്രാർഥിച്ചു: ‘ഞാൻ എപ്പോഴും അങ്ങയെ അനുസരിച്ചുകൊള്ളാമെന്നു വാക്കു തരുന്നു.’ മൂന്നു ദിവസം യഹോവ യോനയെ മത്സ്യത്തിന്റെ ഉള്ളിൽ സംരക്ഷിച്ചു. എന്നിട്ട് യോനയെ ആ മത്സ്യം ഉണങ്ങിയ നിലത്ത് ഛർദിക്കാൻ യഹോവ ഇടയാക്കി.
യഹോവ രക്ഷിച്ചു എന്നു കരുതി യോന ഇനി നിനെവെയിലേക്കു പോകേണ്ടാ എന്നായിരുന്നോ? അല്ല. അങ്ങോട്ടു പോകാൻ യഹോവ വീണ്ടും യോനയോടു പറഞ്ഞു. ഇത്തവണ യോന അനുസരിച്ചു. യോന അവിടെ ചെന്ന് ആ ദുഷ്ടന്മാരോടു പറഞ്ഞു: ‘40 ദിവസത്തിനുള്ളിൽ നിനെവെ നശിപ്പിക്കപ്പെടും.’ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണു തുടർന്നുണ്ടായത്: നിനെവെക്കാർ യോനയുടെ വാക്കു കേട്ട് ജീവിതരീതിക്കു മാറ്റം വരുത്തി! നിനെവെയിലെ രാജാവ് ജനത്തോടു പറഞ്ഞു: ‘ദൈവത്തെ വിളിച്ചപേക്ഷിക്കൂ, മാനസാന്തരപ്പെടൂ. ദൈവം നമ്മളെ നശിപ്പിക്കാതിരുന്നേക്കാം.’ ആളുകൾ മാനസാന്തരപ്പെട്ടെന്നു കണ്ടിട്ട് യഹോവ നിനെവെയെ നശിപ്പിച്ചില്ല.
നഗരം നശിപ്പിക്കപ്പെടാത്തതിൽ യോനയ്ക്കു ദേഷ്യം വന്നു. ഒന്ന് ആലോചിച്ച് നോക്കൂ: യഹോവ യോനയോടു ക്ഷമയും കരുണയും കാണിച്ചു. എന്നാൽ നിനെവെയിലെ ആളുകളോടു യോനയ്ക്ക് ഒട്ടും കരുണ തോന്നിയില്ല. പകരം യോന നഗരത്തിനു പുറത്ത് ഒരു ചൂരച്ചെടിയുടെ തണലിൽ പോയി മുഖം വീർപ്പിച്ച് ഇരുന്നു. എന്നാൽ ആ ചെടി ഉണങ്ങിപ്പോയി. യോനയ്ക്ക് നല്ല ദേഷ്യം വന്നു. യഹോവ യോനയോടു പറഞ്ഞു: ‘നിനെവെക്കാരെക്കാൾ ഈ ചെടിയോടാണല്ലോ നിനക്കു കാര്യം. ഞാൻ അവരോടു കരുണ കാണിച്ചു. അവർ രക്ഷപ്പെട്ടു.’ ഇതിൽനിന്ന് എന്തു മനസ്സിലാക്കാം? നിനെവെയിലെ ആളുകൾക്കായിരുന്നു തീർച്ചയായും ഒരു ചെടിയെക്കാൾ പ്രാധാന്യം.
“ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.”—2 പത്രോസ് 3:9