പാഠം 70
ദൈവദൂതന്മാർ യേശുവിന്റെ ജനനം അറിയിക്കുന്നു
എല്ലാ ജൂതന്മാരും പേര് രേഖപ്പെടുത്താൻ ജന്മനാട്ടിലേക്കു പോകണമെന്നു റോമൻ സാമ്രാജ്യത്തിലെ ഭരണാധികാരിയായ അഗസ്റ്റസ് സീസർ കല്പിച്ചു. യോസേഫിന്റെ കുടുംബം ബേത്ത്ലെഹെമിൽനിന്നുള്ളതാണ്. അതുകൊണ്ട് യോസേഫും മറിയയും അങ്ങോട്ടു പോയി. അപ്പോൾ മറിയയ്‌ക്കു കുഞ്ഞുണ്ടാകാനുള്ള സമയം ഏതാണ്ട് അടുത്തിരുന്നു.
ബേത്ത്ലെഹെമിൽ എത്തിയ അവർക്കു താമസിക്കാൻ ആകെ കിട്ടിയത് ഒരു തൊഴുത്താണ്. അവിടെവെച്ചാണ് യേശു ജനിക്കുന്നത്. മറിയ തന്റെ കുഞ്ഞിനെ നല്ല മയമുള്ള ഒരു തുണിയിൽ പൊതിഞ്ഞ് മെല്ലെ ഒരു പുൽത്തൊട്ടിയിൽ കിടത്തി.
ബേത്ത്ലെഹെമിന് അടുത്ത് ഇടയന്മാർ രാത്രിയിൽ വെളിമ്പ്രദേശത്ത് ആടുകൾക്കു കാവൽ കിടക്കുകയായിരുന്നു. പെട്ടെന്ന് ഒരു ദൈവദൂതൻ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. യഹോവയുടെ തേജസ്സിന്റെ ശോഭ അവർക്കു ചുറ്റും പ്രകാശിച്ചു. ഇടയന്മാർ ആകെ പേടിച്ചുപോയി. പക്ഷേ ദൂതൻ പറഞ്ഞു: ‘പേടിക്കേണ്ടാ. വളരെ സന്തോഷകരമായ ഒരു കാര്യം എനിക്കു പറയാനുണ്ട്. ഇന്നു ബേത്ത്ലെഹെമിൽ മിശിഹ ജനിച്ചിരിക്കുന്നു.’ ആ നിമിഷംതന്നെ ആകാശത്ത് അനേകം ദൂതന്മാർ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: ‘സ്വർഗത്തിലെ ദൈവത്തിനു മഹത്ത്വം, ഭൂമിയിൽ സമാധാനം!’ എന്നിട്ട് ദൂതന്മാർ അപ്രത്യക്ഷരായി. ഇടയന്മാർ അപ്പോൾ എന്തു ചെയ്‌തു?
ഇടയന്മാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘നമുക്ക് ഇപ്പോൾത്തന്നെ ബേത്ത്ലെഹെമിലേക്കു പോകാം.’ ഉടനെ അങ്ങോട്ടു പുറപ്പെട്ട അവർ തൊഴുത്തിൽ യോസേഫിനെയും മറിയയെയും അവരുടെ കുഞ്ഞിനെയും കണ്ടു.
ദൈവദൂതന്മാർ ആ ഇടയന്മാരോടു പറഞ്ഞതിനെക്കുറിച്ച് കേട്ട എല്ലാവരും അതിശയിച്ചു. ദൂതന്മാരുടെ വാക്കുകളെക്കുറിച്ച് മറിയ കൂടുതലായി ചിന്തിച്ചു, അത് ഒരിക്കലും മറന്നുകളഞ്ഞില്ല. ഇടയന്മാർ തങ്ങൾ കണ്ടതും കേട്ടതും ആയ കാര്യങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട് ആട്ടിൻപറ്റത്തിന്റെ അടുത്തേക്ക് തിരിച്ചുപോയി.
“ദൈവത്തിന്റെ അടുത്തുനിന്നാണു ഞാൻ ഇവിടെ വന്നത്. ഞാൻ സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല. ദൈവം എന്നെ അയച്ചതാണ്.”—യോഹന്നാൻ 8:42