പാഠം 80
യേശു 12 അപ്പോസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നു
യേശു പ്രസംഗപ്രവർത്തനം തുടങ്ങിയിട്ട് ഏകദേശം ഒന്നര വർഷം കഴിഞ്ഞു. ഇപ്പോൾ യേശുവിന് ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കണം: തന്റെകൂടെ പ്രവർത്തിക്കാൻ ആരെ തിരഞ്ഞെടുക്കണം? ക്രിസ്തീയസഭയിൽ നേതൃത്വമെടുക്കാൻ ആരെ പരിശീലിപ്പിക്കണം? ഈ തീരുമാനങ്ങളെടുക്കാൻ യേശുവിന് യഹോവയുടെ സഹായം വേണം. അതുകൊണ്ട് യേശു ഒരു മലമുകളിലേക്കു പോയി. അവിടെയാകുമ്പോൾ ഒറ്റയ്‌ക്ക് ആയിരിക്കാമല്ലോ. അവിടെ യേശു രാത്രി മുഴുവൻ പ്രാർഥിച്ചു. പിറ്റേന്ന് രാവിലെ, യേശു തന്റെ ശിഷ്യന്മാരിൽ ചിലരെ വിളിച്ചുകൂട്ടി, 12 പേരെ അപ്പോസ്തലന്മാരായി തിരഞ്ഞെടുത്തു. അവരിൽ ആരുടെയൊക്കെ പേര് നിങ്ങൾ ഓർക്കുന്നുണ്ട്? പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്, ബർത്തൊലൊമായി, തോമസ്, മത്തായി, അൽഫായിയുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യൂദാസ് ഈസ്കര്യോത്ത് എന്നിവരാണ് അവർ.
അന്ത്രയോസ്, പത്രോസ്, ഫിലിപ്പോസ്, യാക്കോബ്
ആ 12 പേർ യേശുവിനോടൊപ്പം യാത്ര ചെയ്യുമായിരുന്നു. പിന്നീട് വേണ്ട പരിശീലനം കൊടുത്തശേഷം, സ്വന്തമായി പ്രസംഗിക്കാൻ യേശു അവരെ പറഞ്ഞയച്ചു. ഭൂതങ്ങളെ പുറത്താക്കാനും രോഗികളെ സുഖപ്പെടുത്താനും ഉള്ള കഴിവ് യഹോവ അവർക്കു നൽകി.
യോഹന്നാൻ, മത്തായി, ബർത്തൊലൊമായി, തോമസ്
യേശു ആ 12 പേരെ സ്നേഹിതർ എന്നു വിളിച്ചു. യേശുവിന് അവരെ നല്ല വിശ്വാസമായിരുന്നു. അപ്പോസ്‌തലന്മാരെ വിദ്യാഭ്യാസമില്ലാത്ത വെറും സാധാരണക്കാരായാണു പരീശന്മാർ കണക്കാക്കിയിരുന്നത്. എന്നാൽ യേശു അവർക്കു പ്രസംഗപ്രവർത്തനത്തിനു വേണ്ട പരിശീലനം നൽകി. യേശുവിന്റെ മരണവും പുനരുത്ഥാനവും പോലെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ അവർ യേശുവിന്റെകൂടെ ഉണ്ടായിരിക്കുമായിരുന്നു. യേശുവിനെപ്പോലെ ആ 12 പേരിൽ മിക്കവരും ഗലീലക്കാരായിരുന്നു. അവരിൽ ചിലർ വിവാഹിതരും.
അൽഫായിയുടെ മകൻ യാക്കോബ്, യൂദാസ് ഈസ്കര്യോത്ത്, തദ്ദായി, ശിമോൻ
അപൂർണരായിരുന്നതുകൊണ്ട് ഈ അപ്പോസ്തലന്മാർക്കും തെറ്റുകൾ പറ്റിയിരുന്നു. ചിലപ്പോൾ അവർ ഒന്നും ആലോചിക്കാതെ സംസാരിച്ചു; തെറ്റായ തീരുമാനങ്ങൾ എടുത്തു. മറ്റു ചിലപ്പോൾ അവർക്ക് പെട്ടെന്നു ക്ഷമ നശിച്ചു. ആരാണ് ഏറ്റവും വലിയവൻ എന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾപോലും അവരുടെ ഇടയിൽ ഉണ്ടായി. എന്നാൽ യഹോവയെ സ്നേഹിച്ച നല്ല മനുഷ്യരായിരുന്നു അവർ. യേശു പോയതിനു ശേഷം ക്രിസ്തീയസഭയുടെ ആദ്യ അംഗങ്ങളായി പ്രവർത്തിക്കേണ്ടവർ അവരായിരുന്നു.
“ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന് കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.”—യോഹന്നാൻ 15:15