പാഠം 84
യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നു
യേശു രോഗികളെ സുഖപ്പെടുത്തി. മരിച്ചവരെ ഉയിർപ്പിച്ചു. അതു മാത്രമല്ല, കാറ്റിനെയും മഴയെയും നിയന്ത്രിക്കാൻപോലും യേശുവിനു കഴിഞ്ഞു. മലയിൽ പോയി പ്രാർഥിച്ചശേഷം യേശു താഴെ ഗലീലക്കടലിലേക്കു നോക്കിയപ്പോൾ അവിടെ ഒരു കൊടുങ്കാറ്റു വീശുന്നുണ്ടായിരുന്നു. വള്ളത്തിൽ പോയിരുന്ന യേശുവിന്റെ അപ്പോസ്തലന്മാർ കാറ്റിന് എതിരെ തുഴയാൻ പ്രയാസപ്പെടുകയായിരുന്നു. യേശു ഇറങ്ങിവന്ന് വെള്ളത്തിനു മുകളിലൂടെ ആ വള്ളത്തിന് അടുത്തേക്കു നടന്നു. ആരോ വെള്ളത്തിനു മുകളിലൂടെ നടക്കുന്നതു കണ്ട് അപ്പോസ്തലന്മാർ പേടിച്ചുപോയി. പക്ഷേ യേശു അവരോടു പറഞ്ഞു: ‘ഇതു ഞാനാണ്, പേടിക്കേണ്ടാ!’
പത്രോസ് പറഞ്ഞു: ‘കർത്താവേ, ശരിക്കും അങ്ങുതന്നെയാണോ അത്? എങ്കിൽ എന്നോട് അങ്ങയുടെ അടുത്ത് വരാൻ കല്പിക്കണേ.’ യേശു പത്രോസിനോട്, ‘വരൂ’ എന്നു പറഞ്ഞു. കൊടുങ്കാറ്റ് ആഞ്ഞു വീശിക്കൊണ്ടിരിക്കുമ്പോൾ, പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നു. പക്ഷേ യേശുവിന്റെ അടുത്ത് എത്താറായപ്പോൾ പത്രോസ് ആ കൊടുങ്കാറ്റ് കണ്ട് ആകെ പേടിച്ചുപോയി. മുങ്ങാൻതുടങ്ങുന്നതുപോലെ പത്രോസിനു തോന്നി. ‘കർത്താവേ, എന്നെ രക്ഷിക്കണേ’ എന്നു പത്രോസ് നിലവിളിച്ചു. യേശു പത്രോസിന്റെ കൈക്കു പിടിച്ചിട്ട് ചോദിച്ചു: ‘നീ എന്തിനാണു സംശയിച്ചത്? എവിടെപ്പോയി നിന്റെ വിശ്വാസം?’
യേശുവും പത്രോസും വള്ളത്തിൽ കയറിയ ഉടനെ കൊടുങ്കാറ്റ് നിലച്ചു. അപ്പോസ്തലന്മാർക്ക് അതു കണ്ടപ്പോൾ എന്തു തോന്നിയിരിക്കും? അവർ പറഞ്ഞു: “ശരിക്കും അങ്ങ് ദൈവപുത്രനാണ്!”
ഇതു മാത്രമല്ല, യേശു കാലാവസ്ഥയെ നിയന്ത്രിച്ച അവസരങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ യേശുവും അപ്പോസ്തലന്മാരും കടലിലൂടെ മറുകരയിലേക്കു പോകുമ്പോൾ യേശു വള്ളത്തിന്റെ പിൻഭാഗത്ത് ഉറങ്ങുകയായിരുന്നു. അപ്പോൾ ശക്തമായ ഒരു കൊടുങ്കാറ്റ് അടിച്ചു. തിരകൾ വള്ളത്തിൽ ആഞ്ഞടിച്ചു. വള്ളത്തിൽ വെള്ളം നിറഞ്ഞു. അപ്പോൾ അപ്പോസ്തലന്മാർ, ‘ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും. ഞങ്ങളെ രക്ഷിക്കണേ’ എന്നു വിളിച്ചുകൂവി യേശുവിനെ ഉണർത്തി. യേശു എഴുന്നേറ്റ് കടലിനോട്, ‘ശാന്തമാകൂ’ എന്നു പറഞ്ഞു. ഉടനെ കാറ്റും കടലും ശാന്തമായി. യേശു അപ്പോസ്തലന്മാരോട്, ‘എവിടെപ്പോയി നിങ്ങളുടെ വിശ്വാസം’ എന്നു ചോദിച്ചു. ‘കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ’ എന്ന് അവർ തമ്മിൽത്തമ്മിൽ പറഞ്ഞു. യേശുവിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ ഒന്നിനെയും പേടിക്കേണ്ടെന്ന് അപ്പോസ്തലന്മാർ മനസ്സിലാക്കി.
“ജീവനുള്ളവരുടെ ദേശത്തുവെച്ച് യഹോവയുടെ നന്മ കാണാനാകുമെന്ന വിശ്വാസമില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എവിടെയായിരുന്നേനേ?”—സങ്കീർത്തനം 27:13