ഭാഗം 7—ആമുഖം
ശൗൽ രാജാവിന്റെയും ദാവീദ് രാജാവിന്റെയും ജീവചരിത്രമാണ് ഈ ഭാഗത്തുള്ളത്, ഏകദേശം 80 വർഷത്തെ ചരിത്രം! തുടക്കത്തിൽ ശൗലിനു താഴ്മയും ദൈവഭയവും ഉണ്ടായിരുന്നു. പക്ഷേ പെട്ടെന്നുതന്നെ അതൊക്കെ മാറി; ശൗൽ യഹോവയുടെ മാർഗനിർദേശം പിൻപറ്റാൻ വിസമ്മതിച്ചു. യഹോവ ശൗലിനെ തള്ളിക്കളഞ്ഞു. എന്നിട്ട് ഇസ്രായേലിന്റെ അടുത്ത രാജാവായി ദാവീദിനെ അഭിഷേകം ചെയ്യാൻ ശമുവേലിനു നിർദേശം കൊടുത്തു. അസൂയ മൂത്ത ശൗൽ ദാവീദിനെ കൊല്ലാൻ പലവട്ടം ശ്രമിച്ചു. എന്നാൽ ദാവീദ് ഒരിക്കലും പ്രതികാരം ചെയ്തില്ല. യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു ദാവീദിനെയാണെന്നു ശൗലിന്റെ മകൻ യോനാഥാന് അറിയാമായിരുന്നു. അതുകൊണ്ട് യോനാഥാൻ ദാവീദിനോടു വിശ്വസ്തമായി പറ്റിനിന്നു. ദാവീദ് ഗുരുതരമായ ചില പാപങ്ങൾ ചെയ്തെങ്കിലും യഹോവയുടെ ശിക്ഷണം ഒരിക്കലും നിരസിച്ചില്ല. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ ദൈവത്തിന്റെ ക്രമീകരണങ്ങളെ എല്ലായ്പോഴും പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ മക്കളെ സഹായിക്കുക.