യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഒരു നിഷ്ഠുരശാസകനിൽനിന്നുള്ള രക്ഷപ്പെടൽ
യോസേഫ് മറിയയെ ഈ അർത്ഥരാത്രിക്ക് ഉണർത്തുന്നതെന്തുകൊണ്ട്? ‘യഹോവയുടെ ദൂതൻ എനിക്ക് ഇപ്പോൾ പ്രത്യക്ഷനായി’ എന്ന് യോസേഫ് അവളോട് പറയുന്നു. ‘നിന്നെയും ശിശുവിനെയും എടുത്ത് മിസ്രയീമിലേക്ക് ഓടിപ്പോകാൻ അവൻ പറഞ്ഞിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ഹേരോദാവ് യേശുവിനെ കൊല്ലാൻ വേണ്ടി അവനെ അന്വേഷിക്കാൻ ഭാവിക്കുന്നു.’
അവർ മൂവരും രക്ഷപ്പെടുന്നു. അത് കൃത്യസമയത്തുതന്നെയായിരുന്നു. കാരണം ജ്യോൽസ്യർ തന്നെ വഞ്ചിച്ച് ദേശം വിട്ടിരിക്കുന്നു എന്ന് ഹേരോദാവിന് മനസ്സിലായി. അവർ യേശുവിനെ കണ്ടെത്തിക്കഴിഞ്ഞ് തിരിച്ചു ചെന്ന് അവനെ അറിയിക്കേണ്ടതായിരുന്നുവെന്നോർക്കുക. ഹേരോദാവ് രോഷാകുലനാണ്. അതുകൊണ്ട് യേശുവിനെ കൊല്ലാനുള്ള ശ്രമത്തിൽ, ബേത്ലഹേമിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള രണ്ടു വയസ്സും അതിന് താഴെയുമുള്ള ആൺകുട്ടികളെയൊക്കെയും കൊല്ലാൻ അവൻ കല്പന പുറപ്പെടുവിക്കുന്നു. അവൻ ഈ വിധത്തിൽ പ്രായം നിർണ്ണയിക്കുന്നത്, തനിക്ക് ജ്യോൽസ്യരിൽനിന്ന് മുമ്പ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
ആൺകുട്ടികളുടെ ഈ കൂട്ടക്കൊല ഭീകരമായ ഒരു ദൃശ്യം തന്നെ! ഹേരോദാവിന്റെ പടയാളികൾ ഒന്നിനു പുറകേ ഒന്നായി ഭവനങ്ങളിലേക്ക് തള്ളിക്കയറുന്നു. അവർ ഒരാൺകുട്ടിയെ കാണുമ്പോൾ അവനെ അമ്മയുടെ കരങ്ങളിൽനിന്ന് പിടിച്ചു പറിക്കുന്നു. അവർ എത്ര കുട്ടികളെ കൊല്ലുന്നുണ്ടെന്ന് നമുക്ക് യാതൊരറിവുമില്ല, എന്നാൽ മാതാക്കളുടെ വലിയ കരച്ചിലും നിലവിളിയും ദൈവത്തിന്റെ പ്രവാചകനായ യിരെമ്യാവിന്റെ ഒരു ബൈബിൾ പ്രവചനം നിവർത്തിക്കുകയാണ്.
അതിനിടെ, യോസേഫും അവന്റെ കുടുംബവും ഈജിപ്ററിലേക്ക് സുരക്ഷിതമായി പലായനം ചെയ്തു. അവർ ഇപ്പോൾ അവിടെയാണ് വസിക്കുന്നത്. എന്നാൽ ഒരു രാത്രി യഹോവയുടെ ദൂതൻ ഒരു സ്വപ്നത്തിൽ യോസേഫിന് വീണ്ടും പ്രത്യക്ഷപ്പെടുന്നു. ‘എഴുന്നേററ് യേശുവിനെയും അവന്റെ അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേലിലേക്ക് മടങ്ങിപ്പോക’ എന്ന് ദൂതൻ പറയുന്നു. ‘എന്തുകൊണ്ടെന്നാൽ അവനെ കൊല്ലാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞിരിക്കുന്നു.’ അതുകൊണ്ട്, ദൈവപുത്രനെ മിസ്രയീമിൽനിന്ന് വിളിച്ചുവരുത്തും എന്ന മറെറാരു ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി, കുടുംബം മുഴുവൻ തങ്ങളുടെ ജൻമനാട്ടിലേക്ക് മടങ്ങുന്നു.
പ്രസ്പഷ്ടമായി, തങ്ങൾ ഈജിപ്ററിലേക്ക് പലായനം ചെയ്യുന്നതിനുമുമ്പ് താമസിച്ചിരുന്ന സ്ഥലമായ യഹൂദയിൽ വാസമുറപ്പിക്കാൻ യോസേഫ് ആഗ്രഹിക്കുന്നു. എന്നാൽ ഹേരോദാവിന്റെ ദുഷ്ടപുത്രനായ അർക്കെലയോസാണ് ഇപ്പോൾ യഹൂദയുടെ രാജാവെന്ന് അവൻ അറിയുന്നു. അപ്പോൾ മറെറാരു സ്വപ്നത്തിൽ യഹോവ അപകടത്തെക്കുറിച്ച് അവന് മുന്നറിയിപ്പു നൽകുന്നു. അതുകൊണ്ട് യോസേഫും അവന്റെ കുടുംബവും വടക്കോട്ട് യാത്രചെയ്ത് നസറേത്തു എന്ന പട്ടണത്തിൽ താമസമുറപ്പിക്കുന്നു. ഇവിടെ, യഹൂദ മതാധിഷ്ഠിത ജീവിതത്തിന്റെ കേന്ദ്രത്തിൽ നിന്നകലെ, ഈ സമൂഹത്തിൽ യേശു വളർന്നുവരുന്നു. മത്തായി 2:13-23; യിരെമ്യാവ് 31:15; ഹോശേയ 11:1.
◆ജ്യോൽസ്യർ മടങ്ങിവരാഞ്ഞപ്പോൾ, ഹേരോദാ രാജാവ് ഏത് ഭയങ്കരസംഗതി ചെയ്തു, എന്നാൽ യേശു സംരക്ഷിക്കപ്പെട്ടതെങ്ങനെ?
◆ഈജിപ്ററിൽ നിന്ന് മടങ്ങിവരവെ, യോസേഫ് വീണ്ടും ബേത്ലഹേമിൽ പാർക്കാഞ്ഞതെന്തുകൊണ്ട്?
◆ഈ കാലയളവിൽ ഏതെല്ലാം ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറി? (w85 7/15)