മതവും രാഷ്ട്രവും—ഒരു സംഘട്ടനത്തിന്റെ പാതയിലോ?
രാഷ്ട്രീയാധികാരവും മതാധികാരവും ഒരേ വ്യക്തിയിൽ നിക്ഷിപ്തമാക്കി നിർത്തുന്ന നയത്തിന് തുടക്കം കുറിച്ചത് ഹെൻറി എട്ടാമനോടുകൂടിയായിരുന്നില്ല. അദ്ദേഹത്തിന്റെ കാലത്തിനോടകം തന്നെ അത് ദേശീയ ഐക്യം പുരോഗമിക്കുന്നതിനുള്ള, നന്നായി പരീക്ഷിച്ചു കഴിഞ്ഞ ഒരു രാഷ്ട്രീയ തന്ത്രമായി തീർത്തിരുന്നു.
ദൃഷ്ടാന്തത്തിന്, പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യത്തിന് നിരവധി ദൈവങ്ങൾ ഉണ്ടായിരുന്നു. “ഫറവോൻ സ്വയം ദേവൻമാരിൽ ഒരുവനും തന്റെ പ്രജകളുടെ ജീവിതത്തിലെ ഒരു കേന്ദ്രവ്യക്തിയും ആയിരുന്നു” എന്ന് ദി ന്യൂ ബൈബിൾ നിഘണ്ടു പറയുന്നു. അതുപോലെ റോമാ സാമ്രാജ്യത്തിനും ചക്രവർത്തിമാരുൾപ്പെടുന്ന ദേവൻമാരുടെ ഒരു സന്നാഹം തന്നെയുണ്ടായിരുന്നു. “റോമാലോകമത മണ്ഡലത്തിലെ ഏററവും വലിയ ജീവശക്തി”യെന്ന് ചക്രവർത്തിയാരാധനയെ ഒരു ചരിത്രകാരൻ വർണ്ണിച്ചു.
സഭാരാഷ്ട്ര സംയോഗങ്ങൾക്ക് നൂററാണ്ടുകൾ പഴക്കം ഉണ്ടെന്നിരിക്കിലും ക്രൈസ്തവ ലോകത്തിന്റെ ആധുനിക നാളിലെ രാഷ്ട്രീയത്തിലേക്കുള്ള നുഴഞ്ഞുകയററങ്ങൾ അവൾ ആരുടെ ആനുകൂല്യത്തിനു കൊതിക്കുന്നുവോ അവരുമായുള്ള സംഘട്ടനത്തിന്റെ പാതയിൽ തന്നെ അവളെ എത്തിച്ചിരിക്കുന്നു. ഇതെന്തുകൊണ്ട്? ഈ ചോദ്യത്തിനുത്തരം നൽകുന്നതിന് ക്രൈസ്തവ ലോകം രാഷ്ട്രീയത്തിലുൾപ്പെട്ടു തുടങ്ങിയതെങ്ങനെ എന്നുള്ളതിലേക്ക് ആദ്യം തന്നെ നമുക്ക് ഒരു നിരീക്ഷണം നടത്താം.
സത്യക്രിസ്ത്യാനിത്വം—ഒരു വിപരീത ചിത്രം
ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തു സകല രാഷ്ട്രീയ അധികാരവും നിരസിച്ചിരുന്നു. കുറഞ്ഞത് ഒരവസരത്തിൽ അവന്റെ അത്ഭുത പ്രവൃത്തികൾ കണ്ട് ഉത്സാഹഭരിതരായിത്തീർന്ന ജനം ബലം പ്രയോഗിച്ച് അവനെ രാജാവാക്കാൻ ശ്രമിച്ചപ്പോൾ, അവൻ പക്ഷേ “ഏകനായി വീണ്ടും മലയിലേക്കു പിൻവാങ്ങിപ്പോയി” (യോഹന്നാൻ 6:16) അവനൊരു രാജാവു തന്നെയോ എന്ന് റോമാ ഗവർണ്ണർ ചോദിച്ചപ്പോൾ യേശു ഇങ്ങനെ മറുപടി നൽകി: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല, എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ ഞാൻ യഹൂദൻമാരുടെ കയ്യിൽ അകപ്പെടാതവണ്ണം എന്റെ സേവകൻമാർ പോരാടുമായിരുന്നു.”—യോഹന്നാൻ 18:36.
യേശു കൂടുതലായി തന്റെ ശിഷ്യൻമാരോടിങ്ങനെ പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ലാതെ, ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തെരഞ്ഞെടുത്തിരിക്കയാൽ ഇതു ഹേതുവായി ലോകം നിങ്ങളെ വെറുക്കുന്നു.” (യോഹന്നാൻ 15:19) അതുകൊണ്ട് ആദിമ ക്രിസ്ത്യാനികൾ സാമൂഹികമോ രാഷ്ട്രീയമോ ആയ പ്രശ്നങ്ങളാൽ തങ്ങളുടെ പാതയിൽ നിന്നു വ്യതിചലിക്കപ്പെട്ടിരുന്നില്ല. ഉദാഹരണത്തിന് അടിമത്തം അന്നൊരു പ്രമുഖപ്രശ്നം ആയിരുന്നു. പക്ഷേ അതു നിർത്തലാക്കാൻ ക്രിസ്ത്യാനികൾ പോരാടിയില്ല. മറിച്ച് ക്രിസ്ത്യാനികളായ അടിമകളോട് അവരുടെ യജമാനൻമാരെ അനുസരിക്കുന്നതിന് കല്പിക്കയത്രേ ചെയ്തത്.—കൊലോസ്യർ 3:22.
രാഷ്ട്രീയത്തിൽ വ്യാപൃതരാകാതെ ഈ ആദിമ ക്രിസ്ത്യാനികൾ “ദൈവരാജ്യ”ത്തെക്കുറിച്ച് പ്രസംഗിക്കുന്ന വേല നിവർത്തിക്കാനിറങ്ങിത്തിരിച്ചു. (പ്രവൃത്തികൾ 28:23) ചുരുങ്ങിയ ചില ദശാബ്ദങ്ങൾക്കകം ഈ സന്ദേശം അന്നറിയപ്പെട്ടിരുന്ന ലോകത്തിന്റെ അറുതികളിലേക്ക് എത്തി. (കൊലോസ്യർ 1:23) അതിന്റെ ഫലം എന്തായിരുന്നു? ആയിരങ്ങൾ പ്രതികരിക്കയും ആത്മീയ ‘സഹോദരീസഹോദരൻമാർ’ ആയിത്തീരുകയും ചെയ്തു. (മത്തായി 23:8, 9) ക്രിസ്ത്യാനികളായിത്തീർന്ന യഹൂദൻമാരും ജാതികളും അവരുടെ ശത്രുതകൾ അവസാനിപ്പിച്ചു. ക്രിസ്ത്യാനികൾക്കന്യോന്യം ഉണ്ടായിരുന്ന “ഗാഢമായ സ്നേഹം” നിമിത്തം യഹൂദൻമാർക്കും ശമര്യർക്കുമിടയിൽ ഉണ്ടായിരുന്ന ഗുരുതരമായ ഭിന്നതകൾപോലും അപ്രത്യക്ഷമായി.—1 പത്രോസ് 4:8.
ക്രിസ്തീയ സ്നേഹം, പക്ഷേ ശത്രുക്കളിലേക്കും വ്യാപിച്ചു. (മത്തായി 5:44) അതുകൊണ്ട് അവർ കൈസരുടെ സൈന്യങ്ങളിൽ ചേരാൻ വിസമ്മതിച്ചു. ‘“കൈസർക്കുള്ളത് കൈസർക്ക് . . . തിരികെ കൊടുക്കുക” എന്ന് യേശു പറഞ്ഞില്ലേ?’ എന്ന് ചിലർ എതിർത്തു പറഞ്ഞേക്കാം. ശരിയാണ്. പക്ഷേ, യേശു സൈന്യ സേവനത്തെപ്പററി സംസാരിക്കുകയായിരുന്നുവോ? അല്ല. ‘കൈസർക്കു കരം കൊടുക്കണമോ വേണ്ടയോ’ എന്ന പ്രശ്നം കേവലം ചർച്ച ചെയ്യുകയായിരുന്നു അവൻ. (മത്തായി 22:15-21) അതുകൊണ്ട് ക്രിസ്ത്യാനികൾ നികുതികൊടുത്തിരുന്നു. എങ്കിലും തങ്ങളുടെ ജീവനെ ദൈവത്തിനു സമർപ്പിക്കപ്പെട്ടതായി വീക്ഷിക്കുകയും അവരുടെ സഹമനുഷ്യനെ ദ്രോഹിക്കാൻ വിസമ്മതിക്കയും ചെയ്തു.
ലോകത്തിന്റെ സ്നേഹിതനാകൽ
‘എന്നാൽ ഇന്നത്തെ ക്രൈസ്തവ ലോകത്തിലേക്കു നോക്കുക’ എന്ന് ചിലർ പറഞ്ഞേക്കാം. “അത് ആശയററ വിധം വിഭജിതമാണ്, അതിന്റെ അംഗങ്ങൾ അന്യോന്യം കൊല്ലുന്നു. അതിന്റെ പുരോഹിതവർഗ്ഗം രാഷ്ട്രീയത്തിൽ മുഴുകിയുമിരിക്കുന്നു. ക്രിസ്ത്യാനിത്വത്തിന് എന്തു സംഭവിച്ചു?” കൊള്ളാം, സത്യക്രിസ്ത്യാനികൾക്കിടയിൽ വ്യാജക്രിസ്ത്യാനികളും “വിതയ്ക്കപ്പെടും” എന്ന് യേശു മുന്നറിയിപ്പു നൽകി. (മത്തായി 13:24-30) സമാനമായി പൗലോസ് പ്രവചിച്ചു: “മർദ്ദകരായ ചെന്നായ്കൾ നിങ്ങളുടെ ഇടയിൽ പ്രവേശിക്കയും . . . ആളുകൾ എഴുന്നേററ് തങ്ങളുടെ പിന്നാലെ ശിഷ്യൻമാരെ വലിച്ചുകളയാൻ തക്കവണ്ണം വളച്ചൊടിച്ച കാര്യങ്ങൾ സംസാരിക്കയും ചെയ്യും എന്ന് ഞാനറിയുന്നു.”—പ്രവൃത്തികൾ 20:29, 30.
ഒന്നാം നൂററാണ്ടിൽ തന്നെ ഈ പ്രവർത്തനം ആരംഭിച്ചിരുന്നു. പിൻവരുന്ന സ്പഷ്ടമായ വാക്കുകളിലെഴുതുന്നത് ആവശ്യം എന്ന് ശിഷ്യനായ യാക്കോബ് കണ്ടെത്തി: “വ്യഭിചാരിണികളായ ഭാര്യമാരേപ്പോലെ നിങ്ങൾ അത്ര അവിശ്വസ്തരാണ്; ലോകത്തെ നിങ്ങളുടെ സുഹൃത്താക്കുകയെന്നാൽ ദൈവത്തെ നിങ്ങളുടെ ശത്രുവാക്കുകയല്ലേ എന്ന് നിങ്ങൾ തിരിച്ചറിയുന്നില്ലയോ?” (യാക്കോബ് 4:4, യരൂശലേം ബൈബിൾ; ഐററാലിക്സ് ഞങ്ങളുടേത്) കോൺസ്ററൻറയിൻ ചക്രവർത്തി എന്ന, ചെമ്മരിയാടിന്റെ വേഷമണിഞ്ഞ ചെന്നായ് 4-ാം നൂററാണ്ടിൽ കലുഷിതമായ “ക്രിസ്ത്യാനിത്വത്തെ” റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിക്കൊണ്ട് അനുരഞ്ജനപ്പെടുത്തുന്നതിനു കഴിയുമാറ് ഈ ദിവ്യ ബുദ്ധിയുപദേശത്തെ അനേകർ അവഗണിച്ചു. പക്ഷേ “ലോകത്തിന്റെ സ്നേഹിതൻ” ആകുക വഴി ക്രൈസ്തവ ലോകം ദൈവത്തിന്റെ ശത്രുവായിത്തീർന്നു. കാലാന്തരത്തിൽ ഒരു സംഘട്ടനം അനിവാര്യമായിത്തീരുകയും ചെയ്തു.
പതിമൂന്നാം നൂററാണ്ടായതോടെ “പോപ്പി”നാൽ അഥവാ “പിതാവി”നാൽ ഭരിക്കപ്പെടുന്ന സഭ അതിന്റെ “അധികാരത്തിന്റെ അത്യുച്ച”ത്തിൽ എത്തിയിരുന്നു. ഇതു സഭയും രാഷ്ട്രവും തമ്മിലുള്ള കൂടുതൽ അടുത്ത ഒരു വിവാഹത്തിന് വേദിയൊരുക്കി. “പത്രോസിന് കർത്താവ് ആഗോള സഭയെ മാത്രമല്ല മുഴു ലോകത്തെയും ഭരിക്കാനുള്ള അധികാരം നൽകി” എന്ന് പോപ്പ് ഇന്നസൻറ് മൂന്നാമനു ബോധ്യമായിത്തീർന്നു. (ഐററാലിക്സ് ഞങ്ങളുടേത്) “സാമ്രാജ്യവും പാപ്പാധിപത്യവും” എന്ന പുസ്തകത്തിൽ ചരിത്ര പ്രൊഫസറായ ററി. എഫ്. ററൗട്ട് ഇങ്ങനെ തുടരുന്നു: “ഇന്നസൻറിന്റെ പ്രവൃത്തികൾ ഒരു സഭാധിപതിയായ രാജ്യതന്ത്രജ്ഞന്റേതായിരുന്നു, . . . രാജാക്കൻമാരെയും ചക്രവർത്തിമാരെയും തന്റെ ഇച്ഛാനുസരണം വാഴിക്കയും നീക്കുകയും ചെയ്യുന്നതു തന്നെ.” അതേ എഴുത്തുകാരൻ തന്നെ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പാപ്പായുടെ അധികാരത്തിന് എത്രയേറെ രാഷ്ട്രീയ ഭാവം കൈവരുന്നുവോ നിയമത്തിന്റെയും ധാർമ്മികതയുടെയും മതത്തിന്റെയും ഉറവിടം എന്ന നിലയിൽ അതിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുക അത്രയേറെ ബുദ്ധിമുട്ടായിത്തീർന്നു.”
മതവും യുദ്ധവും.
യുദ്ധം എന്നത് അധികം ഹിംസാത്മകമായ തോതിലുള്ള രാഷ്ട്രീയമാണ്. തെക്കെ ഫ്രാൻസിലുള്ള ആൽബിജൻസ്സിനെതിരെ പോപ്പ് ഇന്നസൻറ് മൂന്നാമൻ വ്യക്തിപരമായി ഒരു സായുധ ആക്രമണം സംഘടിപ്പിച്ചു. ഇത് ആയിരത്തിഇരുനൂററിഒൻപതിൽ ബസ്സായേഴ്സിൽ വച്ചു ആയിരക്കണക്കിനാളുകളുടെ ഘോരമായ കൂട്ടക്കൊലക്കും ഹോളി ഇൻക്യൂസിഷൻ മുഖേന അതിനിരയായവരുടെ കൂട്ടദഹനത്തിനും വഴിതെളിച്ചു. പ്രാരംഭത്തിൽ പലസ്തീനെ ഉദ്ദേശിച്ചു നടത്തിയ ഒരു കുരിശ് യുദ്ധം പിന്നീട് രാഷ്ട്രീയ ഗൂഢതന്ത്രത്തിലൂടെ കോൺസററാൻറിനോപ്പിളിനേകൂടി ഉൾപ്പെടുത്തുന്നതിന് തിരിച്ചുവിട്ടു. അവിടെ “ക്രിസ്തീയ” പ്രമാണിമാർ കൊള്ളയുടെയും കൊലപാതകത്തിന്റെയും കാമാർത്തിയുടെയും കവർച്ചയുടെയും ബീഭത്സമായ മൂന്നു ദിനങ്ങളിൽ ആറാടി. ആരുടെ മേൽ? സഹക്രിസ്ത്യാനികളുടെ മേൽ! ഒരു ചരിത്രകാരൻ പറയുന്നു: “അതേ സഭകൾ തന്നെ നിർദ്ദയം കൊള്ളയടിയ്ക്കപ്പെട്ടു.”
ഈ ക്രിസ്തുസമാനമല്ലാത്ത സഭയുടെ നടപടിക്രമങ്ങൾ 1517-ൽ വിററൻബർഗ്ഗിലെ കാസ്സിൽ ചർച്ചിന്റെ കവാടത്തിങ്കൽ മാർട്ടിൻ ലൂഥർ വെല്ലുവിളി ഉയർത്തിയ തന്റെ പ്രബന്ധം ആണിയടിച്ചു വയ്ക്കുന്നതിലേക്ക് ആത്യന്തികമായി വഴിതെളിച്ചു—അതോടെ നവോത്ഥാനത്തിന് ആരംഭമിട്ടു. എന്നാൽ യൂറോപ്പിന്റെ ചരിത്രം എന്ന തന്റെ പുസ്തകത്തിൽ എച്ച്. ഏ. എൽഫിഷർ ഇങ്ങനെ പറയുന്നു: “ഈ പുതിയ കുററസമ്മതം . . . പ്രഭുക്കൻമാരുടെയും ഗവൺമെൻറിന്റെയും ആനുകൂല്യത്തെ അങ്ങേയററം ആശ്രയിച്ചുള്ളതായിരുന്നു.” ജർമ്മനി രാഷ്ട്രീയ മതചേരികളിൽ വിഭജിതമായിതീർന്നു. ഫ്രാൻസിൽ കാൽവിൻ പക്ഷക്കാർ അതുപോലെ രാഷ്ട്രീയ നേതാക്കൻമാരോട് കൂടിച്ചേർന്നു. തുടർന്നുവന്ന മതയുദ്ധങ്ങൾ മതപരമായ വിമോചനത്തിനുവേണ്ടി മാത്രമല്ല പിന്നെയോ പ്രൊട്ടസ്ററൻറു പ്രഭുക്കൻമാരും റോമൻ കത്തോലിക്കാ പ്രഭൂക്കൻമാരും തമ്മിൽ കിരീടത്തിൻമേലുള്ള നിയന്ത്രണത്തിനുവേണ്ടി നടത്തിയ കിടമത്സരം നിമിത്തവും കൂടിയായിരുന്നു. അങ്ങനെ യൂറോപ്പിലെ മതചരിത്രം രക്തത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണ്!
തെക്കെ ആഫ്രിക്കയിൽ ബ്രിട്ടനും ബോവറും ഏററുമുട്ടലിൽ അന്യോന്യം കുടുങ്ങിയ സ്ഥിതിയിലായിരുന്നു. 20-ാം നൂററാണ്ട് ഉദയം കൊണ്ടത്. “പുരോഹിത പീഠത്തിൽനിന്നുള്ള ഉൽബോധനങ്ങൾ വഴി ഇരുവശങ്ങളിലും ഉള്ള പുരോഹിതൻമാർ തീ നാളങ്ങൾ ആളിപ്പടരുവാനിടയാക്കി. ആർ. ക്രൂഗർ എന്ന ചരിത്രകാരൻ ഇങ്ങനെ പറയുന്നു: “യുദ്ധസമയത്ത് ഇരു കക്ഷികളും സ്വർഗ്ഗത്തെ നോക്കി നടത്തിയ അഭയയാചനകളുടെ ബാഹുല്യം നോക്കുമ്പോൾ അവരുടെ വിഭാഗീയമായ ആന്തരങ്ങളുടെ പെരുപ്പത്തോട് അതൊക്കുന്നു. വെള്ളക്കാരായ “ക്രിസ്ത്യാനികൾ” അന്യോന്യം കൊല്ലുകയും ദൈവത്തോട് അതിനുവേണ്ടി സഹായം അഭ്യർത്ഥിക്കയും ചെയ്തു.
ആയിരത്തിത്തൊള്ളായിരത്തി പതിനാലിൽ ജർമ്മൻപട “ഗോട്ട് മിററ് ഉണ്ട്സ്” (ദൈവം നമ്മോടു കൂടെ) എന്ന വാക്കുകൾ കൊത്തിയ ബൽററുകൾ ധരിച്ച് ബൽജീയത്തിലേക്ക് മാർച്ച് ചെയ്തപ്പോൾ ഒരു ഭീമമായ തോതിൽ ഈ മാതൃക ആവർത്തിക്കപ്പെട്ടു. ഇരുവശങ്ങളിലുമുള്ള സഭ വിജയത്തിനായുള്ള പ്രാർത്ഥനയിലും ശത്രുവിനു നേരെയുള്ള പരിഹാസത്തിലും സമ്പന്നമായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിലെ മതത്തിന്റെ പങ്ക് ജനസഞ്ചയങ്ങളെ നിരാശരാക്കുന്നു. മതത്തെ “മനുഷ്യരുടെ കറുപ്പ്” എന്നു വിളിച്ചുകൊണ്ട് നിരീശ്വര വാദികളുടെയും കമ്മ്യൂണിസററുകാരുടെയും എണ്ണം പെരുകി. എന്നിരുന്നാലും മുസ്സോളിനി, ഫ്രാങ്കോ തുടങ്ങിയ ഫാസിസ്ററ് സ്വേച്ഛാധികാരികളെ പിന്താങ്ങിക്കൊണ്ട് പുരോഹിത വർഗ്ഗം അവരുടെ രാഷ്ട്രീയ ഉൾപ്പെടൽ തുടർന്നുകൊണ്ടിരിക്കുന്നു. 1933-ൽ റോമൻ കത്തോലിക്കാ സഭ നാസികളുമായി ഒരുടമ്പടിയിൽ ഏർപ്പെട്ടു. കർദ്ദിനാൾ ഫോൾ ഹെയ്ബർ ഹിററ്ലർക്ക് ഇങ്ങനെയെഴുതി: “പാപ്പാധിപത്യവുമായുള്ള ഈ ഹസ്തദാനം . . . അളവററ വിധം അനുഗൃഹീതമായ ഒരു ഉൽകൃഷ്ടകൃത്യം ആണ്. റീക് ചാൻസിലറെ [ഹിററ്ലർ] ദൈവം പരിരക്ഷിക്കട്ടെ.
മറെറാരു ലോകയുദ്ധത്തിന്റെ സാദ്ധ്യതപോലും പുരോഹിതവർഗ്ഗത്തെ രാഷ്ട്രീയത്തിൽ നിന്നകററി നിർത്തിയില്ല. ഇടതുപക്ഷരാഷ്ട്രീയ നിലപാടിലേക്കുള്ള ചായ്വാണ് ചില സഭകളിൽ ഈയിടെയായി കണ്ടു വരുന്ന ഒരു പ്രവണത. ഒരു എഴുത്തുകാരൻ ഇങ്ങനെ പറയുന്നു: “ലാററിൻ അമേരിക്കയിൽ നിന്നുള്ള ദൈവശാത്രജ്ഞൻമാരുടെ ആനുകാലിക തലമുറ . . . ക്രിസ്ത്യാനിത്വത്തിന്റെ ഒഴിവാക്കാനാവാത്ത രാഷ്ട്രീയഭാവമാണ് മാർക്സിസം എന്ന് ശഠിക്കുന്നു.” പക്ഷേ, ബൈബിൾ മുന്നറിയിപ്പ് നൽകുന്നു: “അവർ കാററു വിതക്കുന്നു; അവർ കൊടുങ്കാററു കൊയ്യും.—ഹോശയാ 8:7, യരൂശലേം ബൈബിൾ.
കൊടുങ്കാററു കൊയ്യുന്നു
അതെ, ബൈബിൾ ഒരു ഉൽകൃഷ്ടമായ മുന്നറിയിപ്പ് നൽകുന്നു. മതവും രാഷ്ട്രവും തമ്മിലുള്ള ഘോരമായ ഒരേററുമുട്ടൽ വരുന്നു. വെളിപ്പാടു പുസ്തകം 17-ാം അദ്ധ്യായത്തിൽ ബൈബിൾ രക്തപങ്കിലമായ വ്യാജമതത്തിന്റെ ലോക സാമ്രാജ്യത്തെ “വെള്ളങ്ങൾക്കു മീതെയിരിക്കുന്ന ഒരു മഹാവേശ്യ” ആയി ചിത്രീകരിക്കുന്നു. ഈ “വെള്ളങ്ങൾ ആളുകളെയും ജനതകളെയും പ്രതിനിധാനം ചെയ്യുന്നു. വേശ്യമാരുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവായ മഹാബാബിലോൺ എന്നാണ് ഈ വേശ്യക്കു നാമകരണം ചെയ്തിരിക്കുന്നത്. അവൾ വിശുദ്ധൻമാരുടെ “രക്തം കുടിച്ച് മത്തു പിടിച്ചിരിക്കുന്നു.” (വാക്യങ്ങൾ 5, 6) “ബാബിലോൺ” എന്ന പേര് സംഘടിത വ്യാജമതത്തിനു ചേരുന്ന നാമമാണ്. കാരണം അവളുടെ ഉപദേശങ്ങളിൽ അനവധിയും പുരാതന നഗരമായ ബാബിലോണിൽ നിന്ന് ഉടലെടുത്തിട്ടുള്ളവയാണ്.a സത്യക്രിസ്ത്യാനികളെ നൂററാണ്ടുകളിലുടനീളം പീഡിപ്പിച്ചതിലൂടെ അവൾ തനിക്കുതന്നെ ഒരു കൊലപാതകിയുടെ ദുഷ്കീർത്തി സമ്പാദിച്ചിട്ടുണ്ട്.
“ഏഴുതലകളോടും” പത്തുരാജാക്കൻമാരെ അർത്ഥമാക്കുന്ന “പത്തു കൊമ്പുക”ളോടും കൂടിയ ഒരു മൃഗത്തിൻമേൽ സവാരിചെയ്യുന്നതായി വ്യാജമത ലോക സാമ്രാജ്യത്തെ വീണ്ടും ചിത്രീകരിച്ചിരിക്കുന്നു. (വാക്യങ്ങൾ 3, 12) ഈ പത്രികയുടെ മുൻലേഖനങ്ങൾ ഈ മൃഗത്തെ ലോകസമാധാന പരിപാലനം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഉപകരണമായ ഐക്യരാഷ്ട്രങ്ങളായി തിരിച്ചറിയിച്ചിട്ടുണ്ട്. ഈ സംഘടനക്കുള്ള പിന്തുണ സഭകൾ രേഖപ്പെടുത്തിയിരിക്കുന്നു. 1965 ഒക്ടോബറിൽ പോൾ ആറാമൻ പാപ്പാ, ഐക്യരാഷ്ട്രങ്ങളെ സഭാ രാഷ്ട്രസന്ധിയുടെയും “സമാധാനത്തിന്റെയും അന്തിമ ആശാകേന്ദ്രം” എന്നു വർണ്ണിച്ചു. പോപ്പ് ജോൺ പോൾ രണ്ടാമൻ 1979-ൽ ഐക്യരാഷ്ട്രപൊതുസഭയെ അഭിസംബോധന ചെയ്തു ക്രിസ്തുവിനെയോ അവന്റെ രാജ്യത്തെയോ ഒരിക്കൽപോലും പരാമർശിക്കാതെ ഐക്യരാഷ്ട്രങ്ങളെ “സമാധാനത്തിന്റെയും നീതിയുടെയും അത്യുന്നത വേദി” എന്ന് വിശേഷിപ്പിച്ചു.
സഭയുടെയും ഐക്യരാഷ്ട്രങ്ങളുടെയും ഈ സംയോഗം എന്തുകൊണ്ടാണിത്ര അപകടകാരിയായിരിക്കുന്നത്? എന്തുകൊണ്ടെന്നാൽ “പത്തുകൊമ്പുകളും . . . കാട്ടുമൃഗവും, ഇവ വേശ്യയെ വെറുത്ത് അവളെ ശൂന്യവും നഗ്നവുമാക്കി . . . അഗ്നിയിൽ പരിപൂർണ്ണമായി ദഹിപ്പിക്കും.” (വാക്യം 16) വ്യാജമതം അങ്ങനെ രാഷ്ട്രീയ ശക്തികളുമായി അത്യന്തം വിനാശകരമായ സംഘട്ടനത്തിലേക്ക് നേരെ പൊയ്ക്കൊണ്ടിരിക്കുന്നു. നഗ്നമാക്കപ്പെടുകയും അവളുടെ മലീമസമായ അശുദ്ധി വെളിപ്പെടുത്തപ്പെടുകയും ചെയ്തുകൊണ്ട് അവൾ നിശ്ശേഷം നശിപ്പിക്കപ്പെടും.
അത് യേശുപറഞ്ഞ മഹോപദ്രവത്തിന് തീകൊളുത്തുകയും അർമ്മഗെദ്ദോൻ യുദ്ധത്തിൽ അവസാനിക്കുകയും ചെയ്യും. യേശു അജയ്യരായ ദൂതസൈന്യത്തിന്റെ പിന്തുണയാൽ ഭൂമിയെ അവകാശമാക്കുന്ന സൗമ്യതയുള്ളവരെ മാത്രം അവശേഷിപ്പിച്ചുകൊണ്ട്, സാത്താന്റെ ലോകവ്യവസ്ഥിതിയെ “തകർത്തു നശിപ്പിക്കും.” ഇതര കാര്യങ്ങളിലെന്ന പോലെ, വിഭാഗീയ രാഷ്ട്രീയത്തിൽ നിന്നും അകന്നു മാറിയ സത്യക്രിസ്ത്യാനികൾ ഇവരായിരിക്കും.—മത്തായി 24:21; ദാനിയേൽ 2:44; സങ്കീർത്തനങ്ങൾ 37:10, 11; മത്തായി 5:5; വെളിപ്പാട് 6:2; 16:14-16.
വ്യാജമതം ദൈവനാമത്തിൻമേൽ ചൊരിഞ്ഞിരിക്കുന്ന ദ്രോഹവും നിന്ദയും നിമിത്തം അസ്വസ്ഥനാകുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളിപ്പോൾ എന്തു ചെയ്യുന്നു? ബൈബിൾ കല്പിക്കുന്നു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും, അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.” (വെളിപ്പാട് 18:4) ഈ കല്പന ചെവിക്കൊള്ളാൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്നത് യഹോവയുടെ സാക്ഷികൾ മാത്രമാണ്. അവർ, ആദിമ ക്രിസ്ത്യാനികളെപ്പോലെ യുദ്ധത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയും തൻമൂലം മതം രാഷ്ട്രീയവുമായി ഏററുമുട്ടുമ്പോൾ, നശിക്കുന്നവരുടെ നിരയിലായിരിക്കയില്ല. അതുകൊണ്ട് അവരെ സമീപിക്കുക. അവർ സസന്തോഷം നാശത്തിലേക്ക് പോകുന്നതല്ല, പ്രത്യുത നിത്യജീവനിലേക്കു നയിക്കുന്ന “ഇടുക്കുവാതിൽ” എപ്രകാരം കണ്ടെത്താമെന്ന് നിങ്ങൾക്കു കാണിച്ചു തരും.—മത്തായി 7:13, 14; യോഹന്നാൻ 17:3. (w85 8/1)
[അടിക്കുറിപ്പുകൾ]
a വിശദവിവരങ്ങൾക്ക് വാച്ച്ററവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററിയാൽ പ്രസിദ്ധീകൃതമായ “ബാബിലോൺ വീണിരിക്കുന്നു! ദൈവരാജ്യം ഭരിക്കുന്നു! എന്ന പുസ്തകം കാണുക.
[61-ാം പേജിലെ ചിത്രം]
1914-ൽ സെൻറ് പോളിന്റെ നടയിലെ ഡ്രം അൾത്താരയിൽ വച്ച് ലണ്ടനിലെ ബിഷപ്പ് ബ്രിട്ടിഷ് സൈന്യങ്ങളിൽ ദേശഭക്തി ഉണർത്തി വിടുകയുണ്ടായി