യാതനകൾ നിറഞ്ഞ ഒരു ലോകം
ചരിത്രത്തിൽ മുമ്പൊരിക്കലും മനുഷ്യവർഗ്ഗം ഇത്രമാത്രം പീഡയും ഞെരുക്കവും അരിഷ്ടതയും അനുഭവിച്ചിട്ടില്ല. വിനാശങ്ങൾ ഇന്ന് നാം ശ്വസിക്കുന്ന വായുവിനെപ്പോലെ അത്ര സർവ്വസാധാരണമായിരിക്കുകയാണ്. 1914 മുതൽക്കുള്ള കാലഘട്ടത്തെ വിവരിച്ചുകൊണ്ട് ഒരു പത്രിക ഇങ്ങനെ പറഞ്ഞു: “ദേശീയ അതിർത്തികൾക്ക് മദ്ധ്യേയും അവക്കുള്ളിലും അസാധാരണമായ ക്രമകേടിന്റെയും അക്രമത്തിന്റെയും ഒരു കാലമായിരുന്നു. ഇത്.”
ഇന്നത്തെ യുദ്ധസംരംഭങ്ങളിലെ ക്രമാതീതമായ നിഷ്ഠൂരതക്കുള്ള പ്രവണത വിശേഷാൽ വേദനാജനകമാണ്. ഒരു ചെറിയ ആഫ്രിക്കൻ രാജ്യത്ത് 7 വർഷങ്ങൾ നീണ്ടു നിന്ന ഒരു സമരം 20000 ലധികം പേരുടെ ജീവനപഹരിച്ചു. അന്ന് അപഹരണവും വ്യഭിചാരവും സമാനമായ മററു ഹീനകൃത്യങ്ങളും നടന്നു. പ്രായമുള്ള ആളുകളും കുഞ്ഞുകുട്ടികളും ഭൂഗർഭ ബോംബുകൾക്കും അഗ്നിബാധക്കും വെറും നഗ്നമായ നിഷ്ഠൂരതക്കും ഇരകളായിത്തീർന്നു.
യാതനകളെ വ്യക്തികളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കാണാൻ അവസ്ഥയുടെ ശോചനിയത വളരെ വ്യക്തമായി കാണാം. ദൃഷ്ടാന്തത്തിന്, തന്റെ ഭർത്താവിനെ ഒരു സംഘം ആളുകൾ സാവധാനം വെട്ടിക്കൊന്നുകൊണ്ടിരിക്കെ തോക്കിൻ മുനയുടെ മുമ്പാകെ തന്റെ കുട്ടികളോടൊപ്പം നിന്നുകൊണ്ട് പാട്ടുപാടാനും കൈകൊട്ടാനും നിർബ്ബന്ധിതയായിത്തീർന്ന ഒരു സ്ത്രീയുടെ സ്ഥാനത്ത് സ്വയം നിർത്തുക. നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? അതെ, ഇന്ന് വാസ്തവത്തിൽ “രാഷ്ട്രങ്ങളുടെ അതിവേദന” പ്രബലമാണ്, വ്യക്തികൾ യാതന അനുഭവിക്കുകയും ചെയ്യുന്നു.—ലൂക്കോസ് 21:25.
കർശനമായ നിഷ്പക്ഷത കാക്കുന്നതുകൊണ്ടും അക്രമം പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യത ഉള്ള സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതുകൊണ്ടും ക്രിസ്ത്യാനികൾ മിക്കപ്പോഴും വിപത്തുകളിൽ നിന്നൊഴിഞ്ഞിരിക്കുന്നു. (യോഹന്നാൻ 17:16) എന്നിരുന്നാലും അവർക്ക് എല്ലാ അനർത്ഥങ്ങളെയും ഒഴിവാക്കാൻ കഴിയുകയില്ല, ചിലപ്പോഴെല്ലാം ലോകത്തിന്റെ ഭാഗമായിട്ടുള്ളവർക്ക് ഭവിക്കുന്നതുപോലെ നാമും കഷ്ടമനുഭവിക്കേണ്ടതായി വരുന്നു. അക്രമത്തിലൂടെയും വഞ്ചനയിലൂടെയും പിശാചായ സാത്താന് അകാലമൃത്യുപോലും വരുത്താൻ കഴിയും. യഹോവയുടെ സാക്ഷികൾ ഘോഷിക്കുന്ന ദൂതിന്റെ ഒരു ഭാഗത്ത് പിശാചിന്റെ ചെയ്തികളെ മറനീക്കിക്കാണിക്കുന്നതുൾപ്പെട്ടിരിക്കുന്നതുകൊണ്ട് ഈ സന്ദേശവാഹകരെ ഒടുക്കിക്കളയുന്നതിനുള്ള ശ്രമത്തിൽ “മരണഹേതുക്കൾ” സാത്താൻ ഉപയോഗിക്കും എന്ന് നാം പ്രതീക്ഷിക്കേണ്ടതല്ലേ? തിരുവെഴുത്തുകൾ അങ്ങനെ സൂചിപ്പിക്കുന്നു.—എബ്രായർ 2:14, 15; വെളിപ്പാട് 2:10; 12:12, 17ന്ന.
ക്രിസ്ത്യാനികൾ അധിക യാതനകൾ നേരിടുന്നു
ആളുകൾ പൊതുവിൽ നേരിടുന്ന യാതനകൾ കൂടാതെ, അഖിലാണ്ഡാധീശനായ യഹോവയാം ദൈവത്തോടും അവന്റെ രാജ്യത്തോടും ഒപ്പം ഉറച്ച നില സ്വീകരിച്ചിരിക്കുന്നതുകൊണ്ട് തങ്ങളുടെ മേൽ വരുന്ന പീഡനവും യേശുക്രിസ്തുവിന്റെ വിശ്വസ്ത അനുഗാമികൾക്ക് സഹിക്കേണ്ടതുണ്ട്. സാത്താന്റെ കീഴിലെ മാനുഷഭരണ വ്യവസ്ഥിതിയുടെ അന്ത്യം കുറിക്കുന്ന ക്ലേശനിർഭരമായ സംഭവങ്ങളുടെ വിവരണത്തിന് ശേഷം യേശു പറഞ്ഞു: “അനന്തരം ആളുകൾ നിങ്ങളെ [യേശുവിന്റെ ശിഷ്യൻമാരെ] ഉപദ്രവത്തിനേൽപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങൾ എല്ലാ ജാതികളുടെയും വിദ്വേഷ പാത്രങ്ങളായിത്തീരുകയും ചെയ്യും.” “നിങ്ങളെ അടിക്കുകയും ചെയ്യും” എന്ന് യേശു കൂട്ടിച്ചേർത്തതായി മർക്കോസ് ഉദ്ധരിക്കുന്നു.—മത്തായി 24:3, 7-9; മർക്കോസ് 13:9.
അതെ, “ദൈവരാജ്യത്തിന്റെ ഈ സുവാർത്ത” ഏതു സാഹചര്യങ്ങൾക്കും കീഴെ, ഭൂമിയൊട്ടാകെ പ്രസംഗിക്കുന്നതിനുള്ള തങ്ങളുടെ ദൃഢനിശ്ചയം നിമിത്തം യഹോവയുടെ ജനത്തിന് പീഡനത്തിന്റെ കൂടുതലായ പരിശോധനയും സഹിക്കേണ്ടതായി വന്നിട്ടുണ്ടു—പ്രഹരം, നിരോധനങ്ങൾ, തടവ്, മററുരൂപങ്ങളിലുള്ള നികൃഷ്ട പെരുമാററവും. (മത്തായി 24:14) എന്തിന് മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശ ദൈവരാജ്യം ആണെന്ന് പഠിപ്പിച്ചു എന്ന ഏക കുററത്തെ പ്രതി ചില ക്രിസ്ത്യാനികളെ പീഡകർ കൊല്ലുകവരെ ചെയ്തിട്ടുണ്ട്!
യേശു ഇങ്ങനെ പറയുകതന്നെ ചെയ്തു: “അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ അത്രെ രക്ഷിക്കപ്പെടുന്നത്.” (മർക്കോസ് 13:13) എന്നാൽ നമുക്ക് പിൻമാറാതെ പിടിച്ചു നിൽക്കാൻ കഴിയുമോ? ഏററവും രൂക്ഷമായ യാതനയിലും ആശ്വാസം പകരുന്ന ഏതെങ്കിലും ഉറവിടം ഉണ്ടോ? സഹിച്ചു നിന്നവരുടെ ദൃഷ്ടാന്തങ്ങൾ നമുക്കുണ്ടോ? (w85 9/15)