നിങ്ങൾക്ക് ഇപ്പോൾ പീഡനത്തിനുവേണ്ടി ഒരുങ്ങാൻ കഴിയുമോ?
“അവർ എന്നെ പീഡിപ്പിച്ചിരിക്കുന്നുവെങ്കിൽ, അവർ നിങ്ങളെയും പീഡിപ്പിക്കും.”—യോഹന്നാൻ 15:20.
1, 2. ചില ഗവൺമെൻറുകൾ യഹോവയുടെ സാക്ഷികൾക്കെതിരെ ഏത് അപ്രതീക്ഷിത നടപടി സ്വീകരിച്ചിട്ടുണ്ട്?
ഒരു ദിവസം അതിരാവിലെ നിങ്ങൾ കിടക്കയിൽ വിശ്രമിക്കുന്നതായി സങ്കൽപ്പിക്കുക. ഉടനെ എഴുന്നേൽക്കണമോ അതോ കുറെ നിമിഷങ്ങൾകൂടെ വിശ്രമിക്കണമോയെന്ന് നിങ്ങൾ മയക്കത്തോടെ ചിന്തിക്കുന്നു. എന്നാൽ ആദ്യമായി നിങ്ങൾ രാവിലത്തെ വാർത്ത കേൾക്കാൻ റേഡിയോ ഓൺ ചെയ്യുന്നു. പെട്ടെന്ന്, വാർത്തകൾ വായിക്കുന്നയാൾ നിങ്ങളെ പൂർണ്ണമായി ഉണർത്തിക്കൊണ്ട് ഞെട്ടിക്കുന്നു. അയാൾ അറിയിക്കുകയാണ്. “ഒരു ഗവൺമെൻറ് ഉത്തരവ് അനുസരിച്ച് യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്ന മതവിഭാഗത്തെ രാജ്യത്താകെ നിരോധിച്ചിരിക്കുന്നു.” നിങ്ങൾക്കു പിന്നെ വിശ്രമമില്ല!
2 ആധുനിക കാലങ്ങളിൽ ചില രാജ്യങ്ങളിൽ ഈ അനുഭവമോ, ഏതാണ്ടിതുപോലുള്ള അനുഭവമോ ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും, എന്തു സംഭവിച്ചേക്കാമെന്നതിന്റെ മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചിലപ്പോൾ നിരോധനം അപ്രതീക്ഷിതമായിരുന്നു. ഇതു നമ്മെ അത്ഭുതപ്പെടുത്തണമോ?
3. യേശുക്രിസ്തുവിന് ക്രി. വ. 33-ൽ ഏതു വിരുദ്ധാനുഭവങ്ങൾ ഉണ്ടായി?
3 യഥാർത്ഥത്തിൽ അത്ഭുതപ്പെടുത്തരുത്. സമാനമായ കാര്യങ്ങൾ ഒന്നാം നൂററാണ്ടിൽ സംഭവിക്കുകയുണ്ടായി. യേശുക്രിസ്തു ക്രി. വ. 33 ലെ വസന്താരംഭത്തിൽ ഒരു കഴുതപ്പുറത്തു യരൂശലേമിലേക്കു സവാരിചെയ്തകാര്യം ഓർക്കുക. ജനം സന്തോഷപൂർവ്വം അവന് ആർപ്പു വിളിക്കുകയും അവന്റെ മുമ്പിൽ വഴിയിൽ തങ്ങളുടെ അങ്കികൾ വിരിക്കുകയും ചെയ്തു. എന്നാൽ ചുരുക്കം ചില ദിവസങ്ങൾ കഴിഞ്ഞ് എന്തു സംഭവിച്ചു? യേശു പൊന്തിയോസ് പീലാത്തോസിന്റെ മുമ്പാകെ ജീവനുവേണ്ടി വിസ്താരത്തിലായിരുന്നു. അതേ നഗരത്തിൽനിന്നുള്ള ഒരു ജനകൂട്ടം രക്തദാഹികളായി “അവനെ തൂക്കിക്കൊല്ലുക! . . . അവനെ തൂക്കിക്കൊല്ലുക!” എന്ന് അലറി. (മത്തായി 21:6-9; 27:22, 23) പെട്ടെന്ന് സാഹചര്യം മാറിപ്പോയിരുന്നു.
4. യേശുവിന്റെ അനുഗാമികളെന്ന നിലയിൽ നാം ഏതു പെരുമാററം പ്രതീക്ഷിക്കണം?
4 അതുകൊണ്ട് ഇക്കാലത്ത് ചില രാജ്യങ്ങളിൽ സാഹചര്യത്തിനും മാററം വരുകയും അപ്രതീക്ഷിതമായി പീഡനം തുടങ്ങുകയുമാണെങ്കിൽ നാം അത്ഭുതപ്പെട്ടുപോകരുത്. നാം യഥാർത്ഥത്തിൽ യേശുവിന്റെ അനുഗാമികളാണെങ്കിൽ നാം പീഡനം പ്രതീക്ഷിക്കേണ്ടതാണെന്നോർക്കുക. (യോഹന്നാൻ 15:20) ഇത് “ഉന്നർന്നിരിക്കുക” എന്ന യേശുവിന്റെ വാക്കുകളെ പ്രദീപ്തമാക്കുന്നു.—മത്തായി 24:42.)
5. ഏത് ചോദ്യങ്ങൾ ഇപ്പോൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
5 നമുക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയും? ഏററവും ഹീനമായതു സംഭവിക്കുകയാണെങ്കിൽ നമുക്ക്ഏതെങ്കിലും വിധത്തിൽ ഒരുങ്ങാൻ കഴിയുമോ?
നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കുക
6, 7. (എ) പീഡനത്തിനുവേണ്ടി ഭൗതികമായി ഒരുങ്ങുക പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? (ബി) പീഡനത്തിനുവേണ്ടി വേറെ പ്രാധാന്യമേറിയ എന്ത് ഒരുക്കം നടത്താൻ കഴിയും?
6 സാഹചര്യം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് അറിവില്ലാത്തതിനാൽ ഭൗതികമായി ഒരുക്കം ചെയ്യുക പ്രയാസമാണ്. അത് യഥാർത്ഥത്തിൽ സംഭവിക്കുന്നതുവരെ, ഒരു നിരോധനം കർശനമായി ഏർപ്പെടുത്തുമോ അതോ അയഞ്ഞ രീതിയിലായിരിക്കുമോ എന്നും അല്ലെങ്കിൽ എന്താണ് നിരോധിക്കുന്നതെന്നു പോലുമോ നിങ്ങൾ അറിയുന്നില്ല. ഒരുപക്ഷേ വീടുതോറുമുള്ള പ്രസംഗവേല മാത്രമായിരിക്കാം നിരോധിക്കുന്നത്, അല്ലെങ്കിൽ മതപരമായ യോഗങ്ങളായിരിക്കാം. ചിലപ്പോൾ യഹോവയുടെ സാക്ഷികളുടെ നിയമപരമായ സ്ഥാപനം പിരിച്ചുവിടുന്നു, അല്ലെങ്കിൽ ചില വ്യക്തികളെ പെട്ടെന്നു തടവിലാക്കുന്നു. ആവശ്യമായി വന്നാൽ സാഹിത്യം ഒളിച്ചുവെക്കാൻ കഴിയുന്ന വിവിധസ്ഥലങ്ങൾ നമുക്ക് ഓർത്തിരിക്കാൻ കഴിയും. എന്നാൽ അതിനപ്പുറം ഭൗതികമായ ഒരുക്കമെന്ന നിലയിൽ നമുക്ക് അധികമൊന്നും ചെയ്യാൻ കഴികയില്ല.
7 എന്നിരുന്നാലും, നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കാൻ കഴിയും, ഇതാണ് വളരെയേറെ പ്രധാനം. പീഡനം അനുവദിക്കുന്നതെന്തുകൊണ്ടെന്നും നിങ്ങളെ ഭരണാധികാരികളുടെ മുമ്പാകെ ആനയിക്കുന്നതെന്തുകൊണ്ടെന്നും വിചിന്തനം ചെയ്യുക. “ഒരു സാക്ഷ്യത്തിനു വേണ്ടി” എന്ന് യേശു പറഞ്ഞു. (മത്തായി 10:16-19) എന്തു സംഭവിച്ചാലും വിശ്വസ്തരായി നിലകൊള്ളാൻ നിങ്ങളുടെ ഹൃദയത്തെ പൂർണ്ണമായി ഒരുക്കിയിരിക്കുകയാണെങ്കിൽ, ആവശ്യം വരുമ്പോൾ പ്രവർത്തിക്കേണ്ട ബുദ്ധിപൂർവ്വമായ വിധം വെളിപ്പെടുത്തിത്തരാൻ യഹോവക്കു കഴിയും. അതുകൊണ്ട് നമുക്ക് പീഡനത്തിനുവേണ്ടി ആത്മീയമായി നമ്മേത്തന്നെ എങ്ങനെ ഒരുക്കാൻ കഴിയും?
നിങ്ങൾ ആളുകളോട് എങ്ങനെ ഇടപെടുന്നു?
8. തൻ ‘അധിക്ഷേപങ്ങളിൽ ഉല്ലസിച്ചു’വെന്ന് പൗലോസിനു പറയാൻ കഴിഞ്ഞതെന്തുകൊണ്ട്?
8 അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞാൻ ക്രിസ്തുവിനുവേണ്ടി ദൗർബ്ബല്യങ്ങളിലും അധിക്ഷേപങ്ങളിലും ദാരിദ്ര്യത്തിലും പീഡനങ്ങളിലും പ്രയാസങ്ങളിലും ഉല്ലസിക്കുന്നു.” (2 കൊരിന്ത്യർ 12:10) അധിക്ഷേപിക്കപ്പെടുന്നത് പൗലോസിന് ആസ്വാദ്യമായിരുന്നോ? തീർച്ചയായും അല്ലായിരുന്നു. എന്നാൽ പീഡനത്തിൽ മിക്കപ്പോഴും അധിക്ഷേപം ഉൾപ്പെടുന്നു. ദൈവനാമത്തിനു സ്തുതികൈവരുത്തുന്നതിന് അധിക്ഷേപിക്കപ്പെടേണ്ടതുണ്ടെങ്കിൽ അത് സഹിക്കുന്നതിന് പൗലോസിന് സന്തോഷമായിരുന്നു.
9. ഇപ്പോൾ നമുക്ക് “ക്രിസ്തുവിനുവേണ്ടി . . . അധിക്ഷേപങ്ങൾ” സഹിക്കാൻ ഒരുങ്ങാൻ കഴിയുന്നതെങ്ങനെ?
9 ചില സമയങ്ങളിൽ നാം “ക്രിസ്തുവിനുവേണ്ടി . . . അധിക്ഷേപങ്ങൾ” സഹിക്കേണ്ടിവരുമെന്ന് നമുക്കും തീർച്ചപ്പെടുത്താവുന്നതണ്. നാം വാഗ്രൂപേണ അധിക്ഷേപിക്കപ്പെട്ടേക്കാം, അല്ലെങ്കിൽ ശാരീരികമായിപോലും, ഉപദ്രവിക്കപ്പെട്ടേക്കാം. നാം സഹിച്ചു നിൽക്കുമോ? ശരി, നാം നമ്മേത്തന്നെ ഇപ്പോൾ എങ്ങനെ വീക്ഷിക്കുന്നു? നാം നമ്മേക്കുറിച്ചുതന്നെ വളരെ ഗൗരവമായ വീക്ഷിക്കുകയും യഥാർത്ഥമോ സാങ്കൽപ്പികമോ ആയ അധിക്ഷേപങ്ങളോടു പെട്ടെന്നു പ്രതികരിക്കുകയും ചെയ്യുന്നുവോ? അങ്ങനെയെങ്കിൽ, “ദീർഘക്ഷമയും . . . സൗമ്യതയും ആത്മനിയന്ത്രണവും” വളർത്തിയെടുക്കാൻ ശ്രമിക്കാൻ പാടില്ലേ? (ഗലാത്യർ 5:22, 23) അത് ഇപ്പോഴത്തെ ക്രിസ്തീയ ജീവിതത്തിന് വിശിഷ്ടമായ പരിശീലനമായിരിക്കും, അത് പീഡനവേളകളിൽ നിങ്ങളുടെ ജീവനെ രക്ഷിക്കാൻ കഴിയും.
നിങ്ങൾ വയൽസേവനത്തെ എങ്ങനെ വീക്ഷിക്കുന്നു?
10. നമ്മുടെ പ്രസംഗവേല നിരോധിക്കപ്പെടുമ്പോഴത്തെ ഉചിതമായ തിരുവെഴുത്തു പ്രതികരണം എന്താണ്?
10 മിക്കപ്പോഴും, നിരോധനസമയത്ത് പരിമിതപ്പെടുത്തപ്പെടുന്ന ആദ്യസംഗതി “സുവാർത്ത”യുടെ പരസ്യപ്രസംഗമാണ്. എന്നിരുന്നാലും, ഈ അന്ത്യനാളുകളിൽ പ്രസംഗവും ശിഷ്യരാക്കൽവേലയും മർമ്മപ്രധാനമാണ്. വേറെ ഏതു വിധത്തിൽ ആളുകൾ ദൈവരാജ്യത്തെക്കുറിച്ചു പഠിക്കാനാണ്? അതുകൊണ്ട് അത്തരം നിരോധനത്തോടുള്ള ഉചിതമായ പ്രതികരണം യഹൂദമതനേതാക്കൻമാർ അപ്പോസ്തലൻമാരുടെ പ്രസംഗപ്രവർത്തനത്തെ നിരോധിക്കാൻ ശ്രമിച്ചപ്പോൾ അവർ പ്രകടമാക്കിയതുതന്നെയാണ്. (പ്രവൃത്തികൾ 5:28, 29) നിരോധനത്തിൻ കീഴിൽ ചില പ്രസംഗമാർഗ്ഗങ്ങൾ അടയ്ക്കപ്പെട്ടേക്കാം. എന്നാൽ എങ്ങനെയെങ്കിലും വേല ചെയ്യേണ്ടതുണ്ട്. പീഡനത്തിന്റെ സമ്മർദ്ദത്തിൻ കീഴിൽ പ്രസംഗം തുടരുന്നതിനുള്ള ശക്തി നിങ്ങൾക്കുണ്ടോ?
11, 12. പീഡിപ്പിക്കപ്പെടുമ്പോൾ പ്രസംഗം തുടരുന്നതിനാവശ്യമായ ശക്തി നിങ്ങൾക്കുണ്ടായിരിക്കുമോയെന്ന് നിങ്ങൾക്ക് എങ്ങനെ നിശ്ചയിക്കാവുന്നതാണ്?
11 ശരി, നിങ്ങൾ ഇപ്പോൾ പ്രസംഗപ്രവർത്തനത്തെ എങ്ങനെ വീക്ഷിക്കുന്നു? ചെറിയ തടസ്സങ്ങൾ പ്രതിബന്ധം സൃഷ്ടിക്കാനും നിങ്ങളെ വയലിൽ ക്രമമില്ലാത്തവനാക്കാനും നിങ്ങൾ അനുവദിക്കുന്നുവോ? അങ്ങനെയെങ്കിൽ, നിരോധനത്തിൻ കീഴിൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ ഇപ്പോൾ മനുഷ്യരെ ഭയപ്പെടുന്നുവോ? നിങ്ങളുടെ സ്വന്തം തെരുവിൽ വീടുതോറും പോകാൻ നിങ്ങൾ മനസ്സുള്ളവനാണോ? ഒററയ്ക്കു പ്രവർത്തിക്കാൻ നിങ്ങൾക്കു ഭയമാണോ? ചില രാജ്യങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുന്ന രണ്ടുപേർ മിക്കപ്പോഴും വളരെയധികം ശ്രദ്ധയാകർഷിക്കുന്നു. അതുകൊണ്ട് സുരക്ഷിതമായിരിക്കുന്നടത്ത് ഇപ്പോൾ ചിലപ്പോഴൊക്കെ ഒററയ്ക്കു പ്രവർത്തിച്ചുകൂടെയോ? അതു നല്ല പരിശീലനമായിരിക്കും.
12 നിങ്ങൾ മാസികാ തെരുവുവേലയിൽ പങ്കെടുക്കുന്നുവോ? അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനുള്ള ധൈര്യവും കർമ്മനൈപുണ്യവും നിങ്ങൾക്കുണ്ടോ? നിങ്ങൾ ബിസിനസ് പ്രദേശത്തു പ്രവർത്തിക്കാറുണ്ടോ? ധനികരെ അല്ലെങ്കിൽ സ്വാധീനമുള്ളവരെ സമീപിക്കാൻ നിങ്ങൾക്കു ഭയമാണോ? നിങ്ങൾ ചിലതരം പ്രസംഗവേലയിൽ മാത്രമേ പങ്കെടുക്കുന്നുള്ളുവെങ്കിൽ, നിരോധനത്തിൻ കീഴിൽ ആ തരത്തിലുള്ള പ്രസംഗം മേലാൽ സാദ്ധ്യമാല്ലെങ്കിൽ, നിങ്ങൾ എന്തു ചെയ്യും?
13. പീഡന സമയങ്ങളിൽ പ്രസംഗിക്കുന്നതിന് മെച്ചമായി സജ്ജരാകത്തക്കവണ്ണം നിങ്ങളുടെ ശുശ്രൂഷ സംബന്ധിച്ച് നിങ്ങൾക്ക് ഇപ്പോൾ എന്തു ചെയ്യാൻ കഴിയും?
13 ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് ഒരു ദൗർബ്ബല്യമുണ്ടെന്ന് നിങ്ങൾ തിരിച്ചറിയുന്നുവോ? അതു പരിഹരിക്കാൻ ശ്രമിക്കേണ്ട സമയമിപ്പോഴാണ്. യഹോവയിൽ ആശ്രയിക്കാനും ഒരു ശുശ്രൂഷകനെന്ന നിലയിൽ കൂടുതൽ യോഗ്യതനേടാനും പഠിക്കുക. അങ്ങനെയെങ്കിൽ ഇപ്പോൾ പ്രസംഗിക്കുന്നതിന് നിങ്ങൾ മെച്ചമായി സജ്ജനായിരിക്കും, പീഡനകാലത്തു സഹിച്ചുനിൽക്കാൻ മെച്ചമായി ഒരുക്കം ചെയ്തവനുമായിരിക്കും.
നിങ്ങൾ ആശ്രയയോഗ്യനോ?
14, 15. (എ) പീഡനം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒന്നാം നൂററാണ്ടിലെ ഏതുതരം ക്രിസ്ത്യാനികൾ നല്ല സ്ഥിരീകരണ സ്വാധീനമായിരുന്നിരിക്കണം? (ബി) യഹോവയുടെ ഇക്കാലത്തെ ഒരു ദാസന് ആ ശക്തരായ ആദിമക്രിസ്ത്യാനികളെപ്പോലെയായിത്തീരാൻ എങ്ങനെ കഴിയും?
14 ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലുടനീളം സഭയിൽ ശക്തിഗോപുരങ്ങളായിരുന്നവരുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. ദൃഷ്ടാന്തമായി, പൗലോസ് റോമിലെ തടവിലായിരുന്നപ്പോൾ ഒനേസിഫോരൊസ് സധൈര്യം അവനെ സഹായിച്ചു. (2 തിമൊഥെയോസ് 1:16) കെംക്രയ സഭയിലെ കഠിനവേല നിമിത്തം ഫേബ പ്രശംസിക്കപ്പെട്ടു. (റോമർ 16:1, 2) അങ്ങനെയുള്ള സ്ത്രീപുരുഷൻമാർ പീഡനം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു നല്ല സ്വീകരണ സ്വാധീനമായിരുന്നിരിക്കണം. അവർ ‘ഉണർന്നിരുന്നു, വിശ്വാസത്തിൽ ഉറച്ചുനിന്നു, പുരുഷൻമാരെപ്പോലെ വർത്തിച്ചു, ബലം പ്രാപിച്ചു.’—1 കൊരിന്ത്യർ 16:13.
15 എല്ലാ ക്രിസ്ത്യാനികളും, വിശേഷിച്ച് മൂപ്പൻമാർ, പുരോഗമിക്കാനും ശക്തരായ ആദിമ ക്രിസ്ത്യാനികളെപ്പോലെയായിത്തീരാനും ശ്രമിക്കണം. (1 തിമൊഥെയോസ് 4:15) രഹസ്യകാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാനും തിരുവെഴുത്തു തത്വങ്ങളെ അഠിസ്ഥാനപ്പെടുത്തി തീരുമാനങ്ങൾ ചെയ്യാനും പഠിക്കുക. സമ്മർദ്ദവേളയില ആശ്രയിക്കാവുന്നവർ ആരെന്ന് അറിയത്തക്കവണ്ണം മററുള്ളവരിലെ ക്രിസ്തീയ ഗുണങ്ങളെ വിവേചിച്ചറിയാൻ നിങ്ങളേത്തന്നെ പരിശീലിപ്പിക്കുക. നിങ്ങളുടെ സഭയിൽ ഒരു തൂണായിത്തീരാൻ, എല്ലായ്പ്പോഴും സഹായമാവ്യമുള്ള ഒരാളായിരിക്കുന്നതിനു പകരം മററുള്ളവരെ സഹായിക്കുന്ന ഒരാളായിത്തീരാൻ, യഹോവയുടെ ശക്തിയോടെ പ്രവർത്തിക്കുക.—ഗലാത്യർ 6:5.
നിങ്ങൾ ആളുകളോട് എങ്ങനെ ഇണങ്ങിപ്പോകുന്നു?
16, 17. കൊലോസ്യർ 3:12, 13 ന്റെ ബാധകമാക്കലിന് പീഡനത്തിനുവേണ്ടി ഒരുങ്ങാൻ നിങ്ങളെ ഇപ്പോൾ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
16 അപ്പോസ്തലനായ പൗലോസ് നമ്മെ പ്രോത്സാഹിപ്പിച്ചു: “സഹാനുഭൂതിയുടെ മൃദുല പ്രീതിയും ദയയും മനസ്സിന്റെ എളിമയും സൗമ്യതയും ദീർഘക്ഷമയും ധരിച്ചുകൊൾക. അന്യോന്യമ പൊറുക്കുന്നതിലും അന്യോന്യം സൗജന്യമായി ക്ഷമിക്കുന്നതിലും തുടരുക.” (കൊലോസ്യർ 3:12, 13) ഇതു നിങ്ങൾക്കു എളുപ്പമാണോ? അതോ, മററുള്ളവരുടെ അപൂർണ്ണതകൾ നിങ്ങളെ അനുചിതമായി അലോരസപ്പെടുത്തുന്നുവോ? നിങ്ങൾ പെട്ടെന്ന് ഇടറുകയോ നിരുത്സാഹപ്പെടുകയോ ചെയ്യുന്നുവോ? എങ്കിൽ, ഒരുങ്ങാൻ കഴിയുന്ന മറെറാരു മണ്ഡലമാണത്.
17 യോഗങ്ങൾ നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ ചെറിയ സംഖ്യകളായി ക്രമമായി കൂടിവരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവരുടെ പിഴവുകൾ കൂടുതൽ സ്പഷ്ടമാകുന്നു. അതുകൊണ്ട്, നിസ്സംശയമായി മററുള്ളവർ നിങ്ങളുടെ ദൗർബ്ബല്യങ്ങൾ പൊറുക്കുന്നതുപോലെ, മററുള്ളവരുടേതും പൊറുക്കുന്നതിന് നിങ്ങൾക്ക് നിങ്ങളേത്തന്നെ പരിശീലിപ്പിക്കരുതോ മററുള്ളവരെ വിമർശിക്കുകയും അങ്ങനെ അവരെ അതിയായി നിരുത്സാഹപ്പെടുത്തുകയും ചെയ്യരുത്. കൂടാതെ, സഭാപുസ്തകാദ്ധ്യായനങ്ങൾക്ക് ഹാജരാകുമ്പോൾ മററുള്ളവരുടെ വസ്തുക്കളെ ആദരിക്കുന്നതിന് നിങ്ങളേത്തന്നെയും നിങ്ങളുടെ കുട്ടികളെയും പരിശീലിപ്പിക്കുക. പീഡനമുള്ളപ്പോൾ അങ്ങനെയുള്ള ആദരവു സമാധാനപരമായ ബന്ധങ്ങൾ വളർത്തും.
നിങ്ങൾ ജിജ്ഞാസുവാണോ?
18. ചില സമയങ്ങളിൽ നിങ്ങൾ അറിയേണ്ട ആവശ്യമുള്ളവ മാത്രം അറിയുന്നത് കൂടുതൽ സുരക്ഷിതമായിരിക്കുന്നതെന്തുകൊണ്ട്?
18 നമ്മിൽ ചിലർ പ്രകൃത്യാതന്നെ വളരെ ജിജ്ഞാസുക്കളാണ്. നമുക്ക് “വിവരമില്ലാത്തവരായിരിക്കുക” സഹിക്കാവതല്ല. നിങ്ങൾ അങ്ങനെയാണോ? അങ്ങനെയെങ്കിൽ ഇതു പരിചിന്തിക്കുക: ചിലപ്പോൾ, യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടിരിക്കുമ്പോൾ അവരുടെ സംഘടനാപരമായ ക്രമീകരണങ്ങളും ഉത്തരവാദിത്തമുള്ള മേൽവിചാരകൻമാരുടെ പേരുകളും കണ്ടുപിടിക്കാൻ അധികാരികൾ ശ്രമിക്കുന്നു. ഈ കാര്യങ്ങൾ അറിയാവുന്ന ഒരാളാണു നിങ്ങളെങ്കിൽ അവ വെളിപ്പെടുത്തുന്നതിനു നിങ്ങളെ നിർബ്ബന്ധിക്കുന്നതിന് നിങ്ങളെ ശാരീരികമായ ദ്രോഹത്തിനു വിധേയമാക്കിയേക്കാം. നിങ്ങൾ അവ വെളിപ്പെടുത്തിയാൽ നിങ്ങളുടെ സഹോദരൻമാരുടെ വേലയെ അതു ഗൗരവമായി ബാധച്ചേക്കാം. അതുകൊണ്ട്, ചില സമയങ്ങളിൽ നിങ്ങൾ അറിയേണ്ടടത്തോളം മാത്രം അറിയുന്നതും കൂടുതൽ അറിയാതിരിക്കുന്നതും കൂടുതൽ സുരക്ഷിതമാണ്.
19. പീഡിപ്പിക്കപ്പെടുമ്പോൾ രഹസ്യ കാര്യങ്ങൾ വെളിപ്പെടുത്തുന്നതൊഴിവാക്കാൻ ഇപ്പോൾ നിങ്ങളെ എന്തിനു സഹായിക്കാൻ കഴിയും?
19 അതിന് ഇപ്പോൾ നിങ്ങൾക്കു പരിശീലിക്കാൻ കഴിയമോ? ഉവ്വ്. ദൃഷ്ടാന്തമായി, സഭയില ഒരു നീതിന്യായകമ്മിററിക്കേസ് ഉണ്ടെങ്കിൽ, മൂപ്പൻമാർ പറയുന്നത് ഉചിതമെന്ന് കാണുന്നവയിൽ വ്യക്തികൾ സംതൃപ്തരായിരിക്കണം, വിശദാംശങ്ങൾ കണ്ടുപിടിക്കാൻ ചുഴിഞ്ഞിറങ്ങരുത്. മൂപ്പൻമാരുടെ ഭാര്യമാരും കുട്ടികളും രഹസ്യകാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് അവരുടെമേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കരുത്. എല്ലാ വിധത്തിലും ‘നമ്മെ ബാധിക്കാത്ത കാര്യങ്ങളിൽ തലയിടാതിരിക്കാൻ’ നാം പഠിക്കേണ്ടതാണ്.—2 തെസ്സലോനീക്യർ 3:11.
നിങ്ങൾ ഒരു ബൈബിൾ പഠിതാവ് ആണോ?
20, 21. വേല നിരോധിക്കപ്പെടുന്നുവെങ്കിൽ ഇപ്പോഴത്തെ ഉത്സുകമായ ബൈബിൾ പഠനം നിങ്ങളെ എങ്ങനെ സഹായിക്കും?
20 ഒരു ക്രിസ്ത്യാനിയുടെ ആത്മീയശക്തിയുടെ അടിസ്ഥാനം ബൈബിളാണ്. അത് അയാളുടെ അതിപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുകയും ദൈവജ്ഞാനം തന്നെ ലഭ്യമാക്കിത്തീർക്കുകയും ചെയ്യുന്നു. (2 തിമൊഥെയോസ് 3:14-16) സകല ക്രിസ്ത്യാനികളും ഇതു തത്വത്തിൽ അംഗീകരിക്കുന്നുണ്ട്, എന്നാൽ ബൈബിൾ യഥാർത്ഥത്തിൽ നിങ്ങളുടെ ജീവിതത്തിൽ എന്തു പങ്കു വഹിക്കുന്നുണ്ട്? നിങ്ങൾ അത് ക്രമമായി പഠിക്കുകയും നിങ്ങൾ ചെയ്യുന്ന എന്തിലും നിങ്ങളെ നയിക്കാൻ അതിനെ അനുവദിക്കുകയും ചെയ്യുന്നുണ്ടോ?—സങ്കീർത്തനം 119:105.
21 മിക്കപ്പോഴും, വേല നിരോധിക്കപ്പെടുമ്പോൾ നമ്മുടെ ബൈബിൾ സാഹിത്യത്തിന്റെ ലഭ്യത കർശനമായി പരിമിതപ്പെടുത്തുന്നു. ചിലപ്പോൾ, ബൈബിളുകൾപോലും കണ്ടെത്തുക പ്രയാസമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ, നിങ്ങൾ കഴിഞ്ഞകാലത്തു പഠിച്ച കാര്യങ്ങൾ പരിശുദ്ധാത്മാവു നിങ്ങളെ ഓർമ്മിപ്പിക്കും. എന്നാൽ നിങ്ങൾ പഠിച്ചിട്ടില്ലാത്തത കാര്യങ്ങൾ അത് ഓർമ്മിപ്പിക്കുകയില്ല! അതുകൊണ്ട്, ഇപ്പോൾ നിങ്ങൾ എത്രയധികം പഠിക്കുന്നുവോ, അത്രയധികം നിങ്ങളും മനസ്സിലും ഹൃദയത്തിലും സംഭരിക്കപ്പെടുകയും ആവശ്യമുള്ള സമയങ്ങളിൽ പരിശുദ്ധാത്മാവ് ഓർമ്മിപ്പിക്കുകയും ചെയ്യും.—മർക്കോസ് 13:11.
നിങ്ങൾ പ്രാർത്ഥിക്കുന്നുവോ?
22. ‘പ്രാർത്ഥനയിലെ ഉററിരിപ്പിന്’ പീഡനത്തിനുവേണ്ടി ഒരു ങ്ങുന്നതിന് സഹായകമെന്ന് തെളിയാൻ കഴിയുന്നതെങ്ങനെ?
22 പീഡനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. “പ്രാർത്ഥനയിൽ ഉററിരിക്കുക” എന്ന് ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (റോമർ 12:12) പ്രാർത്ഥന യഹോവയാം ദൈവവുമായുള്ള നേരിട്ടുള്ള ആശയവിനിമയമാണ്. അതു മുഖേന നമുക്ക് പ്രയാസങ്ങൾ സഹിക്കുന്നതിനുള്ള ശക്തിക്കുവേണ്ടി യാചിക്കാനും ശരിയായ തീരുമാനങ്ങൾ ചെയ്യാനും കഴിയും. അതുപോലെതന്നെ യഹോവയാം ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം കെട്ടുപണിചെയ്യാനും കഴിയും. എതിരാളികൾ നമ്മുടെ സാഹിത്യവും നമ്മുടെ ബൈബിളുകളും മററു ക്രിസ്ത്യാനികളുമായുള്ള നമ്മുടെ സഹവാസവും എടുത്തുകളഞ്ഞാൽപോലും അവർക്ക് നമ്മുടെ പ്രാർത്ഥനാ പദവി ഒരിക്കലും എടുത്തുകളയാൻ സാദ്ധ്യമല്ല. അതിബലിഷ്ഠമായ തടവറയിൽപോലും ഒരു ക്രിസ്ത്യാനിക്ക് ദൈവവുമായി സമ്പർക്കം പുലർത്താൻ കഴിയും. ആകയാൽ പ്രാർത്ഥനാപദവിയെ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നത് ഭാവിയിലെ ഏതു സംഭവവികാസത്തിനും വേണ്ടി ഒരുങ്ങുന്നതിനുള്ള ഒരു നല്ല മാർഗ്ഗമാണ്.
നിങ്ങൾ അധികാരത്തെ വിശ്വസിക്കുന്നുവോ?
23. നിയമിത മൂപ്പൻമാരിലും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലും വിശ്വാസം കെട്ടുപണി ചെയ്യേണ്ടതെന്തുകൊണ്ട്?
23 ഈ വിശ്വാസം കെട്ടുപണിചെയ്യുന്നതും പ്രധാനമാണ്, സഭയിലെ മൂപ്പൻമാർ നമ്മെ സംരക്ഷിക്കുന്നതിനുള്ള ദൈവകരുതലിന്റെ ഭാഗമാണ്. മൂപ്പൻമാർ വിശ്വാസം അർഹിക്കുന്ന ഒരു വിധത്തിൽ വർത്തിക്കേണ്ട ആവശ്യമുണ്ട്. സഭയിലെ ശേഷിച്ചവർ അവരിൽ വിശ്വാസമർപ്പിക്കാൻ പഠിക്കേണ്ടതുമുണ്ട്. (യെശയ്യാവ് 32:1, 2; എബ്രായർ 13:7, 17) അതിലും പ്രധാനമായി, നാം “വിശ്വസ്തനും വിവേകിയുമായ അടിമ”യെ വിശ്വസിക്കാൻ പഠിക്കണം.—മത്തായി 24:45-47.
24. യഹോവയുടെ ജനത്തിന്റെ ശത്രുക്കളുടെ നുണ പറഞ്ഞുകൊണ്ടുള്ള ആക്രമണങ്ങളെ ചെറുത്തുനിൽക്കുന്നതിന് ഒരുങ്ങാൻ എന്തു ചെയ്യാൻ കഴിയും?
24 ശത്രുക്കൾ ദൈവസ്ഥാപനത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചേക്കാം. (1 തിമൊഥെയോസ് 4:1, 2) ഒരു രാജ്യത്ത് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ക്രിസ്ത്യാനിത്വം ഉപേക്ഷിച്ചുവെന്നും തങ്ങൾ ഇപ്പോഴും അതിനോടു വിശ്വസ്തരായി നിലകൊള്ളുകയാണെന്നും വിശ്വസിക്കാൻ തക്കവണ്ണം ചില ക്രിസ്ത്യാനികൾ വഴിതെററിക്കപ്പെട്ടു. ഇതുപോലെയുള്ള ആക്രമണങ്ങളെ ചെറുത്തുനിൽക്കുന്നതിന് ഒരുങ്ങാനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ സഹോദരൻമാരോട് ശക്തമായ സ്നേഹം കെട്ടുപണിചെയ്യുകയും യഹോവയുടെ ക്രമീകരണങ്ങളെ വിശ്വസിക്കാൻ പഠിക്കുകയുമാണ്.—1 യോഹന്നാൻ 3:11
നിങ്ങൾക്കു ജയശാലികളായിരിക്കാൻ കഴിയും
25. പീഡിപ്പിക്കപ്പെടുമ്പോൾ ജയശാലികളായിത്തീരുന്നതിന് നമ്മെ എന്തു സഹായിക്കും?
25 വൃദ്ധ അപ്പോസ്തലനായിരുന്ന യോഹന്നാൻ പീഡനം അനുഭവിച്ചശേഷം നമ്മോടിങ്ങനെ പറഞ്ഞു: “ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്ന സകലവും ലോകത്തെ ജയിച്ചടക്കുന്നു. ലോകത്തെ ജയിച്ചടക്കിയിരിക്കുന്ന ജയിച്ചടക്കൽ ഇതാകുന്നു, നമ്മുടെ വിശ്വാസം” (1 യോഹന്നാൻ 5:4) നിങ്ങൾക്കു സ്വന്തശക്തിയാൽ ജയിച്ചടക്കാൻ കഴികയില്ല. സാത്താനും അവന്റെ ലോകവും നിങ്ങളെക്കാൾ ശക്തരാണ്. എന്നാൽ അവർ യഹോവയാം ദൈവത്തെക്കാൾ ശക്തരല്ല. അതുകൊണ്ട്, നാം ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും നമ്മെ പിന്താങ്ങുന്നതിന് അവന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും സഹിച്ചുനിൽക്കുന്നതിനുള്ള ശക്തിക്കായി അവനെ സമ്പൂർണ്ണമായി ആശ്രയിക്കുകയുമാണെങ്കിൽ, അപ്പോൾ നമുക്ക് ജയശാലികളായിത്തീരാൻ കഴിയും.—ഹബക്കൂക്ക് 3:13, 18; വെളിപ്പാട് 15:2; 1 കൊരിന്ത്യർ 15:57.
26. നിങ്ങൾ ഇപ്പോൾ പീഡനം അനുഭവിക്കുന്നില്ലെങ്കിൽപോലും നിങ്ങൾ എന്തു ചെയ്യണം?
26 എല്ലാ രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്ന കുറെ ക്രിസ്ത്യാനികളുണ്ട്, ഒന്നുകിൽ എതിർക്കുന്ന വിവാഹ ഇണകളാൽ അല്ലെങ്കിൽ മറേറതെങ്കിലും വിധത്തിൽ. ചില രാജ്യങ്ങളിൽ, പ്രാദേശിക ഗവൺമെൻറിന്റെ ഔദ്യോഗിക നടപടികൾ നിമിത്തം എല്ലാ ദൈവദാസൻമാരും കഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് വ്യക്തിപരമായി എതിർപ്പോ അസാധാരണ പ്രയാസമോ അനുഭവപ്പെടുന്നില്ലെങ്കിൽ, അത് ഏതു സമയത്തും സംഭവിച്ചേക്കാമെന്ന് ഓർക്കുക. ക്രിസ്ത്യാനികളുടെ പീഡനം അന്ത്യകാലത്തിന്റെ അടയാളത്തിന്റെ ഭാഗമായിരിക്കുമെന്ന് യേശു പറഞ്ഞു; അതുകൊണ്ട് നാം എല്ലായ്പ്പോഴും അതു പ്രതീക്ഷിക്കണം. (മത്തായി 24:9) അതുകൊണ്ട് ഇപ്പോൾ അതിനുവേണ്ടി എന്തുകൊണ്ട് ഒരുങ്ങാൻ പാടില്ല? ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും, നിങ്ങളുടെ നടത്ത നിങ്ങളുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവത്തിന് എല്ലായ്പ്പോഴും സ്തുതി കൈവരുത്തുമെന്ന് ഉറപ്പുണ്ടായിരിക്കുക.—സദൃശവാക്യങ്ങൾ 27:11. (w85 11/15)
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ പീഡനത്തതിനുവേണ്ടി നിങ്ങൾക്ക് ഇപ്പോൾ ഏതുതരം ഒരുക്കങ്ങൾ ചെയ്യാൻ കഴിയും?
◻ പീഡിപ്പിക്കപ്പെടുമ്പോൾ തുടർന്നു പ്രസംഗിക്കുന്നതിനാവശ്യമായ ശക്തി വികസിപ്പിച്ചെടുക്കാന ഇപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
◻ ഇപ്പോൾ കൊലോസ്യർ 3:12, 13 ബാധകമാക്കുന്നത് പീഡനം സംഭവിക്കുമ്പോൾ സഹായകമായിരിക്കാൻ കഴിയുന്നതെങ്ങനെ?
◻ നിയമിതമൂപ്പൻമാരിലും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലും വിശ്വാസം കെട്ടുപണിചെയ്യേണ്ടതെന്തുകൊണ്ട്?
◻ പീഡിപ്പിക്കപ്പെടുമ്പോൾ നിങ്ങൾക്ക് ഒരു ജയശാലിയായിരിക്കാൻ കഴിയുന്നതെങ്ങനെ?