അപ്പോക്കാലിപ്സിലെ കുതിരകൾ—അവരുടെ സവാരി നിങ്ങളെ ബാധിക്കുന്നവിധം
കനേഡിയൻ നഗരമായ റ്റൊറന്റോയിലെ ദൈനംദിന യാത്രികരിലനേകർക്ക് 1985 ഏപ്രിൽ മാസം ഒന്നാം തീയതി, തിങ്കളാഴ്ച, മറ്റേതു ദിവസവും പോലെ ആയിരുന്നില്ല. നഗരത്തിന്റെ ഭൂഗർഭപാതകൾ തകർത്തു നശിപ്പിക്കുമെന്ന് ബോംബാക്രമണകാരികൾ ഭീഷണി മുഴക്കിയിരുന്നു. എന്തുകൊണ്ട്? തുർക്കിയിലുള്ള അർമീനിയൻ ജനതയെ നശിപ്പിച്ചു കളയുന്നതിന് വർഷങ്ങൾക്കു മുമ്പെങ്ങോ നടന്നതായി അവർ പറയുന്ന ഒരു ഉദ്യമത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടി. തുർക്കി ഭരണകൂടം അങ്ങനെയൊരു സംഗതി ആവർത്തിച്ച് നിഷേധിച്ചിട്ടുള്ളതായിരുന്നുതാനും.
വർഷങ്ങൾക്കപ്പുറത്തെ ആ സംഗതിയെക്കുറിച്ച് ആ യാത്രികരിൽ ഒട്ടുമിക്കവർക്കും ഒന്നും അറിയില്ലായിരുന്നു എന്നതിന് സംശയം ഇല്ല. എങ്കിലും അവർക്ക് കുറെ യാതനയും ഉത്കണ്ഠയും അനുഭവിക്കേണ്ടിവന്നു. പലപ്പോഴും നമുക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളാൽ നാം ബാധിക്കപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ, വെളിപ്പാട് (അഥവാ അപ്പോക്കാലിപ്സ്) 6:1-8-ൽ കാണുന്ന സുപ്രധാന ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയെന്നവണ്ണം ശ്രദ്ധേയങ്ങളായ ചില സംഭവങ്ങൾ അരങ്ങേറി. ക്രിസ്ത്യനപ്പോസ്തലനായ യോഹന്നാന് വെളിപ്പെടുത്തിയ പ്രകാരം അന്ത്യനാളുകളിൽ കുതിരക്കാർ സവാരി തുടങ്ങേണ്ടിയിരുന്നു. ദശലക്ഷങ്ങൾക്ക് പക്ഷേ ഇതറിയില്ലെങ്കിലും അപ്പോക്കാലിപ്സിലെ കുതിരക്കാരുടെ സവാരി ഭൂമുഖത്തുള്ള ഏതൊരുവനെയും ബാധിക്കുന്നു. നിങ്ങളും ബാധിക്കപ്പെടുന്നുണ്ട്. എന്നാൽ എങ്ങനെ? നാം കുതിരക്കാരിൽ ഓരോരുത്തരെയും കുറിച്ച് ചർച്ചചെയ്യുമ്പോൾ നമുക്ക് കാണാം.
തീ നിറമുള്ള കുതിര
യോഹന്നാൻ കണ്ട അശ്വങ്ങളിൽ ഒന്ന് “തീ നിറമുള്ള കുതിരയായിരുന്നു; അതിൻമേലിരിക്കുന്നവനു് അവർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു് സമാധാനം എടുത്തു് കളയുന്നതിനു് അനുവാദം ലഭിച്ചിരുന്നു; അവന് ഒരു വലിയ വാളും നൽകപ്പെട്ടു.—വെളിപ്പാടു് 6:4.
ഈ കുതിരക്കാരന്റെ “വലിയ വാൾ” യുദ്ധത്തെ ചിത്രീകരിക്കുന്നു. തദനുസരണം, 1914 മുതൽക്ക് 6 കോടി 9 ലക്ഷം ആളുകൾ രണ്ടു ലോക മഹായുദ്ധങ്ങളിലായി മരിച്ചു. എന്തൊരു കൂട്ടക്കൊല! വിധവമാരുടെയും അനാഥരുടെയും ഒരു ഭീമമായ സന്നാഹം അന്താരാഷ്ട്രീയ യുദ്ധങ്ങളെ കുറിക്കുന്ന തീ നിറമുള്ള കുതിരയുടെ സവാരിക്കാരൻ തങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിച്ചിരിക്കുന്നുവെന്നതിന് തെളിവ് നൽകുന്നു.
അതിലുപരിയായി, തുടർന്നുപോകുന്ന യുദ്ധങ്ങളും യുദ്ധഭീഷണികളും ഇളം തലമുറയുടെ മേൽ കനത്ത ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. സജീവ സംഘട്ടനം കൊടുംഭിരിക്കൊണ്ടിരിക്കുന്നിടത്ത് പോരാട്ടത്തിന്റെ വലിയ പങ്ക് കൗമാരപ്രായക്കാരാണ് നടത്തുന്നത്. ഈ യുവജനങ്ങളുടെ മേൽ യുദ്ധം വരുത്തിയിരിക്കുന്ന ഫലം, മനുഷാവകാശ ഏജൻസികളിലൊന്നിന്റെ അധ്യക്ഷൻ ഉന്നയിച്ച പിൻവരുന്ന ചോദ്യത്തിൽ സംക്ഷേപിച്ചിരിക്കുന്നു: “അവർക്ക് സുബോധവും സമനിലയും ഉള്ളവരായി എങ്ങനെ മുതിർന്നുവരാൻ കഴിയും?”
യുദ്ധം നേരിട്ട് ബാധിച്ചിരിക്കുന്ന നിരവധി രാജ്യങ്ങളിലെ യുവാക്കൾ കാലത്തെ മാസങ്ങളിലും വർഷങ്ങളിലും കണക്കാക്കുന്നതിനു പകരം മണിക്കൂറുകളിലും ദിവസങ്ങളിലും കണക്കാക്കുന്നതിന് തുടങ്ങിയിരിക്കുന്നു: “ഭാവിയോ, ഭാവിയെപ്പറ്റി ആര് ചിന്തിക്കുന്നു; ഞാനിന്ന് കിടന്നുറങ്ങുമ്പോൾ എന്റെ മുറിയിലേക്ക് ഇന്നുരാത്രി ഒരു ബോംബ്ഷെൽ കടന്നുവരില്ല എന്നു നിങ്ങൾക്കുറപ്പു തരാനാകുമോ?”
സമാധാനമുള്ള ദേശങ്ങളിൽ താമസിക്കുന്ന കുട്ടികളെ സംബന്ധിച്ചെന്ത്? യുദ്ധ കുതിരക്കാരന്റെ സ്വാധീന ഫലങ്ങൾ അവർക്കനുഭവപ്പെടുന്നുണ്ടോ: ഉണ്ട്, ന്യൂക്ലിയർ യുദ്ധത്തിന്റെ ഇരുണ്ടഭീഷണി അവരുടെ മേൽ ആഴമായ മാനസ്സിക പ്രത്യാഘാതങ്ങൾ കൈവരുത്തിയിരിക്കുന്നു. തന്റെ വിദ്യാർഥികൾ പ്രകടിപ്പിച്ച നിരാശയെക്കുറിച്ച് ഒരദ്ധ്യാപിക പിൻവരുന്ന അഭിപ്രായം പറഞ്ഞു: “ഈ ആശയപ്രകടനങ്ങൾ കൂടെക്കൂടെ കേട്ടപ്പോഴെല്ലാം ഞാൻ വിശ്വസിക്കാനാവാത്ത ഒരു മാനസിക സ്ഥിതിയിൽ ആയിപ്പോയി. ഈ കൊച്ചു കുട്ടികൾക്ക്, ഞാൻ എനിക്കനുഭവപ്പെടാൻ അനുവദിക്കയില്ലാത്ത ഒരു അളവിൽ നിരാശ തോന്നിയിരുന്നു.” കാനഡയിലെ ക്യൂബെക്കിലുള്ള ഡോ. റിച്ചാർഡ് ലോഗൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിസ്സഹായതയും അശക്തിയും ആണ് വിഷാദരോഗത്തിന്റെ മനശ്ശാസ്ത്രപരമായ നിർവ്വചനം. ഇന്ന് ഒട്ടുവളരെ ചെറുപ്പക്കാരിലും നാം കാണുന്നത് ഇതാണ്.”
നിങ്ങൾ ഒരു യുദ്ധ പ്രഹരിതമായ രാജ്യത്തു വസിക്കുകയോ ഈ പ്രശ്നത്താൽ വൈകാരികമായി ബാധിക്കപ്പെട്ടിട്ടില്ലെന്നു കരുതുകയോ ചെയ്യുന്നെങ്കിലെന്ത്? എങ്കിൽപ്പോലും തീ നിറമുള്ള കുതിരയുടെ സവാരിക്കാരൻ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. ഓരോ മിനിറ്റിലും 13 ലക്ഷം ഡോളർ സൈനീക ആവശ്യങ്ങൾക്കായി നേരിട്ടു ചെലവഴിക്കപ്പെടുന്നു—ഒരു 66,000 കോടി ഡോളർ ലോകവ്യാപകമായി ഒരു വർഷം ചെലവിടുന്നു. അതിന് ചെലവ് വഹിക്കുന്നതാരാണ്? നിങ്ങളാണത് ചെയ്യുന്നത് നിങ്ങളെവിടെ ജീവിച്ചാലും തീ നിറമുള്ള കുതിരയുടെ സവാരിക്കാരനാൽ നിങ്ങൾ ബാധിക്കപ്പെടുന്നു.
കറുത്ത കുതിര
ആ വർണോജ്വലമായ ചിത്രീകരണത്തിലെ മറ്റൊരു കുതിരയെ യോഹന്നാൻ ഈ വാക്കുകളിൽ വർണ്ണിക്കുന്നു: “ഞാൻ നോക്കിയപ്പോൾ അതാ! ഒരു കറുത്ത കുതിര; അതിൻമേലിരിക്കുന്നവനു് തന്റെ കൈയ്യിൽ ഒരു ത്രാസ്സുണ്ടായിരുന്നു. നാലു ജീവികളുടെയും മദ്ധ്യത്തിൽ നിന്നെന്നപോലെ ഒരു ശബ്ദം ഇങ്ങനെ പറയുന്നതായി ഞാൻ കേൾക്കുകയും ചെയ്തു: ’ഒരു ദിനേറിയസ്സിനു ഒരിടങ്ങഴി കോതമ്പ്. ഒരു ദിനേറിയസ്സിനു് മൂന്നിടങ്ങഴി യവം; ഒലിവെണ്ണക്കും വീഞ്ഞിനും ഹാനി വരുത്തരുതേ.’”—വെളിപ്പാടു് 6:5, 6.
നിങ്ങൾക്കു വിശക്കുന്നുണ്ടോ? ദശലക്ഷങ്ങൾക്ക് വിശക്കുന്നു. ഭക്ഷ്യക്ഷാമത്തെ കുറിക്കുന്ന കറുത്ത കുതിരയുടെ സവാരിക്കാരനാൽ അവർ നേരിട്ട് ബാധിക്കപ്പെടുന്നു. വേണ്ടത്ര ഭക്ഷണമോ മരുന്നോ ലഭിക്കാതെ ഓരോ മിനിററിലും 30 കുട്ടികൾ വീതം മരിക്കുന്നു—ഒരു വർഷത്തിൽ ഒന്നര കോടി പേർ! വേറെ ശതകോടിക്കണക്കിനാളുകൾ ദാരുണമായ അവസ്ഥകളിൽ കഴിയുന്നു. മുൻ ലോക ബാങ്ക് പ്രസിഡൻറായ റോബർട്ട് മാക്നമാരയുടെ വാക്കുകളിൽ, “തങ്ങൾ എന്തിനോട് കൂടി ജനിച്ചുവോ ആ ജീവകണങ്ങളുടെ [ജീൻസ്] ഉപയോഗം തന്നെ തങ്ങൾക്ക് നിഷേധിക്കപ്പെടും വിധം നിരക്ഷരത, വികലപോഷണം, രോഗം, ഉയർന്ന ശൈശവമരണനിരക്ക് എന്നിവയാൽ അവർ അത്രമാത്രം ഞെരുക്കപ്പെട്ടിരിക്കുന്നു.
അടുത്ത മാസങ്ങളിൽ പട്ടിണി കിടക്കുന്ന ആഫ്രിക്കൻ സ്ത്രീപുരുഷൻമാരുടെയും കുട്ടികളുടെയും ചിത്രങ്ങൾ കാണുക സാധാരണമായിരുന്നിട്ടുണ്ട്. ആ ദുരിതാനുഭവത്തിന്റെ വ്യാപ്തി വരച്ചു കാട്ടിക്കൊണ്ട് യു. എൻ. സെക്രട്ടറി ജനറലായ ജാവ്യർ പെരെസ് ഡിക്വല്ലർ ഇങ്ങനെ മുന്നറിയിപ്പു നൽകി: “രണ്ടാം ലോകമഹായുദ്ധത്തിലാകമാനും മരിച്ചതിലേറെ മനുഷ്യ ജീവികൾ ആഫ്രിക്കൻ സഹാറയിൽ മരിച്ചു വീണേക്കും. അതിജീവിക്കുന്നവർ പോലും തങ്ങളുടെ ജീവിതത്തിന്റെ ശിഷ്ടകാലമത്രയും ഒന്നുകിൽ മാനസ്സികമായോ, അല്ലെങ്കിൽ ശാരീരികമായോ വൈകല്യം പേറി കഴിയേണ്ടി വന്നേക്കാം.” ഈ ഇരകൾ കറുത്ത കുതിരയുടെ സവാരിയാൽ നേരിട്ട് ബാധിക്കപ്പെടുന്നു.
നിങ്ങൾക്ക് വിശക്കുന്നില്ലായിരിക്കാം. എങ്കിലും ക്ഷാമബാധിതരുടെ ശോചനീയ ചിത്രങ്ങളാൽ നിങ്ങളും തീർച്ചയായും ബാധിക്കപ്പെടുന്നുണ്ട്. മെയ് 20, 1985-ലെ ന്യൂയോർക്ക് റൈറംസ് മുഖപ്രസംഗം അനുസരിച്ച് ക്ഷാമബാധിതർക്ക് സഹായമെത്തിക്കുന്നതിന് നൂറ് കോടി ഡോളർ സംഭാവന ചെയ്യപ്പെടുകയുണ്ടായി. നിങ്ങൾ നേരിട്ട് സംഭാവന ചെയ്തിട്ടില്ലെങ്കിലും ചില ഗവൺമെൻറുകൾ നികുതിപിരിച്ച തുകയിൽ നിന്ന് വമ്പിച്ച സംഭാവനകൾ ചെയ്തിട്ടുണ്ട്. അതെ, കറുത്ത കുതിരയുടെ സവാരിക്ക് പ്രത്യക്ഷവും പരോക്ഷവും ആയ ഫലം സർവ്വ ജനങ്ങളുടെയും മേൽ ഉണ്ടായിട്ടുണ്ട്.
വിളറിയ കുതിര
മറ്റൊരു കുതിരയെയും അതിന്റെ സവാരിക്കാരനെയും വർണ്ണിച്ചുകൊണ്ട് യോഹന്നാൻ കണ്ട ദർശനം തുടരുന്നു: “ഞാൻ നോക്കിയപ്പോൾ അതാ! ഒരു വിളറിയ കുതിര; അതിൻമേലിരിക്കുന്നവനു് മരണമെന്നു് പേർ, ഹെഡീസ് തൊട്ട് പിന്നാലെ അവനെ പിന്തുടർന്നു. ഭക്ഷ്യദൗർലഭ്യത്താലും മാരകമായ പകർച്ചവ്യാധികയാലും ഭൂമിയിലെ കാട്ടുമൃഗങ്ങളാലും കൊല്ലുന്നതിനു് ഭൂമിയുടെ കൽ അംശത്തിൻമേൽ അവർക്കു് അധികാരം ലഭിച്ചു.—വെളിപ്പാടു് 6:8.
മരണം വിളറിയ കുതിരമേൽ സവാരി ചെയ്യുന്നു. ഈ കുതിരക്കാരന്റെ സവാരിയുടെ സമയത്ത് ജീവൻ ഒടുക്കക്കളയപ്പെടുന്ന അനവധി മാർഗ്ഗങ്ങളിൽ “മരണകരമായ പകർച്ചവ്യാധി”യാണ് ഒന്ന്. വൈദ്യശാസ്ത്രരംഗത്തെ ആധുനിക പുരോഗതികളുണ്ടായിട്ടും. എല്ലാ മുഖങ്ങളിലും ലോകം ഇന്നും രോഗത്തെ നേരിടുന്നു. ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടു പിന്നാലെ ഉണ്ടായ സ്പാനീഷ് ഫ്ളൂ എന്നു വിളിക്കുന്ന രോഗത്തിന്റെ വ്യാപ്തിയുള്ള ഒരു പകർച്ചവ്യാധിയെ നാമിന്ന് നേരിടുന്നില്ലെങ്കിലും അർബ്ബുദം, ഹൃദ്രോഹങ്ങൾ, തുടങ്ങി അനേക രോഗങ്ങൾ വരുത്തിവച്ച ജീവനാശം അമ്പരപ്പുളവാക്കുന്നതാണ്. ഉദാഹരണത്തിന് ലോകവ്യാപകമായ അർബുദരോഗത്തിന്റെ 59 ലക്ഷം പുതിയ കേസുകൾ ലോകാരോഗ്യസംഘടന നിർണ്ണയം ചെയ്തിട്ടുണ്ടു്. ഇന്നനുഭവിച്ചുകൊണ്ടിരരിക്കുന്ന വ്യാധികളോടൊപ്പം അന്ധതാ രോഗം, മലേറിയ, സ്നെയിൽ ഫീവർ, കോളറ തുടങ്ങിയവയും മറ്റനവധി രോഗങ്ങളുടെ ഒരു വലിയ ഗണവും കൂടിച്ചേർന്നിരിക്കുന്നു.
എങ്കിലും, “എനിക്കീ രോഗങ്ങളൊന്നുമില്ലല്ലൊ” എന്നു നിങ്ങൾ ന്യായവാദം ചെയ്തേക്കും. അത് സത്യായിരിക്കാം, പക്ഷെ വിളറിയ കുതിരയുടെ സവാരി നിങ്ങളെയും ബാധിക്കുന്നുണ്ട്. ആശുപത്രി ചെലവും ചികിത്സാ ചെലവും ഭീമമാണ്. ഇത് ആളുകളെ ഏതെങ്കിലും രൂപത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ പ്രേരിപ്പിക്കുന്നു. പല രാജ്യങ്ങളിലും നികുതികളിലൂടെ ചെലവ് വഹിച്ചുകൊണ്ട് സാമൂഹ്യമരുന്നു പ്രദാനം ചെയ്യുന്നുണ്ട്. ഉയർന്ന വിലകളുടെ രൂപത്തിൽ നിങ്ങളെ ഒടുവിൽ തിരിഞ്ഞാക്രമിക്കുന്ന ജോലി സമയ നഷ്ടത്തിന്റെ വിലയെക്കുറിച്ച് ചിന്തിക്കുക. ഉവ്വ്, വിളറിയ കുതിരയുടെ സവാരി നിങ്ങളെ ബാധിക്കുന്നുണ്ട്.
വെള്ളക്കുതിര എന്തു കൈവരുത്തുന്നു
മറ്റു കുതിരക്കാർ സവാരി നടത്തുമ്പോൾ ഉണ്ടാകുന്ന ഹാനികരങ്ങളായ ഫലങ്ങൾ ഗൗനിച്ചതിനു ശേഷം അവയ്ക്കു മുമ്പേ പുറപ്പെടുന്ന വെള്ളക്കുതിരയെയും കുതിരക്കാരനെയും കുറിച്ച് യോഹന്നാൻ പറയുന്നത്. കുറിക്കൊള്ളുന്നത് ഹൃദയ സന്തോഷം പകരുന്ന ഒന്നാണ്. അപ്പോസ്തലൻ പറഞ്ഞതിപ്രകാരമാണ്: “ഞാൻ നോക്കിയപ്പോൾ അതാ! ഒരു വെളുത്ത കുതിര; അതിമേലിരിക്കുന്നവനു് ഒരു വില്ലുണ്ടായിരുന്നു; അവനു് ഒരു കിരീടം നല്കപ്പെട്ടു, ജയിച്ചടക്കിയും ജയിച്ചടക്കൽ പൂർത്തിയാക്കാനായും അവൻ പുറപ്പെട്ടു.”—വെളിപ്പാടു് 6:2
വെള്ളക്കുതിരപ്പുറത്ത് യേശുക്രിസ്തു സവാരി ചെയ്യുന്നു. (വെളിപ്പാട് 19:11) അവന്റെ സ്വർഗ്ഗീയ വാഴ്ച ഉദ്വേഗജനകമായ സംഭവങ്ങളോടെ 1914-ൽ ആരംഭിച്ചു. പിശാചും അവന്റെ ഭൂതങ്ങളും ഭൂമിയിലേക്ക് തള്ളിയിടപ്പെടുന്നതിന് സ്വർഗ്ഗത്തിലെ യുദ്ധം ഇടവരുത്തി അതിനുശേഷം സ്വർഗ്ഗത്തിൽ നിന്നൊരു ശബ്ദം ഇങ്ങനെ ഉദ്ഘോഷിച്ചു: “ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ടം, എന്തെന്നാൽ തനിക്കൽപ്പകാലമെ ഉള്ളൂ എന്നറിഞ്ഞ് മഹാ ക്രോധത്തോടെ പിശാച് നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വന്നിരിക്കുന്നു.” കുതിരക്കാരുടെ സവാരിക്ക് ഇത് ആരംഭം കുറിച്ചു.—വെളിപ്പാട് 12:7-12.
എന്നാൽ യേശുക്രിസ്തുവിന്റെ സവാരി നിങ്ങളെ ബാധിക്കുന്നതെങ്ങനെ? തന്റെ വാഴ്ചയോടുള്ള ബന്ധത്തിൽ യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) ഇന്ന് 200-ലധികം ദേശങ്ങളിലും സമുദ്രദ്വീപുകളിലുമായി യഹോവയുടെ സാക്ഷികൾ ക്രിസ്തുവിന്റെ സ്ഥാപിത രാജ്യത്തെ പ്രഘോഷിച്ചുകൊണ്ടിരിക്കുന്നു. അവർ നിങ്ങളുടെ ഭവനത്തിലെത്തിയിട്ടുണ്ടോ? അപ്പോൾ ഈ കുതിരക്കാരന്റെ സവാരി നിങ്ങളെയും ബാധിക്കുന്നുണ്ട്.
തന്റെ വാഴ്ചയാൽ ജനങ്ങൾ എങ്ങനെ ബാധിക്കപ്പെടും എന്ന് കൂടുതലായി മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് യേശു പ്രവചിച്ചു: “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ തന്റെ സകല ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കും. സർവ്വ ജനതകളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടുകയും അവൻ അവരെ ഒരിടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്ന പോലെ ആളുകളെ തമ്മിൽ വേർതിരിക്കുകയും ചെയ്യും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിർത്തും.”—മത്തായി 25:31-33.
വെള്ളക്കുതിരപ്പുറത്തേറിയുള്ള യേശുവിന്റെ സവാരിയിങ്കൽ നടത്തപ്പെടുന്ന വിഭജനവേലയുടെ ഫലമായി സർവ്വ മനുഷ്യവർഗ്ഗത്തെയും ഒന്നുകിൽ “ചെമ്മരിയാടുകൾ” അല്ലെങ്കിൽ “കോലാടുകൾ” എന്നു തരം തിരിക്കാനാകും. അന്തിമഫലം കുറിക്കൊള്ളുക. “കോലാടുകൾ” “നിത്യവിച്ഛേദനത്തിലേക്ക് വേർതിരിഞ്ഞുപോകും പക്ഷേ നീതിമാന്മാർ [“ചെമ്മരിയാടുകൾ”] നിത്യജീവനിലേക്കും.” (മത്തായി 25:46) അതുകൊണ്ട് രാജ്യസന്ദേശത്തിന്റെ പ്രസംഗത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത് നിങ്ങൾക്ക് ഒന്നുകിൽ ജീവനോ അല്ലെങ്കിൽ മരണമോ അർത്ഥമാക്കും.
അപ്പോക്കാലിപ്സിലെ കുതിരക്കാർ നിങ്ങളെ എങ്ങനെ ബാധിക്കും എന്ന് നിങ്ങൾ മുമ്പ് പരിചിന്തിച്ചിട്ടില്ലെങ്കിൽ പോലും അവരുടെ സവാരി വേഗത്തിൽ അവസാനിക്കാൻ പോകയാണ് എന്ന സുവാർത്തക്ക് ചെവി കൊടുക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിനുശേഷം വെള്ളക്കുതിരപ്പുറത്തെ സവാരിക്കാരനായ യേശുക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ ഭൂമി അനേക അനുഗ്രഹങ്ങൾ ആസ്വദിക്കും. അവയിൽ ചില കാര്യങ്ങളെ ബൈബിൾ പ്രാവചനികമായി വർണിക്കുന്നത് ഇങ്ങനെയാണ്: “അവന്റെ നാളുകളിൽ നീതിമാൻ തഴക്കും [തീ നിറമുള്ള കുതിരയുടെ സവാരിക്കാരൻ പൊയ്പ്പോകുന്നതോടെ] ചന്ദ്രനില്ലാതാകുവോളം സമാധാന സമൃദ്ധി ഉണ്ടാകും. [കറുത്ത കുതിരയുടെ സവാരിക്കാരൻ ഇല്ലാത്തതുകൊണ്ട്] ഭൂമിയിൽ ധാന്യ സമൃദ്ധി ഉണ്ടാകും; പർവതങ്ങൾക്കു മീതെ ഒരു കവിഞ്ഞൊഴുക്കുണ്ടാകും.”—സങ്കീർത്തനങ്ങൾ 72:7, 16.
യേശുക്രിസ്തു ഭൂമിയിൽ ഉണ്ടായിരുന്നപ്പോൾ അറയ്ക്കത്തക്ക രോഗങ്ങളും മരണവും പോലുള്ള കാര്യങ്ങളുടെ മേൽ ദൈവദത്തമായ തന്റെ ശക്തി പ്രകടിപ്പിച്ചു. തന്റെ രാജവാഴ്ചയുടെ കാലത്ത് അവൻ ആ ശക്തി ഒരു വലിയ തോതിൽ പ്രകടിപ്പിക്കുകയും ഭൂമിയിൽ നിന്ന് സകല വ്യാധികളും ക്ഷാമങ്ങളും യുദ്ധങ്ങളും തുടച്ചുനീക്കുകുയും ചെയ്യും. അങ്ങനെ, വെള്ളക്കുതിരയുടെ സവാരിക്കാരൻ അപ്പോക്കാലിപ്സിലെ മറ്റു കുതിരക്കാരുടെ വിനാശകരമായ സവാരിക്ക് അറുതി വരുത്തുകയും ചെയ്യും.