നിർമ്മലതാപാലകർക്ക് ആശ്വാസം
“എന്റെ നിർമ്മലത നിമിത്തം നീ എന്നെ താങ്ങിയിരിക്കുന്നു.”—സങ്കീർത്തനം 41:12.
1. യഹോവയുടെ ജനത്തിന് ആശ്വാസം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
യഹോവയുടെ നിർമ്മലതാപാലകരായ സാക്ഷികൾക്ക് ആശ്വാസം ആവശ്യമാണ്, എന്തുകൊണ്ടെന്നാൽ അവർ പീഡനത്തിന്റെ ലക്ഷ്യങ്ങളാണ്. തീർച്ചയായും, അവർ അങ്ങനെയുള്ള പീഡാനുഭവങ്ങൾ പ്രതീക്ഷിക്കേണ്ടതാണ്, എന്തുകൊണ്ടെന്നാൽ യേശുക്രിസ്തു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ഒരു അടിമ അവന്റെ യജമാനനെക്കാൾ വലിയവനല്ല. അവർ എന്നെ പീഡിപ്പിച്ചിരിക്കുന്നുവെങ്കിൽ അവർ നിങ്ങളെയും പീഡിപ്പിക്കും.” (യോഹന്നാൻ 15:20) വിശേഷിച്ചു ഇപ്പോൾ യഹോവയുടെ ജനത്തിന് ആശ്വാസത്തിന്റെ ആവശ്യമുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആദ്യനിർമ്മലതാലംഘകനായ പിശാചായ സാത്താൻ ഭൂമിയുടെ പരിസരത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്, അവന് അല്പകാലമേയുള്ളു. അതുകൊണ്ട് അവൻ ദൈവത്തിനും അവന്റെ ദാസൻമാർക്കുമെതിരായുള്ള ഒരു പോരാളിയെന്ന നിലയിൽ അവന്റെ അവസാന നിലപാട് സ്വീകരിക്കുകയാണ്.—വെളിപ്പാട് 12:7-9, 17.
2. ക്രിസ്ത്യാനികൾ സഹവിശ്വാസികളുടെ കഷ്ടപ്പാടുകളെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നു?
2 യഹോവയുടെ ദാസൻമാരെന്ന നിലയിൽ നാം നിരോധനത്തിൻ കീഴിൽ പ്രവർത്തിക്കേണ്ടിയിരിക്കുന്ന, അല്ലെങ്കിൽ പീഡകരാൽ ഭീഷണിപ്പെടുത്തപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്ന, നമ്മുടെ സഹോദരീസഹോദരൻമാർക്കുവേണ്ടി ഉത്സുകമായി പ്രാർത്ഥിക്കുന്നുണ്ട്. (പ്രവൃത്തികൾ 12:1; 2 തെസ്സലോനീക്യർ 1:4) വിശ്വാസത്യാഗികളിൽനിന്നും മററുള്ളവരിൽനിന്നുമുള്ള നിന്ദകൾ വിശ്വസ്തമായി സഹിക്കുന്ന ക്രിസ്ത്യാനികളെ നമ്മൾ അഭിനന്ദിക്കുന്നു. (മത്തായി 5:11) ബന്ധുക്കളുടെ എതിർപ്പുള്ളവരോ മതപരമായി ഭിന്നിപ്പുള്ള കുടുംബങ്ങളിൽ ജീവിക്കുന്നവരോ ആയ സഹവിശ്വാസികളോടു നമുക്ക് സ്നേഹനിർഭരമായ താൽപ്പര്യമുണ്ട്. (മത്തായി 10:34-36) ദൗർബ്ബല്യങ്ങളും നീണ്ടുനിൽക്കുന്ന രോഗങ്ങളും സഹിക്കുന്ന നിർമ്മലതാപാലകരോട് നമുക്ക് ഹൃദയംഗമമായ സഹതാപമുണ്ട്. എന്നാൽ ഈ കഷ്ടപ്പാടെല്ലാം എന്തുകൊണ്ടാണ്? നിർമ്മലതാപാലകരായ സ്ത്രീപുരുഷൻമാർക്ക് എന്ത് ആശ്വാസമുണ്ട്?
കാരണവും അഭയവും ഓർമ്മിക്കുക
3. എന്തു ചെയ്യാനുള്ള ശ്രമത്തിൽ സാത്താൻ പീഡനത്തെ ഉപയോഗിക്കുന്നു?
3 ഭൂതങ്ങളോ മനുഷ്യരോ മുഖാന്തരമായാലും പിശാച് ക്രിസ്ത്യാനികളെ “വിഴുങ്ങാൻ” ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (1 പത്രോസ് 5:8) അതെ, യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കാൻ, നമ്മെ അവിശ്വസ്തരായ നിർമ്മലതാലംഘകരാക്കാൻ, ലക്ഷ്യം വെച്ചുള്ള ശ്രമത്തിൽ സാത്താൻ പീഡനത്തെയും മററുപ്രയാസങ്ങളെയും ഉപയോഗിക്കുകയാണ്. എന്നാൽ ഇതിലെല്ലാം നാം സംരക്ഷണമില്ലാത്തവരാണോ? തീർച്ചയായുമല്ല!
4. പീഡനത്തെയും മററ് ഉപദ്രവങ്ങളെയും അഭിമുഖീകരിക്കുമ്പോൾ നിർമ്മലതാപാലകർക്ക് എന്തിനെക്കുറിച്ച് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
4 നാം പ്രാർത്ഥനാപൂർവ്വം യഹോവയുടെ സഹായം തേടുന്നപക്ഷം അവൻ നമ്മുടെ അഭയമായിരിക്കും. പീഡനത്താലും മററ് അനർത്ഥങ്ങളാലും ക്ലേശിതരാകുമ്പോൾ സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ നമുക്ക് അവനോട് ഇങ്ങനെ അപേക്ഷിക്കാൻ കഴിയും: “ദൈവമേ, കൃപകാട്ടേണമേ, കൃപ കാട്ടേണമേ, എന്തെന്നാൽ എന്റെ ദേഹി നിന്നിൽ അഭയം തേടിയിരിക്കുന്നു; അനർത്ഥങ്ങൾ കടന്നുപോകുന്നതുവരെ ഞാൻ നിന്റെ ചിറകുകളിൻ നിഴലിൽ അഭയം തേടുന്നു.” (സങ്കീർത്തനം 57:1) നിർമ്മലതാപാലകരെന്ന നിലയിൽ, നമുക്ക് നമ്മുടെ അഭയമായ യഹോവയിൽനിന്ന് ആശ്വാസം വരുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും. നമുക്ക് ദാവീദ് പ്രാർത്ഥനയിൽ ഇങ്ങനെ പറഞ്ഞപ്പോൾ അവനുണ്ടായിരുന്നതുപോലെയുള്ള ഉറപ്പുണ്ടായിരിക്കാൻ കഴിയും: “എന്റെ നിർമ്മലത നിമിത്തം നീ എന്നെ താങ്ങിയിരിക്കുന്നു, നീ എന്നെ നിന്റെ മുഖത്തിമുമ്പാകെ അനിശ്ചിതകാലത്തോളം ആക്കിവെക്കും.”—സങ്കീർത്തനം 41:12.
5. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് എന്തു ഗുണം ആവശ്യമാണ്, നമുക്ക് എന്തു പ്രത്യാശയുണ്ട്?
5 പീഡാനുഭവങ്ങൾ കുറേ കാലത്തേക്കു നീണ്ടുനിന്നേക്കാമെന്നുള്ളതുകൊണ്ട്, നാം സഹിഷ്ണുത നട്ടുവളർത്തേണ്ടതുണ്ട്. അപ്പോസ്തലനായ പൗലോസ് “[അവർ] കഷ്ടപ്പാടുകളിൻ കീഴിൽ വലിയ ഒരു പോരാട്ടം സഹിച്ച മുൻനാളുകളെ ഓർത്തുകൊണ്ടിരിക്കാൻ” എബ്രായക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. അവൻ കൂടുതലായി ഇങ്ങനെ എഴുതി: “നിങ്ങൾ ദൈവേഷ്ടം ചെയ്തശേഷം വാഗ്ദത്തനിവൃത്തി പ്രാപിക്കേണ്ടതിന് നിങ്ങൾക്ക് സഹിഷ്ണുതയുടെ ആവശ്യമുണ്ട്.” (എബ്രായർ 10:32-36) അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ദൈവീകവാഗ്ദത്തനിവൃത്തി സ്വർഗ്ഗത്തിലെ അമർത്യജീവന്റെ പ്രതിഫലം കൈവരുത്തും. എന്നാൽ “മഹാപുരുഷാര”ത്തിന് ഒരു ഭൗമികപരദീസയിലെ നിത്യജീവന്റെ പ്രത്യാശയാണുള്ളത്. (വെളിപ്പാട് 7:9; ലൂക്കോസ് 23:43) തീർച്ചയായും, നിർമ്മലതാപാലകരെന്ന നിലയിൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവർക്ക് നിത്യജീവനിലേക്കുള്ള രക്ഷ സാദ്ധ്യമാണ്.—മർക്കോസ് 13:13.
6. യഹോവയുടെ സാക്ഷികളുടെ ഇടയിലെ ചിലർക്ക് സഹിഷ്ണുതയുടെ പ്രത്യേക ആവശ്യമുള്ളതെന്തുകൊണ്ട്, അവർക്ക് എന്തു സഹായമുണ്ട്?
6 ദശാബ്ദങ്ങളായി ചില രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾക്ക് വിശേഷാൽ ‘സഹിഷ്ണുതയുടെ ആവശ്യം ഉണ്ടായിരുന്നിട്ടുണ്ട്.’ എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർക്കു പ്രയാസമുള്ള പ്രദേശത്ത് അല്ലെങ്കിൽ ഗവൺമെൻറ് നിരോധനം ഉൾപ്പെടെയുള്ള വിവിധ പ്രയാസങ്ങളിൻമദ്ധ്യേ തങ്ങളുടെ വിശുദ്ധസേവനം തുടരേണ്ടിയിരിക്കുന്നു. പക്ഷെങ്കിൽ നിങ്ങൾതന്നെ മോശമായ ആരോഗ്യമോ നിങ്ങളുടെ ക്രിസ്തീയയത്നങ്ങളോടുള്ള കുടുംബപരമായ എതിർപ്പോ സഹിച്ചുനിൽക്കേണ്ടതുണ്ടായിരിക്കാം. അങ്ങനെയുള്ള പീഡാനുഭവങ്ങൾ വെറും മാനുഷബലത്തിൽ ആശ്രയിക്കുന്നവരെ വിരമിപ്പിക്കും, എന്നാൽ അവ യഹോവയുടെ സാക്ഷികളെ തടയുകയില്ല, എന്തുകൊണ്ടെന്നാൽ അവരുടെ “സഹായം ആകാശത്തിന്റെയും ഭൂമിയുടെയും നിർമ്മാതാവായ യഹോവയിൽനിന്നാണ്.”—സങ്കീർത്തനം 121:1-3.
7. (എ) തുടരുന്ന പീഡാനുഭവങ്ങൾ നമുക്ക് എന്ത് അവസരങ്ങൾ പ്രദാനം ചെയ്യുന്നു? (ബി) പൗലോസ് ഫിലിപ്യർ 4:13-ൽ പറഞ്ഞത് നമുക്കു വിശ്വസിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
7 ചില സാഹചര്യങ്ങൾ ഈ വ്യവസ്ഥിയുടെ അവസാനംവരെ സഹിച്ചുനിൽക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ തുടരുന്ന പീഡാനുഭവങ്ങൾ ദൈവത്തോടുള്ള നമ്മുടെ നിർമ്മലതയെ തെളിയിക്കുന്നതിനും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിനുമുള്ള അവസരം നമുക്കു പ്രദാനം ചെയ്യുന്നു. (സദൃശവാക്യങ്ങൾ 27:11) അതേസമയം, യഹോവ വിശ്വസ്തമായി സഹിച്ചുനിൽക്കുന്നതിനുള്ള ശക്തി നൽകുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “എനിക്കു ബലം പ്രദാനം ചെയ്യുന്നവൻ ഹേതുവായി എനിക്കു സകലത്തിനും ശക്തിയുണ്ട്.” (ഫിലിപ്യർ 4:13) ആ ഉറപ്പു നൽകുന്ന വാക്കുകൾ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ “ലോകത്തിലെ നിങ്ങളുടെ സഹോദരൻമാരുടെ മുഴു സമൂഹ”ത്തിന്റെയും കാര്യത്തിൽ അവ നിരന്തരം സത്യമെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.—1 പത്രോസ് 5:9,10.
നിർമ്മലതാപാലകർ നമ്മെ പ്രോത്സാഹിപ്പിക്കുന്നു
8. ഭിന്നിപ്പുള്ള ഭവനങ്ങളിലെ നിർമ്മലതാപാലകർക്ക് എങ്ങനെ അനുഗ്രഹം പ്രാപിക്കാമെന്ന് ചിത്രീകരിക്കുക.
8 ‘ലോകത്തിലെ നമ്മുടെ സഹോദരൻമാരുടെ മുഴുസമൂഹവും’ നിർമ്മലത പാലിച്ചുകാണുന്നത് വലിയ പ്രോത്സാഹനത്തിന്റെ ഉറവാണ്. അവരിൽ ചിലർക്ക് ഛിദ്രിച്ച ഭവനങ്ങളിൽ യഹോവയോടുള്ള നിർമ്മലത പാലിച്ചതിന് സമൃദ്ധമായ പ്രതിഫലം ലഭിച്ചിട്ടുണ്ട്. ദൃഷ്ടാന്തമായി, അയർലണ്ടിലെ ഒരു കത്തോലിക്കാ സ്ത്രീയുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങിയപ്പോൾ അവളുടെ ഭർത്താവു കടുത്ത എതിർപ്പു പ്രകടമാക്കുകയും അവളെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, അവൾ തന്റെ പഠനം തുടർന്നു. ഒരു ദിവസം നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഒരു പ്രതി അവൾ ഭർത്താവിനു കൊടുത്തു. അതിന്റെ വ്യക്തതയിലും വളച്ചുകെട്ടില്ലായ്മയിലും നല്ല ദൃഷ്ടാന്തങ്ങളിലും അയാൾക്കു മതിപ്പുതോന്നി. പെട്ടെന്നുതന്നെ ഭർത്താവു ഈ പുസ്തകത്തിന്റെ സഹായത്തോടെ ബൈബിൾ പഠിച്ചു. അയാൾ പുകവലി നിർത്തി. അതിനുശേഷം താമസിയാതെ ആ ദമ്പതികൾ കത്തോലിക്കാ സഭയിൽനിന്ന് രാജിവെക്കുകയും അവരുടെ വിശുദ്ധ ചിത്രങ്ങൾ എന്നു വിളിക്കപ്പെടുന്നവയെല്ലാം നശിപ്പിക്കുകയും ചെയ്തു. അധികം താമസിയാതെ സ്ത്രീ സ്നാനമേററു. അവൾ സഹായപയനിയറിംഗിൽ പങ്കെടുത്തു. അതേ സമയം അവളുടെ ഭർത്താവ് ശുശ്രൂഷയിൽ നല്ല പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള അനുഭവങ്ങൾ നിർമ്മലാതാപാലകരെന്ന നിലയിൽ സഹിച്ചുനിൽക്കുന്ന, ഭിന്നിച്ച ഭവനങ്ങളിലുള്ളവർക്ക് യഥാർത്ഥ പ്രോത്സാഹനമായിരിക്കാൻ കഴിയും.—1 കൊരിന്ത്യർ 7:12-16.
9. ദുർബ്ബലരായ നിർമ്മലതാപാലകർക്ക് മററുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
9 മററുചില നിർമ്മലതാപാലകർ ദൗർബ്ബല്യം ഗണ്യമാക്കാതെ വിശ്വസ്തത തെളിയിച്ചിട്ടുണ്ട്. ബ്രിട്ടനിൽ അംഗവൈകല്യമുള്ള ഒരു ക്രിസ്ത്യാനി ഒരു ചക്രക്കസേര ഉപയോഗിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും അയാൾ തന്റെ ശുശ്രൂഷയിൽ സംതൃപ്തി കണ്ടെത്തുന്നു. അയാൾ ഇങ്ങനെ എഴുതി: “1949 മുതൽ എനിക്ക് ലൗകികജോലി സാദ്ധ്യമല്ലെങ്കിലും, ഈ കാലമെല്ലാം എന്നെ ഉപയോഗിക്കുന്നതിന് യഹോവ പ്രസാദിച്ചിരിക്കുന്നു. അങ്ങനെ വർഷങ്ങൾ പെട്ടെന്നു കടന്നുപോയിരിക്കുന്നു. ഗുരുതരമായ വൈകല്യമുള്ള ഒരാൾക്കുപോലും മററുള്ളവർക്ക് വലിയ സേവനമനുഷ്ഠിക്കാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. എന്റെ ഭാര്യയും ഞാനും സഭയിലെ പലർക്കും ഒരുതരം നങ്കൂരം പോലെയാണ്. ഞങ്ങളുടെ സാഹചര്യം നിമിത്തം ഞങ്ങൾ എല്ലായ്പ്പോഴും ഇവിടെയുണ്ട്, എല്ലായ്പ്പോഴും ലഭ്യമാണ്.” അതെ, യാതൊരു വികലാംഗ ക്രിസ്താനിയും നിരുത്സാഹിതനാകാതിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ അയാൾക്ക് അഥവ അവൾക്ക് മററുള്ളവർക്ക് പ്രോത്സാഹനത്തിന്റെ ഉറവായിരിക്കാൻ കഴിയും.
10. പീഡനത്തിനു കീഴ്പെടാതിരിക്കുന്നതിനാൽ നിർമ്മലതാപാലകർക്ക് സഹവിശ്വാസികളെ എങ്ങനെ സഹായിക്കാൻ കഴിയും?
10 നിർമ്മലതാപാലകർ പീഡനത്തിനു കീഴ്പ്പെടുന്നില്ല. ക്രിസ്തീയനിർമ്മലത പാലിച്ചതിന് തടവിലാക്കപ്പെട്ട ഒരു സഹോദരൻ ഇങ്ങനെ പറയുകയുണ്ടായി: “പ്രഹരങ്ങൾ എന്റെ ജീവിതത്തിലെ ഒരു നിരന്തരഭാഗമായിത്തീർന്നു, അവ എണ്ണത്തിലും കാഠിന്യത്തിലും വർദ്ധിച്ചുവന്നു. ഞാൻ അനുദിനം ക്ഷീണിതനായിക്കൊണ്ടിരുന്നു, കാരണം മിക്കപ്പോഴും അവർ എനിക്കു ഭക്ഷണം തന്നില്ല. ഞാൻ നിരന്തരം യഹോവയോടു പ്രാർത്ഥിച്ചു. അവൻ എന്നെ ഉപേക്ഷിച്ചില്ലെന്ന് എനിക്കു പറയാൻ കഴിയും. അവർ എന്നെ എത്രയധികം അടിച്ചുവോ അത്രക്ക് അവ എനിക്ക് അനുഭവപ്പെടാതായി.” രണ്ടിലധികം വർഷത്തെ തടവിനു വിധിച്ചുവെങ്കിലും ഈ യഹോവയുടെ സാക്ഷി നിർമ്മലത പാലിച്ചു. (യെശയ്യാ 2:2-4; യോഹന്നാൻ 15:19) മററനേകം നിർമ്മലതാപാലകർ സമാനമായ നിലപാടു സ്വീകരിച്ചിട്ടുണ്ട്. തീർച്ചയായും അങ്ങനെയുള്ള നിർമ്മലതാപാലനം സഹവിശ്വാസികളെ വിശ്വസ്തതക്കു പ്രേരിപ്പിക്കുന്ന പ്രോത്സാഹജനകമായ ദൃഷ്ടാന്തം പ്രദാനം ചെയ്യുന്നു.
നിലയ്ക്കാത്ത ആശ്വാസം
11. ക്രിസ്ത്യാനികൾക്ക് ആശ്വാസത്തിന്റെ എന്തു തിരുവെഴുത്തുപരമായ ഉറപ്പുണ്ട്?
11 മേൽ പ്രസ്താവിച്ചവ യഹോവ തന്റെ വിശ്വസ്തജനത്തോടുകൂടെയുണ്ടെന്ന് തെളിയിക്കുന്ന അസംഖ്യം അനുഭവങ്ങളിൽ ചുരുക്കം ചിലതു മാത്രമാണ്. അവൻ നമ്മുടെ സകല അരിഷ്ടതയിലും നമ്മെ ആശ്വസിപ്പിക്കുന്ന “സ്നേഹനിർഭരമായ കാരുണ്യങ്ങളുടെയും സർവ്വാശ്വാസത്തിന്റെയും പിതാവാകുന്നു.” (2 കൊരിന്ത്യർ 1:3, 4) അതെ, ദൈവം നമുക്ക് ഒരു അഭയവും ബലവുമാകുന്നു, അരിഷ്ടതകളിൽ അനായാസം കണ്ടെത്താവുന്ന ഒരു സഹായം തന്നെ.” (സങ്കീർത്തനം 46:1-3) അവൻ നമ്മെയും നമ്മുടെ സഹവിശ്വാസികളെയും നമ്മുടെ സകല ഉപദ്രവങ്ങളിലും പുലർത്തുമെന്നറിയുന്നത് എത്ര ആശ്വാസകരമാണ്!
12. പൗലോസിന്റെ നിർമ്മലതാപാലനഗതി സഹക്രിസ്ത്യാനികളെ എങ്ങനെ ബാധിച്ചു?
12 വിവിധ പ്രയാസങ്ങൾ ഗണ്യമാക്കാതെ യഹോവയുടെ സഹാരാധകർ വിശ്വസ്തക്രിസ്ത്യാനികളെന്ന നിലയിൽ സഹിച്ചുനിൽക്കുന്നതു കാണുന്നതിൽനിന്ന് നമുക്ക് ധൈര്യം ആർജ്ജിക്കാൻ കഴിയും. മററുള്ളവർ അപ്പോസ്തലനായ പൗലോസിന്റെ വിശ്വസ്തത നിരീക്ഷിച്ചപ്പോൾ സംഭവിച്ചതതാണ്. അവൻ ഇങ്ങനെ എഴുതി: “എന്റെ കാര്യങ്ങൾ, മററു പ്രകാരത്തിലായിരിക്കാതെ, സുവാർത്തയുടെ പുരോഗതിക്കായി കലാശിച്ചിരിക്കുന്നു, തന്നിമിത്തം എന്റെ ബന്ധനങ്ങൾ പരസ്യമായിത്തീർന്നിരിക്കുന്നു . . .; എന്റെ തടങ്കൽ ബന്ധനങ്ങൾ ഹേതുവായി ധൈര്യം തോന്നി കർത്താവിൽ മിക്ക സഹോദരൻമാരും നിർഭയം ദൈവവചനം പ്രസംഗിക്കുന്നതിന് പൂർവ്വാധികം ധൈര്യം കാണിക്കുകയാണ്.” ഫിലിപ്യർ 1:12-14.
13. നമ്മുടെ സ്വന്തം നിർമ്മലതാപാലനത്തിന് എന്തു ഫലമുണ്ടായിരിക്കാൻ കഴിയും?
13 അതെ, യഹോവയുടെ മററു സാക്ഷികൾ പീഡനം ഗണ്യമാക്കാതെ അവനോടുള്ള നിർമ്മലത പാലിക്കുന്നുണ്ടെന്നു നാം അറിയുമ്പോൾ നാം വിശ്വസ്തരായി നിലകൊള്ളാൻ ബലിഷ്ഠരാക്കപ്പെടുന്നു. മറിച്ച്, പരിശോധനയിൻകീഴിൽ നാം തന്നെ നിർമ്മലത പാലിക്കുമ്പോൾ നാം ദൈവവചനം നിർഭയം പ്രസംഗിക്കുന്നതിന് മററുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ്. തീർച്ചയായും, നമ്മുടെ വിശ്വസ്തത അവർക്ക് പ്രോത്സാഹനത്തിന്റെ ഒരു ഉറവും അനുഗ്രഹവുമാണെന്നറിയുന്നതിൽ നമുക്കു സംതൃപ്തി കണ്ടെത്താൻ കഴിയും.
14. യഹോവ നമ്മെ ആശ്വസിപ്പിക്കുന്ന രണ്ടു മാർഗ്ഗങ്ങളേവ?
14 യഹോവ തന്റെ പരിശുദ്ധാത്മാവു മുഖേന നമ്മെ പുലർത്തുന്നു. യഥാർത്ഥത്തിൽ, പത്രോസ് എഴുതിയതുപോലെ, ‘ക്രിസ്തുവിന്റെ നാമത്തിനുവേണ്ടി നാം നിന്ദിക്കപ്പെടുന്നുവെങ്കിൽ നാം സന്തുഷ്ടരാണ്, എന്തുകൊണ്ടെന്നാൽ മഹത്വത്തിന്റെ ആത്മാവ്, ദൈവാത്മാവുതന്നെ, നമ്മുടെമേൽ ആവസിക്കുന്നു.’ (1 പത്രോസ് 4:12-16) നമ്മുടെ പ്രാർത്ഥനയോടുള്ള പ്രതികരണമായി ദൈവം നമ്മെയും കഷ്ടപ്പെടുന്ന നമ്മുടെ സഹവിശ്വാസികളെയും ആശ്വസിപ്പിക്കുന്നു. “യാതൊന്നിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടരുത്, എന്നാൽ നന്ദിപ്രകടനത്തോടെ എല്ലാററിലും പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക; സകല ചിന്തയെക്കാളും മികച്ച ദൈവസമാധാനം ക്രിസ്തുയേശു മുഖേന നിങ്ങളുടെ ഹൃദയങ്ങളെയും മാനസികപ്രാപ്തികളെയും കാത്തു സൂക്ഷിക്കും.” (ഫിലിപ്യർ 4:6, 7) പ്രാർത്ഥന കേൾക്കുന്നവനിൽ നിങ്ങൾക്ക് സമാനമായ വിശ്വാസമുണ്ടോ?—സങ്കീർത്തനം 65:2.
ദൈവവചനത്തിൽനിന്ന് ആശ്വാസം നേടുക
15. നിങ്ങൾ റോമർ 15:4-ന്റെ സത്യതയെ എങ്ങനെ വിശദമാക്കും?
15 ദൈവത്തിന്റെ പവിത്രവചനവും വലിയ ആശ്വാസത്തിന്റെ ഉറവാണ്. അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചതുപോലെ, “മുൻകാലത്ത് എഴുതപ്പെട്ട സകല കാര്യങ്ങളും നമ്മുടെ പ്രബോധനത്തിനായിട്ടാണ് എഴുതപ്പെട്ടത്, നമ്മുടെ സഹിഷ്ണുതയാലും തിരുവെഴുത്തുകളിൽ നിന്നുള്ള ആശ്വാസത്താലും നമുക്ക് പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ.” (റോമർ 15:4) ഉദാഹരണമായി, ഈജിപ്ററിൽ നിന്നുള്ള യിസ്രായേലിന്റെ അത്ഭുതകരമായ വിടുതലിനെക്കുറിച്ച് അല്ലെങ്കിൽ എസ്ഥേർ രാജ്ഞിയുടെ കാലത്തെ യഹൂദൻമാരുടെ സംരക്ഷണത്തെക്കുറിച്ച് നാം വായിക്കുമ്പോൾ ഒരു കിടയററ ഉദ്ധാരകനെന്ന നിലയിൽ യഹോവയിലുള്ള നമ്മുടെ വിശ്വാസത്തെ അതു ബലിഷ്ഠമാക്കുന്നില്ലേ? വലിയ ദുരിതങ്ങൾക്കു മദ്ധ്യേ ഇയ്യോബ് നിർമ്മലത പാലിച്ചതു സംബന്ധിച്ച രേഖയെക്കുറിച്ചെന്ത്? തീർച്ചയായും ഇത് യഹോവയുടെ ആധുനിക നാളിലെ ദാസൻമാർക്കു ദൈവം നൽകുന്ന ശക്തിയിൽ കഷ്ടപ്പാടു സഹിച്ചുനിൽക്കാൻ എങ്ങനെ കഴിയുമെന്ന് ചിത്രീകരിക്കുന്നു. തിരുവെഴുത്തുകളിൽ നിന്നുള്ള ആശ്വാസത്തിന് തീർച്ചയായും നിർമ്മലതാപാലകരെ പ്രത്യാശയും ധൈര്യവുംകൊണ്ടു നിറയ്ക്കാൻ കഴിയും.
16. ഏത് ആശ്വാസകരമായ ഉറപ്പുകൾ 1 പത്രോസ് 5:6, 7-ലും 1 കൊരിന്ത്യർ 10:13-ലും കാണപ്പെടുന്നു?
16 എന്നാൽ നമ്മുടെ പ്രശ്നങ്ങൾ നമ്മെ വിഷാദമഗ്നരാക്കുന്നുവെങ്കിലോ? തീർച്ചയായും തിരുവെഴുത്തുകളിലെ ആശ്വാസകരമായ ഉറപ്പുകൾക്ക് യഹോവയുടെ പരിപാലനത്തിൽ സുരക്ഷിതത്വം തോന്നിക്കാനും നമ്മുടെ വിഷാദത്തെ അകററാൻ നമ്മെ സഹായിക്കാനും കഴിയും. അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “തക്കസമയത്ത് അവൻ നമ്മെ ഉയർത്തേണ്ടതിന് ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ നിങ്ങളേത്തന്നെ താഴ്ത്തുക; അതേ സമയം അവൻ നിങ്ങൾക്കുവേണ്ടി കരുതുന്നതുകൊണ്ട് നിങ്ങളുടെ സകല ഉൽക്കണ്ഠകളും അവന്റെമേൽ ഇട്ടുകൊള്ളുക.” (1 പത്രോസ് 5:6, 7) അതെ, യഹോവ നിങ്ങൾക്കുവേണ്ടി കരുതുന്നു.” എത്ര ആശ്വാസദായകമായ ആശയം! അവൻ കാണാത്തതോ അവനു നിയന്ത്രിക്കാൻ കഴിയാത്തതോ ആയി യാതൊന്നും സംഭവിക്കാൻ കഴിയുന്നതല്ല. തന്നെയുമല്ല, പൗലോസ് ഈ ഉറപ്പു നൽകി: “ദൈവം വിശ്വസ്തനാകുന്നു, അവൻ നിങ്ങൾക്കു സഹിക്കാവുന്നതിൽ കവിഞ്ഞ് പരീക്ഷിക്കപ്പെടാൻ നിങ്ങളെ അനുവദിക്കുകയില്ല, എന്നാൽ പരീക്ഷ സഹിക്കാൻ പ്രാപ്തരാകേണ്ടതിന് അവൻ അതിനോടുകൂടെ പോംവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) നിർമ്മലതാപാലകനായിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഒരാളെന്ന നിലയിൽ നിങ്ങൾക്ക് അതിൽ ആശ്രയിക്കാൻ കഴിയും.
17. നമുക്ക് ആശ്വാസം കൈവരുത്താൻ വേറെ ഏതു കരുതലുകളുണ്ട്?
17 ദൈവവചനത്തിന്റെയും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനംചെയ്തിരിക്കുന്ന ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെയും പ്രാർത്ഥനാപൂർവ്വകമായ പഠനത്തിന് സമ്മർദ്ദസമയങ്ങളിൽ ആശ്വാസം കൈവരുത്താൻ കഴിയും. (മത്തായി 24:45-47; സങ്കീർത്തനം 119:105) സഭയിലെ സൗമ്യരായ മൂപ്പൻമാരിൽനിന്നുള്ള തിരുവെഴുത്തുപരമായ ബുദ്ധിയുപദേശത്തിനും അതു കഴിയും. മററുള്ളവരുടെ കൂട്ടത്തിൽ “വിഷാദമഗ്നരായ ദേഹികളോട് ആശ്വാസപ്രദമായി സംസാരിക്കാനും ദുർബ്ബലരെ താങ്ങാനും എല്ലാവരോടും ദീർഘക്ഷമ കാണിക്കാനും” അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.—1 തെസ്സലോനീക്യർ 5:14.
18. നമുക്ക് ഒരു ഭൗതികവിധത്തിൽ അധികമൊന്നുമില്ലെങ്കിൽ നമുക്ക് എന്ത് ആശ്വാസമുണ്ട്?
18 എന്നാൽ ഭൗതികമായി നമുക്ക് അധികമൊന്നുമില്ലെങ്കിൽ എന്ത് ആശ്വാസമാണുള്ളത്? ദൈവത്തിന്റെ നൂതനക്രമത്തിൽ നല്ല ഭവനങ്ങളും സമൃദ്ധമായ ആഹാരവും മററു ഭൗതികവസ്തുക്കളും ഉണ്ടായിരിക്കുമെന്നറിയുന്നത് തീർച്ചയായും ആശ്വാസദായകമാണ്. (സങ്കീർത്തനം 72:16; 2 പത്രോസ് 3:13; യെശയ്യാവ് 65:17-25 താരതമ്യപ്പെടുത്തുക.) എന്നാൽ ഇപ്പോൾപോലും ക്രിസ്തീയ ജീവിതം ഹാനികരമായ പുകവലിക്കും ലഹരിപാനീയങ്ങളിലുള്ള അമിതാസക്തിക്കും ചൂതാട്ടത്തിനും മററും പണം പാഴാക്കുന്നതിനെ ഒഴിവാക്കുന്നു. ഇങ്ങനെ മിച്ചിക്കുന്ന പണം ഒരുവന്റെ കുടുംബത്തിന്റെ പ്രയോജനത്തിനുവേണ്ടി ഉപയോഗിക്കാൻ കഴിയും. ദൈവവചനം അനുസരിക്കുന്നതിന് ഭൗതികമായി അല്പംകൊണ്ടു തൃപ്തിപ്പെടുന്നതിനും നമ്മെ സഹായിക്കാൻ കഴിയും. പൗലോസ് അങ്ങനെ സംതൃപ്തനായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “തീർച്ചയായും, സ്വയംപര്യാപ്തതയോടുകൂടിയ ഈ ദൈവിക ഭക്തി വലിയ നേട്ടത്തിനുള്ള ഒരു മാർഗ്ഗമാകുന്നു. എന്തുകൊണ്ടെന്നാൽ നാം ലോകത്തിലേക്ക് യാതൊന്നും കൊണ്ടുവന്നിട്ടില്ല, നമുക്ക് യാതൊന്നും കൊണ്ടുപോകാനും സാദ്ധ്യമല്ല. ആ സ്ഥിതിക്ക്, ആഹാരവും വസ്ത്രവും ഉണ്ടെങ്കിൽ നാം അവകൊണ്ട് തൃപ്തിപ്പെടും.” (1 തിമൊഥെയോസ് 6:6-8; ഫിലിപ്യർ 4:11, 12) യഹോവയുടെ സേവനത്തിലെ നമ്മുടെ പദവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മെ തീർച്ചയായും സമ്പന്നരാക്കുന്ന അനേകം അനുഗ്രഹങ്ങളിൽ കലാശിക്കുന്നു.—സദൃശവാക്യങ്ങൾ 10:22
19. നീണ്ടുനിൽക്കുന്ന രോഗം എങ്ങനെ സഹിക്കാൻ കഴിയും?
19 അതെ, നാം നീണ്ടു നിൽക്കുന്ന രോഗങ്ങൾ സഹിച്ചുനിൽക്കേണ്ടതുണ്ടെങ്കിലെന്ത്? യഹോവയുടെ സഹായത്താലും അവന്റെ വചനം മുഖാന്തരം പ്രദാനം ചെയ്തിരിക്കുന്ന ആശ്വാസത്താലും അത് സഹിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന് സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “എളിയവനോട് പരിഗണനയോടെ പെരുമാറുന്നവൻ സന്തുഷ്ടനാകുന്നു . . . യഹോവ തന്നെ രോഗശയ്യയിൽ അവനെ പുലർത്തും.” (സങ്കീർത്തനം 41:1-3) ഇത് അത്ഭുതകരമായ രോഗശാന്തിക്കുള്ള സമയമല്ല. എന്നാൽ ക്രിസ്ത്യാനികൾ രാജ്യതാൽപ്പര്യങ്ങളെ ഒന്നാമതു കരുതുമ്പോൾ തങ്ങളുടെ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജ്ഞാനവും ധൈര്യവും യഹോവ രോഗബാധിതരായ ക്രിസ്ത്യാനികൾക്കു നൽകുന്നു.—മത്തായി 6:33; 2 കൊരിന്ത്യർ 12:7-10.
20. ഒരു പ്രിയപ്പെട്ടയാൾ മരിക്കുമ്പോൾ നമുക്ക് എങ്ങനെ ദുഃഖത്തെ നേരിടാൻ കഴിയും?
20 പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ അനുഭവപ്പെടുന്ന ദുഃഖത്തെ നമുക്ക് എങ്ങനെ നേരിടാൻ കഴിയും? ബൈബിളിലെ പുനരുത്ഥാന പ്രത്യാശയിൽനിന്ന് ആശ്വാസം നേടാൻ കഴിയും. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) അങ്ങനെ, നാം പ്രിയപ്പെട്ട ഒരാളുടെ മരണത്താൽ ദുഃഖിതരാകുന്നുവെങ്കിലും നാം “പ്രത്യാശയില്ലാത്ത മററുള്ളവർ ചെയ്യുന്നതുപോലെ നാം സങ്കടപ്പെടുന്നില്ല.” (1 തെസ്സലോനീക്യർ 4:13) പുനരുത്ഥാന പ്രത്യാശ നിർമ്മലതാപാലകർക്ക് എന്ത് ആശ്വാസം കൈവരുത്തുന്നു!
ആശ്വാസത്തിന്റെ ദൈവത്തിൽ വിശ്വാസമുള്ളവരായി നിലനിൽക്കുക
21. സഹിച്ചുനിൽക്കുന്ന പീഡനം മിക്കപ്പോഴും എന്തിൽ കലാശിക്കുന്നു?
21 “സർവ്വാശ്വാസത്തിന്റെയും ദൈവ”മായ യഹോവ സമർപ്പിതരും വിശ്വസ്തരുമായ തന്റെ ജനത്തെ ഒരിക്കലും കൈവിടുകയില്ലെന്ന് ഉറപ്പുണ്ടായിരിക്കുക. (2 കൊരിന്ത്യർ 1:3; സങ്കീർത്തനം 94:14) ക്രിസ്ത്യാനികൾ സഹിക്കുന്ന പീഡനത്തിന് ദൈവത്തിന് ബഹുമാനമോ മഹത്വമോ കൈവരുത്താൻ കഴിയുമെന്നോർക്കുന്നതും സഹായകമാണ്. അങ്ങനെയുള്ള പെരുമാററം അവന്റെ ജനത്തിലേക്കും അവരുടെ രാജ്യപ്രസംഗവേലയിലേക്കും ശ്രദ്ധയാകർഷിക്കുന്നു. ഇതു മിക്കപ്പോഴും യഹോവയുടെ സ്തുതിപാഠകരുടെ എണ്ണത്തിൽ വലിയ വർദ്ധനവും കൈവരുത്തുന്നു.—പ്രവൃത്തികൾ 8:4-8; 11:19-21 താരതമ്യപ്പെടുത്തുക.
22. നിർമ്മലത സംബന്ധിച്ച്, നമ്മുടെ തീരുമാനം എന്തായിരിക്കണം?
22 അങ്ങനെ, ദൈവസഹായത്താൽ, നമ്മുടെ നിർമ്മലതയെ തകർക്കാനുള്ള സാത്താന്റെ പദ്ധതികൾക്ക് നമുക്കു വശംവദരാകാതിരിക്കാം. വിശ്വാസത്തോടെ പ്രവർത്തിച്ചുകൊണ്ട്, നമുക്ക് യഹോവയിൽ ആശ്രയിക്കുന്നതിൽ തുടരാം. തന്റെ ദാസൻമാരെന്ന നിലയിൽ അവൻ നമ്മെ അനുഗ്രഹിക്കുകയും പിന്താങ്ങുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന അനേകം വിധങ്ങളെ നമുക്ക് ഒരിക്കലും അവഗണിക്കാതിരിക്കാം. അവന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് അവനോടും അവന്റെ നീതിയുള്ള തത്വങ്ങളോടുമുള്ള ഭക്തി തെളിയിക്കാം. ഇത് വളരെ വ്യക്തിപരമായ ഒരു സംഗതിയാണെന്നും ഓർക്കുക. ഈ സുപ്രധാന നാളുകളിൽ നിങ്ങൾ യഹോവയുടെ സ്ഥാപനത്തോടൊത്തു പ്രവർത്തിക്കുമ്പോൾ ദിവ്യേഷ്ടം ചെയ്യുന്നതിൽ തുടരുക. യഹോവയോടു വിശ്വസ്തനായി നിലനിന്നുകൊണ്ട് അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പദവിയിൽ ഉല്ലസിക്കുക. സകല നിർമ്മലതാപാലകർക്കും അവൻ വീഴ്ചവരുത്താതെ ആശ്വാസം പ്രദാനം ചെയ്യുന്നുവെന്ന് ഒരിക്കലും മറക്കരുത്. (w 86 2/1)
നിങ്ങളുടെ മറുപടി എന്താണ്?
◻ യഹോവയുടെ ദാസൻമാർക്ക് വിശേഷാൽ ആശ്വാസം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ സാത്താൻ ക്രിസ്ത്യാനികൾക്കെതിരായി പീഡനത്തെ ഉപയോഗിക്കുന്നതെന്തുകൊണ്ട്?
◻ നിർമ്മലതാപാലകർക്ക് നമ്മെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?
◻ നമുക്ക് ദൈവവചനത്തിൽനിന്ന് എങ്ങനെ ആശ്വാസം നേടാൻ കഴിയും?
◻ നമുക്ക് 1 പത്രോസ് 5:6, 7-ലും 1 കൊരിന്ത്യർ 10:13-ലും എന്തിന് ഉറപ്പു നൽകിയിരിക്കുന്നു?
[14-ാം പേജിലെ ചിത്രം]
സാത്താൻ യഹോവയുടെ ദാസൻമാരെ വിഴുങ്ങാൻ ശ്രമിക്കുന്നു, എന്നാൽ നാം യാതൊരു പ്രകാരത്തിലും സംരക്ഷണമില്ലാത്തവരല്ല
[16-ാം പേജിലെ ചിത്രം]
യഹോവ നിർമ്മലതാപാലകരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നു. നിങ്ങൾ ക്രമമായി പ്രാർത്ഥിക്കുന്നുവോ?