അപ്പോക്കാലിപ്സ്—അതെന്താണ്?
“അപ്പോക്കാലിപ്സ്!” (വെളിപ്പാട്!) ആ പ്രയോഗം കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് വരുന്നതെന്താണ്? അന്ത്യന്യായവിധിയോ? കൂട്ടകൊലയോ? മൂന്നാം ലോകയുദ്ധമോ? ഈ ലോകത്തിന്റെ അന്ത്യമോ? ഈ മനോചിത്രങ്ങളാണ് മുന്നിൽ തെളിയുന്നതെങ്കിൽ ഇക്കാര്യത്തിൽ നിങ്ങൾ ഒററക്കല്ല. ശാസ്ത്രവും വാർത്താമാദ്ധ്യമവും മനുഷ്യഭാവിയെ ഇരുളടഞ്ഞതായി അവതരിപ്പിക്കുന്നു. അപ്പോൾ, ഏതോ നാശകരമായ സംഭവത്താലുള്ള മമനുഷ്യന്റെ ഉൻമൂലനത്തോട് അപ്പോക്കാലിപ്സിനെ ബന്ധപ്പെടുത്തുന്നതിൽ അത്ഭുതമുണ്ടോ?
“അപ്പോക്കാലിപ്സ് ഇന്ന് കേവലമൊരു ബൈബിൾ ചിത്രീകരണം മാത്രമായിരിക്കുന്നില്ല. പ്രത്യുത അതു വളരെ യഥാർത്ഥമായ ഒരു സാദ്ധ്യതയായിരിക്കുന്നു.” എന്ന് യു. എൻ. സെക്രട്ടറി ജനറൽ ജാവിയർ പെരെസ് ഡി. ക്വെല്ലെർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മുന്നറിയിപ്പു നല്കുകയുണ്ടായി. “വിനാശത്തിനും അതിജീവനത്തിനുമിടയിൽ ഒരു നേർത്ത വക്കിൽ ആക്കപ്പെട്ടിരിക്കുന്ന ഈ അവസ്ഥ മനുഷ്യാനുഭവത്തിൽ ഇന്നേവരെ നമുക്കുണ്ടായിട്ടില്ല.” അദ്ദേഹം എന്തിനെയാണ് പരാമർശിച്ചത്? അത് ഇന്നത്തെ ആയുധപന്തയത്തിന്റെ ഒരു തീവ്രതയിൽ നിന്നും ഉയർന്നു വരുന്ന ന്യൂക്ലീയർ ഏററുമുട്ടലിനേയാണ്. “ലോകത്തെമ്പാടും ഏതാണ്ട് 5,00,000 ശാസ്ത്രജ്ഞൻമാർ കൂടുതൽ ആധുനികമായ ആയുധവിദ്യക്കുവേണ്ടിയുള്ള അന്വേഷണത്തിന് തങ്ങളുടെ അറിവ് വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്” എന്ന് ഐക്യരാഷ്ട്രങ്ങളോടുള്ള തന്റെ മുന്നറിയിപ്പിനെ എടുത്തു കാണിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.
മററുള്ളവരും ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് ബോധവാൻമാരാണ്. ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസർച്ചിലെ ഫിലോസഫി പ്രൊഫസർ ആയ വിരമിച്ച ഹാൻസ് ജോൺസ് പറയുന്നത്, അദ്ദേഹത്തിന്റെ മുഖ്യഭീതി, “സാങ്കേതിക നാഗരികത്വത്തിന്റെ ആകസ്മിക ചലനോർജ്ജം പ്രപഞ്ചത്തിൽനിന്നും ഭീഷണിയുയർത്തുന്ന ഒരു അപ്പോക്കാലിപ്സ്” ആണ് എന്നാണ്. അപ്പോക്കാലിപ്സിനെ അദ്ദേഹം, ഗ്രഹത്തിന്റെ ശോഷണം, മലനീകരണം, ശൂന്യമാക്കൽ, എന്നിവയോടും ആററം ബോംബിനാലുള്ള സത്വര നാശത്തിന്റെ ഭീഷണിയോടും ബന്ധിപ്പിക്കുന്നു.
അതുപോലെ ചരിത്രകാരനായ ഗോളോ മാൻ പ്രസ്താവിച്ചു: “ഇനിയോരു ലോകയുദ്ധം നമുക്കു സാദ്ധ്യമല്ല. യുദ്ധം തെററായ പദമാണ്. നാം മൂന്നാം, ലോകയുദ്ധം എന്നപദം ഉപേക്ഷിച്ച് പകരം അപ്പോക്കാലിപ്സ് അഥവാ മൊത്തത്തിലുള്ള വിനാശം എന്നു പറയുക.”—ഹാൻബർഗ്സ് ഡെ സിററ ഓഗസ്ററ് 30, 1985.
അതെ, താൻ സ്വയനാശത്തിന്റെ വക്കത്താണെന്ന് മനുഷ്യൻ തിരിച്ചറിയുന്നു. എന്നാൽ അപ്പോക്കാലിപ്സിന് അവൻ തുടക്കമിടുമോ? ബൈബിൾ പ്രകാരം ഇല്ല. സർവ്വശക്തനായ യഹോവ മനുഷ്യനല്ല—ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും. (വെളിപ്പാട് 11:17, 18) അതുകൊണ്ട് ബൈബിളിന്റെ വീക്ഷണത്തിൽ നിന്നും അപ്പോക്കാലിപ്സ് എന്താണ് എന്ന് ഗ്രഹിക്കുന്നത് നിങ്ങൾക്കൊരു വ്യത്യസ്തമായ ധാരണ, തികച്ചും നൂതനവും ഉജ്ജ്വലവുമായ ഒന്ന്, നൽകിയേക്കാം.
അത് വാസ്തവത്തിൽ എന്താണ്?
തെസ്സലോനീക്യർക്കുള്ള ഒരു ലേഖനത്തിൽ അപ്പോക്കാലിപ്സ് വർണ്ണിക്കപ്പെട്ടിരിക്കുന്നു. അവിടെ അപ്പോസ്തലനായ പൗലോസ് പ്രസ്താവിക്കുന്നു: “ഉപദ്രവം ഉണ്ടാക്കുന്നവർക്കു ഉപദ്രവം തിരികെ കൊടുക്കുന്നത് ദൈവത്തെ സംബന്ധിച്ച് നീതിയാകുന്നു . . . എന്നാൽ കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതൻമാരുമായി സ്വർഗ്ഗത്തിൽ അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവാർത്ത അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ ഉപദ്രവം സഹിക്കുന്ന നിങ്ങൾക്ക് ആശ്വാസം ലഭിക്കും. അവർ തന്നെ നിത്യനാശത്തിന്റെ ശിക്ഷാവിധിക്കിരയാക്കും.”—2 തെസ്സലോനീക്യർ 1:6-10.
ആയതിനാൽ അപ്പോക്കാലിപ്സ് എന്നത് ഒരു “മഹോപദ്രവ” കാലത്തെ യേശുവിന്റെ വെളിപ്പാട് ആണ്. (മത്തായി 24:21) ഡബ്ലിയു. ഇ. വൈനിന്റെ പുതിയ നിയമപങ്ങളുടെ ഒരു വ്യാഖ്യാന നിഘണ്ടു അനുസരിച്ച് അ-പ്പോ-ക്കാലി-പ്സ് “ദൈവത്തിന്റെ ന്യായവിധിനിർവ്വഹണത്തിന് വരുന്ന കർത്താവായ യേശുക്രിസ്തു”വിനേയാണ് സൂചിപ്പിക്കുന്നത്. മററിടങ്ങളിൽ, ബൈബിൾ ഈ വെളിപ്പാടിനെ അല്ലെങ്കിൽ അപ്പോക്കാലിപ്സിനെ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തോട് ബന്ധിപ്പിക്കുന്നു.—വെളിപ്പാട് 16:14; 19:11-21.
അപ്പോക്കാലിപ്സിനെക്കുറിച്ച്, ബൈബിൾ “ഉപദ്രവം” എന്നും “പ്രതികാരം” എന്നും “ശിക്ത” എന്നും സംസാരിക്കുന്നുവെന്നത് ശരിതന്നെ. എന്നിരുന്നാലും ഉപദ്രവം സഹിച്ചിട്ടുള്ള നിഷ്ക്കളങ്കർക്കായുള്ള ആശ്വാസത്തേക്കുറിച്ചും അത് പ്രസ്താവിക്കുന്നു. “അല്പകാലം കൂടി കഴിഞ്ഞാൽ, പിന്നെ ദുഷ്ടൻ ഉണ്ടായിരിക്കുകയില്ല” എന്ന് ദൈവവചനം വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനം 37:10) അതുകൊണ്ട് അപ്പോക്കാലിപ്സ് സകല ദുഷ്ട സ്വാധീനങ്ങളിൽ നിന്നും മനുഷ്യവർഗ്ഗത്തെ സ്വതന്ത്രരാക്കും. അത് പരമാർത്ഥ ഹൃദയരായ ആളുകൾക്കുള്ള ഒരു വഴിത്തിരിവായിരിക്കും—അവർക്ക് ഭയപ്പെടേണ്ട ഒരു സംഭവം ആയിരിക്കുകയില്ല.
അപ്രകാരം, സകലത്തിന്റെയും പൂർണ്ണമായ നാശം അല്ലെങ്കിൽ ഉൻമൂലനം എന്നതിനു പകരം അപ്പോക്കാലിപ്സ്, മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങളുടെ നീതിപൂർണ്ണമായ പരിഹാരമായിരിക്കും. ഒരു പുതിയ യുഗത്തിൽ—നീതിയുടെയും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും ഒരു യുഗത്തിൽ—ജീവിക്കുക എന്ന ആശയം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആകർഷകമല്ലേ?
എന്നാൽ, ബൈബിളിലെ അപ്പോക്കാലിപ്സിനോട് നാം സമീപിച്ചുകൊണ്ടിരിക്കുകയാണോ? അങ്ങനെ ആണെങ്കിൽ അതിന്റെ കൃത്യസമയമറിയാൻ എന്തെങ്കിലും മാർഗ്ഗം നമുക്കുണ്ടോ? (w86 2/15)