സത്യം വഴുതിപ്പോകാൻ നിങ്ങൾ ഇടയാക്കുന്നുവോ?
ആമസോൺ വനാന്തരങ്ങളിൽ തങ്ങളുടെ വിമാനം നിർബ്ബന്ധിതമായി ഇറക്കേണ്ടിവന്നതിന്റെ കെടുതിയെ അതിജീവിച്ച യാത്രക്കാരിൽ മിക്കവർക്കും തങ്ങൾ ഇറങ്ങിയ ഇടത്തെ ഭൂപ്പരപ്പിനു കാര്യമായ ശ്രദ്ധ നൽകാൻ ഉടനെ ചായ്വുണ്ടായിരിക്കയില്ല. പക്ഷെ പ്രശാന്തത കൈവെടിയാതിരുന്ന നിതാന്ത നിരീക്ഷണ പടുവായ ഒരു മമനുഷ്യന്റെ സംഗതി അങ്ങനെയായിരുന്നില്ല! അദ്ദേഹം ഒരു ഭൂമിശാസ്ത്ര വിദഗ്ദ്ധനായിരുന്നു. ഹെലികോപ്ററർ ഇറങ്ങിയ ആ ഒരു തുണ്ട് ഭൂമി എത്ര അസാധാരണമാം വിധം തരിശായിരുന്നുവെന്ന് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം അവസരം കൈവിട്ടു കളയുന്നതിന് പകരം ആ തരിശു നിലത്ത് കുറെക്കൂടി അടുത്ത നിരീക്ഷണം നടത്തി. മററുള്ളവർക്ക് കേവലം ഒരു തുണ്ട് നിലം മാത്രമായി തോന്നിയത് വാസ്തവത്തിൽ ലോകധാതുസമ്പത്തിന്റെ ഏററവും വലിയ വാഗ്ദാനമായിരുന്ന ഖനികളിൽ ഒന്നായിരുന്നു എന്ന് ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു നാളിൽ “ദ ന്യു എൽഡൊറാഡോ” എന്ന് കീർത്തിക്കപ്പെടാനിരുന്ന ബോക്സൈററിന്റെയും മാംഗനിസ്സിന്റെയും ചെമ്പിന്റെയും സ്വർണ്ണത്തിന്റെയും ബൃഹത്തായ കലവറയായിരുന്നു അത്.
അവസരങ്ങൾ വഴുതിപ്പോകാനിടയാകാതെ അവയെ പ്രയോജനപ്പെടുത്തുന്ന വ്യക്തികൾ വിരളമാണ്. നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിലെ റോമൻ ഗവർണ്ണർ ആയിരുന്ന പൊന്തിയോസ് പീലാത്തോസിന്റെ ഉദാഹരണം പരിഗണിക്കുക. അവന്റെ മുമ്പാകെ അത്യപൂർവ്വമായ ഒരവസരം വന്നുചേർന്നു. ഭൂമിയിൽ ജീവിച്ചിരുന്നതിൽ വച്ച് സത്യത്തിന്റെ ഏററവും വലിയ ഉപദേഷ്ടാവിനെ യഹൂദനേതാക്കൻമാർ അവന്റെ കൈയിൽ ഏൽപ്പിച്ചു. പീലാത്തോസിന് ആരാഞ്ഞറിയാനാകുമായിരുന്ന ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക! അവന് ഗ്രഹിക്കാനാകുമായിരുന്ന സമൃദ്ധമായ സത്യങ്ങളെക്കുറിച്ച് ചിന്തിക്കുക! താൻ “യഹൂദൻമാരുടെ രാജാവ്” ആണ് എന്ന് അവകാശവാദം ചെയ്തുവെന്നാരോപിച്ചുകൊണ്ട് യേശുവിനെ ആദ്യമായി പീലാത്തോസിന്റെ മുമ്പിൽ കൊണ്ടുചെന്നപ്പോൾ അവന് ഒട്ടൊരു ജിജ്ഞാസ തോന്നാതിരുന്നില്ല.
“നീ യഹൂദൻമാരുടെ രാജാവാകുന്നുവോ?” എന്ന് പീലാത്തോസ് ചോദിച്ചു.
മറുപടി നൽകികൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല . . . ഞാൻ സത്യത്തിന് സാക്ഷി നിൽക്കേണ്ടതാണ്, ഇതിനായി ഞാൻ ജനിച്ചിരിക്കുന്നു, ഇതിനായി ഞാൻ ലോകത്തിൽ വന്നുമിരിക്കുന്നു. സത്യത്തിൻ പക്ഷത്തുള്ള ഏവനും എന്റെ സ്വരം കേൾക്കുന്നു.” ഇവിടെയായിരുന്നു പീലാത്തോസിന്റെ സുവർണ്ണ അവസരം. ദൈവവാഗ്ദത്തങ്ങളുടെ സത്യതക്ക് സ്വജീവിതത്തിലൂടെ ജീവിക്കുന്ന തെളിവ് നൽകിയവനും മറേറതൊരു മനുഷ്യനും സാധിക്കാത്തവിധം അദ്ദേഹത്തെ പ്രബുദ്ധനാക്കാൻ സന്നദ്ധതയും കഴിവും ഉള്ളവനുമായ ഒരു മനുഷ്യൻ ആയിരുന്നു അവന്റെ മുമ്പിൽ നിന്നത്. പീലാത്തോസിന്റെ മറുപടി പക്ഷെ എന്തായിരുന്നു? “സത്യം എന്നാൽ എന്ത്?” എന്നൊണ് ചോദിച്ചിട്ട് പെട്ടെന്ന് അവൻ “യഹൂദൻമാരുടെ അടുത്തേക്ക് വീണ്ടും ഇറങ്ങിച്ചെന്നു.”—യോഹന്നാൻ 18:33-38.
അതെ, സത്യം വഴുതിപ്പോകാൻ പീലാത്തോസ് അനുവദിച്ചു. ഇന്നും അനേകർ ഇതേ അബദ്ധം ആവർത്തിക്കുന്നു. നിങ്ങൾ വായിക്കുന്ന വീക്ഷാഗോപുരം എന്ന ഈ പത്രിക സത്യം സംബന്ധിച്ച് ആളുകളെ പ്രബുദ്ധരാക്കുന്നതിനുവേണ്ടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനേകർ പക്ഷെ അത് വായിക്കാൻപോലും വിസമ്മതിക്കുന്നു. മററുള്ള പലരും അതു വായിക്കുകയും അതിന്റെ ലേഖനങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരിക്കാമെങ്കിലും അതിനപ്പുറമായി ഒന്നും ചെയ്യുന്നില്ലതാനും. അവർ പീലാത്തോസിനെപ്പോലെ സത്യം വഴിതിപ്പോകുവാൻ ഇടയാക്കുന്നവരായിരിക്കുമോ? (w86 3/1)