നിങ്ങൾ താക്കോൽ കണ്ടെത്തിയോ?
സ്നേഹം ക്രിസ്ത്യാനികൾക്ക് ഇത്ര പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? കാരണം അത്തരത്തിലുള്ള ഒരു ദൈവത്തെയാണ് അവർ ആരാധിക്കുന്നത്. അപ്പോസ്തലനായ യോഹന്നാൻ അവനെ പിൻവരുന്ന വാക്കുകളിൽ വർണ്ണിക്കുന്നു: “ദൈവം സ്നേഹമാകുന്നു.” (1 യോഹന്നാൻ 4:8) തങ്ങളുടെ കുട്ടികൾ തങ്ങളുടെ കാലടികളെ പിൻതുടരണമെന്ന് പല മാതാപിതാക്കളും കരുതുന്നതുപോലെ ക്രിസ്ത്യാനികൾ തന്നെപ്പോലെ ആയിരിക്കണം എന്ന് യഹോവയാം ദൈവം കരുതുന്നു. അപ്രകാരം, അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പ്രചോദിപ്പിച്ചു: “പ്രിയമക്കളെന്നനിലയിൽ ദൈവത്തിന്റെ അനുകാരികളായിത്തീരുകയും സ്നേഹത്തിൽ നടന്നുകൊണ്ടിരിക്കുകയും ചെയ്യുക.”—എഫേസ്യർ 5:1, 2.
സ്നേഹം മററു ക്രിസ്തീയ ഗുണങ്ങളെ സമനിലയിൽ കൊണ്ടുവരുകകൂടി ചെയ്യുന്നു. യേശുവിന്റെ നാളുകളിൽ യഹൂദൻമാർ—വിശേഷിച്ച് അവരുടെ നേതാക്കൾ—ബൈബിളിന്റെ സൂക്ഷ്മ പഠിതാക്കൾ ആയിരുന്നു. പക്ഷേ യേശു അവരോട് എന്തു പറഞ്ഞുവെന്ന് കാണുക: “നിങ്ങൾ തിരുവെഴുത്തുകളിൽ അന്വേഷിക്കുന്നു, കാരണം അവയാൽ നിങ്ങൾക്ക് നിത്യജീവൻ ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നു; . . . പക്ഷെ നിങ്ങളിൽ ദൈവസ്നേഹമില്ലെന്ന് ഞാൻ നന്നായറിയുന്നു.” (യോഹന്നാൻ 5:39, 42; ലൂക്കോസ് 11:42) അവർക്ക് അറിവിനോടൊപ്പം സ്നേഹവും കൂടിയുണ്ടായിരുന്നെങ്കിൽ യേശുവിനെ മശിഹാ ആയി അവർ തിരിച്ചറിയുമായിരുന്നു. സംഭവിച്ചതുപോലെ, അവരിൽ മിക്കവർക്കും ക്രിസ്തീയസഭയുടെ ആദ്യ അംഗങ്ങൾ ആയിത്തീരുന്നതിനുള്ള അവസരം നഷ്ടമായി.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്ക് (നവലോകം) തങ്ങളുടെ മതം കൊണ്ടെത്തിച്ച സ്പെയിൻകാരായ റോമൻ കത്തോലിക്കാ ജേതാക്കളെക്കുറിച്ചും ഓർത്തുനോക്കൂ. തങ്ങൾ ചെയ്തകാര്യം നിവർത്തിക്കാൻ അവർക്ക് ശക്തമായ വിശ്വാസവും അത്യുത്സാഹവും ഉണ്ടായിരുന്നിരിക്കാം. പക്ഷെ അത് സ്നേഹം കൊണ്ട് പരുവപ്പെടുത്തിയിരുന്നില്ല, നിശ്ചയം. അല്ലായിരുന്നെങ്കിൽ അവർ അമേരിക്കൻ വൻകരകളിലെ തദ്ദേശ നിവാസികളെ കവർച്ച, ദണ്ഡനം, ബലാൽസംഗം, കൊല എന്നിവക്ക് ഇരകളാക്കുകയില്ലായിരുന്നു.
അതുകൊണ്ട് താക്കോലായി ഉതകുന്ന കാതലായ ക്രിസ്തീയ ഗുണം സ്നേഹമാണ്. സ്നേഹത്തിന്റെ ലക്ഷ്യം എന്തായിരിക്കണം? ഈ സ്നേഹം ആരോടാണ് പ്രകടിപ്പിക്കേണ്ടത്? യേശു നമ്മോട് പറയുന്നു: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണദേഹിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണം. ഇതത്രെ ഏററവും പ്രധാനപ്പെട്ടതും ഒന്നാമത്തെതും ആയ കല്പന. രണ്ടാമത്തേതും, അതുപോലെ, ഇതാണ്, ‘നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം.’”—മത്തായി 22:37-39.
വാസ്തവത്തിൽ ഒരു ക്രിസ്ത്യാനിയുടെ സ്നേഹം ഇതിനുമപ്പുറം ചെല്ലുന്നു. യേശു ഇങ്ങനെയും പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ പീഡിപ്പിക്കുന്നവർക്കായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പുത്രൻമാരാണ് നിങ്ങൾ എന്ന് തെളിയിക്കുന്നതിന് തന്നെ. കാരണം അവൻ തന്റെ സൂര്യൻ ദുഷ്ടജനങ്ങളുടെ മേലും നീതികെട്ടവരുടെ മേലും ഉദിക്കാനിടയാക്കുന്നു.” (മത്തായി 5:44, 45) മററുവാക്കുകളിൽ ഒരു ക്രിസ്ത്യാനിയുടെ സ്നേഹം എല്ലാവരെയും ആശ്ലേഷിക്കുന്നു! പക്ഷേ ഇതിന് എന്ത് പ്രായോഗിക അർത്ഥം ആണുള്ളത്?
നാം ദൈവത്തെ വാസ്തവമായി സ്നേഹിക്കുന്നെങ്കിൽ
ദൈവത്തെ സ്നേഹിക്കാൻ നാം വാസ്തവമായി ആഗ്രഹിക്കുന്നെങ്കിൽ നാം അവനെ ഏറെ നന്നായി അറിയേണ്ടതുണ്ട്. ബൈബിൾ പ്രദാനം ചെയ്തുകൊണ്ട് അവൻതന്നെ ഇത് സാദ്ധ്യമാക്കിയിരിക്കുന്നു. അത് ഫലത്തിൽ അവനിൽനിന്നുള്ള കത്താണുതാനും. നമ്മുടെ പ്രിയപ്പെട്ട ആരിൽ നിന്നെങ്കിലും നമുക്ക് ഒരു കത്ത് കിട്ടിയാൽ നാം എത്ര തിരക്കുള്ളവരായിരുന്നാലും ഉടനെ അത് വായിക്കും. ബൈബിൾ വായിക്കുന്നതിൽ ഇതിൽനിന്ന് എന്ത് വ്യത്യാസമാണുള്ളത്? ഒന്നും തന്നെയില്ല. ഇന്ന് പലരുടെയും ജീവിതം ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നതും മിക്കവരും ശ്രദ്ധാപൂർവ്വകമായ വായനക്കുപകരം ടെലിവിഷൻ നിരീക്ഷിക്കാനാണ് പ്രിയപ്പെടുന്നത് എന്നുള്ളതും സത്യംതന്നെ. പക്ഷെ ബൈബിൾ വായനയിൽ നിന്നും തങ്ങളെ തടയാൻ യഥാർത്ഥക്രിസ്ത്യാനികൾ അവയെ അനുവദിക്കുകയില്ല. അവർ പിൻവരുന്ന വാക്കുകളെഴുതിയ സങ്കീർത്തനക്കാരനെപ്പോലെ ആയിത്തീരുന്നു: “എന്റെ ദേഹി നിന്റെ ഓർമ്മപ്പെടുത്തലുകൾ കാത്തിരിക്കുന്നു. [അവ ഇന്ന് ബൈബിളിൽ കാണപ്പെടുന്നു], ഞാൻ അവയെ അത്യധികമായി പ്രിയപ്പെടുകയും ചെയ്യുന്നു.”—സങ്കീർത്തനങ്ങൾ 119:167.
ബൈബിളിൽ താൻ പ്രവർത്തിക്കാനാഗ്രഹിക്കുന്ന വിധം സംബന്ധിച്ച് ദൈവം നമ്മോട് പറയുന്നു. തങ്ങളുടെ കുട്ടികളുടെ നടപ്പിന് മാതാപിതാക്കൾ പ്രമാണങ്ങൾ വയ്ക്കുന്നതുപോലെ നാം പ്രമാണിക്കണമെന്ന് യഹോവയാഗ്രഹിക്കുന്ന ചില നിലവാരങ്ങൾ അവനും വച്ചിട്ടുണ്ട്—നീക്കുപോക്കില്ലാത്ത പ്രമാണങ്ങൾ തന്നെ. ഉദാഹരണത്തിന് ബൈബിൾ നമ്മോടിങ്ങനെ പറയുന്നു: “പരസംഗികൾ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, പ്രകൃതിവിരുദ്ധോദ്ദേശ്യങ്ങൾക്കായി കാക്കപ്പെട്ടിരിക്കുന്ന പുരുഷൻമാർ കള്ളൻമാർ, അത്യാഗ്രഹികൾ, ദൂഷകൻമാർ, കവർച്ചക്കാർ, എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) ഒരു നീണ്ട പട്ടിക തന്നെ! പക്ഷേ ദൈവത്തെ യഥാർത്ഥമായി സ്നേഹിക്കുന്ന ഏതൊരുവനും അത് കുറിക്കൊള്ളുന്നതിന് സന്തോഷമുണ്ടായിരിക്കും. എന്തുകൊണ്ട്? കാരണം, യോഹന്നാൻ അപ്പോസ്തലൻ ചൂണ്ടിക്കാട്ടിയത് പോലെ: “ദൈവത്തോടുള്ള സ്നേഹത്തിന്റെ അർത്ഥം ഇതാണ്, നാം അവന്റെ കൽപ്പനകൾ പ്രമാണിക്കുന്നത് തന്നെ.”—1 യോഹന്നാൻ 5:3.
ഖേദകരമായ സംഗതി ബൈബിളിൽ കുററംവിധിക്കപ്പെട്ടിരിക്കുന്ന ആചാരങ്ങളിൽ പലതും ഇന്ന് “ക്രൈസ്തവ” ജനങ്ങളുടെ ഇടയിൽ പോലും അംഗീകാരയോഗ്യമായിത്തീർന്നുകൊണ്ടിരിക്കുന്നു എന്നതാണ്. സ്വവർഗ്ഗരതിക്കാരെക്കൂടി വൈദീകശുശ്രൂഷകരായി നിയോഗിക്കുന്ന കാര്യം പരിഗണിക്കുന്നതിന് ശുപാർശ ചെയ്തുകൊണ്ട് പ്രൊട്ടസ്ററൻറ് വിഭാഗം പുറത്തിറക്കിയ ഒരു റിപ്പോർട്ട് വിവാഹം കൂടാതെയുള്ള ലൈംഗീകത ചില പ്രത്യേക സാഹചര്യങ്ങളിൽ അംഗീകാരയോഗ്യമാണെന്ന് ഉറപ്പായി പ്രസ്താവിക്കുകയും വൈവാഹിക വിശ്വസ്തത വ്യഭിചാരത്തെ തടയുന്നില്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ആ റിപ്പോർട്ടിന്റെ ഉപജ്ഞാതാക്കൾക്ക് തങ്ങൾ വിശാല ഹൃദയരും കരുതലുള്ളവരുമാണെന്ന് പുറമെ ധാരണയുണ്ടാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ ദൈവത്തോടോ അത്തരം അധാർമ്മീക നടപടികളിൽ അവർ ആരെ പ്രോത്സാഹിപ്പിക്കുന്നുവോ അവരോടോ അവർ സ്നേഹം കാണിക്കുകയായിരുന്നുവോ? ഒരിക്കലും അല്ല. കാരണം അത്തരം കാര്യങ്ങൾ ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് പൗലോസ് പറഞ്ഞു. ദൈവത്തിന്റെ പ്രമാണങ്ങളോട് ഭയലേശമെന്യെ പററിനിൽക്കുന്നതും, വിനാശത്തിലേക്ക് നയിക്കുന്ന ഒരു എളുപ്പമാർഗ്ഗം പിന്തുടരാൻ വികാരത്തിനടിപ്പെട്ട് മററുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അങ്ങനെ ചെയ്യാൻ ദുർബലരെ സഹായിക്കുന്നതും എത്ര സ്നേഹപൂർവ്വകമായിരിക്കും!”
മററള്ളവരുമായി പങ്കുവയ്ക്കാൻ പ്രേരിതരായി
നാം ബൈബിൾ വായിക്കുമ്പോൾ മനുഷ്യവർഗ്ഗത്തിനുവേണ്ടി ദൈവം ഉദ്ദേശിച്ചിരിക്കുന്ന അത്ഭുതകാര്യങ്ങളെ സംബന്ധിച്ചുകൂടെ നാം ഗ്രഹിക്കാനിടയാകുന്നു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) ഇതേ യേശുവിന്റെ കീഴിലുള്ള തന്റെ രാജ്യത്തിലൂടെ ഭൂമിയിൽ നിന്ന് ദുഷ്ടത തുടച്ചുനീക്കി ഒരു സമാധാന സമ്പൂർണ്ണമായ പറുദീസാ വ്യവസ്ഥിതി പകരം കൊണ്ടുവരാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നാം ഗ്രഹിച്ചിരിക്കുന്നു. (മത്തായി 6:9, 10; വെളിപ്പാട് 21:3, 4) ബൈബിൾ വാഗ്ദാനം ചെയ്യുന്നപ്രകാരം: “കുറച്ചുകാലം കൂടി കഴിഞ്ഞാൽ ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കുകയില്ല . . . എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും, സമാധാന സമൃദ്ധിയിൽ അവർ പരമാനന്ദം കണ്ടെത്തും.”—സങ്കീർത്തനം 37:10, 11.
വാസ്തവത്തിൽ മാനവരാശിക്ക് ആവശ്യമായിരിക്കുന്നതെന്തോ കൃത്യമായി അതുതന്നെയാണ് ബൈബിളിന്റെ സന്ദേശവും. ക്രൈസ്തവലോകത്തിലെ മിഷനറിമാർ ദരിദ്രനാടുകളിൽ തങ്ങൾ കാണുന്ന പട്ടിണിയും അനീതിയും നിമിത്തം ശ്രദ്ധ പതറിക്കപ്പെട്ടിട്ട് അവർ രാഷ്ട്രീയത്തിലിറങ്ങുകയും വിപ്ലവത്തിലേർപ്പെടുകപോലും ചെയ്യുന്നു എന്ന് കാണുന്നത് പരിതാപകരമായിരിക്കുന്നത് അതുകൊണ്ടാണ്. വിപ്ലവം ആ രാജ്യങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയില്ല. ആ മിഷനറിമാർ വാസ്തവത്തിൽ ദൈവത്തെ സ്നേഹിക്കുന്നവരാണോ? അങ്ങനെയെങ്കിൽ, അവർ അവന്റെ വാഗ്ദത്തങ്ങളിൽ വിശ്വാസമർപ്പിക്കുകയും അവന്റെ രാജ്യത്തിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുകയില്ലേ? ആട്ടിൻപററത്തെ വാസ്തവമായി സ്നേഹിക്കുന്ന ഇടയൻമാർ, നിഷ്ഫലതയിൽ മാത്രം കലാശിക്കുന്ന രാഷ്ട്രീയ പദ്ധതികളിൽ അവരെ ഉൾപ്പെടുത്തുന്നതിന് പകരം ദൈവത്തിന്റെ നിയമങ്ങളോടുള്ള അനുസരണത്തിന് ഇപ്പോൾ പോലും അവരെ എങ്ങനെ സഹായിക്കാൻ കഴിയും എന്നു തീർച്ചയായും കാണിച്ചു കൊടുക്കും.
ജീവനുള്ള യാതൊരു വ്യക്തിക്ക് പോലും തന്നിൽ തന്നെ അടക്കിവയ്ക്കാൻ കഴിയാതവണ്ണം ബൈബിളിന്റെ ദൂത് അത്ര ആശ്ചര്യാവഹമാണ്. അതുകൊണ്ടാണ് തങ്ങളറിയുന്നത് മററുള്ളവരുമായി പങ്കുവയ്ക്കാൻ സ്നേഹം യഥാർത്ഥ ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുന്നത്. ക്രൈസ്തവലോകത്തിൽ ബൈബിളിനെക്കുറിച്ച് മററുള്ളവരോട് സംസാരിക്കുന്ന ജോലി ഒരു തൊഴിലെന്നവണ്ണം അത് ചെയ്യുന്ന, വേതനം പററുന്ന ഒരു ചെറിയ വർഗ്ഗത്തെയാണ്—വൈദീകരെയാണ്—ഏൽപ്പിച്ചിരിക്കുന്നത്. ഇതിന് മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യാനിത്വം ഇന്ന് എന്ന മാസികയിൽ ഒരു ലൂഥറൻ പാസ്ററർ ഏററുപറഞ്ഞതുപോലെ: “തങ്ങൾ ചെയ്യുന്ന അതേ വേല ചെയ്യാൻ വിശ്വാസികളുടെ ഒരു സംഘത്തെ പരിശീലിപ്പിക്കാൻ ആത്മീയ നായകൻമാർ പരാജയപ്പെട്ടിരിക്കുന്നതുകൊണ്ട് സഭയിന്ന് ബലഹീനമാണ്! അല്ലെങ്കിൽ ആ ശുശ്രൂഷ തിരിച്ചറിയാനും സ്വീകരിക്കാനും വിശ്വാസികൾ പരാജയപ്പെട്ടതാവും കാരണം.”
യഥാർത്ഥ ക്രിസ്ത്യാനികൾ “അത്തരമൊരു ശുശ്രൂഷ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.” അവർ അപ്പോസ്തലനായ പൗലോസിന്റെ പിൻവരുന്ന വാക്കുകൾ ഗൗരവമായെടുക്കുന്നു: “വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാകയാൽ, നമ്മുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം നമുക്ക് മുറുകെ പിടിക്കാം.” (എബ്രായർ 10:23) അവരുടെ ആന്തരമോ? പൗലോസ് അപ്പോസ്തലനാൽ പിൻവരുന്ന വാക്കുകളിലൂടെ ഊഷ്മളമായി പ്രശംസിക്കപ്പെട്ട ഒന്നാം നൂററാണ്ടിലെ ഒരു സംഘം ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന അതേ ആന്തരം തന്നെ: “അവർ ക്രിസ്തുവിനെ സ്നേഹത്തിൽ നിന്ന് പരസ്യപ്പെടുത്തുന്നു.”—ഫിലിപ്യർ 1:16.
സഹക്രിസ്ത്യാനികളോടുള്ള സ്നേഹം
അതെ യഥാർത്ഥ ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നതുകൊണ്ട് സ്നേഹമാണ് യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ താക്കോൽ. അവർ ആ വിധത്തിൽ തങ്ങൾക്ക് ചുററുമുള്ള ആളുകളിൽ നിന്ന് വ്യത്യസ്ഥരായിരിക്കുന്നു. എന്തുകൊണ്ട്? ഈ ലോകത്തെക്കുറിച്ച് യോഹന്നാൻ അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞു: “മുഴുലോകവും ദുഷ്ടനായവന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ദുഷ്ടനായവൻ പിശാചായ സാത്താനാണ്, ലോകം അതിന്റെ പ്രവൃത്തനങ്ങളിലൂടെ അവന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. വ്യാപകമായ സത്യസന്ധതയില്ലായ്മ, അധാർമ്മീകത, അനീതി, വംശസംഘർഷം, സാമ്പത്തിക അനീതി തുടങ്ങി ഇന്നു നിലവിലുള്ള കാര്യങ്ങളിൽ അവന്റെ സ്വാധീനം കാണപ്പെടുന്നു. സ്നേഹിക്കുന്ന ഒരു ദൈവത്തെ ആരാധിച്ചുകൊണ്ട് സ്നേഹഗുണം വളർത്തിയെടുത്തുകൊണ്ട് അവനെ പകർത്തുന്ന ഒരു ക്രിസ്ത്യാനി വ്യത്യസ്ഥനായിരുന്നേപററു!
ഇത് ഒററക്ക് ചെയ്യുക എളുപ്പമല്ല. അതുകൊണ്ട് സ്നേഹം എന്ന ഗുണത്തോട് ഇതുപോലെ വിലമതിപ്പുള്ള മററുള്ളവരെ അന്വേഷിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുകകൂടി ചെയ്യുന്നു. അങ്ങനെ ക്രിസ്ത്യാനികൾക്ക് പരസ്പരം സഹായിക്കാൻ കഴിയും. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ് ഈ പ്രോത്സാഹജനകമായ വാക്കുകളെഴുതിയത്: “നമ്മുടെ ഒന്നിച്ചുള്ള കൂടിവരവിനെ ഉപേക്ഷിക്കാതെ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്തേജനം ലഭിക്കുമാറ് നമുക്ക് പരസ്പരം പരിഗണന കാണിക്കാം, . . . അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ട് തന്നെ.”—എബ്രായർ 10:23-25.
ആ പ്രോത്സാഹനത്തോട് പ്രതികരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തങ്ങളുടെ ജീവിതത്തിൽ ദൈവീകസ്നേഹം പ്രകടിപ്പിക്കാൻ കഠിനാദ്ധാനം ചെയ്യുന്ന ഒരു കൂട്ടം ആളുകളെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവർ ആയിരിക്കും. നിങ്ങളുടെ പ്രദേശത്ത് അങ്ങനെയൊരു കൂട്ടം ഉണ്ടായിരിക്കുമെന്നുള്ളതിന് സംശയമില്ല, അവരുടെമേൽ ദൈവാത്മാവ് ഉണ്ടുതാനും, കാരണം, ആത്യന്തികമായ വിശകലനത്തിൽ അതാണ് യഥാർത്ഥ ക്രിസ്തീയ സ്നേഹത്തിന്റെ ഉറവ്. “ആത്മാവിന്റെ ഫലമോ സ്നേഹം തന്നെ.” (ഗലാത്യർ 5:22) അവരോടൊത്ത് സഹവസിക്കുന്നത് പത്രോസ് അപ്പോസ്തലന്റെ പ്രോത്സാഹനത്തിന് ചെവികൊടുക്കാൻ നിങ്ങളെ സഹായിക്കും: “സഹോദരൻമാരുടെ മുഴു സംഘത്തോടും സ്നേഹം ഉണ്ടായിരിക്കുക.”—1 പത്രോസ് 2:17.
സ്നേഹം വളർത്തിയെടുക്കുക
ദൈവത്തെ സേവിക്കാൻ കഠിനാദ്ധ്വാനം ചെയ്തശേഷം യേശുവിന്റെ ഈ വിധിനിർണ്ണായകമായ വാക്കുകൾ കേൾക്കേണ്ടിവരുന്ന കൂട്ടത്തിലായിരിക്കുന്നത് എത്ര പരിതാപകരമാണ്: “ഞാൻ നിങ്ങളെ ഒരു നാളും അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരെ, എന്നെവിട്ട് പോകുവിൻ.” (മത്തായി 7:23) യഥാർത്ഥ ക്രിസ്ത്യാനിത്വത്തിലേക്കുള്ള താക്കോലായ സ്നേഹം നാം വളർത്തിയെടുത്താൽ അത് നമുക്ക് സംഭവിക്കുകയില്ല. ബൈബിൾ വായിക്കുന്നതിനും അതിന്റെ പ്രമാണങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിനും മററു ക്രിസ്ത്യാനികളോടൊത്ത് സഹവസിക്കുന്നതിനും ബൈബിളിലടങ്ങിയിരിക്കുന്ന നല്ല കാര്യങ്ങൾ മററുള്ളവരോട് പറയുന്നതിനും സ്നേഹം നമ്മെ പ്രചോദിപ്പിക്കും. അതെ, നാം ചെയ്യുന്നതിനായി ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ നിർവ്വഹിക്കാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കും. കൂടാതെ, യേശു പറഞ്ഞതുപോലെ, “സ്വർഗ്ഗസ്ഥനായ [തന്റെ] പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രെ” ദൈവത്തിന്റെ വാഗ്ദത്തങ്ങൾ അവകാശമാക്കുന്നത്. അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ദൈവേഷ്ടം ചെയ്യുന്നവനോ എന്നെന്നേക്കും നിലനിൽക്കും.”—മത്തായി 7:21; 1 യോഹന്നാൻ 2:17.
അതെ, സ്നേഹം വളർത്തിയെടുക്കുക. അത് ദൈവേഷ്ടം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കട്ടെ. അങ്ങനെ, ഒരു യഥാർത്ഥ ക്രിസ്ത്യാനിയാണെന്ന് നിങ്ങൾ സ്വയം തെളിയിക്കും, കാരണം യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ ഇതിനാൽ നിങ്ങളെന്റെ ശിഷ്യരാണ് എന്നു സകലരും അറിയും. (യോഹന്നാൻ 13:35) തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യപ്രതിഫലങ്ങൾ നിങ്ങൾ ആസ്വദിക്കുകയും ചെയ്യും. (w86 6/1)
[7-ാം പേജിലെ ചിത്രം]
സ്നേഹം വളർത്തിയെടുക്കുക