പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിക്കാൻ ഉറച്ചിരിക്കുന്നു
“ഒരു പൂർണ്ണഹൃദയത്തോടും ആഹ്ലാദകരമായ ദേഹിയോടുംകൂടെ അവനെ സേവിക്കുക; എന്തെന്നാൽ സകല ഹൃദയങ്ങളെയും യഹോവ പരിശോധിക്കുകയാകുന്നു, ചിന്തകളുടെ സകല ചായ്വിനെയും അവൻ വിവേചിക്കുകയാകുന്നു.”—1 ദിനവൃത്താന്തം 28:9.
1. ഒന്നു ദിനവൃത്താന്തം 28:9 ഏതു ചോദ്യങ്ങൾ ഉന്നയിക്കുന്നു?
മേലുദ്ധരിച്ച തിരുവെഴുത്ത് ഹൃദയത്തെ സംബന്ധിച്ചു ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. അത് ശാരീരിക ഹൃദയത്തെയാണു പരാമർശിക്കുന്നതെങ്കിൽ ഒരു വ്യക്തിക്ക് ഒരു പൂർണ്ണഹൃദയത്തിൽ കുറഞ്ഞ ഒന്നുമായി എങ്ങനെ ജീവിക്കാൻ കഴിയും? ദൃഷ്ടാന്തമായി, പകുതി ഹൃദയവുമായി ആർക്കെങ്കിലും ജീവിക്കാൻ കഴിയുമോ? ആധുനികനാളിലെ ഒരു ഹൃദ്രോഗവിദഗ്ദ്ധനെപ്പോലെ യഹോവ ശാരീരിക ഹൃദയത്തിന്റെ വൈകല്യങ്ങൾ പരിശോദിച്ചു കണ്ടുപിടിക്കുന്നുണ്ടോ? ചിന്തകളുടെ ചായ്വുകളെ സംബന്ധിച്ചാണെങ്കിൽ, ചിന്തകൾ നമ്മുടെ ഹൃദയത്തിലാണോ വസിക്കുന്നത്? ചില ബൈബിൾ പരാമർശങ്ങൾ അങ്ങനെ പറയുന്നതായി തോന്നുന്നു; ‘ഹൃദയത്തിന്റെ ചിന്തകളുടെ ചായ്വിനെ’ക്കുറിച്ച് പറയുന്നുണ്ടല്ലോ. (ഉല്പത്തി 6:5; 1 ദിനവൃത്താന്തം 29:18) യഹോവ നമ്മുടെ ചിന്തകളെ വിവേചിക്കാൻ നമ്മുടെ ശാരീരിക ഹൃദയങ്ങളെ പരിശോധിക്കുന്നുണ്ടോ? ‘ഒരു പൂർണ്ണഹൃദയത്തോടെ അവനെ സേവിക്കുക’യെന്നതിനാൽ യഥാർത്ഥത്തിൽ എന്താണർത്ഥമാക്കപ്പെടുന്നത്?
2. പുരാതന ഈജിപ്ററുകാരും ബാബിലോന്യരും ഗ്രീക്ക് തത്വശാസ്ത്രജ്ഞനായ അരിസ്റേറാട്ടിലും ഹൃദയത്തെ സംബന്ധിച്ച് എന്തു വിശ്വാസങ്ങൾ പുലർത്തി?
2 ശാരീരികഹൃദയം ബുദ്ധിശക്തിയുടെയും വികാരങ്ങളുടെയും ഇരിപ്പിടമാണെന്ന് പുരാതന ഈജിപ്ററുകാർ വിശ്വസിച്ചിരുന്നു. അതിന് സ്വന്തം ഇച്ഛയുണ്ടെന്നും അവർ വിശ്വസിച്ചു. ഹൃദയം ബുദ്ധിശക്തിയുടെയും സ്നേഹത്തിന്റെയും വാസസ്ഥലമാണെന്ന് ബാബിലോന്യർ പറഞ്ഞു. അത് ഇന്ദ്രിയങ്ങളുടെ ഇരിപ്പിടമാണെന്നും ദേഹിയുടെ മണ്ഡലമാണെന്നും ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റേറാട്ടിൽ പഠിപ്പിച്ചു. എന്നാൽ കാലം കടന്നുപോകുകയും വിജ്ഞാനം വർദ്ധിക്കുകയും ചെയ്തതോടെ ഈ വീക്ഷണങ്ങൾ ത്യജിക്കപ്പെട്ടു. ഒടുവിൽ ഹൃദയം അതിന്റെ നിജസ്ഥിതിയിൽ അറിയപ്പെട്ടു—ശരീരത്തിലുടനീളം രക്തം സംക്രമിപ്പിക്കുന്നതിനുള്ള ഒരു പമ്പ്.
3. ഏതു വസ്തുതകൾ ഹൃദയത്തെ ഭയാവഹമാക്കിത്തീർക്കുന്നു?
3 ഉവ്വ്, അതു മുഖ്യമായി ഒരു പമ്പാണ്, എന്നാൽ എത്ര ഭയാവഹം! അതു നമ്മുടെ ജീവിതത്തിലെ ഓരോ സെക്കണ്ടിലും ജീവന്റെ ചുവന്ന നീരൊഴുക്കിനെ വിശ്വസ്തതയോടെ പ്രവഹിപ്പിക്കുന്നു! മുഷ്ടിയെക്കാൾ അല്പം കൂടെ വലിപ്പമുള്ളതും ഒരു റാത്തലിൽ കുറഞ്ഞ തൂക്കമുള്ളതുമായ മനുഷ്യഹൃദയം ദിവസം 1,00,000 പ്രാവശ്യം സ്പന്ദിക്കുകയും ശരീരത്തിലെ 6000 മൈൽ ദൈർഘ്യമുള്ള ഹൃദയസംവഹന വ്യവസ്ഥയിലൂടെ ജീവരക്തം പമ്പുചെയ്യുകയും ചെയ്യുന്നു—അനുദിനം 2000 ഗ്യാലൻ; ഒരു ആയുഷ്ക്കാലത്ത് കോടിക്കണക്കിനു ഗ്യാലൻ.a ഹൃദയസ്പന്ദനത്തിന് തുടക്കമിടുന്നത് കോശങ്ങളുടെ ഒരു കേന്ദ്രീകരണത്താലാണ്, അവ അതിന്റെ ഗതിവേഗം നിശ്ചയിക്കുകയും ഹൃദയസ്പന്ദനത്തിന്റെ നിരക്കിനെ ഭരിക്കുന്ന വൈദ്യുത ചോദനകൾ അയക്കുകയും ചെയ്യുന്നു. ശരീരത്തിലെ മറെറാരു മാംസപേശിയും ഹൃദയത്തെക്കാൾ കഠിനമായും ദീർഘമായും സ്ഥിരമായും ദശാബ്ദങ്ങൾ തോറും പ്രവർത്തിക്കുന്നില്ല. വൈകാരിക സമ്മർദ്ദത്തിൻ കീഴിലോ തീവ്രമായ വ്യായാമ സമയത്തോ അതിന് അതിന്റെ നിർഗമം അഞ്ചുമടങ്ങു വർദ്ധിപ്പിക്കാൻ കഴിയും. ഹൃദയത്തെ നെഞ്ചിൽനിന്ന് മാററിയാലും അതു കുറേസമയം തുടർന്ന് സ്പന്ദിച്ചുകൊണ്ടിരിക്കും. ഹൃദയത്തിൽനിന്ന് മുറിച്ചു മാററിയ കോശങ്ങൾപോലും അനുകൂല സാഹചര്യങ്ങളിൽ അങ്ങനെ ചെയ്യുന്നതിൽ തുടരും. തലച്ചോറിനു മാത്രമേ ഹൃദയത്തെക്കാൾ കൂടുതൽ പോഷണവും ഓക്സിജനും ആവശ്യമായിരിക്കുന്നുള്ളു.
4, 5. (എ) തിരുവെഴുത്തുകൾ ഹൃദയത്തിന് ഏതു ഗുണങ്ങൾ ഉള്ളതായി പറയുന്നു? (ബി) തിരുവെഴുത്തുകളനുസരിച്ച്, ഏതു വികാരങ്ങളും പ്രേരണകളും ഹൃദയത്തിൽ വസിക്കുന്നു?
4 ദൈവവചനം ഹൃദയത്തെക്കുറിച്ച് ഏകദേശം ആയിരം പ്രാവശ്യം പറയുന്നുണ്ട്. അവയിൽ ചുരുക്കം ചിലത് അക്ഷരീയ ഹൃദയത്തെയാണ് പരാമർശിക്കുന്നത്. മററു ചിലത് ഒരു വസ്തുവിന്റെ കേന്ദ്രത്തെ അഥവാ മദ്ധ്യത്തെ പരാമർശിക്കുന്നു, “സമുദ്ര ഹൃദയത്തിൽ,” “ഭൂമിയുടെ ഹൃദയത്തിൽ” എന്നിങ്ങനെ. (യെഹെസ്ക്കേൽ 27:25-27; മത്തായി 12:40) എന്നിരുന്നാലും, ആയിരത്തോടടുത്ത പരാമർശനങ്ങളിൽ ഹൃദയം ഒരു ആലങ്കാരിക അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. കിററലിന്റെ തിയളോജിക്കൽ ഡിക്ഷണറി ഓഫ് ദ ന്യൂ റെറസ്ററമെൻറ് “ഹൃദയ”ത്തിന്റെ കീഴിൽ പിൻവരുന്ന ഓരോ തലക്കെട്ടിനും അനേകം തിരുവെഴുത്തുകൾ പട്ടികപ്പെടുത്തുന്നു: “ഹൃദയത്തിൽ വിചാരങ്ങളും വികാരങ്ങളും ആഗ്രഹങ്ങളും ആസക്തികളും വസിക്കുന്നു.” “ഹൃദയം വിവേകത്തിന്റെ ഇരിപ്പിടവും ചിന്തയുടെയും ആലോചനയുടെയും ഉറവുമാകുന്നു.” “ഹൃദയം ഇച്ഛയുടെ ഇരിപ്പിടവും തീരുമാനങ്ങളുടെ ഉറവുമാകുന്നു.” “അങ്ങനെ ഹൃദയമാണ് ദൈവം പരമോന്നതമായി മനുഷ്യനിൽ തിരിഞ്ഞു നോക്കുന്ന ഒരു കേന്ദ്രം, അതിലാണ് മതപരമായ ജീവിതത്തിന്റെ വേരുള്ളത്, അതാണ് ധാർമ്മിക നടത്തയെ നിശ്ചയിക്കുന്നത്.”
5 വികാരങ്ങളും പ്രേരണകളും ഈ ആലങ്കാരിക ഹൃദയത്തിൽ വസിക്കുന്നു. അനേകം തിരുവെഴുത്തുകളനുസരിച്ച് ഹൃദയത്തിന് സന്തുഷ്ടവും മ്ലാനവും ഇരുണ്ടതും തെളിഞ്ഞതും സാഹസികവും ആശ്രയിക്കുന്നതും ദുർബ്ബലവും കഠിനവുമായിരിക്കാൻ കഴിയും. അതിന് കോപത്താൽ ചൂടാകാനും അല്ലെങ്കിൽ ഭയന്ന് ഉരുകാനും കഴിയും. അതിന് അഹങ്കാരവും ധിക്കാരവുമുള്ളതായിരിക്കാൻ കഴിയും; ഉററു സ്നേഹിക്കുന്നതോ ദ്വേഷം നിറഞ്ഞതോ ആയിരിക്കാൻ കഴിയും; ശുദ്ധമോ നിർമ്മലമോ വ്യഭിചാരക്കുററമുള്ളതോ ആയിരിക്കാൻ കഴിയും. അത് തിൻമയിലേക്കു ചാഞ്ഞിരിക്കുന്നതാണ്, എന്നാൽ അതിന് നൻമചെയ്യാൻ നമ്മെ പ്രേരിപ്പിക്കാൻ കഴിയും.
അർദ്ധഹൃദയനോ ഇരുഹൃദയനോ ആകാതിരിക്കുക
6, 7. (എ) സങ്കീർത്തനക്കാരൻ ഏതുതരം ആളുകളെ വെറുത്തു, യിസ്രായേലിലെയും യഹൂദയിലെയും ഏതു പ്രവർത്തനങ്ങൾ ഈ അവസ്ഥയെ ചിത്രീകരിക്കുന്നു? (ബി) യഹോവക്ക് അർദ്ധ ഹൃദയത്തോടെയുള്ള സേവനം അസ്വീകാര്യമാണെന്ന് യേശു എങ്ങനെ ചിത്രീകരിച്ചു?
6 അക്ഷരീയ ഹൃദയം പ്രവർത്തിക്കണമെങ്കിൽ അവികലമായിരിക്കണം, എന്നാൽ ആലങ്കാരിക ഹൃദയത്തിന് വിഭജിതമായിരിക്കാൻ കഴിയും. പ്രസ്പഷ്ടമായി, ദൈവത്തിന്റെ സ്വന്തഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്ന സങ്കീർത്തനക്കാരൻ നിശ്വസ്തതയിൽ “അർദ്ധഹൃദയരെ ഞാൻ വെറുത്തിരിക്കുന്നു” എന്ന് എഴുതി. (സങ്കീർത്തനം 119:113) അങ്ങനെയുള്ളവരിൽപെട്ടവരായിരുന്നു ഏലിയാവ് ഇങ്ങനെ വെല്ലുവിളിച്ച ആ യിസ്രായേല്യർ: “നിങ്ങൾ എത്രത്തോളം രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളിൽ ചാടിച്ചാടി നടക്കും? സത്യദൈവം യഹോവയാണെങ്കിൽ അവനെ അനുഗമിക്കുക; എന്നാൽ ബാലാണെങ്കിൽ അവനെ അനുകരിക്കുക.” (1 രാജാക്കൻമാർ 18:21) അവർ അർദ്ധഹൃദയത്തോടെ ‘രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളിൽ ചാടിച്ചാടി നടന്നിരുന്നു.’
7 അതുപോലെതന്നെ യഹൂദാ യഹോവയിങ്കലേക്ക് ഭാഗികമായി മടങ്ങിവന്നശേഷം: “എന്നിരുന്നാലും ജനം പിന്നെയും ഉന്നതസ്ഥലങ്ങളിൽ ബലിയർപ്പിച്ചുകൊണ്ടിരുന്നു; അത് അവരുടെ ദൈവമായ യഹോവയ്ക്കായിരുന്നുവെന്നു മാത്രം” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. (2 ദിനവൃത്താന്തം 33:17) വിഭജിത ഹൃദയങ്ങളോടെ അവർ യഹോവയെ ആരാധിക്കുന്നതായി അവകാശപ്പെട്ടെങ്കിലും അത് ഒരു അനധികൃത വിധത്തിലും, അവർ മുമ്പു ബാലിനെ ആരാധിച്ചിരുന്ന സ്ഥലങ്ങളിലുമായിരുന്നു. “ആർക്കും രണ്ട് യജമാനൻമാർക്കുവേണ്ടി അടിമവേല ചെയ്യാൻ സാദ്ധ്യമല്ല” എന്ന് യേശു പറഞ്ഞു. (മത്തായി 6:24) ആ നാളുകളിൽ അടിമകൾ ഒരു വസ്തുപോലെയായിരുന്നു. അവർ ദിവസത്തിന്റെ 24 മണിക്കൂറും യജമാനനെ സേവിക്കണമായിരുന്നു. അവരുടെ സമയം രണ്ട് യജമാനൻമാർക്കുവേണ്ടി പകുതി വീതം വിഭജിക്കാൻ കഴിയുമായിരുന്നില്ല. യഹോവയ്ക്ക് അർദ്ധഹൃദയത്തോടെയുള്ള സേവനം പാടില്ലെന്നുള്ള ആശയം യേശു ഇവിടെ സ്ഥാപിക്കുകയായിരുന്നു!
8. ആലങ്കാരികമായി പറഞ്ഞാൽ ഒരു വ്യക്തിക്ക് എങ്ങനെ രണ്ടു ഹൃദയങ്ങൾ ഉണ്ടായിരിക്കാൻ കഴിയും, ഏതു തിരുവെഴുത്തുകൾ ഇതിനെ പ്രതിഫലിപ്പിക്കുന്നു?
8 ഓരോ ആളിലും ഒരു അക്ഷരീയഹൃദയം മാത്രമേയുള്ളു. എന്നാൽ ആലങ്കാരികമായി പറഞ്ഞാൽ ഒരു വ്യക്തിക്ക് രണ്ടു ഹൃദയങ്ങൾ ഉണ്ടായിരിക്കാൻ കഴിയും. ദാവീദ് അങ്ങനെയുള്ള ആളുകളെ പരാമർശിച്ചുകൊണ്ട് പറഞ്ഞു: “അവർ ഇരുഹൃദയത്തോടെ പോലും [“ഒരു ഹൃദയത്തോടെയും ഒരു ഹൃദയത്തോടെയും,” റെഫ. ബൈ. അടിക്കുറിപ്പ്] ഒരു സൗമ്യമായ അധരത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നു.” (സങ്കീർത്തനം 12:2) ഒരു ഹൃദയം പൊതുപ്രദർശനത്തിന് നിലകൊണ്ടു, മറേറത് രഹസ്യമായി സ്വാർത്ഥ പ്രയോജനത്തിന് ഉപായം പ്രയോഗിച്ചു. ഈ ഇരുമുഖങ്ങളും ഇരുഹൃദയങ്ങളുമുള്ള നിലപാട് തിരുവെഴുത്തുകളിൽ ഇങ്ങനെ വർണ്ണിക്കപ്പെട്ടിരിക്കുന്നു: “എന്തെന്നാൽ ഒരുവൻ തന്റെ ഉള്ളിൽ കണക്കുകൂട്ടിയിരിക്കുന്നതുപോലെയാകുന്നു. ‘തിന്നുകുടിക്കുക’ എന്ന് അവൻ നിങ്ങളോടു പറയുന്നു, എന്നാൽ അവന്റെ ഹൃദയം നിങ്ങളോടുകൂടെയില്ല.” “അവൻ തന്റെ ശബ്ദത്തെ സ്വീകാര്യമാക്കുന്നുവെങ്കിലും അവനെ വിശ്വസിക്കരുത്, എന്തെന്നാൽ അവന്റെ ഹൃദയത്തിൽ വെറുക്കത്തക്ക ഏഴു കാര്യങ്ങളുണ്ട്.” സദൃശവാക്യങ്ങൾ 23:7; 26:25; സങ്കീർത്തനം 28:3.
9. യിരെമ്യാവിന്റെ നാളിലും യേശുവിന്റെ കാലത്തും ഇരുഹൃദയത്തോടെയുള്ള ആരാധന സ്ഥിതിചെയ്തിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
9 മനുഷ്യബന്ധങ്ങളിലെ അത്തരം കപടഭാവം അപലപനീയമാണ്; എന്നാൽ യഹോവയുടെ ആരാധനയിൽ വിതക്കപ്പെടുമ്പോൾ അത് അനർത്ഥം കൊയ്യുന്നു. “‘അവ യഹോവയുടെ ആലയം, യഹോവയുടെ ആലയം, യഹോവയുടെ ആലയം ആകുന്നു!’ എന്നു പറയുന്ന വ്യാജവാക്കുകളിൽ ആശ്രയിക്കരുത്. ഇതാ നിങ്ങൾ വ്യാജവാക്കുകളിലാണ് ആശ്രയിക്കുന്നത്—അത് നിങ്ങൾക്ക് അശേഷം പ്രയോജനകരമായിരിക്കയില്ല. മോഷണവും കൊലചെയ്യലും വ്യഭിചാരം ചെയ്യലും കള്ളസത്യം ചെയ്യലും ബാലിനു ധൂപം കാട്ടലും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത മററു ദൈവങ്ങളുടെ പിന്നാലെയുള്ള നടപ്പും ആകാമോ, ഈ വെറുക്കത്തക്ക കാര്യങ്ങളെല്ലാം ചെയ്യുന്നതു വിഗണിച്ചുകൊണ്ട്, നിങ്ങൾ വന്ന് എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന ഈ ആലയത്തിൽ എന്റെ മുമ്പാകെ നിന്നുകൊണ്ട് ‘ഞങ്ങൾ തീർച്ചയായും വിടുവിക്കപ്പെടും’ എന്നു പറയണമോ?” (യിരെമ്യാവ് 7:4, 8-10) പരീശൻമാരുടെയും ശാസ്ത്രീമാരുടെയും ഇടയിലെ അത്തരം ഇരുഹൃദയത്തോടുകൂടിയ കപടഭക്തിയെ അപലപിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “കപടഭക്തരേ, ‘ഈ ജനം തങ്ങളുടെ അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകന്നിരിക്കുന്നു’ എന്ന് യെശയ്യാവു പറഞ്ഞപ്പോൾ അവൻ നിങ്ങളെക്കുറിച്ച് ഉചിതമായി പ്രവചിച്ചു.”—മത്തായി 15:7, 8.
10, 11. യഹോവയും ക്രിസ്തുവും ഒരു വ്യക്തിയെ ന്യായംവിധിക്കുമ്പോൾ എവിടെ നോക്കുന്നു, എന്തുകൊണ്ട്?
10 ഇതിൽനിന്നെല്ലാം യഹോവ ശമൂവേലിനോട് ഇങ്ങനെ പറഞ്ഞതെന്തുകൊണ്ടെന്ന് വ്യക്തമാണ്: “മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്, എന്തുകൊണ്ടെന്നാൽ വെറും മനുഷ്യൻ കണ്ണുകൾക്ക് പ്രത്യക്ഷപ്പെടുന്നതു കാണുന്നു; എന്നാൽ യഹോവയെ സംബന്ധിച്ചാണെങ്കിൽ അവൻ ഹൃദയം എന്തെന്നു കാണുന്നു.” (1 ശമൂവേൽ 16:7) തന്നിമിത്തം യഹോവ ഒരു മനുഷ്യനെ അളക്കുമ്പോൾ അത് ബാഹ്യമായ തെളിവിൽ അധിഷ്ഠിതമല്ല; അവൻ സംഗതിയുടെ ഹൃദയത്തിലേക്കുതന്നെ ചുഴിഞ്ഞുനോക്കുന്നു. നമ്മുടെ നടത്ത നല്ലതായാലും ചീത്തയായാലും അതിന്റെ പിമ്പിലെ പ്രേരണാശക്തി ഹൃദയമാണെന്ന് ക്രിസ്തുയേശു തിരിച്ചറിയിച്ചു. “ഒരു നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലത് പുറപ്പെടുവിക്കുന്നു, എന്നാൽ ഒരു ദുഷ്ടമനുഷ്യൻ തന്റെ ദുഷ്ട നിക്ഷേപത്തിൽനിന്ന് ദുഷ്ടമായതു പുറപ്പെടുവിക്കുന്നു; എന്തെന്നാൽ ഹൃദയത്തിന്റെ സമൃദ്ധിയിൽ നിന്നാണ് അവന്റെ വായ് സംസാരിക്കുന്നത്.” കൂടാതെ, “ഹൃദയത്തിൽനിന്ന് ദുഷ്ടന്യായവാദങ്ങളും കൊലപാതകങ്ങളും വ്യഭിചാരങ്ങളും ദുർവൃത്തികളും മോഷണങ്ങളും കള്ളസാക്ഷ്യങ്ങളും ദൂഷണങ്ങളും വരുന്നു.”—ലൂക്കോസ് 6:45; മത്തായി 15:19.
11 ന്യായവിധി ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവും യഹോവ നോക്കുന്നടത്തുതന്നെ നോക്കുന്നു: “ഞാൻ വൃക്കകളെയും [അത്യഗാധ വികാരങ്ങളെ, റെഫ. ബൈ. അടിക്കുറിപ്പ്] ഹൃദയങ്ങളെയും പരിശോധിക്കുന്നവനാകുന്നു, ഞാൻ നിങ്ങളുടെ പ്രവൃത്തികളനുസരിച്ചു വ്യക്തിപരമായി പ്രതിഫലം നൽകും.” (വെളിപ്പാട് 2:23) ഈ കാരണത്താൽ “സൂക്ഷിക്കേണ്ട മറെറല്ലാററിനെക്കാളുമധികമായി, നിങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക, എന്തെന്നാൽ അതിൽനിന്നാകുന്നു ജീവന്റെ ഉറവുകൾ.”—സദൃശവാക്യങ്ങൾ 4:23.
12. യഹോവയുടെ മുഴുഹൃദയസേവനം നമ്മുടെ ഭാഗത്ത് ഉത്സാഹപൂർവ്വകമായ ശ്രമം ആവശ്യമാക്കിത്തീർക്കുന്നതെന്തുകൊണ്ട്?
12 നമ്മുടെ യഹോവാരാധന അർദ്ധഹൃദയത്തോടെയോ ഇരുഹൃദയത്തോടെയോ ആയിരിക്കരുത്. പിന്നെയോ മുഴുഹൃദയത്തോടെയായിരിക്കണം. ഇത് നമ്മുടെ ഭാഗത്ത് ഉത്സാഹപൂർവ്വകമായ ശ്രമം ആവശ്യമാക്കിത്തീർക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഹൃദയം ചതിക്കുന്നതാണ്, അതിനു വളരെ വഞ്ചകമായിരിക്കാൻ കഴിയും. നമ്മുടെ വീഴ്ചഭവിച്ച ജഡത്തെ ആകർഷിക്കുന്ന തെററുകളെ ന്യായീകരിക്കുന്നതിൽ അത് എത്ര വിദഗ്ദ്ധമാണെന്നു ചിന്തിക്കുന്നത് ഭയാവഹമാണ്. അതു നമ്മെ വഞ്ചിക്കുകയും നമ്മുടെ യഥാർത്ഥ ആന്തരങ്ങളെ നമ്മിൽനിന്ന് മറച്ചുവെക്കുകയും ചെയ്തേക്കാമെങ്കിലും യഹോവ അതിന്റെ തനി അവസ്ഥ കാണുന്നു. അവൻ നമുക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നൽകുന്നു: “ഹൃദയം മററ് എന്തിനെക്കാളും വഞ്ചകവും സാഹസികവുമാണ്. ആർക്ക് അതിനെ അറിയാൻ കഴിയും? യഹോവയായ ഞാൻ, ഓരോരുത്തനും അവനവന്റെ വഴികളനുസരിച്ച്, അവന്റെ ഇടപെടലുകളുടെ ഫലമനുസരിച്ച്, കൊടുക്കാൻതന്നെ ഹൃദയത്തെ പരിശോധിക്കുകയും വൃക്കകളെ ശോധന ചെയ്യുകയും ചെയ്യുന്നു.”—യിരെമ്യാവ് 17:9, 10.
ഒരു പൂർണ്ണഹൃദയം നേടുക
13. യേശു തന്റെ നാളിലെ ചില മതഭക്തരെക്കുറിച്ച് എന്തു പറഞ്ഞു, അത്തരം നടത്ത നിമിത്തം അവർക്കുണ്ടായ ഫലമെന്തായിരുന്നു?
13 തന്റെ നാളിലെ മതഭക്തരെ സംബന്ധിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ഈ ജനത്തിന്റെ ഹൃദയം സ്വീകാര്യക്ഷമമല്ലാതായിത്തീർന്നിരിക്കുന്നു, അവർ തങ്ങളുടെ ചെവികൾകൊണ്ട് പ്രതികരണമില്ലാതെ കേട്ടിരിക്കുന്നു, അവർ തങ്ങളുടെ കണ്ണുകൾ അടച്ചിരിക്കുന്നു; അവർ തങ്ങളുടെ കണ്ണുകൾ കൊണ്ട് ഒരിക്കലും കാണാതെയും തങ്ങളുടെ ചെവികൾ കൊണ്ട് ഒരിക്കലും കേൾക്കാതെയും തങ്ങളുടെ ഹൃദയങ്ങൾകൊണ്ട് അതിന്റെ അർത്ഥം ഗ്രഹിച്ച് തിരിഞ്ഞുവരാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയുമിരിക്കേണ്ടതിനുതന്നെ.” (മത്തായി 13:15) മതപരമായ മുൻധാരണകൾ നിമിത്തം അവർ യേശുവിന്റെ ഉപദേശത്തിന് തങ്ങളുടെ കണ്ണുകളും ചെവികളും അടച്ചുകളയുകയും ഹൃദയങ്ങളെ കഠിനപ്പെടുത്തുകയും ചെയ്തു. ശാസനയെ ത്യജിച്ചുകൊണ്ട് ഉചിതമായ പ്രേരണയുള്ള ഒരു ഹൃദയം നേടുന്നതിൽ അവർ പരാജയപ്പെട്ടു: “ശാസന ശ്രദ്ധിക്കുന്നവൻ ഹൃദയം നേടുകയാകുന്നു [“നല്ല ആന്തരം നേടുകയാകുന്നു,” റെഫ. ബൈ. അടിക്കുറിപ്പ്]. “(സദൃശവാക്യങ്ങൾ 15:32) അവർ ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെട്ടു, എന്നാൽ അവർ മനുഷ്യർ കാണേണ്ടതിനാണ് തങ്ങളുടെ “നീതി” പ്രവർത്തിച്ചത്.—മത്തായി 6:1, 2, 5, 16.
14. സത്യം നമ്മുടെ ഉള്ളിൽ ആഴത്തിൽ വസിക്കാൻ പ്രവേശിക്കുന്നതിനുള്ള മുഖാന്തരങ്ങളെ പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങളേവ?
14 യഹൂദയിലെ യഹോശാഫാത്ത് രാജാവിനെപ്പോലെയായിരിക്കുന്നത് എത്രയോ മെച്ചമാണ്, അവൻ ‘സത്യദൈവത്തെ അന്വേഷിക്കാൻ തന്റെ ഹൃദയത്തെ ഒരുക്കി.’ (2 ദിനവൃത്താന്തം 19:3) നിങ്ങളുടെ ദൈവാന്വേഷണത്തിലുള്ള ഏററവും നല്ല ഒരുക്കം ഹൃദയംഗമമായ പ്രാർത്ഥനയാണ്. ദുഃഖിതയായ ഹന്നാ യഹോവയോട് ആവേശപൂർവ്വം പ്രാർത്ഥിച്ചപ്പോൾ, അവൾ “തന്റെ ഹൃദയത്തിൽ സംസാരിക്കുകയായിരുന്നു,” അവളുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു. ശ്രദ്ധിക്കാനുള്ള ഒരു സന്നദ്ധതയും ആവശ്യമാണ്. യേശുവിന്റെ അമ്മ ശ്രദ്ധിച്ചു: “അവന്റെ അമ്മ ഈ മൊഴികളെല്ലാം ശ്രദ്ധാപൂർവ്വം അവളുടെ ഹൃദയത്തിൽ സൂക്ഷിച്ചു.” അവൾ “തന്റെ ഹൃദയത്തിൽ നിഗമനങ്ങളിലെത്താൻ” തുടങ്ങി. അവൾ യേശുവിന്റെ ഒരു വിശ്വസ്ത ശിഷ്യയായിത്തീർന്നു. യഹോവ ഒരു ആത്മാർത്ഥതയുള്ള അന്വേഷകനെ സഹായിക്കുന്നു. ദൈവഭയമുണ്ടായിരുന്ന ലുദിയാ പൗലോസിനെ ശ്രദ്ധിച്ചു, “പൗലോസ് പറഞ്ഞ കാര്യങ്ങൾക്കു ശ്രദ്ധകൊടുക്കാൻ യഹോവ അവളുടെ ഹൃദയത്തെ വിസ്താരത്തിൽ തുറന്നു.” അവൾ സ്നാനമേററു. (1 ശമൂവേൽ 1:12, 13; ലൂക്കോസ് 2:19, 51; പ്രവൃത്തികൾ 16:14, 15) എല്ലായ്പ്പോഴും ആലങ്കാരിക ഹൃദയമാണ്—വിചാരങ്ങളും വികാരങ്ങളും നല്ല ആന്തരങ്ങളും—ആണ് സത്യം ഒരു വ്യക്തിയിൽ പ്രവേശിക്കാനും വസിക്കാനും അനുവദിക്കുന്നത്.
15. ഒരു പൂർണ്ണഹൃദയം നേടുന്നതിന്, നാം എന്തു ചെയ്യാൻ ഒരുങ്ങിയിരിക്കണം?
15 ഒരു പൂർണ്ണഹൃദയം നേടുന്നതിന്, നാം മുൻധാരണയായ അഭിപ്രായങ്ങൾ വർജ്ജിക്കുന്നതിന് വൈകാരികമായി ഒരുങ്ങിയിരിക്കുകയും, നമ്മുടെ പ്രിയങ്കരമായ ചില ആശയങ്ങളെയോ ഉപദേശ വീക്ഷണങ്ങളെയോ പൊളിച്ചാൽപോലും ദൈവം സത്യവാനെന്നു കണ്ടെത്തപ്പെടാൻ സന്നദ്ധരായിരിക്കുകയും വേണം. (റോമർ 3:4) യഹോവയുടെ ഇഷ്ടത്തോടും വഴികളോടും നമ്മുടെ ഹൃദയങ്ങളെ സ്വീകാര്യക്ഷമമാക്കാൻ സ്വാർത്ഥപരമായ ആന്തരങ്ങളെ നീക്കം ചെയ്യേണ്ടതാണ്. യഹോവ ഒരിക്കൽ തന്റെ നിയമങ്ങൾ കല്ലിൽ എഴുതി, എന്നാൽ പിന്നീട് അവൻ നിയമങ്ങളെ മനുഷ്യഹൃദയങ്ങളിൽ എഴുതി. അപ്പോസ്തലനായ പൗലോസും ഹൃദയത്തിൽ എഴുതി. നിങ്ങൾക്കും “നിങ്ങളുടെ ഹൃദയപ്പലകയിൽ [സ്നേഹദയയും സത്യവും] എഴുതാൻ” കഴിയും.—സദൃശവാക്യങ്ങൾ 3:3; എബ്രായർ 10:16; 2 കൊരിന്ത്യർ 3:3.
16. യഹോവക്കായി ഒരു പൂർണ്ണഹൃദയം ഉണ്ടായിരിക്കാൻ ഒരുവൻ സ്വീകരിക്കേണ്ട നടപടികളെ ഏതു ചോദ്യങ്ങൾ ദീപ്തിമത്താക്കുന്നു?
16 നിങ്ങളുടെ ഹൃദയം യഹോവയുടെ തത്വങ്ങളും ചട്ടങ്ങളും എഴുതാൻ പററിയ ഒരു പ്രതലമെന്നനിലയിൽ യോഗ്യതയുള്ളതാണോ? നിങ്ങൾ ദിവ്യസത്യത്തിനിടം കൊടുക്കാൻ മുൻധാരണകൾ നീക്കി അതിനെ ശുദ്ധീകരിക്കുന്നുവോ? അനന്തരം നിങ്ങളുടെ മനസ്സു പുതുക്കുന്നതിനും പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്നതിനും ദൈവ സാദൃശ്യപ്രകാരം രൂപം കൊടുത്ത പുതിയ വ്യക്തിത്വം ധരിക്കുന്നതിനും തുടർന്നു പഠിക്കുമോ? നിങ്ങൾ സത്യവചനത്തെ ശരിയായി കൈകാര്യം ചെയ്തുകൊണ്ട് യാതൊന്നും ലജ്ജിക്കാനില്ലാത്ത ഒരു വേലക്കാരനായിരിക്കാൻ നിങ്ങളുടെ പരമാവധി പ്രവർത്തിക്കുമോ?—റോമർ 12:2; കൊലോസ്യർ 3:9, 10; 2 തിമൊഥെയോസ് 2:15.
ഒരു പൂർണ്ണഹൃദയം നിലനിർത്തുക
17. ദാവീദ് തന്റെ പുത്രനായ ശലോമോനെ ബുദ്ധിയുപദേശിച്ചതെങ്ങനെ, ശലോമോൻ ഉപദേശം അനുസരിക്കുന്നതിൽ പരാജയപ്പെട്ടതെന്തുകൊണ്ട്?
17 ദാവീദു ശലോമോനോട് ഇങ്ങനെ പറഞ്ഞു: “എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറിയുകയും ഒരു പൂർണ്ണഹൃദയത്തോടും ഒരു ആഹ്ലാദകരമായ ദേഹിയോടും കൂടെ അവനെ സേവിക്കുകയും ചെയ്യുക; എന്തെന്നാൽ സകല ഹൃദയങ്ങളെയും യഹോവ പരിശോധിക്കുകയാകുന്നു, ചിന്തകളുടെ സകല ചായ്വിനെയും അവൻ വിവേചിക്കുകയാകുന്നു.” ശലോമോൻ ഒരു പൂർണ്ണഹൃദയത്തോടെ സേവിച്ചു തുടങ്ങുകതന്നെ ചെയ്തു. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ അവൻ അതിനെ നിലനിർത്തിയില്ല:” ശലോമോൻ വൃദ്ധനായ സമയത്ത് അവന്റെ ഭാര്യമാർതന്നെ മററു ദൈവങ്ങളെ അനുഗമിക്കാൻ അവന്റെ ഹൃദയത്തെ ചായിച്ചിരുന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയം പോലെ അവന്റെ ദൈവമായ യഹോവയിങ്കൽ പൂർണ്ണമാണെന്നു തെളിഞ്ഞില്ല.”—1 ദിനവൃത്താന്തം 28:9; 1 രാജാക്കൻമാർ 11:4.
18, 19. (എ) ഒരു പൂർണ്ണഹൃദയം നിലനിർത്തുന്നതിൽ നിങ്ങൾ പരാജയപ്പെടാനിടയാക്കുന്നതിന് സാത്താൻ ഏതു വിവിധമാർഗ്ഗങ്ങൾ ഉപയോഗിക്കും? (ബി) ഈ കൂടുതൽ തന്ത്രപരമായ ശ്രമങ്ങൾ പരാജയപ്പെടുന്നുവെങ്കിൽ അവന്റെ നയങ്ങൾ എങ്ങനെ മാറും?
18 ശലോമോൻ പരാജയപ്പെട്ടടത്ത് നിങ്ങൾ വിജയിക്കുമോ? യഹോവയുടെ ഒരു സാക്ഷിയെന്നനിലയിൽ നിങ്ങളേത്തന്നെ സമർപ്പിക്കുകയും നിങ്ങളുടെ ആരാധനയിൽ സകല അർദ്ധഹൃദയത്വത്തെയും ഇരുഹൃദയത്വത്തെയും ഉപേക്ഷിക്കുകയും “നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടെ സ്നേഹിക്കാനു”ള്ള യേശുവിന്റെ വാക്കുകൾ അനുസരിക്കുകയും ചെയ്ത സ്ഥിതിക്ക് ഇപ്പോൾ യഹോവയുടെ സേവനത്തിന് പൂർണ്ണമായി അർപ്പിക്കപ്പെട്ടതായി നിങ്ങളുടെ ഹൃദയത്തെ നിലനിർത്താൻ നിങ്ങൾ ഉറച്ചിരിക്കുമോ? (മത്തായി: 22:37) സാത്താൻ അത് ഇഷ്ടപ്പെടുകയില്ല. അവൻ തന്ത്രശാലിയായ ഒരു പ്രതിയോഗിയാണ്. നിങ്ങളുടെ ഹൃദയം അവന്റെ ഇരയായിത്തീരും. പാപം ചെയ്യാനുള്ള അതിന്റെ ചായ്വിനെക്കുറിച്ച് അവന് അറിയാം. നിങ്ങൾ നിങ്ങളുടെ ജാഗ്രത വെടിയുന്നുവെങ്കിൽ അവന് അതിലേക്കു നുഴഞ്ഞുകയറാൻ കഴിയും. അവൻ ‘യേശുവിനെ ഒററിക്കൊടുക്കാൻ ഇസ്ക്കരിയോത്താ യൂദായുടെ ഹൃദയത്തിൽ തോന്നിച്ചില്ലയോ?’ (യോഹന്നാൻ 13:2) പണം, ഭൗതികത്വം, വിനോദം, അഹങ്കാരം, ലൗകിക ജീവിതവൃത്തികൾ, പ്രതാപ പ്രകടനങ്ങൾ—അവന് ആഘാതവിധേയമായ നമ്മുടെ സ്ഥാനങ്ങൾ അറിയാം, അവൻ അവയെ ലക്ഷ്യം വച്ച് തന്റെ തീയമ്പുകൾ പായിക്കുന്നു. നിങ്ങൾ വിശ്വാസം എന്ന പരിചകൊണ്ട് അവയെയെല്ലാം കെടുത്തിക്കളയുമോ?—എഫേസ്യർ 6:14; 1 യോഹന്നാൻ 2:15-17.
19 ഈ സാത്താന്യ അടവുകളെല്ലാം പരാജയപ്പെടുമ്പോൾ, അവൻ അടങ്ങിയിരിക്കുന്നില്ല. അക്രമാസക്ത കൂട്ട പ്രക്ഷോഭണങ്ങളാലും പ്രഹരങ്ങളാലും തടവുകളാലും മരണത്താൽപോലും യഹോവയുടെ വിശ്വസ്ത സാക്ഷികളെ വിഴുങ്ങാൻ ശ്രമിച്ചുകൊണ്ട് അവൻ ഒരു അലറുന്ന സിംഹമായിത്തീരുന്നു. എന്നാൽ യഹോവ ഇതിലെല്ലാം തന്നോടു ഹൃദയം പൂർണ്ണമായിരിക്കുന്നവരെ ബലപ്പെടുത്തും.—യാക്കോബ് 4:7; 1 പത്രോസ് 5:8-10; വെളിപ്പാട് 2:10.
20, 21. (എ) അക്ഷരീയ ഹൃദയത്തെ പരിശോധിക്കുമ്പോൾ ഏതു ചോദ്യങ്ങൾ ചോദിക്കപ്പെടാം? (ബി) ആലങ്കാരിക ഹൃദയത്തെ പരിശോധിക്കാൻ സമാന ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതെങ്ങനെ?
20 അക്ഷരീയ ഹൃദയത്തിന് ഇടയ്ക്കിടെ ഒരു പരിശോധന ആവശ്യമാണ്. അതിന് ക്രമമായ ഇടവേളകളിൽ നല്ല പോഷണം വേണ്ടത്ര അളവുകളിൽ കിട്ടുന്നുണ്ടോ? അതിന്റെ സ്പന്ദനം സ്ഥിരവും ശക്തവുമാണോ, അതോ മന്ദവും ദുർബ്ബലവുമാണോ? അത് ഉചിതമായ രക്തസമ്മർദ്ദം നിലനിർത്തുന്നുണ്ടോ? അതിന് ആവശ്യമായ വ്യായാമം ലഭിക്കുന്നുണ്ടോ? (ആരോഗ്യപ്രദമായിരിക്കുന്നതിന് ഹൃദയം ദീർഘ സമയങ്ങളിലേക്ക് ഊർജ്ജ്വസ്വലമായി പമ്പു ചെയ്യേണ്ട ആവശ്യമുണ്ട്.) അതിന്റെ ഗതിനിർണ്ണയ സംവിധാനം മാറിവരുന്ന ആവശ്യങ്ങളെ നേരിടുന്നതിന് അതിന്റെ വേഗം വ്യത്യാസപ്പെടുത്തുന്നുണ്ടോ? അത് അതിനെ ഭാരിച്ച സമ്മർദ്ദത്തിൻ കീഴാക്കുന്ന വൈകാരിക പരിതഃസ്ഥിതിക്ക് വിധേയമാക്കപ്പെടുന്നുണ്ടോ?
21 ശാരീരിക ഹൃദയത്തിന് പരിശോധനകൾ ആവശ്യമാണെങ്കിൽ ആലങ്കാരിക ഹൃദയത്തിന് എത്രയധികം ആവശ്യമാണ്! യഹോവ അതിനെ പരിശോധിക്കുന്നു; നാമും അത് ചെയ്യുന്നു. വ്യക്തിപരമായ നിരന്തര പഠനത്താലും യോഗ ഹാജരിനാലും അതിന് വേണ്ടത്ര അളവിൽ ആത്മീയാഹാരം ലഭിക്കുന്നുണ്ടോ? (സങ്കീർത്തനം 1:1, 2; സദൃശവാക്യങ്ങൾ 15:28; എബ്രായർ 10:24, 25) അതിന്റെ വിചാരങ്ങളും അഗാധവികാരങ്ങളും വയൽശുശ്രൂഷയിലെ തീക്ഷ്ണമായ സേവനത്തിന് നമ്മെ പ്രേരിപ്പിക്കുന്നുണ്ടോ—ചില സമയങ്ങളിൽ നാം ഒരു പക്ഷേ സഹായ പയനിയറിംഗിൽ തീവ്രയത്നം ചെയ്യാനിടയാക്കിക്കൊണ്ട്? (യിരെമ്യാവ് 20:9; ലൂക്കോസ് 13:24; 1 കൊരിന്ത്യർ 9:16) അതിന്റെ ചുററുപാടിനെ സംബന്ധിച്ചെന്ത്? അത് സമാനവികാരങ്ങളോടും പ്രേരണകളോടും കൂടെ ഏകാഗ്രവും പൂർണ്ണവുമായ മററു ഹൃദയങ്ങളാൽ ചുററപ്പെട്ടിരിക്കുന്നുവോ?—2 രാജാക്കൻമാർ 10:15, 16; സങ്കീർത്തനം 86:11; സദൃശവാക്യങ്ങൾ 13:20, 1 കൊരിന്ത്യർ 15:33.
22. യഹോവയെ ഒരു പൂർണ്ണഹൃദയത്തോടെ സേവിക്കാനുള്ള നമ്മുടെ തീരുമാനത്തിന്റെ വിജയത്തെ ഉറപ്പാക്കുന്നതെന്ത്?
22 നിങ്ങളുടെ പരിശോധന മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉവ്വ് എന്ന് ഉത്തരം നൽകാൻ നിങ്ങളെ പ്രാപ്തനാക്കുന്നുവെങ്കിൽ, അപ്പോൾ നിങ്ങൾ നിങ്ങളുടെ ആലങ്കാരിക ഹൃദയത്തെ കാത്തുസൂക്ഷിക്കുകയാണ്. യഹോവയെ പൂർണ്ണഹൃദയത്തോടെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിൽ വിശ്വസ്തരായ ദശലക്ഷക്കണക്കിന് മററു സാക്ഷികളോടൊപ്പം നിങ്ങളും വിജയിക്കും. അങ്ങനെയുള്ളവർക്കെല്ലാം ഈ ഉറപ്പുണ്ട്: “സകല ചിന്തയെക്കാളും മികച്ച ദൈവസമാധാനം ക്രിസ്തുയേശു മുഖേന നിങ്ങളുടെ ഹൃദയങ്ങളെയും മാനസികശക്തികളെയും കാക്കും.”—ഫിലിപ്യർ 4:7. (w86 6/1)
[അടിക്കുറിപ്പുകൾ]
a ഒരു മൈൽ=1.6 കിലോ മീററർ
ഒരു ഗ്യാലൻ=3.8 ലിററർ
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ആലങ്കാരിക ഹൃദയത്തിന് ഉള്ളതായി പറയുന്ന അനേകം ഗുണങ്ങളേവ?
◻ നമുക്ക് അർദ്ധഹൃദയരോ ഇരുഹൃദയരോ ആയിരിക്കുന്നത് എങ്ങനെ ഒഴിവാക്കാം?
◻ യഹോവയും ക്രിസ്തുവും ന്യായംവിധിക്കുമ്പോൾ ഹൃദയത്തെ നോക്കുന്നതെന്തുകൊണ്ട്?
◻ നമുക്ക് ഒരു പൂർണ്ണഹൃദയം എങ്ങനെ നേടാനും നിലനിർത്താനും കഴിയും?
[10-ാം പേജിലെ ചിത്രം]
നിങ്ങൾക്ക് രണ്ടു മുഖങ്ങളുണ്ടോ?
[11-ാം പേജിലെ ചിത്രം]
ലുദിയ
യഹോശാഫാത്ത്
ഹന്നാ
മറിയ