യേശുവിന്റെ ജീവിതവും ശുശ്രൂഷയും
പ്രഭാഷണങ്ങളിൽ വച്ച് ഏററ പ്രസിദ്ധമായത്
ഈ ദൃശ്യം ബൈബിൾ ചരിത്രത്തിലെ ഏററം സ്മരണാർഹമായ ഒന്നാണ്. തന്റെ പ്രശസ്ത ഗിരിപ്രഭാഷണം നിർവഹിച്ചുകൊണ്ട് യേശു ഒരു മലഞ്ചെരുവിൽ ഇരിക്കുന്നു. ഈ സ്ഥാനം ഗലീലാ കടലിനടുത്താണ്, ഒരുപക്ഷെ കഫർന്നഹൂമിനു സമീപം. യേശു രാത്രി മുഴുവൻ ദൈവത്തോടുള്ള പ്രാർത്ഥനയിൽ ചെലവഴിച്ചശേഷം പിറേറന്ന് രാവിലെ അപ്പോസ്തലൻമാരായിരിക്കാൻ അവൻ തന്റെ ശിഷ്യൻമാരിൽ 12 പേരെ തെരഞ്ഞെടുത്തു. അതിനുശേഷം എല്ലാവരെയും കൂട്ടി അവൻ മലഞ്ചെരുവിന്റെ ഈ നിരപ്പായ സ്ഥാനത്തെത്തി.
ഇതിനോടകം യേശു വളരെ ക്ഷീണിച്ചിരിക്കുന്നതിനാൽ അവന് അല്പം വിശ്രമം ആവശ്യമാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ വലിയ പുരുഷാരം എത്തിയിട്ടുണ്ട്. ചിലർ 60-ഉം 70-ഉം മൈൽ (100-110 കി. മീ.) അകലെ നിന്ന്—യഹൂദ്യയിൽനിന്നും യരുശലേമിൽ നിന്നും—ഉള്ളവരാണ്. മററു ചിലർ ഉത്തരദിക്കിലെ സോരിൽനിന്നും സീദോനിൽനിന്നും ഉള്ളവരാണ്. അവർ യേശുവിന്റെ വാക്കുകൾ കേൾക്കുന്നതിനും രോഗശാന്തി ലഭിക്കുന്നതിനുമായാണ് വന്നിരിക്കുന്നത്. അവരിൽ ഭൂതബാധയുള്ളവർപോലുമുണ്ട്.
യേശു ഇറങ്ങിവരുമ്പോൾ രോഗികൾ അവനെ സ്പർശിക്കുന്നതിനുവേണ്ടി അവന്റെയടുത്തു വരുന്നു. അവൻ അവരെയെല്ലാം സൗഖ്യമാക്കുന്നു. അതിനുശേഷം യേശു പ്രത്യക്ഷത്തിൽ മലയുടെ ഉയർന്ന ഒരു സ്ഥാനത്തേക്ക് കയറുന്നു. അവിടെയിരുന്നുകൊണ്ട് തന്റെ മുമ്പാകെ നിരപ്പായ പ്രദേശത്ത് കൂടിയിരിക്കുന്ന പുരുഷാരത്തോട് ഉപദേശിച്ചുതുടങ്ങുന്നു. അതിനെക്കുറിച്ച് ചിന്തിക്കുക! ഇപ്പോൾ ആ സദസ്സിൽ ഗുരുതരമായ വൈകല്യത്താൽ കഷ്ടപ്പെടുന്ന ഒററ വ്യക്തിപോലുമില്ല!
ഈ അത്ഭുത പ്രവർത്തനങ്ങൾ നിർവഹിക്കാൻ പ്രാപ്തനായ ഈ ഉപദേഷ്ടാവിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ ആളുകൾ വളരെ ഉത്സുകരാണ്. എന്നിരുന്നാലും, യേശു മുഖ്യമായും തന്റെ ശിഷ്യൻമാരുടെ പ്രയോജനത്തിനായി പ്രസംഗം നിർവഹിക്കുന്നു. അവർ സാദ്ധ്യതയനുസരിച്ച് അവനോട് ഏററം അടുത്താണിരിക്കുന്നത്. എന്നാൽ നമുക്കും പ്രയോജനമനുഭവിക്കാൻ കഴിയത്തക്കവണ്ണം മത്തായിയും ലൂക്കോസും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായിയുടെ വിവരണം ലൂക്കോസിന്റേതിനേക്കാൾ ഏതാണ്ട് നാലു മടങ്ങ് ദീർഘമാണ്. കൂടാതെ, മത്തായിയുടെ വിവരണത്തിലെ ചില ഭാഗങ്ങൾ യേശു തന്റെ ശുശ്രൂഷയുടെ മറെറാരവസരത്തിൽ പറഞ്ഞതായി ലൂക്കോസ് വിവരിക്കുന്നു. ഇത് മത്തായി 6:9-13-നോട് ലൂക്കോസ് 11:1-4-ഉം മത്തായി 6:25-34-നോട് ലൂക്കോസ് 12:22-31-ഉം താരതമ്യപ്പെടുത്തുമ്പോൾ നിരീക്ഷിക്കാവുന്നതാണ്. എന്നാൽ ഇത് ആശ്ചര്യകരമല്ല. കാരണം യേശു സ്പഷ്ടമായും ഒരേ കാര്യങ്ങൾ ഒന്നിലധികം പ്രാവശ്യം പഠിപ്പിച്ചിട്ടുണ്ട്. ലൂക്കോസ് ഈ പഠിപ്പിക്കലുകളിൽ ചിലത് മറെറാരു പശ്ചാത്തലത്തിൽ രേഖപ്പെടുത്താനിഷ്ടപ്പെട്ടു.
യേശുവിന്റെ പ്രഭാഷണത്തെ വളരെ മൂല്യവത്താക്കുന്നത് അതിലെ ആത്മീയ വിവരങ്ങളുടെ ആഴം മാത്രമല്ല, മറിച്ച് ഈ സത്യങ്ങൾ അവതരിപ്പിക്കുന്നതിലെ ലാളിത്യവും വ്യക്തതയുമാണ്. അവൻ സാധാരണ അനുഭവങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുകയും ആളുകൾക്ക് സുപരിചിതമായിരിക്കുന്ന കാര്യങ്ങൾ ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ തന്റെ ആശയങ്ങൾ ദൈവിക മാർഗ്ഗത്തിൽ മെച്ചപ്പെട്ട ജീവൻ അന്വേഷിക്കുന്ന സകലർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു. അടുത്ത ലക്കങ്ങളിൽ നാം അവൻ പറഞ്ഞ ചില കാര്യങ്ങൾ പരിശോധിക്കുന്നതാണ്. ലൂക്കോസ് 6:12-20; മത്തായി 5:1, 2.
◆ യേശുവിന്റെ ഏററം സ്മരണാർഹമായ പ്രഭാഷണം എവിടെവച്ചാണ് നടത്തപ്പെട്ടത്, ആരെല്ലാം സന്നിഹിതരായിരുന്നു, അത് നിർവഹിക്കുന്നതിന് തൊട്ടുമുമ്പ് എന്തു സംഭവിച്ചിരുന്നു?
◆ ലൂക്കോസ് യേശുവിന്റെ ഉപദേശങ്ങളിൽ ചിലത് മറെറാരു പശ്ചാത്തലത്തിൽ രേഖപ്പെടുത്തുന്നത് ആശ്ചര്യമല്ലാത്തതെന്തുകൊണ്ട്?
◆ യേശുവിന്റെ പ്രഭാഷണത്തെ വളരെ മൂല്യവത്താക്കുന്നതെന്ത്? (w86 9/15)