യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യോഹന്നാന് വിശ്വാസക്കുറവുണ്ടായിരുന്നോ?
ഇപ്പോൾ ഏതാണ്ട് ഒരു വർഷമായി തടവിൽ കഴിയുന്ന യോഹന്നാൻ സ്നാപകൻ നയീനിലെ വിധവയുടെ മകന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാർത്ത കേൾക്കുന്നു. എന്നാൽ ഇതിന്റെ പ്രാധാന്യം സംബന്ധിച്ച് നേരിട്ട് യേശുവിൽനിന്ന് കേൾക്കാൻ യോഹന്നാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് “വരുവാനുള്ളവൻ നീയോ അതോ വ്യത്യസ്തനായ ഒരുവനെ ഞങ്ങൾ പ്രതീക്ഷിക്കണമോ” എന്ന് അന്വേഷിക്കാൻ അവൻ തന്റെ ശിഷ്യൻമാരിൽ രണ്ടു പേരെ അയക്കുന്നു.
ഏതാണ്ട് രണ്ട് വർഷം മുമ്പ്, യേശുവിനെ സ്നാപനപ്പെടുത്തിയപ്പോൾ, വിശേഷിച്ച് യോഹന്നാൻ യേശുവിന്റെമേൽ ദൈവാത്മാവ് ഇറങ്ങുന്നത് കാണുകയും ദൈവത്തിന്റെ അംഗീകാരശബ്ദം കേൾക്കുകയും ചെയ്തിരുന്ന സ്ഥിതിക്ക് അത് ഒരു വിചിത്രമായ ചോദ്യം ആണെന്ന് തോന്നിയേക്കാം. യോഹന്നാന്റെ ചോദ്യം അവന്റെ വിശ്വാസം ദുർബ്ബലമായെന്ന് ചിലർ നിഗമനം ചെയ്യാൻ ഇടയാക്കിയേക്കാം. എന്നാൽ വാസ്തവമതല്ല. യോഹന്നാൻ സംശയിച്ചു തുടങ്ങിയിരുന്നെങ്കിൽ യേശു അവനെക്കുറിച്ച് വളരെ അഭിനന്ദിച്ച് പറയുമായിരുന്നില്ല, ഈ സന്ദർഭത്തിൽ അവൻ അങ്ങനെയാണെല്ലോ ചെയ്യുന്നത്. ആ സ്ഥിതിക്ക് യോഹന്നാൻ ഈ ചോദ്യം ചോദിക്കുന്നതെന്തുകൊണ്ട്?
യേശു മശിഹായാണെന്നുള്ളതിന്റെ ഒരു സ്ഥിരീകരണം അവനിൽ നിന്ന് കിട്ടാൻ യോഹന്നാൻ ആഗ്രഹിച്ചു എന്ന് വരാം. യോഹന്നാൻ തടവിൽ ഉൽക്കൺഠാകുലനായി കഴിയുമ്പോൾ ഇത് അവന് വളരെ ബലദായകമായിരിക്കും. എന്നാൽ പ്രത്യക്ഷത്തിൽ യോഹന്നാന്റെ ചോദ്യത്തിൽ അതിലും കവിഞ്ഞ അർത്ഥം സ്ഥിതിചെയ്യുന്നു. തെളിവനുസരിച്ച്, മശിഹാ സാക്ഷാത്ക്കരിക്കുന്നതായി മുൻകൂട്ടി പറയപ്പെട്ട സകല കാര്യങ്ങളുടെയും നിവൃത്തിയെ പൂർത്തീകരിക്കുന്ന മറെറാരുവൻ, ഒരു പിൻഗാമി, ഉണ്ടായിരിക്കുമോ എന്നറിയാൻ അവൻ ആഗ്രഹിക്കുന്നു.
യോഹന്നാന് പരിചയമുള്ള ബൈബിൾ പ്രവചനങ്ങൾ അനുസരിച്ച് ദൈവത്തിന്റെ അഭിഷിക്തൻ ഒരു രാജാവ്, ഒരു വിമോചകൻ, ആയിരിക്കണം. എന്നാൽ യേശു സ്നാപനമേററശേഷം മാസങ്ങൾ കഴിഞ്ഞിട്ടും യോഹന്നാൻ തടവുകാരനായി കഴിയുകയാണ്. അതുകൊണ്ട്: ‘ബാഹ്യമായ പ്രൗഢിയോടെ ദൈവരാജ്യം സ്ഥാപിക്കാനുള്ളവൻ നീയാണോ, അതോ മശിഹായുടെ മഹത്വത്തോട് ബന്ധപ്പെട്ട എല്ലാ പ്രവചനങ്ങളും നിവർത്തിക്കുന്നതിന് ഞങ്ങൾ കാത്തിരിക്കേണ്ട വ്യത്യസ്തനായ ഒരുവൻ, ഒരു പിൻഗാമി, ഉണ്ടോ?’ എന്ന് യോഹന്നാൻ യേശുവിനോട് ചോദിക്കുകയാണെന്ന് സ്പഷ്ടമാണ്.
‘തീർച്ചയായും വരേണ്ടിയിരുന്നവൻ ഞാനാണ്!’ എന്ന് യോഹന്നാന്റെ ശിഷ്യൻമാരോടു പറയുന്നതിനു പകരം യേശു ആ നാഴികയിൽ തന്നെ സകലതരം രോഗങ്ങളും വ്യാധികളും ഉണ്ടായിരുന്ന അനേകരെ സൗഖ്യമാക്കിക്കൊണ്ട് ഒരു ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു. അനന്തരം അവൻ തന്റെ ശിഷ്യൻമാരോട് പറയുന്നു: “നിങ്ങൾ പോയി, നിങ്ങൾ കണ്ടതും കേട്ടതും യോഹന്നാനെ അറിയിക്കുക: കുരുടൻമാർക്ക് കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയർപ്പിക്കപ്പെടുന്നു, ദരിദ്രരോട് സുവാർത്ത പറയപ്പെടുന്നു. എങ്കൽ ഇടറിയിട്ടില്ലാത്തവൻ സന്തുഷ്ടനാകുന്നു.”
മററു വാക്കുകളിൽ പറഞ്ഞാൽ, യോഹന്നാന്റെ ചോദ്യം, യോഹന്നാനെതന്നെ തടവിൽനിന്ന് മോചിപ്പിക്കുന്നതുപോലെ, യേശു ചെയ്തുകൊണ്ടിരിക്കുന്നതിലധികം പ്രതീക്ഷിക്കുന്നതായി അർത്ഥമാക്കിയേക്കാമെന്നുള്ളതുകൊണ്ട്, ഇവയെല്ലാററിനുമുപരിയായി പ്രതീക്ഷിക്കാതിരിക്കാൻ യേശു യോഹന്നാനോട് പറയുകയാണ്.
യോഹന്നാന്റെ ശിഷ്യൻമാർ പോകുമ്പോൾ യേശു ജനക്കൂട്ടങ്ങളിലേക്ക് തിരിഞ്ഞ് യോഹന്നാൻ മലാഖി 3:1-ൽ യഹോവ മുൻകൂട്ടി പറഞ്ഞ “ദൂതൻ” ആണെന്നും മലാഖി 4:5, 6-ൽ മുൻകൂട്ടി പറഞ്ഞിരുന്ന ഏലിയാ പ്രവാചകൻ കൂടെയാണെന്നും അവരോട് പറയുന്നു. അങ്ങനെ യോഹന്നാൻ തനിക്കു മുമ്പ് ജീവിച്ചിരുന്ന ഏത് പ്രവാചകനോടും തുല്യനാണെന്ന് അവൻ പുകഴ്ത്തിപ്പറയുന്നു, ഇങ്ങനെ വിശദീകരിച്ചുകൊണ്ട്:
“സത്യമായി ജനങ്ങളേ, ഞാൻ നിങ്ങളോട് പറയുന്നു, സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനേക്കാൾ വലിയവൻ എഴുന്നേൽപ്പിക്കപ്പെട്ടിട്ടില്ല; എന്നാൽ സ്വർഗ്ഗരാജ്യത്തിൽ ചെറിയവനായ ഒരാൾ അവനേക്കാൾ വലിയവനാകുന്നു. എന്നാൽ യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇപ്പോൾ വരെ ആളുകൾ മുന്നേറിക്കൊണ്ടിരിക്കുന്ന ലക്ഷ്യം സ്വർഗ്ഗരാജ്യമാണ്, മുന്നേറിക്കൊണ്ടിരിക്കുന്നവർ അതിനെ പിടിച്ചടക്കുന്നു.”
സ്വർഗ്ഗീയ രാജ്യത്തിലെ ഒരു ചെറിയവൻ യോഹന്നാനെക്കാൾ വലിയവനായതുകൊണ്ട് യോഹന്നാൻ അവിടെ ഉണ്ടായിരിക്കയില്ലെന്ന് യേശു ഇവിടെ പ്രകടമാക്കുകയാണ്. യോഹന്നാൻ യേശുവിന് വഴിയൊരുക്കി, എന്നാൽ തന്റെ രാജ്യത്തിൽ തന്നോടുകൂടെ സഹഭരണാധികാരികളായിരിക്കാൻ തന്റെ ശിഷ്യൻമാരുമായി ചെയ്ത ഉടമ്പടിക്ക് അഥവാ കരാറിന് ക്രിസ്തു മുദ്രവെക്കുന്നതിനുമുമ്പ് യോഹന്നാന്റെ മരണം സംഭവിക്കുന്നു. അതുകൊണ്ടാണ് യോഹന്നാൻ സ്വർഗ്ഗീയരാജ്യത്തിൽ ഉണ്ടായിരിക്കയില്ലെന്ന് യേശു പറയുന്നത്. എന്നാൽ യോഹന്നാൻ ദൈവരാജ്യത്തിന്റെ ഒരു ഭൗമിക പ്രജയായിരിക്കും. ലൂക്കോസ് 7:18-30; മത്തായി 11:2-15.
◆ വരാനിരിക്കുന്നവൻ യേശുവാണോ അതോ വ്യത്യസ്തനായ ഒരുവനെ പ്രതീക്ഷിക്കണമോ എന്ന് യോഹന്നാൻ ചോദിക്കുന്നതെന്തുകൊണ്ട്?
◆ യോഹന്നാൻ ഏതു പ്രവചനങ്ങൾക്ക് നിവൃത്തി വരുത്തിയെന്ന് യേശു പറയുന്നു?
◆ യോഹന്നാൻ സ്നാപകൻ യേശുവിനോടുകൂടെ സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കയില്ലാത്തതെന്തുകൊണ്ട്? (w87 1/1)